വീണ്ടും : ഭാഗം 4

വീണ്ടും : ഭാഗം 4

എഴുത്തുകാരി: ആഷ ബിനിൽ

“ശോഭേ…” അതുവരെ ഉറക്കെ ചിരിച്ചു സംസാരിച്ചിരുന്ന ഞാനും സിദ്ധുവേട്ടനും അമ്മയും അച്ഛന്റെ ഒറ്റ വിളിയിൽ നിശബ്ദരായി. പണ്ടും അങ്ങനെയാണ്, ഞങ്ങളുടെ ശബ്ദം വീട്ടിൽ ഉയർന്നു കേൾക്കാൻ അച്ഛൻ അനുവദിച്ചിരുന്നില്ല. ഞാൻ നോക്കുമ്പോൾ അമ്മയുടെ കയ്യൊക്കെ കിലുകിലാ വിറയ്ക്കുകയാണ്. നെറ്റിയിൽ വിയർപ്പ് ഒഴുകുന്നു. “എ.. എന്താ ഏട്ടാ..?” “വന്നയുടനെ സിദ്ധുവിനെ അടുക്കളയിൽ കയറ്റിയോ നീ..? അതെങ്ങനാ, ബോധം എന്നുപറയുന്ന സാധനം ഉണ്ടോ..? വിവരം കെട്ടത്.. ” ഭയം കൊണ്ടോ, അപമാനം കൊണ്ടോ, അമ്മയുടെ മുഖം കുനിഞ്ഞുപോയി. “അയ്യോ അച്ഛാ..

അമ്മ വേണ്ടെന്ന് പറഞ്ഞതാ. എനിക്കിപ്പോ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാനായിട്ട് കയറിയതാ. അല്ലെങ്കിലും ആണുങ്ങൾ അടുക്കളയിൽ കയറാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ. അല്ലെ അമ്മേ..?” അതിന് തലയാട്ടാൻ മാത്രമേ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ. “അല്ലെങ്കിൽ തന്നെ പതിരുപത്താറ് വർഷം കൂടെ ജീവിച്ചതല്ലേ. അമ്മയിങ്ങനെ ചെയ്യില്ലെന്ന് അച്ഛന് അറിഞ്ഞൂടെ..?” അച്ഛൻ എന്നെ കനപ്പിച്ചു നോക്കി. ഒന്നിരുത്തി മൂളിക്കൊണ്ട് കടന്നുപോയി. “ഞാനപ്പോഴേ പറഞ്ഞതല്ലേ മോനെ..” അമ്മ പതം പറയുന്നത് കണ്ടു ഞങ്ങൾക്ക് ചിരിയാണ് വന്നത്. “എന്റെ പൊന്നമ്മേ. ഈ വിവാഹം എന്നു പറയുന്നത് ഒരു പരസ്പര ധാരണപ്പുറത്തുള്ള എഗ്രിമെന്റ് കൂടിയാ. അവിടെ ഒരാൾ അടിമയും മറ്റെയാൾ ഉടമയും ഒന്നുമല്ല.

തുല്യ അവകാശമുള്ള പങ്കാളികളാ നിങ്ങൾ. അമ്മയിങ്ങനെ എന്തിനും ഏതിനും അച്ഛനെ പേടിച്ചു ശ്വാസം പോലും വിടാതെ ജീവിക്കുന്നത് എന്തിനാ..” “അത്.. മോനെ.. അദ്ദേഹം.. ഞാൻ.. കുടുംബം നോക്കുന്നത് അദ്ദേഹം അല്ലെ..” ഇത്തവണ ഏട്ടന് ശരിക്കും ചിരിവന്നു. “അതുകൊണ്ട്? അച്ഛൻ ഗൃഹനാഥൻ ആണെങ്കിൽ അമ്മ ഗൃഹനാഥയാണ്. അമ്മ വീട്ടിലെ കാര്യങ്ങളെല്ലാം നന്നായി നോക്കുന്നത് കൊണ്ടല്ലേ അച്ഛന് മറ്റ് കാര്യങ്ങൾ ചെയ്യാനും സമ്പാദിക്കാനും കഴിയുന്നത്..? സത്യത്തിൽ ഇവിടിങ്ങനെ ചത്തു കിടന്ന് പണിയുന്നതിന് അമ്മയ്ക്ക് സാലറി ഇങ്ങോട്ട് തരുവാ ചെയ്യേണ്ടത്..” സത്യമാണ്.

അച്ഛനും ഏട്ടനും എല്ലാ കാര്യത്തിലും നിർബന്ധങ്ങൾ ആണ്. രാവിലെ ദോശയ്ക്ക് രണ്ടുതരം ചട്ണിയും സാമ്പാറും, ഉച്ചയ്ക്ക് ഒരു അഞ്ചു കൂട്ടം കറി, വൈകിട്ട് വേറെ നാലഞ്ചു കൂട്ടം കറി, ചായക്ക് ഹോം മേഡ് സ്നാക്‌സ്, പാൽ വീട്ടിലെ പശുവിന്റെത് മാത്രം. ഇതിനെല്ലാം പുറമെ പറമ്പിൽ സ്ഥിരമായി പത്തു പതിനഞ്ചു പണിക്കാരും. അടുക്കളയുടെ പരിസരത്തേക്ക് പോലും അച്ഛനും ചേട്ടനും വരില്ല. മിക്സി, ഗ്രൈന്ഡർ, ഓവൻ ഒന്നും ഉപയോഗിക്കാൻ സമ്മതിക്കുകയും ഇല്ല. വീട് വൃത്തിയാക്കാൻ പോലും ജോലിക്കാരെ അകത്തേക്ക് കടത്തില്ല. അവർക്ക് പുറം പണി മാത്രം. എന്തെങ്കിലും പോരായ്മ്മ വന്നാൽ നിങ്ങൾക്കെന്താ ഇവിടെ പണി എന്നൊരു ചോദ്യം ആണ്. “മോനെ.. അതിപ്പോ.. ഇത്രയും കാലം ഞാനിങ്ങനെ അല്ലേ ജീവിച്ചത്..

ഇനി പെട്ടെന്ന് ഞാൻ എതിർത്താൽ..” “ഇത്രയും കാലം കഞ്ഞി കുടിച്ചെന്ന് കരുതി ചോറ് കഴിക്കാൻ ചാൻസ് കിട്ടുമ്പോ വേണ്ടെന്ന് വയ്ക്കണോ? അമ്മ ധൈര്യമായിട്ട് പ്രതികരിക്കണം. ഇനി അതിന്റെ പേരിൽ അച്ഛൻ ഈ വയസാം കാലത്ത് അമ്മയെ ഡിവോഴ്‌സ് ചെയ്യും എന്നെങ്ങാനും പറഞ്ഞാ ഞാൻ നോക്കിക്കോളം പൊന്ന് പോലെ.. എന്താ പോരെ …???” അമ്മയുടെ കണ്ണിൽ നിന്ന് വന്നത് ആനന്ദക്കണ്ണീർ ആണെന്ന് എനിക്ക് മനസിലായി. സ്വന്തം മകൻ ഒരിക്കലും കാണിക്കാത്ത കാരുണ്യമാണ് മരുമകൻ കാണിക്കുന്നത്. അന്ന് ഊണ് കഴിക്കാനിരുന്നപ്പോൾ എന്നെയും അമ്മയെയും ഒപ്പം പിടിച്ചിരുത്തി സിദ്ധുവേട്ടൻ. എട്ടനുള്ള ധൈര്യത്തിൽ പറഞ്ഞപാടെ ഞാനിരുന്നു.

അമ്മ ആണെങ്കിൽ മുള്ളിൽ ഇരിക്കുന്നത് പോലെ ഞെളിപിരി കൊണ്ടു. എന്റെ ഓർമയിൽ ആദ്യമായിട്ടാണ് ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കുന്നത്. “നിർബന്ധിക്കേണ്ട സിദ്ധു. അവര് പെണ്ണുങ്ങള് വല്ല സീരിയലിന്റെ കഥയും പറഞ്ഞു പിന്നെ കഴിച്ചോളും” അച്ഛൻ ഉറക്കെ ചിരിച്ചു. ആ ഫലിതം അരോചകമായിട്ടാണ് എനിക്ക് തോന്നിയത്. “ഓഹ്. അതെന്തിനാ അച്ഛാ അങ്ങനെ. എല്ലാരും ഒരുമിച്ചിരുന്ന് വർത്തമാനം ഒക്കെ പറഞ്ഞു കഴിക്കുന്നതല്ലേ സന്തോഷം. ഇതെല്ലാം ഉണ്ടാക്കുന്നതേ ഇവരല്ലേ. സത്യത്തിൽ ഇവർക്കാ ആദ്യം കഴിക്കാൻ അവകാശം. ആദ്യം അല്ലെങ്കിലും ഒരുമിച്ചു കഴിക്കാണെങ്കിലും അനുവദിക്കണ്ടേ നമ്മൾ..”

പിന്നെ അച്ഛനൊന്നും മിണ്ടിയില്ല. മരുമോനെ പിണക്കാൻ വയ്യല്ലോ. ആകാശേട്ടൻ ആണെങ്കിൽ ഈ നാട്ടുകാരനെ അല്ല എന്ന മട്ടിലാണ് കഴിക്കുന്നത്. ഞങ്ങൾ വീട്ടിൽ നിന്ന ഒരാഴ്ച്ച അവിടെ ജനാധിപത്യം നടപ്പിലാക്കിയിട്ടാണ് മടങ്ങിയത്. പിന്നെയും ഒരു മാസം കൂടി കഴിഞ്ഞു സിദ്ധുവേട്ടൻ തിരികെ പോയി. അതിനു മുൻപ് ഹിമാലയൻ ട്രിപ്പ് ഒഴികെയുള്ള ആഗ്രഹങ്ങളൊക്കെ ഏട്ടനൊപ്പം ഞാൻ നേടിയെടുത്തു. പത്തൊൻപതാം വയസിൽ ആദ്യമായി ബസിൽ കയറുന്ന ഒരു പെണ്കുട്ടിയുടെ സന്തോഷം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ആദ്യമായി കടൽ കാണുന്ന പെണ്ണിന്റെ കൗതുകം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമോ? എന്റെ ലോകം മുഴിവാനായും ഏട്ടനിലേക്ക് ചുരുങ്ങി.

പ്രണയം മഴപോലെ പെയ്തു. ഏട്ടൻ പോയിക്കഴിഞ്ഞതോടെ വല്ലാത്തൊരു ശൂന്യത എന്നെ വന്നു മൂടി. സത്യത്തിൽ അപ്പോഴാണ് ഞാനാ മനുഷ്യനെ എത്രമാത്രം പ്രണയിക്കുന്നു എന്നു തിരിച്ചറിഞ്ഞത്. സമയം കിട്ടുമ്പോഴൊക്കേ വിളിച്ചും മെസേജ് അയച്ചും എന്റെയൊപ്പം കൂടി ഏട്ടൻ. കോളേജും ക്ലാസുമായി ഞാനും പരമാവധി വിരഹവേദന മൂടിവച്ചു. “ഒന്ന് ജീവൻ വച്ചു വന്നതായിരുന്നു. കെട്ടിയോൻ പോയതോടെ പിന്നേം പഴയപോലെ ആയല്ലോ കുഞ്ഞേ നീ..” അംബികാമ്മയും കൂട്ടുകാരും പരാതി പറഞ്ഞു. ഏട്ടൻ പോയി മൂന്നാഴ്ച്ച കഴിഞ്ഞാണ് ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞത്. അപ്പോഴത്തെ വിഷമത്തിൽ ഞാൻ ഡേറ്റിന്റെ കാര്യമൊക്കെ മറന്നിരിക്കുകയായിരുന്നു.

വീട്ടിൽ എല്ലാവർക്കും സന്തോഷം തന്നെ ആയിരുന്നെങ്കിലും ഏട്ടനിൽ വിഷാദം നിറഞ്ഞപോലെ തോന്നി. “വേണി.. നമ്മള്… പ്രിക്കോഷൻസ് ഒക്കെ എടുത്തതല്ലേ… എന്നിട്ടും… നിനക്ക് വിഷമം ഉണ്ടോ….?” “ഹേയ്. എന്താ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്..?” “അല്ല.. കളിച്ചു നടക്കേണ്ട പ്രായത്തിൽ ഞാൻ നിന്നെ കല്യാണം കഴിച്ചു, ഇപ്പോ ഗർഭിണിയാക്കി.. നിന്റെ പഠനം ചിലപ്പോ മുടങ്ങും… നിനക്ക് ദേഷ്യമുണ്ടോ എന്നോട്..?” അപ്പോഴാണ് എനിക്ക് ശരിക്കും ദേഷ്യം വന്നത്. “ദേ സിദ്ധുവേട്ട… ഇനിയൊരു വാക്ക് നിങ്ങള് മിണ്ടിയാൽ ഞാനവിടെ വന്ന് ഇടിക്കും നോക്കിക്കോ.” പിന്നെ കുറേനേരം ഞങ്ങൾ മൗനത്തെ കൂട്ടുപിടിച്ചു. ഏട്ടന്റെ മുഖം കണ്ടെനിക്ക് പാവം തോന്നി. “ഏട്ടാ. നിങ്ങൾ അല്ലെങ്കിൽ വേറൊരാൾ.

എന്തായാലും എന്റെ കല്യാണം ഇപ്പോ കഴിഞ്ഞേനെ. പിന്നെ ഏട്ടൻ എന്നെ വിവാഹം കഴിച്ചോണ്ടല്ലേ ഇത്രയും നല്ല ഒരു ഫാമിലിയും എന്നെ ഇത്രയും മനസിലാക്കുന്നൊരു ഹസ്ബൻഡിനെയും എനിക്ക് കിട്ടിയത്..? ഇനി ഇതിനെക്കുറിച്ചു പറയരുത് കേട്ടോ..” ഏട്ടൻ മെല്ലെ തലയാട്ടി. “പിന്നെ… നമുക്ക് മോൻ വേണോ മോള് വേണോ..?” ഞാൻ ചോദിച്ചു. “ആരായാലും ആരോഗ്യമുള്ള കുഞ്ഞായാൽ മതി” സ്റ്റെയർ കയറുന്നത് ഒഴിവാക്കാൻ ഞാൻ താഴെ സച്ചുവിന്റെ മുറിയിലേക്ക് മാറി. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞുപോയി. മെല്ലെമെല്ലെ എന്നെക്കാളും കുഞ്ഞിന്റെ കാര്യത്തിൽ ആവേശം ഏട്ടനായി. ആയിടക്കാണ് വീഡിയോ കോൾ പോപ്പുലർ ആയത്.

പിന്നെ എന്നും വിളിച്ചു വയറു കാണൽ ആയി, കുഞ്ഞിനോട് കിന്നാരം പറച്ചിലായി, ആകെ പുകിൽ. ഞാൻ ആറു മാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് സിദ്ധുവേട്ടനുള്ള സൈനിക വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം ഉണ്ടാകുന്നത്. വർത്തയറിഞ്ഞ ആ ഒരൊറ്റ നിമിഷം കൊണ്ട് ഞങ്ങളുടെ വീട് മൂകമായി. മുഴുവൻ കേൾക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. വേഗം മുകളിലെ ഞങ്ങളുടെ മുറിയിലേക്കോടി. ഞങ്ങളുടെ പ്രണയവും പരിഭവവും പങ്കുവച്ച ഞങകുടെ മുറി. സിദ്ധുവേട്ടന്റെ ഗന്ധം അപ്പോഴും അവിടെയുണ്ടെന്ന് തോന്നിപ്പോയി. കരയാൻ പോലും കഴിയാത്തവണ്ണം നിർവികാരയായിരുന്നു ഞാൻ.

എവിടെ നോക്കിയാലും സിദ്ധുവേട്ടൻ, ഞങ്ങളുടെ കുഞ്ഞ്, ഞങ്ങൾ ഒന്നിച്ചു കണ്ട സ്വപ്നങ്ങൾ, ഒരുമിച്ചു ചെലവിട്ട ദിവസങ്ങൾ, ഇനി വരുമ്പോഴേക്ക് മാറ്റിവച്ച ആഗ്രഹങ്ങൾ, പൂർത്തിയാകാതെ പോയ കിനാവുകൾ, ഏട്ടന്റെ ചിരി,സംസാരം…. എനിക്ക് സത്യത്തിൽ ഭ്രാന്ത് പിടിച്ചിരുന്നു. വർത്തയറിഞ്ഞു വന്നവരെകൊണ്ട് വീട് നിറയുന്നുണ്ടായിരുന്നു. ആരെയും കാണാനും മിണ്ടാനും ഞാൻ കൂട്ടാക്കിയില്ല. എന്റെ അച്ഛനും ഏട്ടനും അമ്മയും ഒക്കെയെത്തി. അവരോടും എനിക്കൊന്നും പറയാൻ തോന്നിയില്ല. കുറേനേരം മുറിയിൽ ഇരുന്നശേഷം അവരും തിരികെ പോയി. അംബികാമ്മ മാത്രം ഇടയ്ക്ക് എനിക്ക് ഭക്ഷണവും കൊണ്ടുവരും. കുഞ്ഞിന് വേണ്ടി എങ്കിലും കഴിക്കാൻ എന്നെ നിർബന്ധിക്കും.

അമ്മയ്ക്ക് വേണ്ടി ഞാനെന്തെങ്കിലും കഴിച്ചെന്ന് വരുത്തും. മൂന്ന് ദിവസം അങ്ങനെ കടന്നുപോയി. ഇന്നാലോചിക്കുമ്പോൾ, നൊന്തു പ്രസവിച്ച മകൻ ഇനിയില്ലെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലും അമ്മ പ്രകടിപ്പിച്ച ആത്മധൈര്യം എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. മൂന്നാം ദിവസം, സിദ്ധുവേട്ടനെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് ഞാൻ മുറിക്ക് പുറത്തിറങ്ങിയത്. ഈ ദിവസങ്ങളിലൊന്നും ഭക്ഷണം ശരിയായി കഴിക്കാതെയും കുളിക്കാതെയും ഞാൻ ആകെ കോലം കെട്ട് പോയിരുന്നെന്ന് പിന്നീടറിഞ്ഞു. ഏട്ടൻ വന്നെന്ന് അറിഞ്ഞപാടെ ഞാൻ ഓടി ഉമ്മറത്തെത്തി.

ചാനലുകാരും പത്രക്കാരും നാട്ടുകാരുമൊക്കെ ഒരത്ഭുതജീവിയെപ്പോലെ നോക്കുന്നത് ഞാൻ അറിഞ്ഞില്ല. ചുറ്റുമുള്ള യാതൊന്നും എന്നെ ബാധിച്ചില്ല. ഏട്ടന്റെ അടുത്തെത്താൻ ഉള്ള തിടുക്കം ആയിരുന്നെനിക്ക്. പക്ഷെ അവസാനമായി ആ മുഖമൊന്ന് കാണുന്നതിന് മുൻപ് വീണുപോയി. ഉറക്കമുണരുമ്പോൾ ഞാൻ ആശുപത്രിയിൽ ആയിരുന്നു. സിദ്ധുവേട്ടനെ അടക്കി ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഒപ്പം, എന്റെ ഉദരത്തിൽ വളർന്ന ഞങ്ങളുടെ ജീവനെയും ഈശ്വരന്മാർ തിരികെ വിളിച്ചു. കരയാൻ പോലും കഴിയാത്തയത്ര ശൂന്യമായിപ്പോയി എന്റെ മനസ്. എല്ലാത്തിനോടും നിർവികാരത. ഡിസ്ചാർജ് ആയി എന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ അച്ഛന് താത്പര്യക്കുറവുണ്ടെന്ന് പറയാതെ പറഞ്ഞു.

ഇന്ദീവരത്തിലേക്ക് തന്നെയാണ് എന്റെ കൊണ്ടുപോയത്. ദിവസങ്ങൾ കഴിയും തോറും ഞാൻ കടുത്ത വിഷാദത്തിലേക്ക് പോയിക്കൊണ്ടിരുന്നു. മകൻ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും അച്ഛനും അമ്മയും ഏട്ടന്റെ കൂടപ്പിറപ്പുകളും രാവും പകലും എനിക്ക് കാവൽ നിന്നു. ഡോക്ടറെ കാണിക്കാനും ചികിത്സയ്ക്ക് കൂടെ വരാനും അവരൊരു മടിയും കാണിച്ചില്ല. ഡോക്ടറുടെ നിർദേശപ്രകാരം വീണ്ടും ഞാൻ കോളേജിൽ പോയി തുടങ്ങി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ഒരു ധീരജവാന്റെ ഭാര്യ എന്നു പലരുമെന്നെ വിശേഷിപ്പിച്ചു. മറുവശത്ത് വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വിധവയായവളുടെ വികാരം ശമിപ്പിക്കാനും ആളുണ്ടായി. ഞാൻ കടന്നുപോയ മാനസികാവസ്ഥ ആരും മനസ്സിലാക്കിയില്ല.

“സിദ്ധുവിന്റെ മാലയിട്ട ഫോട്ടോ ഒരെണ്ണം പോലും ഇവിടെ ഇല്ലല്ലോ..?” ഒരിക്കൽ അച്ഛൻ വീട്ടിൽ വന്നപ്പോൾ ചോദിച്ചു. “ആ മനുഷ്യൻ ഇപ്പോഴും ജീവനോടെ ഞങ്ങളോടൊപ്പം ഉണ്ട്. എന്നിൽ ഇപ്പോഴും ഏട്ടൻ പകർന്ന് നൽകിയ പ്രണയമുണ്ട്. മാലയിട്ട വെറുമൊരു ചിത്രമായി ഏട്ടനെ കാണാൻ ഞങ്ങൾക്ക് പറ്റില്ല.” ആദ്യമായിട്ടാണ് അച്ഛന് നേരെ എന്റെ ശബ്ദം ഉയർന്നത്. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു. കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ലല്ലോ. സിദ്ധുവേട്ടൻ ഇനിയില്ല എന്ന സത്യത്തോട് ഞാനും പൊരുത്തപ്പെട്ടു. പക്ഷെ ഏട്ടൻ പകർന്നു നൽകിയ പ്രണയം എന്നിൽ കെടാതെ ജ്വലിച്ചു. പീജി കഴിഞ്ഞു നിൽക്കുന്ന സമയത്താണ് എന്റെ പുനർവിവാഹം ചർച്ചയാകുന്നത്.

“മോൾടെ അച്ഛൻ വിളിച്ചിരുന്നു. ഇനിയും നിന്നെയിവിടെ ഇങ്ങനെ നിർത്തണോ എന്നു ചോദിച്ചു.” ഒരു രാത്രി അച്ഛൻ പറഞ്ഞു. “എന്നുവച്ചാൽ…?” “എന്നുവച്ചാൽ.. അവിടേക്ക് നിന്നെ തിരികെ വിളിക്കില്ല എന്നു മോൾക്ക് അറിയാലോ. ഒരു പുനർവിവാഹം ആണ് അവർ ഉദ്ദേശിക്കുന്നത്. ഞങ്ങൾ ഈ കാര്യത്തിൽ താൽപ്പര്യം എടുക്കുന്നില്ല എന്ന മട്ടിലാണ് സംസാരിച്ചത്.” “അച്ഛാ.. ഞാൻ.. ഞാനിതുവരെ അങ്ങനൊന്നും…” എന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോൾ അച്ഛനും വല്ലാതെയായി. “മോളെ.. രണ്ടു മാസമേ കൂടെ ജീവിച്ചുള്ളൂ എങ്കിലും സിദ്ധുവിനെ നിനക്ക് മറക്കാൻ കഴിയില്ല എന്ന് ഞങ്ങൾക്കറിയാം. സിദ്ധുവിന്റെ ഭാര്യ എന്ന അധികാരത്തിൽ എത്ര കാലം വേണമെങ്കിലും നിനക്ക് ഈ വീട്ടിൽ പൂർണ സ്വാതന്ത്ര്യത്തോടെ കഴിയാം.

എന്നാലും മോൾക്ക് ഒരു ജീവിതം ഉണ്ടായി കാണണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്… ഒക്കെ മനസിലൊതുക്കാൻ, മറ്റൊരാളെ സ്വീകരിക്കാൻ, മോൾക്ക് കഴിയുമോ എന്നാലോചിക്കു… നിന്റെ സമ്മതം ഉണ്ടെങ്കിലേ ഞങ്ങൾ മുന്നോട്ട് പോകു…” അച്ഛൻ പറഞ്ഞതിനെ കുറിച്ചു ഞാൻ ആഴ്ചകളോളം ആലോചിച്ചു. എന്റെ വീട്ടിലേക്ക് ഇനി പ്രവേശനം ഇല്ലെന്ന് ഉറപ്പാണ്. എന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് ഇവിടെ താമസിപ്പിച്ചാലും ഭാവിയിൽ ഞാനിവിടെയും ഒരു ബാധ്യതയാകും. മാത്രമല്ല, സായുവിനും സച്ചുവിനും വിവാഹം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. കുടുംബത്തിൽ ഉള്ളവർക്കുള്ള സ്നേഹം പുറത്തുള്ളവർക്ക് എന്നോട് ഉണ്ടാകണം എന്നില്ലല്ലോ. അങ്ങനെ ഒരുപാട് ആലോചിച്ചു ഞാനെടുത്ത തീരുമാനം ആയിരുന്നു പുനർവിവാഹം.

എന്റെ അച്ഛൻ തന്നെയാണ് ചെക്കനെ കണ്ടു പിടിച്ചതും. നഗരത്തിലെ പ്രശസ്തനായ പീഡിയാട്രീഷ്യൻ ഡോക്ടർ സുധീഷ് രാഘവൻ. ഭാര്യ മൂന്ന് വർഷം മുൻപ് മരിച്ചു. ആറു വയസുള്ള ഒരു മകളുണ്ട്. പെണ്ണുകാണലിന് ഞങ്ങൾക്ക് താൽപ്പര്യം ഇല്ലാത്തതുകൊണ്ട് ഒരു കോഫി ഷോപ്പിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. ഞാനും സച്ചുവും കൂടിയാണ് പോയത്. സുധീഷിനു വലിയ താല്പര്യം ഉള്ളതായി തോന്നിയില്ല. മകൾ അമ്മുവും എന്നോടധികം എടുത്തില്ല. അമ്മ മാത്രം കുറച്ചു സംസാരിച്ചു. എല്ലാം പതിയെ ശരിയാകും എന്ന വിശ്വാസത്തിന്റെ പുറത്തു വിവാഹത്തിന് സമ്മതം മൂളി…തുടരും….

വീണ്ടും : ഭാഗം 3

Share this story