മഴയേ : ഭാഗം 34

Share with your friends

എഴുത്തുകാരി: ശക്തി കല ജി

വാതിൽ തട്ടി നോക്കുന്നുണ്ട്… തുറക്കാൻ ശ്രമിക്കുന്നുണ്ട് .. ഗൗതമേട്ടൻ എന്തൊക്കെയോ മന്ത്രങ്ങൾ ഒക്കെ ജപിച്ച് നോക്കിയിട്ടും ആ മുറിയുടെ വാതിൽ തുറക്കാൻ ആയില്ല . മുത്തശ്ശൻ അപ്പോഴേക്കും വന്നു അപ്പോൾ എല്ലാവരും വഴിമാറിക്കൊടുത്തു മുത്തശ്ശൻ കണ്ണടച്ചു കുറച്ചുനേരം നിന്നിട്ട് വാതിൽ തൊട്ടു… വാതിൽ തുറന്നു വന്നു…അവിടെ കണ്ട കാഴ്ച എല്ലാവരെയും ഒരുപോലെ ഭയപ്പെടുത്തി . വിഷ്ണു തറയിൽ ബോധമില്ലാതെ കിടക്കുന്നു … ഞങ്ങൾ വേഗം ഓടി അകത്തു കയറി … മുറിയിൽ എല്ലായിടത്തും നോക്കി.. കിരണിനെ മാത്രം കണ്ടില്ല …….. “യ്യോ കിരൺ എവിടെ പോയി… വിഷ്ണു മോനെ.. ഞാനപ്പോഴേ പറഞ്ഞതാണ് പൂജയും മന്ത്രങ്ങളും ഒന്നും വേണ്ടാന്ന്… ആ രുദ്രൻ വെറുതെയിരിക്കില്ല…

അവൻ ഓരോരുത്തരേയായി ഇല്ലാതാക്കും….. ” എന്ന് പറഞ്ഞ് രാഗിണിയമ്മ കരയാൻ തുടങ്ങിയിരുന്നു… എല്ലാവരിലും ഭയം നിറഞ്ഞു….. രാഗിണിയമ്മ എന്നെ മുറുകെ പിടിച്ചു… “വാ… വേഗം നിലവറയിലേക്ക് പോവാം, ‘രാഗിണിയമ്മ പേടിയോടെ പറഞ്ഞു… “കിരണിന് എന്തുപറ്റി എന്നറിയാതെ ഞാൻ എങ്ങനെയാണ് വരിക” എന്ന് പരിഭ്രമത്തോടെ ഞാൻ പറഞ്ഞതും ഗൗതമേട്ടൻ എന്നെ രൂക്ഷമായി നോക്കി… ആ മിഴികളിൽ എന്നോടുള്ള ദേഷ്യം ഭാവം തെളിഞ്ഞുനിന്നു… എന്തുകൊണ്ടാണ് തന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാൻ കാരണമാണോ കിരൺ കാണാതായത് .. മിഴികളിലെ ദേഷ്യ ഭാവത്തിൻ്റെ അർത്ഥം എന്താണ് . ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നെങ്കിലും മൗനം പാലിച്ച് മിണ്ടാതെ നിന്നു…

ഈ അവസരത്തിൽ ചോദിക്കാൻ കഴിയില്ല എന്നറിയാം … അച്ഛനും അമ്മയും മുത്തശ്ശിയും എല്ലാവരും നോക്കി നിൽക്കേ അങ്ങനെ ചോദിക്കാൻ പറ്റില്ലല്ലോ .. തനിച്ച് കിട്ടുമ്പോൾ ചോദിക്കാം എന്ന് കരുതി ഞാൻ വേറെ ഭാഗത്തേക്ക് നോക്കിനിന്നു.. ഹരിനാരായണനദേഹം വിഷ്ണുവിനെ താങ്ങിയെടുത്ത് കിടക്കയിൽ കിടത്തിയിരുന്നു.. രാഗിണിയമ്മ എന്നെ അവിടെ നിർത്തിയിട്ട് വേഗം അടുക്കളയിലോട്ടു പോയി വെള്ളം എടുത്തു കൊണ്ട് വന്നു .. ഗൗതമേട്ടൻ അമ്മയുടെ കയ്യിൽ നിന്നും വെള്ളം മേടിച്ച് വിഷ്ണുവിൻ്റെ മുഖത്ത് തളിച്ചിട്ടും വിഷ്ണുവിന് ബോധം തെളിഞ്ഞില്ല… “വേഗം വിഷ്ണുവിന് ആശുപത്രിയിലേക്ക് കൊണ്ടു പോകണം ”ഗൗതം പരിഭ്രമത്തോടെ പറഞ്ഞു “കുറച്ചുദിവസം അല്ലേ ഉള്ളൂ കാത്തിരിക്കാം; എന്ന് ഹരിനാരായണദ്ദേഹം പറഞ്ഞിട്ടും ഗൗതമേട്ടൻ കേട്ടില്ല…

വിഷ്ണുവിനെ തോളിൽ കിടത്തി എടുത്തോണ്ട് പോയി .. കാറിൽ കയറ്റി ഗൗതമേട്ടൻ കൂടെ കയറാൻ ശ്രമിച്ചെങ്കിലും ഹരിനാരായണനദേഹം സമ്മതിച്ചില്ല “ഗൗതം ഇവിടെ നിന്നാൽ മതി ഞങ്ങൾ പോയിട്ട് വരാം .. ആശുപത്രിയിലേക്കല്ല.. കാർത്തികദീപം തറവാട്ടിലേക്ക്… ഇവിടെ നീ വേണം ഉത്തരയേ ശ്രദ്ധിച്ചു കൊള്ളണം” ഞങ്ങൾ പോയിട്ട് വേഗം വരാം ” എന്ന് പറഞ്ഞ് മുത്തശ്ശനും ഹരിനാരായണൻ അദ്ദേഹവും വണ്ടിയിൽ കയറി ….വണ്ടി പോകുന്നത് നോക്കി നിന്നു മുത്തശ്ശിയുടെ മുഖത്ത് വിഷമം നിറഞ്ഞിരുന്നു…. രാഗിണിയമ്മ കരച്ചിലോട് കരച്ചിൽ.. മാധവും ഗൗതമും അവരെ ആശ്വസിപ്പിച്ചു കൊണ്ട് ഹാളിൽ തന്നെയിരുന്നു…. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നു…

മുത്തശ്ശി എൻ്റെയടുത്തേക്ക് വന്നു… ഒന്നു മിണ്ടാതെ എൻ്റെ കൈ പിടിച്ചു മുഖത്തോട് ചേർത്തു പിടിച്ചു… ” നിൻ്റെ അച്ഛൻ്റെ കണ്ണിൻ്റെയും വേദനയുടെയും ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്… മോളുടെ മനസ്സിൻ്റെ പക കളഞ്ഞാലേ ഈ കുടുംബം രക്ഷപ്പെടു…. നീ തെറ്റുകൾ ക്ഷമിച്ചാലേ കുഞ്ഞു ദേവിയും ഈ തറവാട്ടിലുള്ളവരോട് ക്ഷമിക്കു…… ” കിരണിന് ഒന്നും സംഭവിക്കാൻ പാടില്ല… അതിന് നിൻ്റെ പ്രാർത്ഥന വേണം… വേഗം നിലവറയിലേക്ക് പോകു… ” മുത്തശ്ശി ഇടറിയ ശബ്ദത്തോടെ പറഞ്ഞു… മുത്തശ്ശിയുടെ അപേക്ഷ നിറഞ്ഞ വാക്കുകൾ കേട്ട് മൗനമായി നിൽക്കാനെ കഴിഞ്ഞുള്ളു…..

ആ മിഴിനീർ കണങ്ങൾ എന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു… മുത്തശ്ശിയെ രാഗിണിയമ്മ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി…. ഞാനുo നിലവറയിലേക്ക് പോകാൻ ഒരുങ്ങിപ്പോൾ ഗൗതമേട്ടൻ എൻ്റെ മുൻപിൽ കയറി നിന്നു…. “ഉത്തര വ്രതം തുടങ്ങിയ ദിവസം തന്നെ കിരണിന് ഭസ്മം തൊട്ട് കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു…. ഉത്തരയുടെ അമ്മയേയും മുത്തശ്ശനേയും സംരക്ഷിച്ചത് കൊണ്ട് തിരിച്ചും അതുപോലെ കിരണിനേയും സംരക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്നു…. അന്നേരം തനിക്ക് വാശിയായിരുന്നല്ലോ…. “മാധവേട്ടനാണ് പറഞ്ഞത്… ഞാൻ തിരിഞ്ഞ് മാധവേട്ടനെ നോക്കി.. ” ശരിയാണ് മാധവേട്ടാ… ഞാൻ പറഞ്ഞതാണ് ഉത്തരയോട്….

അപ്പോൾ ഉത്തര പറഞ്ഞത് തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം എന്നായിരുന്നു… “… ഗൗതമേട്ടൻ്റെ വാക്കുകളിൽ എന്നോടുള്ള നീരസം വ്യക്തമായിരുന്നു… ” അപ്പോൾ നിങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണോ ഞങ്ങളെ ഇവിടേക്ക് വരുത്തിയത് “എൻ്റെ ശബ്ദത്തിൽ പതർച്ച വരാതിരിക്കാൻ ശ്രദ്ധിച്ചുവെങ്കിലും ഇടറിപ്പോയി… “അതെ… അതാണ് സത്യം… ഇനിയെങ്കിലും അതറിഞ്ഞ് പെരുമാറണം… നിൻ്റെ അച്ഛൻ ഇവിടെ നിന്ന് പോയതിൽ പിന്നെ ഈക്കണ്ട സ്വത്തുവകകൾ എല്ലാം നാശം വരാതെ നോക്കിയത് ഞങ്ങളാണ്… അത് പെട്ടെന്നൊരു ദിവസം നിനക്ക് എല്ലാം തരുമെന്ന് നീ കരുതരുതല്ലോ… അതുകൊണ്ടാണ് ഇപ്പോൾ ഞാൻ പറയുന്നത്…. ഈ വിവരം നിന്നോടും ഉണ്ണിയോടും പറയാൻ ആർക്കും ധൈര്യമില്ല…..

വ്രതം തീരുന്നത് വരെ ഇവിടെ നിന്നേ പറ്റു… ഉടനെ തിരിച്ച് പോകാൻ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ അത് മാറ്റി വച്ചേക്ക്… നിൻ്റെ അമ്മയും മുത്തശ്ശനും ആശുപത്രിയിലാണ് എന്നറിയാല്ലോ… എവിടെ പോയി ഒളിച്ചാലും കണ്ടു പിടിക്കും.. പിന്നെ ഇവിടെ സംസാരിച്ചതൊക്കെ മുത്തശ്ശൻ്റെ ചെവിയിൽ എത്താൻ പാടില്ല…”മാധവേട്ടൻ്റെ വാക്കുകളിൽ ഭീഷണി നിറഞ്ഞിരുന്നു… എൻ്റെ മിഴികൾ ഗൗതമേട്ടൻ്റെ മിഴികളിൽ കൊരുത്തതും ഒന്നും പറയാതെ മുഖം തിരിച്ച് പോകുന്നത് കണ്ട് നിൽക്കാനേ കഴിഞ്ഞുള്ളു… അല്ലെങ്കിൽ തന്നെ ചോദ്യങ്ങളും പറച്ചിലിൻ്റെയും ഒന്നും ആവശ്യമില്ല…. നേരത്തെ മനസ്സിൽ തീരുമാനിച്ചതും ആണ്… ഉറപ്പായും തിരികെ പോകണം എന്ന്…. ഞാൻ മാധവേട്ടനെ നോക്കി… ”

ഏട്ടൻ കരുതുന്നത് പോലെ ഇവിടെ സ്ഥിരമായി താമസിക്കാൻ വന്നതല്ല… എൻ്റെ അച്ഛൻ ചെയ്ത തെറ്റ് എനിക്ക് തിരുത്തണം… അത്രേ എൻ്റെ മനസ്സിലുള്ളു…. അത് കഴിഞ്ഞാൽ ഞാൻ തിരിച്ച് പോകും…. ഞങ്ങൾ ഒരിക്കലും ഒരു ശല്യത്തിനും വന്നിട്ടില്ലാരുന്നല്ലോ… എന്നിട്ടും എൻ്റെ അച്ഛനെ നിങ്ങൾ എല്ലാരും കൂടി ഇല്ലാതാക്കിയില്ലെ…. എന്തിന് “എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല… “അതൊന്നും എനിക്കറിയില്ല… അങ്ങനെയൊരു അബദ്ധം തറവാട്ടിലുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് തീർച്ചയായും പരിഹാരവും ചെയ്തിരിക്കും…. നിൻ്റെ വിവാഹത്തിനുള്ളതും ഉണ്ണിയുടെ ഭാവി സുരക്ഷിതമാക്കാനുള്ളതും ഞാൻ തന്നിരിക്കും “മാധവേട്ടനത് മുഖത്ത് നോക്കാതെയാണ് പറഞ്ഞത്….

“എൻ്റെ അച്ഛൻ്റെ ജീവൻ്റെ വിലയാണോ… എനിക്കത് വേണ്ട…. ഇത് വരെ ഞാൻ എങ്ങനെ ജീവിച്ചോ അങ്ങനെ തന്നെ ഞാൻ മുൻപോട്ടും ജീവിക്കും” മറുപടിക്ക് കാക്കാതെ ഞാൻ പുറത്തേക്കിറങ്ങി… താമരപ്പൊയ്കയുടെ പടവുകൾ ഓടിയിറങ്ങി കാൽപാദങ്ങൾ ജലത്തിൽ ഇറക്കി വയ്ക്കുമ്പോൾ മിഴികളും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു….. ജലത്തിലെ തണുപ്പിന് മനസ്സിനെ തണുപ്പിക്കാനാവില്ല… ഇനി ആരെയും വിശ്വസിക്കാൻ പാടില്ല… മനസ്സിൽ എന്ത് തോന്നുന്നോ അത് മാത്രം ചെയ്താൽ മതി…. കാറ്റു വീശി തുടങ്ങി… കാറ്റിൽ ഇലകളും പൂക്കളും പറന്നു വീണു… മഴത്തുള്ളികൾ ദേഹത്തേക്ക് പതിച്ചു തുടങ്ങിയിട്ടും അവിടെ തന്നെയിരുന്നു…. ശക്തമായി പെയ്യുന്ന മഴയിൽ ഇരുട്ട് വീണിട്ടും എഴുന്നേൽക്കാൻ തോന്നിയില്ല…

ആരോടോ വാശി തീർക്കാനെന്നപ്പോൾ താമരപ്പൊയ്കയിലേക്ക് നോക്കിയിരുന്നു….. ഇരുട്ടിൽ വെള്ളി നിറത്തിലുള്ള നാഗം പ്രത്യക്ഷപ്പെട്ടു… അവൾക്ക് മീതെ ഒരു കുടപ്പോൾ പത്തി വിടർത്തി നിന്നു…. ചുറ്റും ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ഒരു തുള്ളി വെള്ളം പോലും തൻ്റെ ദേഹത്തേക്ക് പതിക്കുന്നില്ലല്ലോ… തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആകാശംമുട്ടെ പൊക്കമുള്ള വെള്ളി നാഗത്തെ കണ്ട് അവളുടെ മിഴികളിൽ അത്ഭുതം വിടർന്നു… അങ്ങനെ നോക്കിയിരുന്ന് എപ്പോഴോ മയങ്ങി പോയതു മറിഞ്ഞില്ല… കുഞ്ഞു ദേവി പ്രത്യക്ഷപ്പെട്ടു.. അവളെ കൈയ്യിൽ കോരിയെടുത്തു നിലവറയിൽ എത്തിച്ചു..

ഗൗതം നിലവറയിലേക്ക് വന്നതുമില്ല.. പുലർച്ചെ അവൾ ഉണരും വരെ കുഞ്ഞു ദേവി അവൾക്ക് കാവലിരുന്നു…. പുലർച്ചെ ഉണർന്ന് എഴുന്നേറ്റ് നോക്കുമ്പോൾ താമര പൂവിതളുകൾ ചുറ്റും ചിതറി കിടന്നിരുന്നു… അപ്പോൾ കണ്ട സ്വപ്നം സത്യമാണ്… കുഞ്ഞു ദേവിയാണ് നിലവറയിൽ എത്തിച്ചത്… മനസ്സ് അൽപ്പം ശാന്തമായി…. കുളിച്ച് വസ്ത്രം മാറി നിലവറയിലെ വിളക്കിന് മുൻപിൽ ചെന്നപ്പോൾ ഗൗതമേട്ടനും മാധവേട്ടനും എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു….. ഗൗതമേട്ടൻ്റെ മുഖത്തേക്ക് നോക്കില്ല എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചത് കൊണ്ട് ആ ഭാഗത്തേക്ക് നോക്കിയതേയില്ല…. എന്തൊക്കെയോ എന്നോട് ഇങ്ങോട്ട് ചോദിച്ചെങ്കിലും മറുപടി ചെറിയമുളലിൽ ഒതുക്കി….

വല്യ സംസാരത്തിന് പോയില്ല…. കാവിൽ മാധവേട്ടനാണ് വിളക്ക് തെളിയിച്ചതും പൂജ ചെയ്തതും…. രാവിലെ വിഷ്ണുവിനെ കാർത്തികദീപം തറവാട്ടിൽ ചെന്നപ്പോൾ കണ്ടു… വിഷ്ണുവിന് ബോധം തിരിച്ച് കിട്ടിയെങ്കിലും ഒന്നും സംസാരിക്കുന്നുല്ല… എന്തോ കണ്ട് ഭയന്നത് പോലെയുള്ള പെരുമാറ്റം…. ഉറക്കെ കരയുകയും ഇടയ്ക്ക് ചിരിക്കുകയും ചെയ്യുന്നുണ്ട്… വിഷ്ണുവിനെ അങ്ങനെ കണ്ടപ്പോൾ വിഷമം തോന്നി….. നിലവറയിലെ വിളക്കിന് മുൻപിൽ നിന്നും ഭസ്മം എടുത്തു കണ്ണടച്ചു കുഞ്ഞു ദേവിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വിഷ്ണുവിൻ്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.. അവൻ മയങ്ങി വീണപ്പോൾ ഗൗതമേട്ടൻ എൻ്റെ കൈയ്യിൽ തീർത്ഥം കൊണ്ട് തന്നു…. ഞാൻ കൈയ്യിൽ വാങ്ങി വിഷ്ണു മേലെ കുറഞ്ഞു…

വിഷ്ണു ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ കണ്ണു തുറന്നു… ” കിരൺ എവിടെ…. അവൻ അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്നത് കണ്ടു ” ഞാൻ പിടിക്കാൻ ശ്രമിച്ചപ്പോൾ താഴേക്ക് വീണുപോയി… ” വിഷ്ണു പരിഭ്രമത്തോടെ പറഞ്ഞു… ” ശരിയാണ് കിരണിനെ കാണുന്നില്ല” ഗൗതമേട്ടൻ പറഞ്ഞു … വല്യച്ഛൻ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ബഹളം വയ്ക്കുകയാണ്… എന്നെയാണ് കുറ്റപ്പെടുത്തി സംസാരിക്കുന്നത് എന്ന് മനസ്സിലായപ്പോൾ ഞാൻ പുറത്തേക്കിറങ്ങി കാറിൽ പുറകിലത്തെ സീറ്റിൽ കയറിയിരുന്നു…. കുറച്ച് നേരം കഴിഞ്ഞ് ഗൗതമേട്ടൻ വിഷ്ണുവിനെ താങ്ങി പിടിച്ചു കൊണ്ട് വന്നു.. മുൻപിലത്തെ സീറ്റിൽ ഇരുത്തിയിട്ട് ഗൗതമേട്ടൻ എൻ്റൊപ്പം പുറകിൽ കയറിയിരുന്നു…

മാധവേട്ടൻ വണ്ടി മുൻപോട്ടെടുത്തതും ഞാൻ പുറം കാഴ്ചകൾ നോക്കിയിരുന്നു… മിഴികളെ സ്വതന്ത്രമാക്കി… പിന്നോട്ടോടുന്ന കാഴ്ചകൾ നോക്കിയിരിക്കുമ്പോൾ മനസ്സ് മുൻപോട്ട് കുതിക്കാൻ കൊതിച്ചു കൊണ്ടിരുന്നു.. : തറവാട്ടിൽ എത്തിയപ്പോൾ മുത്തശ്ശിയും രാഗിണിയമ്മയും മുറ്റത്ത് തന്നെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….. ഗൗതമേട്ടൻ ആദ്യം ഇറങ്ങി വിഷ്ണുവിനെ വീൽചെയറിൽ ഇരുത്തി… “മോന് കുഴപ്പമൊന്നുമില്ലല്ലോ ” രാഗിണിയമ്മ പരിഭ്രമത്തോടെ വിഷ്ണുൻ്റെ നെറ്റിയിലും കവിളിലും തൊട്ടു.. “ഉത്തര വരേണ്ടി വന്നു അവൻ പഴയത് പോലെയാകാൻ ” എന്ന് മാത്രം പറഞ്ഞു കൊണ്ട് ഗൗതമേട്ടൻ വിഷ്ണുവിനെ അകത്തേക്ക് കൊണ്ടുപോയി… മാധവേട്ടൻ എന്നെ നോക്കി…

“ഇതു പോലെ കിരണിനോടു കരുണ കാണിച്ചിരുന്നേ അവൻ ഇപ്പോൾ ചേച്ചി എന്ന് വിളിച്ച് നിൻ്റെ പുറകേ നടന്നേനെ” എന്ന് പറഞ്ഞ് മാധവേട്ടൻ രാഗിണിയമ്മയേയും കൂട്ടി അകത്തേക്ക് പോയപ്പോൾ ഒരു ദിവസം കൊണ്ട് എല്ലാർക്കും ഞാനന്യയായത് ഞാനറിഞ്ഞു… പിന്നീടുള്ള ദിവസങ്ങൾ ആരെയും ശ്രദ്ധിക്കാൻ പോയില്ല… എൻ്റെ മാത്രം കാര്യങ്ങൾ നോക്കി നിലവറയ്ക്കുള്ളിൽ ഒതുങ്ങി പോയി….. വ്രതം പൂർത്തിയാകുന്നതിൻ്റെ തലേ ദിവസം മുത്തശ്ശൻ എന്നെയും ഗൗതമേട്ടനെയും മാത്രം വിളിച്ചു… നിലവറയുടെ പുറത്തേക്കുള്ള വാതിൽ അടച്ചു…. “ഉത്തരാ നാളെ വ്രതം പൂർത്തിയാകുന്ന ദിവസമാണ്…

നാളെ രാവിലെ തന്നെ കാർത്തികദീപം തറവാട്ടിലേക്ക് പോയി കഴുത്തിലണിഞ്ഞിരിക്കുന്ന കുഞ്ഞു ദേവിയുടെ മാല ആ വിഗ്രഹത്തിൽ ചാർത്തി കൊടുക്കണം… എന്നിട്ട് ആരെയും അറിയിക്കാതെ എത്രയും വേഗം രുദ്രൻ്റെ വസതിയിലെത്തണം…. പുലർച്ചെ എല്ലാരും ഉണരും മുൻപേ നിങ്ങൾ രണ്ടു പേരും കാർത്തികദീപം തറവാട്ടിൽ ചെല്ലണം… നിങ്ങൾ വിഗ്രഹത്തിൽ മാല ചാർത്തുന്നത് ആരും കാണാൻ പാടില്ല…” മുത്തശ്ശൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു…. രാത്രിയിൽ നിലവറയിലെ മുറിയിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ അടുത്ത ദിവസത്തെ കാര്യമോർത്ത് ഉറക്കം വന്നതേയില്ല…. അങ്ങനെ തിരിഞ്ഞും മറിഞ്ഞുo കിടക്കുമ്പോൾ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു…

മനസ്സിൽ വല്ലാത്ത ഭയം തോന്നി… കുറച്ച് ദിവസമായി ഗൗതമേട്ടൻ നിലവറയിലേക്ക് വരാത്തത് കൊണ്ട് ഇപ്പോൾ വാതിൽ അടയ്ക്കാറില്ല…. എഴുന്നേറ്റ് വേഗം അടച്ചുവെങ്കിലും വാതിലിൽ തുടരെ ആരോ മുട്ടുന്ന ശബ്ദം കേട്ടു….. രണ്ടും കൽപ്പിച്ച് വാതിൽ തുറന്നപ്പോൾ ഗൗതമേട്ടനെയാണ് കണ്ടത്… ഒന്നും മിണ്ടാതെ പായയിൽ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു…. എൻ്റെ അരികിലായ് വന്ന് കിടക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു….. ആ നെഞ്ചോട് ചേർന്ന് പരിഭവങ്ങൾ പറഞ്ഞ് തീർക്കണമെന്ന് കരുതി ഗൗതമേട്ടനഭിമുഖമായി തിരിഞ്ഞപ്പോഴേക്ക് ഉറങ്ങി കഴിഞ്ഞിരുന്നു… ഉണർത്താൻ തോന്നിയില്ല…. വെറുതെ നോക്കി കിടന്നു…

ഗൗതം ഉറങ്ങിയ ശേഷം ആരുമറിയാതെ അന്ന് രാത്രി നിവേദയെ അദൃശ്യരൂപം വന്ന് തറവാട്ടിൽ നിന്നും അവളെ രുദ്രൻ്റെ വസതിയിൽ എത്തിച്ചിരുന്നു… xx നെറ്റിയിൽ നിന്ന് താഴേക്ക് തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ തോന്നിയപ്പോഴാണ് നിള കണ്ണ് തുറന്ന് നോക്കിയത്.. അവളുടെ മിഴികളെ അവൾക്ക് വിശ്വസിക്കാനായില്ല…. തൊട്ടു മുന്നിൽ നിവേദയും കിരണും…. ” സ്വാഗതം നിളേച്ചി…. ഈ ലോകത്ത് നിന്ന് യാത്രയാവാൻ ഒരുങ്ങിക്കോളു…. ഏതാനും മണിക്കൂറുകൾ മാത്രമേ ആയുസ്സുള്ളു….. ” ആഗ്രഹമൊന്നും നിറവേറാതെ ഭൂമിയിൽ നിന്നും പോകുമെന്ന ഭയം വേണ്ട….

ചേച്ചിയുടെ കഴുത്തിൽ ഒരാൾ താലികെട്ടി ഭാര്യയായി സ്വീകരിച്ച ശേഷമേ ഈ ഭൂമിയിൽ നിന്ന് പറഞ്ഞയക്കു… എന്നിട്ട് വേണം തറവാട്ടിലെ മന്ത്രങ്ങളുടെ ഏക അവകാശിയാകാൻ….” കിരൺ പുഞ്ചിരിയോടെ പറഞ്ഞു…. നിവേദയ്ക്കൊപ്പം കിരണിനെ കണ്ടപ്പോൾ അവൾ വിശ്വസിക്കാനാകാതെ തരിച്ചിരുന്നു പോയ്….. തൻ്റെ സ്വന്തം അനിയനെ പോലെ കൊണ്ടു നടന്നവനും ചതിച്ചിരിക്കുന്നു…. ഇത്രയും നാൾ തളർന്നവനെ പോലെ കിടന്ന് അഭിനയിക്കുകയായിരുന്നോ…. തുടരും

മഴയേ : ഭാഗം 33

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!