വിവാഹ മോചനം : ഭാഗം 9

വിവാഹ മോചനം :  ഭാഗം 9

എഴുത്തുകാരി: ശിവ എസ് നായർ

അവന്റെ ചൂട് നിശ്വാസം കഴുത്തിൽ പതിഞ്ഞപ്പോൾ അപർണ്ണയ്ക്ക് എന്തെന്നില്ലാത്ത അസഹിഷ്ണുത തോന്നി. അവന്റെ താടി രോമങ്ങൾ മുഖത്തേക്ക് അമർന്നതും അപർണ്ണ ഉച്ചത്തിൽ അലറി. “തൊടരുത് എന്നെ… ” “എന്ത് പറ്റി അപ്പു..” ഭയന്നു പോയ രാഹുൽ അവൾക്കടുത്തേക്ക് ഓടിവന്നു. അപ്പോഴാണ് എല്ലാം തന്റെ തോന്നലായിരുന്നു എന്ന് അവൾക്ക് ബോധ്യമായത്. അവളുടെ നിൽപ്പും ഭാവവും കണ്ട് കാര്യം മനസിലായതും രാഹുൽ ഉറക്കെ പൊട്ടിച്ചിരിച്ചു. “താനെന്താ സ്വപ്നം കണ്ട് നിക്കുവാണോ?? വെറുതെ അലറി വിളിച്ചു മറ്റുള്ളവരെ ഇങ്ങോട്ട് വരുത്തിക്കാതെ കിടന്നുറങ്ങാൻ നോക്ക്.”

രാഹുൽ അൽപ്പം ഗൗരവത്തിൽ പറഞ്ഞു. നാണക്കേട് കാരണം അപർണ്ണയ്ക്ക് അവന്റെ മുഖത്തേക്ക് നോക്കാനായില്ല. ഒന്നും മിണ്ടാനാകാതെ ജാള്യതയോടെ അവൾ നിന്നു. “എന്റെ കാര്യമോർത്ത് തനിക്ക് ടെൻഷനോ പേടിയോ ഒന്നും വേണ്ട. ഞാൻ തന്നെ കേറി പിടിക്കാനൊന്നും വരില്ല. എന്റെ കൂടെ ഒരുമിച്ചു ഈ ബെഡിൽ കിടക്കാൻ പേടിയില്ലെങ്കിൽ തനിക്ക് ഇവിടെ കിടക്കാം.” അവൾക്ക് പുതയ്ക്കാൻ അലമാരയിൽ നിന്നൊരു പുതപ്പെടുത്തു കയ്യിൽ കൊടുത്തു കൊണ്ട് രാഹുൽ പറഞ്ഞു. “വേണ്ട ഞാൻ നിലത്ത് തന്നെ കിടന്നോളാം.” അപർണ്ണ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

“അതൊക്കെ തന്റെ ഇഷ്ടം. പിന്നെ തറയിൽ കിടക്കുന്നതൊക്കെ കൊള്ളാം. രാവിലെ എഴുന്നേൽക്കുമ്പോൾ തണുപ്പടിച്ചു നടുവേദനയാണ് കാലുവേദനയാണ് എന്നൊന്നും പറഞ്ഞു വന്നേക്കരുത്. നിന്റെ വീട് പോലെയല്ല ഇവിടെ. രാത്രി രണ്ടുമണി കഴിഞ്ഞാൽ ഒടുക്കത്തെ തണുപ്പാ.” “ആ കുഴപ്പമില്ല ഞാൻ അങ്ങ് സഹിച്ചു…” “ഞാൻ പറയാനുള്ളത് പറഞ്ഞു. കട്ടിലിനടിയിൽ ഒരു പായ ഇരിപ്പുണ്ട് അതെടുത്തു വിരിച്ചു കിടന്നോ. ഞാൻ എന്തായാലും നിലത്ത് വന്നു കിടക്കുമെന്നും നിനക്ക് കട്ടിലിൽ കിടക്കാമെന്ന വ്യാമോഹമൊന്നും വേണ്ട. വേണോങ്കി എന്റെ അപ്പുറത്ത് വന്നു കിടന്നോ അല്ലെങ്കിൽ നിലത്ത്.”

മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു രാഹുൽ ബെഡിലേക്ക് ചാഞ്ഞു. കട്ടിലിനടിയിൽ കിടന്ന പായ എടുത്തു നിലത്തേക്ക് വിരിച്ച് അപർണ്ണ അതിൽ കിടന്നു. ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ രാഹുൽ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. അവൻ പുതച്ചു മൂടി സുഖമായി ഉറങ്ങുന്നത് കണ്ട് അവൾക്ക് അസൂയ തോന്നി. കുറെ നാളുകളായി തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണല്ലോയെന്നവൾ വേദനയോടെ ഓർത്തു. തനിക്ക് മാത്രമെന്താണ് എപ്പോഴും ഇങ്ങനെ ഓരോ പ്രശ്നങ്ങൾ എന്നവൾ ചിന്തിച്ചു. ശ്രീജിത്തിനെ മറന്നു കഴുത്തിൽ താലി കെട്ടിയ രാഹുലിനെ സ്നേഹിക്കാൻ തനിക്ക് ആവുമോ എന്നവൾ ആശങ്കയോടെ ഓർത്തു.

ഇനിയുള്ള ദിവസങ്ങൾ എങ്ങനെയായിരിക്കുമെന്നോർത്തിട്ട് അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ശ്രീജിത്ത്‌ സുഖപ്പെട്ടു വന്നു കഴിഞ്ഞാൽ പിന്നെ അവന്റെ അടുത്ത തീരുമാനം എന്തായിരിക്കുമെന്ന് ആലോചിച്ചു അപർണ്ണ വ്യാകുലപ്പെട്ടു. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. പുതച്ചു മൂടി കണ്ണടച്ചു കിടന്നിട്ടും അപർണ്ണയ്ക്ക് ഉറങ്ങാനായില്ല. രണ്ടുമണി കഴിഞ്ഞപ്പോൾ രാഹുൽ പറഞ്ഞത് പോലെ മുറിയിൽ തണുപ്പ് അധികരിച്ചു തുടങ്ങി. തണുപ്പ് കൂടുതൽ ആയപ്പോൾ അവൾക്ക് നിലത്ത് കിടക്കാൻ ബുദ്ധിമുട്ടായി. തണുത്തു വിറച്ച അപർണ്ണ പായയിൽ നിന്നെഴുന്നേറ്റു. അവൾ നോക്കുമ്പോൾ രാഹുൽ കട്ടിലിന്റെ ഒരുവശം ചേർന്നാണ് ഉറങ്ങുന്നത്.

മറുവശത്തു അവൾക്ക് കിടക്കാനായി അവൻ സ്ഥലം ഒഴിച്ചിട്ടിരുന്നു. രാഹുലിന്റെ അരികിൽ പോയി കിടക്കാനുള്ള മടി കാരണം അപർണ്ണ പുതപ്പുമെടുത്തു കൊണ്ട് കട്ടിലിന്റെ ഓരത്തായി ഇട്ടിരുന്ന ചെറിയ സോഫയിലേക്ക് ചുരുണ്ടുകൂടി കിടന്നു. “ശ്ശെ ആദ്യമേ കട്ടിലിൽ തന്നെ കിടക്കാമായിരുന്നു. വെറുതെ ആവശ്യമില്ലാതെ വാശി പിടിക്കാൻ നിക്കരുതായിരുന്നു.” തനിക്ക് പറ്റിയ മണ്ടത്തരമോർത്തു അപർണ്ണ സ്വയം പഴിച്ചു. കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും അവൾ സോഫയിൽ അഡ്ജസ്റ്റ് ചെയ്തു കിടന്നു. ഇടയ്ക്കെപ്പോഴോ അവളും മയങ്ങിപ്പോയി. ***

അതിരാവിലെ രാഹുൽ ഉറക്കമുണർന്നു നോക്കുമ്പോൾ സോഫയിൽ ചുരുണ്ടുകൂടി കിടക്കുന്ന അപർണ്ണയെയാണ് കണ്ടത്. അവളുടെ കിടപ്പ് കണ്ടപ്പോൾ അവനു അവളോട്‌ എന്തിനെന്നില്ലാത്ത സഹതാപം തോന്നി. സമയം നാലര ആയിട്ടേ ഉണ്ടായിരുന്നുള്ളു. രാഹുൽ എന്നും ആ സമയത്താണ് എണീക്കാറ്. ദിവസവും രാവിലെ നാലരയ്‌ക്ക് എഴുന്നേറ്റു അമ്പലകുളത്തിൽ പോയി കുളിച്ചു ഈറനോടെ നിർമ്മാല്യം തൊഴാനായി ശിവക്ഷേത്രത്തിൽ പോകുന്നത് അവന് പതിവുള്ളതാണ്. കാലുകൾ വളച്ചൊടിച്ചു തല ചരിച്ചു വച്ചു കൈകൾ രണ്ടും തല കീഴിലായി ചേർത്ത് കിടന്നുറങ്ങുന്ന അപർണ്ണയെ തന്നെ അവൻ കുറച്ചു നേരം നോക്കി നിന്നു.

പിന്നെ എന്തോ ആലോചിച്ചുറച്ച പോലെ അവൻ അവളുടെ അടുത്തേക്ക് എഴുന്നേറ്റു ചെന്ന് അപർണ്ണയെ തന്റെ കൈകളിൽ കോരിയെടുത്തു ബെഡിൽ കൊണ്ട് വന്നു കിടത്തി. അപ്പോഴും അവൾ ഒന്നുമറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു. ബെഡിൽ അവളെ കിടത്തിയ ശേഷം രാഹുൽ പുതപ്പെടുത്തു അവളെ നന്നായി പുതപ്പിച്ചു. അപർണ്ണയ്‌ക്ക് തണുക്കാതിരിക്കാനായി അവൻ ഫാനിന്റെ സ്പീഡ് കുറച്ചു. അൽപ്പനേരം അവളുടെ അടുത്തിരുന്നു ശിരസ്സ് തഴുകിയ ശേഷം കുളിച്ചു മാറാനുള്ള തോർത്തും മുണ്ടും എടുത്തു കൊണ്ട് രാഹുൽ മുറിവിട്ട് പോയി. മുറിയിലേക്ക് സൂര്യവെട്ടം അരിച്ചിറങ്ങിയപ്പോഴാണ് അപർണ്ണ ഉറക്കം വിട്ടുണർന്നത്.

ഉറക്കച്ചടവ് വിട്ടുമാറും വരെ അവൾ കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു. ഉറക്കത്തിന്റെ ആലസ്യം വിട്ടെഴുന്നേറ്റപ്പോഴാണ് താൻ കിടക്കുന്നത് ബെഡിലാണെന്ന കാര്യം അവൾ ശ്രദ്ധിച്ചത്. “ഏഹ് ഇന്നലെ രാത്രി സോഫയിൽ കിടന്നുറങ്ങിയ ഞാൻ എങ്ങനെ ബെഡിൽ വന്നു. ഇനി ഞാൻ തന്നെ നടന്നു വന്നു കിടന്നതാണോ.??” തലേ ദിവസം രാത്രിയിലെ കാര്യങ്ങൾ അൽപ്പം ജാള്യതയോടെ അവളോർത്തു. അതേസമയത്താണ് രാഹുലും അങ്ങോട്ടേക്ക് വന്നത്. ബെഡിൽ എഴുന്നേറ്റിരിക്കുന്ന അപർണ്ണയെ കണ്ട് ചിരിയോടെ അവൻ അവൾക്കടുത്തേക്ക് വന്നു. രാഹുലിന്റെ കയ്യിൽ അവൾക്കായി ഒരു കപ്പ് കാപ്പിയും ഉണ്ടായിരുന്നു. “ആഹാ അപർണ്ണ നേരത്തെ എഴുന്നേറ്റോ??

സമയം ഏഴര ആയിട്ടേയുള്ളു വേണമെങ്കിൽ താൻ കുറച്ചു നേരം കൂടി കിടന്നോളു. ഇന്നലെ രാത്രി നന്നായി ഉറങ്ങാൻ പറ്റിയിട്ടുണ്ടാവില്ലല്ലോ..” “അയ്യോ ഏഴരയായോ?? ഞാൻ ആറര വരെയാ സാധാരണ ഉറങ്ങാറ്. കുറെ ദിവസത്തെ ഉറക്കക്ഷീണം കാരണം ഇത്രയും നേരം ഉറങ്ങിപോയതാ.” അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടി വച്ചുകൊണ്ട് അവൾ പറഞ്ഞു. “ഇവിടെ ഇപ്പൊ നേരത്തെ എഴുന്നേറ്റിട്ടു തനിക്കൊന്നും ചെയ്യാനില്ലല്ലോ. ഞാൻ ഏതായാലും ഇനി രാത്രിയേ കട്ടിലിൽ വന്നു കിടക്കു. അതോണ്ട് സോഫയിൽ കിടന്നു ബുദ്ധിമുട്ടണ്ട കുറച്ചു നേരംകൂടി ഇവിടെ കിടന്നോ. രാവിലെ എണീറ്റ് നോക്കിയപ്പോൾ അവിടെ സോഫയിൽ തണുത്തു വിറച്ചു കിടക്കുന്നത് കണ്ട് പാവം തോന്നിയിട്ട് ഞാനാ കട്ടിലിൽ എടുത്തു കിടത്തിയത്.” “ഓ അപ്പോ ഇയാളായിരുന്നോ എന്നെ അവിടുന്ന് ഇവിടെ എടുത്തു കിടത്തിയത്. ”

അവൾ മനസ്സിൽ ചിന്തിച്ചു. “ഈ കോഫി ഞാൻ തനിക്കായി കൊണ്ട് വന്നതാ. കുടിച്ചിട്ട് വേണമെങ്കിൽ അൽപ്പനേരം കൂടി കിടന്നോളു. പിന്നെ കുളിച്ചു മാറാനുള്ള ഡ്രസ്സ്‌ ഒക്കെ അലമാരയിൽ തന്നെ ഉണ്ട്.” അവളോട്‌ അത് പറഞ്ഞു കാപ്പിക്കപ്പ് മേശപ്പുറത്തു വച്ചിട്ട് രാഹുൽ തിരിച്ചു പോയി. ഒന്ന് മടിച്ചു നിന്ന ശേഷം അപർണ്ണ കാപ്പിപ്പിക്കപ്പ് കയ്യിലെടുത്ത്‌ അത് രുചിച്ചു നോക്കി. അതവൾക്ക് നന്നായി ഇഷ്ടപ്പെട്ടു. അപർണ്ണ രുചിയോടെ കാപ്പി കുടിച്ചഴുന്നേറ്റ ശേഷം കുളിക്കാനായി ബാത്‌റൂമിലേക്ക് പോയി. കുളിച്ചു വസ്ത്രം മാറി അവൾ താഴേക്കു ചെല്ലുമ്പോൾ കിച്ചണിൽ നിന്നും രാഹുലിന്റെയും സുധാകരൻ മാഷിന്റെയും സംസാരം കേട്ടു.

അവൾ നേരെ അങ്ങോട്ട് ചെന്നു. അവിടുത്തെ കാഴ്ച കണ്ട് അപർണ്ണ വിസ്മയിച്ചു പോയി. ചിരിയും കളിയും തമാശയുമൊക്കെ പറഞ്ഞു കൊണ്ട് അച്ഛനും അമ്മയും മോനും തിരക്കിട്ട പാചകത്തിലാണ്. രാഹുൽ ദോശ മാവ് ദോശകല്ലിലേക്ക് ഒഴിക്കുന്നു. സുധാകരൻ മാഷ് ചമ്മന്തിക്കായി തേങ്ങ ചിരകുന്നു. അമ്മ നിർമ്മല സാമ്പാർ തളിക്കുന്നു. എന്തൊക്കെയോ തമാശകൾ പറഞ്ഞു മൂവരും ചിരിക്കുന്നുണ്ട്. അവരുടെ ചെയ്തികളെല്ലാം വീക്ഷിച്ചു കൊണ്ട് അപർണ്ണ വാതിൽപ്പടിയിൽ തന്നെ നിന്നു. “മോളെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്..”വാതിൽ പടിയിൽ ചാരി നിൽക്കുന്ന അപർണ്ണയെ കണ്ട് സുധാകരൻ മാഷ് ചോദിച്ചു. “അത് പിന്നെ അച്ഛാ… ഞാൻ ഇങ്ങോട്ട് വന്നപ്പോൾ…”

എന്ത് പറയണമെന്നറിയാതെ അപർണ്ണ ഉത്തരം മുട്ടി. “ഇവിടെ ഞങ്ങൾ പണ്ടുമുതലേ ഇങ്ങനെയാണ്. എന്ത് ജോലി ആയാലും ഇവിടെ ഞങ്ങൾ ഒരുമിച്ചാ ചെയ്യാറ്. ഇതൊന്നും കണ്ട് മോള് ഞെട്ടണ്ട കേട്ടോ.” “മോൾക്ക് ചായ എടുക്കട്ടെ?? ” നിർമ്മല ചോദിച്ചു. “വേണ്ടമ്മേ രാവിലെ തന്നെ രാഹുലേട്ടൻ ഒരു അടിപൊളി കാപ്പി ഇട്ടുകൊണ്ട് തന്നിരുന്നു.” അപർണ്ണ അവനെ ഒന്നു നോക്കിയ ശേഷം അമ്മയോട് പറഞ്ഞു. “ആഹാ… അത് കൊള്ളാലോ.. ” നിർമ്മല കള്ളച്ചിരിയോടെ മകനെ നോക്കി. രാഹുൽ അമ്മയെ നോക്കി ചമ്മിയ ചിരി ചിരിച്ചു. തന്നെ അപർണ്ണ കളിയാക്കിയതാണോ എന്ന് രാഹുൽ സംശയിച്ചു. അപർണ്ണയും അവരുടെ കൂടെ കിച്ചണിൽ സഹായിക്കാൻ കൂടി.

സിങ്കിൽ കഴുകാൻ ഇട്ടിരുന്ന പാത്രങ്ങൾ അവൾ കഴുകി വച്ചു. അതൊന്നും ചെയ്യണ്ടെന്ന് നിർമ്മല പറഞ്ഞെങ്കിലും അവൾ അതൊന്നും ചെവികൊണ്ടില്ല. അച്ഛനോടും അമ്മയോടുമുള്ള അവളുടെ സ്നേഹപൂർവ്വമായ പെരുമാറ്റം കണ്ട് രാഹുൽ മനസ്സാൽ സന്തോഷിച്ചു. എങ്കിലും തന്നോട് അവൾക്കെന്നും അകൽച്ച മാത്രമായിരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നു. അപർണ്ണയുടെ കടുംപിടുത്തവും വാശിയും അതിനോടകം അവൻ മനസിലാക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നാണ് പ്രാതൽ കഴിച്ചത്. ഉച്ചയ്ക്കുള്ള ഊണ് തയ്യാറാക്കലിന് അപർണ്ണയും ഒപ്പമുണ്ടായിരുന്നു. മറ്റൊന്നും ആലോചിച്ചു വിഷമിക്കാൻ മനസ്സിനെ അനുവദിക്കാതെ മുഖത്തു തന്റെ വിഷമം പ്രകടിപ്പിക്കാതെ അവൾ കഴിവതും മറ്റുള്ളവരോട് നന്നായി ചിരിച്ചു സംസാരിച്ചു നടന്നു.

അപ്പോഴെല്ലാം രാഹുൽ അവൾ അറിയാതെ അവളെ വീക്ഷിക്കുന്നുണ്ടായിരുന്നു. സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ടുള്ള അവളുടെ അഭിനയം അവൻ വ്യസനത്തോടെ നോക്കി നിന്നു. അത്രയേറെ വിഷമങ്ങൾ ഉള്ളിലൊതുക്കിയാണ് പുറമേ സന്തോഷം ഭാവിച്ചുള്ള അവളുടെ നടപ്പെന്ന് രാഹുൽ മനസിലാക്കി. അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി. രാത്രി നിലത്ത് പായ വിരിച്ചു കിടക്കാൻ നിൽക്കാതെ അപർണ്ണ ഭയമേതുമില്ലാതെ രാഹുലിനോടൊപ്പം ബെഡിൽ കിടന്നു. പരസ്പരം ഒന്നും മിണ്ടാതെ ഇരുവരും ഉറങ്ങാൻ കിടന്നു. എന്തെങ്കിലും ചോദിച്ചു അവളെ വിഷമിപ്പിക്കാനും അവൻ നിന്നില്ല.

രാഹുൽ അപർണ്ണയെ അവളുടെ ഇഷ്ടത്തിന് വിട്ടു. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ രാഹുലിന്റെ വീടും വീട്ടുകാരുമായി അടുത്തു. രാഹുലിന്റെ വീട്ടുകാർക്കും അവൾ പ്രിയപ്പെട്ട മരുമകളായി മാറി. പക്ഷേ രാഹുലുമായി അപർണ്ണ അപ്പോഴും അകൽച്ചയിൽ തന്നെയായിരുന്നു. അവളുടെ മനസ്സിൽ ശ്രീജിത്ത്‌ മാത്രമായിരുന്നു. ദിവസവും ജിതിനെ വിളിച്ചു അവൾ ശ്രീജിത്തിന്റെ കാര്യങ്ങൾ എല്ലാം അന്വേഷിച്ചിരുന്നു. ആദ്യമൊക്കെ ഹാർഷ് ആയി സംസാരിച്ചു അവളെ വേദനിപ്പിച്ചിരുന്ന ജിതിൻ പതിയെ പതിയെ അവളോട്‌ അങ്ങനെയൊന്നും സംസാരിക്കാതിരിക്കാൻ ശ്രമിച്ചു.

ശ്രീജിത്തിന്റെ വിവരങ്ങൾ എല്ലാം അപ്പപ്പോൾ തന്നെ ജിതിൻ അറിയിച്ചു കൊണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞു പോയി. അന്നൊരു ശനിയാഴ്ചയായിരുന്നു. വൈകുന്നേരം അലക്കി ഉണക്കിയെടുത്ത തുണികൾ അലമാരയിൽ മടക്കി വയ്ക്കുമ്പോഴാണ് അപർണ്ണയ്‌ക്ക് ജിതിന്റെ കാൾ വന്നത്. ശ്രീജിത്തു ബോധം തെളിഞ്ഞപ്പോൾ അപർണ്ണയെ തിരക്കിയതും അവളുടെ വിവാഹം രാഹുലുമായി കഴിഞ്ഞതറിഞ്ഞു പൊട്ടികരഞ്ഞതും ഇനിയൊരിക്കലും അവളെ കാണണ്ട അവളോട്‌ വെറുപ്പാണ് എന്ന് പറഞ്ഞതും ജിതിൻ അവളെ അറിയിച്ചു. അത് അറിഞ്ഞ നിമിഷം അപർണ്ണ ആകെ തകർന്നു പോയി. ശ്രീജിത്തിന്റെ ആ തീരുമാനം അവളെ വല്ലാതെ നൊമ്പരപ്പെടുത്തി.

അവനെ ഒരുനോക്ക് കാണാൻ കഴിയാനാവാത്ത വേദനയാൽ അവൾ ഹൃദയം പൊട്ടി കരഞ്ഞു. അന്ന് ഓഫീസ് വിട്ടു പതിവിലും നേരത്തെ എത്തിയ രാഹുൽ കരഞ്ഞു കലങ്ങിയ മിഴികളോടെ മട്ടുപാവിൽ ഇരിക്കുന്ന അപർണ്ണയെ കണ്ട് ഞെട്ടി. “അപ്പു… എന്താടോ എന്ത് പറ്റി…??” പതർച്ചയോടെ രാഹുൽ ചോദിച്ചു. മിഴികളുയർത്തി അവൾ അവനെ നോക്കി. “ഒന്നുമില്ല…” ദൂരേക്ക് നോട്ടമെറിഞ്ഞു കൊണ്ട് ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു. “ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടായോ…??” “ഇല്ല…” “പിന്നെ…”

ഒരു പൊട്ടികരച്ചിലായിരുന്നു അവളുടെ മറുപടി. “ഇങ്ങനെ കരയാതെ താൻ കാര്യം പറയ്യ് അപ്പു.. എന്ത് വിഷമം ഉണ്ടെങ്കിലും തനിക്ക് എന്നോട് പറയാം. നല്ലൊരു സുഹൃത്തായി ഞാനുണ്ടാകും എന്ന് പറഞ്ഞതല്ലേ… താൻ കരച്ചിൽ നിർത്തി കാര്യം എന്താണെന്നു പറയടോ…” “ശ്രീയേട്ടന് എന്നെ ഇനിയൊരിക്കലും കാണണ്ട എന്ന് പറഞ്ഞു. ശ്രീയേട്ടന് എന്നെ ഇപ്പൊ കാണുന്നത് തന്നെ വെറുപ്പാണ് എന്ന് പറഞ്ഞു. എനിക്ക് സഹിക്കാൻ പറ്റണില്ല രാഹുലേട്ടാ…” മുഖം പൊത്തി അപർണ്ണ തേങ്ങികരഞ്ഞു. രാഹുൽ അവൾക്കടുത്തേക്ക് ചുവടുകൾ വച്ചു. ഉള്ളിൽ ഒരൽപ്പം ഭയത്തോടെ അവൻ അവളുടെ കരങ്ങളിൽ സ്പർശിച്ചു. “എടോ താനിങ്ങനെ കരയല്ലേ… എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം.” രാഹുൽ അവളുടെ കരങ്ങൾ കൂട്ടിപ്പിടിച്ചു.

“നിക്ക് സഹിക്കാൻ പറ്റണില്യ… ശ്രീയേട്ടനെ ഞാൻ അത്രയേറെ സ്നേഹിച്ചു പോയി.” അവളുടെ വാക്കുകൾ തന്റെ ഹൃദയത്തെ കീറിമുറിക്കുന്നതായി അവന് അനുഭവപ്പെട്ടു. “തനിക്കു ഞാനില്ലേ… കരയല്ലേ അപ്പു…” രാഹുൽ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ആർത്തലച്ചു കരഞ്ഞു കൊണ്ട് അപർണ്ണ അവന്റെ നെഞ്ചിലേക്ക് വീണു. ഇരുകരങ്ങൾ കൊണ്ടും രാഹുൽ അവളെ ചേർത്തു പിടിച്ചു. അവനും അവളോടൊപ്പം കരഞ്ഞു പോയി….തുടരും

വിവാഹ മോചനം: ഭാഗം 8

Share this story