സ്‌നേഹതീരം: ഭാഗം 6

സ്‌നേഹതീരം: ഭാഗം 6

എഴുത്തുകാരി: ശക്തികലജി

ഞാൻ വിളക്ക് വച്ച് പ്രാർത്ഥിച്ചിട്ട് തന്നെ വർഷങ്ങളായി…. എല്ലാം നഷ്ട്ടപ്പെട്ടവൾക്ക് എന്ത് പ്രാർത്ഥനയാണ് ചൊല്ലാനുള്ളത്… ഞാൻ നിൽക്കുന്നത് കണ്ടിട്ടാവണം ഗിരിയേട്ടൻ എൻ്റെ അരികിൽ വന്നു…. “എൻ്റെ അമ്മയ്ക്ക് വേണ്ടി അടുത്ത് ചെന്നിരുന്ന് ഒന്ന് നാമം ചൊല്ലടോ…” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ ചെന്ന് ദീപം തെളിയിച്ച് വിളക്കിന് മുൻപിൽ ഇരുന്നു… ഗിരിയേട്ടൻ്റെ അമ്മ നാമം ചൊല്ലി തുടങ്ങി പകുതിയിലെപ്പോഴോ എൻ്റെ ചുണ്ടുകളും കീർത്തനങ്ങൾ മന്ത്രിച്ചു തുടങ്ങിയിരുന്നു.. നാമം ജപിച്ച് കഴിഞ്ഞ് വിളക്ക് തൊട്ടു തൊഴുതു… ഗിരിയേട്ടൻ്റെ അമ്മയും തൊട്ടു തൊഴുത ശേഷം വിളക്ക് പൂജാമുറിയിൽ കൊണ്ടുവയ്ക്കാനായി കൈയ്യിലെടുത്തു…

ഗിരിയേട്ടൻ ഓടി വന്നു തൊട്ടു തൊഴുതു മാറി നിന്നു… വിളക്ക് പൂജാമുറിയിൽ കൊണ്ടുവച്ചു…. എല്ലാം വൃത്തിയാക്കി വച്ചിട്ടുണ്ട്… ഗിരിയേട്ടൻ്റെ അമ്മയാവും വൃത്തിയാക്കി വച്ചത്… “എനിക്ക് രാത്രി കഞ്ഞിയും നല്ല മുളക് ചമന്തിയും വേണംട്ടോ ” ഗിരിയേട്ടൻ്റെ ശബ്ദം കേട്ടു .. .തിരിഞ്ഞ് നോക്കാതെ തന്നെ ശരിയെന്ന് പറഞ്ഞു… ഞാൻ തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കുമ്പോൾ ഗിരിയേട്ടനെ എവിടെയും കണ്ടില്ല.. ഗിരിയേട്ടൻ്റെ അമ്മ ഹാളിൽ ഇരിപ്പുണ്ട്… “രാത്രി അമ്മയ്ക്കെന്താ വേണ്ടത് ” ഞാൻ ചോദിച്ചു.. “മോന് എന്ത് പറഞ്ഞോ അത് തന്നെ എനിക്കും മതി… കഞ്ഞിയും ചമ്മന്തിയുമാവും ല്ലേ… വെറുതെയാ… അവന് ചപ്പാത്തിയും കറിയുമാ ഇഷ്ട്ടം… ചന്ദ്രയെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി പറഞ്ഞതാവും… അവൻ അങ്ങനെ സ്വന്തം ഇഷ്ട്ടങ്ങൾക്ക് വേണ്ടി ആരെയും ബുദ്ധിമുട്ടിക്കാനിഷ്ട്ടമല്ല…. ”

ഗിരിയേട്ടൻ്റെ അമ്മ ചിരിയോടെ പറഞ്ഞു…. “ശരി… എന്നാൽ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടേ ” എന്ന് പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് നടന്നു…. ആദ്യം ചപ്പാത്തിക്ക് മാവ് കുഴച്ച് വച്ചു…. സവോള അരിഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് ഗിരിയേട്ടൻ വരുന്നത്… വന്നപ്പോഴേ സിഗരറ്റിൻ്റെ മണം കിട്ടി.. മുഖത്ത് ഒരു കള്ള ലക്ഷണം.. “ചില കാര്യങ്ങൾക്ക് മുകളിലത്തെ മുറിയാ സൗകര്യം അല്ലെ ” എന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി നന്നായി ചിരിച്ചു കാണിച്ചു… “എപ്പോഴുമില്ല… വല്ലപ്പോൾ മനസ്സ് പറയുന്നത് അനുസരിക്കാത്തപ്പോൾ മാത്രം… വേദനിക്കരുത് എന്ന് പറഞ്ഞാലും വീണ്ടും വേദനിച്ചുകൊണ്ടിരിക്കും” എന്ന് പറഞ്ഞ് കൊണ്ട് ചപ്പാത്തി പലകയെടുത്ത് വച്ചിരുന്നു… “ആഹാ അപ്പോ എനിക്കൊക്കെ അതിനെ സമയം കാണു…

പിന്നേയ് ഞാൻ ചപ്പാത്തിയുണ്ടാക്കിക്കോളാം..എനിക്കൊരു മടിയുമില്ല…. ബുദ്ധിമുട്ടാവും എന്ന് വിചാരിച്ച് പറയാതിരിക്കണ്ട.. പിന്നെ ഇതിനെല്ലാം കൂട്ടിയല്ലേ പൈസ തരുന്നത് ” എന്ന് ഞാൻ പറഞ്ഞിട്ടും ചാപ്പാത്തി ഓരോ ഉരുള എടുത്ത് പറഞ്ഞാൻ തുടങ്ങി… – ” ഞാൻ തനിച്ച് ചെയ്യുമ്പോ ആരെലും സഹായിക്കാൻ ഉണ്ടായിരുന്നുവെങ്കിൽ നല്ലതായിരുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് “.. അതു കൊണ്ട് എന്നെ കൊണ്ട് പറ്റുന്ന ചെറിയ സഹായം ” എന്ന് ഗിരിയേട്ടൻ ചിരിയോടെ പറഞ്ഞു… ” അതിനിപ്പോ ഒന്നു കെട്ടിയാൽ പോരെ ” എന്ന് കളിയായ് പറഞ്ഞപ്പോഴേക്കും കേൾക്കാൻ ഇഷ്ട്ടമില്ലാത്തത് കേട്ടത് പോലെ ഗിരിയേട്ടൻ്റെ മുഖഭാവം പെട്ടെന്ന് മാറി… മറുപടി പറയാതെ ചെറുതായ് മൂളുക മാത്രം ചെയ്തു… ”

അതിന് ഇവൻ കെട്ടിയിട്ടും കൂടെ ജീവിക്കാൻ യോഗമുണ്ടായില്ല… എന്ത് ചെയ്യാം എല്ലാം വിധി” എന്ന് ഗിരിയേട്ടൻ്റെ അമ്മ ഹാളിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു.. അത് കേട്ടപ്പോൾ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി’.. മുഖം കുനിച്ചാണ് ചപ്പാത്തി പരത്തുന്നതെങ്കിലും ആ മിഴികൾ നിറയുന്നത് തുളുമ്പാതിരിക്കാൻ ശ്രമിക്കുന്നത് കണ്ടു… പിന്നീടൊന്നും സംസാരിച്ചില്ല…. ഞാൻ സംസാരിച്ച് ബുദ്ധിമുട്ടിച്ചില്ല… വേഗം കറി വയ്ക്കാൻ അടുപ്പ് കത്തിച്ചു… ചട്ടി അടുപ്പത്ത് വച്ചു..ചട്ടി ചൂടായതും കടുക് പൊട്ടിച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ച് ഇട്ടു… കുറച്ച് മണം വന്നപ്പോൾ സാവോള ഇട്ടു… ഒരു കാരറ്റും കൂടി അരിഞ്ഞിട്ടു… മൗനം വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി.. ” പിന്നേയ് ഒരു ഗ്യാസ് സിലിണ്ടറിനു അപേക്ഷ കൊടുക്ക്… കിട്ടുവാന്നേൽ ഞാൻ സ്റ്റൗ വാങ്ങി തന്നേക്കാം”

എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ മറുപടിയായി ഒന്നു മൂളിയതേയുള്ളു… മുളിയത് കേട്ടില്ലാ എന്ന ഭാവത്തിൽ വീണ്ടും ഗിരിയേട്ടൻ ചോദിച്ചു… “ശരി അപേക്ഷിക്കാം”.. എന്ന് മറുപടി പറഞ്ഞപ്പോഴാണ് ഗിരിയേട്ടൻ ൻ്റെ തൊട്ടു പുറകിൽ നിൽക്കുന്നത് ശ്രദ്ധിച്ചത്.. “എനിക്കും ഈ കറിയൊക്കെ വയ്ക്കാൻ പഠിപ്പിക്കണം… നാക്കിന് രുചിയായി കഴിക്കാൻ ചില സമയത്ത് വല്ലാത്ത കൊതി തോന്നും… പക്ഷേ അമ്മയെ ബുദ്ധിമുട്ടിക്കാനും തോന്നില്ല…. ” എന്ന് ഗിരിയേട്ടൻ പറയുമ്പോൾ ഞാനാ മുഖത്തേക്ക് നോക്കി.. ആ മിഴികൾ നനഞ്ഞിരുന്നു… ” അതിനെന്താ ഞാൻ പഠിപ്പിക്കാം… എന്നെ ജാനകിയമ്മ പഠിപ്പിച്ചതാണ്… എൻ്റെ അമ്മ പോലും എനിക്ക് ഒന്നുo പറഞ്ഞ് തന്നിട്ടില്ല… വയ്ക്കുന്നതൊന്നും കൊള്ളില്ലാ എന്ന് പറഞ്ഞ് അടുക്കളയിൽ പോലും കയറ്റാറില്ലായിരുന്നു… ” ഞാൻ വിഷമത്തോടെ പറഞ്ഞു… ”

അതു കൊണ്ടാവും പകൽ മുഴുവൻ മരത്തിൻ്റെ മുകളിൽ ചിലവഴിക്കുന്നത് അല്ലെ ” ഗിരിയേട്ടൻ്റെ വാക്കുകളിൽ കുസൃതി നിറഞ്ഞിരുന്നു.. “ഓ… അതൊക്കെ ഒരു കാലം”…അങ്ങനെയൊക്കെ ജീവിച്ചാൽ മതിയായിരുന്നു എന്നു തോന്നും ചിലപ്പോൾ ” സവാള വഴറ്റി കൊണ്ട് പറഞ്ഞു…. തക്കാളി അരിഞ്ഞ് വച്ചതും ചേർത്തു ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഇളക്കി.. “ആഹാ നല്ല മണം വന്നു തുടങ്ങിയല്ലോ…” ഗിരിയേട്ടൻ്റെ കണ്ണുകൾ വിടർന്നു…. “ഈ പരുവത്തിൽ ആവുമ്പോൾ കുറച്ച് നട്ട്സ് അരച്ച് ചേർത്താൽ നല്ല ടേസ്റ്റ് കിട്ടും “… മിക്സി ശരിയാക്കി വച്ചിട്ടുണ്ട് “… എന്തായാലും വെറുതെ നിൽക്കുവല്ലേ… ഇതാ തവി.. ഇടയ്ക്ക് ഇളക്കി കൊടുത്തില്ലേൽ കരിഞ്ഞു പോവും”

എന്ന് പറഞ്ഞ് ഞാൻ അരയ്ക്കാൻ ജാർ എടുത്തു വച്ചു… നട്സ് കുറച്ച് വെള്ളം ചേർത്ത് അരച്ച് ചട്ടിയിലേക്ക് ഒഴിച്ചു… ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ച് വച്ചു… ” സമ്മതിച്ചു… ഇത് എളുപ്പകറിയാണ്” ഗിരിയേട്ടൻ പറഞ്ഞു.. “ശരി ഗിരിയേട്ടൻ പോയ്ക്കോളു.. ബാക്കി ഞാൻ ചെയ്തോളാം”…. എന്ന് ഞാൻ പറഞ്ഞപ്പോൾ ശരിയെന്ന് പറഞ്ഞ് അടുക്കളയിൽ പോയി… അപ്പുറത്ത് ഹാളിൽ കറിയുടെ റെസിപ്പി അമ്മയോട് വിവരിച്ച് കൊടുക്കയാണ്… എനിക്ക് ചിരി വന്നു… ഞാൻ വേഗം ചപ്പാത്തിയും ഉണ്ടാക്കി വച്ചു… ഹാളിലേക്ക് ചെന്നപ്പോൾ ഗിരിയേട്ടൻ അമ്മയുടെ മടിയിൽ തല വച്ച് കിടക്കുകയാണ്… അമ്മ കീർത്തനം ചൊല്ലി കൊണ്ട് കൈ കൊണ്ട് ഗിരിയേട്ടൻ്റെ മേൽ താളം പിടിക്കുന്നുണ്ട്…

ഞാൻ ശബ്ദമുണ്ടാക്കാതെ അച്ഛൻ്റെ ചാരുകസേരയിൽ പോയിരുന്നു… കണ്ണടച്ച് പുറകിലേക്ക് ചാരിയിരിക്കുമ്പോൾ ഞാനും ഒരു കൊച്ചു കുട്ടിയായത് പോലെ തോന്നി… എനിക്കും അമ്മയുടെ മടിയിൽ കിടക്കാൻ കൊതി തോന്നി…. കുഞ്ഞിലെ ഞാനായിരുന്നു അമ്മയുടെ മടിയിൽ കിടന്നുറങ്ങുന്നത്… വിധുവേട്ടൻ ഞാനുറങ്ങാൻ വേണ്ടി കാത്തിരിക്കുo… അന്നൊക്കെ എന്ത് സ്നേഹമായിരുന്നു എന്നോട്…. ഇപ്പോൾ വല്ലാതെ സ്വാർത്ഥനായിരിക്കുന്നു…. വിധുവേട്ടൻ സമ്മതിച്ചില്ലേലും അമ്മയെ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ടുവരണം…. എന്നാലും ഞാനിവിടെ വന്നിട്ട് ഇത്ര ദിവസമായിട്ടും അമ്മ ഇങ്ങോട്ട് ഒന്ന് വന്ന് പോലുമില്ലല്ലോ… ചിലപ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നില്ല എന്ന് വിഷമിക്കുന്നുണ്ടാവും…

സൗമ്യേടത്തിക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ എന്തോ…. പുതിയ വീട് വച്ചു മാറിയതിൽ പിന്നേ എന്നോടു മിണ്ടിയിട്ടില്ല… ഒരോന്നു ആലോചിരുന്ന് മിഴികൾ നിറഞ്ഞൊഴുകുന്നത് പോലും അറിഞ്ഞില്ല… ആരുടെയോ വിരൽസ്പർശം കവിളിൽ അറിഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്… ഗിരിയേട്ടൻ്റെ അമ്മയാണ്.. ഞാൻ പെട്ടെന്ന് മുഖം തുടച്ചു നേരെയിരുന്നു… ” സമയമെത്രായീന്നാ വിചാരം.. കഴിച്ചിട്ട് കിടക്കാം ” എന്ന് ഗിരിയേട്ടൻ്റെ അമ്മ പററഞ്ഞു.. ” ഞാൻ എടുത്തു വയ്ക്കാം അമ്മേ.. ” എന്ന് പറഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ മേശയിൽ എല്ലാം എടുത്തു വച്ച് ഗിരിയേട്ടൻ കാത്തിരിക്കുകയാണ്.. “ആഹാ വന്നല്ലോ…. എന്തൊരു ഉറക്കവാ… ഞാൻ ഇവിടെ ഇരുന്നു വിളിച്ചത് കേട്ടില്ലേ ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ എൻ്റെ മുഖത്തേക്ക് നോക്കി…

“ചെറിയ ക്ഷീണം പോലെ… കണ്ണടച്ചിരുന്നതേ ഓർമ്മയുള്ളു… ഉറങ്ങി പോയി ” എന്ന് പറഞ്ഞ് ഞാൻ പൈപ്പ് തുറന്ന് കൈ കഴുകി മുഖവും കഴുകി… ഗിരിയേട്ടൻ്റെ അമ്മ അപ്പോഴേക്ക് ഞങ്ങൾക്ക് മൂന്നു പേർക്കും വിളമ്പി.. ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഗിരിയേട്ടൻ ഇടയ്ക്കിടെ അമ്മയെ മുഖമുയർത്തി നോക്കുന്നുണ്ടായിരുന്നു.. “അമ്മേ ഞാൻ നോക്കി വച്ച കറി എങ്ങനുണ്ട് ” എന്ന് ഗിരിയേട്ടൻ പറഞ്ഞതും അമ്മ പൊട്ടി ചിരിച്ചു… “കറിടെ ടേസ്റ്റ് വച്ച് നോക്കുമ്പോൾ എൻ്റെ മോൻ നോക്കിയേ ഉള്ളു … കറിവച്ചതാരാന്ന് എന്നിക്കറിയാം” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഒരു കള്ളച്ചിരി ചിരിച്ചു… “എന്നാൽ നോക്കിക്കോ അടുത്ത പ്രാവശ്യം ഞാൻ തനിയേ ഈ കറി വയ്ക്കും”.. ചന്ദ്ര ഇത്തിരി സഹായിക്കണം” വെല്ലുവിളിപ്പോലെ ഗിരിയേട്ടൻ പറഞ്ഞിട്ട് എന്നെ നോക്കി…

ശരിയെന്ന് തലയാട്ടി…. കഴിച്ച് കഴിഞ്ഞ് അടുക്കള വൃത്തിയാക്കിയിട്ട് കുടിക്കാനുള്ള വെള്ളo രണ്ടു ജഗിലുമെടുത്ത് ഹാളിലേക്ക് നടന്നു… ഗിരിയേട്ടൻ അമ്മയ്ക്ക് ഗുളിക കൊണ്ടു കൊടുക്കുന്നത് കണ്ടു… ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു… എന്താ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ചോദിച്ചില്ല… ഒരു ജഗ് വെള്ളം മുകളിലത്തെ മുറിയിൽ കൊണ്ടുവച്ചു തിരിഞ്ഞപ്പോഴാണ് ഗിരിയേട്ടൻ വന്നത്… “എൻ്റെ അമ്മയുടെ കൂടെ ജീവിച്ച് കൊതി തീർന്നില്ല ചന്ദ്രാ…. ഗർഭപാത്രത്തിൽ ക്യാൻസർ ആണ്. ലാസ്റ്റ് സ്റ്റേജിലാണ് കണ്ടു പിടിച്ചത് ..ഓപ്പറേഷൻ റിസ്കാണെന്ന് ഡോക്ടർ പറഞ്ഞു.. ..” എന്ന് ഗിരിയേട്ടൻ പറയുമ്പോൾ എൻ്റെ മനസ്സിലും വേദന നിറഞ്ഞു… ” ഉള്ളത് വരെ നന്നായി നോക്കണം.. മനുഷ്യരായ നമ്മുക്ക് അത്രയല്ലേ ചെയ്യാൻ പറ്റു”.. അല്ലെങ്കിലും ചില സമയത്ത് ദൈവം ക്രൂരനാണ് എന്ന് തോന്നുo.. നമ്മുക്ക് ഒത്തിരി വേണ്ടപ്പെട്ടവരെ വേഗന്ന് വിളിക്കും….. ”

എന്ന് പറഞ്ഞ് മുറിയിൽ നിന്നിറങ്ങി… ഇനി നിന്നാൽ ഞാനും കരഞ്ഞ് പോകുമെന്ന് തോന്നി… തിരിഞ്ഞ് മുഖത്തേക്ക് നോക്കാൻ എന്തോ ധൈര്യം കിട്ടിയില്ല… ഞാൻ പടികൾ ഇറങ്ങി താഴേക്ക് ചെന്നു… ഗിരിയേട്ടൻ്റെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഒന്ന് എത്തി നോക്കി… ഒരു ജഗിൽ വെള്ളം അടുത്ത് കിടന്ന മേശമേൽ വച്ചു… ഞാൻ അകത്ത് വന്നത് പോലും ഗിരിയേട്ടൻ്റെ അമ്മ അറിഞ്ഞിട്ടില്ല…. ഉറങ്ങിയെന്ന് മനസ്സിലായതും ഞാൻ വാതിൽ ചാരി എൻ്റെ മുറിയിലേക്ക് നടന്നു…. നാളെ തന്നെ അമ്മയെ കാണണം.. ജീവിച്ചിരിക്കുമ്പോൾ തന്നെ വിഷമങ്ങളും പരിഭവങ്ങളും പറഞ്ഞ് തീർക്കണം… അച്ഛൻ്റെ മരണം പോലെ തീരാവേദനയായി മറ്റൊരു വേർപ്പാട് താങ്ങാൻ വയ്യാ…

ഫോണെടുത്തു വിധുവേട്ടനെ വിളിച്ചു… ഞാൻ നാളെ അങ്ങോട്ടേക്ക് വരുന്നുണ്ട് എന്ന് മാത്രം പറഞ്ഞിട്ട് വച്ചു…. ഫോൺ വച്ച് കഴിഞ്ഞ് കിടക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടു ഫോൺ ബെൽ മുഴങ്ങിയത്… ശരത്തേട്ടൻ എന്ന് കോൾ കണ്ടതും ൻ്റെ ഹൃദയമിടിപ്പ് കൂടി…. കൂടെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടതും ഹൃദയമിടിപ്പ് ഉച്ചത്തിലായി… രണ്ടു് കൽപ്പിച്ച് ഫോൺ എടുത്തു… ” ഞാൻ പുറത്ത് ഉണ്ട്… കതക് തുറക്ക് ” ശരത്തേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ തളർന്ന് പോകുന്നത് പോലെ തോന്നി… ഇല്ല തളർന്ന് പോകാൻ പാടില്ല… എന്തായാലും നേരിട്ടേ പറ്റു… ഇനി ഓടി ഒളിക്കാനാവില്ല… ഞാൻ ഫോൺ കട്ട് ചെയ്ത് മുറിയിൽ നിന്നിറങ്ങി… ഗിരിയേട്ടൻ്റെ അമ്മ കിടക്കുന്ന മുറി പുറത്ത് നിന്ന് പൂട്ടി… ആദ്യം ജനൽ തുറന്നു…. ” .. ഇപ്പോൾ കതക് തുറക്കാൻ പറ്റില്ല…എന്താ കാര്യം.. ” ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു…

അയാൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നീങ്ങി നിന്നു…. എൻ്റെ നേരെ കുറച്ച് പേപ്പറുകൾ നീട്ടി… “ഈ വീടും സ്ഥലവും എൻ്റെ പേരിലാക്കാനുള്ള പേപ്പറുകളാണ്… നീയിത് വേഗം ഒപ്പിട്ടേ…. ഒപ്പിട്ട് കഴിഞ്ഞാൽ പിന്നെ ഡിവോഴ്സ് നോട്ടീസ് പിന്നാലെ അയക്കാം… ഡിവോഴ്സ് ആയി കഴിഞ്ഞാൽ നിൻ്റെ ആഗ്രഹപ്രകാരം ആരുടെ കൂടെ വേണമെങ്കിലും പോകാം…. നിൻ്റെ അച്ഛൻ പറഞ്ഞിരുന്നു… ഈ വീടും സ്ഥലവും എൻ്റെ പേരിലാക്കി തരാന്ന്….. ” അയാൾ ഒരു വഷളൻ ചിരിയോടെ പറഞ്ഞു… ” അതിന് ഞാൻ ആരുടെയും കൂടെ പോകുന്നില്ല… ഒപ്പും ഇട്ട് തരില്ല…. ” ഞാൻ വെറുപ്പോടെ മുഖം തിരിച്ചു… ആ പേപ്പർ കൈയ്യിൽ വാങ്ങി കീറി തറയിലേക്കിട്ടു…. ജനൽ അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് ശരത്തേട്ടൻ്റെ അരികിലേക്ക് നീങ്ങി നിന്നു… ഞാൻ ഭയന്ന് പുറകിലേക്കു മാറും മുന്നേ എൻ്റെ കൈയ്യിൽ പിടിച്ചിരുന്നു..

ഞാൻ ഉച്ചത്തിൽ നിലവിളിച്ച് പോയി… ” കതക് തുറക്ക്… മര്യാദയ്ക്ക് ഒപ്പിട്ട് തന്നിട്ട് എങ്ങോട്ടേലും പോയ്ക്കോണം…” കേട്ടല്ലോ ” എന്ന് പറഞ്ഞ് എൻ്റെ കൈ പിടച്ചു തിരിച്ചു… കൈയ്യൊടിഞ്ഞ് പോകും എന്ന് തോന്നി… അയാളുടെ കൈയ്യിലെ പിടുത്തം കഴുത്തിലായതും വെപ്രാളത്തോടെ പിടഞ്ഞു പോയി… “ശരി ഒപ്പിട്ട് തരണ്ട… നീ ജീവനോടെ ഉണ്ടെങ്കിലല്ലേയുള്ളു ഒപ്പിട്ട് തരേണ്ട ആവശ്യമുള്ളു… മരിച്ച് കഴിഞ്ഞാൽ ഭാര്യയുടെ സ്വത്ത് ഭർത്താവിന് സ്വന്തം ” എന്ന് പറഞ്ഞ് അയാൾ ഉച്ചത്തിൽ അട്ടഹസിച്ചപ്പോൾ ഞാൻ നിസ്സഹായായി മരണത്തേയും കാത്തു കണ്ണടച്ചു കിടന്നു… പെട്ടന്നാണ് ഒരു അലർച്ച കേട്ടത്…

ഞാൻ മുൻപോട്ട് വീണു… കുറെ ചുമച്ചു… ഒരു വിധത്തിൽ എഴുന്നേറ്റിരുന്നു… ” അയ്യോ കള്ളൻ ഓടി വരണേ” ഗിരിയേട്ടൻ്റെ ശബ്ദം ഉച്ചത്തിൽ കേട്ടു… ആളുകൾ ഓടികൂടി… ഞാൻ പതിയെ എഴുന്നേറ്റു കതക് തുറന്നു…. “കള്ളനാ കള്ളൻ ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ അയാളെ ഇടിച്ചു താഴെയിട്ടു… മണ്ണിൽ കമഴ്ത്തിയിട്ടു…. ആളുകൾ ഓടി കൂടിയിട്ടും ഗിരിയേട്ടൻ അയാളുടെ പുറത്ത് നിന്ന് എഴുന്നേറ്റില്ല… ശരത്തേട്ടൻ്റെ കരച്ചിൽ ഉച്ചത്തിൽ കേട്ടു… ഞാനും പറഞ്ഞു… കള്ളനാ അവൻ ഏതോ കള്ളൻ…..തുടരും

സ്‌നേഹതീരം: ഭാഗം 5

Share this story