അദിതി : ഭാഗം 5

അദിതി : ഭാഗം 5

എഴുത്തുകാരി: അപർണ കൃഷ്ണ

രാവിലെ ഉറക്കമുണുർന്നത് കുറച്ചു താമസിച്ചാണ്. അത് കൊണ്ട് തന്നെ അമ്മയുടെ വായിൽ നിന്ന് പൂരപ്പാട്ട് കേൾക്കേണ്ടി വരുമല്ലോ കർത്താവെ എന്നും ഓർത്തു കൊണ്ടാണ് ഞാൻ താഴേക്ക് പോയത്. എന്നാൽ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ദേ ‘അമ്മ ഒരു പാട്ടുംപാടി ചപ്പാത്തിക്ക് പരത്തുന്നു. ” പ്യാർ ഹുവാ ചുപ് കെ സെ, ഹേയ് ക്യാ ഹുവാ ചുപ് കെ സെ ” അനിൽ കപൂറിന്റെ ഒരു പഴേ സിനിമയിലെ പാട്ടാണ്……. vഅമ്മയുടെയും അപ്പയുടെയും ഫേവറിറ്റ് ഹീറോ. അമ്മയുടെ പാട്ടുകേട്ട് നമ്മട അപ്പ കള്ള ചിരിയും ചിരിച്ചു ചപ്പാത്തി ചുട്ടെടുക്കുന്നു. രണ്ടും ഇടയ്ക്കു എന്തോ പറഞ്ഞു ചിരിക്കുന്നുമുണ്ട്.

കുറച്ചു നേരം അതും നോക്കി നിന്നപ്പോൾ സന്തോഷം കൊണ്ട് മനസ് നിറയും പോലെ, എന്നാലും അതങ്ങ് സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ…….. ചെറിയ ഒരു കുറുമ്പൊടെ “കിളവൻ കാമുകനും കിളവി കാമുകിയും കൂടെ ഇവിടെന്നാ റൊമാൻസ് കളിക്കുവാന്നോ” എന്നും ചോദിച്ചു കൊണ്ടാണ് ഞാൻ അങ്ങോട്ടേക്ക് പോയത്. “കിളവൻ നിന്റെ അപ്പനാടി” അപ്പയുടെ വക സെല്ഫ് ഗോൾ. അത് കേട്ട് ചിരിച്ചും കൊണ്ട് ഞാൻ അന്നമ്മയുടെ തോളിൽ ചാരി നിന്നു. എന്നിട്ടു പതിയെ അമ്മയുടെ പ്രിയപ്പെട്ട മറ്റൊരു സോങ് ആ ചെവിയിൽ പാടി കൊടുത്തു… ”

ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ ജെസെ ഖിൽത്താ ഗുലാബ് ജെസെ” സന്തോഷത്തോടെ അത് കേട്ട് നിന്ന അപ്പയും എന്റെ പാട്ടിനു താളം പിടിച്ചു കൊണ്ട് അടുത്ത വരികൾ പാടി, പതിയെ അമ്മയും ഞങ്ങൾക്കൊപ്പം കൂടി…. എന്റെ പാട്ടിനോടുള്ള സ്നേഹവും അഭിരുചിയും എല്ലാം അമ്മയിൽ നിന്നും വന്നതാണ് എന്നാണ് വല്യമ്മച്ചി പറയാറുള്ളത്……… അപ്പയും മോശമല്ല കേട്ടോ, എന്നാലും ഒരു ട്വിസ്റ്റ് എന്താന്ന് വച്ചാൽ, പള്ളിയിൽ പാട്ടു പാടുമായിരുന്നു അമ്മയെ അപ്പ ലൈൻ വലിക്കാനുള്ള ഒന്നാമത്തെ കാരണം ആ മനോഹരമായ ശബ്‍ദം ആണെന്ന് അപ്പ പറഞ്ഞിട്ടുണ്ട്.

അത് കേൾക്കുമ്പോൾ അമ്മയുടെ കണ്ണുകളിൽ നക്ഷത്രങ്ങൾ വിരിയാറുണ്ട്. ജീവിതം എത്ര പ്രാരാബ്ധം നിറഞ്ഞതാണേലും, കഴിഞ്ഞു പോയ നല്ല നാളുകളെ കുറിച്ചോർക്കുമ്പോൾ അവയെ സ്നേഹത്തോടെ അനുസ്മരിക്കുമ്പോൾ, പ്രണയം എന്നും ജീവസുറ്റതായി മാറുമായിരിക്കണം…………….. ക്ലാസ്സിൽ ഇരിക്കുമ്പോൾ റോയിച്ചൻ ആണ് കോളേജിൽ ഏതോ ഒരറ്റത്ത് കുളം ഉള്ളതിനെ പറ്റി പറഞ്ഞത്. കുളത്തിന്റെ കരയിൽ നിറയെ കായ്ക്കുന്ന നെല്ലിമരം കൂടെ ഉണ്ടെന്നു കേട്ടപ്പോൾ എനിക്ക് പിന്നെ അത് കാണാതെ ഒരു സമാധാനവും ഇല്ല എന്നായി……….

മര്യാദയുടെ ഭാഷയിൽ ഞാൻ ആ കുരങ്ങനോട് എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോകാൻ പറഞ്ഞതാണ്, അപ്പൊ വല്യ ജാഡ. എന്ന പിന്നെ തനിച്ചാണെലും പോയിട്ട് തന്നെ കാര്യം എന്നും വിചാരിച്ചു ചാടി പുറപ്പെടാൻ ഒരുങ്ങിയ എന്നെ അവിടെ പാമ്പു ഉള്ളത് കൊണ്ട് അങ്ങോട്ട് പോകാൻ പെർമിഷൻ ഇല്ല എന്നു പറഞ്ഞു ദേവു പിടിച്ചു നിർത്തി. അവൾ എന്നിട്ടു എന്നോട് ആ സ്ഥലത്തിനെ കുറിച്ച് പറഞ്ഞതിന് റോയിച്ചന് കുറെ വഴക്കും കൊടുത്തു. അല്ലേലെ ലവള് കുറച്ചു കലിപ്പിലായിരുന്നു. രാവിലെ പ്രിൻസിപ്പലിന്റെ വായിൽ നിന്ന് പുള്ളിക്കാരിക്ക് വയറു നിറച്ചു വഴക്കു കേട്ടിരുന്നു.

എന്തിനാ എന്ന് ചോദിച്ചാൽ ഞങ്ങൾ ക്ലാസ്സിൽ കിടന്നു അലച്ചതിനു. അങ്ങനെ മനപ്പൂർവം അലമ്പുണ്ടാക്കിയതല്ല. വർത്തമാനം പറഞ്ഞപ്പോൾ അറിയാതെ ശബ്ദം ഒന്ന് ഉയർന്നു പോയതാണ്. അതും കേട്ട് ഓഫീസിൽ നിന്നും വന്ന പ്രിൻസിപ്പലിന്റെ മുന്നിൽ ചെന്ന് ചാടിയത്, ദേവുവും………… പാവം കുട്ടി, ഞങ്ങൾ എല്ലാര്ക്കും കൂടെ ഒള്ളത് ഒറ്റയ്ക്ക് ഏറ്റുവാങ്ങി തളർന്നു പോയിരുന്നു അവൾ. അറുപതു പേരുള്ള ഡിഗ്രി ക്ലാസ്സിലെ കുട്ടികളെ കവച്ചു വയ്ക്കുന്ന ബഹളമാണല്ലോ, ആകെ ഇരുപതു പേരുള്ള നിങ്ങൾ എന്ന് ചോദിച്ചു, അദ്ദേഹം വഴക്ക് പറഞ്ഞത് ദേവു ക്ലാസിൽ ഡെമോ കാണിച്ചപ്പോൾ ആണ്, എനിക്ക് വീണ്ടും അദിതിയെ പറ്റി ഓർമ വന്നത്. ക്ലാസ് തുടങ്ങിയിട്ട് നാളുകൾ കുറെ ആയി.

അദിതി കൂടി വന്നാൽ ഞങ്ങളുടെ ക്ലാസ് ഫിൽ ആകും. എന്താകും ആ കുട്ടി വരാത്തത്, എന്നറിയാനുള്ള ക്യൂരിയോസിറ്റി സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ തോമസ് സാറിനോട് തന്നെ ആ കാര്യം അങ്ങ് ചോദിച്ചു. എന്റെ ചോദ്യം കേട്ട് ഒരു ചെറു ചിരിയോടെ അയാളെ പറ്റി ഒന്നും അറിയില്ല എന്ന് പറഞ്ഞു. അവിടെയും നിരാശ…. ആഹ്…… പിന്നെ ക്ലാസും തിരക്കും ഒക്കെ ആയപ്പോൾ ഞാൻ ആ കാര്യം ഒക്കെ മറന്നു. രണ്ടു മൂന്ന് ദിവസ്സങ്ങൾ ഞങ്ങൾക്ക് ഫ്രീ പീരീഡ്സ് ഒന്നും തരാതെ കടന്നു പോയി. അങ്ങനെ ഇരിക്കെ ഒരു വ്യാഴാഴ്ച്ച എന്നെ സന്തോഷത്തിലാഴ്ത്തി കൊണ്ട്, ഉച്ചക്ക് ശേഷം ഫ്രീ ആയി, കാരണം ടീച്ചേർസ് മീറ്റിംഗ്…………

ഞാൻ മാത്രമല്ല, എല്ലാരും ഹാപ്പി ആയിരുന്നു. വല്ലപ്പോഴും കിട്ടുന്ന ചാൻസ് അല്ലേ….. എനിക്കും അതൊരു നല്ല അവസരമായിരുന്നു. കുറച്ചു ഹിഡൻ അജണ്ടകൾ ഉണ്ടാരുന്നു പൂർത്തിയാക്കാൻ. അതുകൊണ്ടാണ്, ക്ലാസ്സിൽ എല്ലാരും സീനിയർസ്‌നോടു കത്തി വയ്ക്കാനും അടുത്ത ആഴ്ച നടത്താൻ ഉദ്ദേശിക്കുന്ന ഫ്രഷേഴ്‌സ് ഡേയുടെ വിവരങ്ങൾ അറിയാനും പോയപ്പോൾ ഞാൻ പതിയെ മുങ്ങിയത്….. എന്നിട്ടു, കുളം കാണാം, നെല്ലിക്ക പറിക്കാം, പറ്റിയാൽ വല്ല പാമ്പു ചേട്ടന്മാരേം കാണാം എന്നൊക്കെ ഉള്ള ഉദ്ദേശ്യലക്ഷ്യങ്ങളോടെ പീക്കിരികളെയും പൊക്കി ഞാൻ നടന്നു. അവന്മാര്, ആദ്യത്തെ ദിവസം എനിക്ക് കോളേജ് മൊത്തം കാണിച്ചു തന്നെങ്കിലും കുളം ഉള്ളത്തിനെ പറ്റി പറഞ്ഞില്ല…….

അതെന്നാ എന്ന് ചോദിച്ച എന്നോട് പറയാത്തത് എന്ന് ചോദിച്ചപ്പോൾ വിനുക്കുട്ടൻ തന്ന മറുപടി, “അലോഷി നീയേ ഒരു പാമ്പു, അതിന്റെ ഇടയിൽ നിന്നെയും കൊണ്ട് ആ പാമ്പിൻ കാട്ടിൽ പോകണം, നിന്നെ കണ്ടു വല്ല പാമ്പും പുറകെ വരണം, അവസാനം രണ്ടു പാമ്പുകളും കൂടെ ഞങ്ങൾക്ക് പണി ആയാലോ എന്ന് ആലോചിച്ചിട്ടാ” ഇതും പറഞ്ഞു അവൻ ഒരൊറ്റ ഓട്ടമായിരുന്നു, എന്തായാലും ഞാനും ചിരിച്ചു പോയി….. അങ്ങനെ അവസാനം ഞങ്ങൾ ഡെസ്റ്റിനേഷനിൽ എത്തി. ഉള്ളത് പറയാല്ലോ കോളേജിന്റെ ഭംഗി മുഴുവൻ മറഞ്ഞു കിടക്കുന്ന സ്ഥലം. മരങ്ങൾ നിറഞ്ഞു, കിളിയൊച്ചകൾ കേൾക്കുന്ന ഗൃഹാതുരതയുണർത്തുന്ന ഒന്ന്. അവിടം എന്നെ ഒരുപാടു സന്തോഷവതിയാക്കി.

ലവൻമ്മാരു ആണേൽ എനിക്ക് ബോഡിഗാർഡ്‌കൾ എന്ന പോലെ ആണ് നിക്കുന്നത്. വെള്ളത്തിൽ ഒന്ന് കാലു നനക്കാൻ പോലും സമ്മതിക്കുന്നില്ല, ആ ദുഃഖം കുളത്തിൽ കല്ലെറിഞ്ഞു ജലപ്പരപ്പിൽ ഉണ്ടായ ചലനങ്ങൾ ആസ്വദിച്ചാണ് ഞാൻ മാറ്റിയത്. റോയിച്ചൻ പറഞ്ഞത് ഉള്ളതാ കേട്ടോ, നല്ല ചുവന്നു തുടുത്ത ഒരു തരം നെല്ലിക്ക നിറയെ കായ്ച്ചു നിക്കുന്ന മരം. താഴെ നിന്ന് പറിക്കാൻ പറ്റുന്നില്ല. പീക്കിരികൾ എറിഞ്ഞു ഇട്ടതെല്ലാം തറയിൽ വീണു ചതഞ്ഞു പോയി……. പിന്നെ ഒന്നും നോക്കില, വലിഞ്ഞു അതിന്റെ മണ്ടയിൽ കേറി ഞാൻ. കുരങ്ങിനെ പോലെ ഇരുന്നു താഴേക്ക് നോക്കുമ്പോൾ പീക്കിരികൾ എല്ലാം കണ്ണും തള്ളി തലേൽ കയ്യും വച്ചു നിക്കുന്നു.

” എന്റെ പൊന്നു അലോഷി നിന്നെ കണ്ടപ്പോളേ ഞങ്ങൾ കരുതിയതാ നീ ഒരു മരം കേറി ആകും എന്ന്. ന്നാൽ ശെരിക്കും ഒരു കൊരങ്ങച്ചി ആണെന്ന് കരുതില കേട്ടോ”………… സേവിക്കുട്ടന്റെ വകയാണ്. ഞാൻ പല്ലു മൊത്തം കാണിച്ചു ഒരു ചിരി പാസ് ആക്കിയ ശേഷം ജോലിയിലേക്ക് കടന്നു, പറിക്കുക, കഴിക്കുക, വല്ലപ്പോളും ഓരോന്ന് താഴേക്ക് കൊടുക്കുക. . ഇത്യാദി പരിപാടികളുമായി ഞാൻ അതിന്റെ മുകളിൽ ഇരുന്നു………… അപ്പോളാണ് താഴേന്നു ശു ശു അലോഷി എന്നു വിളി കേൾക്കുന്നത്, ഞാൻ രണ്ടു മൂന്ന് നെല്ലിക്ക പറിച്ചു താഴേക്കിട്ടതല്ലാതെ അങ്ങോട്ട് നോക്കിയില്ല,

ഭയങ്കര ബിസി തീറ്റ ആയിരുന്നല്ലോ, അവന്മാര് പിന്നേം വിളിക്കുന്നുണ്ട്, പോടാ പീക്കിരികളെ എന്നും വിളിച്ചു ഞാൻ പിന്നേം തഥേവ. പിന്നെയും അലോഷി, ഒന്നിറങ്ങു എന്ന് അവന്മാര് വിളിച്ചപ്പോൾ ഞാൻ താഴേക്ക് നോക്കി. എന്താടാ കൊരങ്ങമാരെ എന്ന് ചോദിക്കാൻ ഒരുങ്ങിയ ഞാൻ നോക്കിയത്, മരത്തിനു കീഴിൽ എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരാളുടെ മുഖത്താണ്. അന്ന് പാട്ടു പാടുന്നതിന്റെ ഇടയിൽ ഞാൻ കണ്ട മുഖം……… അതെന്നെ തന്നെ നോക്കി നിൽക്കുവാണ്, ഒപ്പം പ്രീതിച്ചേച്ചിയും ഉണ്ട്. കറുത്ത ഫുൾ സ്ലീവ് ഷർട്ടും നീല ജീൻസും ആണ് വേഷം. സ്ലീവ് മടക്കി വായിച്ചിട്ടുണ്ട്. വെളുത്തിട്ടു ഉയരമുള്ള പ്രകൃതം.

കോഫിയുടെ നിറമുള്ള കണ്ണുകൾ, അതിങ്ങനെ പീലി നിറഞ്ഞു വിടർന്നു നിൽക്കുന്നു, കരുണ നിറഞ്ഞ കണ്ണുകൾ, ചെറിയ കുഞ്ഞുങ്ങൾക്കുള്ള പോലെ ആകാംഷ നിറഞ്ഞ മുഖം. അലക്ഷ്യമായി വളർന്നു കിടക്കുന്ന മുടി, താടി, എല്ലാം കൂടെ പുള്ളിയെ കണ്ടപ്പോൾ കർത്താവിനെ ആണ് എനിക്ക് ഓർമ വന്നത്. ജീസസിനെ പോലെ തോന്നിക്കുന്ന മുഖമുള്ള മനുഷ്യൻ….. “അലോഷി എനിക്കും നെല്ലിക്ക” പ്രീതിച്ചേച്ചി വിളിച്ചു പറഞ്ഞു ഇത് കേട്ടതും അടുത്ത് നിന്ന ആള് ചേച്ചീനെ തുറിച്ചു ഒരൊറ്റ നോട്ടം. ചേച്ചി ഒരു ഇളിഭ്യ ചിരി ചിരിച്ചു. ഹും, ഇയാള് ആരെയാ നോക്കി പേടിപ്പിക്കുന്നത്, ഞാൻ ചേച്ചിക്കും നെല്ലിക്ക പറിച്ചു കൊടുത്തു.

“മതി അലോഷി, കൈയിൽ കുറെ ഉണ്ട്, ഇനി പോകാം എന്ന് വിനുകുട്ടൻ പറഞ്ഞപ്പോൾ ഞാൻ പതിയെ മരത്തിൽ നിന്നും ഊർന്നു തറയിൽ ഇറങ്ങി… ഇന്നേരം മൊത്തം പേരറിയാത്ത മറ്റേ കക്ഷി എന്നെ തന്നെ നോക്കി നിൽക്കുവാണ്. വിനു കുട്ടന്റെ കൈയിലെ നെല്ലിക്ക മേടിച്ചു ഞാൻ അയാൾക്കരികിലേക്ക് നടന്നു കൈയിൽ ഉണ്ടാരുന്ന നെല്ലിക്ക കാണിച്ചു. എന്നാൽ എന്നെ ഒരു നിമിഷം ഒന്ന് നോക്കി നിന്ന ശേഷം തിരിഞ്ഞു നടക്കുവാണ് പുള്ളി ചെയ്തത്. എന്റെ മുഖത്തു അറിയാതെ ഒരു ചിരി വിടർന്നു.

“അടുത്ത ആഴ്ച്ച ഫ്രഷേഴ്‌സ് ഡേയിൽ ഒരു സോങ് പാടുമോ എന്ന് ചോദിക്കാൻ വേണ്ടി തന്നെ കാണാൻ ഇരുന്നതായിരുന്നു ഞാൻ, ക്ലാസ്സിൽ കാണാതെ ഇരുന്നപ്പോൾ റോയിച്ചനോട് ചോദിച്ചു, പുള്ളി ആണ് താൻ ഇനി കുളം കാണാൻ എങ്ങാനും പോയിട്ടുണ്ടാകുമോ… എന്ന സംശയം പറയുന്നത്, അത് കേട്ടതും ഡേവിഡ് എന്നെയും കൂട്ടി ഇങ്ങോട്ട് വന്നു” പ്രീതി ചേച്ചി പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ചോദിച്ചു, “ആരാ ഡേവിഡ്” അത് കേട്ട് ഒരു ചെറിയ ചിരിയോടെ ഞങ്ങൾക്ക് മുന്നേ നടന്നു കൊണ്ടിരുന്ന ആളെ കാണിച്ചു, “ദേ ആ പോയതാണ് ഡേവിഡ്” ഞാൻ എന്തൊക്കെയോ ചിന്തിച്ചു നടക്കവേ പ്രീതിച്ചേച്ചി വീണ്ടും ചോദിച്ചു”

അലോഷി നീ പാട്ടു പാടാമോ” ഞാൻ ഞെട്ടിയുണർന്ന പോലെ പ്രീതി ചേച്ചിയെ നോക്കി പുഞ്ചിരിച്ചു എന്നിട്ടു വലതു കൈയിലെ തള്ള വിരൽ ഉയർത്തി. അത് കണ്ടു എന്നെ നോക്കി ഒരു പുഞ്ചിരിയും പാസ് ആക്കി പുള്ളിക്കാരി ഡേവിഡിന്റെ പുറകെ നടന്നു…. ഞാൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ നമ്മട പീക്കിരികൾ പുറകേ പതിയെ നടന്നു വരുന്നുണ്ട്, ഞാൻ നോക്കിയത് കണ്ടപ്പോൾ സംസാരിച്ചു കൊണ്ടിരുന്നത് പതിയെ നിർത്തി. ” ഹം എന്തായിരുന്നു, ചിലരെ ഒക്കെ കണ്ടപ്പോൾ നമ്മൾ അനിയമ്മാരെ ആർക്കും വേണ്ട കേട്ടോ നെല്ലിക്ക കൊടുക്കണോ, ചിരിക്കണോ നമ്മൾ എല്ലാം പുറത്തു.

” ജെസ്റ്റു മോന്റെ വകയാണ്. ഞാൻ ചെറിയൊരു ചിരിയോടെ അവന്റെ തലയിൽ ചെറുതായി തട്ടി. ദേ അപ്പോളുണ്ട്, വിനു എന്റെ നെല്ലിക്ക മൊത്തം അടിച്ചു മാറ്റി ഒരൊറ്റ ഓട്ടം. ഞാനും ഓടി അവന്റ പുറകെ. .. ഓടി നേരെ ചെന്ന് നിന്ന് കൊടുത്തത് മീറ്റിംഗ് കഴിഞ്ഞ ശേഷം ക്യാന്റീനിൽ നിന്ന് ചായ കുടിയും കഴിഞ്ഞു വരുന്ന ടീച്ചേഴ്സിന്റെ മുന്നിൽ… കോളേജിൽ ഉള്ള അദ്ധ്യാപകർ മൊത്തം ഉണ്ട്. ഓടി ചെന്ന് ലാൻഡ് ചെയ്തത് തോമസ് സാറിന്റെ മുന്നിൽ, ഓട്ടവും പെട്ടന്നുള്ള സഡൻ ബ്രേക്കും കുടി ആയപ്പോൾ കാലു തിരിഞ്ഞു ഞാൻ ദേ. …… വീണിതല്ലോ കിടക്കുന്നു ധരണിയിൽ………

തൈലം ഇട്ടു ചൂട് പിടിപ്പിക്കുമ്പോൾ അമ്മയുടെ വായിൽ ഇരുന്ന തെറി മൊത്തം ഞാൻ കേൾക്കേണ്ടി വന്നു. കാല് തിരിഞ്ഞു നടക്കാൻ വയ്യാതെ ആയതിനാൽ അപ്പയെ വിളിക്കേണ്ടി വന്നു. എന്നെ കൂട്ടാൻ വന്ന അപ്പയോട് തോമസ് സാറും കിരൺ സാറും നടന്നത് മൊത്തം ഒരു ചെറു ചിരിയോടെ പറഞ്ഞു. മോളുടെ കാലു വേദനിക്കുന്നത് ഒന്നും ഓർക്കാതെ അപ്പ ഒരൊറ്റ ചിരി ആയിരുന്നു. അത് കണ്ടു അവിടെ നിന്ന സാറുമാരും തുടങ്ങി. ഇത് കണ്ട പ്രീതി ചേച്ചി എന്നോട് പറഞ്ഞത്, ” എന്റെ പൊന്നലോഷി നീ ഇങ്ങനെ ആയതിൽ ഒരു അദ്ഭുതോം ഇല്ല, ഇതല്ലേ നിന്റെ അപ്പൻ” ചേച്ചി പതിയെ പറയാം എന്ന് ഉദ്ദേശിച്ചതാണേലും ഫലത്തിൽ അത് അവിടെ നിന്നവര് മൊത്തം കേട്ടു.

മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഞാൻ ഒരു അവിഞ്ഞ ചിരി പാസ് ആക്കി. അല്ലാണ്ട് എന്ത് പറയാനാ…. അതുവരെ ടീച്ചേഴ്സിന്റെ മുന്നിൽ ഞാൻ പക്കാ ഡീസന്റ് ആയിരുന്നു, എല്ലാം നിമിഷങ്ങൾ കൊണ്ട് സ്വാഹാ ആയി കിട്ടി…… എന്തായാലും അതോടു കൂടെ ഞാനും എന്റെ പേരും കോളേജിൽ മൊത്തം പരന്നു. ഹല്ലാ പിന്നെ! എന്തായാലും വീഴ്ച വലിയ ശക്തിയിൽ ഒന്നും അല്ലായിരുന്നു എങ്കിലും, കാല് തിരിഞ്ഞ കാരണം നല്ല വേദന ഉണ്ടായിരുന്നു. പറഞ്ഞാൽ ‘അമ്മ എന്നെ കുരിശിൽ കേറ്റും. ആക മൊത്തം കലിപ്പ് ആയിട്ടു ഇരിക്കുവാ, സ്നേഹം കൊണ്ടാണെന്നേ, ഞാൻ മാത്രം അല്ലെ ഒള്ളു അവർക്കു, എന്തായാലും അതൊരു കാരണം കാരണം അടുത്ത ദിവസം ഞാൻ കോളേജിൽ പോയില്ല.

ശനി ആയപ്പൊളേക്കും കാലിനു വേദന ഒക്കെ കുറഞ്ഞു ഞാൻ റെഡി ആയി. ഒരു ദിവസം അടങ്ങി കിടക്കേണ്ടി വന്ന കഷ്ടമേ, മുറിയിൽ ഹെഡ് സെറ്റിൽ പാട്ടും വച്ച്, ഗന്നം സ്റ്റൈൽ കളിച്ചോണ്ടു കിടക്കയിൽ കിടക്കുവാരുന്നു, അതെ സുഹൃത്തുക്കളെ കിടന്നു ഡാൻസ് കളിക്കുന്ന ഒരസുഖത്തിന്റെ അടിമയാണ് ഞാൻ…… ചതിക്കാത്ത ചന്തു സിനിമയിലേ ഏകമുദ്രയും ദ്വിമുദ്രയും തകർത്തു കളിക്കുമ്പോളാണ് മുറിയുടെ വാതിൽ തുറന്നു ചിലർ അകത്തേക്ക് വന്നത്, പീക്കിരികൾ, റോയിച്ചന്, ദേവു, മാളു, മനു, പ്രീതിച്ചേച്ചി, എന്റെ കോലം കണ്ടു എല്ലാരും വാ തുറന്നു നിന്ന് പോയി.

ഒള്ളത് പറഞ്ഞാൽ ഞാനും ചമ്മി, ഇവരിതു വീട്ടിൽ കേറി വരും എന്ന് ആരേലും ഓർത്തോ…… ആകെ വിളറി വെളുത്തു നാശമായി എങ്കിലും അത് പുറത്തു കാണിച്ചില്ല……… പിന്നെ എല്ലാം കൂടെ ഒരു മേളം ആയിരുന്നു, അമ്മേം അപ്പയും എല്ലാം ഉഷാർ. പാചകവും കഴിപ്പും, കത്തിവയ്പും ആയി ഒരുത്സവം പോലെ, ഇതിന്റെ ഇടയിൽ ആ പരട്ടകൾ എല്ലാം ഉള്ളതും ഇല്ലാത്തതും എല്ലാം അമ്മയോട് പറഞ്ഞു കൊടുത്തു………. ഇതുങ്ങള് എന്നെ കൊലക്കു കൊടുക്കുമല്ലോ കർത്താവെ എന്നോർത്ത് തലയിൽ കൈ വായിച്ചിരുന്നപ്പോൾ ഉണ്ട്, ദേ അമ്മയും അപ്പായും കൂടെ ഞാൻ ജനിച്ചപ്പോൾ മുതൽ കാണിച്ച എല്ലാ തല്ലുകൊള്ളിത്തരങ്ങളും അവർക്കു പറഞ്ഞു കൊടുത്തു. ചുരുക്കി പറഞ്ഞാൽ എല്ലാം കൂടെ കൊന്നു കൊല വിളിച്ചു………

എന്തായാലും അമ്മക്ക് അവരെ ഇഷ്ടപെട്ടിരുന്നു. അമ്മയെ പീക്കിരികൾ പാചകത്തിൽ സഹായിച്ചു പേരെടുത്തിരുന്നു. പോരാഞ്ഞു ഉണ്ടാക്കി കൊടുത്തതെല്ലാം കഴിക്കേം ചെയ്തു. അമ്മക്ക് വല്യ ഇഷ്ടം ഉള്ള ഏർപ്പാടാണ് ഇതൊക്കെ. അന്ന് വൈകുന്നേരം ആയിരുന്നു എല്ലാരും പോയത്….. തിങ്കളാഴ്ച ലേശം താമസിച്ചായിരുന്നു ഞാൻ കോളേജിൽ എത്തിയത്, ലേശം എന്ന് പറഞ്ഞാൽ ഉച്ചക്ക്. അമ്മയുടെ ഒരു ഫ്രണ്ടിന്റെ മകളുടെ വിവാഹം ഉണ്ടായിരുന്നു, പോകാതിരിക്കാൻ വളരെ അധികം ശ്രമിച്ചതായിരുന്നു, അപ്പ ഒരു മീറ്റിംഗിന്റെ കാര്യം പറഞ്ഞു സ്കൂട്ട് ആയതു കൊണ്ട്, ഞാൻ കുടുങ്ങി, പതിനൊന്നു മണിക്കാണ് എനിക്കവിടെ നിന്ന് പോരാൻ പറ്റിയത്, അതു തന്നെ കോളേജിൽ പോയെ പറ്റു എന്ന് പറഞ്ഞിട്ട്……

അങ്ങനെ കൃത്യം പന്ത്രണ്ടു ആയപ്പോൾ ഞാൻ കോളേജിൽ എത്തി. അര മണിക്കൂർ കൂടെ കഴിഞ്ഞാൽ ലഞ്ച് ബ്രേക്ക് ആയതു കൊണ്ട്, ഞാൻ ലൈബ്രറിയിൽ പോയി. അവിടെ ഉള്ള ചേച്ചിയും എന്റെ വീഴ്ചയുടെ കഥ അറിഞ്ഞിരുന്നു, പിന്നെ സുഖ വിവരം ഒക്കെ പറഞ്ഞു തിരിഞ്ഞപ്പോൾ, പട പോലെ കൊറേ പിള്ളേരും. കുടുങ്ങി കർത്താവെ… ഒരുവിധം ഞാൻ അവിടന്ന് മുങ്ങി, ക്ലാസ്സിൽ പ്പോകുന്ന വഴിക്കു എന്നെ കണ്ട തോമസ് സാർ സ്റ്റാഫ് റൂമിൽ നിന്ന് വിളിച്ചു. അങ്ങനെ എനിക്കറിയാവുന്നതും അറിയാത്തതുമായ അദ്ധ്യാപകരുടെ കളിയാക്കലുകൾ ഒരു ചെറു ചിരിയോടെ സ്വീകരിച്ചു തളർന്ന ഞാൻ അവസാനം ക്ലാസ്സിൽ എത്തി,

ഫാനിന്റെ താഴെ ഇരുന്നു വിശ്രമിക്കുമ്പോൾ ആണ് റോയിച്ചൻ പറയുന്നത്, “അലോഷി നീ കാത്തിരുന്ന ആള് വന്നു കേട്ടോ” “ആര്” ഞാൻ ചോദിച്ചു. “അദിതി” അദിതി ആ പേര് കേട്ടതും തളർച്ച മൊത്തം പോയത് പോലെ, എന്നിട്ടെവിടെ ആള്. ഞാൻ ആകാംഷയോടെ ചോദിച്ചു. എന്റെ ആകാംഷ കണ്ടു റോയിച്ചൻ ചിരിയോടേ എന്തോ പറയാൻ തുടങ്ങി, എന്നിട്ടു ആരെയോ കണ്ടത് പോലെ നിർത്തി, കണ്ണ് കൊണ്ട് പുറകിലേക്ക് ആംഗ്യം കാണിച്ചു.

തിരിഞ്ഞു നോക്കിയപ്പോൾ പുറത്തു നിന്നും ക്ലാസ്സിലേക്ക് കേറി വരുന്ന ഒരു പെൺകുട്ടി. കളഞ്ഞു പോയതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തോടെ എന്റെ ഹൃദയം ശക്തമായി ഇടിക്കവെ ഞാൻ പതിയെ മൊഴിഞ്ഞു അദിതി, മുഖം നിറയെ പുഞ്ചിരിയോടെ എന്നെ നോക്കി പുഞ്ചിരിച്ചു അവൾ, പാവക്കുട്ടിയെ പോലെ ഒരു കുട്ടി, പൂച്ചക്കണ്ണുള്ള ഒരു സുന്ദരിക്കുട്ടി അദിതി….. തുടരും

അദിതി : ഭാഗം 4

Share this story