അർച്ചന-ആരാധന – ഭാഗം 14

അർച്ചന-ആരാധന – ഭാഗം 14

എഴുത്തുകാരി: വാസുകി വസു

അർച്ചനയുടെ മനസ്സ് സന്തോഷത്താൽ തുടിച്ചു.ഉടനെയൊന്നും പപ്പയുടെ അടുത്തേക്ക് ചെല്ലാൻ കഴിയുമെന്ന് വിചാരിച്ചതല്ല..അച്ഛന്റെ കരുതലും വാത്സല്യവും ആദ്യമായി അനുഭവിച്ചത് ആരാധനയുടെ പപ്പയിൽ നിന്നാണ്.. അയാൾക്കും അതുപോലെ തന്നെ.. അർച്ചന സ്വന്തം മകളെ പോലെയാണ്… വേഗം റെഡിയായി അവർ ക്രൂയിസറിൽ കയറി.മുൻ വശത്ത് ഇടത് സീറ്റിൽ അർച്ചനയും ഡ്രൈവിംഗ് സീറ്റിൽ രുദ്രനും ഇരുന്നു.. അവരെയും കൊണ്ട് ടൊയോട്ടാ TVM ലക്ഷ്യമാക്കി നീങ്ങി… അർച്ചനക്ക് എങ്ങനെയും പപ്പയുടെ അടുത്തേക്ക് എത്തിയാൽ മതിയെന്നായിരുന്നു ചിന്ത….

പക്ഷേ അവരെ കാത്തിരുന്ന ഒരു അപകടം അവർ ഓർത്തില്ല…അല്ല ചിന്തിച്ചില്ല… “ഡോ.താൻ ഇറങ്ങുന്നില്ലേ” അക്ഷയിന്റെ ശബ്ദം കേട്ടാണ് ആരാധന ഞെട്ടിയുണർന്നത്.അവളുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ മനസ്സ് സാങ്കൽപ്പികമായ ലോകത്താണ്. “ഇത്രവേഗം ഇങ്ങെത്തിയോ” ആശ്ചര്യത്തോടെ ആയിരുന്നു അവളുടെ ചോദ്യം. “പിന്നെന്താ ബാങ്കിൽ നിന്ന് ഇവിടേക്ക് അതിനു അധിക ദൂരമൊന്നും ഇല്ലല്ലോ” “മ്മ്.” ഇറങ്ങാൻ മനസ്സില്ലാത്ത പോലെ ആരാധന ബൈക്കിൽ നിന്നും ഇറങ്ങി. അർച്ചനയുടെ വീടീനു മുമ്പിലായിട്ട് അക്ഷയ് ബൈക്ക് നിർത്തി.അവൾക്ക് കുറച്ചു സമയം കൂടി അങ്ങനെ ഇരിക്കണമെന്നുണ്ട്.പക്ഷേ അവൻ സമ്മതിച്ചില്ല. “അക്ഷയ് അമ്മയെ ആധാരം കാണിക്കുന്നുണ്ടോ?”” ഇല്ല” “ആം..അതാ നല്ലത്.” “ശരി ഞാനെന്നാൽ പോകട്ടേ” അക്ഷയ് യാത്ര ചോദിച്ചു പോകാനൊരുങ്ങി.

അവൾ സമ്മതിച്ചില്ല. “വാ ഒന്ന് കയറിയട്ട് പോകാം” അവൾ ക്ഷണിച്ചെങ്കിലും അവൻ നിരസിച്ചു. “പിന്നീടൊരിക്കൽ ആകട്ടേ” ബൈക്ക് സ്റ്റാർട്ട് ചെയ്തു അകന്ന് പോകുന്ന അവനെ കുറച്ചു നേരം നോക്കി നിന്നിട്ട് ആരാധന വീട്ടിലേക്ക് കയറി. അമ്മ അടുക്കളയിൽ ആണെന്ന് മനസിലാക്കി അവൾ റൂമിലേക്ക് പോയി.ഡ്രസ് മാറി കഴിഞ്ഞപ്പോൾ അർച്ചനയെ വിളിക്കണമെന്ന് തോന്നി.ഫോണും എടുത്ത് മുൻ ഭാഗത്ത് കൂടി മുറ്റത്തേക്കിറങ്ങി. ആദ്യത്തെ വിളിക്ക് അർച്ചന കോൾ എടുത്തില്ല.രണ്ടാമത്തെ പ്രാവശ്യമാണു കോൾ അറ്റൻഡ് ചെയ്തത്. “എവിടായിരുന്നെടീ” ആരാധന ദേഷ്യപ്പെട്ടു.

അർച്ചനക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.ഡ്രൈവിംഗിനൊപ്പം അവളെ ശ്രദ്ധിച്ചിരുന്ന രുദ്രൻ ആരാണെന്ന് ആംഗ്യത്തിൽ ചോദിച്ചു. ആരാധനയാണെന്ന് പറഞ്ഞു. “കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് പറയ്” രുദ്രന്റെ നിർദ്ദേശം അവൾ അനുസരിച്ചു. “ഞാൻ പിന്നെ വിളിക്കാം ചേച്ചി” മറുപടിക്ക് കാത്ത് നിൽക്കാതെ കോൾ ഡിസ്ക്കണക്റ്റാക്കി. “കോളേജിലെ പ്രശ്നങ്ങൾ തൽക്കാലം ആരാധനയെ അറിയിക്കണ്ടാ…തിരുവനന്തപുരത്ത് പപ്പയുടെ അടുത്തേക്ക് പോകുവാണെന്ന് മാത്രം സൂചിപ്പിച്ചാൽ മതി” “ശരി” അർച്ചന ആരാധനയെ ഫോണിൽ ട്രൈ ചെയ്തെങ്കിലും ബെല്ലടിച്ചു നിന്നതേയുള്ളൂ.രണ്ടു മൂന്നു പ്രാവശ്യം വിളിച്ചെങ്കിലും അങ്ങനെ തന്നെ.. “ശരി പിന്നെ വിളിക്കാം” രുദ്രൻ ക്രൂയിസറിനു വേഗത വർദ്ധിപ്പിച്ചു.

അർച്ചനയുടെ കോൾ വന്നപ്പോൾ ആരാധന അമ്മക്കൊപ്പം അടുക്കളയിൽ ആയിരുന്നു. ഫോൺ സൈലന്റ് മോഡിലാക്കിയിരുന്നു അവൾ. “അമ്മയുടെ മുഖമെന്താ വല്ലാതെ ഇരിക്കുന്നത്” ആരാധന അമ്മയുടെ താടി ഉയർത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു. “ഹേയ് ഒന്നുമില്ല” സങ്കടത്താൽ അവർ പറഞ്ഞു. അതങ്ങനെ വിടാൻ അവൾ ഒരുക്കമല്ലായിരുന്നു. “പറയ് അമ്മച്ചി…” അമ്മയുടെ ചുമലിൽ തന്റെ രണ്ടു കരങ്ങളുമിട്ടു.ആ കണ്ണുകളിലെ സങ്കടക്കടൽ അവൾ കണ്ടു. “ഒന്നൂല്ലെടീ..” മകളെ വിഷമിപ്പിക്കണ്ടെന്ന് കരുതി ദുഖം ഉള്ളിലടക്കാൻ അവർ ശ്രമിച്ചു. ആരാധന പിന്നെയൊന്നും ചോദിച്ചില്ല.അവളുടെ കണ്ണുകൾ അടുക്കള മുഴുവനും ചുറ്റി സഞ്ചരിച്ചു.കിച്ചണിലെ പല സാധനങ്ങളും തീർന്നിരിക്കുന്നു.

അപ്പോൾ അതാണ് അമ്മയുടെ സങ്കടം. “അമ്മ എന്റെ കൂടെയൊരു സ്ഥലത്തേക്ക് വാ” “എവിടേക്കാ” “അതൊന്നും അറിയണ്ടാ.വേഗം ഒരുങ്ങി വാ” ആരാധനയുടെ നിർബന്ധം കൂടിയപ്പോൾ അവർ ഒരുങ്ങി കൂടെ ചെന്നു.എങ്ങോട്ടാണെന്ന് ചോദിച്ചിട്ടും അവൾ മറുപടി കൊടുത്തില്ല. അർച്ചനയുടെ വീടിനു കുറച്ചു മാറി ഒരുപലചരക്ക് കടയുണ്ട്.അവിടെ നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്.കുറച്ചു കടം ബാക്കി നിൽപ്പുണ്ട്.കടക്കാരൻ മിക്കദിവസവും പണം ചോദിക്കും.അവധി പറഞ്ഞു അർച്ചനയുടെ അമ്മ മടുത്തു. രണ്ടു മൂന്ന് വീടുകളിൽ ജോലിക്ക് നിന്നെങ്കിലും അവിടൊക്കെ പുതിയ ആളുകളെ വീട്ടുകാർ ജോലിക്ക് നിർത്തി.അതോടെ വരുമാനവും നിന്നും.

മകൾ വിഷമിക്കേണ്ടെന്ന് കരുതിയാണ് അവളെ ഒന്നും അറിയിക്കാതിരുന്നത്.തുടർന്ന് അർച്ചനയെ പഠിപ്പിക്കാനുളള സാമ്പത്തികമായ പ്രതിസന്ധി കാരണമാണു തിരികെ വിളിപ്പിച്ചതും.മകൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയാതെ ഉള്ളിലവർ തേങ്ങി. സ്ഥിരം കടം വാങ്ങുന്ന കടയിലേക്കാണ് മകൾ കയറുന്നതെന്ന് അമ്മ പതിയെ നിന്നു.ആരാധനയത് കണ്ടു. “അമ്മ ഇങ്ങോട്ടൊന്ന് വന്നേ” ആരാധന അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. കടയിൽ അത്യാവശ്യം തിരക്കുമുണ്ട്.കടയുടമ അവരെ കണ്ടതിനാൽ ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല. “ചേട്ടാ കുറച്ചു പലചരക്ക് സാധനം വേണം” ആരാധന കടക്കാരനോട് പറഞ്ഞു. അയാൾ അവളെയും അമ്മയെയും മാറി മാറി നോക്കി.

കടയിൽ വന്നാൽ അമ്മക്ക് പിന്നിലൊളിച്ച് നിൽക്കാറുളളവൾ ചോദിക്കുന്നത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. “തളളയും മോളും ആദ്യം വാങ്ങിയതിന്റെ കാശ് തന്നിട്ട് പോടീ..ചോദ്യം കേട്ടാൽ തോന്നും വീട്ടുകാർ ഏൽപ്പിച്ചിട്ടുണ്ടെന്ന്” എടുത്ത് അടിച്ചതു പോലെയുള്ള അയാളുടെ സംസാരം കേട്ടു ആരാധനയൊന്ന് ഞെട്ടിപ്പോയി. “പിള്ളേച്ചാ ക്ഷമിക്കണം.. മോളറിയാതെ പറഞ്ഞതാ” അമ്മ അയാളുടെ നേർക്ക് തൊഴുന്നത് അവൾ കണ്ടു. “സാധനം വാങ്ങുമ്പോൾ തിരികെ പണം നൽകണമെന്ന് ഓർക്കണം.ഇല്ലെങ്കിൽ ചില വിട്ടു വീഴ്ചകൾ ചെയ്യണം” മറ്റുളളവരു കൂടി പരിഹസിച്ചു ചിരിച്ചു.അതുകൂടി ആയപ്പോഴേക്കും ആരാധന പുകഞ്ഞു.

ഒടുവിലതൊരു പൊട്ടിത്തെറിയായി. “എടോ പ്രായത്തിനു മൂത്തതായിപ്പോയി.അല്ലെങ്കിൽ തന്റെ ചെകിടത്തൊന്ന് തന്നേനെ” ആരാധനക്ക് നന്നേ കോപം വന്നു. “തന്നോട് പലചരക്ക് സാധനമാണ് ചോദിച്ചത്..അല്ലാതെ തന്റെ വീട്ടുകാരു വീട്ടിലെ പെണ്ണുങ്ങളുടെ റേറ്റല്ല” കടക്കാരന്റെയും അർച്ചനയുടെ അമ്മയുടെയും മറ്റുള്ളവരുടെയും കണ്ണ് മഞ്ഞളിച്ചു പോയി.അവളിൽ നിന്ന് അങ്ങനെയൊരു പ്രവർത്തി അവരാരും പ്രതീക്ഷിച്ചില്ല. “മോളേ.. അമ്മ ദയനീമായി വിളിച്ചു. ” അമ്മയൊന്ന് മിണ്ടാതിരിക്ക്.ഒന്നും പ്രതികരിക്കാതെ പോകുന്നതാ ഇവരൊക്കെ മുതലെടുക്കാൻ ശ്രമിക്കുന്നത്” “കിടന്ന് ചിലക്കാതെ തരാനുളള കാശ് തന്നിട്ട് പ്രസംഗിക്കെടീ”

നഷ്ടപ്പെട്ട വീറ് വീണ്ടെടുത്തു കടക്കാരൻ ഗർജ്ജിച്ചു. “എത്രയാടോ അമ്മ തരാനുളളത്” “3500” ആരാധന പേഴ്സിൽ നിന്ന് രണ്ടായിരത്തിന്റെ രണ്ടു നോട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി. “ബാക്കി പലിശയായിട്ട് താൻ വെച്ചോ” അവളുടെ കലി അടങ്ങിയിരുന്നില്ല. “അമ്മേ കൊടുക്കാനുണ്ടെന്ന് കരുതി അഭിമാനത്തെ ചോദ്യം ചെയ്യുമ്പോൾ പ്രതികരിക്കാതിരിക്കരുത്.അയാളുടെ കരണം നോക്കിയൊന്ന് കൊടുത്തിട്ട് വാ” അമ്മയുടെ മൗനം ആരാധനയെ പിന്നെയും അലസോരപ്പെടുത്തി. “അമ്മയോടല്ലേ പറഞ്ഞത്” പിന്നെയൊന്നും അവർ ചിന്തിച്ചില്ല.കടക്കാരന്റെ കവിളത്ത് ഒരെണ്ണം കൊടുത്തു. “തന്നതല്ല..ചോദിച്ചു വാങ്ങിയതാണ്.

ഇനിയും ഒരുപെണ്ണിനെയും അപമാനിക്കരുത്” അമ്മയുടെ ആ ഡയലോഗ് അവൾക്ക് ഇഷ്ടമായി.അവരെ കെട്ടിപ്പിടിച്ച് കവിളിലൊരു ഉമ്മ കൊടുത്തു. “നല്ല അമ്മ” അമ്മയേയും വിളിച്ചു അവിടെ നിന്ന് ഇറങ്ങി.മറ്റൊരു കടയിൽ ചെന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോയി.അവരെ അപ്പോഴും അലട്ടിയത് മകളുടെ കയ്യിൽ ഇത്രയും പണം എവിടെ നിന്ന് ആണെന്നാണ്. “അമ്മയിനി ഒരുജോലിക്കും പോകുന്നില്ല..പഠിപ്പിനുളള കാശ് ഇല്ലെന്ന് ഓർത്ത് വിഷമിക്കുകയും വേണ്ടാ.കൂടുതൽ ഒന്നും ഇപ്പോൾ ചോദിക്കരുത്” ആരാധന തറപ്പിച്ചു പറഞ്ഞു… അപ്പോൾ അവരിൽ വീണ്ടും ആ ചോദ്യം ഉയർന്നു.

“ആരാണിവൾ…അർച്ചന അല്ലെന്നും വിശ്വസിക്കാൻ കഴിയുന്നില്ല.കാരണം മകൾ അങ്ങനെ ദേഷ്യപ്പെടാറില്ല.കോപം വന്നാൽ പിന്നെ രക്ഷയുമില്ല..അർച്ചനക്ക് ഇത്രയും കാശ് എവിടെ നിന്നാണ്.. ചോദിക്കാന്‍ ധൈര്യം തോന്നിയില്ല..മകളുടെ മുഖവും കണ്ണുകളും ചുട്ടുപഴുത്തിരിക്കുന്നത് പോലെ അമ്മക്ക് തോന്നി… കോളേജിൽ വെച്ച് അർച്ചനയും ആരാധനയും കണ്ടുമുട്ടിയപ്പോൾ അർച്ചനയുടെ ഭാവം എങ്ങനെ ആയിരുന്നുവോ അതുപോലെ ആയിരുന്നു ഇപ്പോൾ ആരാധനയും.. ” വർഷിക്കാൻ അഗ്നി നിറച്ചു വെച്ചതു പോലെ… 💃💃💃💃💃💃💃💃💃💃💃💃💃💃💃💃

ക്രൂയിസർ ട്രിവാൻഡ്രം ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരുന്നു. അപ്പോഴാണ് രുദ്രൻ ആ അപകടം ഓർത്തത് കൂടെയുള്ളത് ആരാധനയല്ല.അർച്ചനയാണ്.അരവിന്ദ് നമ്പ്യാരോട് പറഞ്ഞത് കൂടെയുള്ളത് ആരാധനയാണെന്നാണു.അവളിപ്പോൾ അർച്ചനയുടെ വീട്ടിലും.മാറ്റി പറയാനും പറ്റില്ല.ഒരുപാട് ചോദ്യങ്ങൾ വരും. രുദ്രൻ അർച്ചനയോട് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു.. “അരവിന്ദ് നമ്പ്യാർക്ക് മുമ്പിൽ നീ ആരാധനയാണ്.. അർച്ചനയല്ല മനസ്സിലായല്ലോ” മനസ്സിലായെന്ന അർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു.അവർ ചെല്ലുമ്പോൾ അരവിന്ദ് വീട്ടിൽ ഉണ്ടായിരുന്നു.

ക്രൂയിസറിൽ നിന്ന് ഇറങ്ങിയ അർച്ചന പപ്പയെ കണ്ടതോടെ എല്ലാം മറന്നു.കാലുകൾ ചിറകുകളാക്കി അവൾ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.. “പപ്പാ… കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് അർച്ചന വീണു.മകൾ എന്തിനാണ് പൊട്ടിക്കരയുന്നതെന്ന് അറിയാതെ അയാൾ അമ്പരന്നു പോയി.അതേ ഭീതി രുദ്രദേവിലും ഉണ്ടായി. ” ഇവളെല്ലാം നശിപ്പിക്കുമോ?” ഇതുവരെ അടക്കിപ്പിടിച്ച മാനസികമായ സംഘർഷങ്ങൾ അവൾ പപ്പയുടെ മേലെ ഇറക്കി വെക്കുകയായിരുന്നു..എല്ലാ സമ്മർദ്ദങ്ങളും പപ്പയെ ഏൽപ്പിച്ചു മനസ് തുറന്ന് ചിരിക്കാനായി…പപ്പയുടെ മോളായി മാറാനുളള അടങ്ങാത്ത അഭിനിവേശമായിരുന്നു അർച്ചനയിൽ ഉണ്ടായിരുന്നത്……©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-13

Share this story