ലിവിംഗ് ടുഗെതർ : ഭാഗം 25

ലിവിംഗ് ടുഗെതർ : ഭാഗം 25

എഴുത്തുകാരി: മാർത്ത മറിയം

റോയൽ ബ്ലൂ സ്ലീവെലെസ്സ് ഗൗണിൽ അതീവ സുന്ദരി ആയിരുന്നു ആമി. കേരളത്തിലെ തന്നെ മുന്തിയ ബ്യൂട്ടീഷമാർ മത്സരിച്ചൊരുക്കുകയായിരുന്നു അവളെ… കോടികൾ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ ധരിച്ചു ഒരു ഗ്രീക്ക് ദേവതയെ പോലെ അവൾ തിളങ്ങി നിന്നു. ആമിയുടെ അപ്പന്റെ സകല പ്രൗഢിയും അറിയിക്കും വിധം ആ പള്ളിയെ അലങ്കരിച്ചിരുന്നു. ഒരു കല്യാണത്തെ വെല്ലുന്ന രീതിയിൽ ആയിരുന്നു അവളുടെ മനസമ്മതം.. നാടടച്ചുള്ള ക്ഷണം ആയിരുന്നു. ജനങ്ങൾ പള്ളിയിലേക്കു ഒഴുകി എത്തി.. കണ്ടവർ കണ്ടവർ ഷൈനിന്റെ ഭാഗ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

അവളെ വെല്ലുന്ന സൗന്ദര്യത്തോടെ വിരിഞ്ഞ നെഞ്ചോടെ ഉയർന്ന ശിരസോടെ ഷൈൻ കാറിൽ നിന്നും ഇറങ്ങി. അമ്മച്ചിയും ചേട്ടനും ചേട്ടത്തിയും ഒക്കെ ഒരു അകമ്പടി പോലെ വന്ന അടുത്ത കാറുകളിൽ നിന്നും ഇറങ്ങി. പള്ളിയിലെ അകമ്പടി ഗാനത്തോടൊപ്പം ഷൈൻ പയ്യെ പയ്യെ അകത്തേക്കു കയറി.. ആണുങ്ങൾ അസൂയയോടെയും പെണ്ണുങ്ങൾ ആരാധനയോടെയും അവനെ നോക്കി കണ്ടു. അവൻ അൾത്താരയ്ക്കും മുൻപിൽ നിന്നും. ദൂപകാഴ്ചകൾക്കും കുന്തിരികപുകച്ചൂരുളുകളിടയിലൂടെയും ഒരു മാലാഖയെ പോലെ ആമി അവന്റെ വലതുഭാഗം അലങ്കരിച്ചു. മുഖം തിരിച്ചു അവൾക് ഒരു പുഞ്ചിരി കൊടുക്കാനും അവൻ മറന്നില്ല.

ആ ചിരിയിൽ ഒരുപാട് നിഗുഢതകൾ ഉള്ളതുപോലെ ആമിയ്ക് തോന്നി. ഒരിക്കലും ഷൈൻ മനസമതത്തിനു സമ്മതിക്കുമെന്നു ആമി വിചാരിച്ചിരുന്നില്ല…. “പണം ത്തിനു മുകളിൽ എന്ത് പ്രേമം എന്ത് കാമം…” അവൾ മനസ്സിലോർത്തു… പള്ളിയിൽ പ്രാർത്ഥന തുടങ്ങി…… മനസ് ചോദ്യത്തിന്റെ സമയം ആയി… ആമി ഒളികണ്ണാൽ ഷൈനിനെ വീക്ഷിച്ചു. എന്തോ തീരുമാനിച്ചുറപ്പിച്ച പോലുള്ള അവന്റെ നിൽപ് അവളിൽ ഒരു അങ്കലാപ് ഉണ്ടാക്കി… “ദൈവമേ എല്ലാം മംഗളം ആക്കി തിർക്കണേ ” അവൾ മൗനമായി പ്രാർത്ഥിച്ചു.

“അമേലിയ ചെറിയാൻ… “ഈ നിൽക്കുന്ന വലിയവീട്ടിൽ പരേതനായ ഫിലിപ്പിന്റെയും ട്രീസ്സയുടെ മകനായ ഷൈൻ ഫിലിപ്പിന്റെ നിന്റെ വരനായി സ്വികരിക്കുവാൻ സമ്മതമാണോ…? ” “ഹ്മ്മ് സമ്മതമാണ്.. ” നാണത്തോടെ തല താഴ്ത്തി അമേലിയ അത് പറയുമ്പോൾ മർത്തയുടെ കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീർ ആ പള്ളിയുടെ തറയിൽ വീണു. മനസമ്മതം നേരിട്ടു കാണണം എന്ന് പറഞ്ഞു വാശി പിടിച്ചു വന്നതാണവൾ. ഷൈനിന്റെ മനസമ്മതം കഴിഞ്ഞു പിറ്റേ ദിവസം മർത്തയും ഫാമിലിയും മുംബൈ യിലേക്ക് പോവുകയാണ്. കല്യാണം കാണാൻ പറ്റില്ലാലോ പറഞ്ഞു അബ്ബായെയും മമ്മയെയും അനിയത്തിമാരെയും കൊണ്ട് അവൾ പള്ളിയിൽ എത്തിയിരുന്നു.

മർത്തയുടെ അബ്ബയ്ക് തോന്നി അത് നല്ലതാണെന്നു. കാരണം ഷൈൻ വേറെ ഒരാളുടേതാവുന്നത് കണ്ടാൽ എങ്കിലും അവളുടെ മനസ്സിൽ അവനോട് എന്തെകിലും ഒരു ഇഷ്ടം ഉണ്ടെകിൽ അത് അങ്ങ് പോകുമലോ എന്ന് അവർ ചിന്തിച്ചു. ഡെലിവറി കഴിഞ്ഞാൽ ഉടൻ തന്നെ കുട്ടികൾ ഇല്ലാത്ത മൂന്നു ദമ്പതിമാർക് കുഞ്ഞുങ്ങളെ അഡോപ്ഷൻ കൊടുക്കാൻ ഉള്ള എല്ലാ ഫോര്മാലിറ്റീസ് ഒക്കെ അവർ ചെയ്തിരുന്നു… “ഷൈൻ ഫിലിപ്പ് ” ഈ നിൽക്കുന്ന തെക്കിനിയേടത് ചെറിയന്റെയും തെരേസ്സയുടെയും മകളായ അമേലിയ ചെറിയാനെ നിന്റെ വധുവായി സ്വികരിക്കുവാൻ സമ്മതമാണോ..?

കുറച്ചു നേരത്തേക്ക് അവിടെ ആകെ ഒരു മൗനം നിറഞ്ഞു. അമേലിയ അസ്വസ്‌ഥതയോടെ ഷൈനിന്റെ മുഖത്തേക്ക് നോക്കി. “ഷൈൻ ഫിലിപ്പ്.. ” വികാരി ഒന്നു കൂടെ അവനെ വിളിച്ചു. “എന്റെ സമ്മതം പറയുന്നത്തിനു മുൻപ് നാലു പേരുടെ സമ്മതം ചോദിക്കാൻ ഉണ്ട് അച്ചോ.. ” ഷൈൻ പറഞ്ഞതിന്റെ പൊരുൾ മാനസിലാവാതെ പള്ളിയിൽ ഉള്ളവർ പരസ്പരം നോക്കി. “ഷൈൻ… ഇവിടെ കിടന്നു വേഷം കെട്ടിയാൽ പിന്നെ അമ്മച്ചിടെ ശവം നീ തിന്നേണ്ടി വരും ” അമ്മച്ചി അവന്റെ ചെവിയോട്‌ ചേർന്നു നിന്നു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. ഷൈൻ അത് കേട്ടതായി പോലും ഗൗനിച്ചില്ല.

ഷൈൻ ഫിലിപ്പ് ഇത് നിങ്ങൾക് തമാശ കളിക്കാൻ ഉള്ള സ്ഥലം അല്ല.. എല്ലാവരുടെയും സമ്മതം വാങ്ങിയിട്ടാലേ താൻ ഈ മനസമ്മതത്തിനൊരുങ്ങിയത്… ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച് കളിക്കരുത്. അത് തന്നെയാണചോ എനിക്കും ഇവരോട് പറയാൻ ഉള്ളത് ഒരു പെണ്കുട്ടിയുടെ ജീവിതം വെച്ച് കളിക്കരുത് എന്ന്… ഷൈൻ ആമിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തു നിന്നും ചോര തൊട്ടെടുകാം എന്ന് തോന്നി അവനു. എന്താ സംഭവിക്കുന്നത് എന്ന് മനസിലാവാതെ ആമിയുടെ പപ്പയും അമ്മയും ഒക്കെ വിഷമിച്ചു… “ഒക്കെ ഷൈൻ ഫിലിപ്പ്.. സമ്മതം ചോദിച്ചിട്ട് വരു…”

പള്ളിലച്ചൻ അവനു അനുവാദം നൽകി. ഷൈൻ തിരിഞ്ഞു ആളുകളുടെ ഇടയിലൂടെ നടന്നു.. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ അന്തംവിട്ടു നിൽക്കുന്ന മർത്തയുടെ മുൻപിൽ ആണ് അവൻ വന്നു നിന്നത്. മർത്തയുടെ ഹൃദയം വേഗതയിൽ മിടിക്കാൻ തുടങ്ങി. ഒരു വേള ഹൃദയം പൊട്ടമെന്നു പോലും അവൾ ഭയന്നു… പള്ളിയിൽ നിന്നും ഇറങ്ങി ഓടണം എന്ന് അവൾ അതിയായി ആഗ്രഹിച്ചു…. പക്ഷെ ഒരടി പോലും ചലിക്കാൻ ആവാത്തവിധം അവൾ ദുര്ബലയായിരുന്നു. അന്നയും അബ്ബായും പരസ്പരം നോക്കി…. എന്താ നടക്കാൻ പോവുന്നതിനു അവർക്ക് ഊഹിക്കാൻ കഴിയുണ്‌ടായിരുന്നു.

മർത്തയെയും അവളുടെ വയറും കണ്ടിട്ട് ആളുകൾ പരസ്പരം കണ്ണുകൾ കൊണ്ട് കഥകൾ കൈമാറുന്നുണ്ടായിരുന്നു. ഷൈൻ മർത്തയുടെ കൈ പിടിച്ചുകൊണ്ടു മുൻപോട്ട് നടന്നു… അന്ന കരഞ്ഞുകൊണ്ട് അവരുടെ പിന്നാലെ നടന്നു. മാർത്ത കൈകുടഞ്ഞുകൊണ്ട് പ്രതിരോധം അറിയിക്കുന്നുണ്ടെകിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടു അൾത്താരയ്ക് മുൻപിൽ കൊണ്ട് വന്നു നിർത്തി. വികാരി മർത്തയുടെ മുഖത്തേക്കും വയറിലേക്കും മാറി മാറി നോക്കി… ഇത് എന്താ ഷൈൻ…? ചേട്ടൻ ഷൈനിന്റെ തോളിൽ അമർത്തി.

അച്ചോ ഇവളോടും ഇവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞുങ്ങളോടും സമ്മതം ചോദിക്… ഇവർ സമ്മതിച്ചാൽ ഈ നിമിഷം ഞാൻ അമേലിയ ചെറിയാനെ വിവാഹം ചെയ്തോളാം…. ഷൈനിന്റെ ശബ്ദം ആ പള്ളിയെ പ്രകമ്പനം കൊള്ളിച്ചു. ഒരു സൂചി വീണാൽ കേൾക്കുന്ന നിശബ്ദത ആ പള്ളിയെ മൂടി. ചുറ്റും അസഖ്യകണ്ണുകൾ തന്നെ അത്ഭുദത്തോടെ വീക്ഷിക്കുന്നത് മാർത്ത അറിയുണ്‌ടായിരുന്നു. ഒന്നു തലഉയർത്താൻ ആവാതെ മാർത്ത ഷൈനിന്റെ പിന്നിൽ മറഞ്ഞു നിന്നു. ആൾക്കൂട്ടത്തിൽ തുണി ഉരിഞ്ഞു പോയ അവസ്ഥായിൽ ആയിരുന്നു ആമി… എവിടെയെകിലും ഓടി ഒളിക്കാൻ അവൾ അതിയായി ആഗ്രഹിച്ചു.

ഷൈനിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചില്ല… ഇത്രയും ആളുകളുടെ മുൻപിൽ മാർത്തയെ കൊണ്ട് വരുമെന്നു അവൾ സ്വപനത്തിൽ പോലും വിചാരിച്ചില്ല. “എടാ നീ ഞങളുടെ കൊച്ചിനെ ചതിക്കും അല്ലേടാ നായെ…. ‘ ചെറിയാൻ ഷൈനിന്റെ കോളേരിൽ കുത്തി പിടിച്ചു. “ഞാൻ ആരെയും ചതിച്ചിട്ടില്ല…. എല്ലാം ആമി യ്ക്ക് അറിയാം.. എന്നോടും ഇവള്‌ടും ഉള്ള വാശി ആണ് ഇവൾ ഈ കാണിക്കുന്നത്… ” അവൻ മാർത്തയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു… “ആമിമോളെ…. ” തെരേസ അവളെ കെട്ടിപിടിച്ചു കരഞ്ഞു. ഒരേഒരു മകളുടെ വിധി അവർക്ക് താങ്ങാൻ ആയില്ല.

ശിൽപം പോലെ തറഞ്ഞു നിൽക്കാനേ അവൾക് കഴിഞ്ഞോളു. ഷൈൻ ഫിലിപ്പ്.. എന്താ ഇതൊക്കെ… നിങ്ങളുടെ കുടുംബപ്രശ്നം പരിഹരിക്കാൻ ഉള്ള ഇടാം ആണോ ഇത്.. ഈ ബന്ധത്തിനോട് താല്പര്യം ഇല്ലകിൽ അമ്മയോടും ജേഷ്ഠനോടും കുടുംബക്കാരോടും ഒക്കെ പറഞ്ഞു നേരത്തെ പരിഹരികേണ്ടതല്ലേ… ഇത്രയും എത്തിക്കേണ്ട കാര്യം ഉണ്ടായിരുന്നോ….? വികാരി സൗമ്യമായി ചോദിച്ചു. ഉണ്ട് അച്ചോ.. മനപൂർവ്വമാണ് ഞാൻ കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്. സത്യം എല്ലാവരും അറിയണം…… ഷൈൻ പറഞ്ഞു തുടങ്ങി.. നിർത്തു ഷൈൻ ഫിലിപ്പ്…. ഒരു നിമിഷം.. വികാരി അവനെ തടഞ്ഞു..

എന്നിട്ട് ഷൈനിന്റെയും മർത്തയുടെയും അമിയുടെയും വേണ്ടപ്പെട്ടവർ ഒഴികെ പള്ളിയിൽ കൂടി ഇരിക്കുന്ന എല്ലാവരോടും പുറത്തേക് പോകാൻ നിർദേശിച്ചു.. നല്ലൊരു പരദൂഷണം നഷ്ടമായ നാട്ടുകാർ പിറുപിറുത്തുകൊണ്ട് പള്ളി വിട്ടു പോയി. അവസാനം ആമിയും ചെറിയാനും തെരേസയും തെരേസയുടെ അനിയനും മർത്തയും അന്നയും ഐസക്കും കുട്ടികളും, ഷൈൻ ഉം അമ്മച്ചിയും ചേട്ടനും ഭാര്യയും പിള്ളേരും വികാരിയചാനും മാത്രം പള്ളിയിൽ അവശേഷിച്ചു. “അച്ചോ എന്റെ മോളെ കരയിച്ചു ഈ….. മോനെ ഞാൻ വെറുതെ വിടില്ല…. ”

ചെറിയാൻ നിന്നു കിതച്ചു. “ചെറിയാൻ ശാന്തനാവു…. എല്ലാത്തിനും പ്രതിവിധി ഉണ്ടാകാം…. ” വികാരി അയാളെ ആശ്വസിപ്പിച്ചു… “എങനെ ഞാൻ ശാന്തനവും അച്ചോ.. എന്റെ മോളുടെ മുഖത്തേക്ക് ഒന്നു നോകിയെ… ” ചെറിയാന്റെ നെഞ്ചു പൊട്ടി. ആമിയ്ക് ആദ്യമായി തന്റെ പ്രവർത്തിയിൽ കുറ്റബോധം തോന്നി. ഷൈനിന്റെ അമ്മച്ചിക്ക് ഒന്നും പറയാൻ ആവാത്ത അവസ്ഥായായിരുന്നു. അവർ ഇടയ്കിടയ്ക് മാർത്തയെ നോക്കി പല്ല് ഞെരിച്ചു. പക്ഷെ ഇതൊന്നും അവൾ അറിയുണ്‌ടായിരുന്നില്ലേ… അന്ന അവളെ ചേർത്തുപിടിച്ചുകൊണ്ട് കണ്ണുനീർ ഒഴുക്കി.

ഐസക് തന്റെ 2 മക്കളെയും ചേർത്തുപിടിച്ചുകൊണ്ട് ക്രൂശിതരൂപത്തിൽ നോക്കി മൗനമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. “ഷൈൻ എന്താണ് പ്രശ്നം…? ” വികാരി എല്ലാവരോടും ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു കൊണ്ട് ചോദിച്ചു. എന്റെ കുഞ്ഞുങ്ങൾ ആണ് അവളുടെ വയറ്റിൽ വളരുന്നത്… ഞാൻ ഇവളെ ജീവനുതുല്യം സ്നേഹിക്കുന്നുമുണ്ട്. … എനിക്ക് ഒരിക്കലും ഇവളെ പിരിയാൻ ആകില്ല. ഇതെല്ലാം ആമിയ്ക് അറിയാം. എന്നോടുള്ള വാശിക്ക് ആണ് അവൾ ഇതൊക്കെ ഇവിടെ വരെ കൊണ്ട് എത്തിച്ചത്. ഷൈനിന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി. “എടാ ദുഷ്ട എന്നാലും ഞങ്ങളോട് ഇത് വെണ്ടാർന്നു… ” ഷൈനിന്റെ അമ്മച്ചി നെഞ്ചത്തിടിച്ചു കരയാൻ തുടങ്ങി.. “ഒന്നു നിർത്താൻ നോക് അമ്മച്ചി…

അമ്മയോട് ഞാൻ എന്ത് ചെയ്തുന്ന… എന്നാകിലും അമ്മച്ചി എന്റെ കാര്യം ആലോചിച്ചിട്ടുണ്ടോ… ഇപ്പോളും ആമിയുടെ അപ്പന്റെ പണം കണ്ടിട്ടാലേ ഇതിനു സമ്മതിച്ചത്….. അല്ലാതെ എന്റെ നന്മയ്ക്കു വേണ്ടീട്ടാണോ..? ” ഷൈൻ ദേഷ്യം കൊണ്ട് വിറച്ചു.. നാവിറങ്ങിയത് പോലെ നിന്നു പോയി അമ്മച്ചി. ഷൈൻ ഇങ്ങനെ ഒക്കെ സംസാരിക്കുമെന്നും അവർ വിചാരിച്ചില്ല. “ഷൈൻ നീ ആരോടാ കയർകുന്നത് എന്ന് അറിയാമോ നിനക്ക്…? ” ചേട്ടൻ അമ്മയുടെ പക്ഷം പിടിച്ചു. “എല്ലാവരെയും എനിക്ക് നല്ലത് പോലെ അറിയാം ചേട്ടാ…. എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ല എന്ന് അമ്മയോട് ഞാൻ പറഞ്ഞിരുന്നതാണ്.. എന്നിട്ടും എന്നോട് ആലോചിക്കാതെ മനസമ്മതം തീരുമാനിച്ചത് എന്തിനാണ്…

മകന്റെ താല്പര്യത്തേക്കാൾ വലുതാണോ പണം…? ” അമ്മ വിചാരിക്കുന്നുടോ ഇവളെ കെട്ടിയാൽ ഞാൻ സന്തോഷത്തോടെ ജീവിക്കുമെന്നും….. ” ഷൈൻ ആമിയെ ചൂണ്ടി കൊണ്ട് ചോദിച്ചു. “ആമിമോളെ ഇതൊക്കെ സത്യം ആണോ..? ആ കൊച്ചിന്റെ കാര്യം നിനക്ക് അറിയാമായിരുന്നോ…? ” ചെറിയാന്റെ സ്വരം ഇടറി. “പപ്പാ.. അത് എനിക്ക്….. ” ആമി വാക്കുകൾക്ക് വേണ്ടി പരതി. തനിക്കു ഇതൊക്കെ അറിയാം എന്ന് പറഞ്ഞാൽ തന്റെ പപ്പാ എല്ലാവരുടെയും മുൻപിൽ നാണം കെടുമെന്നു പാപ്പയ്ക് ഇതൊന്നും താങ്ങാൻ ആവില്ല എന്നു ആമിയ്ക് അറിയാമായിരുന്നു. “അവൾ ഒന്നും പറയില്ല അങ്കിൾ… പറഞ്ഞാൽ എല്ലാവരും നാണകെടുമെന്നുള്ള ബോധം അവൾക്കുണ്ട്. ”

ഷൈൻ പുച്ഛത്തോടെ അവളെ നോക്കി. “ഇവളെ ഞാൻ സ്നേഹിച്ചിരുന്നു. ഏഴു വർഷങ്ങൾക് മുൻപ് അതൊക്കെ അന്നേ അവസാനിച്ചതായിരുന്നു… പിന്നെയും അത് പുതുക്കാൻ വന്നപ്പോൾ ഇവൾ അറിഞ്ഞിരുന്നതാണ് എല്ലാം. എന്നിട്ടും മർത്തയുടെ ജീവിതം നശിപ്പിക്കണം എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഇവൾ എന്നെ കല്യാണം കഴിക്കണം എന്ന് വാശിപിടിക്കുന്നത്.. അല്ലകിൽ ഈ ക്രൂശിത രൂപം സാക്ഷ്യമാക്കി ഇവൾ പറയട്ടെ ഇവൾ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുടെന്നു…. ” ഷൈൻ ആമിയുടെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടം നേരിടാനാവാതെ അവൾ തല കുനിച്ചു.

“മോളെ പപ്പയോടു ഇത് വേണ്ടായിരുനടി മോളെ.. നിന്റെ ഒരു ആഗ്രഹത്തിനും പപ്പാ എതിര് നിന്നിട്ടിലോടി മോളെ.. ഇവനെ കെട്ടണം എന്ന് നീ പറഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ അവന്റെ അമ്മ പറഞ്ഞ മൊതല്…. എന്റെ ഈ ജീവിതകാലം മുഴുവൻ ഞാൻ ചോരനീരാക്കിയ മൊതല് മുഴുവൻ നിനക്ക് വേണ്ടി ഞാൻ മാറ്റിവെച്ചില്ലെടി… എന്നിട്ടും നിനക്ക് എങനെ തോന്നീടി പപ്പയോടെ എങനെ ചെയ്യാൻ… പപ്പയെ ഇങ്ങനെ നാണം കെടുത്താൻ… ഒരു വയറ്റുകണ്ണിയെ ഇങ്ങനെ സങ്കടപെടുത്താൻ.. ” ചെറിയാൻ പതം പറഞ്ഞു കരഞ്ഞു നിലത്തേക്കിരുന്നു.. അത്രമേൽ അയാൾ തകർന്നു പോയി.

ഇതെല്ലാം കണ്ട് കണ്ണുനീർ പൊഴിക്കനെ മർത്തയ്ക്കും അന്നയ്ക്കും കഴിഞ്ഞൊള്ളു. “എന്റെ മോനെ വശീകരിച്ചു വയറ്റിലുണ്ടാക്കിട്ടു ഒന്നും അറിയാത്ത പോലെ ഇരുന്നു മോങ്ങുന്നത് കണ്ടില്ലേ പിഴച്ചത്… ” ട്രീസ്സ മാർത്തയെ നോക്കി പ്രാകി. “Mind your words. ” അത്രയും നേരം മൗനിയായിരുന്ന ഐസക് തന്റെ മോളെ അനാവശ്യം പറഞ്ഞപ്പോൾ മൗനം വെടിഞ്ഞു. “അയാളുടെ ഒരു ഇംഗ്ലീഷ്.. മക്കളെ ആദ്യം മര്യാദയ്ക്കു വളർത്തഡോ എന്നിട്ട് മതി ഞങ്ങളെ ഇംഗ്ലീഷ് പേടിപ്പിക്കുന്നത്.. ” ട്രീസ്സ ചിറി കൊട്ടി. “എന്റെ മോൾ ഒറ്റയ്ക്കു പിഴച്ചത് അല്ല. നിങ്ങളുടെ മോൻ പിഴപ്പിച്ചതല്ലേ..

അത് അവൻ സമ്മതിക്കുന്നുമുണ്ടാലോ.. നിങ്ങൾ ആദ്യം നിങ്ങളുടെ മോനെ മര്യാദ പഠിപ്പിക്കാൻ നോക്ക്.. ” അന്നയും വിട്ടു കൊടുത്തില്ല. ആണുങ്ങൾ ആയാൽ ചളി കണ്ടാൽ ചവുട്ടും വെള്ളം കണ്ടാൽ കഴുകും… അല്ലാതെ വയറും വീർപ്പിച്ചു നടക്കൂല. മോളുടെ കൊച്ചിന് തന്തയെ അനേഷിച്ചു വന്നിരിക്കുന്നു. കള്ളം കൂട്ടങ്ങൾ.. കല്യാണത്തിന് മുൻപ് വയറു വീർപ്പിച്ച ഇവളെ ഒക്കെ പിഴകൾ എന്നല്ലാതെ പുണ്യാളത്തി എന്ന് വിളിക്കോ…. ഇതൊക്കെ എന്റെ മോന്റെ തലയിൽ വെയ്കാമാണെന്നു സ്വപനത്തിൽ പോലും വിചാരിക്കണ്ട… നടക്കില്ല.. ട്രീസ്സ തീർത്തു പറഞ്ഞു. ഐസക്കും അന്നയും പിന്നെയും മൗനം പാലിച്ചു.

തന്റെ മകൾ ചെയ്ത തെറ്റിന് ഇതൊക്കെ കേൾക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നു അവർക്ക് തോന്നി. മാർത്തയ്ക്ക് ചെവി കൊട്ടിയടഞ്ഞത് പോലെ തോന്നി.. അവൾ ആശ്രയത്തിനെന്നാവണം അന്നയെ ചുറ്റിപിടിച്ചു. അമ്മ നിർത്തുന്നുടോ…? അമ്മയ്ക്ക് ഇതൊക്കെ പറയാൻ എന്ത് അവകാശം ഉണ്ട്.. അമ്മയുടെ മോനിൽ നിന്നാണ് അവൾ ഗർഭം ധരിച്ചത്… അപ്പോൾ ഞാനും പിഴച്ചതായില്ലേ.. കല്യാണം കഴിക്കാതെ ഗർഭം ധരിച്ചവർ ഒക്കെ പിഴതാണെന്നു അമ്മയ്ക്ക് എങനെ പറയാൻ ആവും.. അമ്മ മൂന്ന് നേരവും മുട്ടിപ്പായി പ്രാർത്ഥിക്കുന്ന മാതാവ് എങനെ ഗർഭം ധരിച്ചാണെന്നു… അത് അമ്മയ്ക്ക് അറിയോ….?

ഇപ്പോൾ പറഞ്ഞത് പറഞ്ഞു ഇനി മേലിൽ ഈ നാവിൽ നിന്നും ഇവളെ പറ്റി വേണ്ടാത്തത് പറഞ്ഞാൽ ഞാൻ ക്ഷമിച്ചെന്നു വരില്ല.. ഷൈൻ കിതച്ചുകൊണ്ട് പറഞ്ഞു. “അല്ല കുറെ നേരം ആയാലോ നീ പ്രാസംഗിക്കാൻ തുടങ്ങിട്ട്…. സത്യം ആണ് എല്ലാം എനിക്ക് അറിയാമായിരുന്നു. പക്ഷെ ഞാൻ ആരെയും പറ്റിക്കുകയോ ആരുടെ ഒന്നും തട്ടിപ്പറിക്കുകയോ ചെയ്തില്ല….ഞാൻ മർത്തയോട് ചോദിച്ചിട്ട് തന്നെയാണ് ഈ ബന്ധം മുൻപോട്ട് കൊണ്ട് പോയത്… അവൾക് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് നീ തന്നെ ചോദിക്.. ഇത്രയും പേരുടെ മുൻപിൽ വെച്ച് ഇവൾ നിന്റെ ഭാര്യാപദം അലങ്കരിക്കാൻ താല്പര്യം ആണെന്നു പറയുകയാണെകിൽ ഈ നിമിഷം എല്ലാം അവസാനിപ്പിച്ചു ആമി മടങ്ങും.

ഒരിക്കലും ഷൈൻൻറെ ജീവിതത്തിൽ കല്ലുകടി ആയി ഞാൻ വരില്ല. പക്ഷെ മറിച്ചാണെകിൽ ഇന്ന് മനസമ്മതം അല്ല കെട്ടുകല്യാണം ആണ് നമ്മുടെ….. ഇതിൽ ഒരു മാറ്റവും ഉണ്ടാവില്ല ഷൈൻ… ഉന്മാദിനിയെ പോലെ ആമി അത് പറയുബോൾ എല്ലാവരുടെയും മുഖത്തെ രക്തപ്രസാദം മാഞ്ഞിരുന്നു. മർത്തയുടെ തീരുമാനങ്ങൾക് മാറ്റം ഉണ്ടാവണേ എന്നവൻ നെഞ്ചുരുകി പ്രാർത്ഥിച്ചു.. ഒരിക്കലും മാർത്തയെ വിട്ടുകളയാനോ ആമിയെ സ്വന്തമാകാനോ അവൻ ആഗ്രഹിച്ചിരുന്നില്ല. തന്റെ നേർക് നീളുന്ന പന്ത്രണ്ടു ജോഡി കണ്ണുകളെ മാർത്ത കണ്ടു. തന്റെ കനിവിനായി കേഴുന്ന രണ്ടു കണ്ണുകൾ മാത്രം അവളുടെ നെഞ്ചിൽ തറച്ചു…തുടരും..

ലിവിംഗ് ടുഗെതർ : ഭാഗം 24

Share this story