ഋതുസംക്രമം : ഭാഗം 17

ഋതുസംക്രമം : ഭാഗം 17

എഴുത്തുകാരി: അമൃത അജയൻ

കൈയിലിരുന്ന എൻവലപ്പ് മുറുകെ പിടിച്ചു . പത്മതീർത്ഥത്തിൻ്റെ ഗേറ്റ് കടന്നിട്ട് അവൻ തലയുയർത്തി പിടിച്ചു നടന്നു . എത്രയോ നാളുകളായി പഴയിടത്തേക്കുള്ള വഴി ആത്മവിശ്വാസത്തോടെ നടന്നു തീർത്തിട്ട് . തലകുനിച്ചും ആളൊഴിഞ്ഞ സമയങ്ങളും നോക്കി നടക്കാൻ താൻ ശീലിച്ചു തുടങ്ങിയത് നാട്ടുകാരുടെ ചോദ്യങ്ങളിൽ മനം മടുത്തു തുടങ്ങിയിട്ടാണ് . കല്ല്യാണങ്ങൾക്കോ വിശേഷങ്ങൾക്കോ പങ്കെടുക്കുന്നത് ഒഴിവാക്കി . എല്ലാം പഠിത്തം കഴിഞ്ഞോ , ജോലിയായില്ലെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഭയന്നിട്ട് . ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചു പോയിട്ടുണ്ട് . എല്ലാറ്റിനുമൊരു അവസാനമുണ്ടായിരിക്കുന്നു .

ഇനിയാരുടെ മുന്നിലും തലയെടുപ്പോടെ കയറി ചെല്ലാം . പണ്ടുമുതൽക്കേ കുടുംബത്തിനുള്ളിൽ കേട്ടു വളർന്ന പലകാര്യങ്ങൾ കൊണ്ടും അഞ്ജനയെ വെറുപ്പായിരുന്നു . ആരോടും വെറുപ്പും വിദ്വോഷവും വെച്ചു പുലർത്തരുതെന്ന് അപ്പാ പറഞ്ഞിട്ടുള്ളതെത്ര ശരി . ഒരാപത്തു സമയത്ത് തന്നെ സഹായിക്കാൻ ഇത്രയും കാലം വെറുപ്പിൻ്റെ കണ്ണിൽ കണ്ടിരുന്ന സ്ത്രീയേ ഉണ്ടായുള്ളു . പൂമുഖത്ത് ശ്രീനന്ദയും രാഗിണിയും അവൻ്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു . പടിപ്പുര കടന്ന് വരുന്ന സൂര്യൻ്റെ മുഖത്തെ തെളിച്ചം ദൂരെ നിന്നെ അവർ കണ്ടു . അവൻ പറഞ്ഞത് അവിശ്വസനീയതയോടെ ഇരുവരും കേട്ടു .

അഞ്ജനയുടെ പേർസണൽ സ്റ്റാഫിലേക്ക് . ശ്രീനന്ദയ്ക്ക് ഉള്ളിലൊരു ഭീതിയുടലെടുത്തു . അവളെന്തെങ്കിലും മനസിൽ കണ്ടിട്ടാണോ . ഒന്നു കാണാതെ ഒന്നും ചെയ്യുന്നവളല്ല പത്മതീർത്ഥത്തിൽ അഞ്ജന ദേവി . കാരണം അവൾ പത്മതീർത്ഥത്തിൽ അഞ്ജന ദേവിയാകും മുൻപേ നാരകത്ത് സുരേശൻ്റെ മകളാണ് . SN സുരേശൻ്റെ മകൾ . സൂര്യൻ്റെ സന്തോഷം കാണുമ്പോൾ പക്ഷെ ഒന്നും പറയാനും കഴിയുന്നില്ല . ‘ പപ്പിയാൻറിയെ വിളിച്ചൊരു താങ്ക്സ് പറയണം നന്ദേമ്മായി ‘ എന്ന് സൂര്യൻ പറഞ്ഞപ്പോൾ സമ്മതത്തിൽ തലയാട്ടി . ‘ൻ്റെ കുട്ടിയെ കാത്തോണേന്ന് ‘ ഉള്ളുരുകി പ്രാർത്ഥിക്കാനേ നന്ദയ്ക്ക് കഴിഞ്ഞുള്ളു . ***********

” മാനസ മൈനേ വരൂ ….. മധുരം തള്ളി തരൂ ..” ” തള്ളിയല്ലടാ… കിള്ളി ….” ബക്കറ്റിൽ കഴുകി വച്ചിരുന്ന നനഞ്ഞ തുണി അയയിൽ വിരിക്കുന്നതിനിടയിലും ഉറക്കെപ്പാടുന്ന റോയിയെ ആഷിക് തിരുത്തി . അവരിൽ നിന്നകന്ന് തറയിൽ മലർന്ന് കിടക്കുന്ന നിരഞ്ജൻ . ടെറസിൻ്റെ കൈവരിയിൽ ഉണ്ണിയുമുണ്ട് . ഹൗസ്സർജൻസി തുടങ്ങിയതിൽപ്പിന്നെ നാലാളും ഒരുമിച്ചുണ്ടാകുന്നത് വിരളമായിട്ടാണ് . അവരെക്കൂടാതെ സിഗരറ്റ് വലിക്കാൻ വന്നവരും , വെള്ളമടി ടീംസും ഫോൺ വിളി ടീംസുമടക്കം അവിടെ ചുറ്റിത്തിരിഞ്ഞ് നടപ്പുണ്ട് . ” മാനസ മൈനേ വരൂ .. മധുരം തള്ളിത്തരൂ … ”

റോയി വീണ്ടും പാടിയപ്പോൾ ഉണ്ണിയവനെ ദഹിപ്പിച്ചു നോക്കി . ” നീയെന്തിനാ നോക്കിപ്പേടിപ്പിക്കുന്നേ .. രണ്ടും കൂടി തനിച്ചൊണ്ടാക്കാൻ പോയതല്ലേ . ഞാനിനിയും പാടും .. ” തങ്ങളോട് പറയാതെ നിരഞ്ജനും ഉണ്ണിയ്ക്കുമിടയിൽ ഒരു രഹസ്യമുണ്ടായതിൽ റോയിക്കും ആഷിക്കിനും ചെറിയൊരു നീരസമുണ്ടായിരുന്നു . ” എടാ നിനക്കവൻ്റെ സ്വഭാവം അറിയാല്ലോ . ഇതിപ്പോ എൻ്റെ നാട്ടുകാരിയും എൻ്റെ പരിചയക്കാരിയുമായത് കൊണ്ടാ എന്നോടെങ്കിലും കാര്യം പറഞ്ഞത് ” ഉണ്ണി പറഞ്ഞത് കേട്ടിട്ടും റോയി മുഖം വെട്ടിച്ചിരുന്നു . ” അത് പോട്ടെടാ . ഇപ്പോ നമുക്കെന്ത് ചെയ്യാമെന്നാലോചിക്ക് . ”

ആഷിക് എല്ലാവരെയും നോക്കി . ” നിനക്കാ പെണ്ണിനെ കെട്ടാൻ പോകുന്നവനെ അറിയാമോ . എങ്കിൽ നമുക്കവനെയങ്ങ് പൊക്കാം . ” റോയിയാണ് . ഉണ്ണിയവനെ കലിപ്പിച്ചു നോക്കി . ” ഞാൻ കാര്യായിട്ട് പറഞ്ഞതാടാ . അവനോട് നമുക്ക് കാര്യം പറയാം . ഇവനവളോട് അസ്ഥിക്ക് പിടിച്ച പ്രേമമാണ് . നീ വേറെ പെണ്ണിനെ നോക്കിക്കോന്ന് .” അവൻ നിസാരമായി പറഞ്ഞു . ” നിനക്കറിയില്ലായിരുന്നോ അവളുടെ കല്ല്യാണം ഉറപ്പിച്ചതായിരുന്നെന്ന് ”

എന്ന ആഷിക്കിൻ്റെ ചോദ്യത്തിന് അറിയാമെങ്കിൽ ഞാൻ നേരത്തേ പറയില്ലായിരുന്നോ എന്നായിരുന്നു ഉണ്ണിയുടെ മറുപടി . ‘ ആ പെണ്ണിന് സമ്മതമാണെങ്കിൽ നമുക്കിവരുടെ രജിസ്റ്റർ മാരേജ് നടത്താം ‘ കൂട്ടുകാരുടെ ചർച്ച അസഹനീയമായപ്പോൾ നിരഞ്ജനെഴുന്നേറ്റ് താഴേക്ക് വന്നു , റൂമടച്ച് കിടന്നു . ഉണ്ണി വന്ന് വിളിച്ചിട്ടും തുറന്നില്ല . അവൻ പിന്നെ ആഷിക്കിൻ്റെയും റോയിയിയുടെയും മുറിയിൽ അഡ്ജസ്റ്റ് ചെയ്തു . നിരഞ്ജൻ തലയിണയിൽ മുഖമമർത്തിക്കിടന്നു . കണ്ണുകളിൽ ഈറനടിഞ്ഞു കൂടി . ഉറക്കത്തിൽ കണ്ട സ്വപ്നം പോലെ അവളെ മറന്നേ പറ്റൂ . ******* **

ആരെയോ ബോധിപ്പിക്കാനെന്ന പോലെ പുസ്തകം തുറന്നു വച്ച് മൈത്രി അതിനു മുന്നിലിരുന്നു . ഒരു വശത്ത് ജിതിൻ പിടിമുറുക്കി തുടങ്ങിയിരിക്കുന്നു . കുറച്ച് മുൻപ് അമ്മ വിളിച്ച് വഴക്ക് പറഞ്ഞത് ജിതിൻ പറഞ്ഞിട്ടാണ് . താൻ ഫോണെടുക്കില്ലെന്ന് അമ്മയോട് പറഞ്ഞിരിക്കുന്നു . അമ്മ വന്ന് ഫോൺ പരിശോധിച്ചപ്പോൾ നെഞ്ചിടിപ്പോടെയാണ് നിന്നത് . ജിതിൻ വിളിക്കുമ്പോൾ ഫോണെടുക്കാത്തതെന്തെന്ന് മാത്രമേ ചോദിച്ചുള്ളു . ഇനിയങ്ങനെയൊരു കംപ്ലയിൻ്റ് കേൾക്കരുതെന്ന് താക്കീതും . നിരഞ്ജനറിയില്ലല്ലോ മൈത്രേയി ഇങ്ങനെയൊരു കുട്ടിയാണെന്ന് . തന്നെക്കുറിച്ച് ആ മനസിലിപ്പോ എന്തായിരിക്കും . സോറി നിരഞ്ജാ . മൈത്രിയുടെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കുന്ന ആരും ഈ വീട്ടിലില്ല .

അതിനു മനസുള്ളൊരാള് അകത്തുണ്ട് . ആ ആൾക്ക് പക്ഷെ ഒന്നിനും കഴിയില്ല . നിനക്ക് മനസ് തന്നാലും ഒരിക്കലും മൈത്രേയിക്ക് നിരഞ്ജന്റെ സ്വന്തമാകാൻ കഴിയില്ല . കരയാനും സങ്കടപ്പെടാനും വയ്യാഞ്ഞിട്ടല്ല നിരഞ്ജാ . മൈത്രിയ്ക്കത് ശീലമാ .. പക്ഷെ നീ സങ്കടപ്പെടുന്നതു കാണാൻ വയ്യല്ലോ . നിനക്കൊരാപത്തും വന്നു കൂടാ .. ഒക്കെ മറന്ന് എവിടെയെങ്കിലും നീ സന്തോഷമായിട്ട് ജീവിച്ചാൽ മതി .. നിന്നെ സ്നേഹിക്കാനും മനസിലാക്കാനും ഇഷ്ടങ്ങൾക്ക് കൂടെ നിൽക്കാനും അച്ഛനുമമ്മയും കൂടപ്പിറപ്പുകളുമൊക്കെയുണ്ടാകില്ലെ . അവർക്കൊന്നും നീ നഷ്ടമായിക്കൂടാ .. അതിനൊന്നും മൈത്രി കാരണവുമായിക്കൂടാ . അവളുടെ ചിന്തകളെ മുറിച്ചു കൊണ്ട് ടേബിളിലിരുന്ന് ഫോൺ ശബ്ദിച്ചു .

ജിതിനാണെന്നറിയാം . ഇനിയെടുക്കാതിരുന്നാൽ .. അവൾ ആ നമ്പറിലേക്ക് തുറിച്ചു നോക്കിയിട്ട് കാളറ്റൻഡ് ചെയ്തു .. ” തന്നെ വിളിച്ചാലെന്താടോ അറ്റൻഡ് ചെയ്യാത്തെ . ” മുഖവുരയില്ലാതെയുള്ള ചോദ്യത്തിലെ നീരസം അവൾ തിരിച്ചറിഞ്ഞു . ഇതിനു മാത്രം അധികാരം ജിതിന് തന്നിലുണ്ടോ . ഉണ്ടായിരിക്കും. അമ്മ കൊടുത്തിട്ടുണ്ടാവും . ” താൻ കേൾക്കുന്നുണ്ടോ ..” അവൾ മിണ്ടാതിരുന്നപ്പോൾ മറുവശത്ത് നിന്ന് ചോദ്യം വന്നു . . അവൾ മൂളി . അവൻ ആദ്യം ചോദിച്ചത് വീണ്ടും ആവർത്തിച്ചു . അതിനവൾ ഉത്തരം പറഞ്ഞില്ല .. ഉത്തരമില്ലാഞ്ഞിട്ടല്ല . പറയാനുള്ള പേടി കൊണ്ട് . അവൻ അമ്മയോട് കള്ളം പറഞ്ഞിട്ടാണ് അമ്മ തന്നെ തല്ലിയത് . ആ ദേഷ്യം മാത്രമല്ല , തൻ്റെ മനസിലൊരിടത്തും ജിതിന് സ്ഥാനമില്ല .

” മൈത്രേയി .. ” അവൻ പേരെടുത്ത് വിളിച്ചപ്പോൾ അവൾ മൂളി . . ” എനിക്കിങ്ങനെ വളച്ച് കെട്ടി സംസാരിക്കാനറിയില്ല . താൻ തുറന്നു പറയൂ … തനിക്കെന്നെ മാരി ചെയ്യാൻ താത്പര്യമില്ലേ ..” അവൻ തുറന്നടിച്ച് ചോദിച്ചപ്പോൾ മൈത്രിയുടെ നെഞ്ചിടിച്ചു . അമ്മ കീ കൊടുത്തു വച്ചിരിക്കുന്ന പാവയാണ് മൈത്രേയിയെന്ന് ജിതിനറിയാം . തന്നോടവനിങ്ങനെ ചോദിക്കുമെന്ന് അവൾ പ്രതീക്ഷിച്ചില്ല . ” ടു ബി ഫ്രാങ്ക് .. തനിക്കിഷ്ടമല്ലെങ്കിൽ ഞാൻ നിർന്ധിക്കില്ല . എൻ്റെ പപ്പയുടെ നിർബന്ധം കൊണ്ടാ ഞാനിതിന് സമ്മതിച്ചത് .. സത്യത്തിൽ എൻ്റെ ഡ്രീംഗേൾ തന്നെപ്പോലൊരു ഇൻട്രോവർട്ടല്ല .. ” അവൾ മിണ്ടാതെ നിന്നു . സത്യം പറഞ്ഞാൽ അയാളമ്മയോട് പറയും . എങ്കിൽ തനിക്ക് തല്ലുറപ്പാ .. ”

തൻ്റെ അമ്മയോട് പറയും എന്ന പേടിയാണെങ്കിൽ അത് വിട്ടേക്കു . എനിക്കറിയില്ലായിരുന്നു തന്നെയിപ്പോഴും ആൻ്റി ചൂരലിന് തല്ലിയാ വളർത്തുന്നേന്ന് . ചെറ്യച്ഛൻ പറഞ്ഞപ്പോഴാ ഞാനറിയുന്നത് . തനിക്ക് താത്പര്യമില്ലെങ്കിൽ , ഞാനെനിക്കിഷ്ടമില്ലെന്ന് പറഞ്ഞോളാം .. ” മൈത്രി കാതോർത്തു . ജിതിനെ വിശ്വസിക്കാമോ . ചിലപ്പോൾ പറഞ്ഞത് സത്യമായിരിക്കും . അയാളെങ്ങനെയറിയാനാണ് അമ്മ തന്നെ തല്ലുമെന്നൊക്കെ . ഇപ്പോ ജയനങ്കിൾ പറഞ്ഞു കൊടുത്തു കാണും . ” തനിക്ക് ഇഷ്ടമല്ല അല്ലേ …? ” അവളുടെ മറുപടി കിട്ടാതെയായപ്പോൾ അവൻ പിന്നെയും ചോദിച്ചു . ” എ ..നിക്ക് .. ൻ്റെ മനസിൽ ജിതിനെപ്പോലൊരാളല്ല .. ” അവൾ രണ്ടും കൽപ്പിച്ചു പറഞ്ഞു .

കുറച്ചു സമയം മറുവശത്ത് നിശബ്ദത പടർന്നു .. ” മൈത്രേയിക്ക് അഫയറുണ്ടോ ..?” ആ ചോദ്യം കേട്ടപ്പോൾ അവളൊന്നു പകച്ചു .. ഇല്ലെന്ന് ഉത്തരം നൽകുമ്പോൾ മനസിൽ നിരഞ്ജൻ്റെ മുഖമായിരുന്നു . ” ഒക്കെ … ദെൻ ലീവിറ്റ് .. താൻ വിഷമിക്കണ്ട .. ഇത് ഞാൻ മാനേജ് ചെയ്തോളാം .. ” അവൾക്ക് ആശ്വാസം തോന്നി . ജിതിനിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചതല്ല .. തെറ്റിപ്പോയത് തനിക്കായിരിക്കും . അയാളൊരുപാടൊക്കെ പഠിച്ചയാളല്ലേ . ഇഷ്ടമില്ലാത്ത റിലേഷനിൽ കുരുങ്ങി ലൈഫ് സ്പോയിൽ ചെയ്യാനൊന്നും മുതിരില്ല .. ജിതിൻ ഗുഡ്നൈറ്റ് പറഞ്ഞപ്പോൾ അവൾ മടക്കി നൽകി .

മനസിൽ എന്തെന്നില്ലാത്തൊരു സന്തോഷം നിറഞ്ഞിരുന്നു . ആദ്യമായിട്ടൊരാൾ മൈത്രേയിയുടെ ഇഷ്ടം ചോദിച്ചിരിക്കുന്നു . അതിനെ മാനിച്ചിരിക്കുന്നു . അതും ഈ നിമിഷം വരെ ഒരുതരം വെറുപ്പോടെ മാത്രം മനസിലോർത്തിരുന്ന മനുഷ്യൻ . . ഒരു പക്ഷെ ഇത് കുറച്ചു മുൻപേ. ആയിരുന്നെങ്കിൽ .. നിരഞ്ജന് താനിന്ന് എന്ത് മറുപടി കൊടുക്കുമായിരുന്നു .. ജനൽപ്പടിയിൽ പിടിച്ച് മുറ്റത്തെ നേർത്ത നിലാവിനെ സാകൂതം നോക്കി നിന്നു . അതുവരെയില്ലാത്തൊരു ഭംഗി അതിനുണ്ടെന്ന് തോന്നി . നിലാവിന് മാത്രമല്ല , നിലാവിറ്റു വീണ ഇലകൾക്കും വെള്ളാരം കല്ലിനുമെല്ലാമൊരു പ്രത്യേക ഭംഗി .. ആകാശത്തിനും നക്ഷത്രങ്ങൾക്കും പുതിയൊരു സൗന്ദര്യം കൈവന്നിരിക്കുന്നു .

അതോ തൻ്റെ കാഴ്ചക്കോ നിറം വച്ചു തുടങ്ങിയത് .. ഹൃദയത്തിലെവിടെയോ പെയ്തു വീണ നറുനിലാവല്ലേ ഇപ്പോൾ ചുറ്റിനും ശോഭ പരത്തുന്നത് . ഈ നിലാവിനിയൊരിക്കലും മായാതിരുന്നെങ്കിൽ . . അവൾ ഫോണിൻ്റെ ബോക്സിൽ നിന്ന് ഹെഡ്സെറ്റെടുത്തു ഫോണിൽ കുത്തി . ഇയർപീസ് ചെവിയിൽ തിരുകി യൂറ്റുബിൽ പാട്ട് തിരഞ്ഞു .. ” രാവിൻ നിലാക്കായൽ ഓളം തുളുമ്പുന്നു .. നാണം മയങ്ങും പൊന്നാമ്പൽ പ്രേമാർദ്രമാകുന്നു .. പള്ളിത്തേരിൽ നിന്നെക്കാണാൻ .. വന്നെത്തുന്നു .. വെള്ളിത്തിങ്കൾ … രചനീ ഗീതങ്ങൾ പോലെ … വീണ്ടും കേൾപ്പൂ … സ്നേഹ വീണാനാദം .. അഴകിൻ പൊൻതൂവലിൽ നീ … കവിതയോ പ്രണയമോ …” [ കടപ്പാട് : മഴവില്ല് ] നിലാവിനെ നോക്കി അവൾ പുഞ്ചിരിച്ചു .. നിലാവേ നീയുമെന്നെപ്പോലേ പ്രണയാതുരയാണോ .. ഈ നിഴലുകൾ നിന്നിലെ വിരഹമാണോ .. അവൾ സ്വയം നിലാവിനോടുപമിച്ചു ….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 16

Share this story