വിവാഹ മോചനം: ഭാഗം 2

വിവാഹ മോചനം:  ഭാഗം 2

എഴുത്തുകാരി: ശിവ എസ് നായർ

“നീയൊന്നുകൊണ്ടും വിഷമിക്കണ്ട. നിശ്ചയിച്ച മുഹൂർത്തിൽ നിന്റെ കഴുത്തിൽ താലി കെട്ടുന്നത് ഞാനായിരിക്കും. നിന്റെ അച്ഛനെ വന്നു കണ്ടു ഞാൻ സംസാരിച്ചോളാം. പിന്നെ നിന്നെ പെണ്ണുകാണാൻ വന്ന അവന്റെ നമ്പർ കിട്ടുമെങ്കിൽ അത് കൂടി എനിക്ക് അയച്ചേക്ക്. ബാക്കി ഞാൻ കൈകാര്യം ചെയ്തോളാം…” “ശ്രീയേട്ടാ അബദ്ധം ഒന്നും കാണിക്കരുത്. എനിക്ക് എന്റെ അച്ഛനെ ഇതുപോലെ തന്നെ എന്നും കാണണം..” “നിന്റെ അച്ഛന്റെ കാര്യമോർത്ത് നീ ടെൻഷൻ ആവണ്ട. അച്ഛനൊന്നും വരില്ല. തല്ക്കാലം ആ മോതിരം മാറൽ നടക്കട്ടെ…” “ഉം ശരി…” ആശ്വാസത്തോടെ അപർണ്ണ ഫോൺ കട്ട്‌ ചെയ്തു മുഖമുയർത്തി നോക്കിയതും അവരുടെ സംഭാഷണമെല്ലാം കേട്ടുകൊണ്ട് വാതിലിനരികിൽ നിൽക്കുന്ന അമ്മയെ കണ്ട് അവൾ ഞെട്ടി.

“മോളെ ഞാനെന്തായീ കേട്ടത്…. നീ ഇപ്പൊ ആരോടാ ഫോണിൽ സംസാരിച്ചത്?? അച്ഛനെ അപമാനിക്കാൻ തന്നെയാണോ നിന്റെ ഉദ്ദേശം..” പാഞ്ഞു വന്ന ലക്ഷ്മി മകളുടെ തോളിൽ പിടിച്ചുലച്ചു. “അമ്മേ ഞാൻ… എനിക്ക് വേറൊരാളെ ഇഷ്ടാണ്. എന്റെ കാര്യങ്ങൾ എല്ലാമറിഞ്ഞു തന്നെയാണ് ശ്രീയേട്ടൻ എന്നെ ഇഷ്ടപ്പെട്ടത്. പഴയ അപർണ്ണയിൽ നിന്നും ഞാൻ ഇങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അതിനു കാരണം ശ്രീയേട്ടൻ മാത്രമാണമ്മേ… എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അദ്ദേഹത്തെ ചതിച്ചു കൊണ്ട് ഞാനെങ്ങനെ മറ്റൊരാളെ വിവാഹം കഴിക്കും. വിവാഹമെന്ന സ്വപ്നം പോലും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ആണെന്ന വർഗ്ഗത്തോട് തന്നെ വെറുപ്പായിരുന്നു.

എന്റെ സ്വഭാവം ഇത്രമേൽ മാറിമറിയാൻ കാരണക്കാരൻ ശ്രീജിത്ത്‌ ഏട്ടനാണ്. എനിക്ക് കഴിയില്ലമ്മേ അച്ഛൻ കണ്ടെത്തിയ ആളെ വിവാഹം കഴിക്കാൻ. അച്ഛനോട് പറഞ്ഞു അമ്മ തന്നെ ഇതിനൊരു പോംവഴി കണ്ടെത്തണം. ” “എന്നാലും നീ ഞങ്ങളെ ചതിച്ചല്ലോ മോളെ… അച്ഛനിത് ഒരിക്കലും സഹിക്കാൻ കഴിയില്ല. നീ ആ പാവം മനുഷ്യനെ ഇനിയും വേദനിപ്പിക്കരുത്. ഇത്രയും വർഷക്കാലം ഊണിലും ഉറക്കത്തിലും നിന്നെയോർത്തു നീറി നീറി കഴിയുകയായിരുന്നു നിന്റെ അച്ഛൻ. നീ കാരണമാണ് അദ്ദേഹമൊരു ഹൃദ്രോഗി ആയത് പോലും. അച്ഛന്റെ സ്നേഹം നീ കണ്ടില്ലെന്ന് നടിക്കരുത് മോളെ. രാഹുൽ നല്ല പയ്യനാ… അച്ഛൻ നിന്നെ അറിഞ്ഞുകൊണ്ട് നരകത്തിലേക്ക് തള്ളിവിടുമെന്ന് തോന്നുന്നുണ്ടോ..??”

“എന്നോട് കൂടി ആലോചിക്കാതെ ഈ വിവാഹം ഉറപ്പിച്ചത് നിങ്ങളുടെ തെറ്റല്ലേ അമ്മേ. അടുത്ത മാസം നാട്ടിലേക്ക് വരാനിരുന്നതായിരുന്നു ഞാൻ. അച്ഛനെ കണ്ടു ശ്രീയേട്ടനുമായുള്ള ഇഷ്ടം അറിയിക്കാനും നിശ്ചയിച്ചിരുന്നതായിരുന്നു. അപ്പോഴാണ് നിങ്ങളൊക്കെ കൂടി ചേർന്ന് രാഹുലിനെ കണ്ടു പിടിച്ചത്…” “രാഹുലിനെന്താ ഒരു കുറവ്. പഠിപ്പുണ്ട് ജോലിയുണ്ട്. കുടുംബം നോക്കുന്ന നല്ല സ്നേഹമുള്ളൊരു പയ്യൻ..” രാഹുലിനെ പുകഴ്ത്തിയുള്ള അമ്മയുടെ സംസാരം കേട്ടതും അപർണ്ണ പുശ്ചത്തോടെ ചിരിച്ചു. അവൾ എന്തോ പറയാനായി തുടങ്ങിയതും വാതിൽക്കൽ ഒരു കാൽപ്പെരുമാറ്റം കേട്ട് ഇരുവരും സംസാരം നിർത്തി തിരിഞ്ഞു നോക്കി.

മുറിക്കുള്ളിലേക്ക് കയറി വരുന്ന അരവിന്ദൻ മാഷിനെ കണ്ട് അപർണ്ണയുടെയും ലക്ഷ്മിയുടെയും ഉള്ളു കിടുങ്ങി. അച്ഛന്റെ മുഖഭാവത്തിൽ നിന്നും അദ്ദേഹം എല്ലാം കേട്ടുവെന്ന് ഇരുവർക്കും ഉറപ്പായി. അവൾ പേടിയോടെ അമ്മയുടെ മുഖത്തേക്ക് പാളി നോക്കി. “അച്ഛനെന്താ ഇവിടെ…?” ഒന്നുമറിയാത്ത ഭാവത്തിൽ അവൾ ചോദിച്ചു. “മോളെ നീ അമ്മയോട് പറഞ്ഞതൊക്കെ ഞാൻ കേട്ടു. നീ പറഞ്ഞത് ശെരിയാ… അച്ഛൻ നിന്റെ സമ്മതം ചോദിക്കാതെ വിവാഹം ആലോചിച്ചത് തെറ്റ് തന്നെയാ…. എന്റെ മോൾക്ക് ഇങ്ങനെയൊരു ഇഷ്ടമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അച്ഛൻ ഈ ആലോചനയ്ക്ക് മുൻകൈ എടുക്കില്ലായിരുന്നു. ഇനി ഞാൻ അവരോടു എന്താ പറയ്യാ…”

നെടുവീർപ്പോടെ അരവിന്ദൻ മാഷ് കട്ടിൽപ്പടിയിൽ മുറുകെ പിടിച്ചു ഇടത് കൈ നെഞ്ചത്ത് അമർത്തി പതിയെ കട്ടിലിൽ ഇരുന്നു. “എന്നോട് ക്ഷമിക്ക് അച്ഛാ… അച്ഛനെ ധിക്കരിക്കുകയാണെന്ന് തോന്നരുത്. എപ്പോഴോ എങ്ങനെയോ മനസ്സിൽ കയറികൂടിയതാണ് ശ്രീയേട്ടൻ. ഒറ്റപെട്ടു പോയ സമയത്തു താങ്ങും തണലുമായിരുന്നു. മരിക്കും വരെ ആ തണൽ എന്നോടൊപ്പം വേണമെന്ന് ഞാൻ ആഗ്രഹിച്ചു പോയി. ശ്രീയേട്ടനോടൊപ്പം ഞാൻ സന്തോഷവതിയായിരിക്കും അച്ഛാ. എന്റെ സന്തോഷമല്ലേ അച്ഛന് വലുത്. അച്ഛൻ അവരോടു എന്തെങ്കിലും പറഞ്ഞു ഈ വിവാഹം മുടക്കില്ലേ…

എന്റെ അച്ഛൻ എന്നും എന്റെ ഇഷ്ടത്തിനല്ലേ നിന്നിട്ടുള്ളു…” അപർണ്ണ ദയനീയ ഭാവത്തോടെ അച്ഛനെ നോക്കി. അയാളുടെ മറുപടിക്കായി അവൾ കാതോർത്തു. “നീ ഇഷ്ടപ്പെടുന്ന ആളുമായി നിന്റെ വിവാഹം നടത്തുന്നതിൽ എനിക്കൊരു ഇഷ്ടക്കേടുമില്ല മോളെ. പക്ഷെ ഒരു നിബന്ധനയുണ്ട് എത്രയും പെട്ടെന്ന് എനിക്ക് നിന്റെ വിവാഹം നടത്തണം. ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഒരു രോഗിയാണ് നിന്റെ അച്ഛനെന്ന കാര്യം നീ മറക്കരുത്. രാഹുലുമായി ഞാൻ നിന്റെ വിവാഹം നടത്താനുദ്ദേശിച്ച ദിവസത്തിനു മുൻപ് ശ്രീജിത്ത്‌ വന്നാൽ നിന്നെ ഞാൻ അവനെ ഏൽപ്പിക്കാം. പൂർണ്ണമനസോടെ തന്നെ നിങ്ങളുടെ വിവാഹം അച്ഛൻ നടത്തിത്തരും.

നിന്നോടവന് ആത്മാർത്ഥമായി സ്നേഹമുണ്ടെങ്കിൽ വീട്ടുകാരെയും കൂട്ടി വന്ന് പെണ്ണ് ചോദിക്കാൻ പറയ്. പക്ഷെ അവൻ വന്നില്ലെങ്കിൽ മോള് രാഹുലുമായുള്ള വിവാഹത്തിന് സമ്മതിച്ചേ പറ്റു.” “ശ്രീജിത്ത്‌ വരും അച്ഛാ… എനിക്ക് ഉറപ്പുണ്ട്. അഥവാ വന്നില്ലെങ്കിൽ അച്ഛൻ പറയുന്ന ആളിനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ്…” “നിന്റെ വിധി ദൈവം തീരുമാനിക്കട്ടെ മോളെ. അച്ഛന് കൂടുതലൊന്നും പറയാനില്ല. എന്തായാലും എന്റെ മോൾക്ക് നല്ലത് മാത്രമേ വരൂ…” “അച്ഛാ… എന്നോട് ദേഷ്യമൊന്നും തോന്നരുതേ… ” “ഇല്ല മോളെ… അപ്പൂനോട് അച്ഛന് ഒരു ദേഷ്യവുമില്ല. വിവാഹത്തിന് മുൻപ് തന്നെ മോൾ അച്ഛനോട് എല്ലാം പറഞ്ഞല്ലോ… വിധി എന്തായാലും അത് സഹിച്ചേ പറ്റു.

എവിടെ ആയാലും നീ സന്തോഷമായിട്ടിരിക്കണം. അച്ഛന് അത്രേ ഉള്ളു ആഗ്രഹം…” അപർണ്ണ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു തേങ്ങി… സാരിതുമ്പ് വായിലേക്കമർത്തി വിതുമ്പി കൊണ്ട് ലക്ഷ്മി മുറിവിട്ട് പോയി. ************** രാത്രി അത്താഴം കഴിച്ചു കഴിഞ്ഞു സന്തോഷത്തോടെയാണ് അപർണ്ണ കിടപ്പു മുറിയിലേക്ക് പോയത്. മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ട ശേഷം അവൾ ഫോൺ എടുത്തു ശ്രീജിത്തിനെ വിളിച്ചു. ഫസ്റ്റ് റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു. “അപ്പു എന്തായടാ അവിടെ…” ആകാംക്ഷ നിറഞ്ഞ അവന്റെ സ്വരം ഫോണിലൂടെ ഒഴുകിയെത്തി. “ശ്രീയേട്ടാ അച്ഛൻ നമ്മുടെ വിവാഹത്തിന് സമ്മതിച്ചു…” വർദ്ധിച്ച സന്തോഷത്തോടെയവൾ അവനോടു അക്കാര്യം പറഞ്ഞു. “ഏഹ് ഇത്ര പെട്ടെന്നോ…??

നീ വെറുതെ പറയുന്നതാണോ…” ഞെട്ടലോടെ അവൻ ആരാഞ്ഞു. “സത്യമാ ഞാൻ പറഞ്ഞത്…” അവൾ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ അവനെ വിശദമായി പറഞ്ഞു കേൾപ്പിച്ചു. “നിന്റെ അച്ഛൻ സമ്മതിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. നിന്റെ കാര്യത്തിൽ എന്ത് ചെയ്യുമെന്നാലോചിച്ചു ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു ഞാൻ. ഇപ്പോഴാ സമാധാനമായത്…” ശ്വാസം വലിച്ചു വിട്ടുകൊണ്ട് ശ്രീജിത്ത്‌ പറഞ്ഞു. “എന്നാലേ എന്റെ മോൻ വേഗമിങ് പോരെ… വരാൻ വൈകിയാൽ അച്ഛന്റെ മനസങ്ങു മാറും. പിന്നെ വല്ലവനും കെട്ടിക്കൊണ്ടങ്ങു പോകും. ” “അങ്ങനെ നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല മോളെ… എത്രയും വേഗം ലീവ് എഴുതി കൊടുത്തു ഞാൻ വരുന്നുണ്ട്… ” “ഉം… വേഗം വന്നേക്കണേ…” അവൾ പ്രേമപൂർവം പറഞ്ഞു. “വരാടി… എന്നാ നീ കിടന്നോ.

എനിക്ക് കുറച്ചു വർക്ക്‌ ഫിനിഷാക്കാനുണ്ട്…” “എങ്കിൽ ശരി ഗുഡ് നൈറ്റ്‌ ഡിയർ… ലവ് യൂ.. ” “ലവ് യു ടു മൈ ഡിയർ.., ” മറുതലയ്ക്കൽ ഫോൺ കട്ടായി. ആലോചനയോടെ അവൾ പുറത്തു തെളിഞ്ഞു നിൽക്കുന്ന നിലാവിനെ നോക്കി സമാധാനത്തോടെ കിടന്നു. ഒരുവേള അവളുടെ മനസിലൂടെ ഭൂതകാലസ്മരണകൾ ഒരു തിരശീലയിലെന്ന പോലെ കടന്നു പോയി. പിജി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ കോളേജിൽ വച്ചുണ്ടായ ഒരു അപകടത്തിൽ മനസ്സ് പതറിപോയതാണ് അപർണ്ണയ്ക്ക്. ഒരു സാധാരണക്കാരിയായ പെണ്ണിന് ഒരിക്കലും ഉൾകൊള്ളാൻ കഴിയാനാവാത്ത ഒരു ദുരനുഭവം കോളേജിൽ വച്ച് അപർണ്ണയ്ക്ക് നേരിടേണ്ടി വന്നു. ആ അപമാനഭാരത്താൽ നാണക്കേട് കാരണം പിന്നീട് കോളേജിൽ മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള ധൈര്യവും അവൾക്കില്ലായിരുന്നു.

ആ സംഭവത്തോടെ പഠിപ്പ് നിർത്തി അപർണ്ണ വീട്ടിൽ ഒതുങ്ങി കൂടി. ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ എപ്പോഴും ഇരുട്ട് മുറിയിൽ തന്നെ കഴിച്ചു കൂട്ടിയ മകളെ കണ്ട് അരവിന്ദൻ മാഷിനും കടുത്ത മാനസിക സംഘർഷമുണ്ടായി. അവളുടെ ആ അവസ്ഥ സഹിക്കാൻ കഴിയാതെ അരവിന്ദൻ മാഷ് ദുബായിൽ ഉള്ള തന്റെ പെങ്ങളുടെ അടുത്തേക്ക് അവളെ പറഞ്ഞു വിട്ടു. ദുബായിൽ പോയതോടെ പതിയെ അവളിൽ ഓരോരോ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി. അവിടെ തന്നെ അവൾ ഒരു ജോലിക്ക് കയറി. തന്റെ മനസ്സിനെ മാറ്റിയെടുക്കാനും സ്വയം മാറാനും സാഹചര്യങ്ങളെ ധൈര്യപൂർവ്വം നേരിടാനും അവൾ പഠിച്ചു. നാലു വർഷം അവൾ ദുബായിൽ അമ്മായിയോടൊപ്പമായിരുന്നു.

ഒരിക്കൽ പോലും നാട്ടിലേക്ക് വന്നതേയില്ല. നാട്ടിലേക്ക് പോയാൽ മനസ്സിനെ മുറിപ്പെടുത്തുന്ന ഓർമ്മകൾ തന്നെ വേട്ടയാടുമെന്ന് ഭയന്നാണ് അത്രയും വർഷം അവൾ നാട്ടിലേക്ക് വരാതിരുന്നത്. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി അരവിന്ദൻ മാഷിന് ഹാർട്ട് അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്നത്. രണ്ടു തവണ അടുപ്പിച്ചുണ്ടായ ഹൃദയസ്തംഭനം അദ്ദേഹത്തിന്റെ ആരോഗ്യനില പാടെ തകിടം മറിച്ചു കളഞ്ഞു. അതോടെ മാഷിന് മകളുടെ വിവാഹം ഇനിയും നീട്ടികൊണ്ട് പോകാതെ വേഗം നടത്തണമെന്നായി. അങ്ങനെയാണ് അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ദുബായിലെ ജോലി റിസൈൻ ചെയ്തു അപർണ്ണ നാട്ടിലേക്കു മടങ്ങിയത്. ഓരോന്നോർത്ത് കൊണ്ട് അവൾ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു. **************

പിറ്റേന്ന് രാവിലെ ഉറക്കമുണർന്നയുടനെ അപർണ്ണ ശ്രീജിത്തിനെ വിളിക്കാനായി ഫോൺ എടുത്തു. എന്നും രാവിലെ എഴുന്നേറ്റയുടനെ ആ വിളി പതിവുള്ളതാണ്. അപ്പോഴാണ് അവളുടെ വാട്സാപ്പിലേക്ക് പരിചയമില്ലാത്തൊരു നമ്പറിൽ നിന്നൊരു വീഡിയോ ക്ലിപ്പ് വന്നു കിടക്കുന്നത് കണ്ടത്. തലേ ദിവസം രാത്രിയാണ് ആ മെസ്സേജ് വന്നിരിക്കുന്നത്. ഉദ്വേഗത്തോടെ അവൾ വീഡിയോ ഓപ്പൺ ചെയ്തു നോക്കി. വീഡിയോ പ്ലേ ആയി തുടങ്ങിയതും അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. കണ്ണുകൾ നിറഞ്ഞു. വീഡിയോ മുഴുവനും കാണാനുള്ള ത്രാണിയില്ലാതെ കോപത്തോടെ അവൾ കയ്യിലിരുന്ന ഫോൺ വലിച്ചെറിഞ്ഞു….തുടരും

വിവാഹ മോചനം: ഭാഗം 1

Share this story