ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 4

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

അന്ന് ഞായറാഴ്ച ആയിരുന്നു… രാത്രിയിലെ ഭക്ഷണത്തോടൊപ്പം ഞായറാഴ്ചയിലെ മുഴുവൻ ദിവസത്തെ ഭക്ഷണം കൂടി നവിക്ക് വാര്യത്ത് നിന്നാണ്… ഞായറാഴ്ചകളിൽ കടകൾ ഒന്നും തുറക്കില്ലല്ലോ… ഭക്ഷണമൊക്കെ കൃത്യമായി മുത്തശ്ശി എഴുത്തു പുരയിലേക്ക് കൊണ്ടു കൊടുക്കുമായിരുന്നു… കുളിയൊക്കെ കഴിഞ്ഞു പത്രവായനയിൽ ഏർപ്പെട്ടു കൊണ്ടു പ്രാതലിനായി കാത്തിരിക്കുമ്പോഴാണ് ഒറ്റയായും കൂട്ടമായും ചെറുതും വലുതുമായ കുട്ടികൾ വാര്യത്തിന്റെ വേലി കടന്നു വരുന്നത് നവി കണ്ടത്… വരുന്നവർ വരുന്നവർ വടക്കുവശത്തെ ഇളം തിണ്ണയ്ക്ക് പുറത്തു ചെരുപ്പഴിച്ചു വെച്ചിട്ട് തിണ്ണയിലേക്ക് കയറുന്നു…

എന്താ സംഭവം എന്നറിയാനായി നവി അരഭിത്തി ചാടിയിറങ്ങി അങ്ങോട്ട് നടക്കാനാഞ്ഞു… അപ്പോഴാണ് വാട്ടിയ വാഴയിലയിൽ മുത്തശ്ശി ഇഡലിയും കട്ടചമ്മന്തിയും അതിനു പുറത്ത് സാമ്പാറും ഒഴിച്ച് ചേർത്ത് കൊണ്ടു അങ്ങോട്ടേക്ക് വന്നത്… മുത്തശ്ശിയെ കണ്ടു പോകൽ മതിയാക്കി നവി വീണ്ടും അരഭിത്തിയിൽ കയറിയിരുന്നു.. മുട്ടൊപ്പമുള്ള ഒരു ഷോർട്ട്സും ടീഷർട്ടും ആയിരുന്നു കുളികഴിഞ്ഞുള്ള അവന്റെ വേഷം… മുത്തശ്ശി അവനെ ഒന്നു നോക്കിയിട്ട് ചോദിച്ചു… “ഇതെന്താ വൈദ്യരെ വേഷം… ട്രൗസറാ… ” അവന് ചിരിപ്പൊട്ടിയെങ്കിലും വാഴയില തുറന്നപ്പോഴടിച്ച സാമ്പാറിന്റെ മണം മറ്റെല്ലാം മറന്നു ശ്രദ്ധ അതിലേക്കാക്കി…

ഒരു കുപ്പി മിനറൽ വാട്ടറും എടുത്തു കൊണ്ടു അവൻ മുത്തശ്ശിയുടെ അടുത്ത് തന്നെയിരുന്നു ഇഡലി കഴിക്കാൻ തുടങ്ങി… വർഷങ്ങൾക്കു ശേഷം ജോലി കിട്ടി പാലക്കാട് വന്നതിനു ശേഷമാണ് അവൻ നാടൻ രീതിയിലെ ഭക്ഷണം ഒക്കെ കഴിക്കുന്നത്… ഏതോ ഒരോർമ്മയിൽ മുങ്ങി വായിലേക്ക് കൊണ്ടു വന്ന ഇഡലി കഷ്ണം കഴിക്കാതെ ഇരിക്കുന്ന നവിയെ മുത്തശ്ശി തൊട്ട് വിളിച്ചു.. “വൈദ്യരിത് എന്താലോചിച്ചു ഇരിക്കുവാ കഴിക്ക്… ” “ഞാനെന്റെ അച്ഛമ്മയെ ഓർത്ത് പോയി മുത്തശ്ശി… അച്ഛമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി…ഇതിനും… ” മുത്തശ്ശി അവനെ വാത്സല്യത്തോടെ നോക്കി.. “അല്ല ആരാ ഇതൊക്കെ ഉണ്ടാക്കുന്നെ..?” അവനൊന്നു ഇടങ്കണ്ണിട്ട് മുത്തശ്ശിയെ പാളി നോക്കി കൊണ്ടു ചോദിച്ചു… “യ്യോ..

ഒക്കെ ഗൗരിക്കുട്ടിയാ.. ന്നെ അടുപ്പിക്കില്യാ അവള്… കണ്ണുകാണാതെ ഞാൻ ഉപ്പിനു പഞ്ചസാരയും മുളകിന് മല്ലിയും ഇടുംന്നും പറഞ്ഞ്… കഷ്ണങ്ങളൊക്കെ മുറിച്ചു കൊടുക്കും അത്രന്നെ… പാത്രവും മോറും… “മുത്തശ്ശി തന്റെ മുറുക്കാൻ കറ അവിടവിടെ പാകിയ പല്ലുകൾ കാട്ടി ചിരിച്ചു… “മ്മ്.. അപ്പോൾ ചൂണ്ടിക്കൊണ്ട് പോകുവാണെങ്കിൽ രുചിയുള്ള ആഹാരമൊക്കെ വെച്ച് വിളമ്പി തരും.. “നവി ആത്മഗതം എന്നോണം പറഞ്ഞു.. “വൈദ്യര് വല്ലതും പറഞ്ഞോ.. “മുത്തശ്ശി ചെവി വട്ടം പിടിച്ചു… “ഏയ്… ഒന്നൂല്യാ.. “ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞ് കൊണ്ടു നവി വാഴയില ചുരുട്ടി എഴുന്നേറ്റു… അപ്പോഴാണ് ഗൗരി ചാടിത്തുള്ളി അങ്ങോട്ട് വന്നത്… ഒരു ചുവന്ന ദാവണിയിൽ ദേവിരൂപത്തെ പോലെയിരിക്കുന്ന അവളെ നവി ഒരു നിമിഷം നോക്കിനിന്നു…

“ദേ.. ഡോക്ടറെ കുറച്ചു കുട്ടികൾ പാട്ട് പഠിക്കാൻ വരുന്നയിടമാ… വല്യ കുട്ട്യോളൊക്കെ ഉള്ളതാ… അതോണ്ട് ഈ മാതിരി വേഷം കെട്ടലൊന്നും ഇവിടെ നടക്കില്ല്യ … മാന്യമായിട്ടുള്ള വേഷം മതി..പറഞ്ഞില്ലെന്നു വേണ്ടാ ” പറഞ്ഞതും വെട്ടി തിരിഞ്ഞവൾ തിരിച്ച് നടന്നു … നവി അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ആ വാഴയിലയും ചുരുട്ടി കയ്യിൽ പിടിച്ചു വെറുതേ ഒന്നു തല താഴ്ത്തി നോക്കി.. “ന്റെ മഹാദേവാ… ഇതിനിപ്പോ എന്താ കുഴപ്പം… “അവൻ ആലോചിച്ചു കൊണ്ടു നോക്കിയപ്പോൾ മുത്തശ്ശി വാ പൊത്തി ചിരിക്കുന്നു.. “ട്രൗസർ മാറ്റിയെക്ക് വൈദ്യരെ.. അല്ലെങ്കിൽ അവൾ ഇന്ന് സമാധാനം തരില്യ.. ”

“ശനിയും ഞായറും സംഗീത ക്ലാസുണ്ട് ഗൗരികുട്ടിക്ക്… “മുത്തശ്ശി ഇറങ്ങി പുറത്തേക്ക് പോയി… ഒരു ഇളം പുഞ്ചിരിയോടെ ഷോർട്ട്സ് മാറ്റി ഒരു മുണ്ടെടുത്തു ഉടുക്കുമ്പോൾ വീണയുടെ നാദത്തിനൊപ്പം ഒഴുകി വന്ന ആ സ്വരമാധുരി അവനിലെ പ്രണയത്തെ വീണ്ടുമൊരിക്കൽ കൂടി തൊട്ടുണർത്തി…. ………….🌷🌷🌷🌿🌿🌿 ആഴ്ചകൾ പിന്നിട്ടു… നവിയുടെ ഒളിച്ചു കളികൾ ചിലതൊക്കെ ഗൗരിക്ക് മനസിലായി തുടങ്ങി.. അത്‌ കൊണ്ട് തന്നെ അവനെ കാണുമ്പോൾ മുഖം ഒരു കുടം കയറ്റി വെക്കാനും തുടങ്ങി… “ഇതൊക്കെ എന്നോടോ… ഞാനിതൊക്കെ എത്ര കണ്ടതാ… ഇതിലൊന്നും ഞാൻ വീഴൂല്ല മോനെ.. “എന്നൊരു സ്ഥായീ ഭാവം…

നവിയും വിട്ടില്ല… അവൾക്കു കുറേക്കൂടി മനസിലായിക്കോട്ടേ എന്ന് കരുതി വായിനോട്ടം നല്ല അസ്സലായി തുടർന്നു… സന്ധ്യമുറ്റം അടിച്ചു നിവർന്നപ്പോൾ എന്തോ വായിക്കുകയാണെന്ന വ്യാജേന അരഭിത്തിയിലിരുന്നു തന്നെ തന്നെ നോക്കി കൊണ്ടിരുന്ന നവിയെ അവൾ കോലം കുത്തി കാണിച്ചു…. നവി തിരിച്ചും… “ഇയാളൊരു ഡോക്ടർ ആണോടോ… താനൊക്കെ കോഴികളുടെ രാജാവാണല്ലോ…”ഗൗരി തന്റെ അരിശം മറച്ചു വെച്ചില്ല… “ഇഈഈ….. “നവി അവളെ ഇളിച്ചു കാണിച്ചു… “വൃത്തികെട്ടവൻ… “അവൾ കാൽകഴുകി അടുക്കളയിലേക്ക് കയറി…

അവിടുത്തെ ചെറിയ കിളിവാതിലിലൂടെ എഴുത്തു പുരയുടെ അര ഭിത്തിയിൽ ഇരിക്കുന്ന ആളെ അവൾ നോക്കി… താൻ നിൽക്കുന്നിടത്തെക്ക് തന്നെ സൂക്ഷിച്ചു നോക്കുന്ന നവിയെ കണ്ടു അവൾ മാറി കളഞ്ഞു.. “ഹോ.. ആ ലോൺ അടക്കുന്ന കാര്യമോർത്തിട്ടാ ഇല്ലെങ്കിൽ ഈ വഷളനെ പറഞ്ഞ് വിടാമായിരുന്നു… വേറെ ആര് വന്നാലും ഇത്രേം വാടക കിട്ടില്ല… അത്‌ കൊണ്ടു മാത്രാ ഈ പോത്തിനെ സഹിക്കുന്നത്.. “ഗൗരി പിറുപിറുത്തു.. “എന്താ ഗൗരൂട്ടിയെ..ഒറ്റക്ക്പറയണേ..”മുത്തശ്ശിയാണ്.. “ഒന്നൂല്യ.. സന്ധ്യായത് കണ്ടില്യേ.. പോയിരുന്നു രണ്ടു നാമം ജപിച്ചൂടെ…

അതിനും ഇനി ഞാൻ മുന്നിൽ നിന്നാലേ പറ്റുള്ളോ…” മുത്തശ്ശി വേഗം പുറത്തേക്കിറങ്ങി… നവി പുറത്തു നടക്കുന്നുണ്ടായിരുന്നു.. “ഗൗരിക്ക് ഇന്ന് കൊടുങ്കാറ്റ് വീശിയിരിക്യാ .. “മുത്തശ്ശി പതിയെ നവിയോട് പറഞ്ഞു… നവിയുടെ ചുണ്ടിൽ ചിരിയൂറി… അവനറിയാമായിരുന്നു ഇന്നിനി തന്നോടുള്ള ദേഷ്യം മുഴുവൻ മുത്തശ്ശിയോടും ഉള്ള പാത്രങ്ങളോടും പ്രാണികളോടും വരെ തീർക്കുമെന്ന്… “ഇങ്ങനെയൊരു പെണ്ണ്.. മ്മ്.. ശരിയാക്കിയെടുക്കാം… “നവി മനസ്സിൽ പറഞ്ഞു… മുത്തശ്ശി ഉമ്മറത്ത് വിളക്ക് കൊളുത്തിയപ്പോൾ മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിട്ടു നെഞ്ചിൽ കയ്യ് വെച്ചവൻ ആ ദീപത്തിലേക്കു നോക്കി…

എന്ത് കൊണ്ടോ തനിക്ക് അടുത്തായി അച്ഛനോടൊപ്പം തന്നെ ഗൗരിയും നിൽക്കുന്നത് അവൻ ഉൾക്കണ്ണിൽ കണ്ടു… …………….🌷🌿🌷🌿🌷🌿 പിറ്റേ ശനിയാഴ്ച… കുറച്ചു വൈകിയാണ് നവി എത്തിയത്… സന്ധ്യ ആയിരുന്നു … ഇരുട്ട് വീണു തുടങ്ങിയിരുന്നു… ബുള്ളറ്റുമായി വേലിക്കരികിൽ എത്തുന്നതിനു മുൻപ് തന്നെ കണ്ടു വെട്ടം ഇടാതെ ഇരുട്ട് വീണു കിടക്കുന്ന ഉമ്മറം… നിലവിളക്കും കത്തിച്ചിട്ടില്ല… മുത്തശ്ശി വേലിക്കരുകിൽ തെക്കോട്ടും നോക്കി വ്യാകുലപ്പെട്ടു നിൽക്കുന്നു.. നവിയെ കണ്ടതും മുത്തശ്ശി പറഞ്ഞു.. “ഗൗരി ഇനിയും എത്തിയില്ല മോനെ… അഞ്ചു കഴിയുമ്പോൾ എത്തണതാ… താമസിക്കുമെങ്കിൽ അപ്പുറത്ത് രാധികേടടുത്ത് വിളിച്ചു പറയണതാ കുട്ടി..

ഇതിപ്പോ വിളിച്ചിട്ടും ഇല്ല്യ…നിക്കെന്തോ പേടിയാവാണ് കുട്ട്യേ… ” അപ്പൊ രാധികേച്ചിയും അങ്ങോട്ടെത്തി.. രവിയേട്ടന്റെ ഭാര്യ ആണ് രാധികേച്ചി.. ഉസ്‌കൂളിൽ ചെറിയ ക്ലാസ്സിൽ അധ്യാപികയാണ്… “രവിയേട്ടൻ ആരെയോ കാണാൻ ടൗണിൽ പോയിരിക്കുവാ… വിളിച്ചിട്ടും കിട്ടുന്നില്ല.. ഈ ഗൗരി ഇതെവിടെപ്പോയോ എന്തോ… ” “ഞാനൊന്ന് നോക്കിയിട്ട് വരാം… “നവി ബുള്ളറ്റ് തിരിച്ചു… അച്ചാർ കമ്പനിയിൽ നിന്നും അരമണിക്കൂർ നടപ്പുണ്ട് വീട്ടിലേക്ക്… നവി വേഗത്തിൽ വണ്ടി ഓടിച്ചു… രണ്ടു വളവു കഴിഞ്ഞപ്പോൾ തന്നെ കണ്ടു.. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ആഞ്ഞു വലിച്ചു നടന്നു വരുന്ന ഗൗരിയെ…

അവളുടെ അടുത്ത് കൊണ്ട് ബുള്ളറ്റ് നിർത്തി നവി അവളെ നോക്കി… അവളുടെ മുഖത്ത് ഒരാശ്വാസം പടരുന്നതും മുഖത്തെ വിയർപ്പൊപ്പി കൊണ്ട് വീണ്ടും തിരിഞ്ഞു നോക്കുന്നതും നവി കണ്ടു… അവൾ നോക്കുന്നിടത്തേക്ക് നവിയും നോക്കി… സൈക്കിളിൽ പിന്തുടർന്ന് വന്ന ഒരുത്തൻ നവിയെ കണ്ടു സൈക്കിൾ ഒരു കരിമ്പനക്ക് ഇടയിലേക്ക് ഒതുക്കുന്നത് അവൻ കണ്ടു… “മുത്തശ്ശി പറഞ്ഞിട്ട് വന്നതാ ഞാൻ..”അവൻ അവളെ നോക്കി പറഞ്ഞു… “മ്മ്.. ” “വാ കയറ്… ” “വേണ്ടാ.. ഞാൻ നടന്നോളാം.. “ഗൗരി നടക്കാനാഞ്ഞു… “ഒരുത്തൻ പുറകെ വന്നത് പോരെ… ഇനിയും ആരെയെങ്കിലുമൊക്കെ കൂടി പുറകെ വരുത്തണോ?? … കയറെടി… “നവി കണ്ണുരുട്ടി.. പൂച്ചയെ പോലെ ഗൗരി അവന്റെ പുറകിലേക്ക് കയറിയിരുന്നു…

മിററിലൂടെ അവളെ നോക്കിയപ്പോൾ മുഖം വ്യക്തമല്ലെങ്കിലും അത് വീർപ്പിച്ചു കെട്ടി വെച്ചിരിക്കുകയാണെന്നും.. എന്തോ പിറുപിറുക്കുന്നുണ്ടെന്നും നവിക്ക് മനസിലായി.. പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് നവി വണ്ടി മുന്നോട്ടെടുത്തു… ഇരുൾ മൂടിയ നാട്ടു വഴിയിലൂടെ കുലുങ്ങിയും വളഞ്ഞും പുളഞ്ഞുമൊക്കെ നവി വണ്ടിയൊടിച്ചു… ഗൗരി ഇടക്കിടക്ക് വന്നു അവന്റെ മുതുകിൽ ഇടിക്കുന്നുണ്ടായിരുന്നു… “അതേ… നേരെ ഓടിച്ചാൽ മതി… വളക്കുവോം തിരിക്കുവോം ഒന്നും വേണ്ടാ…”അവൾ പറഞ്ഞു “ഇത് കോട്ടയം -കുമളി റബറൈസ്ഡ് റോഡല്ല… കുണ്ടും കുഴിയും നിറഞ്ഞ ഒരു പൂഴി റോഡാണ്…

പേടിയുണ്ടെങ്കിൽ എന്നെ പിടിച്ചിരുന്നോ ” “പിന്നെ… എന്റെ പട്ടി പിടിക്കും.. “ഗൗരി കിറികോട്ടി… “നിന്റെ പട്ടിയല്ലേ… എനിക്ക് കുഴപ്പമില്ല.. നിന്റെ പട്ടിയേം എനിക്കിഷ്ടവാ… “നവി പൊട്ടിച്ചിരിയോടെ പറഞ്ഞു… “അത്‌ പോട്ടേ… എന്താ ഇത്രേം വൈകിയേ..? “അത് തന്നെ ബോധിപ്പിക്കേണ്ട കാര്യമൊന്നുമില്ല… “ഗൗരി വീറോടെ പറഞ്ഞു.. “പറഞ്ഞില്ലെങ്കിൽ ഇപ്പൊ ഞാൻ ഇറക്കി വിടും ഇവിടെ.. “നവി വണ്ടി നിർത്തി.. ഒന്നും നോക്കാതെ ഗൗരി ഇറങ്ങി മുന്നോട്ട് നടന്നു… “നിൽക്കേടി അവിടെ… “നവിക്ക് പിടുത്തം കിട്ടിയത് അവളുടെ കൈത്തണ്ടയിൽ ആണ്.. “ഡോ.. മര്യാദക്ക് എന്റെ കയ്യിന്ന് വിട്ടോ.. ഞാനിവിടെ കിടന്നു ഒച്ചയിടും… ” “മ്മ്.. ഭേഷ്… നീ ഒച്ചയിട്… നിന്റെ മാമന്റെ മോൻ വരുമോ രക്ഷിക്കാൻ..

എന്നാൽ ഞാനൊന്നു കാണട്ടെ… “ഒരു വശത്ത് നോക്കത്താദൂരത്തോളം നീണ്ടു കിടക്കുന്ന വയലും മറു വശത്തെ മലനിരകളും നോക്കി നവി പറഞ്ഞു.. ഗൗരി ചുറ്റും നോക്കി.. അവൾക്കറിയാമായിരുന്നു കൊന്നിട്ടാൽ പോലും ആരും അറിയില്ലാത്ത ഇരുട്ടുമൂടിയ ആ നാട്ടുവഴിയുടെ പരിസരത്തെങ്ങും മാനും മനുഷ്യനും ഇല്ലെന്നു… അവൻ ബലമായി പിടിച്ചിരിക്കുന്ന കൈ അവൾക്കു വേദനിച്ചു തുടങ്ങി.. കണ്ണ് നിറഞ്ഞു നിറഞ്ഞു വന്നു… കൈ കുടഞ്ഞു കൊണ്ട് അവനെ ദയനീയമായി നോക്കിയെങ്കിലും അവൻ പിടുത്തം അയച്ചില്ല… ഒടുവിൽ താഴേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.. “അത്… ഇന്ന് ലോഡ് കയറി പോകാനുണ്ടാരുന്നു…

അവസാനത്തെ ലോഡും കയറിപ്പോയി കണക്ക് ക്ളോസ് ചെയ്തിറങ്ങിയപ്പോൾ താമസിച്ചു… “നിനക്ക് വിളിച്ചു പറഞ്ഞൂടെടി.. അവളുടെ ഒരു ലോഡ്… “നവി കലിപ്പിച്ചു… “ഫോണിന്റെ ചാർജ് തീർന്നു പോയാരുന്നു.. ” “മ്മ്.. കയറ്.. “നവി അവളുടെ കയ്യിലെ പിടി വിട്ടു… വലതു കൈത്തണ്ട ഇടതു കൈ കൊണ്ട് തിരുമ്മി കൊണ്ട് മുഖം വീർപ്പിച്ചു അവൾ പുറകിലേക്ക് കയറിയപ്പോൾ ആ മീശയൊന്നു പിരിച്ചു വെച്ച് ഒരു കള്ളച്ചിരിയും ചിരിച്ചു നവി ബുള്ളറ്റ് സ്റ്റാർട്ടാക്കി..😊dk❣️ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!