ഒറ്റത്തുമ്പി: ഭാഗം 2

ഒറ്റത്തുമ്പി: ഭാഗം 2

എഴുത്തുകാരി: ആഷ ബിനിൽ

“ശിഖാ…” ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ആ വിളി കേട്ടത്. നോക്കുമ്പോൾ ഒരാൾ രാംരാജിന് സല്യൂട്ട് അടിച്ചു നിൽക്കുന്നു. അയ്യോ. ഇത് ജോഷ്വാ ചേട്ടൻ ആണല്ലോ. സ്‌കൂളിൽ എന്റെ സീനിയർ ആയിരുന്നു. പിന്നെ വേദപാഠം പഠിപ്പിച്ചിട്ടും ഉണ്ട്. അന്നൊക്കെ ക്ളീൻ ഷേവ് ആയിരുന്നു. ഇപ്പോ കാണാൻ കറുത്ത താടിയുള്ള ക്രിസ്മസ് അപ്പൂപ്പനെ പോലെയുണ്ട്. രാജകുമാരി NSS കോളേജിൽ നിന്ന് Bsc ഇലക്ട്രോണിക്സ് പാസായെങ്കിലും ചേട്ടായിക്കു കൃഷിപ്പണിയാണ് താൽപര്യം. ഒരു മഹീന്ദ്രയുടെ ജീപ്പ് ഉണ്ട്. അതിലാണ് എപ്പോഴും. “നീയെന്താ ഇങ്ങനെ നോക്കുന്നത്?” “ചേട്ടായീനെ കണ്ടിട്ട് കുറെ നാളായില്ലേ. പിന്നെ താടീം മുടീം ഒക്കെയായി ആകെയൊരു മാറ്റം അതാ. എന്നാ ഇവിടെ..?”

“നീ എന്നെ കാണാറില്ലെങ്കിലും ഞാൻ നിന്നെ കാണാറുണ്ടായിരുന്നു” “അതെങ്ങനെ..??? മായാവി ആണോ?” ആളെന്നെ നോക്കി ഒന്നു ചിരിച്ചു. ഒരു മാറ്റവും ഇല്ലല്ലേ എന്ന മട്ടിൽ. ഞാനും ചിരിച്ചു കൊടുത്തു. “ഇപ്പോ ഇതെങ്ങോട്ടാ ബാഗൊക്കെ ആയി?” “പാലായിൽ. എൻട്രൻസ് കോച്ചിംഗിന്.” ഞാൻ പറഞ്ഞു. “ആഹാ. എന്നാൽ എന്റെ കൂടെ പോരുന്നോ? ഞാൻ പാലായ്ക്ക് പോകാൻ ഇറങ്ങീതാ. അമ്മേടെ ചേടത്തീടെ വീട്ടിൽ” ഞാൻ ചേട്ടായീനെ ഒന്ന് നോക്കി. ഒരു കൈലിമുണ്ടും ഷർട്ടും ആണ് വേഷം. അല്ലെങ്കിലും മിക്കപ്പഴും ഷർട്ടും മുണ്ടുമാണ് ആൾ ധരിക്കാറു. “ഈ വേഷത്തിൽ ആണോ പാലാ വരെ?” ചേട്ടായി ഒന്ന് ചമ്മി ചിരിച്ചു. ബസ് വന്നപ്പോൾ ഞാൻ യാത്ര പറഞ്ഞു കയറി. മൂന്ന് ബസ് മാറി കയറേണ്ടി വന്നു.

ബ്രില്യന്റിന്റെ മുൻപിൽ ഇറങ്ങി അകത്തേക്ക് കയറും മുൻപ് വെറുതെ ഒന്ന് നോക്കിയപ്പോൾ ചേട്ടായിയുടെ പോലൊരു ജീപ്പ് കടന്നുപോയതുപോലെ തോന്നി. ഒന്നൂടെ നോക്കിയെങ്കിലും കണ്ടില്ല. ആഹ്. തോന്നിയതായിരിക്കും. പിന്നെയുള്ള ഒരു മാസം നിന്ന് തിരിയാൻ പറ്റിയിട്ടില്ല. കിലുക്കത്തിലെ ഇന്നസെന്റ് ചേട്ടനെപോലെ ഓടി നടന്നു പണി ആയിരുന്നു, സോറി പഠനം ആയിരുന്നു. ഞായറാഴ്ച്ച ഒരു കുർബാന കാണാൻ ആണ് ആകെ പുറത്തേക്ക് ഇറങ്ങുന്നത്. കാശ് ഉള്ള വീട്ടിലെ കുട്ടികൾ പലരും ആർക്കോ വേണ്ടി പുസ്തകം തുറന്ന് വയ്ക്കുന്നത് കണ്ടു. അച്ഛനമ്മമാർ വിളിച്ചു പഠിക്കാൻ പറയുന്നതും. ഇവർക്കൊക്കെ പഠിക്കാൻ പറയാനും ചോദിക്കുമ്പോഴെല്ലാം പണം കൊടുക്കാനും ഒരു അച്ഛനും അമ്മയും ഉള്ളതുകൊണ്ടാണ്. അതില്ലാത്തവരുടെ വിഷമം അവർക്കറിയില്ല.

നഷ്ടപ്പെട്ട് കഴിയുമ്പോഴേ നമ്മൾ ഓരോന്നിന്റെയും മൂല്യം മനസ്സിലാക്കൂ. ബന്ധങ്ങളുടെ വ്യക്തികളുടെ ആണെങ്കിലും സമയത്തിന്റെ ആണെങ്കിലും. എക്സാമും കഴിഞ്ഞു പാപ്പന്റെ വീട്ടിലേക്ക് തന്നെയാണ് പോയത്. ചെന്നു കയറിയപ്പോൾ ഉച്ച കഴിഞ്ഞു. താല്പര്യം ഇല്ലാത്ത നോട്ടങ്ങൾക്കും സംസാരങ്ങൾക്കും വില കൊടുത്തില്ല. കുളിച്ചു വന്നു പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചു. പിറ്റേന്ന് പുലരും വരെ കിടന്നുറങ്ങി. രാവിലെ സാധാരണ ചെയ്യാറുള്ളത് പോലെ വീട്ടിലെ ജോലികളൊക്കെ ചെയ്തു. പള്ളിയിലും മഠത്തിലും പോയി. അവിടെനിന്ന് കാപ്പി കുടിച്ചിട്ടാണ് വന്നത്. എക്സാം എങ്ങനെ ഉണ്ടായിരുന്നു എന്നൊരു ചോദ്യം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അന്ന് മുഴുവൻ കഴുകാനുള്ള തുണികൾ അലക്കിയും പുസ്തകങ്ങളൊക്കെ അടുക്കി പെറുക്കിയും സമയം കളഞ്ഞു.

ഈ നേരം കൊണ്ടുതന്നെ എന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്നവർക്ക് മനസിലായി എന്നു തോന്നുന്നു, കൂടുതൽ വർത്തമാനം ഉണ്ടായില്ല. പിന്നെയുള്ള ഒരുമാസം പള്ളിയും വീടുമായി കഴിഞ്ഞു. റിസൾട്ട് വന്നപ്പോൾ കുഴപ്പം ഇല്ലാത്ത റാങ്ക് കിട്ടി. തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളേജാണ് ഞാൻ തിരഞ്ഞെടുത്തത്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്. അഡ്മിഷന്റെ ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് പോകുന്ന കാര്യം പലതവണ പറഞ്ഞെങ്കിലും പാപ്പന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. പാപ്പന്മാരും കസിൻസും വേറെയും ഉണ്ടെങ്കിലും അവരെകൂടി വെറുപ്പിക്കാൻ വയ്യായിരുന്നു. ആവശ്യം എന്റെ ആണല്ലോ. ഒറ്റയ്ക്ക് പോകാൻ തന്നെ തീരുമാനിച്ചു. പതിനൊന്ന് മണിക്ക് അടിമാലിയിൽ നിന്ന് ഒറ്റ ബസുണ്ട്, പക്ഷെ അത് രാത്രി ഏഴരയ്ക്കെ എത്തൂ.

അതല്ലെങ്കിൽ പിന്നെ മൂന്നാറിൽ നിന്ന് രാത്രി ബസുണ്ട്, രാവിലെ എത്തുന്നത്. ഒടുവിൽ അതിനു പോകാം എന്നുവച്ചു. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തു. സീറ്റ് നമ്പറും മറ്റും നോക്കി ചെയ്യാനൊന്നും അറിയില്ലായിരുന്നു. വീട്ടിൽ നിന്നാരും ബസ് കയറ്റി വിടാൻ വരില്ല. അതുകൊണ്ട് പതിനൊന്ന് മണിയുടെ ബസിന് വൈകുന്നേരം അഞ്ചര ആയപ്പോഴേ സ്റ്റോപ്പിൽ പോയിരുന്നു. അത്രയും നേരം സ്റ്റോപ്പിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് ആ ഏരിയയിലുള്ള സകല കോഴികളും ചികഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇനിയങ്ങോട്ട് ഇതെല്ലാം ശീലിക്കണം എന്ന തിരിച്ചറിവിൽ ഞാനിരുന്നു. ആദ്യമായിട്ടാണ് ഒറ്റക്ക് ഇത്രയും ദൂരം ബസിൽ. നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്റെ പ്രായത്തിൽ ഒരു പെങ്കൊച്ച് ഒറ്റയ്ക്ക് തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് കണ്ടു കണ്ടക്ടർ ഒന്ന് നോക്കി.

അടുത്തിരുന്നത് ഒരു അപ്പച്ചൻ ആയിരുന്നു. സമാധാനത്തിൽ മയങ്ങുമ്പോഴാണ് ഒരു കൈ തുടയിൽ കൂടി ഇഴയുന്നപോലെ തോന്നിയത്. ഞാൻ അപ്പച്ചനെ നോക്കിക്കൊണ്ട് തന്നെ മെല്ലെ അതെടുത്തു മാറ്റി വച്ചു. ആൾ ഉറങ്ങുകയാണ്. അതോ ഉറക്കം നടിക്കുന്നതോ? ഉണ്ടായിരുന്ന ഉറക്കം അതോടെ പോയി കിട്ടി. അപ്പച്ചൻ ആണെങ്കിൽ കൂടുതൽ കൂടുതൽ അടുത്തേക്ക് ഇരിക്കുകയാണ്. ഞാൻ വിൻഡോയോട് ചേർന്നിരുന്ന് ഒടുവിൽ അതിൽ കൂടി പുറത്തേക്ക് പോകും എന്ന പരുവത്തിൽ എത്തി. കണ്ടക്റ്റർ ചേട്ടന് എന്തോ സംശയം തോന്നി എന്റെ സീറ്റിനടുത്തേക്ക് വന്നു. ആൾ എന്നെയും അയാളെയും ഒന്ന് നോക്കി. എന്നിട്ട് തൊട്ടപ്പുറത്തെ മൂന്ന് പേരുടെ സീറ്റിൽ നിന്നൊരു പയ്യനെ വിളിച്ചു എന്റെ സീറ്റിൽ ഇരുത്തി.

എനിക്ക് അയാളുടെ സീറ്റും തന്നു. ഒരു നന്ദി വാക്ക് പറയാൻ തിരുവനന്തപുരം എത്തുന്നത് വരെ ശ്രമിച്ചെങ്കിലും ചേട്ടനെ കണ്ടു കിട്ടിയില്ല. ചിലർ അങ്ങനെ ആണല്ലോ, ഒരു കൈകൊണ്ട് ചെയ്യുന്ന നന്മ മറുകൈ അറിയരുത് എന്നു ചിന്തിക്കുന്നവർ. അവിടെ മേരി സിസ്റ്ററിന്റെ കെയറോഫിൽ ഉള്ള ഒരു സിസ്റ്റർ ആണ് ലോക്കൽ ഗാർഡിയന്റെ സ്ഥാനത്ത് കാര്യങ്ങൾ ചെയ്തത്. അന്ന് രാത്രി ബസിന് കയറി പിറ്റേദിവസം രാവിലെ വീട്ടിലെത്തി. ഒരുതവണ കൂടി പോയി വരേണ്ടിവന്നു. ആദ്യത്തെ വർഷം ഹോസ്റ്റൽ കിട്ടില്ല, പുറത്തു എവിടെയെങ്കിലും താമസിക്കണം. അതും സിസ്റ്റർമാർ ആണ് ശരിയാക്കിയത്. പോകുന്നതിന് മുൻപ് പാപ്പനോടും ആന്റിയോടും യാത്ര പറഞ്ഞു. ഒരു മാസത്തിലധികം ഒരു വീട്ടിൽ മിണ്ടാതെ കഴിഞ്ഞ ആളുകൾ ഇപ്പോ എന്തെങ്കിലും പറയുമെന്ന് കരുത്തിയിട്ടല്ല, എന്റെ സമാധാനത്തിന്.

പാപ്പനും ആന്റിയും സംസാരിക്കാത്തതു പിന്നെയും സഹിക്കാം, പതിനഞ്ചും പന്ത്രണ്ടും വയസുള്ള പിള്ളേരുടെ കുശുമ്പാണ് സഹിക്കാൻ കഴിയാത്തത്. കോളേജിന് അടുത്തുള്ള ഒരു കോൺവെന്റ് ഹോസ്റ്റലിൽ ആയിരുന്നു എന്റെ താമസം. രണ്ടു ബെഡിനും മേശയ്ക്കും മാത്രം സ്ഥലം ഉള്ള കുഞ്ഞു മുറി. വാഷ് ഏരിയയിൽ രണ്ടു ബാത്റൂമും ടോയ്‌ലറ്റും വീതമുണ്ട്. അത് ഡോർമിറ്ററിയിലെ മുപ്പത് കുട്ടികൾക്ക് കോമൺ ആണ്. ബാത്രൂം വളരെ ചെറുതാണ്. ഒരു ബക്കറ്റ് വയ്ക്കാൻ മാത്രം വലിപ്പം. അകത്തു പൈപ്പ് ഇല്ല. വെള്ളം കോമൺ ഏരിയയിൽ നിന്ന് എടുത്തുകൊണ്ട് വച്ചു വേണം കുളിക്കാൻ. തല കുനിച്ചു മുടി കഴുകാൻ പോലും ഉള്ള വലിപ്പമില്ല. ഇനി ഇത് ശീലം ആക്കണമല്ലോ എന്ന ചിന്തയിൽ ഒരുവിധം കുളിച്ചു കയറി. റൂമിൽ വന്നപ്പോ ഒരുത്തി കരഞ്ഞു വിളിച്ചുകൊണ്ട് ഇരിക്കുന്നു.

എന്നെ കണ്ടപ്പോൾ കരച്ചിലിന് ശക്തി കൂടി. ഇനി എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ? “എന്താ.. എന്തു പറ്റി?” “വീട്ടീ പോണം” “എഹ്ഹ്..????” “എനിക്ക് വീട്ടീ പോണം. അമ്മേ കാണണം…” സബാഷ്. ഇവൾ ഒന്നാം ക്ലാസിലേക്ക് ആണെന്ന് കരുതിയാണോ വന്നിരിക്കുന്നത്..? കരച്ചിൽ കണ്ടിട്ട് ചന്ദനമഴയിലെ അമൃതയെ ഓർമവന്നു. ആളെ കാണാൻ നല്ല രസം ഉണ്ട്. ഒരു ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ആണ് വേഷം. മുടി മുഴുവൻ സ്വാമിനിമാരെപ്പോലെ ഉച്ചിയിൽ കെട്ടി വച്ചിരിക്കുന്നു. നാലഞ്ചു ബാഗ് ഉണ്ട് കട്ടിലിലും നിലത്തും ആയി. ഇവളിവിടെ സ്ഥിര താമസത്തിന് വന്നതാണോ? “എന്താ പേര്..?” ഞാൻ ചോദിച്ചു. കരച്ചിലിനിടയിൽ എന്തൊക്കെയോ മുക്കിയും മൂളിയും പറയുന്നുണ്ട്. ഒന്നും മനസ്സിലായില്ലെങ്കിലും ആ ഭാവം ഞാൻ മുഖത്തു കാണിച്ചില്ല.

അരമുക്കാൽ മണിക്കൂറോളം അവൾ സംസാരിച്ചിട്ടും ഭവി എന്നൊരു പേരല്ലാതെ മറ്റൊന്നും എനിക്ക് പിടികിട്ടിയില്ല. കരച്ചിൽ കൂടി വരുന്നതിനിടെ റോൾ കോളിന് സമയം ആയി. അവളെയും വാരിക്കെട്ടിയാണ് താഴേക്ക് ചെന്നത്. ആൽഫബെറ്റിക് ഓഡറിൽ വ്യത്യസ്തമായ പേരുകൾ കേട്ടു നിന്നു. “ഭവാനി മേനോൻ” ഇടയ്ക്ക് അങ്ങനൊരെണ്ണം കേട്ടു. വെറൈറ്റി പേര്. അതാരാണാവോ വല്യമ്മച്ചി എന്നു വിചാരിച്ചു നിൽക്കുമ്പോൾ പൂച്ച കരയും പോലെ ഒരു “പ്രെസന്റ്” എന്റെ തൊട്ടടുത്തു..! നോക്കുമ്പോ ഭവി ആണ്. ഇവൾ ആണോ ഭവാനി? പതിനെട്ട് വയസിലും ബുദ്ധി ഒന്നാം ക്ലാസിൽ പഠിക്കുന്ന പാവത്തിനോട് വേണ്ടിയിരുന്നില്ല ഈ കൊടും ചതി.

അത്താഴത്തിന് ചോറും മൊരു കറിയും ബീൻസ് തോരനും അച്ചാറും ആയിരുന്നു. ഭവി വെറുതെ ഇട്ട് ഇളക്കി എഴുന്നേറ്റ് പോകുന്നത് കണ്ടു. “നിനക്ക് എങ്ങനെയാ ഇത്രയും മോശം ഫുഡ് കഴിക്കാൻ പറ്റുന്നത്?” അവൾ ചോദിച്ചു. “അതുപോലും ഇല്ലാത്ത ഒരുപാട് പേര് ഈ ലോകത്ത് ഉണ്ടെന്ന് അറിയുന്നത്കൊണ്ട്” ഞാൻ പറഞ്ഞു. അതല്ലാതെ കഴിഞ്ഞ കുറെ മാസങ്ങളായി ദിവസവും ഞാൻ ഇതൊക്കെയാണ് കഴിച്ചുകൊണ്ടിരിക്കുന്നത് എന്നവളോട് ഇപ്പോഴേ പറയാൻ പറ്റില്ലല്ലോ. “അതൊക്കെ പോട്ടെ. നിനക്കാരാ ഭവാനി എന്നു പേരിട്ടത്?” ഞാൻ ചോദിച്ചു. “അതോ. എന്റെ അച്ഛമ്മയുടെ പേരാ ഭവാനി. അച്ഛനും അമ്മയും ലൈൻ ആയിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതാണ്.

ഒരു കുഞ്ഞുണ്ടായി കഴിയുമ്പോ അച്ഛനേയും അമ്മയെയും വീട്ടിൽ തിരികെ കയറ്റാൻ സമ്മതിച്ചു. അപ്പൊ ഒരു ഇമ്പ്രഷൻ കിട്ടാൻ വേണ്ടി അച്ഛൻ എനിക്ക് അച്ചമ്മേടെ പേര് ഇട്ടു.” റെയർ റീസൺ..! ഞാൻ ചിരിച്ചു. ഭവിയുടെ കസിൻ പ്രവീൺ എന്ന പ്രവിയും ഞങ്ങളുടെ ക്ലാസിൽ ഉണ്ട്. അവൻ കോളേജിനടുത്ത് ഏതോ ബോയ്സ് പീജിയിൽ ആണ് താമസിക്കുന്നത്. പിറ്റേന്ന് രാവിലെ കോളേജിലേക്ക് തിരിച്ചു. ഉഗ്രൻ ക്യാമ്പസ് ആണ് കേട്ടോ. കയറി ചെല്ലുമ്പോ രണ്ടു വശത്തും ടാറിട്ട റോടും നടുക്ക് സ്റ്റെപ്പുകളും ആണ്. ജോയിൻ ചെയ്യാൻ വന്ന ഓർമ ഉള്ളതുകൊണ്ട് ഡിപ്പാർട്ട്‌മെന്റ് കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്ലാസിൽ കുറച്ചു പേരെയുള്ളൂ. ഞങ്ങൾ സീറ്റിൽ ഇരുന്നപ്പോഴേക്കും കാറ്റ് പോലൊരു രൂപം ഓടി വന്ന് അവളുടെ അടുത്തിരുന്നു. എന്തൊക്കെയോ പതം പറയുന്നുണ്ട്.

പിന്നെ രണ്ടും കൂടി കെട്ടിപ്പിടിച്ചു പൊട്ടിക്കരച്ചിലായി. ക്ലാസിലെ കുട്ടികളും വഴിയേ പോയവരും ഒക്കെ എത്തി നോക്കി. ചിലരൊക്കെ എന്നോട് എന്താ കാര്യമെന്ന് ചോദിച്ചു. ഞാനും നിങ്ങളെപ്പോലെ ഗാലറിയിൽ ഇരുന്നു കളി കാണുകയാണ് ഹേ. കാര്യം അറിയണമെങ്കിൽ ഈ ഇരുന്നു കരയുന്ന സയാമീസ് ഇരട്ടകൾ വേർപെടണം. സ്റ്റോക്ക് കഴിഞ്ഞപ്പോൾ രണ്ടും കരച്ചിൽ നിർത്തി. പിന്നെ ഒരു അവിഞ്ഞ ചിരിയോടെ എന്നെ നോക്കി. “ഹായ്. അയാം പ്രവീൺ. പ്രവി എന്നു വിളിക്കും. ഭവിയുടെ കസിൻ ആണ്.” “കേട്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്..” ഞാൻ ഒന്ന് ആക്കി പറഞ്ഞു. ഒരു പുതിയ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു… തുടരും..

ഒറ്റത്തുമ്പി: ഭാഗം 1

Share this story