സ്‌നേഹതീരം: ഭാഗം 14

സ്‌നേഹതീരം: ഭാഗം 14

എഴുത്തുകാരി: ശക്തികലജി

“എന്താ മോൻ്റെ പേര്… പേര് പറയാമെങ്കിൽ ചേച്ചി ഈ കളിപ്പാട്ടം തരും ” എന്ന് പറഞ്ഞ് അവൻ്റെ മുൻപിൽ ഞാൻ മുട്ടുകുത്തി നിന്നു… എന്നെ തന്നെ നോക്കി നിന്നതല്ലാതെ മറുപടിയൊന്നുo പറഞ്ഞില്ല.. “ചന്ദ്ര മോൻ ഇത് വരെ സംസാരിച്ചിട്ടില്ല” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി…. കളിപ്പാട്ട സഞ്ചി കുഞ്ഞി ചെക്കൻ്റെ കൈയ്യിൽ വച്ച് കൊടുത്തപ്പോൾ ശിഖ ദേഷ്യത്തോടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു… അവൾ ദേഷ്യത്തോടെ കുഞ്ഞിൻ്റെ ചെവിയിൽ പിടിച്ചു… അവൻ്റെ കുഞ്ഞി കണ്ണുകൾ നിറഞ്ഞു… ശിഖ കുഞ്ഞിൻ്റെ കൈയ്യിൽ നിന്നും കളിപ്പാട്ട സഞ്ചി വലിച്ചെടുത്ത് എൻ്റെ കൈയ്യിൽ തിരികെ തന്നു.. “ഞങ്ങടെ മോന് വാങ്ങി കൊടുക്കാൻ നീയാരാ…

അവന് ആവശ്യമുള്ളത് ഞങ്ങൾ വാങ്ങികൊടുത്തോളാം” ശിഖ ദേഷ്യത്തോടെ പറഞ്ഞു… ” കുഞ്ഞല്ലേ… അതു കൊണ്ട് വാങ്ങിയതാ… മോന് ഇഷ്ട്ടപ്പെട്ടു… പക്ഷേ നീയെന്തിനാണ് അവനെ നോവിച്ചത്…”.. ആരായാലും ശരി ഇനി കുഞ്ഞിൻ്റെ ദേഹo നോവിക്കുന്നത് കണ്ടാൽ ഞാൻ വെറുതെയിരിക്കില്ല.പിന്നേയ് ഒരു കാര്യം ഞാനും നീയുമായി ഒരു ബന്ധവുമില്ല… എന്നെ ഭരിക്കാൻ വരണ്ട കേട്ടല്ലോ… എനിക്ക് വാടക തരുന്നത് ഗിരിയേട്ടനാണ്… ഗിരിയേട്ടൻ്റെ ബന്ധുവായത് കൊണ്ട് മാത്രമാ നീയിവിടെ നിൽക്കുന്നത് അതോർമ വേണം….” ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞിട്ട് കളിപ്പാട്ടം കുഞ്ഞിൻ്റെ കൈയ്യിൽ കൊടുത്തതും അവൻ എന്നെ വട്ടം പിടിച്ചു…

ഭയത്തോടെ ശിഖയെ നോക്കുന്നത് കണ്ടു… “ചന്ദ്ര മോനെ അകത്ത് കൊണ്ടുപോയി കളിക്കാൻ കളിപ്പാട്ടമൊക്കെ എടുത്ത് കൊടുക്ക് “.. ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞു… ഞാൻ കുഞ്ഞിനെ എടുത്ത് ഹാളിലേക്ക് നടക്കുമ്പോൾ ഗിരിയേട്ടൻ്റെ അമ്മ ശിഖയെ വഴക്ക് പറയുന്നത് കേൾക്കാമായായിരുന്നു.. ഞാൻ കുഞ്ഞിനെ ചാരുകസേരയിൽ ഇരുത്തി.. കളിപ്പാട്ട സഞ്ചി അവൻ മുറുകെ പിടിച്ചിട്ടുണ്ട്.. “എനിക്ക് പേരൊന്നും അറിയണ്ട… ഞാൻ അപ്പൂസ് എന്ന് വിളിച്ചോളാം… പിന്നേയ് ആ ശിഖ പെണ്ണ് എപ്പോഴും ഇങ്ങനെ നോവിക്കുമോ അപ്പൂസിനെ ” ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.. അപ്പൂസ് അതെയെന്ന ഭാവത്തിൽ തലയാട്ടി… ”

ഇനി ഉപദ്രവിച്ചാൽ എന്നോട് പറയണംട്ടോ “. ഞാൻ ചപ്പാത്തി പരത്തുന്നത് പോലെ പരത്തി കളയും” എന്ന് പറഞ്ഞ് അപ്പൂസിൻ്റെ കൈയ്യിൽ നിന്നും കളിപ്പാട്ട സഞ്ചിയിലെ നീല നിറത്തിലെ ബോൾ എടുത്ത് കൈയ്യിൽ കൊടുത്തു.. കുഞ്ഞു മുഖത്ത് സന്തോഷം വിടർന്നു… അപ്പൂസ് എഴുന്നേറ്റ് എൻ്റെ കവിളിൽ ഉമ്മവച്ചു… എൻ്റെ മിഴികൾ എന്തിനോ നിറഞ്ഞു.. ഞാൻ അപ്പൂസിനെ ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ചു.. ഗിരിയേട്ടൻ വന്നത് പോലും അറിഞ്ഞില്ല… ” ആഹാ മോനൂട്ടൻ ചന്ദ്രയുമായി വേഗം ഇണങ്ങിയല്ലോ “ഗിരിയേട്ടൻ പറഞ്ഞു… ” ഗിരിയേട്ടാ ഈ ചന്ദ്ര എന്നെ തല്ലുമെന്ന് പറഞ്ഞു ” ശിഖ പരാതി പറഞ്ഞു. ”

അത് അപ്പൂസിൻ്റെ ചെവിയിൽ നുള്ളിയതിനാണ്… ഇനി കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടാൽ ഞാൻ വെറുതെയിരിക്കില്ല എന്ന് പറഞ്ഞതേയുള്ളു… അല്ലാതെ തല്ലുമെന്ന് പറഞ്ഞിട്ടില്ല…. ” ഞാൻ മറുപടി പറഞ്ഞു.. “വെറുതെയിരിക്കില്ല എന്നതിന് പിന്നെ എന്താ അർത്ഥം ” ശിഖ ദേഷ്യത്തോടെ പറഞ്ഞു… ” മതി ഇനി കൂടുതൽ സംസാരം വേണ്ട… മോൻ്റെ മുൻപിൽ വച്ചാണോ ഇങ്ങനെ വഴക്കുണ്ടാക്കുന്നത്…” വാടാ കുട്ടാ നമ്മുക്ക് കളിക്കാം.ദാ ചന്ദ്രാമ്മ കുഞ്ഞിന് ഒത്തിരി കളിപ്പാട്ടം വാങ്ങിയിട്ടുണ്ടല്ലോ..” എന്ന് പറഞ്ഞ് ഗിരിയേട്ടൻ അപ്പൂസിനെ എടുത്തു… “ഗിരിയേട്ടൻ ഉച്ചയ്ക്ക് കഴിച്ചില്ലല്ലോ..

എന്തേലും ഉണ്ടാക്കി തരണോ ” ഞാൻ ചോദിച്ചു… “ചായയും പലഹാരവും കഴിച്ചത് കൊണ്ട് പിന്നെ വിശന്നില്ല”… ഗിരിയേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു.. “ശരി… നാളെ ആശുപത്രിയിൽ പോകണം മറക്കണ്ട… സ്റ്റിച്ച് എടുക്കാമെന്നാ ഡോക്ടർ പറഞ്ഞത്…. ദിനേശേട്ടനോട് പറയാം വരാൻ ” എന്ന് ഞാൻ പറഞ്ഞു.. “ഓ.. എന്തിനാടോ നമ്മുക്ക് കഴിഞ്ഞ ദിവസം പോയത് പോലെ സൈക്കിളിൽ പോകാം… മോനേം കൂടി കൂട്ടാം… അവന് സൈക്കിൾ യാത്രയൊക്കെ ഇഷ്ട്ടമാവും” എന്ന് ഗിരിയേട്ടൻ പറഞ്ഞു.. “മോനെ കൊണ്ടു പോകുന്നുണ്ടെങ്കിൽ ഞാനും വരും ” ശിഖ ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു.. “ഞങ്ങളതിന് ടൂർ പോവല്ല…

ആശുപത്രിയിലേക്കാണ്.. എൻ്റെ സൈക്കിളിൽ സ്ഥലവുമില്ല” എന്ന് പറഞ്ഞ് ഞാൻ അപ്പൂസിൻ്റെ കവിളിൽ ഒന്നു തട്ടിയിട്ട് മുറിയിലേക്ക് നടന്നു…. “നീയിങ്ങനെ ഭർത്താവ് അടുത്തില്ലാത്ത പെണ്ണിൻ്റെ കൂടെ പുറത്തേക്കൊക്കെ പോകുന്നത് ശരിയല്ല ” അതുമല്ല അയൽക്കാർക്ക് ഇവളെ കുറിച്ച് നല്ലതൊന്നുo പറയാനില്ല…. “ശിഖയുടെ അമ്മയാണ് പറഞ്ഞത്… “അതൊക്കെ വന്ന അത് തന്നെ അന്വഷിച്ചറിഞ്ഞോ… പിന്നെ ഞാൻ കേസു കൊടുത്തത് കൊണ്ട് അല്ലേ എൻ്റെ മേനെ നിങ്ങൾ തിരികെ കൊണ്ടു തന്നത് “.. സ്വന്തം മകളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുന്നത് ആദ്യം നിർത്തിക്കൂടെ…

മൂത്തവളുടെ ജീവിതവും ജീവനും ഇല്ലാതാക്കിയിട്ടും മതിയായില്ലെ നിങ്ങൾക്ക്… ആദ്യം നിങ്ങളുടെ ഭാഗം ശരിയാക്ക്… എന്നിട്ട് മതി അടുത്തവരുടെ കഥ ചികഞ്ഞെടുക്കൽ… പിന്നേയ് ഒരു കാര്യം ഓർമ്മ വേണം ഞാൻ ഈ വീട്ടിൽ വാടകയ്ക്കാണ് താമസിക്കുന്നത്… ഈ നാട്ടിൽ വാടകയ്ക്ക് വീട് കിട്ടാൻ ബുദ്ധിമുട്ടാണ്…… മറ്റൊരു താമസ സ്ഥലം എനിക്കന്വഷിക്കേണ്ടി വരരുത്… കൂടുതൽ കാര്യം പറഞ്ഞ് ചെന്നാൽ എല്ലാത്തിനേയും ചന്ദ്ര ഇവിടെ നിന്നും അടിച്ചിറക്കും… എൻ്റെ ബന്ധുക്കളായത് കൊണ്ടാണ് നിങ്ങളെ സഹിക്കുന്നത്… ”

എന്ന് കടുപ്പത്തിൽ ഗിരി പറഞ്ഞിട്ട് കുഞ്ഞിനെയും എടുത്ത് അവൻ മുകളിലത്തെ മുറിയിലേക്ക് പോയി…. പിന്നാലെ ശിഖയെ അവളുടെ അമ്മ പറഞ്ഞു വിട്ടു… മുറിയിൽ ചെന്ന് ശിഖ കരഞ്ഞ് കൊണ്ട് ഗിരിയോട് ക്ഷമ പറഞ്ഞു.. രാത്രി ചപ്പാത്തിയും കുറുമയും കൂടി ഉണ്ടാക്കി വച്ചിട്ട് ഗിരിയേട്ടനെ വിളിക്കാൻ മുകളിലത്തെ മുറിയിലേക്ക് ചെന്നപ്പോൾ ശിഖ അവിടെ ഇരിക്കുന്നത് കണ്ടു.. “കുഞ്ഞില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല .കുഞ്ഞിന് വേണ്ടിയാണ് എൻ്റെ പ്രണയം പോലും ഉപേക്ഷിച്ചത് “…..

എന്ന് പറഞ്ഞ് ശിഖ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്… ഗിരിയേട്ടൻ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്… ഞാൻ വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി.. എന്നെ കണ്ടതും കട്ടിലിൽ ഇരുന്ന ശിഖ എഴുന്നേറ്റ് മാറി നിന്നു….. എനിക്കവളോട് ദേഷ്യം തോന്നിയില്ല എന്തോ വിഷമം തോന്നി… കുഞ്ഞിന് വേണ്ടി അവളുടെ പ്രണയം ഉപേക്ഷിക്കണമെങ്കിൽ ശിഖയ്ക്ക് അത്രയ്ക്ക് ഇഷ്ട്ടമുള്ളത് കൊണ്ടാവും.. “ശിഖയെ പോലെ നല്ല മനസ്സു ആർക്കും ഇക്കാലത്ത് കാണില്ല.. എനിക്കറിയാം വൈകിട്ട് അപ്പൂസിനോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് അവനെ നോവിച്ചത് എന്ന്…

പക്ഷേ അങ്ങനെ നോവിച്ചാൽ ആ കുഞ്ഞു മനസ്സ് വേദനിക്കുകയേയുള്ളു… പരിചയമില്ലാത്തവരോട് ഒന്നും വാങ്ങരുത് എന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ മതി.. മനസ്സിലാക്കാനുള്ള പ്രായമൊക്കെ അവനായി ” എന്ന് ഞാൻ പറഞ്ഞപ്പോൾ ശിഖ എന്നെ നോക്കി… അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.. ” എന്നെ ആരും മനസ്സിലാക്കുന്നില്ല.. അച്ഛനുമമ്മയ്ക്കും പൈസ മതി… ഗിരിയേട്ടൻ കുഞ്ഞിൻ്റെ ചിലവിന് തരുന്ന പൈസ മുടങ്ങാതിരിക്കാനാണ് അവനെ ചോദിച്ചിട്ടും തിരികെ ഏൽപ്പിക്കാതിരുന്നത്…”… ” പ്രസവിച്ചില്ലെങ്കിലും ഞാൻ അവൻ്റെ അമ്മയാ.. ഞാനാർക്കും വിട്ട് കൊടുക്കില്ല..” എന്ന് പറയുമ്പോൾ ശിഖ പൊട്ടിക്കരഞ്ഞിരുന്നു..

“എന്ത് തീരുമാനം എടുത്താലും ആലോചിച്ച് എടുക്കണം.. പിന്നിട് തെറ്റായിപ്പോയി എന്ന് തോന്നരുത് ” എന്ന് ഞാൻ പറഞ്ഞു… ” കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ എനിക്ക് പറ്റുന്നില്ല… അതു കൊണ്ടാണ് അച്ഛനുമമ്മയും ഗിരിയേട്ടനുമായുള്ള വിവാഹത്തിന് സമ്മതം പറഞ്ഞത് “.. എനിക്ക്‌ ഇപ്പോഴും ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല”… എന്ന് പറഞ്ഞ് ശിഖ താഴേക്ക് പോയി.. ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നു.. ” അവൾക്ക് കുഞ്ഞിനെ പിരിയാൻ ഉള്ള വിഷമമാണ്… പക്ഷേ ഇനിയൊരു പരീക്ഷണം വയ്യ… ” ഗിരിയേട്ടൻ പറഞ്ഞു.. … “.. പിന്നേ ഞാൻ വന്നത്.. ചപ്പാത്തിയാണ് ഉണ്ടാക്കിയത്.. കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ…

ഉണ്ടേൽ കഞ്ഞി വയ്ക്കാം ” എന്ന് ഞാൻ പറഞ്ഞു… ”ഏയ് വേദനയൊക്കെ കുറഞ്ഞു… “എനിക്കത് തന്നെ മതി.. “ഗിരിയേട്ടൻ ചിരിയോടെ പറഞ്ഞു.. ഞാൻ അടുക്കളയിലേക്ക് നടന്നു.. ശിഖ എന്തോ ഒളിക്കുന്നുണ്ട്.. അവളുടെ കണ്ണുകളിൽ എന്തോ ഭയം കാണുന്നുണ്ട്.. ഞാൻ കുഞ്ഞിൻ്റെ അടുത്ത് ചെല്ലുമ്പോൾ അവൾ വല്ലാതെ ദേഷ്യപ്പെട്ടത് എന്തിനാണ് എന്നു മാത്രം മനസ്സിലാകുന്നില്ല… രാത്രി അത്താഴം കഴിക്കുമ്പോൾ ആരും പരാതി പറയാൻ വാ തുറന്നില്ല… ശിഖയും അച്ഛനുമമ്മയും നേരത്തെ കഴിച്ചിട്ട് പോയി… ഞാനും അമ്മയും ഗിരിയേട്ടനും ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നത്… എനിക്ക് നാരങ്ങാ സാദം ബാക്കിയുണ്ടാരുന്നത് വിളമ്പി…

അവർക്ക് രണ്ടു പേർക്കും ചപ്പാത്തിയും കുറുമയും വിളമ്പി… ഗിരിയേട്ടൻ കഴിക്കുന്നതിൻ്റെയിടയിൽ ചപ്പാത്തിയുടെ കുഞ്ഞ് കഷണം കുറുമയിൽ മുക്കി വായിൽ വച്ച് കൊടുക്കുന്നുണ്ട്… ഇടത് കൈയ്യിൽ കുഞ്ഞു മഞ്ഞ നിറത്തിലുള്ള കാറ് തല തിരിച്ച് പിടിച്ച് അതിൻ്റെ ടയറ് വലത് കൈ കൊണ്ട് ഓടിക്കുകയാണ്… അതിൽ നിന്ന് ശബ്ദം കേൾക്കുമ്പോൾ ചെറുതായി പുഞ്ചിരിക്കുന്നുണ്ട്… ഗിരിയേട്ടൻ്റെ മടിയിൽ നിന്നും അപ്പൂസ് എൻ്റെ അരികിൽ വന്നിരുന്നു… ” അപ്പൂസിച്ചിരെ ഈ ചോറ് കഴിച്ച് നോക്കുന്നോ ” ഞാൻ നാരങ്ങ സാദം കുറച്ച് എടുത്ത് അവന് നേരെ നീട്ടി…

അപ്പൂസ് വാ തുറന്ന് മേടിച്ചതുo രണ്ടു കുഞ്ഞികണ്ണുകളും പുളിപ്പുകൊണ്ട് ചിമ്മിയടച്ചു പോയി… പിന്നെ പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി… ഇഷ്ടപ്പെട്ടന്ന ഭാവത്തിൽ ചിരിച്ചു… വീണ്ടും ചോറുരളയ്ക്കായി വാ തുറന്ന് നിൽക്കുവാണ്.. ഞാൻ കഴിക്കുന്നതിൻ്റെ കൂടെ അപ്പൂസിനും വാരി കൊടുത്തു.. പപ്പടം ഒരു കൈയ്യിൽ കൊടുത്തു… ചോറിൻ്റെ കൂടെ ഇടയ്ക്ക് പപ്പടം കൂടെ കടിച്ച് കഴിക്കുന്നുണ്ട്.. കുറെ പപ്പടം തറയിൽ പൊടിഞ്ഞ് വീഴുന്നുണ്ട്.. ഗിരിയേട്ടൻ കഴിച്ചു കഴിഞ്ഞ് എൻ്റെ പ്ലേറ്റിൽ ഒരു ചപ്പാത്തിയും കുറുമയും വിളമ്പി വച്ചിട്ട് പോയി… ഞാൻ ഗിരിയേട്ടൻ്റെ അമ്മയെ നോക്കിയപ്പോൾ അമ്മ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്ന് കഴിക്കുകയാണ്…

അപ്പൂസ് മതിയെന്ന് കൈകാണിച്ചു.. ഗ്ലാസ്സിൽ ചെറുചൂടുള്ള വെള്ളം ഒഴിച്ചു കൊടുത്തു.. ശിഖ അപ്പോഴേക്ക് വന്നു.. “മോന് ഈ ചോറാണോ കൊടുത്തത്.. ശീലമില്ലാത്തത് കഴിച്ചാൽ അവന് വയറിന് പിടിക്കില്ല ” ശിഖ പറഞ്ഞു.. ” ഇങ്ങനെയൊക്കെയാണ് ശീലിക്കുന്നത് അല്ലേ അപ്പൂസ്സേ.”.. കൈയ്യും വായും കഴുകി തരാം” എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു,.. ” ചേച്ചി കഴിച്ചില്ലല്ലോ… ഞാൻ മോനെ കഴുകിച്ചോളാം” എന്ന് പറഞ്ഞ് ശിഖ അപ്പൂസിനെ വിളിച്ച് കൊണ്ടുപോയി… രാത്രി എല്ലാം ഒതുക്കിയിട്ട് ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ മുൻപിലത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു…

ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗിരിയേട്ടൻ പടിയിൽ ഇരിക്കുന്നത് കണ്ടു.. “എന്ത് പറ്റി ഗിരിയേട്ടാ ” ഞാൻ ചോദിച്ചപ്പോൾ ഗിരിയേട്ടൻ മുഖമുയർത്തി നോക്കി.. “എനിക്ക് മോനെ തനിച്ച് വളർത്താൻ കഴിയുമോ എന്ന് ഭയം തോന്നുന്നു ചന്ദ്ര.. നീ കുഞ്ഞിനോട് കാണിക്കുന്നത് പോലെ അവൻ്റെ ഇഷ്ട്ടങ്ങൾ അറിയാൻ എനിക്ക് പറ്റുന്നില്ല എന്ന് ഒരു തോന്നൽ… അവന് ഒരമ്മയുടെ സ്നേഹം ആവശ്യമാണ് … അവനെ പെറ്റമ്മയ്ക്കേ വേണ്ടാരുന്നു… പാവം” ഗിരിയേട്ടൻ വിഷമത്തോടെ പറഞ്ഞു… ”

അത് തന്നെയാണ് ഞങ്ങളും പറഞ്ഞത് കുഞ്ഞിന് ഒരമ്മയുടെ സ്നേഹം ആവശ്യമാണ്… ശിഖയാകുമ്പോ പ്രശ്നമില്ലല്ലോ.. അവൾ നിൻ്റെ മോനെ പൊന്നുപോലെ നോക്കിക്കോളും ” എന്ന് ശിഖയുടെ അമ്മ പറഞ്ഞു… ” അത് ശരിയാണ് മോനെ… ഞാൻ എത്ര കാലം ജീവിച്ചിരിക്കും എന്നറിയില്ല…. “നിൻ്റെ ജീവിതം സന്തോഷമായിരുന്നാലേ എനിക്ക് സമാധാനമാകു…. ശിഖയെന്നല്ല നിനക്കിഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞു… “മോനാണ് തിരഞ്ഞെടുക്കേണ്ടത് “ഗിരിയേട്ടൻ പറഞ്ഞു… അപ്പൂസിൻ്റെ കരച്ചിൽ കേട്ടു…. ഞാൻ ഹാളിലേക്ക് ചെന്നപ്പോൾ ശിഖ കുഞ്ഞിനെ തോളിൽ കിടത്താൻ ശ്രമിച്ച് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്..

“എന്താ കുഞ്ഞു കരയുന്നേ ” ഞാൻ പരിഭ്രമത്തോടെ ചോദിച്ചു.. “എന്താ എന്നറിയില്ല… ഇന്ന് വാശി പിടിച്ച് കരയുകയാണ്.. ഉറക്കാൻ കിടത്തിയിട്ട് ഉറങ്ങുന്നില്ല.. ഞാനപ്പോഴേ പറഞ്ഞതല്ലേ ശീലമില്ലാത്തത് കഴിച്ചത് കൊണ്ടാവും” എന്ന് ശിഖ പറഞ്ഞു…. എന്നെ കണ്ടതും എൻ്റെ തോളിലേക്ക് ചാടി കയറി….. അപ്പോഴേക്ക് ഗിരിയേട്ടൻ വന്നു… “നിങ്ങൾ കിടന്നോളു… മോനിന്ന് എൻ്റെ കൂടെ കിടന്നോളും ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ശിഖയുടെ അച്ഛനും അമ്മയും മുറിയിലേക്ക് പോയി… ശിഖ പോകാൻ മടിച്ച് നിന്നു… “യാത്രാ ക്ഷീണം കാണും ശിഖ പോയി കിടന്നോളു ”

ഗിരിയേട്ടൻ പറഞ്ഞപ്പോൾ അവൾ വേറെ വഴിയില്ലാതെ മുറിയിലേക്ക് നടന്നു.. ” ഗിരിയേട്ടാ മോനെ എടുത്തോളു ” എന്ന് ഞാൻ പറഞ്ഞപ്പോൾ അപ്പൂസ് ഒന്നൂടി എൻ്റെ തോളിൽ മുഖമർത്തി കിടന്നു… അവൻ്റെ വലത് കൈയ്യിൽ മഞ്ഞ നിറത്തിലുള്ള കാർ മുറുകെ പിടിച്ചിരുന്നു….. “ചന്ദ്ര അവനെ ഉറക്കിയിട്ട് എൻ്റെ മുറിയിൽ കിടത്തിയാൽ മതി” ഗിരിയേട്ടൻ പറഞ്ഞു…. ശരിയെന്ന് പറഞ്ഞ് അപ്പൂസിനേയും കൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു… വർഷങ്ങൾക്ക് ശേഷം ആ വീട്ടിൽ താരാട്ട് പാട്ട് ഉയർന്നു കേട്ടു… താരാട്ട് പാട്ടിൻ്റെ ഈണത്തിൽ അപ്പൂസ് എൻ്റെ തോളിൽ കിടന്നുറങ്ങി….

ഉറങ്ങിയ അപ്പൂസിനേയും കൊണ്ട് മുകളിലത്തെ മുറിയിലേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു… മുറിയിൽ എത്തിയപ്പോൾ ഗിരിയേട്ടൻ ഉറങ്ങിയിരുന്നില്ല…. ഞാൻ കുഞ്ഞിനേയും കൊണ്ട് വരുന്നത് കണ്ട് ഗിരിയേട്ടൻ ചുമരിനരികിലേക്ക് ചേർന്നു കിടന്നു… അപ്പൂസിനെ ഗിരിയേട്ടൻ്റെ അരികിൽ കിടത്തിയപ്പോൾ അവൻ ചിണുങ്ങി… ഞാൻ മുട്ടുകുത്തിയിരുന്നു ചേർത്തു പിടിച്ച് തട്ടി കൊടുത്തു…. അപ്പൂസ് നന്നായി ഉറങ്ങി എന്ന് മനസ്സിലായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു…..

തലയണ എടുത്ത് കട്ടിലിൻ്റെ അറ്റത്ത് വച്ചു…. തിരികെ മുറിയിൽ വന്നിട്ടും എനിക്ക് ഉറക്കം വന്നില്ല – ഹൃദയം എന്തിനോ വിങ്ങുകയായിരുന്നു…. തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി…… രാവിലെ ഉണരുമ്പോൾ രണ്ടു കുഞ്ഞികൈകൾ എന്നെ ചുറ്റിപിടിച്ചിരുന്നു…….തുടരും

സ്‌നേഹതീരം: ഭാഗം 13

Share this story