ഗന്ധർവ്വയാമം: ഭാഗം 4

ഗന്ധർവ്വയാമം: ഭാഗം 4

എഴുത്തുകാരി: അഞ്ജലി അഞ്ജു

എല്ലാം തന്റെ മാത്രം തോന്നലാണോ എന്നറിയാൻ നേരെ ചെന്നത് നവിയുടെ അടുത്തേക്കാണ്. “ഡാ.” “എന്നാ പരിപാടിയാ കാണിച്ചേ? നീ എന്തിനാ സാറിനെ നോക്കി ചിരിച്ചത്?” അവളെ കണ്ടതും നവി ചോദിച്ചു. “ഞാനൊന്നും ചിരിച്ചില്ല.” “ഓ പിന്നെ ഞങ്ങൾ കണ്ടതെന്താണ്?” “അതൊക്കെ വിട്. ഡാ സാറിന്റെ റൂമിൽ എന്തോ ഒരു പ്രത്യേക സ്മെൽ ഇല്ലായിരുന്നോ?” “ആ എനിക്കൊന്നും തോന്നിയില്ല.” “അത് പോട്ടെ സാർ ചിരിക്കുമ്പോൾ ഇടം പല്ല് കാണാൻ പറ്റുവോ?” അവൾ തന്റെ തോന്നലുകൾ അവനോട് പറഞ്ഞു. “അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ നിനക്ക് തലക്ക് വല്ല ഓളവും ഉണ്ടോ?

അങ്ങേര് ചിരിച്ചു പോലും ഞാൻ കണ്ടിട്ടില്ല അപ്പോളാണ് വായിലെ പല്ല്. നീ ഒന്ന് പൊയ്‌ക്കെ. എനിക്ക് വേറെ പണി ഉണ്ട്.” അവളെ ഒഴിവാക്കാൻ എന്നവണ്ണം നവി സിസ്റ്റത്തിലേക്ക് കണ്ണ് നട്ടു. തിരികെ സീറ്റിലേക്ക് വന്നിരിക്കുമ്പോളും അവളുടെ മനസ് നൂൽ പൊട്ടിയ പട്ടം പോലെ എങ്ങോ പാറി നടക്കുകയായിരുന്നു. എല്ലാം തന്റെ മാത്രം തോന്നലാണെന്ന് ഓർക്കുംതോറും ആമിക്ക് ഉള്ളിലെന്തോ വല്ലായ്മ തോന്നി. ഓവർ ടെൻഷൻ കൊണ്ടാണ് താൻ ഇങ്ങനൊക്കെ ചിന്തിക്കുന്നതെന്ന നിഗമനത്തിലാണ് ആമി എത്തി ചേർന്നത്. എങ്കിലും വസുവിന്റെ കാര്യത്തിൽ പല സംശയങ്ങളും അവളിൽ ഉടലെടുത്തിരുന്നു.

എല്ലാ പെൺകുട്ടികളും അവന്റെ പിന്നാലെ ആയത് കൊണ്ട് സംശയങ്ങൾ ആരോടും പങ്കുവയ്ക്കാതെ അവൾ തന്റെ തന്നെ മനസ്സിൽ മൂടി വെച്ചു. “ആമി നമുക്ക് ഇന്ന് സിനിമക്ക് പോവാം?” അഭിയുടെ ശബ്ദമാണ് ചിന്തകൾക്ക് വിരാമം ഇട്ടത്. “എന്തെ പതിവില്ലാത്ത ഒരു സിനിമ കാണൽ. സാധാരണ ഞാൻ വിളിച്ചാൽ വരാൻ പേടിയാ, വീട്ടിൽ നിന്ന് വിടില്ല എന്നൊക്കെ അല്ലേ പറയുന്നത്?” “അത് പിന്നെ ധനുഷിന്റെ നല്ലൊരു ഫിലിം ഇറങ്ങിയിട്ടുണ്ട്. കാണാൻ കൊതിയായിട്ടാ.” “അയ്യേ ഏത് ത്രീയോ?” “അതേ.” “നിനക്ക് വട്ടുണ്ടോ? സെന്റി പടം ഒക്കെ കാണാൻ. ഞാനൊന്നും വരുന്നില്ല.”

ആമിക്ക് പണ്ട് മുതലേ ഈ സെന്റി പടങ്ങൾ ഒന്നും ഇഷ്ടമല്ലായിരുന്നു. “പ്ലീസ്. വേറെ ആരുടെ കൂടെ പോവാനാ. വീട്ടുകാരുമായി പോയാൽ ശെരിയാവില്ല. എന്റെ മുത്തല്ലേ..” “കൂടുതൽ സോപ്പ് ഇടണ്ട. ഫുൾ ചിലവ് എറ്റോളുവോ?” “ആഹ് ഓക്കേ.” “മ്മ്. ” അഭിയുടെ നിർബന്ധത്തിന് വഴങ്ങി രണ്ടാളും അന്ന് വൈകിട്ട് സിനിമക്ക് പോയി. അഭിയുടെ വീട്ടിലേക്ക് ആമിയുടെ വീട്ടിൽ പോയിട്ട് വരുമെന്ന് നുണയും പറഞ്ഞു. അത്യാവശ്യം തിരക്കൊക്കെ ഉണ്ടായിരുന്നതിനാൽ തിയേറ്ററിൽ ഒരു സൈഡിലായാണ് രണ്ടാൾക്കും സീറ്റ്‌ ലഭിച്ചത്. അതിന് അടുത്തായി ആൺകുട്ടികൾ ഇരുന്നത് കൊണ്ട് അഭിയെ അറ്റത്ത് ഇരുത്തി ആമി അവർക്ക് അരികിലായി ഇരുന്നു.

ആദ്യം തന്നെ ട്രാജഡിയൊക്കെ കണ്ട് അഭി ആകെ ശോകമടിച്ച് അതിൽ ലയിച്ചു ഇരിപ്പാണ്. താല്പര്യമില്ലെങ്കിലും ആമിക്കും എന്തോ സങ്കടമൊക്കെ തോന്നി. പുറമെ തന്റേടമൊക്കെ കാട്ടുമെങ്കിലും താനൊരു ലോല ആണെന്ന് അറിയുന്നത് കൊണ്ട് മനഃപൂർവം ആണ് ഇത് പോലുള്ള സിനിമകൾക്ക് നേരെ പുച്ഛം കാട്ടി നിൽക്കുന്നത്. പരമാവധി തന്റെ ഉള്ളിലെ സങ്കടം മുഖത്തു കാട്ടാതിരിക്കാൻ പരിശ്രമിക്കുമ്പോളാണ് ഷോൾഡറിൽ കൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയത്. ആദ്യം ഒരു നോട്ടം കൊണ്ട് ശകാരിച്ചെങ്കിലും വീണ്ടും ആ കൈകൾ തേടി വന്നപ്പോൾ മെല്ലെ ആ കൈകളിൽ പിടുത്തമിട്ടു.

ബാഗിൽ നിന്നും ഒരു സേഫ്റ്റി പിൻ എടുത്തിരുന്നു അത് വെച്ചു അത്യാവശ്യം ആഞ്ഞു തന്നെ ഒരു കുത്തു കൊടുത്തു. വളരെ പതുങ്ങിയ ശബ്ദത്തിലെ നിലവിളി കേട്ടതും അഭി കാരണം അന്വേഷിച്ചു. “ഹേയ് ഒന്നൂല്ല ഒരു ഞരമ്പ് രോഗിക്ക് ഞാൻ ചെറിയൊരു ചികിത്സ കൊടുത്തതാ.” ചിരിച്ചു കൊണ്ടുള്ള ആമിയുടെ മറുപടി കേട്ടപ്പോളെ അഭിക്ക് കാര്യം മനസ്സിലായിരുന്നു. ഇന്റർവെൽ സമയം വരെ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ബ്രേക്കിന് വാഷ്‌റൂമിന് മുന്നിൽ അടുത്തിരുന്ന ചെറുക്കനെ കണ്ടപ്പോളേ ആമിക്ക് ഒരു വശപ്പിശക് തോന്നിയിരുന്നു. വഴി തടഞ്ഞ് അവൻ നിന്നതും അവൾ അവനെ തറപ്പിച്ചു നോക്കി.

“വഴി മാറ്..” “എന്താടി നിനക്ക് ഇത്ര അഹങ്കാരം. ഞാനൊന്ന് തൊട്ടപ്പോൾ നീ ഉരുകി ഒലിച്ച് പോയോ.” “നിനക്ക് തൊടാൻ തോന്നുമ്പോ വീട്ടിൽ ഉള്ളവരെ തൊട്ടാൽ മതി. നാണം കെടുത്തണ്ടല്ലോ എന്ന് വിചാരിച്ച് ആണ് മിണ്ടാതിരുന്നത്. ഇനി അങ്ങനെ ആവില്ല പ്രതികരിക്കുന്നത്.” “ആമി വേണ്ടെടാ. വിട്ടേക്ക്. നമുക്ക് പോവാം.” ആമി ദേഷ്യത്തിൽ അവനോട് പറഞ്ഞതും അഭി അവളെ കയ്യിൽ പിടിച്ച് തടഞ്ഞു. “നീയൊക്കെ കൂടുതൽ ഡയലോഗൊന്നും അടിക്കേണ്ട. രണ്ടെണ്ണം കൂടെ സിനിമയ്ക്ക് വന്നപ്പോളേ മനസിലായി നല്ല കുടുംബത്തിൽ പിറന്നതാണെന്ന്.”

പുച്ഛത്തോടെ അവനത് പറഞ്ഞതും ആമിക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. കരണം പുകച്ചൊരു അടിയായിരുന്നു അവളുടെ മറുപടി. “നല്ല കുടുംബത്തിൽ ജനിക്കാത്തവർക്കും ഉണ്ട് മാനവും അഭിമാനവും അത് ഒറ്റക്ക് സിനിമക്ക് പോയെന്ന് പറഞ്ഞോ രാത്രിയിൽ പുറത്തിറങ്ങി നടന്നെന്ന് വെച്ചോ നഷ്ടപ്പെടുന്നില്ല. ഇനി മേലിൽ പെണ്ണുങ്ങളെ വില കുറച്ച് കണ്ട് പോകരുത്.” വിരൽ ചൂണ്ടി അത്രയും പറഞ്ഞപ്പോളേക്കും അവർക്ക് ചുറ്റും ആളുകൾ കൂടിയിരുന്നു. എവിടുന്നോ അവന്റെ സുഹൃത്തുക്കൾ എന്ന് തോന്നുന്നവർ അവന് അരികിലേക്ക് വന്നു സംസാരിച്ചതും അഭി ആമിയെയും പിടിച്ചു വലിച്ചു അവിടുന്ന് പുറത്തേക്ക് ഇറങ്ങി.

ഇനിയും അവിടെ നിന്നൊരു സീൻ ഉണ്ടാക്കിയാൽ ചിലപ്പോൾ ശെരിയാവില്ലെന്ന് അവൾക്ക് തോന്നി. “ഡീ നിക്കെടി.” പിന്നിൽ നിന്ന് അവരുടെ ശബ്ദം കേട്ടതും ഇരുവരും തീയേറ്ററിന് പുറത്തേക്ക് ഓടി. എങ്ങനൊക്കെയോ ഒരു ഓട്ടോയിൽ കയറി കഴിഞ്ഞാണ് അഭിക്ക് ശ്വാസം നേരെ വീണത്. “നീ എന്തിനാ അവനെ അടിച്ചത്?” അഭിയുടെ ചോദ്യം കേട്ടതും ആമി അവളെ നോക്കി. അവളുടെ കണ്ണുകളിൽ അപ്പോളും എരിയുന്ന തീ കാണാമായിരുന്നു. “പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു. കുടുംബത്തിൽ പിറക്കാത്തവർ ചീത്തവരാണോ? ശെരിയാ ആമിക്ക് അച്ഛനെയോ അമ്മയെയോ അറിയില്ല.

ആർക്കെങ്കിലും പിഴച്ചു പെറ്റതാവും. പക്ഷെ ആമിക്ക് അവളുടേതായ വ്യക്തിത്വം ഉണ്ട്. അതൊരിക്കലും മറ്റാരെയും ആശ്രയിച്ചല്ല. അവൻ മറ്റെന്തു പറഞ്ഞെങ്കിലും ഞാൻ ഇത്ര ഇമോഷണൽ ആവില്ലായിരുന്നു.” അഭി അവളുടെ കയ്യിൽ പിടിച്ചു. ആദ്യമായായിരുന്നു ആമിയുടെ ഇത്തരത്തിലുള്ള ഭാവം അഭിയും കാണുന്നത്. ആരോട് ആണെങ്കിലും ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി പറയുമെങ്കിലും ഇത്രത്തോളം ദേഷ്യപ്പെടുന്നത് ആദ്യമായാണ്. “പോട്ടെടാ. അവർക്ക് ഒന്നും അറിയില്ലല്ലോ. വല്ലവന്മാരും എന്തേലും പറഞ്ഞെന്ന് വെച്ചു നീ ബി പി കൂട്ടല്ലേ.

എന്നാലും നീ എന്നാ അടിയാ കൊടുത്തത്? അവൻ ജീവിതത്തിൽ ആ അടിയുടെ ചൂട് മറക്കില്ല.” അഭി പറഞ്ഞപ്പോളാണ് അവളും അതിനെ പറ്റി ചിന്തിച്ചത്. പെട്ടെന്ന് എന്താണ് ചെയ്തതെന്നും പറഞ്ഞതെന്നും പോലും ഓർക്കുന്നില്ല. “ഏതായാലും പോന്നത് നന്നായി.” ആമി പിറു പിറുത്തു. “അതെ. അവന്മാർ പിന്നാലെ വരുമോ എന്നായിരുന്നു എന്റെ പേടി.” പിന്നിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് അഭി പറഞ്ഞു. “ശേ എന്നാലും…” വിഷമത്തോടെ തലയ്ക്കു കൈ വെച്ചു അഭി പറഞ്ഞു. “ഇനി അവർ വരില്ല. നീ വിഷമിക്കാതെ.” അഭിയെ സമാധാനിപ്പിക്കാൻ എന്നവണ്ണം ആമി പറഞ്ഞു. “ഓ അവര് വരുന്നതിനല്ല.

നല്ല സിനിമ ആയിരുന്നു. റാം എന്തിനാണോ മരിച്ചത്?” “ശവം ! നീ കൂടെ ഉള്ളത് കൊണ്ടാണ് എനിക്ക് ഏറ്റവും ടെൻഷൻ. ഞാൻ ഒറ്റക്ക് ആയിരുന്നേൽ അവനെ പോലീസ് സ്റ്റേഷനിൽ കയറ്റിയേനെ.” ആമി തലയ്ക്കു കൈ വെച്ചുകൊണ്ട് പറഞ്ഞു. അവർ നേരെ അഭിയുടെ വീട്ടിലേക്കാണ് പോയത്. മുറ്റത്തു നിറയെ ചെടികളൊക്കെ വെച്ചു പിടിപ്പിച്ച ഒരു ഒറ്റ നില കെട്ടിടം. അകത്തേക്ക് കടക്കുമ്പോൾ തന്നെ ദൈവത്തിന്റെ ചിത്രങ്ങളൊക്കെ വെച്ചിട്ടുണ്ട്. “അമ്മേ…” അകത്തേക്ക് കയറിക്കൊണ്ട് ആമി വിളിച്ചു. “ആഹാ ആമി മോള് എത്ര നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്.”

അടുക്കളയിൽ നിന്ന് വന്ന ബീന ചോദിച്ചു. “ആകെ തിരക്കല്ലേ.. ഇന്ന് പരാതിയൊക്കെ തീർത്തിട്ടേ ഞാൻ പോവുള്ളു. എന്താ ഇന്നത്തെ സ്പെഷ്യൽ !” “മോൾക്ക് എന്താ വേണ്ടത്? അമ്മ ഉണ്ടാക്കി തരാം.” അതും പറഞ്ഞ് ബീന അകത്തേക്ക് പോയി. ബാഗ് സോഫയിൽ വെച്ചു പിന്നാലെ ആമിയും. “ഡാ നീ റൂമിലേക്ക് വാ.” ആമിയുടെ പിന്നിൽ നിന്നും അഭി വിളിച്ചെങ്കിലും മൈൻഡ് ചെയ്യാതെ ആമി അടുക്കളയിലേക്ക് നടന്നു. എപ്പോളും ഇങ്ങനെ തന്നെയാണ് അഭിയുടെ വീട്ടിൽ എത്തി കഴിഞ്ഞാൽ ആമി പിന്നെ ബീനയുടെ പിന്നാലെ ആവും. അഭിയെ പോലും വേണ്ട. അങ്ങനെ തന്നെയാണ് ബീനയ്ക്കും.

അവർക്കിടയിൽ ഒരു പ്രത്യേക ആത്മബന്ധം ഉണ്ടായിരുന്നു. അഭിയുടെ അച്ഛൻ ജയരാജനും അങ്ങനെ തന്നെ ആയിരുന്നു. അഭിയേയും ആമിയെയും തരംതിരിച്ചു ഇരുവരും കണ്ടിട്ടില്ല. അച്ഛനെന്നും അമ്മയെന്നും പറഞ്ഞാൽ ആമിക്ക് ഇവരാണ്. മറ്റാരെയും അങ്ങനെ കണ്ടിട്ടില്ല. ആരും സ്നേഹിച്ചിട്ടുമില്ല. ബാധ്യത ആയാലോ എന്ന് കരുതിയിട്ടാവും. പലപ്പോഴും അഭിയോടൊത്ത് അവരോടൊപ്പം ജീവിക്കാൻ അവർ നിർബന്ധിക്കുമായിരുന്നെങ്കിലും സ്നേഹത്തോടെ ആമി നിരസിക്കുമായിരുന്നു.

അമിതമായി അടുത്താൽ ഈ സ്നേഹം പോലും നഷ്ടമാകുമോ എന്നുള്ള ഭയമായിരുന്നു ആ അകൽച്ചയ്ക്ക് കാരണം. ഒറ്റപ്പെട്ട ജീവിതം അവളും ഇഷ്ടപ്പെട്ടിരുന്നു എന്ന് വേണം പറയാൻ. അങ്ങനുള്ള ജീവിത രീതിയിൽ നിന്ന് ഒരു മോചനം അവളും പ്രതീക്ഷിച്ചിരുന്നില്ല. എന്നെങ്കിലും തനിക്ക് സ്വന്തമെന്ന് പറയാൻ ആരെങ്കിലും കടന്നു വരുമോ എന്ന ചോദ്യത്തിന് ഉത്തരം അവൾ തേടിയിരുന്നു. സ്വപ്നങ്ങളിൽ എപ്പോളോ മോളേ എന്ന് പറഞ്ഞു ഓടി വരുന്ന അവ്യക്തമായ ഒരു സ്ത്രീ രൂപം അവൾ ഓർത്തെടുത്തു. പണ്ടൊക്കെ അതൊരു പ്രതീക്ഷയായിരുന്നു. ഇന്ന് അതിനെ പറ്റി ആലോചിക്കാറു പോലും ഇല്ല.

ഇനിയും ആര് അന്വേഷിച്ചു വരാനാണ്. ബീനയും ആമിയും അടുക്കളയിൽ അവരുടേതായ ലോകം തീർക്കുക ആയിരുന്നു. കൂടെ പോയി നിൽക്കുമെങ്കിലും ഒരു വകയും ചെയ്യാൻ ആമിക്ക് അറിയില്ല കേട്ടോ. വാചകമടി മാത്രേ അവിടെ നടക്കുള്ളൂ. അപ്പോളാണ് അഭി അങ്ങോട്ടേക്ക് വന്നത്. “ആമി നീ ഇത്തവണ എങ്കിലും ഞങ്ങളുടെ കൂടെ ഓണത്തിന് നാട്ടിൽ വരണം. നീ ഇല്ലെങ്കിൽ ഞാനും പോകില്ല. ഒറ്റക്ക് ഞാൻ ബോറടിച്ചു ചാവും.” “ഞാൻ എങ്ങനെ വരാനാ. ഇപ്പോ തന്നെ നിറയെ ലീവ് എടുത്തിട്ടുണ്ട്.” “മോള് കൂടെ വാ. മുത്തശ്ശി എപ്പോളും തിരക്കും. പ്രായമായ ആളല്ലേ ആഗ്രഹം കൊണ്ടല്ലേ?”

ബീനയും അഭിയെ സപ്പോർട്ട് ചെയ്തു. “നീ വിചാരിച്ചാൽ ലീവൊക്കെ ഒപ്പിക്കാം.” അഭി ആമിയെ നോക്കി പറഞ്ഞു. “മ്മ് ഒരു ഐഡിയ ഉണ്ട്. നമുക്ക് നോക്കാം.” ഒരു കണ്ണ് അടച്ചു ചിരിച്ചു കൊണ്ട് ആമി പറഞ്ഞു. ഇതേ സമയം തിയേറ്ററിലെ പാർക്കിങ്ങിൽ, വീണു കിടക്കുന്ന രണ്ട് മൂന്നു പേർ. ആമിയെ ഉപദ്രവിച്ച ചെറുപ്പക്കാരനും കൂട്ടുകാരുമായിരുന്നു അത്. കണ്ണിലേക്കു ബൈക്കിന്റെ വെട്ടം പതിക്കുന്നതിനാൽ അവർ കണ്ണ് ഇറുക്കി അടച്ചിരുന്നു. മുഖത്തു അടിയേറ്റ പാടുകൾ. ആമി അടിച്ച ആളുടെ വായിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. അവർ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

അവരെ നോക്കി ഒരു രൂപം ബൈക്കിനു മുകളിൽ ഇരുന്നിരുന്നു. ഇരുളിൽ മുഖം വ്യക്തമായിരുന്നില്ലെങ്കിലും ആ കണ്ണുകളിൽ പക എരിയുന്നുണ്ടായിരുന്നു… അഭിയും ബീനയും ഒരുപാട് നിർബന്ധിച്ചെങ്കിലും ജയരാജൻ വന്നതും ആമി പോകാനായി ഇറങ്ങി. എപ്പോളും അങ്ങനെയാണ് ഒരു രാത്രി പോലും ആമി അവരോടൊപ്പം നിന്നിട്ടില്ല. ജയരാജൻ കൊണ്ട് പോയി ആക്കി കൊടുക്കും. എത്ര രാത്രി ആയാലും അതാണ് പതിവ്. ഇന്നും പതിവ് പോലെ ഫ്ലാറ്റിനു താഴെ വരെ ആമിയെ കൊണ്ട് വിട്ടിട്ട് അയാൾ തിരികെ പോയി.

ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോളെ കണ്ടു ആമിയുടെ ഫ്ളാറ്റിന് മുന്നിൽ വെരുകിനെ പോലെ നടക്കുന്ന വസുവിനെ. അവളെ കണ്ടതും ഒരു നിമിഷം ആ കണ്ണുകൾ തിളങ്ങി. രാവിലത്തെ കാര്യം ഓർമ ഉണ്ടായിരുന്നത് കൊണ്ട് തന്നെ വല്യ മൈൻഡ് കൊടുക്കാതെ ആമി ഡോറിനു അരികിലേക്ക് നീങ്ങി. “ഡോ താനെവിടെ നിന്നെ.” ചോദ്യ ഭാവേന ആമി അവനെ നോക്കി. “ഇത്രയും നേരം എവിടായിരുന്നു?” അവന്റെ ശബ്ദത്തിൽ ദേഷ്യമോ അമർഷമോ മറഞ്ഞിരുന്നിരുന്നു. “അത് സാർ അറിയുന്നത് എന്തിനാ?” ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അവളുടെ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ മറുപടി പറയാൻ അൽപം പരതേണ്ടി വന്നു. “അത്.. അത് പിന്നെ.

ഓഫീസിലെ ഒരു കാര്യം പറയാൻ…” “സാർ തന്നെ അല്ലേ പറഞ്ഞത് ഓഫീസിലെ കാര്യം അവിടെ ഇവിടുള്ള കാര്യം ഇവിടെ എന്ന്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഓഫീസിൽ വെച്ചു പറഞ്ഞോളൂ.” അത്രയും പറഞ്ഞ് അവൾ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു. ഒരു നിമിഷം അവളുടെ ഫ്ലാറ്റിലേക്ക് നോക്കി നിന്ന ശേഷം ദേഷ്യത്തിൽ തന്റെ ഫ്ലാറ്റിലേക്ക് കയറി പോകുന്ന വസുവിനെ അവൾ കാണുന്നുണ്ടായിരുന്നു. അവന്റെ ഭാവ ഭേദങ്ങൾ അവളിൽ ഒരു പുഞ്ചിരി വിടർത്തി. ആദ്യമായി താൻ വൈകിയത് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.! തന്നെ ഒരാൾ വ്യാകുലതയോടെ വഴിക്കണ്ണും വെച്ചു കാത്തിരുന്നെന്ന് ഓർക്കുംതോറും അവളിലൊരു നനുത്ത മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. എങ്ങോ പ്രതീക്ഷകൾ തളിരിട്ട് പടരാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു…….തുടരും…

ഗന്ധർവ്വയാമം: ഭാഗം 3

Share this story