അത്രമേൽ: ഭാഗം 7

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“മോളേ…. ഗോപു….” അമ്മാവന്റെ വാത്സല്യത്തോടെയുള്ള വിളി കേട്ട് ഗോപു തന്റെ ക്ഷീണിച്ച കണ്ണുകൾ പതിയെ തുറന്നു… അടയാൻ തിടുക്കം കൂട്ടുന്ന കണ്ണുകളെ പിടിച്ചു നിർത്തിയവൾ അയാളെ നിസ്സംഗതയോടെ ഒന്നു നോക്കി… പനിവിട്ട് വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ച അവളുടെ നെറ്റിത്തടത്തിൽ അയാൾ മെല്ലെ കൈപ്പത്തി ചേർത്തു… ഉള്ളം കയ്യിൽ നിന്ന് പകർന്നു കിട്ടിയ നേരിയ ചൂടിന് വല്ലാത്തൊരു സുഖമുണ്ടായിരുന്നു…നെറ്റിയിൽ നിന്നും സ്ഥാനം മാറി ആ കൈ എണ്ണമയം കെട്ടു പോയ അവളുടെ മുടിയിഴകളെ പതിയെ തലോടി…കണ്ണുകൾ വീണ്ടും പതിയെ കൂമ്പിയടഞ്ഞു…

“അമ്മമ്മേടെ പോന്നുമോൾക്ക് ഇപ്പൊ സുഖം തോന്നുന്നുണ്ടോ?” അയാളുടെ ചോദ്യം കേട്ട് വീണ്ടുമവൾ മെല്ലെ കണ്ണ് തുറന്നു…അയാൾക്കുള്ള ഉത്തരമെന്നോണം പതിയെ തലയാട്ടി… “ഇന്നലെ ദർശൻ വന്ന് പറഞ്ഞപ്പോ ഒരു സമാദാനവും കിട്ടിയില്ല്യാ നിക്ക്… നേരം വെളുപ്പിച്ചതെങ്ങനെയാണെന്ന് അമ്മാമ്മയ്ക്കെ അറിയൂ…അതാ ഒന്ന് വെളുത്തപ്പോഴേ ഇങ്ങ് ഓടിപ്പാഞ്ഞു വന്നത്…” ദർശനെന്ന പേര് കേട്ടപ്പോൾ ആ കണ്ണുകൾ ഇത്തിരിയൊന്നു വിടർന്നു… മനസ്സിലടക്കി വയ്ച്ച പരിഭവങ്ങളും പരാതികളും ഓർമ വന്നു… ആരെയോ പ്രതീക്ഷിച്ചെന്ന പോലെ വെറുതെ മുറിയുടെ വാതിൽപടിക്കലേക്ക് കണ്ണുകൾ പാഞ്ഞു…

തനിക്ക് ചുറ്റും കേൾക്കുന്ന നേർത്ത ശബ്ദങ്ങളിൽ അവന്റെ സ്വരത്തിനായവൾ വെറുതെ കാതോർത്തു…കണ്ണുകൾ എന്തിനോ വീണ്ടും നിറഞ്ഞു.. “ഗോപു അമ്മാമ്മയോട് പിണക്കത്തിലാണോ?” അവളുടെ കണ്ണുനീരിനെ ഒപ്പിയെടുത്തയാൾ സങ്കടത്തോടെ ചോദിച്ചു…അല്ലെന്നോ ആണെന്നോ പറഞ്ഞില്ല… അയ്യാളുടെ മുഖത്തേക്ക് തന്നെ മിഴികൾ നട്ടിരുന്നു… “ഗോപു മിടുക്കിയായി മരുന്നൊക്കെ കഴിക്കണെ… എന്നാലല്ലേ പനിയൊക്കെ പോവുള്ളൂ… ഗോപു ഇങ്ങനെ തളർന്നിരുന്നേ കാണുമ്പോ അച്ചയ്ക്കും അമ്മയ്ക്കും സങ്കടം വരില്ലേ…” അത് സത്യമാണെന്ന അർഥത്തിൽ അവളൊന്നു തലയാട്ടി..

പതിയെ എന്തോ ചോദിക്കാൻ പുറപ്പെടുമ്പോളായിരുന്നു മുറിയിലേക്ക് വർഷ കടന്നു വന്നത്…അതിരാവിലെ ഉറക്കം മുറിഞ്ഞതിന്റെ എല്ലാ അസ്വസ്ഥതയും ആ മുഖത്തുണ്ടായിരുന്നു…അമ്മാവൻ വന്നത് അമ്മ അറിയിച്ചത് പ്രകാരം ഗോപുവിന്റെ മുറിയിലേക്ക് ഓടി വരുമ്പോൾ ഇതിനോടകം അവളെന്തെങ്കിലും പറഞ്ഞു കാണുമോ എന്ന ഭയം വർഷയ്ക്ക് വേണ്ടുവോളം ഉണ്ടായിരുന്നു… മുറിയിലേക്ക് വേഗത്തിൽ കയറി വന്ന് അവളൊന്നു നെടുവീർപ്പിട്ടു.. തന്നെ കണ്ട് അമ്മാവന്റെ മുഖം മുറുകുന്നത് കണ്ടിട്ടും അവളത് അവഗണിച്ചു..

ഗോപുവിനെ രൂക്ഷമായൊന്നു നോക്കി അവൾ അമ്മാവന് നല്ലൊരു ചിരി സമ്മാനിച്ചു… “അമ്മാവൻ എപ്പോ വന്നു?” അപ്രതീക്ഷിതമായി അയാളെ അവിടെ കണ്ടപോലെ വർഷ നന്നായി അഭിനയിച്ചു തന്നെ ചോദിച്ചു… “ഞാൻ വന്നത് എപ്പഴാണെന്ന് നിന്റെ അമ്മ പറഞ്ഞു കാണുമല്ലോ…” എടുത്തടിച്ചപോലുള്ള അയാളുടെ മറുപടി അവളെ ചൊടിപ്പിച്ചു.. “ഞാൻ…. ഞാൻ ഗോപുവിന്റെ പനി മാറിയോന്ന് അറിയാൻ വന്നതാ… ഇന്നലെ തീരെ ഉറങ്ങാൻ പറ്റിയില്ല ഇവളുടെ കാര്യം ആലോചിച്ചു…” മുഖഭാവത്തിൽ സങ്കടം വരുത്തിയവൾ ഗോപുവിന്റെ അടുത്തെത്തി നെറ്റിയിലും കഴുത്തിലും ഒന്ന് തൊട്ട് നോക്കി…

“ഹാവൂ… സമാധാനായി… ഇപ്പൊ ചൂടൊക്കെ കുറഞ്ഞല്ലോ…” നെഞ്ചിൽ കൈവച്ചു ശ്വാസം വിട്ടവൾ പറഞ്ഞപ്പോൾ സുധാകരൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു. “എങ്കിൽ പിന്നേ ഇന്നലെ നിനക്ക് ഇവിടെ കാവലിരുന്നൂടായിരുന്നോ…?” അയാളുടെ പെട്ടന്നുള്ള ചോദ്യത്തിൽ മറുപടിയില്ലാതെ അവളൊന്നു പകച്ചു. “അ… അത് പിന്നേ അമ്മ പറഞ്ഞു… ഇവിടെ കിടന്നാൽ ചിലപ്പോൾ പനി പകരും എന്ന്…കല്യാണത്തിനി അധികം ദിവസങ്ങൾ ഇല്ലല്ലോ…പനിപിടിച്ചിരുന്നാൽ പിന്നെങ്ങനാ… ” പിന്നെയും കല്യാണത്തേക്കുറിച്ച് വാതോരാതെ അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

സുധാകരന്റെ മുഖത്ത് നോക്കിയാണ് പറയുന്നതെങ്കിലും അവളുടെ ശ്രദ്ധ ഗോപുവിന്റെ മുഖഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു… കല്യാണകാര്യങ്ങൾ കേട്ടപ്പോഴേ ആ മുഖം മങ്ങിയതവൾ ശ്രദ്ധിച്ചു.. ഗോപുവിനോട് പിന്നെയും എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടായിരുന്നെങ്കിലും വർഷയുടെ സാന്നിധ്യവും സംസാരവും അയാളെയും അലോസരപ്പെടുത്തി… അസ്വസ്ഥത ഏറി വന്നപ്പോൾ അയാൾ തിരിച്ചു പോകാനായി എഴുന്നേറ്റു… “അയ്യോ അമ്മാവൻ ഇറങ്ങായോ…?” വർഷയുടെ വിഷമം നടിച്ചുള്ള ചോദ്യം പാടെ അവഗണിച്ചയാൾ ഗോപുവിനോട് യാത്ര ചോദിച്ചു… “അമ്മാമ്മ പോയിട്ട് വരാവേ… ഗോപു മിടുക്കിയായിട്ട് ഇരിക്കണം കേട്ടോ…”

അവൾ പതിയെ തലയാട്ടിയപ്പോൾ ആ നെറുകയിൽ നേർമയായി ഒന്ന് തലോടിയിട്ട് അയാൾ മുറിവിട്ടിറങ്ങി.. “അയ്യോ…. സുധാകരേട്ടൻ ഇറങ്ങായോ…. പ്രാതൽ കഴിച്ചിട്ട്…” അടുക്കളയിൽ നിന്നു തിടുക്കപ്പെട്ടു ഇന്ദിര അങ്ങോട്ട്‌ പാഞ്ഞു വന്നു.നനഞ്ഞ കൈകൾ തന്റെ നേര്യതിൽ തുടച്ചവർ പറഞ്ഞു വന്നത് മുഴുവനാക്കും മുൻപേ അയാളുടെ രൂക്ഷമായൊരു നോട്ടം അവർക്ക് കൊടുത്തിരുന്നു. അതു മനസ്സിലായ പോലെ മറ്റൊന്നും പറയാതെ അവരും മൗനം പൂണ്ടു…അവരെ ഒട്ടും ഗൗനിക്കാതെ അയാൾ തൊടിയിലേക്കിറങ്ങി അനന്തന്റെയും ഭാര്യയുടെയും അസ്ഥിത്തറയിൽ ഇത്തിരി നേരം നിന്നു.

അവിടെ നിന്ന് കണ്ണുകൾ അമർത്തിത്തുടച്ചയാൾ തിരികെ പോവുമ്പോഴും ഉമ്മറത്തിരുന്ന് രണ്ടു ജോടിക്കണ്ണുകൾ അയാളുടെ ചലനങ്ങൾ പരിഹാസത്തോടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ❤️❤️❤️❤️❤️ “നീയെന്തൊക്കെയാ വർഷേ ഈ പറയുന്നേ… മനസ്സ് വിഷമിച്ചു പനി പിടിക്കാൻ മാത്രം എന്ത് പ്രശ്നമാ ഗോപുവിനുള്ളത്?” ഗോപുവിനെ കുറ്റപ്പെടുത്തിയുള്ള വർഷയുടെ സംസാരത്തിൽ ദർശന് ദേഷ്യം വരുന്നുണ്ടായിരുന്നു…പരിസരം മറന്ന് ഇത്തിരി ഒച്ചയെടുത്തവൻ ഫോണിലൂടെ സംസാരിച്ചപ്പോൾ അടുത്തുകൂടെ പോകുന്ന പലരുടെയും നോട്ടം അങ്ങോട്ടായി. “ഞാൻ പറഞ്ഞത് സത്യവാ… മനസ്സിൽ ഓരോ ആഗ്രഹങ്ങൾ നിറച്ചു വയ്ക്കുമ്പോൾ ചേച്ചിയായ എന്നെക്കുറിച്ച് അവൾ ഒരു നിമിഷം ഓർത്തോ…”

“നീ ഇങ്ങനെ കരയാതെ കാര്യങ്ങൾ ക്ലിയർ ആയിട്ട് പറയാമോ… ഗോപു എന്ത് ചെയ്തെന്നാ നീയീ പറയുന്നത്…” ഒന്നും മനസ്സിലാവാതെ അവൻ വീണ്ടും ചോദിക്കുമ്പോളും നന്നായി കരഞ്ഞുവിളിച്ച് അവന്റെ മനസ്സിൽ ഗോപുവിനോട് വെറുപ്പുളവാക്കാനും അതേ സമയം തന്റെ സ്ഥാനം ഇത്തിരി ഉയർത്തിക്കെട്ടാനും അവൾ പരിശ്രമിച്ചു… “അവൾക്ക് ദർശേട്ടനെ വിവാഹം കഴിക്കാണണമെന്ന്…” “വാട്ട്‌?” “അതേ ദർശേട്ടാ…അതിന്റെ പേരിൽ ഇന്നലെ വാശി പിടിച്ച് ഭയങ്കര ബഹളമായിരുന്നു…ചേച്ചിയും ചെറിയമ്മയുമാണെന്ന് മറന്ന് എന്നെയും അമ്മയെയും അവൾ എന്തൊക്കെയോ പറഞ്ഞു…

ഞാനും അമ്മയും എത്ര വിഷമിച്ചെന്നറിയാവോ…?” വർഷയുടെ വാക്കുകൾ കേട്ട് ദർശന് ചിരി പൊട്ടി… “ഇതാണോ ഇത്ര വലിയ കാര്യം… എന്റെ വർഷേ നീ ഇത്രയും മണ്ടിയായിപ്പോയല്ലോ… ഗോപു എങ്ങനെയാണെന്ന് നമുക്കറിഞ്ഞൂടെ… അവളുടെ മനസ്സറിഞ്ഞൂടെ… ഒരു കൊച്ചു കുട്ടി അത്രേ ഉളളൂ… അപ്പൊൾ പിന്നേ ഈ ദേഷ്യവും വാശിയും ഒക്കെ സാദാരണയാ… പിന്നേ എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞത്…കല്യാണമെന്താണെന്ന് കടുപ്പിചൊന്ന് ചോദിച്ചാൽ ചിലപ്പോൾ അവൾക്ക് ഉത്തരമുണ്ടാകില്ല… അതിനെന്തറിയാം… ഒരു കളികൂട്ടുകാരനെപ്പോലെയാ അവൾ എന്നെ കാണുന്നത്…

ആ ഒരർഥത്തിൽ പറഞ്ഞതാവും… ഈ ഞാൻ പോലും ഇടയ്ക്ക് അവളുടെ അടുത്തിരിക്കുമ്പോൾ കൊച്ചു കുട്ടിയായിപ്പോവാറുണ്ട്… അത് അവളുടെ മനസ്സ് അത്രയ്ക്ക് നിഷ്കളങ്കമായതു കൊണ്ടാണ്…” “അപ്പോൾ എനിക്കാണ് പ്രശ്നമെന്നാണോ ദർശേട്ടൻ പറഞ്ഞു വരുന്നത്…” തന്റെ പദ്ധതി പാളിപ്പോയ ദേഷ്യത്തിൽ അവൾ ഈർഷ്യയോടെ ചോദിച്ചു… “എന്താ സംശയം…കുറച്ച് ദിവസമായി കേൾക്കുന്ന കല്യാണമെന്ന വാക്കിനോടുള്ള ചെറിയൊരു കൗതുകം… ഗോപുവിന്റെ വാശിയെ അങ്ങനെ കണ്ടാൽ മതി… അതിനപ്പുറം ഒന്നുമില്ല…ഇന്നലെ ഞാൻ വന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം അപ്പോൾ തന്നെ തീർന്നേനെ…” “അത്…. അത് അപ്പോഴത്തെ ടെൻഷനിൽ പറയാൻ കഴിഞ്ഞില്ല…”

“മ്മ്… സാരമില്ല… കല്യാണം കഴിയുന്നതോടെ അവളും വരില്ലേ വീട്ടിലേക്ക്…. നമുക്കവളെ മിടുക്കിയാക്കിയെടുക്കണം…” ദർശൻ വളരെ ഉത്സാഹത്തോടെ പറഞ്ഞപ്പോൾ വർഷ അതെല്ലാം അത്ര താല്പര്യമില്ലാതെ വെറുതെ മൂളിക്കേട്ടു… “ഗോപുവിന്റെ കാര്യം അവിടെ നിൽക്കട്ടെ…. നിന്റെ അസുഖം എന്താണെന്നൊക്കെ ഇപ്പോൾ എനിക്ക് മനസ്സിലായി…” ദർശൻ കളിയോടെ പറഞ്ഞപ്പോൾ കാര്യമെന്തെന്നറിയാതെ വർഷയൊന്നു ശങ്കിച്ചു “എനിക്കോ…. എനിക്കെന്തസുഖം….?” “ഒരു കുഞ്ഞുകുശുമ്പ്…സാരല്ല അത് മാറ്റിഎടുക്കാനുള്ള മരുന്നൊക്കെ എനിക്കറിയാം… വഴിയേ തരാം..” അത്രയും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു… ഒപ്പം ആ തമാശ ഇഷ്ടമായെന്ന മട്ടിൽ തിരികെ ഒരു ചിരി നൽകി അവളും അവനൊപ്പം കൂടി… ❤️❤️❤️❤️❤️

“ദാ… ഇതെന്റെ ഗോപുസിന്….” കയ്യിലെ കവർ ഗോപുവിന്റെ കയ്യിലേക്ക് വയ്ച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ തന്നോടുള്ള ഇഷ്ടത്തിന്റെ ആഴമളക്കുകയായിരുന്നു അവൾ… “ഇത്‌ ദർശേട്ടന്റെയും വർഷേചിയുടെയും കല്യാണത്തിനു ഗോപുവിനിടാനുള്ള പുത്തനുടുപ്പാ… തുറന്നു നോക്ക് ഇഷ്ടായോന്ന്…” വർഷയുമായുള്ള കല്യാണകാര്യം അവൻ ഊന്നിപ്പറഞ്ഞപ്പോൾ എന്ത് കൊണ്ടോ ആ പെണ്ണിന്റെ ഉള്ളൊന്നു പൊള്ളി… കയ്യിലിരിക്കുന്ന കവറിലേക്ക് വെറുതെയൊന്നു നോക്കി…അതവൾ മാറോടടുക്കിപ്പിടിച്ചു… നിറഞ്ഞു വരുന്ന കണ്ണുകൾ ഒരു നിമിഷം ഇത്തിരി മാറിയിരിക്കുന്ന വർഷയിലേക്ക് കൊതിയോടെ നോക്കി…

ദർശനും സരസ്വതിക്കും ഒപ്പം കല്യാണവസ്ത്രങ്ങൾ എടുത്ത് വന്നവൾ എല്ലാം തന്റെ അമ്മയെ തുറന്നു കാട്ടുന്നുണ്ടായിരുന്നു…ഭംഗിയുള്ള ചുവന്ന പട്ടുസാരി തന്റെ ശരീരത്തിൽ ചേർത്തു വയ്ച്ചു എല്ലാവരോടുമായി അവൾ അഭിപ്രായം ചോദിച്ചു… തന്റെ നേരെ നീളുന്ന നോട്ടത്തിനപ്പുറം വർഷയിലേക്ക് നീളുന്ന അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുള്ളതായി ഗോപുവിന് തോന്നി…വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും അന്തരം തിരിച്ചറിയാൻ കഴിയാതവൾ അവന്റെ സ്നേഹത്തിനായി വീണ്ടും കൊതിച്ചു… “അല്ല… ഇതെന്താ പറ്റിയെ എന്റെ ഗോപുസിന് ആകെയൊരു വാട്ടം…”

അവളുടെ താടിയിൽ മെല്ലെപിടിച്ചുയർത്തി ദർശൻ ചോദിച്ചപ്പോളാണ് എന്തൊക്കെയോ ചിന്തകളിൽ കുടുങ്ങികിടന്ന അവളുടെ മനസ് വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത്…ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി… സാദാരണ ചോദ്യങ്ങൾ ഏറെയുണ്ടായിരുന്ന ഒരുവൾക്ക് അന്ന് ഉത്തരത്തിന് പഞ്ഞമുണ്ടായി…എന്നിട്ടും വെറുതെയവൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി… “നമ്മൾ കൂടെ കൊണ്ട് പോവാത്ത വിഷമാവും…” എന്തോ വലിയൊരു കാര്യം കണ്ടുപിടിച്ച പോലെ സരസ്വതി പറഞ്ഞപ്പോൾ എല്ലാവരും അത് തന്നെ കാരണമായി ഉറപ്പിച്ചു. “ആണോ ഗോപുസേ…”

ദർശൻ വീണ്ടും ചോദിച്ചു…ഒന്നും പറയാതവൾ പതിയെ തല താഴ്ത്തി… പറയാൻ ഏറെയുള്ളൊരു വിഷയം തന്റെ ചേച്ചിയോടും ചെറിയമ്മയോടുമുള്ള ഭയത്തിൽ അതിന്റെ ഉള്ളിൽ തന്നെ കുരുങ്ങിക്കിടന്നു… “എന്റെ ഗോപുസ് സങ്കടപ്പെടണ്ടാ ട്ടോ…കല്യാണം കഴിയുമ്പോൾ ഗോപു അങ്ങോട്ട് വരില്ലേ ഞങ്ങളുടെ വീട്ടിലേക്കു അപ്പോൾ നമുക്ക് എല്ലാടേം പോവാല്ലോ… ദർശേട്ടൻ കൊണ്ട് പോവാം…” അവൻ പറഞ്ഞത് മനസ്സിലാവാതെ അവളൊന്നു കണ്ണ് മിഴിച്ചു… “എന്തെ ഗോപു അങ്ങോട്ട് വരില്ലേ… വർഷേച്ചിടെ കൂടെ താമസിക്കാൻ…?” അവന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം കണ്ണുകൾ ചെന്നത് ചെറിയമ്മയിലേക്കും വർഷയിലേക്കും തന്നെയായിരുന്നു… അവിടെ ഭാവഭേദങ്ങൾ ഒന്നും കാണാതവൾ ഒരു നിമിഷം അത്ഭുതപ്പെട്ടു…

“ഗോപു എന്തിനാ വരണേ….?” സംശയം തീരാതെ വന്നവൾ വെറുതെ ചോദിച്ചു.. “പറഞ്ഞില്ലേ…. ഞങ്ങളുടെ കൂടെ കുറച്ചു ദിവസം താമസിക്കാൻ..കുഞ്ഞിലേ ഗോപു വന്നിട്ടില്ലേ ദർശേട്ടന്റെ വീട്ടിൽ താമസിക്കാൻ അതുപോലെ…” “ആണോ…?” കുട്ടിക്കാലത്തെ ഓർമ്മകൾ വന്നപ്പോൾ അവൾക്കിത്തിരി ഉത്സാഹം തോന്നി… സന്തോഷത്തോടെ തലയാട്ടി….പുതിയ ദുഃഖങ്ങൾ ഒരുവേള മറന്നുപോയി…ഇടയ്ക്കെപ്പോഴോ തെക്കേ തൊടിയിലേക്ക് ശ്രദ്ധ പോയപ്പോൾ വീണ്ടും മുഖത്ത് സങ്കടം തെളിഞ്ഞു.. “അപ്പൊ ഗോപുന്റെ അച്ചയ്ക്കും അമ്മയ്ക്കും ആരാ… ഗോപു പോയാൽ അവർക്ക് സങ്കടാവൂല്ലേ…

ഗോപു ദീപം വയ്ച്ചില്ലേൽ അവർക്ക് സങ്കടം വരൂല്ലോ…” കണ്ണ് നിറച്ചവൾ പറഞ്ഞപ്പോൾ അതിന് ഉത്തരം പറഞ്ഞത് ഇന്ദിരയായിരുന്നു… “തിരിയൊക്കെ ഞാൻ വയ്ച്ചോളാം… നീ പൊയ്ക്കോ…” “കേട്ടോ… ചെറിയമ്മ വയ്ച്ചോളും തിരിയൊക്കെ… എന്നിട്ട് ഗോപു പറഞ്ഞേൽപ്പിച്ചതാണെന്ന് പറഞ്ഞോളും…” ദർശൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്കിത്തിരി സന്തോഷമൊക്കെ തോന്നി… ഇന്ദിരയെ നന്ദിയോടെ നോക്കിയവൾ ഒരു പുഞ്ചിരി അവർക്കായി സമ്മാനിച്ചു… എന്നിട്ടും വീണ്ടും സംശയം തീരാതവൾ മുഖം ചുളിച്ചു അവനെയൊന്ന് നോക്കി… “ഇനിയെന്താ?” അവളെ അറിഞ്ഞെന്ന പോലെ അവനും ചോദിച്ചു. “വർഷേച്ചിം ഗോപും പോയാൽ ചെറിയമ്മ ഒറ്റയ്ക്ക് പേടിക്കൂലേ…”

അത്രയേറെ കരുതലോടെ ആ പെണ്ണ് ചോദിച്ചു…അതിനെ അറിയാതെ പോയ അമ്മയ്ക്കും മകൾക്കും അപ്പോഴും അതിന്റെയുള്ളിലെ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല… “അതൊന്നും നീയറിയണ്ട… നിനക്ക് പോണെങ്കിൽ പൊയ്ക്കോ….” അതിന്റെ സ്നേഹം തിരിച്ചറിയാതെ…. ഒട്ടും മയമില്ലാതെ ഇന്ദിര പറഞ്ഞു… “എന്റെ ദർശാ അവളുടെ സംശയം തീർക്കാൻ നിന്നാൽ പിന്നേ നിനക്ക് അതിനെ സമയം കാണു…നീ ഇറങ്ങാൻ നോക്ക്… വീട്ടിൽ ചെന്നിട്ട് ഒത്തിരി ജോലിയുണ്ട്.” സംസാരത്തിൽ തിടുക്കം കാണിച്ച് സരസ്വതിയമ്മ പറഞ്ഞപ്പോൾ അവൻ അവളെ നോക്കി വെറുതെയൊന്നു കണ്ണുചിമ്മി… എല്ലാവരോടും കണ്ണുകൊണ്ടു യാത്ര ചോദിച്ചവൻ അവസാനം ഗോപുവിനെ നോക്കി…

എന്തൊക്കെയോ ചോദിക്കാനും പറയാനും ബാക്കിയുള്ളതായി വിളിച്ചോതുന്ന അവളുടെ മുഖത്തേക്ക് ചിരിയോടെ നോക്കി…തുടുത്ത കവിളുകൾ പതിയെ പിച്ചി വലിച്ചവൻ അവളെ കുറുമ്പൊടെ നോക്കി… “പോയിട്ട് വരാവേ ഗോപുസേ…” അത്രത്തോളം സ്നേഹത്തോടെ അവൻ പറഞ്ഞപ്പോൾ ഒരു വേള ആ മിഴികളിലേക്കു കണ്ണും നട്ടവൾ എല്ലാം വിസ്മരിച്ചു നിന്നു…വീണ്ടുമൊരു ചോദ്യം അറിയാതെ പുറത്തു ചാടി… “ദചേട്ടന് ഗോപുനെ ഇഷ്ടവല്ലേ?” തന്നെ മിഴിച്ചു നോക്കി ചോദിക്കുന്നവളെ കണ്ട് അവന് ചിരി പൊട്ടി… “അതേല്ലോ ഗോപുസേ….” അവന്റെ ഉത്തരം അവളെ അത്രയേറെ സന്തോഷവതിയാക്കി… “അത്ര ഇഷ്ടമുണ്ട് ഗോപുനോട്…” വീണ്ടും ചോദ്യമെറിഞ്ഞവൾ ഉത്തരം തേടി…

“ഗോപുന് എന്നോട് എത്ര ഇഷ്ടം ഉണ്ടോ… അത്രത്തോളം….” ഉത്തരം ഇഷ്ടമായതുപോലവൾ അവനെ നോക്കി നിറഞ്ഞു ചിരിച്ചു…അവൾക്ക് തന്നോടുള്ള പ്രണയത്തിന്റെ വ്യാപ്തിയറിയാതെ അവനും പുഞ്ചിരിച്ചു.മടങ്ങി പോകുന്നവനെ എല്ലാം മറന്നു നോക്കി നിന്നു…കാറ് കണ്മുന്നിൽ നിന്ന് മറഞ്ഞപ്പോൾ പെട്ടന്നെന്തോ സങ്കടം വന്നു… മറന്നു പോയ സങ്കടങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി പാഞ്ഞു വന്നു…മിഴികൾ നിറഞ്ഞു കവിഞ്ഞു… കണ്ണുനീർ മാറിലേക്കു ഊർന്നു വീണു…അകത്തും പുറത്തും ഒരുപോലെ ചൂടറിഞ്ഞു…പുറത്ത് കണ്ണുനീരിന്റെ ചൂടും.. ഉള്ളിൽ വിരഹത്തിന്റെ ചൂടും…💔.. തുടരും….

അത്രമേൽ: ഭാഗം 6

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!