അത്രമേൽ: ഭാഗം 8

അത്രമേൽ: ഭാഗം 8

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“കുഞ്ഞിഷ്ണാ…ഒത്തിരി നാളായല്ലേ കണ്ടിട്ട്….” കണ്ണുകൾ വിടർത്തി ക്ഷേത്രനടയിൽ നിന്ന് ശ്രീകോവിലിലേക്ക് നോക്കി തൊഴുകയ്യോടെ ഗോപു കൊഞ്ചിപ്പറഞ്ഞു… ഒരു കൂട്ടുകാരനോടെന്ന പോലെ തന്നോട് വിശേഷം പറയുന്നവളെ പതിവിപോലൊരു കള്ളച്ചിരിയുമായി അവളുടെ ഉണ്ണികണ്ണനും നോക്കി നിൽപ്പുണ്ടായിരുന്നു… “കണ്ടോ ഗോപു സുന്ദരിയായിട്ടില്ലേ… ദച്ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ ഗോപു സുന്ദരിയാണെന്ന്…” കൂപ്പിനിൽക്കുന്ന കൈകൾ അയച്ച് തന്റെ പുതിയ പച്ചപട്ടുപാവാട ഇരുവശത്തെക്കും വിടർത്തിയവൾ കാട്ടിക്കൊടുത്തു… “പിന്നേ ഉണ്ടല്ലോ… ഇതും…. ഇതും…. ഇതും…. ഇതും..ഒക്കെ പുതിയതാണല്ലോ…ഒക്കെ ദച്ചേട്ടൻ വാങ്ങി തന്നതാണല്ലോ…”

പുതിയതായി അണിഞ്ഞ വളയും മാലയും കമ്മലും പൊട്ടും എല്ലാം ഓരോന്നായി തൊട്ടുകൊണ്ടവൾ കാട്ടിക്കൊടുത്തു… “പിന്നേ ഗോപുന് പുതിയ ചെരുപ്പുണ്ടല്ലോ… അതെ പുറത്തിട്ടേക്കുവാ…ഇത്തിരി കഴിഞ്ഞ് കാട്ടിത്തരാവേ…” പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞവൾ വീണ്ടും കൈകൂപ്പിനിന്നു… നിറയെ മഷിയെഴുതിയ കണ്ണുകൾ പതിയെ അടച്ചു… “ഈശ്വരാ… ഭഗവാനെ…എല്ലാരേം രക്ഷിക്കണേ… ദച്ചേട്ടനേം വർഷേച്ചിയേം ചെറിയമ്മയേം അമ്മാമ്മയേം അമ്മായിയേം…രക്ഷിചെക്കണേ…പിന്നേ….” ഒന്ന് നിർത്തിയവൾ കൂട്ടത്തിൽ പെടാത്തവർക്കായി ചിന്തിച്ചു…ഇടയ്ക്ക് ഒരു കണ്ണ് ഇത്തിരി തുറന്ന് ശ്രീ കോവിലിലേക്ക് ഒരു കള്ള നോട്ടമയച്ചു…

“ആ…കിട്ടി… ഗോപുന്റെ അച്ഛയേം അമ്മയേം കൂടെ രക്ഷിചെക്കണേ….പിന്നേ ഉണ്ടല്ലോ ഗോപു കണ്ണനോട് പിണക്കമാണല്ലോ… ഗോപു ഇന്നാള് പറഞ്ഞകാര്യം നടത്തിയില്ലല്ലോ…ദചേട്ടനെ ഗോപുന് തന്നില്ലല്ലോ…. ദചേട്ടൻ ഗോപുനെ കല്യാണം കഴിച്ചില്ലല്ലോ…ഗോപുനെ പറ്റിച്ചില്ലേ…” പറഞ്ഞു നിർത്തിയപ്പോൾ അവളുടെ ശബ്ദമൊന്നിടറി…കണ്ണുകൾ കലങ്ങി… “ഗോപുനെ രക്ഷിക്കണ്ട… ഗോപു പിണങ്ങിയതാ… ശെരിക്കും പിണങ്ങിയതാ…കൂട്ട് വെട്ടി…” ശ്രീ കോവിലിലേക്ക് നോക്കി ഇരുകയ്യിലെയും ചൂണ്ടു വിരൽ കൊളുത്തിപ്പിടിച്ചു വെട്ടിക്കാണിച്ചവൾ പതിയെ തിരിഞ്ഞു നടന്നു…

കണ്ണുകൾ അമർത്തിത്തുടച്ചു ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി മുഖം കോട്ടി… ക്ഷേത്രമുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് നോക്കിയപ്പോൾ താലി കെട്ടിനായി വർഷയും ദർശനും മണ്ഡപത്തിൽ കയറി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്… അമ്പലത്തിൽ എത്തിയ സകലരും കല്യാണം കാണാനായി ചുറ്റും കൂടി നിൽപ്പുണ്ടായിരുന്നു… ആ കാഴ്ച അതിന്റെ ഉള്ളൊന്നു പൊള്ളിച്ചു…മഞ്ഞചരടിൽ കോർത്ത താലി ദർശൻ വർഷയെ അണിയിക്കുമ്പോൾ കഴുത്തിലെ മുത്തുമാലയിൽ വിരൽ കോർത്ത് പിരിച്ചവൾ വെറുതെ നോക്കി നിന്നു…കഴുത്തിലെ മുറുക്കം കൂടുന്നതറിയാതെ പരസ്പരം പുഷ്പഹാരം അണിയിക്കുന്ന വധു വരന്മാരെ അവൾ വേദനയോടെ നോക്കി…

ചുവന്ന പട്ടുസാരിയും മിതമായ ആഭരണങ്ങളും അണിഞ്ഞു ദർശനോട് കളി പറഞ്ഞു ചിരിക്കുന്ന വർഷയെക്കണ്ടവൾക്ക് കൊതി തോന്നി… ഒരു വേള ദർശനിലേക്ക് മാത്രമായി നോട്ടം ഒതുങ്ങിയപ്പോൾ അവളുടെ മോഹങ്ങൾ പോലെ കഴുത്തിലണിഞ്ഞ മുത്തു മാലയും പിരിഞ്ഞുപൊട്ടി മുത്തുകൾ നിലത്തേക്കൂർന്നു വീണു… ഒരു കാരണം കിട്ടാൻ കാത്തെന്ന പോലെ കണ്ണുകൾ കലങ്ങി മറിഞ്ഞു… തന്റെ സങ്കടങ്ങൾ ആരോടും പറയാൻ കഴിയാതവൾ ഒറ്റയ്ക്കിരുന്നു കരയാനായി ഒരിടം തേടി അലഞ്ഞു. അവസാനം കുളപടവിലേക്ക് കയറിയിരുന്നു… പേടികൊണ്ട് താഴെക്കിറങ്ങി ചെല്ലാതെ മുകളിലൊരു പടവിലായി സ്ഥാനമുറപ്പിച്ചു.

ഇത്തിരി നേരം ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോൾ ഉള്ളിലെ നീറ്റലിന് ആശ്വാസം വന്നതായി തോന്നി… ഇടയ്ക്കെപ്പോഴോ കുളത്തിലെ ചെറുമീനുകളിലേക്കും വിരിഞ്ഞു നിൽക്കുന്ന രണ്ടു മൂന്നു താമരപൂക്കളിലേക്കും ശ്രദ്ധമാറി… കുളപ്പടവിലെ ചെറുകല്ലുകൾ പെറുക്കി വെള്ളത്തിലേക്കേറിഞ്ഞു അവ സൃഷ്ടിക്കുന്ന ഓളങ്ങളിലേക്കു ആകാംഷയോടെ നോക്കി… മാഞ്ഞു പോയൊരു പുഞ്ചിരി പതിയെ ചുണ്ടിൽ മുളച്ചു പൊന്തി…പെട്ടെന്നൊരോർമയിൽ ചാടിയെണീറ്റവൾ തിരികെ നടന്നു…വന്നവരൊക്കെ തന്നെ കൂട്ടാതെ പോയിക്കളയുമോ എന്ന ചിന്തയിൽ അവളുടെ നെഞ്ഞൊന്നാളി..

മണ്ഡപത്തിനടുത്തെത്തുമ്പോൾ അപ്പോഴും എല്ലാവരും നവദമ്പതികൾക്ക് ആശംസകൾ അറിയിക്കാനുള്ള തിരക്കിലായിരുന്നു…പെട്ടെന്ന് തോളിലൊരു കരസ്പർശമറിഞ്ഞവൾ തിരിഞ്ഞു നോക്കി… “എന്റെ കുഞ്ഞേ…..അമ്മാമ്മ മോളേ എത്ര നേരായി തിരയിണു…എവിടേം കാണാതെ വന്നപ്പോൾ പേടിച്ചു പോയി…ഇനി പറയാതെ എങ്ങും പോവരുത് ട്ടോ….” അയാള് പരിഭ്രമത്തോടെ പറഞ്ഞപ്പോൾ സമ്മതമെന്നോണം അവളൊന്നു തലയാട്ടി…എന്നിട്ടും ഒരുറപ്പിന് വേണ്ടിയയാൾ അവളുടെ കയ്യിൽ വിടാതെ പിടിച്ചിട്ടുണ്ടായിരുന്നു… അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും ദർശന്റെ വീട്ടിലേക്കാണ് പോയത്…

അമ്മാവനും അമ്മായിക്കും ചെറിയമ്മയ്ക്കുമൊപ്പം മുൻപിലൊരു കാറിൽ വീട്ടിലേക്ക് പോവുമ്പോളും ഇടയ്ക്കിടെ അവൾ പിറകെ വരുന്ന പൂവുകൾ കൊണ്ടലങ്കരിച്ച ദർശന്റെ കാറിലേക്ക് തിരിഞ്ഞു നോക്കി…ദർശനും വർഷയ്ക്കും പുറകെ തനിക്ക് പരിചിതമായ ആ വീട്ടിലേക്ക് ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടുമവൾ ചെന്നുകയറി…ഏഴുതിരിയിട്ട നിലവിളക്ക് നൽകി സരസ്വതിയമ്മ വർഷയെ വീട്ടിലേക്ക് സ്വീകരിച്ചപ്പോൾ അതിനേക്കാൾ ഉറപ്പോടെ ഗോപുവിനെ ചേർത്തുപിടിച്ചാനയിച്ചത് അമ്മാവനായിരുന്നു… ചേച്ചിയോടൊപ്പം അനിയത്തിയെ കൂടി വീട്ടിലേക്ക് കൊണ്ടു വന്നത് നാട്ടുകാർക്കും ബന്ധുക്കൾക്കും ഒരു പുതുമയുള്ള വിഷയം തന്നെയായിരുന്നു….

പലരുടെയും രൂക്ഷമായ നോട്ടം തനിക്കുനേരെ നീളുന്നതറിഞ്ഞവൾ അസ്വസ്ഥതയോടെ ഒരരിക്കായി മാറി നിന്നു….എത്രയൊക്കെ നിയന്ത്രിച്ചിട്ടും പലപ്പോഴും മിഴികൾ അനുസരണയില്ലാതെ ദർശനെ തേടി പോയിക്കൊണ്ടിരുന്നു…”ഗോപുസേ.. “എന്ന അവന്റെ വിളിക്കായി അവൾ വീണ്ടും വെറുതെ കൊതിച്ചു. കല്യാണത്തിരക്കുകൾക്കിടയിൽ അമ്മാവനൊഴികെ പലരും അവളെ മറന്നിരുന്നു… അവളെക്കുറിച്ചു ഓർക്കാനിഷ്ടമല്ലാത്തവർ അതൊരവസരമായി എടുത്തു…ഉച്ചയോടടുത്ത് അമ്മാവൻ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോളാണ് അതുവരെ ഉണ്ടായിരുന്ന ഒറ്റപ്പെടലിന് ഒരു ശമനം വന്നത്…

വളരെ നാളുകൾക്കു ശേഷം വിഭവ സമൃദ്ധമായ രുചിയുള്ള ഭക്ഷണം കണ്മുൻപിൽ കണ്ടിട്ടും അവൾക്ക് ഒട്ടും സന്തോഷം തോന്നിയില്ല… ഉള്ളിൽ കെട്ടിക്കിടക്കുന്ന സങ്കടത്തിൽ ഇത്തിരി വറ്റ് പോലും ഇറങ്ങാതെ കുടുങ്ങിക്കിടക്കുകയാണെന്ന് തോന്നി… കുറച്ചു മാറി സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന ദർശനെയും വർഷയെയും കാൺകെ സങ്കടം പിന്നെയും കൂടി വന്നു… ചോറിൽ കയ്യിട്ടിളക്കിയവൾ ഇടയ്ക്കിടെ അങ്ങോട്ട് പാളി നോക്കി…അടുത്തിരിക്കുന്ന അമ്മാവൻ തന്റെ പായസം കൂടി അവൾക്ക് നേരെ വച്ച് നീട്ടിയപ്പോളാണ് പരിസരബോധം ഉണ്ടായത്… “അമ്മാമ്മേടെ പായസം ഗോപുസിനാണല്ലോ…

ദാ ഇപ്പൊ ഗോപുന് എത്രത്തോളം പായസം കിട്ടിയെന്ന് നോക്കിക്കേ… എല്ലാവരേക്കാളും അധികം…” അവളുടെ പായസക്കൊതി അറിഞ്ഞെന്ന പോലെ അയാൾ തന്റെ പങ്കും സന്തോഷത്തോടെ വച്ചു നീട്ടി…. അപ്പോഴും പെണ്ണ് തലകുനിച്ചിരുപ്പായിരുന്നു…ഇടയ്ക്ക് അവളുടെ കണ്ണുകൾ പോണ വഴിയേ നോക്കിയപ്പോൾ ആയാളുടെയും മുഖത്തും വിഷമം തിങ്ങി നിറഞ്ഞു… അവളുടെ ദുഃഖം മനസ്സിലായെന്ന പോലെ ശ്രദ്ധ തിരിക്കാനായായി അയാൾ തന്നെ ഇത്തിരി പായസം അവളുടെ ചുണ്ടോടടുപ്പിച്ചു… ഒരിറ്റ് ഇറക്കിയവൾ വീണ്ടും നീണ്ടു വരുന്ന അയാളുടെ കൈ തടഞ്ഞു വച്ചു…മതിയെന്ന് തലയാട്ടി…

അത്രയേറെ മധുരമുള്ള പായസത്തിന്റെ രുചി പോലും ഇന്നവൾക്കന്യമാണെന്ന് തോന്നി… ശരീരത്തിന്റെ ഒരോഅണുവിലും ദുഖം തിങ്ങി നിറഞ്ഞു…മനസ്സിലേറ്റ പൊള്ളൽ രസമുകുളങ്ങൾക്കും പകർന്നു കിട്ടിയ പോലെ….വിശപ്പ് കെട്ട് പോയപോലെ…കണ്ണുകൾ വീണ്ടും ഈറനായി… ആ മിഴികളിലെ നീർത്തിളക്കം അറിഞ്ഞപ്പോൾ തന്നെ മതിയാക്കി എഴുന്നേൽക്കാൻ അയാളവൾക്ക് അനുവാദം കൊടുത്തു… ഒപ്പം അയാളും എണീറ്റു… കൈകഴുകി പട്ടുപാവാടയിൽ തുടച്ചവൾ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഉമ്മറത്ത് തന്നെ നിന്നു.. ഇടയ്ക്കെപ്പോഴോ വണ്ടിയിലിരുന്ന അവളുടെ ബാഗുമായി സുധാകരൻ വീട്ടിലേക്ക് കയറി കൂടെ ചെല്ലാൻ പറഞ്ഞു..

ആ വീടിന്റെ വടക്ക് ഭാഗത്തായി ഒഴിഞ്ഞു കിടക്കുന്ന കൊച്ചുമുറി അയാൾ അവൾക്കായി തുറന്നു കൊടുത്തു…ഉള്ളിലേക്ക് കയറി ചെന്നവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു…അലങ്കാരങ്ങളേതുമില്ലാത്ത ഒരു കൊച്ചു മുറി…. അലമാരയും മേശയും മാത്രം രണ്ടു വശത്തായി ഒതുക്കി വയ്ച്ചിരിക്കുന്നു…പതിയെ ചെന്നവൾ കട്ടിലിൽ ഒരാറ്റത്തായി ഇരുന്നു…നിറയെ പൂക്കളുടെ ചിത്രമുള്ള വിരിപ്പ് ഭംഗിയായി വിരിച്ചിട്ടിരിക്കുന്ന കട്ടിലിൽ വെറുതെയൊന്നു തഴുകി… “മോൾക്ക് ഓർമയില്ലേ…. കുട്ടിക്കാലത്ത് ദർശന്റെ മുറിയായിരുന്നു ഇത്‌… വീട് വലുതാക്കിയപ്പോൾ ഇത്തിരി കൂടി സൗകര്യത്തിൽ ഒരു മുറി അവനായി മുകളിലെടുത്തു…മോള് പുതിയ മാറ്റങ്ങൾ ഒന്നും കണ്ടില്ലല്ലോ…

തിരക്കൊന്നൊഴിഞ്ഞിട്ട് അമ്മാമ്മ കാട്ടിത്തരാം കേട്ടോ…” അവളുടെ മുടിയിൽ തലോടി അയാൾ പറഞ്ഞപ്പോൾ ശെരിയെന്ന അർത്ഥത്തിൽ അവളൊന്നു തലയാട്ടി…വാതിൽ ചാരി അയാൾ കടന്നു പോവുമ്പോഴും അവൾ കുട്ടിക്കാലത്തെ ഓർമകൾക്ക് വേണ്ടി ചികയുകയായിരുന്നു… അവ്യക്തമായ എന്തൊക്കെയോ ചിത്രങ്ങൾ മനസ്സിലൂടെ മിന്നിമറിഞ്ഞു… ഇടയ്ക്കെപ്പോഴോ അച്ഛനെയും അമ്മയെയും ഓർമ വന്നപ്പോൾ അമ്മാവൻ കൊണ്ടുവയ്ച്ചിട്ടു പോയ തന്റെ ബാഗിൽ നിന്നും അച്ഛനുമമ്മയുമൊത്തുള്ള കുട്ടിക്കാലത്തെ ഒരു പഴയ ചിത്രം കയ്യിലെടുത്തു…പറയാൻ ബാക്കി വയ്ച്ച പരാതികളൊക്കെ പറഞ്ഞു തീർക്കും പോലെ അതും നെഞ്ചോട്ടുടുക്കിപ്പിടിച്ചവൾ കിടക്കയിലേക്ക് ചാഞ്ഞു. ❤❤❤❤❤

പുറത്ത് നിന്നുള്ള ഒച്ചപ്പാടുകൾ കേട്ടാണ് ഗോപു കണ്ണ് തുറന്നത്…ക്ഷീണം കൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയി…. പതിയെ എണീറ്റ് ഉമ്മറത്തേക്ക് നടന്നപ്പോൾ ഒരു വിധം ബന്ധുക്കളെല്ലാം മടങ്ങിപ്പോയിരുന്നു…ചെറിയമ്മയും തിരികെ പോകാനായി കാത്തുനിൽപ്പുണ്ടായിരുന്നു…വേഷമൊക്കെ മാറി നിൽക്കുന്ന വർഷേയെ കെട്ടിപ്പിടിച്ചു കരയുന്ന ചെറിയമ്മയെ കണ്ടപ്പോൾ ഗോപുവിനും സങ്കടം തോന്നി… വർഷയും ദർശനും അവരെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചു… ഗോപുവിന് നേരെ ഒരു നോട്ടം പോലും നൽകാതെ മറ്റെല്ലാവരോടും യാത്ര ചോദിച്ചു ദർശനൊപ്പം കാറിൽ കയറി അവർ തിരികെ പോയി…

കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ കണ്ടു നിന്ന് വർഷയും അമ്മായിയും വീടിനുള്ളിലേക്ക് തിരികെ കയറി…ആ വീട്ടിൽ കൂട്ട് കൂടാനാരുമില്ലാതെ ഗോപു വീണ്ടും തനിച്ചായി… തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന ആ മണ്ണ് അവളുടെ ഏകാന്തതതയ്ക്ക് എന്നും നല്ലൊരു കൂട്ട് തന്നെയായിരുന്നു…ഇത്തിരി നേരം ഉമ്മറത്തിരുന്ന് അവൾ തിരികെ മുറിയിലേക്ക് തന്നെ പോയി.. സന്ധ്യയ്ക്ക് പതിവുപോലെ കുളിച്ച് വന്ന് വർഷ കത്തിച്ചു വയ്ച്ച വിളക്കിന് മുൻപിലായി ചെന്നിരുന്നു നാമം ജപിച്ചു…വീട്ടിലായിരിക്കുമ്പോൾ ഉറക്കെ ജപിക്കുന്ന ഈശ്വരനാമങ്ങൾ ആ വീട്ടിൽ ഉറക്കെ പാടാൻ അവൾക്ക് ജാള്യത തോന്നി…

അമ്മായിയോടൊത്ത് ഉമ്മറത്തിണ്ണയിൽ കൈകൂപ്പിയിരുന്ന് പ്രാർത്തിക്കുന്ന വർഷയെ പതിവില്ലാത്തൊരു കാഴ്ച കണ്ടെന്ന പോലെ അവൾ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…ഇടയ്ക്ക് ദർശൻ തിരികെ വന്നപ്പോൾ വർഷയും വാല് പോലെ പുറകെ വയ്ച്ചു പിടിച്ചു…ഇരുട്ട് വീണ് തുടങ്ങിയിട്ടും അമ്മാവനെ കാത്ത് വഴിക്കണ്ണുമായവൾ അവിടെ തന്നെ കാത്തിരിക്കുന്നു… ഇടയ്ക്ക് ചായ കുടിക്കാൻ അമ്മായി വന്ന് വിളിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി… ഊണുമുറിയിൽ നിന്ന് ഉയർന്നു കേൾക്കുന്ന കൊണ്ടുപിടിച്ച സംസാരങ്ങളും കളിചിരികളും മനസ്സിൽ വീണ്ടും അസ്വസ്ഥതകൾ സൃഷ്ടിച്ചപ്പോൾ വീണ്ടും മുറിയിലേക്ക് തന്നെ വലിഞ്ഞു…

രാത്രി എല്ലാവർക്കുമൊപ്പം അത്താഴത്തിനിരിക്കുമ്പോളും അമ്മാവൻ തന്നെയായിരുന്നു അവൾക്കിത്തിരി ആശ്വാസം…ഒരെ വീട്ടിൽ… ഒരെ മുറിയിൽ… ഒരെ മേശയ്ക്ക് ചുറ്റും അന്നാദ്യമായി രണ്ടു പേരടങ്ങുന്ന രണ്ട് പക്ഷങ്ങൾ സൃഷ്ടിക്കപ്പെട്ടു..ദർശൻ മാത്രം ഇടയ്ക്കിടെ ഒന്നിലും പെടാതെ രണ്ടു ഭാഗത്തും കൂടെക്കൂടി…ഭക്ഷണം കഴിഞ്ഞ് അടുക്കള ഒതുക്കാനായി അമ്മായിയെ സഹായിക്കാൻ ചെന്നവൾക്ക് വർഷയ്ക്ക് കൊടുത്തു വിടാനുള്ള പാല് കൂടി എടുത്തു നൽകേണ്ട ചുമതല കിട്ടി… ഇളംചൂടുള്ള പാല് ഗ്ലാസ്സിലേക്ക് പകർന്നവൾ കയ്യിലേക്ക് കൊടുത്തപ്പോൾ എല്ലാം നേടിയെടുത്ത ഒരു വിജയചിരി ഉണ്ടായിരുന്നു വർഷയുടെ മുഖത്ത്…

അവളുടെ കഴുത്തിൽ മിന്നുന്ന താൻ അത്രയേറെ ആഗ്രഹിച്ച താലിയിലേക്ക് ഒരു വട്ടം നോക്കി വിഷമം കലർന്നൊരു പുഞ്ചിരി ഗോപുവും തിരികെ നൽകി…തന്റെ മകന്റെ അടുത്തേക്ക് വർഷയെ സന്തോഷത്തോടെ സരസ്വതിയമ്മ പറഞ്ഞയച്ചു… തന്നെ പുച്ഛത്തോടെയൊന്നു നോക്കി മുകളിലേക്കുള്ള പടികൾ കയറിപ്പോവുന്നവളെ ഗോപുവും നോക്കി നിന്നു…തിരികെ വന്ന് കഴുകാനുള്ള പാത്രമെടുത്തപ്പോൾ പാലിൽ കലർത്തിയതിന്റെ ബാക്കിയായി അലിയാതെ പോയ ഇത്തിരി പഞ്ചസാര പാത്രത്തിൽ അവശേഷിച്ചിരുന്നു…

പതിവുപോലെ അതിലിത്തിരി ചൂണ്ടു വിരലിൽ തോട്ടെടുത്തവൾ കൊതിയോടെ ഒന്നു നുണഞ്ഞു…ബാക്കി വെള്ളമൊഴിച്ചു നന്നായി കഴുകി വൃത്തിയായി വയ്ച്ചു.. അതിലേറെ മധുരമുള്ള സ്വോപ്നങ്ങൾ ഉണ്ടായിരുന്നവളാണ്…അത്രമേൽ പ്രാണനായ് ഒരുവനെ സ്നേഹിച്ചതാണ്… എന്നിട്ടും അലിഞ്ഞു ചേരാത്ത മധുരം പോലെ അവളുടെ പ്രണയവും അവനിലേക്കെത്താതെ ബാക്കിയായി….💔.. തുടരും….

അത്രമേൽ: ഭാഗം 7

Share this story