മഴയേ : ഭാഗം 29

മഴയേ : ഭാഗം 29

എഴുത്തുകാരി: ശക്തി കല ജി

വാക്ക് ” എന്ന് പറയുമ്പോൾ ഉത്തര ഗൗതമിൻ്റെ മിഴികളിലേക്ക് നോക്കി… അവൻ്റെ മിഴികളിൽ നിറഞ്ഞു നിൽക്കുന്നത് അവൾ മാത്രമാണ് എന്നറിഞ്ഞു.. അവർ ഒരുമിച്ച് നിലവറയിലേക്ക് നടന്നു.. രാഗിണിയമ്മ അവരെ രണ്ടു പേരെയും ശ്രദ്ധിക്കുന്നത് പോലുമറിയാതെ അന്നു മുഴുവൻ അവരുടെ മിഴികൾ പരസ്പരo ആരുമറിയാതെ ഓരോ സ്വകാര്യം കൈമാറിക്കൊണ്ടിരുന്നു…. ഉണ്ണിയുടെ മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു….. പതിവ് പോലെ നിലവറയിൽ പൂജയും മന്ത്രങ്ങളും തുടങ്ങി… നിളയും നിവേദയും ഗൗതമും വിഷ്ണുവും ചേർന്ന് പൊട്ടിച്ചിരികളോടെ കിട്ടിയ നിമിഷങ്ങൾ ആഘോഷിക്കുമ്പോൾ ഉണ്ണിയും ഉത്തരയും മൗനം തുടർന്നു…

വിഷ്ണുവിൻ്റെ പുറമേയുള്ള മുറിവുകൾ എല്ലാം മാറി… കൈയ്യിലും കാലിലും പ്ലാസ്റ്റർ ഉണ്ട്…. വിഷ്ണുവിനെ പിടിച്ചിരുത്താൻ ഗൗതം സഹായിച്ചു… രാഗിണിയമ്മ ഗൗതമേട്ടനെയും തന്നെയും ശ്രദ്ധിക്കുന്നത് ഉത്തര ശ്രദ്ധിച്ചു… അവൾക്ക് വല്ലായ്മ തോന്നി.. . അവർ പറഞ്ഞിട്ടും തൻ്റെ മിഴികൾ അനുസരണക്കേട് കാട്ടുകയാണല്ലോ….. അവൾ എല്ലാരിൽ നിന്നും ഒതുങ്ങി മുത്തശ്ശിയോടൊപ്പം ഇരുന്നു… ഉത്തരയ്ക്ക് നിളയോട് അടുത്തിടപഴകാൻ മടി തോന്നി… കാരണം രാഗിണിയമ്മ പറഞ്ഞ വാക്കുകൾ ആണ്…. എല്ലാരിൽ നിന്നകലം പാലിച്ചു… ഗൗതമത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു… നാലാമത്തെ ദിവസമായത് കൊണ്ട് മുത്തശ്ശൻ വല്യച്ഛനെയും ഭാര്യയേയും കിരണിനേയും കൂടി തറവാട്ടിലേക്ക് ക്ഷണിച്ചു…

ഉച്ചഭക്ഷണത്തിന് എല്ലാരും ഒത്തുകൂടി… കിരണിനെ വിൽചെയറിൽ ഇരുത്തി കൊണ്ടുവന്നു… രാഗിണിയമ്മ സ്നേഹത്തോടെ കിരണിനും വിഷ്ണുവിനും ഭക്ഷണം വാരി കൊടുത്തു…. വിഷ്ണുവിൻ്റെ മുറിയിൽ തന്നെ കിരണിന് കിടക്കാൻ സൗകര്യമൊരുക്കി… അന്ന് രാത്രി ഭക്ഷണത്തിനുള്ള ഫലങ്ങൾ എടുത്ത് നേരത്തെ തന്നെ ഉത്തര നിലവറയിലേക്ക് കൊണ്ടു പോയിരുന്നു…. എന്തോ വല്ലാത്ത വിഷമമo മനസ്സിൽ നിറഞ്ഞിരുന്നു… ചുറ്റിനും എല്ലാരും ഉണ്ടെങ്കിലും ആരുമില്ലാത്തത് പോലെ…. അവളുടെ മനസ്സ് അമ്മയേയും മുത്തശ്ശനേയും ഒരു നോക്ക് കാണാൻ കൊതിച്ചു… നിലവറയിൽ പായ വിരിച്ചു തലയണ നെഞ്ചോടു ചേർത്തു പിടിച്ചു കിടന്നു…. മനസ്സ് വല്ലാതെ വേദനിക്കുമ്പോൾ അമ്മയുടെ മടിയിലാണ് കിടക്കാറ്…

അമ്മയുടെ വിരലുകൾ തലമുടിക്കിടയിലൂടെ സഞ്ചരിച്ച് തുടങ്ങുമ്പോഴേക്ക് മനസ്സിലെ വേദനയും മറഞ്ഞ് പോകും…. ഗൗതമേട്ടനെക്കുറിച്ച് മനസ്സിൽ അരുതാത്ത ചിന്തകൾ ഒന്നും വരാൻ പാടില്ല…. തറവാട്ടിൽ താനായിട്ട് ഒരു ചീത്തപ്പേരും ഉണ്ടാക്കാൻ പാടില്ല.. അവളുടെ മിഴികൾ നിറഞ്ഞൊഴുകി…. അവൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന തലയണ കുഞ്ഞു ദേവിയായി മാറി… ഉത്തര അത്ഭുതത്തോടെ നോക്കി.. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും കുഞ്ഞു ദേവി അവളെ മടിയിൽ കിടത്തി… വിരലുകൾ കൊണ്ട് തലമുടിയിൽ തലോടികൊണ്ടിരുന്നു…. അവളുടെ മിഴികൾ അടഞ്ഞു… കുറച്ച് സമയം കഴിഞ്ഞ് അവൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ കുഞ്ഞു ദേവിയെ കണ്ടില്ല…

തലയണയിൽ നിന്ന് മുഖമുയർത്തി നോക്കി… ചുറ്റിനും താമര പൂവിതളുകൾ വീണു കിടന്നിരുന്നു…. അവൾ എഴുന്നറ്റിരുന്നു… തനിക്ക് ചുറ്റും വീണ് കിടക്കുന്ന താമര പൂവിതൾ ഓരോന്നായിൽ കൈയ്യിൽ എടുത്തു.. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… താമര പൂവിതളുകൾ കൈവെള്ളക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു…. ** * * * ** * * ** * * ** * * ** * * ** * * ** * * * ഗൗതം അടുക്കളയിൽ വന്ന് നോക്കിയപ്പോൾ ഉത്തരയെ കണ്ടില്ല… അവൻ നിലവറയിലേക്ക് പോയി നോക്കി…. ഉത്തര എന്തോ ആലോചനയിൽ സ്വയം മുഴുകിയിരിക്കുകയാണ്… ഗൗതം അവളുടെ അരികിൽ ചെന്നു… “എന്താ ഇത്ര ആലോചന ” ഗൗതമിൻ്റെ ശബ്ദം കേട്ടപ്പോൾ ഉത്തര മുഖമുയർത്തി നോക്കി… “ഒന്നൂല്ല” എന്ന് പറഞ്ഞ് മുഖം താഴ്ത്തി…

എന്തുപറ്റി എല്ലാവരുമായി ഒഴിഞ്ഞുമാറി നടക്കുന്നത് ഇപ്പോഴും തനിക്ക് എൻ്റെ അമ്മയോട് ദേഷ്യമാണോ .. അമ്മ വേറെന്തെങ്കിലും ഉദ്ദേശിച്ച് പറഞ്ഞത് ആവും… അല്ലാതെ എൻ്റെ പെണ്ണിനെ കുറിച്ച് ആയിരിക്കില്ല … ഉത്തരയ്ക്ക് എൻ്റെ അമ്മയോട് നേരിട്ട് സംസാരിച്ച സംശയം തീർത്തു കൂടെ .. അങ്ങനെ ചെയ്താൽ ഇത്രയും പ്രശ്നങ്ങൾ ഒന്നും വരില്ലല്ലോ … ഇങ്ങനെ മാറിയിരിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമമാണ് ” ഉത്തരയെ നോക്കിക്കൊണ്ട് ഗൗതം പറഞ്ഞു “അല്ലെങ്കിലും ഞാൻ ഇവിടെ പുതിയതല്ലേ .. എല്ലാരെയും പരിചയവുമില്ല …മുത്തശ്ശി മാത്രമേയുള്ളൂ സ്നേഹത്തോടെ പെരുമാറുന്നത്.. അതുകൊണ്ട് മുത്തശ്ശിയുടെ കൂടെ ഇരിക്കാനാണ് തോന്നിയത് …”ഉത്തരയ്ക്ക് പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത് …

“എന്തിനാണ് വേറെ ആണെന്ന് ചിന്തിക്കാൻ പോകുന്നത് ഇതെല്ലാം തൻ്റെ കുടുംബക്കാർ അല്ലേ .. ഇത് ഉത്തരയുടെ തറവാടും ബന്ധുക്കളുമാണ് ഇവിടെയുള്ളവരെല്ലാം ..പിന്നെന്താണ് ഉത്തര ഒഴിഞ്ഞുമാറി നടക്കുന്നതുകൊണ്ട് നിളയ്ക്കും നിവേദക്കും നല്ല വിഷമം ഉണ്ട് .. നിള ചോദിക്കുകയും ചെയ്തു ചേച്ചി എന്താ അവളോട് മിണ്ടാത്തത് എന്ന് .. എൻ്റെ ഇളയത് ആയതുകൊണ്ട് അവർക്ക് എൻ്റെ മനസ്സിൽ അനിയത്തിമാരുടെ സ്ഥാനമേയുള്ളൂ …അതെന്താ ഉത്തര മനസ്സിലാക്കാത്തത് … അമ്മ എങ്ങനെ പറഞ്ഞാൽ തന്നെ ഉടനെ പോയി കല്യാണം കഴിക്കാൻ പോവുകയാണോ-. എൻ്റെ മനസ്സിൽ ഉള്ള പെണ്ണിനെ മാത്രം ഞാൻ വിവാഹം കഴിക്കുകയുള്ളൂ എന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട് .

“എന്ന് ഗൗതം ഉറച്ച സ്വരത്തിൽ പറഞ്ഞു “എന്നാലും വിവാഹകാര്യത്തിൽ തന്നിഷ്ടം കാണിക്കാൻ പാടില്ല… അച്ഛനുമമ്മയും പറയുന്നത് കേൾക്കണം .. എൻ്റെ അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് കൊണ്ടാണ് തറവാട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നത് … അതുപോലെ ഞാനും ആവർത്തിച്ചാൽ മുത്തശ്ശന് വിഷമമാകും … അതുകൊണ്ട് ഈ വക മോഹങ്ങൾ ഒന്നും മനസ്സിൽ കൊണ്ട് നടക്കേണ്ട.. മുത്തശ്ശനോട് നേരിട്ട് ചോദിച്ച് സമ്മതം ചോദിച്ചിട്ട് വേണം ഇങ്ങോട്ടുള്ള കാര്യങ്ങൾ പറയാനും തീരുമാനിക്കാനും… പിന്നീടല്ലേൽ അച്ഛൻ്റെ വഴിതന്നെ മകളും തിരഞ്ഞെടുത്തു എന്ന് പറയിപ്പിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്… അതു മാത്രമേയുള്ളൂ അപേക്ഷ .. ” അവളുടെ മിഴികൾ നിറഞ്ഞു .. ഗൗതമിന് വിഷമം തോന്നി …

അവൾ വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണെന്ന് മനസ്സിൽ ആയതുകൊണ്ട് അവൻ കൂടുതൽ സംസാരിച്ചില്ല …. നിലവറയിൽ നിന്ന് തീർത്ഥം എടുത്ത് മന്ത്രജപത്തോടെ എടുത്തു വച്ചിരുന്ന ഫലങ്ങളിൽ തളിച്ചുകൊണ്ട് അവളുടെ അടുത്തിരുന്നു … അവൻ ആപ്പിൾ ഓരോ കഷ്ണങ്ങളായി മുറിച്ച് വച്ചു “ഇനി ആഹാരത്തിനു മുമ്പിലിരുന്ന് കരയാൻ പാടില്ല … വേഗം കഴിച്ചേ ..രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ നാളത്തെ ജോലികളെല്ലാം വേഗം തീർക്കണം… നാളെ കുറച്ച് അധികം പഠിക്കാനും ഉണ്ട് അതുകൊണ്ട് നല്ലതുപോലെ കഴിച്ചിട്ട് വേണം കിടക്കാൻ അല്ലെങ്കിൽ രാവിലെ ക്ഷീണം വരും എനിക്ക് ബോധംകെട്ട് വീണാൽ എനിക്ക് എപ്പോഴും ഒന്നും എടുത്തോണ്ട് ഓടാൻ വയ്യ …”

ഗൗതം ഉത്തരയെ കളിയാക്കിക്കൊണ്ട് പറഞ്ഞു “അങ്ങനെയല്ല ഗൗതമേട്ടാ … ഞാൻ മടങ്ങി പോകേണ്ടതാണ് എന്ന് മനസ്സ് പറയുന്നു .. ഞാൻ അങ്ങനെയാണ് തീരുമാനിച്ചതും … അച്ഛനായി വരുത്തിവെച്ച തെറ്റുകൾ തിരുത്തണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ … അതുകഴിഞ്ഞ് അമ്മയുടെ തറവാട്ടിലേക്ക് തന്നെ മടങ്ങണമെന്ന് തന്നെയാണ് ഇതുവരെ എൻ്റെ തീരുമാനം .. ഉണ്ണിക്ക് ഇഷ്ടമുണ്ടെങ്കിൽ അവിടെ നിന്നോട്ടെ .. അവന് ആഗ്രഹമുണ്ട് ഇവിടെ നിൽക്കാൻ… ഇവിടം അവന് അവകാശപ്പെട്ടതാണല്ലോ .. എനിക്ക് പക്ഷേ എന്തോ ഇവിടെ നിൽക്കാൻ തോന്നുന്നില്ല … അതുമല്ല നമ്മൾ രണ്ടുപേരും പരസ്പരം എല്ലാം മറന്നു കൊണ്ട് ഒന്നും സംഭവിക്കാത്തതുപോലെ കഴിയുന്നത് ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ പോലെ …”

ഉത്തര നിർവികാരതയോടെ പറഞ്ഞു.. “ഉത്തരാ തിരിച്ചു പോകുന്ന കാര്യം ഒക്കെ പിന്നീട് തീരുമാനിക്കാം…. ആ സമയത്ത് എന്താ സംഭവിക്കുന്നതുപോലെ സംഭവിക്കട്ടെ … നമ്മുടെ തലയിൽ എഴുതിവെച്ചിരിക്കുന്ന വിധി എന്താ നമുക്കറിയില്ല . എല്ലാo ദൈവഹിതം പോലെ നടക്കട്ടെ… അതോർത്ത് ഇപ്പോഴേ എന്തിനാണ് വിഷമിച്ച് നടക്കുന്നത് മുത്തശ്ശിയുടെയും ബന്ധുക്കൾക്കും ഒക്കെ ഒപ്പം സന്തോഷത്തോടെ കഴിഞ്ഞു കൂടെ … മനസ്സിലുള്ള വിഷമങ്ങൾ ബാക്കിയുള്ളവർക്ക് വിഷമമുണ്ടാക്കുന്നുണ്ട് എന്താണ് മനസ്സിലാക്കാത്തത് … നമ്മുടെ വിഷമം നമ്മുടെ മനസ്സിൽ തന്നെ ഇരിക്കണം ബാക്കിയുള്ളവരിലേക്ക് അത് പടരാൻ പാടില്ല .. ഈ രഹസ്യങ്ങളൊന്നും ബാക്കിയുള്ളവർക്ക് അറിയില്ല എന്ന് അറിയില്ലേ……

അവരോട് ഒന്നും പറയാനും പാടില്ല രഹസ്യം നമ്മുടെ ഉള്ളിൽ തന്നെ ഇരിക്കണം അതുകൊണ്ട് നാളെ തൊട്ടു നല്ല കുട്ടിയായിട്ട് എല്ലാരോടും സന്തോഷത്തോടെ മിണ്ടിo പറഞ്ഞുമിരുന്നോണം… മാറി നടക്കുന്ന കണ്ടുകഴിഞ്ഞാൽ എൻറെ കയ്യിൽ നിന്നും നല്ല അടി കിട്ടും ” ഗൗതം കുസൃതിയോടെ പറഞ്ഞു “പിന്നെ അടിക്കാൻ ഈ വന്നേക്ക് ഞാനങ്ങ് നിന്നു തരുവല്ലേ.. അടിക്കാൻ വേറെ വല്ല ആളെ നോക്കിക്കോണം.. അതിന് ഈ ഉത്തരയെ കിട്ടില്ല.. “ഉത്തര കുറുമ്പോടെ പറഞ്ഞു “ഇപ്പോഴാണ് എനർജി കിട്ടിയത് രണ്ടുമൂന്നു ആപ്പിളുടെ കഴിക്ക് എന്നാലേ കൂടുതൽ തർക്കുത്തരം പറയാൻ എനർജി കിട്ടു ” ഗൗതം ചിരിയോടെ പറഞ്ഞു ഗൗതം വേഗം കഴിച്ചു എഴുന്നേറ്റു :”ഉത്തരാ ഞാൻ നിന്നെ നിലവറയിൽ പൂട്ടിയിട്ടിട്ട് തറവാടിന് കാവൽ നിൽക്കാൻ പോവുകയാണ് ..

ഇന്നലെ ഉണ്ണി രാത്രി മുഴുവൻ ഉണർന്നിരിക്കുകയായിരുന്നു അവന് പകരം ഇന്ന് ഞാൻ പോകാമെന്ന് തീരുമാനിച്ചു ദിവസവും ഉറങ്ങിയില്ലെങ്കിൽ അവൻ്റെ ആരോഗ്യം മോശമാകും… അതുകൊണ്ട് ഞാൻ ഇന്ന് പോകാമെന്ന് വിചാരിച്ചു ഞാൻ ഇടയ്ക്ക് വന്ന് കിടന്നോളാം… എന്നെ നോക്കി ഇരിക്കേണ്ട ഉറങ്ങിക്കോളൂ ” എന്ന് പറഞ്ഞ ഗൗതം പുറകുവശത്തെ വാതിൽ കൂടെ ഇറങ്ങി വെളിയിൽ നിന്ന് പൂട്ടി .. മന്ത്രം ജപിച്ച് മാന്ത്രം കൊണ്ട് ഒരു താഴിട്ട് പൂട്ടി.. ഗൗതം പോയ ശേഷം ഉത്തരയ്ക്ക് ഉറക്കം വന്നില്ല…. അവൾ ഉറങ്ങാതെ കാത്തിരുന്നുവെങ്കിലും എപ്പോഴോ മയങ്ങിപ്പോയി… ഗൗതം ഉണ്ണിയെ നിർബന്ധിച്ച് മുറിയിലേക്ക് പറഞ്ഞു വിട്ടു…. അന്ന് രാത്രി എന്തോ താമര പൊയ്കയിലെ കുളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ടു..

ഗൗതം പോയി നോക്കിയിട്ട് ഇരുട്ടായത് കൊണ്ട് ഒന്നും കണ്ടില്ല…. എങ്കിലും പുലർച്ചെ വരെ താമര പൊയ്കയിലെ പടവിൽ തന്നെയിരുന്നു…. ഇടയ്ക്ക് നിലവറയിൽ പോയി മന്ത്രം കൊണ്ട് താഴിട്ട് പൂട്ടിയ കതക് മന്ത്രം കൊണ്ട് തന്നെ തുറന്നു വച്ചു തിരികെ താമര പൊയ്കയിൽ തന്നെ വന്നിരുന്നു… ചെറിയ പ്രകാശം പരന്നു തുടങ്ങിയപ്പോൾ അവൻ പതിയെ താമര പൊയ്കയിലേക്ക് ഇറങ്ങി.. താമര പൊയ്കയിലെ അടിത്തട്ടിൽ നിന്നും അവന് ഒരു ബാഗ് കിട്ടി… അവൻ ആ ബാഗുമായി അടിത്തട്ടിൽ കൂടി നീന്തി തറവാടിന് അകത്തുള്ള കുളത്തിലെക്കെത്തി… അവൻ കൈയ്യിൽ ബാഗുമായി ജലത്തിന് മുകളിലേക്ക് നീന്തി.. ഗൗതം ജലനിരപ്പിൽ ഉയർന്നു വന്നതും ഉത്തര ഭയത്തോടെ ഇരു കൈകളും മാറോട് ചേർത്ത് വച്ച് നിന്നു…

ഗൗതം അവളെ കണ്ണെടുക്കാതെ നോക്കി നിന്നു പോയി… അവൻ്റെ മിഴികളിലെ നോട്ടം അവളുടെ കഴുത്തിലേക്ക് നീണ്ടതും അവൾ കുറച്ചൂടെ വെള്ളിലേക്കിറങ്ങി തിരിഞ്ഞു നിന്നു… ഗൗതം ഒരു ചമ്മലോടെ കുളത്തിൻ്റെ പടവുകൾ കയറി.. “ഞാനൊന്നും കണ്ടില്ലട്ടോ.. വേഗം വന്നേ… ഉണ്ണിയേയും നിളയേയും കാണണം.. താമര പൊയ്കയിൽ നിന്ന് ഒരു ബാഗ് കിട്ടിയിട്ടുണ്ട്…. അത് നിളയുടെയാണോ എന്നറിയണം.. .. അത് ഉണ്ണിയുടെ മുൻപിൽ വച്ച് തന്നെ അവളെക്കൊണ്ട് പറയിക്കണം… അവന് നിളയോട് എന്തോ വിശ്വാസ കുറവ്.. അത് മാറ്റണം” ഗൗതം പടവുകൾ കയറുന്നതിനിടയിൽ വിളിച്ചു പറഞ്ഞു… “എനിക്കറിയണ്ട ആരുടേണെന്ന്.. അന്ന് എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നേൽ ഉണ്ണിക്ക് മാത്രേ നഷ്ട്ടo ഉള്ളു…

ഉണ്ണിക്ക് എന്നോടുള്ള സ്നേഹം കൊണ്ടാണ് അവൻ എല്ലാരേയും സംശയത്തോടു കൂടി കാണുന്നത്.. അത് അവൻ്റെ തെറ്റല്ല… “… ഉത്തര പറഞ്ഞു… ഗൗതം പോയാൽ മതി എന്നവൾക്ക് തോന്നി “ഉത്തര ഞാൻ തർക്കിക്കാനില്ല നീ വേഗം വരുന്നുണ്ടോ.. ” ഗൗതo അക്ഷമയോടെ പറഞ്ഞു.. ” ഞാൻ വരുന്നില്ല ഗൗതമേട്ടൻ പോയ്ക്കോളു” ഉത്തര എടുത്തിച്ചത് പോലെ മറുപടി പറഞ്ഞു.. ഗൗതമിന് ദേഷ്യം തോന്നി.. അവനവിടെ നിന്നില്ല… വേഗം നിലവറയിലെ മുറിയിൽ പോയി ബാഗ് സൂക്ഷിച്ചു വച്ചു വസ്ത്രം മാറി ഉത്തരയേ കാത്തിരുന്നു.. ഉത്തര സമയം മനഃപൂർവ്വം വൈകിപ്പിച്ചു… അവൾക്ക് ഗൗതമിൻ്റെ മുൻപിൽ പോകാൻ മടി തോന്നി.. ഉത്തര നിലവറയിലെ മുറിയിൽ തിരിച്ചെത്തുമ്പോൾ ഗൗതം അവളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.. ഉത്തര ഗൗതമിനെ ഗൗനിക്കാതെ വാൽക്കണ്ണാടിയിൽ നോക്കി ഒരുങ്ങി കൊണ്ടിരുന്നു…

കണ്ണെഴുതുന്നതും പൊട്ടു തൊടുന്നതുo മുടി നിവർത്തിയിടുന്നതും ഗൗതം നോക്കിയിരുന്നു… ഒരുങ്ങി കഴിഞ്ഞ് അവൾ നിലവറയിൽ നിന്ന് പുറത്തേക്ക് പോകാൻ ഭാവിച്ചതും ഉത്തരയെ അവൻ ചുറ്റി പിടിച്ചു കൊണ്ട് വാൽകണ്ണാടിക്ക് അഭിമുഖമായി നിർത്തി… ഗൗതമിൻ്റെ ഹൃദയസ്പന്ദനത്തിൻ്റെ വേഗത അവൻ്റെ ദേഷ്യത്തിൻ്റെ ആഴം മനസ്സിലാക്കി അവൾ മൗനമായി നിന്നു… ഉത്തരയുടെ വലത് കൈയ്യിലെ മോതിരവിരൽ കുങ്കുമ ചിമിഴിലെ സിന്ദൂരത്തിൽ തൊട്ട് എടുത്തു അവളുടെ സിന്ദൂരരേഖ ചുവപ്പിച്ചു.. “ഈ സിന്ദൂരത്തിൻ്റെയും താലിയുടെയും അവകാശി ഞാനാണ്… ഒരുങ്ങിയിരുന്നോ വ്രതം പൂർത്തിയാകുന്ന ദിവസം എൻ്റെ മാത്രം സ്വന്തമാകാനായി…. പിന്നെ ഞാൻ പറഞ്ഞില്ല അറിഞ്ഞില്ല എന്ന് അന്നേരം പറയരുതല്ലോ….

ഈ താലി തിരികെ കൊടുക്കുമ്പോൾ മറ്റൊരു താലി നിൻ്റെ കഴുത്തിൽ ഞാൻ അണിയിച്ചിരിക്കും…. ” ഇപ്പോൾ വാ എൻ്റെ കൂടെ ….നിൻ്റെ സംശയങ്ങൾ തീർത്ത് തരാം” ഗൗതം അവളിൽ നിന്ന് മാറി നിന്നു… അവൾക്ക് മുഖമുയർത്തി നോക്കാനായില്ല… മിഴിനീർ കണങ്ങൾ ഭൂമിയെ ചുംബിച്ച് തുടങ്ങിയപ്പോൾ ഗൗതം അവളുടെ കൈ പിടിച്ചു.. “എവിടെ പോയി നിൻ്റെ നാവ്… ഇപ്പോൾ ഒന്നും പറയാനില്ലെ…” ഗൗതമിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… “എനിക്ക് ആരും വേണ്ട.. ആരേയും എനിക്ക് വിശ്വാസമില്ല.” ഉത്തര ഒരു വിധത്തിൽ പറഞ്ഞു… ” അത് സ്വയം തീരുമാനിച്ചാൽ പോരാ… നിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഇപ്പോൾ ഞാനാണ് ” എന്ന് പറഞ്ഞ് ഗൗതം ഉത്തരയുടെ കൈപ്പിടിച്ചു മറുകൈയ്യിൽ ബാഗെടുത്തു മുൻപോട്ട് നടന്നു.

ഉത്തര മറ്റു വഴിയില്ലാതെ അനുസരയോടെ ഗൗതമിൻ്റെ പുറകേ നടന്നു… ഗൗതം അവളെ നിലവറയിലെ വിളക്കിന് മുൻപിൽ നിർത്തി… ” ഞാൻ വരുന്നത് വരെ ഇവിടെ നിന്നോണം” എന്ന് പറഞ്ഞ് ഗൗതം ബാഗുമെടുത്തു നിലവറയിൽ നിന്ന് ഇറങ്ങി മുത്തശ്ശൻ്റെ മുറിയിലേക്ക് നടന്നു…. ഉത്തര എന്ത് ചെയ്യണമെന്നറിയാതെ നിന്നു.. ഗൗതം പറഞ്ഞതോർത്തപ്പോൾ അവളുടെ മനസ്സ് കൂടുതൽ അസ്വസ്ഥമായി.. വ്രതം പൂർത്തിയാകുന്ന ദിവസം ഗൗതമേട്ടൻ തന്നെ സ്വന്തമാക്കും എന്ന് പറഞ്ഞതിന് അർത്ഥം എന്താണ്… ഇന്ന് അഞ്ചാമത്തെ ദിവസമാണ്… ഇനി പതിനാറ് ദിവസങ്ങൾ മാത്രം എന്നോർത്തപ്പോൾ അവളുടെ ഹൃദയസ്പന്ദനം ഉയർന്നു… അവൾ കൈകൂപ്പി മിഴികൾ പൂട്ടി പ്രാർത്ഥനയോടെ നിന്നു….

ഗൗതം മുത്തശ്ശനെ ബാഗ് ഏൽപ്പിക്കുമ്പോൾ ഉണ്ണിയെയും നിളയേയും കൂടെ കൂട്ടിയിരുന്നു… നിള ഒരു തവണ പോലും ഉണ്ണിയെ നോക്കിയതെ ഇല്ല…. മുത്തശ്ശൻ ഉണ്ണിയും ഗൗതമും ഉത്തരയേയും നിളയേയും താമരപ്പൊയ്കയുടെ അരികിലായ് ഉള്ള പൂന്തോട്ടത്തിൽ വരാൻ പറഞ്ഞു… മുത്തശ്ശൻ പറഞ്ഞതനുസരിച്ച് താമരപ്പൊയ്കയുടെ അരികിലായ് ഉള്ള പൂന്തോട്ടത്തിലേക്ക് വരാൻ പറഞ്ഞൂന്ന് നിള ഉത്തരയോട് വന്നു പറഞ്ഞു… ഉത്തര നിളയൊടൊപ്പം അവിടേക്ക് പോയി… അവർ പരസ്പരം ഒന്നും സംസാരിച്ചില്ല… മുത്തശ്ശൻ ഉത്തരയും നിളയും വരുന്നത് കണ്ടതും ഗൗതമിൻ്റെയും ഉണ്ണിയുടെയും അരികിൽ നിൽക്കാൻ പറഞ്ഞു….. ഉത്തര ഉണ്ണിയുടെ അരികിലേക്ക് പോകും മുന്നേ ഗൗതം അവളുടെ അരികിൽ ചെന്ന് നിന്നു…. നിള ഉണ്ണിയേ നോക്കാതെ തന്നെ അവനരുകിൽ പോയി നിന്നു…..

മുത്തശ്ശൻ എല്ലാരുടെ മുഖത്തേക്കും സൂക്ഷിച്ച് നോക്കി… ” നിങ്ങൾ നാല് പേരും ഒറ്റക്കെട്ടായി നിന്നാലേ ഇനി മുൻപോട്ടു പോകാൻ കഴിയു… അതിന് ആദ്യം നിങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റണം… ദാ ഈ ബാഗ് നിളയുടേതാണ്… അത് അവളുടെ പക്കൽ നിന്ന് തറവാട്ടിലുള്ള ആരോ മോഷ്ടിച്ചതാണ്…. അതാരാണെന്ന് കണ്ടു പിടിക്കും എന്നുറപ്പായപ്പോൾ ബാഗ് ഉപേക്ഷിച്ചതാവും.. . ഉത്തരയെ അപകടപ്പെടുത്താൻ ശ്രമിച്ചത് നിളയല്ല എന്ന് ഉണ്ണിയും ഉത്തരയും മനസ്സിലാക്കണം.. സ്വന്തം ജീവൻ പണയം വച്ച് നിങ്ങളെ സഹായിക്കാൻ വന്നതാണ്.. .”.. മുത്തശ്ശൻ പറയുമ്പോൾ എല്ലാരും ശ്രദ്ധിച്ചു കേട്ടു…. ” ഞാനും പറഞ്ഞു ഉത്തരയ്ക്കും ഉണ്ണിയ്ക്കും എന്തോ സംശയം പോലെ “ഗൗതം അവരെ നോക്കി പറഞ്ഞു..

“ഇനി അങ്ങനെയുള്ള സംശയങ്ങളുടെ ആവശ്യമില്ല…. എല്ലാവരും പരസ്പരം സഹകരിച്ച് തന്നെ മുൻപോട്ട് പോകണം.. ഇപ്പോൾ തന്നെ എല്ലാo പറഞ്ഞു തീർക്കണം” എന്ന് മുത്തശ്ശൻ പറഞ്ഞു ബാഗുമെടുത്ത് പോയി… മുത്തശ്ശൻ പോയി കഴിഞ്ഞ് നിള ഉത്തരയുടെ അടുത്തേക്ക് വന്നു… അവളുടെ കൈ പിടിച്ചു.. “നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഒപ്പമുണ്ടാവും.. . എനിക്ക് എൻ്റെ അനിയത്തി നിവേദയെ സംരക്ഷിക്കേണ്ട കടമയും കൂടിയുണ്ട്…അവളെ തെറ്റിലേക്ക് പോകാതെ സംരക്ഷിക്കണം എന്ന് കരുതിയാണ് ഞാൻ വന്നത്….. ബാഗ് നഷ്ട്ടപ്പെട്ടതിൽ നിവേദയ്ക്കും പങ്കുണ്ട്… പക്ഷേ ഏത് രീതിയിലാണ് എന്നറിയില്ല. അത് കൊണ്ട് വന്ന തെറ്റിദ്ധാരണയാണ്…. ക്ഷമിക്കണം…… ”

എന്ന് പറഞ്ഞ് നിള ഉത്തരയെ ആലിംഗനം ചെയ്തു.. ഉത്തര നിളയെ ചേർത്തു പിടിച്ചു… “സാരമില്ല ഞാനുണ്ട് കൂടെ ” ഉത്തര പറഞ്ഞപ്പോൾ നിള സന്തോഷത്തോടെ അവളെ ചുറ്റിപ്പിടിച്ചു … നിള ഉണ്ണിയെ പാടെ അവഗണിക്കുന്നു എന്നവന് തോന്നി…. അവൻ്റെ ഹൃദയത്തിൽ അത് വരെ തോന്നാത്ത നോവ് പടർന്നു…. ഗൗതം പുഞ്ചിരിയോടെ നോക്കി നിന്നു… ഇത് വരെ കാര്യങ്ങൾ താൻ വിചാരിക്കുന്നത് പോലെയാണ് നടക്കുന്നത്.. തുടർന്നുo അങ്ങനെ തന്നെയാകണേ എന്ന് പ്രാർത്ഥിച്ചു…. അവർക്കായ് കുഞ്ഞു ദേവി ചാറ്റൽ മഴ പെയ്യിച്ചു….. ആ മഴയിൽ നനയവേ അവരുടെ മനസ്സിലെ പരിഭവങ്ങളും അലിഞ്ഞില്ലാതായി….

മഴയുടെ ശക്തി കൂടിയതും അവർ നാലു പേരും തറവാട്ടിലേക്ക് വേഗത്തിൽ നടന്നു… അവർക്കായി പുഷ്പങ്ങളും മഴത്തുള്ളികളാടൊപ്പം താഴേക്ക് പതിച്ചു… തറവാടിൻ്റെ ഉമ്മറത്തേക്ക് ഓടിക്കയറിയപ്പോൾ ഉണ്ണിയേയും നിളയേയും കാണാതെ ഉത്തര അവരെ തിരഞ്ഞിറങ്ങാൻ ഭാവിച്ചതും ഗൗതം അവളെ തടഞ്ഞു… ” അവർ വന്നോളും. ബാക്കി സംശയങ്ങൾ തീർത്ത് തരാം.. ” എന്ന് പറഞ്ഞ് ഗൗതം ഉത്തരയെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി…. താമര പൊയ്കയിൽ കുഞ്ഞു ദേവി സന്തോഷo കൊണ്ട് മഴ പെയ്യിച്ചു കൊണ്ടിരുന്നു……. തുടരും

മഴയേ : ഭാഗം 28

Share this story