വിവാഹ മോചനം : ഭാഗം 11

വിവാഹ മോചനം :  ഭാഗം 11

എഴുത്തുകാരി: ശിവ എസ് നായർ

അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന നേർത്ത ചന്ദനത്തിന്റെ സുഗന്ധം അവനെ മത്തുപിടിപ്പിച്ചു. “അപ്പൂ നീ എന്റേതാ… എന്റെ മാത്രം… മറ്റാർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.” വല്ലാത്തൊരാവേശത്തോടെ ശ്രീജിത്ത്‌ അവളെ വാരിപ്പുണർന്നു. അപർണ്ണയുടെ നെഞ്ചിടിപ്പ് വേഗത്തിലായി. അവന്റെ കരവലയത്തിനുള്ളിൽ അവൾ ഞെരിഞ്ഞമർന്നു. ശ്രീജിത്തിന്റെ പിടി അയയ്ക്കാൻ ശ്രമിക്കും തോറും മുറുകി വരുന്നതവൾ അറിഞ്ഞു. അവന്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത പ്രണയത്തോടൊപ്പം അവളിലെ പെണ്ണിനെ പുൽകാനുള്ള ആവേശവും കത്തി നിന്നു.

ഓഫീസിൽ തിരക്കിട്ട ജോലിയിലായിരുന്നു രാഹുൽ. അപ്പോഴാണ് ടേബിളിൽ ഇരുന്ന അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയത്. ഡിസ്പ്ലേയിൽ പരിചയമില്ലാത്ത നമ്പർ കണ്ടതും സംശയത്തോടെ രാഹുൽ കാൾ എടുത്തു. “ഹലോ..” “ഹലോ ഇത് രാഹുൽ അല്ലെ..?? അപർണ്ണയുടെ ഹസ്ബൻഡ്.” മറുതലയ്ക്കൽ നിന്നൊരു പുരുഷശബ്ദം കേട്ടു. “അതേ ആരാണ് സംസാരിക്കുന്നത്??” “ഞാൻ ജിതിനാണ്… ശ്രീജിത്തിന്റെ സുഹൃത്ത്.” “ആഹ് എനിക്കറിയാം… അപർണ്ണ പറഞ്ഞിട്ടുണ്ട്..” രാഹുലിന്റെ മനസിലേക്ക് ഹോസ്പിറ്റലിൽ വച്ച് കണ്ട ജിതിന്റെ മുഖം തെളിഞ്ഞു വന്നു. “ഞാൻ വിചാരിച്ചു എന്നെ അറിയില്ലായിരിക്കുമെന്ന്.

ഞാനൊരു അത്യാവശ്യ കാര്യം പറയാനാണ് വിളിച്ചത്. രാഹുൽ ഫ്രീയല്ലേ.??” “അതേ ഫ്രീയാണ്.” “ഞാനൊരു കാര്യം ചോദിച്ചാൽ രാഹുൽ ഒന്നും വിചാരിക്കരുത്.” “എന്താണ്?? ചോദിക്കു..” അവന്റെ സ്വരത്തിൽ ജിജ്ഞാസ ഏറി. “രാഹുലിന്റെ ഭാര്യയല്ലേ അപർണ്ണ.. എന്നിട്ട് അവളെ പഴയ കാമുകനൊപ്പം ഉല്ലസിക്കാൻ വിട്ടേക്കുവാണോ?? അവള് കാരണമാണ് അവന്റെ ജീവിതം ഇങ്ങനെ ആയത് പോലും. രാഹുലിന് സ്വന്തം ഭാര്യയെ നിലയ്ക്ക് നിർത്തിക്കൂടെ.” ജിതിന്റെ വാക്കുകൾ രാഹുലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. “ഏയ്‌ മിസ്റ്റർ മൈൻഡ് യുവർ വേർഡ്‌സ്..” അവന് ദേഷ്യം ഇരച്ചു കയറി വന്നു.

“ചൂടായിട്ട് കാര്യമില്ല രാഹുൽ. ഞാൻ പറഞ്ഞത് സത്യമായ കാര്യമാണ്. ഞാനിപ്പോ നിങ്ങളുടെ ഓഫീസിന്റെ മുന്നിലുണ്ട്. എന്റെ കൂടെ വന്നാൽ ഞാൻ പറഞ്ഞത് സത്യമാണെന്ന് രാഹുലിന് ബോധ്യമാകും.” രാഹുൽ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ജനലിനടുത്തേക്ക് ചെന്ന് പുറത്തേക്ക് നോക്കി. ഒരു ചുവന്ന സ്വിഫ്റ്റ് കാർ ഓപ്പോസിറ്റ് സൈഡിൽ പാർക്ക്‌ ചെയ്തിരിക്കുന്നത് അവൻ കണ്ടു. “ഞാൻ ഇപ്പൊ വിളിക്കാം…” അത് പറഞ്ഞുകൊണ്ട് രാഹുൽ കാൾ കട്ട്‌ ചെയ്ത ശേഷം അപർണ്ണയെ വിളിച്ചു നോക്കി.

റിംഗ് ചെയ്തു നിന്നതല്ലാതെ അവൾ കാൾ എടുത്തില്ല. രാഹുൽ കുറേ തവണ അവളെ വിളിച്ചു നോക്കിയെങ്കിലും അപർണ്ണ കാൾ എടുത്തില്ല. വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ. അച്ഛനും അമ്മയും വിവാഹത്തിന് പോയത് കൊണ്ട് വരാൻ രാത്രിയാകുമെന്ന് അവനറിയാമായിരുന്നു. ഒരുപക്ഷേ ഫോൺ സൈലന്റ് ആയത് കൊണ്ടാണ് അപർണ്ണ കാൾ എടുക്കാത്തത് എന്ന് വിചാരിച്ചാണ് രാഹുൽ വീട്ടിലെ ഫോണിലേക്കും കൂടി വിളിച്ചു നോക്കിയത്. അതും ആരും എടുക്കാതായപ്പോൾ അവന്റെ മനസിലേക്ക് അരുതാത്ത ചിന്തകൾ കടന്നു വരാൻ തുടങ്ങി.

അസ്വസ്ഥതയോടെ അവൻ നെഞ്ചിൽ തടവി. അപ്പോഴേക്കും വീണ്ടും ജിതിന്റെ കാൾ രാഹുലിന്റെ ഫോണിലേക്ക് വന്നു. വിറകൈകളോടെ അവൻ കാൾ അറ്റൻഡ് ചെയ്തു. “ഹലോ..” രാഹുലിന്റെ സ്വരം നേർത്തു ദുർബലമായി. “ഹലോ രാഹുൽ… അപർണ്ണയെ വിളിച്ചു നോക്കി അല്ലെ.??” “ഉം..” അവനൊന്നു മൂളി. “അവൾ ഫോൺ എടുക്കില്ല… അവളിപ്പോ എന്റെ വീട്ടിലാ… ശ്രീജിത്തിന്റെ ഒപ്പം. വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി രണ്ടാളും ഒത്തുകൂടിയതാ. ഇപ്പൊ എന്റെ കൂടെ വന്നാൽ ഞാൻ അത് ബോധ്യപ്പെടുത്തി തരാം.

എങ്ങനെയെങ്കിലും രാഹുലിന്റെ ഭാര്യയെ അവനിൽ നിന്ന് ഒഴിവാക്കി തരണം. ശ്രീജിത്തിനെ പറഞ്ഞു മനസിലാക്കിപ്പിക്കാൻ ഞാൻ ശ്രമിച്ചു പരാജയപ്പെട്ടു… അപർണ്ണ നിങ്ങളെ ഭാര്യയായി കഴിഞ്ഞില്ലേ… ഇനി അവര് തമ്മിൽ ഒരു അരുതാത്ത ബന്ധം ഉടലെടുക്കാൻ അനുവദിക്കരുത്.” “ഞാൻ വരാം…” രാഹുലിന്റെ സ്വരം ദുർബലമായി. “ഞാൻ താഴെയുണ്ട്… ചുവന്ന സ്വിഫ്റ്റ് കാർ.” അത്രയും പറഞ്ഞു കൊണ്ട് ജിതിൻ ഫോൺ കട്ട്‌ ചെയ്തു. അവന്റെ ചുണ്ടിൽ ഗൂഢമായൊരു മന്ദഹാസം വിരിഞ്ഞു. സ്റ്റിയറിങ്ങിൽ കൈകൊണ്ടു താളമിട്ട് രാഹുലിന്റെ വരവിനായി അവൻ കാത്തിരുന്നു. ഹാഫ് ഡേ ലീവിന് എഴുതി കൊടുത്തശേഷം രാഹുൽ ഓഫീസിൽ നിന്നിറങ്ങി.

റോഡ് ക്രോസ് ചെയ്ത് ഓപ്പോസിറ്റ് നിർത്തിയിരുന്ന ജിതിന്റെ കാറിലേക്ക് അവൻ കയറി. ഫ്രന്റ്‌ സീറ്റിൽ ജിതിന് അരികിലായി അവനിരുന്നു. രാഹുലിന്റെ മുഖത്തു നിഴലിച്ചിരുന്ന അസ്വസ്ഥത കണ്ട് ജിതിൻ ഊറിചിരിച്ചു. “നമുക്ക് പോകാം..” ജിതിൻ ചോദിച്ചു. “ഉം പോകാം..” രാഹുൽ പറഞ്ഞു. അവന് നെഞ്ച് വിങ്ങി ശ്വാസം മുട്ടുന്നതായി അനുഭവപ്പെട്ടു. തന്റെ അസ്വസ്ഥത കഴിവതും മുഖത്തു പ്രകടമാക്കാതിരിക്കാൻ അവൻ ശ്രമിച്ചു നോക്കിയെങ്കിലും പരാജയപ്പെട്ടു. അവർക്കിടയിൽ തിങ്ങി നിറഞ്ഞിരുന്ന നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ജിതിൻ സംസാരിക്കാൻ തുടങ്ങി.

“എന്റെ വീട്ടുകാരൊക്കെ കോയമ്പത്തൂർ പോയിരിക്കയാ. ശ്രീജിത്ത്‌ വീട്ടിൽ തനിച്ചായത് കൊണ്ട് ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തു വീട്ടിലേക്ക് പോകാമെന്നു കരുതി ചെന്നപ്പോഴാണ് ശ്രീജിത്തിനെയും കൊണ്ട് വീടിനുള്ളിലേക്ക് കയറി പോകുന്ന അപർണ്ണയെ ഞാൻ കണ്ടത്. പിന്നെ വീട്ടിലേക്ക് കയറാൻ നിന്നില്ല. അപ്പൊത്തന്നെ ഞാൻ വേഗം രാഹുലിനെ വിവരം അറിയിക്കാനായി ഇങ്ങോട്ട് വന്നു.” “ജിതിൻ കണ്ടത് അവളെ തന്നെയാണോ??” രാഹുൽ വിക്കി വിക്കി ചോദിച്ചു. “അത് അപർണ്ണ തന്നെയാ… ഒരു വൈറ്റ് കാർ അല്ലെ അവൾ യൂസ് ചെയ്യുന്നത്.?” “അതേ…” രാഹുലിന്റെ ശബ്ദം വിറച്ചു.

“അപർണ്ണയുടെ വിവാഹം കഴിഞ്ഞിട്ടും ശ്രീജിത്ത്‌ ഇപ്പോഴും അവളെ തന്നെ മനസ്സിൽ കൊണ്ട് നടക്കുകയാണ്. ഒരു രണ്ടാം കെട്ടുകാരി വേണ്ട അവന്. രാഹുൽ ഭാര്യയെ നിലയ്ക്ക് നിർത്തിയിരുന്നെങ്കിൽ അവൾ അവൻ വിളിച്ചയുടനെ ഓടി പോകില്ലായിരുന്നു. രാഹുലിന്റെ താലി കഴുത്തിൽ അണിഞ്ഞു കൊണ്ട് അവൾ തന്നെ വഞ്ചിക്കുകയാണ്. ശ്രീജിത്തിനോട് അവൾ ചെയ്തതും ക്രൂരത തന്നെയാണ്.” “മതി… നിർത്തൂ… എനിക്ക് ഒന്നും കേൾക്കണ്ട..” രാഹുൽ ക്ഷുഭിതനായി. പറഞ്ഞു വന്നത് ജിതിൻ പകുതിയിൽ നിർത്തി. രാഹുലിന് തല പെരുക്കുന്നതായി തോന്നി. അവനെ പാളി നോക്കികൊണ്ട്‌ ജിതിൻ കാറിന്റെ വേഗത കൂട്ടി.

“നേരിട്ട് കാണാൻ പോകുവല്ലേ… ഇനി ഞാൻ ഒന്നും പറയുന്നില്ല.” അവന്റെ സ്വരത്തിൽ പരിഹാസം നിറഞ്ഞു നിന്നു. അസ്വസ്ഥത നിറഞ്ഞ മനസോടെ രാഹുൽ കണ്ണുകൾ ഇറുക്കെ അടച്ചു. ജിതിന്റെ ചുവന്ന സ്വിഫ്റ്റ് കാർ അവന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ വന്നു ബ്രേക്കിട്ട് നിന്നു. കാർ നിന്നതറിഞ്ഞു രാഹുൽ പതിയെ കണ്ണുകൾ തുറന്നു. ഡോർ തുറന്നവൻ പുറത്തേക്ക് ഇറങ്ങി. അകത്തു കാർ പോർച്ചിൽ കിടക്കുന്ന അപർണ്ണയുടെ വൈറ്റ് മഹേന്ദ്ര എക്സ്യുവി കണ്ടതും അവന്റെ നെഞ്ചോന്ന് ആളി. അപ്പോഴേക്കും ജിതിനും ഡോർ തുറന്നു പുറത്തിറങ്ങി കഴിഞ്ഞിരുന്നു.

“വരൂ നമുക്ക് അകത്തേക്ക് പോകാം.,” ഗേറ്റിനു മുന്നിൽ തറഞ്ഞു നിൽക്കുന്ന രാഹുലിനെ നോക്കി ജിതിൻ പറഞ്ഞു. “ആഹ്…” രാഹുൽ അവന് പിന്നാലെ നടന്നു. ഓരോ അടി വയ്ക്കുമ്പോഴും അവന്റെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. രാഹുലിന്റെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു. സിറ്റ്ഔട്ടിൽ കയറിയ ശേഷം ജിതിൻ കാളിങ് ബെല്ലിൽ വിരലമർത്തി. അകത്തു കിളി കരയുന്ന പോലൊരു ഒച്ച കേട്ടു. രാഹുൽ അക്ഷമയോടെ വാതിൽക്കലേക്ക് കണ്ണുനട്ടിരുന്നു. ജിതിൻ വാതിലിന്റെ പിടിയിൽ കൈവച്ചു തിരിച്ചതും ഡോർ തുറന്നു. “ഇത് ലോക്ക് ചെയ്തില്ലായിരുന്നോ..??”

സ്വയം പിറുപിറുത്തു കൊണ്ട് ജിതിൻ സ്വീകരണമുറിയുടെ വാതിൽ തുറന്നു അകത്തേക്ക് പ്രവേശിച്ചു. പിന്നാലെ രാഹുലും. അവന്റെ കണ്ണുകൾ ചുറ്റിലും അപർണ്ണയെ തിരഞ്ഞു. അപ്പോഴാണ് സ്വീകരണമുറിയുടെ ഇടത് വശത്തെ ഡോർ തുറന്നു ശ്രീജിത്ത്‌ പുറത്തേക്ക് ഇറങ്ങിയത്. അപ്രതീക്ഷിതമായി ഹാളിൽ ജിതിനെയും ഒപ്പം രാഹുലിനെയും കണ്ടതും ശ്രീജിത്തിന്റെ മുഖം വിളറി. രാഹുലിന്റെ നോട്ടം വാതിലിന് പിന്നിൽ സാരി ഞൊറി ശരിയാക്കി തോളിലേക്ക് ഇട്ടു പിന്നു കുത്തുന്ന അപർണ്ണയിലായിരുന്നു. കണ്ണാടിയിൽ നോക്കി സാരി ശരിയാക്കി പിന്തിരിഞ്ഞ അപർണ്ണ തന്നെ തന്ന ഉറ്റുനോക്കി ഹാളിൽ നിൽക്കുന്ന രാഹുലിനെ കണ്ട് ഞെട്ടി.

അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. കെട്ടി വച്ചിരുന്ന മുടിയിഴകൾ അഴിഞ്ഞുലഞ്ഞു കിടന്നു. ജനാലയിലൂടെ കടന്നു വന്ന കാറ്റിൽ അവ പാറിപറന്നു. രാഹുലിന് തന്റെ ദേഹം തളരുന്നതായി തോന്നി. അപർണ്ണയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ശ്രീജിത്ത്‌ വിളറി വെളുത്ത മുഖത്തോടെ ഒന്നും മിണ്ടാതെ മാറി നിൽക്കുകയായിരുന്നു. എല്ലാം കണ്ട് ഊറിചിരിച്ചു കൊണ്ട് ജിതിനും അവിടത്തെ കാഴ്ച കണ്ട് നിന്നു. “ഇപ്പൊ ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ രാഹുലിന്.” ജിതിൻ വിജയഭാവത്തോടെ ചോദിച്ചു. രാഹുൽ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. നടന്നതൊന്നും വിശ്വസിക്കാൻ കഴിയാനാവാതെ അപർണ്ണ മുറിയിൽ ശില പോലെ നിന്നു.

രാഹുലിനെ ഇനിയെങ്ങനെ അഭിമുഖികരിക്കുമെന്നറിയാതെ അവൾ വെന്തുരുകി. അപമാനവും നാണക്കേടും കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ശ്രീജിത്ത്‌ അവളെ സമാധാനിപ്പിക്കാനായി അവളുടെ അടുത്തേക്ക് ചെന്നു. ജിതിൻ രാഹുലിന്റെ പിന്നാലെ ചെന്നു. “രാഹുൽ പോവുകയാണോ…?? എന്താ ഒന്നും പ്രതികരിക്കാതെ പോകുന്നത്. രണ്ടടി കൊടുത്ത് അവളെ വീട്ടിലോട്ട് പിടിച്ചു കൊണ്ട് പൊയ്ക്കൂടേ. അവളിപ്പോഴും രാഹുലിന്റെ ഭാര്യയാണ്.” ജിതിൻ പറഞ്ഞത് കേട്ട് രാഹുൽ വെട്ടിതിരിഞ്ഞു.

“എന്ത് ചെയ്യണമെന്ന് എനിക്കറിയാം… ഇനിയെങ്കിലും എന്നെയൊന്നു വെറുതെ വിട്ടുകൂടെ.” അലറും പോലെയായിരുന്നു അവന്റെ സ്വരം. “ഞാൻ കൊണ്ടാക്കാം…” ജിതിൻ അവനെ തന്നെ നോക്കി പറഞ്ഞു. “വേണ്ട…. ” അവന്റെ ശബ്ദം കല്ലിച്ചിരുന്നു. പിന്തിരിഞ്ഞു നോക്കാതെ റോഡിലേക്ക് ഇറങ്ങി നടന്നു പോകുന്ന രാഹുലിനെ നോക്കി ജിതിൻ പുഞ്ചിരിയോടെ നിന്നു. തിരികെ വീട്ടിലേക്ക് എങ്ങനെ ചെന്നുകയറുമെന്ന് ആലോചിച്ചു അപർണ്ണ ധർമ്മസങ്കടത്തിലായി. രാഹുൽ പോയി അൽപ്പം കഴിഞ്ഞപ്പോഴേക്കും മരവിച്ച മനസോടെ അവൾ ശ്രീജിത്തിന്റെ വീട്ടിൽ നിന്നിറങ്ങി.

മനസൊന്നു ശാന്തമാകാനായി അവൾ സിറ്റിയിലൂടെ കുറേ നേരം വണ്ടിയോടിച്ചു കറങ്ങി കൊണ്ടിരുന്നു. ഡ്രൈവിങ്ങിനിടയിൽ സ്വന്തം വീട്ടിലേക്ക് പോയാലോ എന്നവൾ കുറേതവണ ആലോചിച്ചു. രാഹുലിനെ ഫേസ് ചെയ്യാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. കുറേ ആലോചിച്ചപ്പോൾ പിന്നീട് അത് അവൾ വേണ്ടെന്നു വച്ചു. മനസ്സിൽ ചില തീരുമാനങ്ങൾ കൈകൊണ്ട ശേഷമാണ് അവൾ രാഹുലിന്റെ വീട്ടിലേക്ക് പോകാമെന്നു തീരുമാനിച്ചത്. നേരം ഏറെ വൈകിയ ശേഷമാണ് അപർണ്ണ രാഹുലിന്റെ വീട്ടിലേക്ക് തിരിച്ചത്. അവൾ ചെല്ലുമ്പോൾ വീട്ടിൽ ആരും എത്തിയിട്ടുണ്ടായിരുന്നില്ല.

ഇരുളടഞ്ഞു കിടക്കുകയായിരുന്നു വീടും പരിസരവും. അപർണ്ണ ചെന്ന് മുറ്റത്തെയും ഹാളിലെയുമൊക്കെ ലൈറ്റ് തെളിയിച്ച ശേഷം മുകളിലെ മുറിയിലേക്ക് പോയി. ബന്ധുവിന്റെ വിവാഹത്തിനു പോയിരുന്ന സുധാകരൻ മാഷും ഭാര്യ നിർമലയും രാത്രി ഒൻപതു മണി കഴിഞ്ഞപ്പോഴാണ് എത്തിയത്. എന്നും നേരത്തെ വീട്ടിൽ എത്തിയിരുന്ന രാഹുൽ അന്ന് പത്തര കഴിഞ്ഞിട്ടും വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നില്ല. വർദ്ധിച്ച നെഞ്ചിടിപ്പോടെ അപർണ്ണ അവന്റെ വരവും കാത്തിരുന്നു. കുറേ നേരം അവളോടൊപ്പം രാഹുലിനെ കാത്തിരുന്നു മുഷിഞ്ഞ അച്ഛനെയും അമ്മയെയും അവൾ നിർബന്ധപൂർവ്വം ഉറങ്ങാനായി പറഞ്ഞു വിട്ടു.

യാത്രക്ഷീണം കാരണം ഇരുവരും നന്നേ ക്ഷീണിതരായിരുന്നു. അപർണ്ണയുടെ നിർബന്ധം കൊണ്ട് രണ്ടുപേരും ഉറങ്ങാനായി കിടന്നു. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഹാളിലെ സോഫയിൽ അവനെയും കാത്ത് അവളിരുന്നു. മനസ്സിൽ ഉരുണ്ടുകൂടിയ ഭയം അവളെ കാർന്നു തിന്നു കൊണ്ടിരുന്നു. പതിനൊന്നര കഴിഞ്ഞപ്പോഴാണ് ആടികുഴഞ്ഞു രാഹുൽ വീട്ടിലെത്തിയത്.മൂക്കറ്റം കുടിച്ചിട്ടുള്ള അവന്റെ വരവ് കണ്ട് അപർണ്ണ ഭയന്നുപോയി. വാതിൽ തുറന്നവൾ ഒരു വശത്തേക്ക് ഒഴിഞ്ഞു നിന്നു. ആടിയാടി അവൻ മുകളിലേക്ക് കയറി പോയി. വാതിൽ അടച്ചു ബോൾട്ടിട്ട ശേഷം അവളും പിന്നാലെ ചെന്നു.

അപർണ്ണ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ കമഴ്ന്നടിച്ചു കിടക്കുകയായിരുന്നു രാഹുൽ. അവൾ അടുത്തേക്ക് ചെന്ന് അവന്റെ കാലിൽ കിടന്ന ഷൂസ് ഊരി മാറ്റി.. രാവിലെ അവനുണരുമ്പോൾ സംസാരിക്കാമെന്ന് കരുതി അവളും കട്ടിലിന്റെ ഓരത്തായി കയറി കിടന്നു. മദ്യത്തിന്റെ ഗന്ധം നാസികയിലേക്ക് ഇരച്ചു കയറിപ്പോഴാണ് അപർണ്ണ കണ്ണുകൾ തുറന്നത്. അവളോട് ചേർന്ന് കിടക്കുന്ന രാഹുലിനെ കണ്ട് അപർണ്ണ ഭയന്നു പിന്നോട്ടാഞ്ഞുപോയി. കയ്യെത്തിച്ചു അവൾ ബെഡ്ലാമ്പ് ഓൺ ആക്കി. അവളുടെ മുഖമവൻ തന്റെ നേർക്ക് അടുപ്പിച്ചു പിടിച്ചു.

അപർണ്ണ കണ്ണെടുക്കാതെ അവനെ നോക്കി. രാഹുലിന്റെ ഭാവമാറ്റം അവളിൽ ഭയം ജനിപ്പിച്ചു. അവളുടെ കണ്ണിൽ തെളിഞ്ഞ വന്ന ഭയം കണ്ട് അവൻ മനോഹരമായി പുഞ്ചിരിച്ചു. രാഹുൽ തന്റെ മുഖം അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു. പ്രതികരിക്കാൻ പോലുമാവാതെ അവനിൽ പെട്ടന്നുണ്ടായ മാറ്റത്തിൽ ഭയന്നു തളർന്നു കിടക്കുകയായിരുന്നു അപർണ്ണ. അവന്റെ കൈകൾ അവളുടെ മാറിനെ മറച്ചു കിടന്നിരുന്ന സാരിയിലേക്ക് നീണ്ടു ചെന്നു. അപർണ്ണ തല ഒരുവശത്തേക്ക് ചരിച്ചു കണ്ണുകൾ അടച്ചു. നിമിഷങ്ങളോളം അവളെ തന്നെ നോക്കി അങ്ങനെ ഇരുന്ന ശേഷം അവൻ ചെരിഞ്ഞു കിടന്നു.

“മദ്യപിച്ചു വന്നാലും നിന്റെ സമ്മതമില്ലാതെ നിന്നെയൊന്നു തൊടാനോ നിന്നെയെന്തെങ്കിലും ചെയ്യാനോ എനിക്ക് കഴിയില്ല അപ്പു. എനിക്ക് നിന്റെ ശരീരത്തിനോടല്ല പ്രണയം. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് അപ്പു. പക്ഷേ നീയെന്റെ സ്നേഹം മനസിലാക്കിയിട്ടില്ല. നിന്റെ മനസ്സിൽ ഇപ്പോഴും ശ്രീജിത്താണ് അവൻ മാത്രം. നീയെനിക്ക് പുല്ലുവില പോലും കല്പിച്ചിട്ടില്ലല്ലോ. നീയെത്രയൊക്കെ എന്നെ വേദനിപ്പിച്ചാലും നിന്നെ ഒന്നു നുള്ളി നോവിക്കാൻ പോലും എനിക്ക് കഴിയില്ല. എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചാണ് ഞാൻ മദ്യപിച്ചു കയറി വന്നത്. നിന്നെ കണ്ടപ്പോൾ എല്ലാം മറന്നു പോകുന്നു…. നിന്റെ സന്തോഷമാണ് എനിക്ക് വലുത് അപ്പു… നിന്നെ എനിക്കിനി വേണ്ട… നീ ഇഷ്ടപ്പെട്ടവന്റെ കൂടെയാണ് നിന്റെ സന്തോഷമെങ്കിൽ അവന്റൊപ്പം തന്നെ ജീവിച്ചോ…

ഞാൻ ഒഴിഞ്ഞു മാറി തരാം…” പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവൻ തിരിഞ്ഞു കിടന്നു. “രാഹുലേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്… ” അവൾ ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. രാഹുൽ തിരിഞ്ഞു അവളെ നോക്കിയ ശേഷം അവനും ബെഡിൽ എഴുന്നേറ്റിരുന്നു. അവളുടെ മുഖം കല്ലിച്ചിരുന്നു. “എന്താ…” അവൻ അവളുടെ മുഖത്തേക്കുറ്റു നോക്കി. അപർണ്ണ പറഞ്ഞത് കേട്ട് രാഹുൽ ശക്തിയായി ഞെട്ടി. കേട്ടത് വിശ്വസിക്കാനാവാതെ നിറഞ്ഞ കണ്ണുകളോടെ രാഹുൽ അവളെ നോക്കി. അപർണ്ണയുടെ മുഖത്തെ ഭാവമെന്താണെന്ന് അവന് മനസിലാക്കാനായില്ല…..തുടരും

വിവാഹ മോചനം: ഭാഗം 10

Share this story