ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 3

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 3

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

നവിയെ ഒന്നു നോക്കിയിട്ട് സാരിയുടെ മുന്താണിയും തുമ്പും കൂടിയെടുത്ത് ഇടുപ്പിലേക്ക് കുത്തിക്കൊണ്ടവൾ അകത്തേക്ക് കയറി… താക്കോലുമായി പുറത്തേക്കിറങ്ങി വന്ന്‌ എഴുത്തു പുരയുടെ നേർക്ക് നടന്നു… നവി അവിടെ തന്നെ നിന്നു….ഇനി അങ്ങോട്ട് ചെന്നാൽ ഇഷ്ടപ്പെടുമോ എന്നറിയാത്തത് കൊണ്ടു അവൻ മെല്ലെ ബുള്ളറ്റിലേക്കിരുന്നു…. “ആഹ്.. വൈദ്യരെത്തിയോ…ചായ കുടിച്ചാരുന്നോ?? ” മുത്തശ്ശിയാണ്… “മ്മ്… ആശുപത്രിക്ക് അടുത്തൊരു കടയിൽ രവിയേട്ടൻ ഏർപ്പാട് ചെയ്തു… പ്രാതലും, ഉച്ചയൂണും, ചായേം… “അവൻ പറഞ്ഞു.. “അപ്പൊ അത്താഴമോ.. “മുത്തശ്ശി വീണ്ടും ചോദിച്ചു… “ഒരു പാക്കറ്റ് ബ്രെഡ്‌ വാങ്ങിയിട്ടുണ്ട്… അത്‌ കഴിക്കാം… ” “യ്യോ.. അത്‌ കൊണ്ടു വല്ലതും ആകുവോ..

അത്താഴപട്ടിണി കിടക്കരുത് കേട്ടോ… വേഗം ക്ഷീണിക്കും… “മുത്തശ്ശി പറഞ്ഞു… ഇതിനിടയിൽ ഗൗരി ബക്കറ്റും വെള്ളവുമൊക്കെ എടുത്തു കൊണ്ടു പോകുന്നത് അവൻ കാണുന്നുണ്ടായിരുന്നു… ദ്രുതഗതിയിൽ ചടുലതയോടെ ആ വീട്ടിലെ വരാന്തയും രണ്ടു മുറികളും ചായ്‌പ്പുമൊക്കെ അവൾ തുടച്ചു വൃത്തിയാക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു … മുത്തശ്ശിയും നവിയും കൂടി അവരുടെ വീടിന്റെ ഉമ്മറത്തിരുന്നു… മുത്തശ്ശി ഒരു സംഭാഷണപ്രിയ ആണെന്ന് നൊടിയിട കൊണ്ടു തന്നെ നവിക്ക് മനസിലായി.. അറിയേണ്ടാത്ത കാര്യങ്ങളൊന്നുമില്ല… നവിയോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ മുന്നിലെ ചെറു റോഡിലൂടെ പോയ രണ്ടു പെരേ പിടിച്ചു നിർത്തി കുശലം ചോദിക്കുന്നത് കണ്ടു..

“ഓയ്… ഡോക്ടറെ… ഇങ്ങ് വാ.. “എഴുത്തു പുരയുടെ വാതിൽ പടിയിൽ നിന്നു കൊണ്ടു ഗൗരി വിളിക്കുന്നത് കണ്ടു നവി ബാഗുകളൊക്കെ എടുത്ത് അങ്ങോട്ട് ചെന്നു.. കൂടെ മുത്തശ്ശിയും…. “ഡോക്ടർക്ക് പാചകം ചെയ്യാൻ ഗ്യാസോ, ഇന്റക്ഷൻ കുക്കറോ മറ്റോ ഉണ്ടെങ്കിൽ ചായ്‌പ്പിൽ വെച്ച് ഉപയോഗിക്കാം… പിന്നെ ഒരു മുറിയിൽ അച്ഛന്റെ പുസ്തകങ്ങളും എഴുത്തും സംഗീത ഉപകരണങ്ങളും ഒക്കെയാണ്… അതിനൊന്നും ഒരു കേടുപാടും സംഭവിക്കരുത്.. ആ മുറിക്ക് വാതിൽ പൂട്ടില്ല… അത്‌ കൊണ്ടു ഡോക്ടർ പോകുമ്പോൾ വീട് പൂട്ടി താക്കോൽ ഒന്നെങ്കിൽ ഏൽപ്പിക്കുക അല്ലെങ്കിൽ കയ്യിൽ സൂക്ഷിക്കുക… “പറഞ്ഞ് കൊണ്ടു അവൾ വീടിന്റെ താക്കോൽ അവന്റെ നേരെ നീട്ടി…

“ഓ.. പിന്നെ.. ഇവളുടെ പറച്ചിൽ കേട്ടാൽ തോന്നും അവളുടെ അച്ഛന്റെ സാമഗ്രികൾ മാത്രമേ വിലപിടിച്ചതായിട്ടുള്ളു എന്ന്.. ബാക്കിയുള്ളവന്റെ സാധനങ്ങൾ ഒക്കെയെന്താ വേസ്റ്റ് ആണോ… “ഗൗരിയെ നോക്കി കൊണ്ടു അവനത് മനസ്സിൽ വിചാരിച്ചേയുള്ളു… പറഞ്ഞില്ല.. “ഡോക്ടർക്കെന്താ താക്കോൽ വേണ്ടേ..?? “അവളെ തന്നെ നോക്കി റിലേ പോയി നിന്ന നവിയെ നോക്കി അവൾ വീണ്ടും ചോദിച്ചു… “വ്.. വേണം… തന്നോളൂ… “അവൻ വലതു കൈ നീട്ടി… അവന്റെ കയ്യിലേക്ക് താക്കോൽ വെച്ച് കൊടുത്തു തിരിഞ്ഞ ഗൗരി ഒരിക്കൽ കൂടി ആ കൈകളിലേക്കൊന്നു ഉറ്റു നോക്കി.. “കൃഷ്ണാ !!ഈ നവരത്‌നമോതിരം… ഇത്… ഇതല്ലേ താൻ വെളുപ്പിന് കണ്ട സ്വപ്നത്തിൽ… !!!!മഹാദേവാ…

എന്താണിതൊക്കെ ….??? അവൾ ആശങ്കയോടെ അവന്റെ കയ്യിലേക്കും മുഖത്തേക്കും ഉറ്റു നോക്കി… ഈ സമയം ഗൗരിയുടെ കയ്യിലേക്കുള്ള നോട്ടം കണ്ടു നവി കൈ പിൻവലിച്ചു.. ഇനി താക്കോൽ വാങ്ങിയ രീതി വല്ലതും ശരിയല്ലാതുണ്ടോ… അതിനു ചിലപ്പോൾ ഇനി ചീത്ത കേൾക്കേണ്ടി വരും… അവനോർത്തു.. അവൾ വേഗം തിരിഞ്ഞു നടന്നു.. നവി എഴുത്തു പുരയുടെ അകത്തേക്കും… വരാന്തയിൽ നിന്നു കയറുന്നതു ചെറിയൊരു ഇടനാഴിയിലേക്ക്… അതിന്റെ ഇരു വശത്തും ഓരോ മുറികൾ… അവൻ ആദ്യം കണ്ട മുറിയിലേക്ക് കയറി… കട്ടിലും മേശയും കിടപ്പുണ്ട്… നവി മേശയുടെ അടിയിലേക്ക് തന്റെ ബാഗുകൾ വെച്ചു… ആ മുറിയിൽ നിന്നിറങ്ങുന്നത് ചായ്‌പ്പിലേക്കാണ്…

ചെറിയൊരു കല്ലടുപ്പുണ്ട് അവിടെ.. അതിനോട് ചേർന്നൊരു തട്ടും… അതിനടുത്തു തന്നെ ബാത്റൂമും ഉണ്ട്… ചെറുതെങ്കിലും വൃത്തിയും വെടിപ്പുമുള്ള ഓടിട്ട ഒരു വീട്…നവിക്ക് ഇഷ്ടമായി.. നവി വേഗം കുളിക്കാനുള്ള ഒരുക്കം കൂട്ടി… കുളികഴിഞ്ഞൊരു ടീഷർട്ടും ട്രാക് സ്യൂട്ടും എടുത്തിട്ടുകൊണ്ട് പുറത്തേക്കിറങ്ങാനാഞ്ഞു… അപ്പോഴാണ് തന്റെ മുറിയുടെ എതിർവശത്തുള്ള വാതിൽ ചാരിയിട്ടിരിക്കുന്ന ആ മുറി ശ്രദ്ധിച്ചത്… നവി പതുക്കെ അത് തുറന്നു… ഒരുപാട് പുസ്തകങ്ങൾ നിറച്ചു വെച്ചിരിക്കുന്ന ഷെൽഫുകളും മേശപ്പുറവും.. ആരോ എഴുതി പകുതിയാക്കിയ ഒരു കവിത മേശപ്പുറത്തിരിപ്പുണ്ടായിരുന്നു.. അതിന്മേൽ ഭാരത്തിനെന്നോണം ചെറിയ ഒരു ഉരുളൻ കല്ലെടുത്ത് വെച്ചിട്ടുണ്ട്… അടുത്ത് തന്നെ ഒരു മഷിപ്പേനയും മഷിക്കുപ്പിയും…

ആടുന്ന ഒരു ചാരുകസേരയും…മൂലയിലായി കുറച്ചു സംഗീതോപകരണങ്ങളും ഇരിപ്പുണ്ട്… നവി ആ മുറിക്ക് ചുറ്റും ഒന്നു കണ്ണോടിച്ചു… ഭിത്തിയിൽ തൂക്കിയിരിക്കുന്ന മാലയിട്ട ചിത്രത്തിൽ നിന്നും അതാണ്‌ ഗൗരിയുടെ അച്ഛൻ എന്ന് നവിക്ക് മനസ്സിലായി… അവൻ വാതിൽ ചാരിക്കൊണ്ട് പുറത്തേക്കിറങ്ങി… അപ്പോൾ മുത്തശ്ശി എന്തോ പാത്രത്തിൽ കൊണ്ടു വരുന്നത് കണ്ടു… “ദാ…ഈ നേന്ത്രപ്പഴം കഴിക്ക് വൈദ്യരെ..”മുത്തശ്ശി രണ്ടു നേന്ത്ര പഴമെടുത്തു നവിക്ക് നൽകി… നവി ഒന്നെടുത്തു തൊലി ഉരിഞ്ഞപ്പോഴേക്കും മുത്തശ്ശി പറഞ്ഞു… “നമ്മുടെ തൊടിയിലെയാ.. നാടൻ പഴമാ.. ” “മ്മ്.. “നവി തലയാട്ടി… പറമ്പോക്കെ ഒന്നു നടന്നു കാണാം എന്ന് വിചാരിച്ച നവിയെ നിരാശപ്പെടുത്തിക്കൊണ്ട് മുത്തശ്ശി സംസാരത്തിനായി വരാന്തയിലേക്കിരുന്നു…

പിന്നെ നവിയുടെ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമായി ചർച്ച… ഇതിനിടയിലും അപ്പുറത്തെ വീട്ടിലെ ജനാലക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന ആ രൂപം നവി കാണുന്നുണ്ടായിരുന്നു… ഇടക്ക് ഒരു സമയം ഒരു കുടവുമായി കിണറ്റിൻ ചോട്ടിലും കണ്ടു… ഒരിക്കൽ പോലും ആ നോട്ടം ഇങ്ങോട്ടൊന്നു പാളി വീഴുന്നില്ല എന്നതും നവിയെ അത്ഭുതപ്പെടുത്തി … റിലേഷൻഷിപ് ഉണ്ടാക്കാൻ നാട്ടിലും വിദേശത്തും പുറകെ നടന്നു പേക്കോലം കാട്ടിയിരുന്ന ആഷ്പുഷ്‌ പെൺകുട്ടികളെ അവന് ഓർമ വന്നു… എന്തൊക്കെ പ്രഹസനങ്ങൾ ആയിരുന്നു… അവനോർത്തു..

“വിളക്ക് വെയ്ക്കാറായി… ഞാൻ പോട്ടേ വൈദ്യരെ… “മുത്തശ്ശി തട്ടി കുടഞ്ഞു എഴുന്നേറ്റു… നവിയും… പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ടു അവൻ ഒരു മെഡിക്കൽ ജേർണൽ എടുത്തു വായിക്കാനിരുന്നു… ചെറിയൊരു ഈണത്തിൽ നാമജപം കേട്ടാണ് അവൻ വായന നിർത്തി എഴുന്നേറ്റത്… നോക്കിയപ്പോൾ അപ്പുറത്തെ വീടിന്റെ ഉമ്മറത്ത് സന്ധ്യാവിളക്ക് തെളിയിച്ചിട്ടുണ്ട്… സന്ധ്യയുടെ ചെറിയ ഇരുട്ടിൽ ദീപത്തിനടുത്തിരുന്നു നാമം ജപിക്കുകയാണ് ഗൗരിയും മുത്തശ്ശിയും.. നവി പതുക്കെ പുറത്തേക്കിറങ്ങി… അപ്പുറത്തെ വശത്ത് ആ അരഭിത്തിയോട് ചേർന്ന് നിന്നു നോക്കി… വിളക്കിന്റെ വെളിച്ചത്തിൽ ഭസ്മക്കുറി തൊട്ട് ഈറൻ മുടി വിതർത്തിട്ടിരുന്നു ചെറിയ ശബ്ദത്തിൽ എന്നാൽ നല്ല ഈണത്തിൽ നാമം ജപിക്കുന്ന ആ പെണ്ണിന്റെ കണ്ണിലെ അഴക് അവനിൽ പ്രണയം വിതച്ചു … …….🌷

വെളുപ്പാൻ കാലത്ത് എപ്പോഴോ അമ്പലത്തിൽ നിന്നൊരു ഭക്തിഗാനം അലയടിച്ചു കാതിലേക്കോഴുകി എത്തിയപ്പോഴാണ് നവി കണ്ണ് തുറന്നത്… നല്ല തണുപ്പ്… ഒന്നു കൂടി പുതച്ചു കിടക്കാമെന്നു വെച്ചെങ്കിലും അപ്പുറത്തെ വീടിന്റെ മുൻവശത്തു നിന്നും ജനലിന്റെ ചെറിയ വിടവിലൂടെ ഇങ്ങോട്ടേക്കു തുളഞ്ഞു കയറി വരുന്ന വെട്ടം കണ്ടു അവൻ എഴുന്നേറ്റു… പതിയെ ജനൽ തുറന്നപ്പോൾ മൂക്കിലേക്ക് അടിച്ചുകയറിയത് ചെമ്പക പൂക്കളുടെ ഗന്ധമാണ്… കണ്ണടച്ച് നിന്നു പോയി നവി… കുഞ്ഞുന്നാളിൽ ഏതോ നേഴ്സറിയിൽ നിന്നും അച്ഛൻ വാങ്ങി കൊണ്ടു വന്ന ആ ചെമ്പക തൈ പൂവിട്ടപ്പോൾ ഉണ്ടായ ആ വാസന ഓർമ്മയുണർത്തി അവനിൽ വന്നെത്തി… പിന്നീടെപ്പോഴോ അമ്മയുടെ ഗമക്ക് പിടിക്കാതെ വന്നപ്പോൾ അത്‌ മുറിച്ചു മാറ്റിയതും ..

അതോർത്തു വിതുമ്പിയ കൊച്ചു നവിയെ അച്ഛൻ ആശ്വസിപ്പിച്ചതുമൊക്കെ നൊമ്പരമുണർത്തി അവനിലേക്കെത്തി… വെറുതേ ഒന്നു തേക്കുവശത്തെ ജനൽ തുറന്നപ്പോഴാണ് കണ്ടത്… അവിടെയുമുണ്ട് പൂവിട്ട ചെമ്പകമരങ്ങൾ… അതാണ് ഇത്രയും വാസന പടർത്തി ഇവിടമാകെ മുങ്ങിക്കുളിച്ചു നിൽക്കുന്നത്… ബ്രഷ് ചെയ്തു കൊണ്ടു നവി വീണ്ടും വരാന്തയിലേക്ക് വന്നപ്പോഴാണ് തുളസി തറയിൽ ദീപം വെയ്ക്കുന്ന ഗൗരിയെ കണ്ടത്… ഈറൻ മുടി തൂവർത്തു ചുറ്റി വെച്ചിട്ടുണ്ട്… വിളക്ക് വെച്ച് കൈ കൂപ്പി തൊഴുത് ഒരു നിമിഷം നിന്നിട്ട് വേലിക്കടുത്ത് ചെന്നു നിന്നു കൊണ്ടു എന്തൊക്കെയോ ധൃതിയിൽ പറിച്ചെടുക്കുന്നുണ്ട് ആള്…

അതുമായി വന്നു നിന്നു അരഭിത്തിയിൽ വെച്ച് കോർക്കുന്നത് കണ്ടപ്പോഴാണ് വാഴനാരിൽ ആള് മാല കെട്ടുകയാണെന്ന് അവന് മനസിലായത്.. …….””””തുളസിക്കതിർ നുള്ളിയെടുത്ത്…… …….കണ്ണന്നൊരു മാലക്കായി…….. …….പൊട്ടാത്ത നൂലിൽ കെട്ടി…… ……എന്നെന്നും ചാർത്താം ഞാൻ… …….കണ്ണാ നീ ആടിയ ലീലകൾ…. …..ഒന്നൂടെ ആടൂല്ലേ… കണ്ണാ… കണ്ണാ”””… പതിഞ്ഞ സ്വരത്തിൽ എങ്കിലും നിശബ്ദതയാർന്ന ആ വെളുപ്പാൻ കാലത്ത് ആ സ്വരമാധുരി ഇമ്പമാർന്ന ഒന്നായി നവിയുടെ കാതോരം വന്നു പതിക്കുന്നുണ്ടായിരുന്നു… ചുറ്റി കെട്ടി വെച്ചിരുന്ന മുടിയഴിച്ചിട്ട് തുമ്പിലെ വെള്ളം ഒന്നു കൊട്ടി കളഞ്ഞു ഇടുപ്പിലേക്കു കയറ്റി വെച്ചിരുന്ന പാവാട തുമ്പ് വലിച്ചു നേരെയാക്കി വാഴയിലയിൽ താൻ കെട്ടിയ തുളസി മാലയുമായി വേലി കടന്നു പോകുന്ന ഗൗരിയെ നവി പ്രണയത്തോടെ നോക്കി നിന്നു…. 🌷🌷🌷🌷

പിന്നെയതൊരു പതിവായി മാറി… അമ്പലത്തിലെ ശംഖു നാദത്തിനും മുൻപേയുള്ള എഴുന്നേൽപ്പും ആ ജനാലയുടെ ഒരു പാളി തുറന്നു അങ്ങ് തുളസി തറയിൽ തെളിയുന്ന ദീപത്തിനെയും വെല്ലുന്ന പൂർണ്ണ ചന്ദ്രൻ ഉദിച്ചപോലെയുള്ള ആ മുഖം കണി കാണുന്നത്…. ഹൃദയത്തിലെ പ്രണയവല്ലരി തളിർത്ത് പൂത്തിട്ടും അതൊന്നു പ്രകടിപ്പിക്കാൻ പോലുമുള്ള അവസരം അവന് ലഭിക്കുന്നില്ലായിരുന്നു…. ആഴ്ച ഒന്നു പിന്നിട്ടു… നവിയുടെ രാത്രിയിലെ ഭക്ഷണം ഒരു പ്രശ്നം തന്നെയായിരുന്നു…

അങ്ങനെയാണ് രവിയേട്ടൻ ഗൗരിയോട് രാത്രിയിൽ അല്പം ഭക്ഷണം നവിക്കും കൂടി കൊടുക്കാവോ എന്ന് ചോദിക്കുന്നത്… “കൊടുക്കുകയൊക്കെ ചെയ്യാം…ഞങ്ങളിവിടെ രാത്രി കഞ്ഞിയും പയറു മെഴുക്കുപുരട്ടിയതുമാ… അതേ പറ്റൂ… പിന്നെ വാടകയ്ക്കൊപ്പം അതിന്റെ തുകയും കൂടി തരേണ്ടി വരും… ഓസിനൊന്നും പറ്റില്ല… ” അറുത്തു മുറിച്ചുള്ള അവളുടെ മറുപടി കേട്ട് രവിയേട്ടന്റെ ഒപ്പം നവിയും കണ്ണും തള്ളി നിന്നുപോയി ….. 😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 2

Share this story