മൗനം : ഭാഗം 15

Share with your friends

എഴുത്തുകാരി: ഷെർന സാറ

“എന്തേലും ഒന്ന് പറയെടോ… താനിങ്ങനെ മിണ്ടാതെ ഇരിക്കല്ലേ… ” “എന്നെ ഒന്ന് നോക്കുകയെങ്കിലും ചെയ്തൂടെ ടോ… ” “എടൊ… എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടോ… താനിങ്ങനെ മിണ്ടാതെ ഇരുന്നിട്ട്… ” അവളിൽ നിന്നും മറുപടി ഒന്നും ഇല്ലാതെ വന്നപ്പോൾ ഒന്നിന് പുറകെ ഒന്നായി എന്തൊക്കെയോ പറഞ്ഞ് കൊണ്ടവൻ അവളോട്‌ കെഞ്ചി പോയിരുന്നു… പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… എന്നിട്ടും ഒന്നും പറയാതെ എണീറ്റു പോകുന്നവളെ നോക്കി അവൻ ഒന്ന് നെടുവീർപ്പിട്ടു… അല്പനേരം കഴിഞ്ഞ് വാതിൽ പടിയിൽ വന്ന് നിന്ന് കൊണ്ടവൾ അവനെ ഒന്ന് നോക്കി… കണ്ണടച്ചു കിടക്കുകയാണ്.. പക്ഷെ ഉറങ്ങുകയല്ല…

അതവന്റെ പിടയുന്ന കൺമിഴി കോണിൽ നിന്നും തിരിച്ചറിയാൻ അവൾക് കഴിയുന്നുണ്ടായിരുന്നു… എന്തൊക്കെയോ അസ്വസ്ഥത അവനെ പൊതിയുന്നുണ്ടെന്ന് അവൾക്ക് തോന്നി.. അത് തന്റെയീ മൗനം കൊണ്ടുമാണെന്ന് മനസിലായി… ” വളവ് തിരിഞ്ഞു വന്ന ഒരു ടെംപോ ഇടിച്ചതാടോ …അവർ ആയിരുന്നു റോങ് സൈഡ് കേറി വന്നത്… ഹോണും അടിച്ചില്ലായിരുന്നു…ഈ കെട്ട് രണ്ടാഴ്ച കഴിയുമ്പോൾ എടുക്കാമെടോ… ” അവളുടെ സാന്നിധ്യം മനസ്സിലാക്കിയെന്നോണം അവൻ പറഞ്ഞു… എന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല… ” പിന്നെ താൻ മിണ്ടാതിരിക്കുന്നത് കൊണ്ട് എനിക്ക് വിശമമൊന്നും ഇല്ലാട്ടൊ… ” കൊച്ചു കുട്ടികളെ പറഞ്ഞു കൊണ്ടവൻ തിരിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചിരി വന്നു…

“ആണോ… ഒട്ടും വിശമം ഇല്ലേ… ഏഹ്… ” ചെറു ചിരിയോടെ ചോദിച്ചു കൊണ്ടവൾ അവനരികിലേക്കായി കട്ടിലിൽ ഇരുന്നു കൊണ്ട്,, ചൂണ്ടു വിരൽ കൊണ്ടവനെ ഒന്ന് തോണ്ടി…. ” ഇല്ല… ” അല്പം സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞവൻ കമന്നു കിടക്കാൻ തുനിഞ്ഞതും കൈ അമങ്ങിയതും ഒരുമിച്ചായിരുന്നു… ” ആഹ്… ” ഉറക്കെ അലറി കൊണ്ടവൻ ചാടിയെണീറ്റതും അവൾ പൊട്ടി ചിരിച്ചു പോയി… ” എന്താടി കോപ്പേ ചിരിക്കുന്നത്…” വേദന കടിച്ചു പിടിച്ചു കൊണ്ട് ദേഷ്യത്താൽ പല്ല് ഞെരിച്ചവൻ ചോദിച്ചു… ” ചുണ്ട് രണ്ടും കൂട്ടി പിടിച്ചു കൊണ്ടവൾ ഒന്നുമില്ലെന്ന് ചിരിയോടെ തലയാട്ടി… ” അതേ… ഇനി സൂക്ഷിച്ചു വണ്ടി ഓടിക്കുവോ…ഏഹ്… എന്തേലും പറ്റിയാൽ എനിക്ക് പിന്നെ ആരാ ഉള്ളത്… ”

ദേഷ്യത്താൽ തല വെട്ടിരിച്ചു കൊണ്ട് ഭിത്തിയിലേക്ക് മിഴിയൂന്നി ഇരിക്കുന്നവനെ കയ്യിൽ തോണ്ടി വിളിച്ചു കൊണ്ടാ പെണ്ണ് ചോദിച്ചു… ആദ്യം കുറുമ്പോടെ ആയിരുന്നുവെങ്കിൽ പിന്നീടെപ്പോഴോ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. വാക്കുകൾ ചെറുതായി ഇടറിയിരുന്നു… ” അതിന് തനിക്ക് എന്നെ ഇഷ്ടല്ലല്ലൊ… പിന്നെ എനിക്ക് എന്ത് പറ്റിയാൽ എന്താ.. ” അവൻ അവളെ നോക്കാതെ ചോദിച്ചു.. ” ആണോ.. ഉറപ്പാണല്ലോ അല്ലെ… ” അത് ഇഷ്ടപ്പെടാത്തത് പോലെ അവളും ചോദിച്ചു.. വാക്കുകളിൽ അല്പം ദേഷ്യം കലർന്നിരുന്നു… ” അല്ലെ…. ” സംശയത്തോടെ അവളെ നോക്കി അവനും ചോദിച്ചു… “അല്ല… ” ഇത്തവണ അവൾക്ക് നല്ലോണം ദേഷ്യം വന്നിരുന്നു… “പിന്നെ…. ”

അത് മനസ്സിലായിട്ടും ഇത്രയും നേരം മൗനമായിരുന്നവളെ ഒന്ന് കുഴപ്പിക്കാനായി അവൻ വീണ്ടും ചോദിച്ചു.. ” കുന്തം…. പോ അവിടുന്ന്…” ഇത്തവണ അവളുടെ ക്ഷമ പൂർണമായും നശിച്ചിരുന്നു… പിണങ്ങി പോകുന്നവളെ നോക്കി ഒരു ചിരിയോടെ അവനും ഭിത്തിയിലേക്ക് തല ചായിച്ചിരുന്നു…. ” അതേ…. കുറച്ചങ്ങോട്ട് നീങ്ങി കിടന്നെ… എനിക്കെങ്ങും വയ്യ താഴെ കിടക്കാൻ…” അവനെ നോക്കി പറഞ്ഞു കൊണ്ടവൾ കയ്യിലെ സ്റ്റീലിന്റെ കപ്പ്‌ മേശമേൽ വെച്ചിട്ട് ചെറിയൊരു സ്റ്റീൽ അടപ്പ് കൊണ്ട് അത് മൂടി വെച്ചു… ” ഓഹ്… അതിന്റെ ആവശ്യം ഇല്ല… എന്നോട് പിണക്കമുള്ളവർ ഒന്നും എന്റെ കൂടെ കിടക്കണ്ട.. ” അവളെ നോക്കി കൊണ്ടവൻ പറഞ്ഞു… അത് കാര്യമാക്കാതെ യാതൊരു കൂസലും ഇല്ലാതെ കട്ടിലിന്റെ അറ്റത്ത് കിടന്നവന്റെ മുകളിൽ കൂടി കാലെടുത്ത് വെച്ച് കട്ടിലിൽ ചാടി കേറിയവൾ…

എന്നിട്ട് ഭിത്തിയോട് ഓരം ചേർന്ന് കിടന്നു… ” അതേ… ഇവിടെ കിടന്നെന്ന് പറഞ്ഞ് തട്ടാനോ മുട്ടാനോ വന്നാലുണ്ടല്ലൊ… ” അവന്റെ ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു കൊണ്ടവൾ കൈ ചൂണ്ടി പറഞ്ഞു… ” പിന്നെ… എനിക്കതല്ലേ പണി… ” പറഞ്ഞു കൊണ്ടവൻ ആ പെണ്ണിന് എതിരായി തലവെച്ച് കിടന്നു… ” അതേ… ഇവിടെ കിടന്നെന്നും പറഞ്ഞ് എനിക്ക് നാണമില്ലേന്ന് ഒന്നും വെറുതെ ചിന്തിച്ചു കൂട്ടണ്ട കേട്ടോ… നിങ്ങളെന്റെ വല്യമ്മാവന്റെ മോനല്ലേ… പിന്നെന്തിനാ ഞാൻ നാണിക്കുന്നെ… ” അല്പം കഴിഞ്ഞു,, എണീറ്റിരുന്നവൾ കണ്ണടച്ചു കിടക്കുന്നവനെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു….. ” അതിന് ഞാൻ ഒന്നും വിചാരിച്ചല്ലൊ… നീയല്ലേ ഇപ്പൊ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടിയത്…” അവനും പറഞ്ഞു…

” രാവിലെ ആരുടെയോ നിർത്താതെയുള്ള വിളി കേട്ടാണവൾ എണീറ്റത്…അവനെ നോക്കിയതും നല്ല ഉറക്കത്തിലാണ്… അവനെ എണീപ്പിക്കാതെ അവൾ വേഗം എണീറ്റു… ഇട്ടിരുന്ന ചുരിദാറിന്റെ ടോപ് ഒന്ന് നേരെ പിടിച്ചിട്ടുകൊണ്ടവൾ,, മുടി മാടി കെട്ടി കൊണ്ട് കതക് തുറന്നു… ശാന്ത ചേച്ചിയാണ്… പുഞ്ചയ്ക്കപ്പുറത്താണ് വീട്… പരദൂഷണം ശാന്ത എന്ന് വേണേൽ പറയാം… ആളുകളുടെ കുറ്റവും കുറവും കണ്ടു പിടിക്കാൻ ഇവരെ പോലെ കഴിവുള്ള വേറെ ഒരാൾ നീരൂരിൽ ഇല്ലെന്ന് വേണേൽ പറയാം.. ആകെയുള്ളോരു നാവ് അത്രയ്ക്ക് നല്ലതായത് കൊണ്ട് പിന്നെ പറയുകയെ വേണ്ട.. ആളുകൾക്കെല്ലാം വല്ലാത്ത മതിപ്പാണ്… ഇവരെന്താ രാവിലെ ഇവിടെ എന്നവൾ ചിന്തിച്ചു…. ” ആ ചെക്കനെന്തേടി കൊച്ചേ… ആടിന് കാശ് തന്നിട്ട് രണ്ട് മൂന്ന് ദിവസായി… ദോ.. അവിടെ കൊണ്ടോന്ന് കെട്ടിയിട്ടുണ്ട്… ”

പറഞ്ഞു കൊണ്ടവർ പറമ്പിലെ തെങ്ങിൽ കെട്ടിയിട്ടിരിക്കുന്ന ആടുകളെ ചൂണ്ടി കാണിച്ചു… ശെരിയാണ്… രണ്ട് ആടുകൾ ഉണ്ട്.. ഒന്നിന്റെ വയറൽപ്പം വീർത്തതാണ്… വെളുപ്പിൽ ചെറിയ തവിട് കലർന്നതാണ്.. മറ്റേതൽപ്പം ചെറുതാണ്… കാണാൻ ഏകദേശം ഇതുപോലൊക്കെ തന്നെയുണ്ട്… പക്ഷെ ചെവി നല്ല നീണ്ടതാണ്… അതിനെ രണ്ടിനെയും നോക്കി എന്ത് ചെയ്യണമെന്ന ഭാവത്തിൽ നിന്നുപോയവൾ… ഇതൊക്കെ എപ്പോ ഒപ്പിച്ചോ ആവോ… ഇതിന് വേണ്ടിയിട്ടാണല്ലേ അപ്പോൾ കാര്യമായിട്ട് ആശാൻ ഷെഡ് ഒക്കെ കെട്ടിയത്.. അവൾ ഒരു നെടുവീർപ്പോടെ അവരെ നോക്കിയൊന്ന് ചിരിച്ചു… “ഇരിക്ക് ചേച്ചി… ഞാൻ കസേര എടുത്ത് തരാം.. ” രാവിലെ വീട്ടിൽ വന്നു കേറിയൊരാൾക്ക് അല്പം ചായ കൊടുക്കാതെ പറഞ്ഞ് വിടുന്നത് എങ്ങനെയെന്ന് കരുതിയവൾ പറഞ്ഞു… ” ഓഹ്… വേണ്ട കൊച്ചേ…

ഞാൻ ഇങ്ങോട്ട് ഇരുന്നോളാം… കൊച്ചനെണീറ്റില്ലേ… ” ചോദിച്ചു കൊണ്ടവർ ഉമ്മറപ്പടിയുടെ അരികിലേക്ക് ഇരുന്നിരുന്നു… ” ഇല്ല ചേച്ചി… ഉറക്കവാ… ചേച്ചി ഇരിക്ക്.. ഞാൻ ചായ എടുക്കാം… ” പറഞ്ഞു കൊണ്ടവൾ അകത്തേക്ക് കയറിയിരുന്നു… കിണറ്റ് കരയിൽ നിന്നൽപ്പം വെള്ളമെടുത്ത് മുഖം കഴുകി… ബാക്കി ഉണ്ടായിരുന്ന ഉറക്ക ചടവ് കൂടി മാറി ഒരു ഉന്മേഷം നിറഞ്ഞത് പോലെ അവൾക് തോന്നി… ഒരു ഗ്ലാസ് ചായ കുടിച്ചിട്ടും പോകാതെ അവിടെ തന്നെ ഇരിക്കുന്നവളെ നോക്കി ഇവർക്ക് ഇനിയും പോകാനായില്ലെ എന്നായിരുന്നു അവളുടെ ചിന്ത… ” അല്ല കൊച്ചേ… കെട്ട് കഴിഞ്ഞിട്ടിപ്പോ മാസം ഏഴെട്ടായില്ലെ.. വിശേഷം ഒന്നുമായില്ലെ… ” അല്പം സ്വരം താഴ്ത്തി എന്തോ സ്വകാര്യം ചോദിക്കുന്നത് പോലെ അവർ ചോദിച്ചപ്പോൾ അവരെ അവിടെ പിടിച്ചിരുത്താൻ തോന്നിയ നിമിഷത്തേ ഓർത്തവൾ സ്വയം ശപിച്ചു…

” ഓഹ്… ഇല്ല ചേച്ചി… എന്നാ ചെയ്യാനാ…ദൈവം നിനക്കാതെ ഒന്നും നടക്കില്ലല്ലോ… ” എങ്കിലും ഇത്രയും ചോദിച്ചതല്ലേ… ഒന്നും പറഞ്ഞില്ലെങ്കിൽ അവർക്കതൊരു വിശമം ആയാലോ എന്ന് കരുതി അവൾ പറഞ്ഞു… “ആഹ്.. അതും ശെരിയാ… നീയാ ചെക്കന്റെ പോക്കറ്റിൽ നിന്നൊരു നൂറ് രൂപ ഇങ്ങെടുത്തേ… ആ സാധനങ്ങളെ ഇങ്ങ് വരെ കൊണ്ട് വന്നതല്ലേ… ” അവർ പറഞ്ഞതും കണ്ണ് തള്ളി അവൾ അവരെയൊന്ന് നോക്കി… നൂറെങ്കിൽ നൂറ്…അതോടെ ഈ മാരണം പോയി കിട്ടുമല്ലോ എന്നോർത്തു അവൾ… അടുക്കളയിലെ ഉലുവ പാത്രത്തിൽ കിടന്ന നൂറ് രൂപയെടുത്തവൾ അവർക്ക് നൽകി… ” ചെവിതല തരത്തില്ലെന്നെ അവറ്റകൾ… രാപകലില്ലാതെ കീറ്റലാ.. അതാ ചെക്കൻ ചോദിച്ചപ്പോ ഞാൻ അങ്ങ് കൊടുത്തത്.. ”

നൂറ് രൂപ കയ്യിൽ വാങ്ങി കൊണ്ടവർ അവളോട്‌ പറഞ്ഞു… ” മ്മ്… ” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..ഇടയ്ക്ക് നോട്ടം ചെന്ന് നിന്നത് വലിയ വായിൽ കീറുന്ന ആടുകളിൽ ആണ്… ഒരു നിമിഷം ചന്തു തനിക്ക് അറിഞ്ഞു കൊണ്ട് പണി തന്നതാണോ എന്ന് പോലും ചിന്തിച്ചു പോയവൾ… ” ഞാൻ എന്നാ ഇറങ്ങുവാ കൊച്ചേ…ചെക്കനോട് പറഞ്ഞേരെ… ” പറഞ്ഞ് കൊണ്ടവർ എണീറ്റു മൂട്ടിലെ പൊടി തട്ടി… ” ശെരി ചേച്ചി… ” അവർ നടന്നു പോകുന്നതും നോക്കി അവൾ അവിടെ തന്നെ ഇരുന്നു… “അല്ല കൊച്ചേ… നാളെയല്ലേ കൊച്ചന്റെ നേരെ ഇളയതിന്റെ നിശ്ചയം… നിങ്ങളെ വിളിച്ചിട്ടുണ്ടോ… ” ഇടയിൽ നിന്ന് കൊണ്ടവർ അവളോട്‌ ചോദിച്ചു… അപ്പോൾ മാത്രമായിരുന്നു അവളും ആ കാര്യം അറിയുന്നത്… എന്തോ ഒരു വിഷമം അവളിൽ ഉറഞ്ഞു കൂടി… ” ഓഹ്… ഞാനങ്ങു മറന്നു പോയി… നിങ്ങടെ കെട്ടിന് പോലും അവരാരും വന്നില്ലല്ലോ…

പിന്നെങ്ങനാ വിളിക്കുന്നെ അല്ലെ… ” അവർ നിർത്താൻ ഭാവമില്ലാത്തത് പോലെ പറഞ്ഞതും അവളിലെ ക്ഷമ നശിച്ചിരുന്നു.. ” ഞങ്ങളെ വിളിച്ചുട്ടെങ്കിൽ പൊക്കോളാം….ചേച്ചി അതോർത്ത് വിഷമിക്കണ്ട… ചേച്ചി ചെല്ലാൻ നോക്ക്… പോയിട്ട് പണിയുള്ളതല്ലേ… ” ദേഷ്യത്തോടെ അവരോട് പറഞ്ഞു കൊണ്ടവൾ അകത്തേക്ക് നടന്നു… ” രാവിലെ തന്നെ മനുഷ്യന്റെ നല്ല കൊണം കളയാൻ ഓരോന്ന് വന്നോളും.. ഇതിനൊന്നും വേറെ പണിയില്ലേ… ” പിറു പിറുത്ത് കൊണ്ടവൾ അകത്തേ മുറിയിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു കട്ടിലിൽ കണ്ണ് തുറന്നു കിടക്കുന്ന ചന്തുവിനെ… അവനെല്ലാം കേട്ടുവെന്ന് അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ അവൾക് മനസ്സിലായി… ആദ്യമായി അവനെ ഓർത്തവൾക്ക് വല്ലാത്ത വേദന തോന്നി…

അവനോട് സഹതാപം തോന്നി… തന്നോട് പോട്ടെ… പണ്ടെ ഇങ്ങനെയാണ് എന്ന് കരുതാം… പക്ഷെ ചന്തു ഏട്ടനോ… ലക്ഷ്മിയുടെ ഒരേ ഒരു ഏട്ടനാണ്… അച്ഛൻ മരിച്ചു പോയ സ്ഥിതിക്ക് അച്ഛന്റെ സ്ഥാനമാണയാൾക്ക്… എന്നിട്ടും… ” അതേ… ഇയാൾ മനഃപൂർവം എനിക്കിട്ട് പണിയാനല്ലെ ഇനിയെങ്ങും ഇല്ലാത്ത വിധത്തിൽ രണ്ട് ആടുകളെയും വാങ്ങി വന്നത്… ” അവന്റെ ചിന്ത മാറ്റാൻ എന്നോണം അവൻ അവളോട്‌ ചോദിച്ചു… മറുപടിയൊന്നും പറയാതെ കഴുക്കോലിലേക്ക് നോട്ടം എയ്തിരിക്കുന്നവനെ കണ്ടപ്പോൾ അവൾക് തെല്ലു സങ്കടം ഏറി വന്നു… ” അതേ… ഇങ്ങനെ വിഷമിച്ചിരിക്കാനും മാത്രം ഒന്നുല്ല ഇതിൽ… നമ്മളെ വേണ്ടാത്തവരെ കുറിച്ച് ഓർത്ത് എന്തിനാ വിഷമിക്കണെ… ” അവളത് ചോദിച്ചതും അവനിൽ നിന്നും വേദന നിറഞ്ഞൊരു നോട്ടം മാത്രമായിരുന്നു തിരികെ വന്നത്… ”

എന്തിനാ വിഷമിക്കുന്നത്…ഞാനില്ലേ കൂടെ… ശെരിയാണ്… കഴിഞ്ഞ ഏഴെട്ട് മാസം ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നിട്ടുണ്ട് ഞാൻ… ഒന്ന് മനസ്സിലിക്കാനോ ഈ മനസിലെന്താന്ന് അറിയാനോ ഒന്നും ശ്രെമിച്ചിട്ടില്ല… ഗായത്രി ഇങ്ങനെയായി പോയി… പക്ഷെ… ഇപ്പൊ മറ്റാരാക്കാളും നന്നായി എനിക്ക് ഈ മനസ് വായിക്കാൻ കഴിയുന്നുണ്ട്… ചന്തുവേട്ടന്റെ ഓരോ നോട്ടത്തിന്റെയും അർത്ഥം മനസിലാവുന്നുണ്ട്… ഒരു വാക്ക് തരാം… എന്റെ മരണം വരെ ഈ ഗായത്രി,, ആദി ശങ്കരനെ തനിച്ചാക്കി പോവില്ല… വാക്ക് തരാം… ആരുമില്ലെന്ന് ഓർത്ത് ഇനിയീ മനസ് പിടയരുത്… നമുക്ക് നമ്മൾ മാത്രം മതി… ” പറഞ്ഞു കൊണ്ടവൾ ഒഴുകി ഇറങ്ങിയ കണ്ണു നീര് തുടച്ചു കൊണ്ട് അവന്റെ ഇടത്തേ കയ്യിൽ കൈ രണ്ടും ചേർത്ത് പിടിച്ചു… ” ഹാ.. !! എണീക്കെന്നെ… ഇനിയും ഇങ്ങനെ കിടക്കുവാണോ…

ഒന്നുമില്ലേലും ഒരു പ്രൊപോസൽ ഒക്കെ കഴിഞ്ഞു കിടക്കുവല്ലേ… ” പിന്നെയും പ്രതികരണം ഒന്നുമില്ലാതെ കിടക്കുന്നവനെ പിടിച്ചെണീപ്പിക്കാൻ ശ്രെമിച്ചു കൊണ്ടവൾ പറഞ്ഞു… ” ഓഹ്… ഇതൊരുമാതിരി അവാർഡ് പടം പോലെ… ഒന്നെണീക്ക് മനുഷ്യ…. പോയിട്ടെനിക്ക് നൂറ് കൂട്ടം പണിയുണ്ട്…” അവന്റെ വലത്തേ കൈ വയ്യാത്തത് കൊണ്ട് അവളായിരുന്നു പല്ല് തേച്ചു കൊടുത്തത്… കുളിക്കാൻ ഉള്ള വെള്ളവും ഇട്ടു മാറാൻ ഉള്ള തുണിയും ഒക്കെ അവൾ തന്നെ കുളിമുറിയിൽ കൊണ്ട് വെച്ച് കൊടുത്തു… കുളിച്ചിറങ്ങി വന്നവൻ ഉമ്മറ പടിയിൽ ഇരുന്നപ്പോൾ തല തോർത്തിയില്ലെന്ന് പറഞ്ഞ് ആ പെണ്ണവന്റെ തല തോർത്തി കൊടുത്തു…

മൈദയും മുട്ടയും തേങ്ങാ പാലും ചേർത്ത് കലക്കിയെടുത്ത മാവ് ചുട്ടെടുത്ത ചെറിയ വെള്ളപ്പത്തിൽ തേങ്ങയും ചക്കരയും അല്പം ഏലക്ക പൊടിച്ചതും ചേർത്ത് വെച്ച് ചെറുതായി മടക്കി റോളുകൾ പോലെ വെള്ളയട ഉണ്ടാക്കിയത്,, ചെറിയ കഷ്ണങ്ങളായി പിച്ചി അവന്റെ വായിൽ വെച്ച് കൊടുത്തവൾ… അവളുടെ ഓരോ പ്രവർത്തിയും നോക്കി ഇരിക്കുന്നവനെ നോക്കിയവൾ എന്തേ എന്ന് പിരികം പൊക്കി ചോദിച്ചു… ഒന്ന് മില്ലെന്ന് ചുമലു കൂച്ചി കാണിച്ചു കൊണ്ടവൻ നോട്ടം മാറ്റി… ” അതേ… ഒരു കാര്യം ചോദിക്കട്ടെ… ” ഇടം കയ്യാലെ അവനെ തോണ്ടി വിളിച്ചു കൊണ്ടവൾ ചോദിച്ചു… ” ചോദിക്ക്… ” ” ഇപ്പൊ ആടിനെ വാങ്ങാനും മാത്രം കാരണം എന്താ.. അതാ തള്ളേടെ വീട്ടിൽ എങ്ങാനും നിക്കത്തില്ലായിരുന്നോ..എന്തൊരു കീറ്റലാ… വന്നപ്പോ തൊട്ട് തുടങ്ങിയതാ… ”

നെറ്റി ചുളിച്ചു കൊണ്ട് പറയുന്നവളെ കണ്ടപ്പോൾ അവന് ചിരി വന്നു… ” അത് പിന്നെ ഞാൻ ഓട്ടത്തിന് പോയി കഴിഞ്ഞാൽ പിന്നെ നീയിവിടെ ഒറ്റയ്ക്കല്ലേ…തനിക്ക് മിണ്ടീയും പറഞ്ഞും ഇരിക്കാൻ ഒരാളാവട്ടെ എന്ന് കരുതി… ” ” ആര്… ആടോ… മിണ്ടാനും പറയാനും… കൊള്ളാം എന്തായാലും… എന്റെ ചന്തുവേട്ടാ… സമ്മതിച്ചു തരണം നിങ്ങളെ… ” തലയിൽ കൈ വെച്ച് കൊണ്ടവൾ പറയുന്നത് കേട്ടപ്പോൾ അവന് ചിരി വന്നു… ” ആടിനെ കെട്ടാനാണോ താങ്കൾ രാജകീയമായൊരു ഷെഡ് ഒക്കെ പണിതത്…” അല്പം ആക്കലോടെ അവൾ ചോദിച്ചു… “മിണ്ടാപ്രാണിയല്ലേടോ… എന്ന് കരുതി നമ്മൾ അതിനൊരു കുറവും വരുത്തത്…അടച്ചുറപ്പില്ലേ വല്ല പട്ടിയും രാത്രി വന്ന് കടിച്ചാലോ… ” പറഞ്ഞ് കൊണ്ട് ആടിനടുത്തേക്ക് പോകുന്നവനെ നോക്കി അവൾ അവിടെ ഇരുന്നു….കാത്തിരിക്കുക.. ❤

മൗനം : ഭാഗം 14

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!