മഴയേ : ഭാഗം 28

മഴയേ : ഭാഗം 28

എഴുത്തുകാരി: ശക്തി കല ജി

നമ്മുടെ വഴക്കെല്ലാം മാറ്റി വച്ച് വേഗം വന്നേ രാവിലെ പഠിക്കാതെ ഉഴപ്പി… അത് ഉച്ചകഴിഞ്ഞ് പഠിച്ചേ പറ്റു… ഇന്നത്തേ മന്ത്രം ഉണ്ണി പഠിച്ചു…. ഉത്തര ഇന്നുതന്നെ പഠിക്കണം… അന്നന്നുള്ളത് അന്നന്ന് പഠിച്ചില്ലേൽ ചൂര വടിയെടുക്കുo കേട്ടോ ” എന്ന് പറഞ്ഞ് അവൻ അവളുടെ ചെവിയിൽ നുള്ളി….. ഉത്തര വേഗം എഴുന്നേറ്റു മന്ത്ര പഠനത്തിന് തയ്യാറയി… കർക്കശക്കാരനായ മാഷിന് മുൻപിൽ ഉത്തര മന്ത്ര പഠനം തുടങ്ങി… അന്നത്തെ ദിവസം രാത്രി എല്ലാവരും ശാന്തമായി ഉറങ്ങി….. ഉണ്ണി മാത്രം തറവാടിന് കാവലായ് ഉറങ്ങാതെയിരുന്നു….

പിന്നീട് മനസ്സിൽ പല വിധ ചിന്തകൾ ഓടിക്കൊണ്ടിരുന്നു ഇനി ഒളിച്ചോടിയത് ഒരു കാര്യവുമില്ല മുത്തശ്ശൻ മകനെയും കുടുംബത്തെയും രക്ഷിക്കാൻ വേണ്ടി നാട്ടിൽ നിന്ന് തന്നെ മാറ്റിതാമസിച്ചിട്ടും എന്ത് പ്രയോജനമാണ് ഉണ്ടായത് … കാണാമറയത്ത് ഒളിച്ചു താമസിച്ചിട്ടും അച്ഛനെ കണ്ടുപിടിച്ചു വധിക്കുകയും ചെയ്തു അതുകൊണ്ട് ഇനിയും ഒളിച്ചോടിയ ഒരു കാര്യവുമില്ല എവിടെപ്പോയാലും രുദ്രൻ്റെ കൈകൊണ്ട് മരണം ഉറപ്പാണ് അതുകൊണ്ട് പിടിച്ചു നിന്നേ പറ്റൂ ജീവൻ്റെ അവസാനശ്വാസംവരെ പോരാടി കൊണ്ടിരിക്കണം അവൻ്റെ മിഴികൾ താമര പൊയ്കയ്ക്കു നേരെ നീണ്ടു…

താമരപ്പൂവിൽ കുഞ്ഞു ദേവീചൈതന്യം തന്നെ നോക്കി പുഞ്ചിരിക്കുന്നത് സന്തോഷത്തോടെ നോക്കിക്കണ്ടു .. കുഞ്ഞു ദേവിയ്ക്ക് വേണ്ടിയെങ്കിലും ഇവിടെ നിൽക്കണം ഇവിടുത്തെ ദൈവങ്ങളെയും കാവൽ ദൈവങ്ങളെ ഉപേക്ഷിച്ച് എവിടെപ്പോയാലും കഷ്ടപ്പാട് തന്നെ ബാക്കി കാണുകയുള്ളൂ അവരെ ഉപേക്ഷിച്ച് പോകുന്നതിലും നല്ലത് അവരുടെ കൂടെ ഇവിടെ കഷ്ടപ്പാട് ആണെങ്കിലും നഷ്ടം ആണെങ്കിലും കഴിയുന്നതാണ് നല്ലത് … ഉണ്ണി എഴുന്നേറ്റ് തറവാടിൻ്റെ ഒരോ ഭാഗത്തായി നടന്നു കൊണ്ടിരുന്നു…. അർദ്ധരാത്രി കഴിഞ്ഞാണ് ഉണ്ണി മുറിയിലേക്ക് മടങ്ങിയത്.. മുറിയിലെത്തിയിട്ടും അവന് ഉറക്കം വന്നതേയില്ല…

പുലർച്ചേ ഉത്തര ഉണരും മുൻപേ കുളത്തിൽ വന്ന് നോക്കി.. അസ്വാഭികമായി ഒന്നും കാണാത്തത് കൊണ്ട് അവൻ തിരികെ അടുക്കള വഴി പോകാനൊരുങ്ങുമ്പോഴാണ് ആരോ ഇടനാഴിയിലൂടെ നടന്ന് വരുന്നത് കണ്ടത്.. അവൻ മറഞ്ഞിരുന്നു ആരാണ് വരുന്നത് എന്നറിയാൻ കാത്തിരുന്നു…. ഉത്തരേച്ചി വരുന്നത് കണ്ടു… ഉത്തരേച്ചിയുടെ പുറകേ ഗൗതമേട്ടനും… ഉത്തരേച്ചി കുളിക്കാൻ തയ്യാറാകാൻ തുടങ്ങിയപ്പോൾ ഗൗതമേട്ടൻ പുറം തിരിഞ്ഞ് നിൽക്കുന്നത് കണ്ടു.. ഉത്തരേച്ചിയെ ഗൗതമേട്ടന് മാത്രേ ഇത്രയും കരുതലോടെ നോക്കാൻ കഴിയു എന്ന് ഉണ്ണിക്ക് തോന്നി.. അവൻ്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു… അവൻ തിരിഞ്ഞ് നടന്നു….

വേഗം മുറിയിലേക്ക് നടന്നു…. ഉണ്ണി തിരികെ പോയ ശേഷം ഗൗതം പുറം തിരിഞ്ഞു നിന്നുകൊണ്ട് തന്നെ പറഞ്ഞു… “ഉത്തര തൻ്റെ അനിയന് എല്ലാരോടും എന്തു സ്നേഹമാണ് സ്ത അവൻ ഇന്ന് രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്ന് ഈ തറവാടിന് കാവൽ നോക്കുകയായിരുന്നു .. ഈ തറവാട്ടിൽ ഉള്ളവർ ഇത്രയും വർഷം അവഗണിച്ചിട്ടും അവരെ സംരക്ഷിക്കാനുള്ള അവൻ്റെ മനസ്സ് വല്യ നന്മ ഉള്ളതുതന്നെയാണ്.. ആർക്കും അങ്ങനെ ഒരു മനസ്സ് വരില്ല.. ഇത്രയും കാലം തിരിഞ്ഞുനോക്കാതെ കാര്യസാധ്യത്തിനു വേണ്ടി മാത്രം തറവാട്ടിലേക്ക് വിളിച്ചുവരുത്തിയ ഇവിടുള്ളവരോട് സ്നേഹം തോന്നേണ്ട ഒരു കാര്യവും ഇല്ല…

പക്ഷേ ഉണ്ണീടെ മനസ്സുനിറയെ ഇവിടെ ഉള്ളവരോട് സ്നേഹമാണ് … അതോർക്കുമ്പോൾ ഞാൻ അവൻ്റെ മുന്നിൽ ചെറുതായി പോവുകയാണ് ഞാൻ പോലും ഒന്ന് അന്വേഷിച്ചു വന്നില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു… തനിക്ക് വേണ്ടി അവൻ ജീവൻ പോലും കളയാൻ മടിക്കില്ല അത്രയ്ക്ക് സ്നേഹമാണ് ഉണ്ണിക്ക് നിന്നോട്.. ഇങ്ങനെയൊരു അനിയനെ കിട്ടിയത് തന്നെ വലിയ ഭാഗ്യമാണ് .. ” ഗൗതം പറയുമ്പോൾ ഉത്തര ശ്രദ്ധയോടെ കേട്ടു കൊണ്ടിരുന്നു കുളത്തിലെ വെള്ളത്തിലേക്ക് ഒരു നിമിഷം നോക്കിയിരുന്നു .. “ശരിയാണ് ഈ ജന്മത്തിലെ ഭാഗ്യം അവനാണ്…

അവനു വേണ്ടി മാത്രമാണ് ജീവിക്കുന്നതും ” എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു “അനിയൻ ഉള്ള സ്നേഹത്തിൻ്റെ ഒരു പകുതി എനിക്ക് തന്നു കൂടെ” ഗൗതം പുറംതിരിഞ്ഞു നിന്നുകൊണ്ടുതന്നെ ചോദിച്ചു “എനിക്കറിയില്ല …. ഈ ജന്മം അവനോടുള്ള സ്നേഹം മുഴുവനായി തന്നെ കൊടുക്കണം അതിൽനിന്ന് ആർക്കും പകുത്തു നൽകാൻ ആവില്ല … എൻ്റെ ജീവിതം എങ്ങനെയും ആയിക്കോട്ടെ… അവൻ്റെ ജീവിതo ഭദ്രമായിരിക്കണം… അത് മാത്രമേ ഉള്ളൂ എൻ്റെ പ്രാർത്ഥന ” എന്ന് പറഞ്ഞ് ഉത്തര കുളത്തിലേക്കിറങ്ങി മുങ്ങി കുളിച്ചു… അവൾ കുളത്തിൽ നിന്നും തിരിച്ച് കയറുമ്പോഴും ഗൗതം പുറം തിരിഞ്ഞ് തന്നെ നിൽക്കുന്നുണ്ടായിരുന്നു..

ഈ കരുതലും സ്നേഹവും സുരക്ഷിതത്വവും ഈ ജന്മം മുഴുവൻ വേണമെന്ന് കൊതിച്ചു പോവാണ്…. അടുത്തേക്ക് ഓടി ചെന്ന് ആ നെഞ്ചിൽ വീണ് കരഞ്ഞ് കൊണ്ട് പരിഭവം പറയണമെന്ന് കൊതിച്ചെങ്കിലും മനസ്സിനെ സ്വയം നിയന്ത്രിച്ചു… വസ്ത്രം മാറുന്ന മുറിയിലേക്ക് കയറിയപ്പോൾ ഗൗതമേട്ടൻ കുളിക്കാനായി കുളത്തിലിറങ്ങിയിരുന്നു…. വസ്ത്രം മാറി…. മഞ്ഞ ദാവണിയുടുത്തു… നീളൻ മുടി ചെറുതായി തോർത്തി വെറുതെ അഴിച്ചിട്ടു.. ഗൗതം കുളത്തിലെ ജലത്തിൽ മുങ്ങി എഴന്നേറ്റ് നേരെ നോക്കിയപ്പോൾ മഞ്ഞ ദാവണി ചുറ്റി കുളത്തിലെ പടവിൽ തന്നെ നോക്കിയിരിക്കുന്ന ഉത്തരയേയാണ്…. ഗൗതം ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു… പതിയെ പടവുകൾ കയറി അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു…

തനിക്കായ് പിറന്നവൾ…. ” ഞാൻ നിന്നെ മറക്കും എന്നൊരു അവസ്ഥ ഉണ്ടാകുകയാണെങ്കിൽ എൻ്റെ ഈ ശരീരം എന്നന്നേക്കുമായി ഉപേക്ഷിക്കും…. ശരീരമില്ലാത്ത ആത്മാവായി നിൻ്റെ മരണം വരെ ഞാൻ കൂടെയുണ്ടാവും…” ഗൗതം പുഞ്ചിരിയോടെ പറഞ്ഞു… ഉത്തര ഞെട്ടലോടെ ഗൗതമിനെ നോക്കി… ജല കണങ്ങൾ അവൻ്റെ തലമുടിയിൽ നിന്നും ഇറ്റിറ്റ് വീഴുന്നുണ്ട്… അവളുടെ മിഴികൾ ആ വെള്ളതുള്ളികളെ കൗതുകത്തോടെ നോക്കി… ” ഒരു പക്ഷേ അതിനു മുമ്പേ ഞാൻ മരണപ്പെട്ടിരിക്കും….ഇനിയൊരു ജന്മം നമുക്കായി തീർച്ചയായും ഉണ്ടാവും .. ഈ ജന്മം അമ്മ പറയുന്ന പെൺക്കുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കണം”ഉത്തര വേദനയോടെ പറഞ്ഞു…

“ശരി അമ്മ പറഞ്ഞ പെൺക്കുട്ടിയെ വിവാഹം കഴിക്കാം… അത് ഉത്തരയാണെങ്കിൽ മാത്രം ” എന്ന് പറഞ്ഞ് ഗൗതം ഉത്തരയെ ചേർത്തു പിടിച്ചു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു… ഉത്തര ഒന്നനങ്ങാൻ കഴിയാതെ ഇരുന്ന് പോയ്… പെട്ടെന്നുള്ള തോന്നലിൽ അവൾ അവൻ പുറകിലേക്ക് തള്ളി… അവൻ കുളത്തിലേക്ക് മറിഞ്ഞു വീണു…. കുളത്തിലെ ജലം ഗൗതമിൻ്റെ വീഴ്ചയിൽ ഒന്നുയർന്നു പൊങ്ങി ഉത്തരയുടെ ശരീരത്തിലേക്ക് തെറിച്ചു വീണു… അവൻ കുളത്തിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.. അവൾ പരിഭ്രമത്തോടെ കുളത്തിലേക്ക് നോക്കി നിന്നു… അവൻ തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു… ഏറെ നേരം ഗൗതമിനെ കാണാതെ ഉത്തര ഭയന്നു പോയി… അവളുടെ ഹൃദയസ്പന്ദനം ഉയർന്നു…

മിഴികൾ നിറഞ്ഞൊഴുകി… അവൾ ഭ്രാന്ത് പിടിച്ചത് പോലെ കുളത്തിലെ ജലത്തിലേക്ക് ഇറങ്ങി ഉറക്കെ വിളിച്ചു.. ” ഗൗതമേട്ടാ വേഗം മുകളിലേക്ക് വന്നേ.. ഇനിയും വൈകിയാൽ ഞാനും മരിക്കും… “ഉത്തരയുടെ ശബ്ദം നാലുപാടും മുഴങ്ങികേട്ടു… എന്നിട്ടും ഗൗതം വരാത്തതിൽ അവളുടെ ഭയം കൂടി… അവൾ ജലത്തിൽ മുങ്ങി തപ്പി… ഭ്രാന്തിയെ പോലെ കുളത്തിൻ്റെ അടിത്തട്ടിലേക്ക് നീന്തി… എങ്ങും കാണാതെ നിരാശയോടെ തിരിച്ച് നീന്താൻ തുടങ്ങിയപ്പോഴാണ് ആരോ അവളുടെ കാലിൽ പിടിച്ചു ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയത്… പെട്ടെന്ന് ഇരുട്ട് വ്യാപിച്ചു…. അവൾ ശ്വസം പിടിച്ചുവച്ചു…. ശ്വാസം എടുക്കാതിരിക്കാൻ പറ്റിയില്ല…

അവസാനം അവൾ ജലത്തിനടിയിൽ ശ്വാസം ആഞ്ഞു വലിച്ചു പോയി.. അവൾക്ക് അത്ഭുതം തോന്നി ജലത്തിൽ വച്ചും സാധാരണ പോലെ ശ്വസിക്കാൻ കഴിയുന്നുണ്ട്… കാലിലെ പിടിത്തം വിട്ടു…. ചുറ്റും പ്രകാശം പരന്നു… അവൾ വെള്ളത്തിനടിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു… നിറമുള്ള ഭംഗിയുള്ള മീനുകൾ അവൾക്കു ചുറ്റുo നൃത്തം വച്ചു… ജലത്തിനടിയിൽ അനേകം താമര പൂക്കൾ വിടർന്ന് നിൽക്കുന്നത് കണ്ടു അവളുടെ മിഴികൾ വിടർന്നു… മനോഹരമായ ശിൽപങ്ങൾ താലവുമേന്തി നിൽക്കുന്നത് കണ്ടു… പെട്ടെന്ന് തൊട്ടരുകിൽ ഗൗതമിൻ്റെ മുഖം കണ്ടതും അവൾ സ്വയം മറന്ന് ആലിംഗനം ചെയ്തു… ഗൗതം അവളൊടൊപ്പം ജലത്തിലേക്ക് ഉയർന്നുപൊങ്ങി…

താമര പൊയ്കയിലാണ് അവർ ഉയർന്നുപൊങ്ങിയത്… ഉത്തരയെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ താമര പൊയ്കയിലെ പടവിൽ ഇരുന്നു… ഉത്തരയ്ക്കപ്പോഴും നടന്നതൊന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. “ഇതെങ്ങനെ ഇവിടെയെത്തി.. നമ്മൾ അവിടെയായിരുന്നല്ലോ ” ഉത്തര അത്ഭുതത്തോടെ ചോദിച്ചു.. “രണ്ടു കുളത്തിലെ ജലവും ഒന്ന് തന്നെയാണ്… കുളത്തിനടിയിൽ രണ്ടു കുളത്തേയും ബന്ധിപ്പിക്കുന്ന പാതയുണ്ട്… ഞാൻ കണ്ടു പിടിച്ചതാണ്… ഇന്ന് മുതൽ ഉത്തരയ്ക്ക് ഇവിടെയൊക്കെ വരാം… ഇന്ന് വ്രതത്തിൻ്റെ നാലാമത്തെ ദിവസം തുടങ്ങുകയാണ്… പകൽ സ്വതന്ത്രമായി എല്ലാർക്കും നടക്കാം… ” ഭയപ്പെട്ടത് പോലെയൊന്നും സംഭവിച്ചില്ല…. എന്നാലും കരുതിയിരിക്കണം…

രുദ്രൻ്റെ ആക്രമണം ഉറപ്പായും രൂപം മാറിയായിരിക്കും… അത് കൊണ്ട് സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ കഴിയില്ല…. ” എന്ന് ഗൗതം പറഞ്ഞപ്പോൾ ഉത്തര അവനിൽ നിന്ന് മാറി എഴുന്നേറ്റിരുന്നു…. “എനിക്കിപ്പോൾ ആരെ വിശ്വസിക്കണം എന്ന് പോലും അറിയില്ല…” ഉത്തര മുഖം കുനിച്ചു… “എന്നെ എത്ര ഇഷ്ട്ടമാണ് എന്ന് ഇന്ന് ഞാൻ കണ്ടു… ഈ ശബ്ദത്തിലൂടെ കേട്ടു… എനിക്ക് അത് മതി…. ഇതിൽ കൂടുതൽ ഒന്നും വേണമെന്നില്ല… ഈ ജന്മം മുഴുവൻ മറക്കാതിരിക്കാൻ എനിക്ക് കഴിയുo അത്രയ്ക്ക് ആഴത്തിൽ പതിഞ്ഞു പോയി……”..ഗൗതം കുസൃതിയോടെ പറഞ്ഞപ്പോൾ ഉത്തര മറുപടിയില്ലാതെ നിന്നു.. ശരിയാണ് ഈ മനസ്സിൽ ഗൗതമേട്ടൻ പതിഞ്ഞുപ്പോയി…

കുളത്തിൽ വീണു കാണാതായപ്പോൾ അനുഭവിച്ച വേദന വിവരിക്കാനാവില്ല… ഹൃദയം നിന്ന് പോകുന്നത് പോലെ തോന്നി… പക്ഷേ രുദ്രനെ ഇല്ലാതാക്കുമ്പോൾ സ്വന്തം ശരീരത്തെ ഉപേക്ഷിക്കാൻ തയ്യാറായിരിക്കുന്നവൾക്ക് മറ്റൊൾക്ക് ജീവിതത്തിലേക്ക് പ്രതീക്ഷ നൽകാൻ കഴിയില്ല…. അവൾ ഒന്നുo മിണ്ടാതെ പടവുകൾ കയറി… ഗൗതം അവളുടെയൊപ്പം ഓടി കയറി.. ” ഇനിയും ഒളിച്ചുകളിയുടെ ആവശ്യമുണ്ടോ ഉത്തര “അവൻ അവളുടെ കൈവിരലുകൾ കോർത്തു പിടിച്ചു… ” ഞാൻ പോട്ടെ.. എനിക്ക് തണുക്കുന്നു… വസ്ത്രം മാറണം…. ” അവൾ കൈവിടുവിക്കാൻ ശ്രമിച്ചു… “നമ്മൾ ഒന്നാവാൻ ഒരു വഴിമാത്രം ഉണ്ട് ഉത്തരാ കേൾക്കണം.. “എല്ലാം മറക്കാതിരിക്കാൻ “ഗൗതം പറഞ്ഞു.. “എനിക്കറിയണ്ട….

എനിക്ക് ഒന്നും ഓർക്കുകയും വേണ്ട” എൻ്റെ മനസ്സിൽ ഇപ്പോൾ പ്രതികാരം മാത്രമേയുള്ളു.. രുദ്രനോടുള്ള പ്രതികാരം…” ഉത്തരയുടെ വാക്കുകളിലെ ഉറപ്പ് അവൻ അതിശയത്തോടെ കേട്ടു.. “എന്ത് പ്രതികാരം.. രുദ്രനോട് എന്തിനാണ് പ്രതികാരം” ഗൗതം സംശയത്തോടെ ചോദിച്ചു.. “എൻ്റെ അച്ഛൻ്റെ ജീവനെടുത്തതിന് “ഉത്തരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ”രുദ്രൻ മാത്രമല്ല എന്നാണ് എൻ്റെ ഒരു തോന്നൽ… ഞാൻ ഉത്തരയുടെ കൂടെയുണ്ട് “ഗൗതം ഗൗരവത്തോടെ പറഞ്ഞു.. ” വേറെയാരാണ്” ഉത്തര അറിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു… ” ഞാനൊന്ന് അന്വഷിക്കട്ടെ… വെറുതെ എൻ്റെ മനസ്സിലെ സംശയങ്ങളാണ്… സംശയങ്ങൾ സത്യമാണ് എന്നറിയുന്ന ദിവസം ഉത്തരയോട് പറയാം”…ഗൗതം ഗുഢമായ ചിരിയോടെ പറഞ്ഞു…

“എങ്കിൽ അത് വരെ കാത്തിരിക്കാo “.. അപ്പോൾ ശത്രു രുദ്രൻ മാത്രമല്ല “… ഇനിയും ഒരുപാട് ശ്രദ്ധയോടെ വേണം മുൻപോട്ട് പോകാൻ “ഉത്തര ആലോചന ഭാവത്തിൽ നിന്നു.. “അങ്ങനെ ഉത്തരയുടെ അച്ഛൻ്റെ മരണത്തിന് കാരണക്കാരായവരെ മുൻപിൽ കൊണ്ടുവന്നു നിർത്തുമ്പോൾ ഞാൻ പറയുന്നത് ഉത്തര അനുസരിക്കണം.. വാക്ക് താ ” ഗൗതം ഉത്തരയെ നോക്കി… അവൾക്ക് നേരെ അവൻ്റെ വലത് കരം നീട്ടി….. ഉത്തര ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു… അവൻ്റെ മിഴികളിലെ പ്രണയം അവൾക്ക് കാണാതിരിക്കാനും കഴിയുന്നില്ല…

അവളുടെ വലത് കരം അവൻ്റെ കരത്തോട് ചേർത്ത് വച്ചു… ” വാക്ക് ” എന്ന് പറയുമ്പോൾ ഉത്തര ഗൗതമിൻ്റെ മിഴികളിലേക്ക് നോക്കി… അവൻ്റെ മിഴികളിൽ നിറഞ്ഞു നിൽക്കുന്നത് അവൾ മാത്രമാണ് എന്നറിഞ്ഞു.. അവർ ഒരുമിച്ച് നിലവറയിലേക്ക് നടന്നു.. രാഗിണിയമ്മ അവരെ രണ്ടു പേരെയും ശ്രദ്ധിക്കുന്നത് പോലുമറിയാതെ അന്നു മുഴുവൻ അവരുടെ മിഴികൾ പരസ്പരo ആരുമറിയാതെ ഓരോ സ്വകാര്യം കൈമാറിക്കൊണ്ടിരുന്നു…. ഉണ്ണിയുടെ മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു…… തുടരും

മഴയേ : ഭാഗം 27

Share this story