നിനക്കായ് : ഭാഗം 3

Share with your friends

എഴുത്തുകാരി: ഫാത്തിമ അലി

“അമ്മേ….” ഹാളിൽ എത്തിയ ഹരി സുമയെ ഉറക്കെ വിളിച്ചതും കിച്ചണിൽ എന്തോ പറഞ്ഞ് കൊണ്ടിരുന്ന ശ്രീയും സുമയും സംസാരം നിർത്തി… “അമ്മേ….” “ദാ വരുന്നു ഹരീ…” ഒരിക്കൽ കൂടി ഹരി അവരെ ഉച്ചത്തിൽ വിളിച്ചതും നനഞ്ഞ കൈ കിച്ചൺ ടവലിൽ തുടച്ച് ഹാളിലേക്ക് ചെന്നു…. പിന്നാലെ തന്നെ ശ്രീയും…. “എന്താ ടാ വിളിച്ച് കൂവുന്നത്…?” സുമയോട് എന്തോ പറയാൻ ആഞ്ഞ ഹരി പിന്നാലെ സുമക്ക് പിന്നാലെ അങ്ങോട്ട് വന്ന ശ്രീയെ കാണെ മിണ്ടാതെ നിന്നു.. ഹരിയുടെ മുഖം തന്നെ കണ്ടാവും കറുത്തത് എന്ന് മനസ്സിലായ ശ്രീക്ക് ഒരുപാട് സങ്കടമായി…

എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവനെ നോക്കി ചിരിച്ചു… “ഇവൾ പോയില്ലേ…?” “ടാ ചെക്കാ…നീ അവളെ ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ നിൽക്കാതെ എന്തിനാ വിളിച്ചതെന്ന് പറയ്….” ഹരിയുടെ സ്വരത്തിലെ അനിഷ്ടം മനസ്സിലാക്കെ സുമ അവനോട് കളിയായി ചോദിച്ചെങ്കിലും ശ്രീക്ക് പെട്ടന്ന് തന്നെ അവന്റെ ഭാവ വ്യത്യാസം മനസ്സിലായിരുന്നു… “സുമാമ്മേ….ഞാൻ വീട്ടിലേക്ക് പോവട്ടേ…” സുമയുടെ തോളിൽ തട്ടിക്കൊണ്ട് പതിയെ പറഞ്ഞതും അവർ അവളെ കൂർപ്പിച്ച് നോക്കി… “ഈ ചെറുക്കൻ പറഞ്ഞത് കേട്ടിട്ടാണോ നീ പോവുന്നത് മോളേ…

അവൻ തമാശക്ക് പറയുന്നതല്ലേ…അല്ലേ ഹരീ….” സുമ ഹരിക്ക് നേരെ പുഞ്ചിരിയോടെ നോക്കിയെങ്കിലും അവൻ മറുപടി പറയാതെ മുഖം തിരിച്ച് കളഞ്ഞു… “അത് കൊണ്ടല്ല സുമാമ്മേ….അമ്മയോട് വേഗം വരാമെന്നും പറഞ്ഞാ ഞാൻ ഇറങ്ങിയത്…ഞാൻ വൈകീട്ട് വരുന്നുണ്ട്..” “മ്മ്…എന്നാ മോള് പോയി വാ ട്ടോ…” “അമ്മ അവളോട് കിന്നരിച്ച് നിൽക്കാതെ കഴിക്കാൻ എടുക്കുന്നുണ്ടോ…?” സുമ ശ്രീയുടെ കവിളിൽ വാത്സല്യത്തോടെ തലോടുന്നത് കണ്ടതും ഹരിക്ക് എവിടെ നിന്നൊക്കെയോ പെരുത്ത് കയറി… “ഹാ…എടുത്ത് തരാടാ….ഇവനിത് എന്ത് പറ്റി…മോള് വാ…”

സുമ ശ്രീയെയും കൂട്ടി കിച്ചണിലേക്ക് പോവുന്നതിനിടയിൽ വെറുതെ അവൾ തല തിരിച്ചൊന്ന് ഹരിയെ നോക്കി… അവന്റെ കണ്ണുകളിൽ കാണുന്ന തന്നോടുള്ള ദേഷ്യത്തിന്റെ കാരണം എന്ത് കൊണ്ടാണെന്ന് എത്ര ചിന്തിച്ചിട്ടും ശ്രീക്ക് വ്യക്തമായില്ല… “ഞാൻ ഇറങ്ങട്ടേ സുമാമ്മേ….” കിച്ചണിൽ എത്തിയതും സുമയോട് യാത്ര പറഞ്ഞ് അവൾ വീട്ടിലേക്ക് പോയി… സുമ ഹരിക്കുള്ള ഭക്ഷണവുമായി എത്തിയതും അവൻ കൈ കഴുകി ടേബിളിന് അടുത്ത് ഇരിപ്പുണ്ടായിരുന്നു…. സുമ അവന്റെ അടുത്ത് ചെന്ന് പ്ലേറ്റിൽ വിളമ്പി കൊടുത്ത് അടുത്തുള്ള ചെയറിലായി ഇരുന്നു… “ഇന്നും പുട്ട് ആണോ….ഈ അമ്മ…ഞാൻ വരുമ്പോഴൊക്കെ എന്തിനാ ഈ കുന്തം ഉണ്ടാക്കി വെക്കുന്നത്…”

“ആഹാ…ഇത് നല്ല കൂത്ത്…നിനക്ക് പുട്ടും കടലയും ഇഷ്ടാമയത് കൊണ്ടല്ലേ ഉണ്ടാക്കിയത്….” “പണ്ട് ഇഷ്ടമായിരുന്നെന്ന് വെച്ച്…ഇപ്പഴും ഇത് തന്നെ കഴിക്കണം എന്നുണ്ടോ…അമ്മക്ക് ചിക്കൻ വാങ്ങി വായിക്ക് രുചി ആയിട്ട് എന്തെങ്കിലും വച്ചൂടേ…” “ഒരു നാല് അഞ്ച് മാസം ബാഗ്ലൂർ പോയി നിന്നപ്പോഴേക്കും നിന്റെ ഇഷ്ടവും ഇഷ്ടക്കേടും മാറിയോ….അതെങ്ങനെയാ കണ്ട ഹോട്ടൽ ഫുഡ് ഒക്കെ കഴിച്ച് നാവിന് ഇപ്പോ നാടൻ രുചി ഒന്നും പിടിക്കുന്നുണ്ടാവില്ല അല്ലേ മോന്….” “അമ്മ എന്നെ കളിയാക്കാതെ വേറെ എന്തെങ്കിലും ഉണ്ടാക്കി തന്നേ…” “ആഹ്…എന്നെക്കൊണ്ടൊന്നും വയ്യ…ഇഷ്ടമുള്ളത് വെച്ചുണ്ടാക്കി തരണമെങ്കിൽ ശ്രീക്കുട്ടിയെ വേഗം ഇങ്ങ് കൊണ്ട് വന്നേക്ക്…

അവൾ ഉണ്ടാക്കി തരും…” “എന്ത് പറഞ്ഞാലും ഒരു ശ്രീക്കുട്ടി….എനിക്ക് വേണ്ട ഒന്നും…” ദേഷ്യത്തിൽ മുന്നിലിരുന്ന പ്ലേറ്റിന് ഒരു തട്ട് വെച്ച് കൊടുത്ത് ഹരി ചെയറിൽ നിന്നും എഴുന്നേറ്റു… “ഹരീ…അനാവശ്യമായ ദേഷ്യം നിനക്ക് നല്ലതിനല്ല…നീ ഇത്രക്ക് ചൂടാവാൻ മാത്രം ഞാനെന്താ നിന്നോട് പറഞ്ഞത്…വെറുതേ അല്ല മോള് പേടിച്ച് പോയത്…നീ അതിനോട് ചാടിക്കടിക്കാൻ ചെന്നിരുന്നോ…ഇങ്ങനെ പോയാൽ നിങ്ങളുടെ വിവാഹ….” “അമ്മ ഒന്ന് നിർത്തുന്നുണ്ടോ….” സുമയെ പറയാൻ സമ്മതിക്കാതെ ഹരി ചെയർ എടുത്ത് നിലത്തേക്കെറിഞ്ഞു… അവന്റെ അത്തരത്തിലുള്ള പെരുമാറ്റത്തിന്റെ കാരണം മനസ്സിലാവാതെ സുമ അവനെ സംശയത്തോടെ നോക്കി….

“എന്താ മോനേ…എന്താ നിന്റെ പ്രശ്നം…?” സുമ ആകുലതയോടെ അവന് അരികിലേക്ക് ചെന്ന് ഹരിയുടെ കൈയിൽ പിടിച്ചു… അവൻ ഒരു വിധം മനസ്സിനെ ശാന്തമാക്കി വെച്ച് സുമയെ നോക്കി… “അമ്മേ…ശ്രീയുമായിട്ടുള്ള എന്റെ വിവാഹം നടക്കില്ല..” ഹരി പറഞ്ഞത് ഒരു ഞെട്ടലോടെയാണ് സുമ കേട്ടത്…. ആ ഷോക്കിൽ അവരുടെ കൈ ഹരിയുടെ കൈകളിൽ നിന്നും പിൻവലിച്ചു… “ഹരീ…നീ…നീയിത് എന്താ ടാ പറയുന്നത്…?” “അമ്മേ…എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്….അവളെ അല്ലാതെ മറ്റൊരുത്തിയെ എന്റെ ഭാര്യയായി എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല…” ഹരി പറഞ്ഞ് തീർന്നതും സുമയുടെ കൈ അവന്റെ കവിളിലായി പതിഞ്ഞു…

അത്രയും കാലം തന്നെ നുള്ളി നോവിക്കുക പോലും ചെയ്യാത്ത അവരിൽ നിന്ന് ഇതുപോലൊരു പ്രതികരണം ഹരി പ്രതീക്ഷിച്ചിരുന്നില്ല… “എന്താ ടാ നീയിപ്പോ പറഞ്ഞത്…ഇത്രയും കാലം നിനക്ക് വേണ്ടി നിന്നെയും മനസ്സിലിട്ട് കൊണ്ട് നടന്ന ആ പാവത്തിനോട് ഈ ചതി ചെയ്യാൻ നിനക്കെങ്ങനെ തോന്നി…” ഹരിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഉലച്ച് കൊണ്ടവർ ദേഷ്യത്തോടേ ചോദിച്ചു… “ഞാൻ ആരെ ചതിച്ചെന്നാ അമ്മ പറയുന്നത്…?ഞാനാണോ അവളെ എനിക്ക് വേണം എന്ന് പറഞ്ഞത്…?നിങ്ങൾ എല്ലാവരും കൂടി അല്ലേ അവൾ എനിക്കുള്ളതാണെന്ന് തീരുമാനിച്ച് ഉറപ്പിച്ചത്…

അതിന് അനുസരിച്ച് നിങ്ങളുടെ ഭ്രാന്തിന് തുള്ളാൻ അവളും…” ഹരി അവന്റെ ഷർട്ടിന് മുകളിൽ വെച്ച സുമയുടെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു… “അതേ ടാ…ഞങ്ങൾ തീരുമാനിച്ചത് തന്നെയാണ്….പക്ഷേ കഴിഞ്ഞ അഞ്ച് മാസങ്ങൾക്ക് മുന്നേ വരെ ശ്രീ നിന്റതാണെന്ന് പറയുമ്പോഴൊന്നും എന്റെ മകന് അതിനെ എതിർത്തിരുന്നില്ലല്ലോ…അപ്പോഴൊക്കെ അത് കേട്ട് ചിരിച്ച് നിൽക്കാറല്ലായിരുന്നോ നീ…അവളുടെ പഠിത്തം കഴിഞ്ഞാൽ നിങ്ങളുടെ വിവാഹം നടത്താമെന്ന് നിന്റെ മുന്നിൽ വെച്ചല്ലായിരുന്നോ സംസാരിച്ചത്…

അപ്പോഴും നിന്റെ നാവ് പൊങ്ങിയിരുന്നില്ല…ഇപ്പോ കുറ്റം ഞങ്ങൾക്കും ശ്രീക്കും മാത്രമായി അല്ലേ…” “അമ്മ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല…അവളെ എനിക്ക് എന്റെ ഭാര്യയായി ഉൾക്കൊള്ളാൻ കഴിയില്ല…അതിന് മാത്രം എന്ത് യോഗ്യതയാ അവൾക്കുള്ളത്…തെറിച്ച് നടക്കുന്ന അവളെ പോലെ ഒരു പെണ്ണ് ആരുടെയൊക്കെ കൂടെ എവിടെയൊക്കെ നിരങ്ങിയിട്ടുണ്ടാവും എന്ന് ആർക്കറിയാം….” “നിർത്ത് ഹരീ…” സുമയുടെ ശബ്ദം ഉയർന്നതിനോടൊപ്പം അവരുടെ കൈകളും നിരവധി തവണ അവന്റെ മുഖത്തിന് നേരെ ഉയർന്ന് താണു…

“നിന്റെ അച്ഛൻ ചെയ്ത ബിസിനസ് എല്ലാം തകർന്ന് താമസിക്കുന്ന വീടും പുരയിടവും ഒക്കെ വിറ്റ് പെറുക്കി നാല് വയസ്സ് തികയാത്ത നിന്നെയും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി പോയത് കൊണ്ട് വീട്ട്കാരുടെ അടുത്തേക്ക് പോലും പോവാൻ പറ്റാതെ ആത്മഹത്യയുടെ വക്കിൽ നിന്നപ്പോ… എന്റെ ഏട്ടൻ വീട്ടുകാർ ആരും അറിയാതെ ഏട്ടന്റെ സമ്പാദ്യമെല്ലാം നുള്ളി പെറുക്കി ഒരു കുഞ്ഞ് വീടും വാങ്ങി ബാക്കി കുറച്ച് പണവും എന്റെ കൈയിൽ ഏൽപ്പിച്ചു…ആ പണം കൊണ്ടാ നിന്റ അച്ഛൻ ബിസിനസ് തുടങ്ങിയതും നീ ഇപ്പോ അനുഭവിക്കുന്ന സൗകര്യങ്ങളും ഒക്കെ നിനക്ക് കിട്ടിയതും….

അവൾക്കില്ലാത്ത എന്ത് യോഗ്യതയാ അച്ഛനുണ്ടാക്കി വെച്ചതിന്റെ പണക്കൊഴുപ്പിന്റെ പേരിൽ നെഗളിക്കുന്ന നിനക്ക് ഉള്ളത്…. പിന്നെ ശ്രീക്കുട്ടിയെ പറ്റി നീ പറഞ്ഞത്…അവൾ കണ്ടവരുടെ കൂടെ നിരങ്ങുന്നത് നീ കണ്ടിട്ടുണ്ടോ… അവൾ എന്റെ വയറ്റിൽ പിറന്നിട്ടില്ലാ എന്നേ ഉള്ളൂ…എന്റെ സ്വന്തം മോളായിട്ടേ ഞാനവളെ കണ്ടിട്ടുള്ളൂ…നിന്നേക്കാൾ എനിക്ക് വിശ്വസവും സ്നേഹവും ആണ് എന്റെ കുട്ടിയോട്….അത് കൊണ്ട് അവളെ പറ്റി അനാവശ്യം വല്ലതും നീ പറഞ്ഞാ….” സുമയുടെ മുഖഭാവം കണ്ട് ഹരി ഒരു നിമിഷ നേരത്തേക്ക് പതറി… “അമ്മ എന്തൊക്കെ പറഞ്ഞാലും…

അവളിനി എത്ര വല്യ പുണ്യാളത്തി ആയാലും എനിക്കവളെ ഭാര്യയായി കാണാൻ കഴിയില്ല…” സുമ തന്നെ നോവിച്ചതിലുള്ള വേദനയും അതിന് കാരണക്കാരി ശ്രീ ആണെന്നതും അവനിലെ ദേഷ്യം വർദ്ധിച്ചു…. “ഞാൻ ജീവിച്ചിരിക്കുന്ന കാലം ശ്രീ അല്ലാതെ മറ്റൊരുത്തി എന്റെ മരുമകളായി വരാൻ ഞാൻ സമ്മതിക്കില്ല ഹരീ….” സുമയുടെ ദേഷ്യം കാൺകെ ഹരിയുടെ വീറും വാശിയും കൂടി…. “അമ്മ വെറുതേ വാശി പിടിക്കണ്ട…ആര് എതിർത്താലും ഞാൻ മേഘയെ മാത്രമേ വിവാഹം കഴിക്കൂ…ഇനി എന്നെ സമ്മതിപ്പിക്കാൻ ആത്മഹത്യാ ഭീഷണിയോ ഹാർട്ട് അറ്റാക്ക് നാടകമോ ഒന്നും കാണിച്ച് കൂട്ടണ്ട…

ഹരിനന്ദന് ഒരു ജീവിതം ഉണ്ടെങ്കിൽ അത് മേഘയോട് ഒപ്പം മാത്രം ആയിരിക്കും…” ഹരി ദേഷ്യത്തിൽ വെട്ടി തിരിഞ്ഞ് പോവുന്നതും നോക്കി സുമ പ്രതീക്ഷ അറ്റത് പോലെ ചെയറിലേക്ക് ഇരുന്നു… “എന്താ ഏട്ടാ നമ്മുടെ മോന് പറ്റിയത്…” ഹാളിലെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഹരിയുടെ അച്ഛൻ കൃഷ്ണദാസിന്റെ ഫോട്ടോയിലേക്കും നോക്കി അവർ കണ്ണീരോടെ ചോദിച്ചു…കൃഷ്ണദാസ് ഏഴ് വർഷങ്ങൾക്ക് മുൻപ് ഒരു കാർ ആക്സിഡന്റിൽ മരണപ്പെട്ടിരുന്നു..

അയാളുടെ മാലയിട്ട ചിത്രത്തിലേക്കും നോക്കി കണ്ണുനീരോടെ സുമ ടേബിളിലേക്ക് തലവെച്ച് കിടന്നു… എന്നാൽ ഇതെല്ലാം കേട്ട് കൊണ്ട് കിച്ചണിന്റെ വാതിലിന് മറവിൽ കണ്ണീരോടെ നിൽക്കുന്ന ശ്രീയെ അവർ കണ്ടിരുന്നില്ല.. **** സുമയോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അവളുടെ കൂടെ തന്നെ ശാരദയും പണിയെല്ലാം കഴിഞ്ഞ് തിരികെ പോന്നിരുന്നു… അവൾ അവരോട് ഓരോന്ന് സംസാരിച്ച് ശാരദയുടെ വീടിന് അടുത്ത് എത്തിയപ്പോഴാണ് അവരുടെ ഭർത്താവ് ഒരു കവറും പിടിച്ച് എതിരെ വരുന്നത് കണ്ടത്… “എന്താ രാഘവേട്ടാ ഇത്…?” “ഇത് ഇച്ചിരി ചേമ്പാണ് ശാരൂ….

മംഗലത്ത് കൊടുക്കാൻ വേണ്ടി കൊണ്ട് പോവുകയാ…” “രാഘവമാമ കൃഷി സ്ഥലത്ത് നിന്നും വരുവല്ലേ…?ഇങ്ങ് തന്നോളൂ ഇത് ഞാൻ കൊണ്ട് പോയി കൊടുത്തോളാം…” രാഘവന്റെ കൈയിൽ നിന്നും കവർ വാങ്ങിച്ച് ശ്രീ മംഗലത്തേക്ക് തിരിച്ച് നടന്നു… പിന്നാമ്പുറത്ത് കൂടെ സുമയെ വിളിക്കാൻ ഒരുങ്ങിയതും എന്തോ ബഹളം കേട്ട് അവൾ അതിന് മുതിരാതെ കവർ തിണ്ണയിൽ വെച്ച് അകത്തേക്ക് കയറി.. ഹരി സുമയോട് ദേഷ്യത്തിൽ സംസാരിക്കുന്നത് കണ്ടതും അവർക്ക് അടുത്തേക്ക് പോവാനൊരുങ്ങിയപ്പോഴാണ് ഹരിയുടെ നാവിൽ നിന്നും അവന് താനുമായുള്ള വിവാഹത്തിന് താൽപര്യമില്ലെന്ന വാർത്ത കേട്ടത്…..

മുന്നോട്ട് ചലിച്ചിരുന്ന അവളുടെ കാലുകൾ ഒരുവേള നിശ്ചലമായി…. ശരീരത്തിന് ബലക്കുറവ് പോലെ തോന്നിയ അവൾ ഒരു താങ്ങിനെന്നോണം ചുവരിലേക്ക് ചാരി നിന്നു…. ഹരിയുടെ വാക്കുകൾ ശ്രീയിൽ നടുക്കം സൃഷ്ടിച്ചു…. അവൻ അങ്ങനെ പറയമെന്ന് അവൾക്ക് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല… ഹരി സുമയോട് പറഞ്ഞ ഓരോ വാക്കുകളും കേൾക്കെ ശ്രീയുടെ കണ്ണുകൾ നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു… ഇനിയും അവിടെ നിന്നാൽ ഒരുവേള മനസ്സ് കൈവിടും എന്ന തോന്നലിൽ പൊട്ടി വന്ന കരച്ചിൽ കൈകൾ കൊണ്ട് പൊത്തി പിടിച്ച് അവൾ അവിടെ നിന്നും ഇറങ്ങി ഓടി…

വീട്ടിലേക്ക് പോവുന്ന വഴിയേ വേറെ ഏതോ ലോകത്തിലെന്ന പോലെ ആയിരുന്നു അവളുടെ നടപ്പ്… തലയും താഴ്ത്തി ചുറ്റുമുള്ളതൊന്നും നോക്കാതെ…ഇടക്ക് നിറഞ്ഞ് വരുന്ന കണ്ണുകൾ മുന്നോട്ടുള്ള വഴി തടസ്സപ്പെടുത്തിയെങ്കിലും അതിനെ തുടച്ച് മാറ്റാൻ പോലും മെനക്കെടാതെ ഹരിയുടെ വാക്കുകളിൽ മാത്രം കുരുങ്ങി പോയിരുന്നു അവളുടെ മനസ്സ്… വീടിന്റെ പടിപ്പുര കടന്ന് കാലെടുത്ത് വെച്ചതും ചുറ്റിലും ഒരു ഞെട്ടലോടെ തല ഉയർത്തി നോക്കിക്കൊണ്ട് കണ്ണുകൾ രണ്ടും പുറംകൈയാൽ അമർത്തി തുടച്ച് മുന്നോട്ട് നടന്നു…

വസുന്ധരയെ ഉമ്മറത്തൊന്നും കാണരുതേ എന്ന പ്രാർത്ഥനയിൽ പടികൾ കയറിയെങ്കിലും നേരെ ചെന്ന് എത്തി നിന്നത് ശ്രീയെ കാണാഞ്ഞിട്ട് നോക്കാൻ വന്ന വസുന്ധരക്ക് മുന്നിലാണ്… “ആഹാ…നീ എത്തിയോ…ഇപ്പോ വരാമെന്നും പറഞ്ഞ് പോയ ആളാണ്…നേരം എത്ര ആയെന്ന് അറിയോ…?” വസുന്ധര ശ്രീയെ നോക്കി കണ്ണുകൾ കൂർപ്പിച്ച് ചോദിച്ചെങ്കിലും അവളുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായില്ല… “എന്ത് പറ്റി മോളേ…?മുഖമൊക്കെ വല്ലാതിരിക്കുന്നു…?” ശ്രീയുടെ കുനിഞ്ഞിരിക്കുന്ന മുഖം പയ്യെ പിടിച്ചുയർത്തിയപ്പോഴാണ് അവളുടെ കലങ്ങിയ കണ്ണുകൾ അവരുടെ ശ്രദ്ധയിൽപെട്ടത്…

ആകുലതയോടെ വസുന്ധര ചോദിച്ചതും ശ്രീ അവരുടെ മാറിലേക്ക് വീണിരുന്നു… “എന്താ ടാ…അമ്മേടെ കുട്ടിക്ക് എന്താ പറ്റിയത്…?” “ഒന്നൂല്ല അമ്മാ…നല്ല…നല്ല തലവേദന എടുക്കുന്നു…” പൊട്ടി വന്ന കരച്ചിലിന്റെ ചീളുകളെ തൊണ്ടക്കുഴിയിൽ തടഞ്ഞ് വെച്ച് കൊണ്ട് ശ്രീ പതിയെ പറഞ്ഞു… “ആഹ്…ഞാൻ രാവിലെ പറഞ്ഞതല്ലേ കുളത്തിൽ അധിക നേരം കുളിക്കണ്ടാ എന്ന്…പറഞ്ഞാൽ കേൾക്കില്ലല്ലോ… രാസ്നാദി പൊടിയും ഇടാതെ അല്ലേ അമ്പലത്തിലേക്ക് ഓടിയത്…” “ഞാനൊന്ന് കിടക്കട്ടേ അമ്മാ…” “മ്മ്…കുറച്ച് നേരം കിടന്നാൽ ആശ്വാസം ഉണ്ടാവും…അമ്മ വിക്സ് എടുത്ത് വരാം…” “വേണ്ട അമ്മാ…

ഒന്ന് കിടന്നാൽ മാറും…” വസുന്ധരയെ തടഞ്ഞ് കൊണ്ട് കൂടുതൽ ഒന്നും പറയാതെ ശ്രീ അവളുടെ മുറിയിലേക്ക് കയറി… വാതിലടച്ച് കുറ്റിയിട്ടതും അത്രയും നേരം പിടിച്ച് വെച്ച കണ്ണുനീർ നിർത്താതെ ഒഴുകാൻ തുടങ്ങി… വാതിലിന് ചാരി നിലത്തേക്ക് ഊർന്ന് ഇറങ്ങി ഇരു കാൽമുട്ടിലേക്കും കൈകൾ വെച്ച് തലതാഴ്ത്തിപ്പിടിച്ച് കരഞ്ഞ് കൊണ്ടിരുന്ന അവൾ ഒരുവേള കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വന്നതും ദാവണിത്തുമ്പാൽ വാ മൂടി വെച്ചു…തുടരും

നിനക്കായ് : ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!