നിനക്കായ് : ഭാഗം 6

നിനക്കായ് : ഭാഗം 6

എഴുത്തുകാരി: ഫാത്തിമ അലി

ഹാളിൽ നിന്ന് തോർത്തും എടുത്ത് റൂമിന് അടുത്തേക്ക് ചെന്ന വസുന്ധര റൂമിന്റെ വാതിൽ അടച്ചിട്ടത് കണ്ട് അവരുടെ ഉള്ളൊന്ന് കാളി… “വാവേ….ശ്രീക്കുട്ടീ….വാതിൽ തുറന്നേ….” ഡോറിന് തട്ടി വിളിച്ചെങ്കിലും ശ്രീയുടെ ഒരു പ്രതികരണവും കിട്ടിയിരുന്നില്ല… “മോളേ….വാതിൽ തുറക്കെടാ…” ശക്തിയിൽ കുറേ തവണ തട്ടിയിട്ടും തുറക്കാത്തത് കണ്ട് വസുന്ധരക്ക് എന്തോ ആപത്ത് ശങ്ക തോന്നി… “മാധവേട്ടാ….” റൂമിൽ നിന്ന് നനഞ്ഞ വസ്ത്രം മാറ്റിക്കൊണ്ടിരുന്ന അയാൾ വസുന്ധരയുടെ ഉറക്കെയുള്ള വിളി കേട്ട് പുറത്തേക്ക് ചെന്നു… “എന്താ വസൂ…എന്ത് പറ്റി…?”

ശ്രീയുടെ റൂമിന് മുന്നിൽ നിൽക്കുന്ന വസുന്ധര അയാളെ കണ്ട് കരഞ്ഞു.. “മാധവേട്ടാ…മോള് വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല….എനിക്ക്.. എനിക്ക് എന്തോ പേടി തോന്നുന്നു….എന്റെ മോള്….” “കരയാതെ വസൂ…ഒന്നുല്ല….ശ്രീക്കുട്ടീ….വാതിൽ തുറന്നേ മോളേ…വാവേ….” “മാധവേട്ടാ…ശ്രീക്കുട്ടീ….വാവേ…വാതില് തുറന്നേ മോളേ….” ഒരുപാട് തവണ വിളിച്ചെങ്കിലും ഡോർ തുറക്കാത്ത് കണ്ട് ഇരുവരിലും ഭീതി ജനിപ്പിച്ചു… കരഞ്ഞ് കൊണ്ട് വാതിലിന് ശക്തിയിൽ തട്ടുന്ന വസുന്ധരയെ മാറ്റി നിർത്തിക്കൊണ്ട് മാധവൻ തന്നാൽ കഴിയുന്ന ശക്തിയിൽ ഊക്കോടെ വാതിലിന് നേരെ ചവിട്ടി… രണ്ട് മൂന്ന് തവണ ചെയ്തതും വാതിലിന്റെ ലോക്ക് ഇളകിയത് പോലെ തോന്നിയ അയാൾ ഒടുവിൽ ആഞ്ഞ് ചവിട്ടിയതും ലോക്ക് പൊട്ടിക്കൊണ്ട് ഡോർ തുറന്ന് വന്നു…

റൂമിന് അകത്തേക്ക് ഓടി കയറിയ മാധവൻ അവിടെ കണ്ട കാഴ്ചയിൽ നടുങ്ങി പോയി… “അയ്യോ….ന്റെ മോള്….” ബെഡിൽ കണ്ണുകൾ അടച്ച് മലർന്ന് കിടക്കുന്ന ശ്രീയുടെ ഇടത് കൈയിൽ നിന്നും ഒഴുകി ഇറങ്ങുന്ന രക്തം ബെഡ്ഷീറ്റിന്റെ ഒരു ഭാഗം ആകമാനം പടർന്നൊലിച്ചിരുന്നു…. അലറിക്കരഞ്ഞ് കൊണ്ട് വസുന്ധര അവളുടെ അടുത്തേക്ക് ഓടി ചെന്നതും മാധവൻ ഒരു നിമിഷം പോലും പാഴാക്കാതെ അവളെ ഇരുകൈകളിലും വാരി എടുത്ത് നെഞ്ചിലേക്ക് ചേർത്തു… ***

“ഹരീ…..ഹരീ….” സുഖ നിദ്രയിലായിരുന്ന ഹരി ഡോറിന് ശക്തിയായി തട്ടുന്നത് കേട്ട ഈർശ്യയോടെ കണ്ണുകൾ തുറന്ന് ബെഡിൽ നിന്ന് എഴുന്നേറ്റു…. കണ്ണ് തിരുമ്മിക്കൊണ്ട് വാതിൽ തുറന്നതും കലങ്ങിയ കണ്ണുകളോടെ തനിക്ക് മുന്നിൽ നിൽക്കുന്ന സുമയെ കണ്ടു.. “എന്താ അമ്മേ…നിങ്ങളാരും മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ…?നേരത്തെ ആ നാശം ആയിരുന്നു…ഇപ്പോ ദേ അമ്മയും…എന്താ കാര്യം..?” ഹരിയുടെ സംസാരത്തിലെ ഇഷ്ടക്കേട് ഒന്നും സുമ ആ ഒരു മാനസികാവസ്ഥയിൽ ശ്രദ്ധിച്ചിരുന്നില്ല…. “മോനേ….ശ്രീക്കുട്ടി….മോള് ആത്മഹത്യക്ക് ശ്രമിച്ചു…”

സുമ ഇടർച്ചയോടെ പറഞ്ഞത് കേട്ട ഹരിയിൽ ആദ്യം ഒരു ഞെട്ടൽ തോന്നിയെങ്കിലും പതിയെ അത് പുച്ഛച്ചിരി ആയി… “ഈ അമ്മക്ക് ഇതെന്തിന്റെ കേടാ….കരച്ചിലും പിഴിച്ചിലും കൊണ്ട് ഞാൻ അവളെ സ്വീകരിക്കില്ലാ എന്ന് തോന്നിയത് കൊണ്ടാവും ദേ ഇപ്പോ പുതിയ ഒരു നാടകവും ആയി എത്തിയത്…” “അല്ല ഹരീ…ജയശ്രീ ഇപ്പോ എന്നെ വിളിച്ചിരുന്നു…ജയേട്ടന്റെ കാറിലാ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്…ഒന്ന് ചെന്ന് അന്വേഷിച്ച് മോനേ…” സുമക്ക് വിതുമ്പൽ പിടിച്ച് നിർത്താനായില്ല… “ആ എനിക്കൊന്നും വയ്യ…അമ്മ കിടന്ന് ഉറങ്ങാൻ നോക്ക്…” “ഹരീ….

ഇങ്ങനെ മനസ്സാക്ഷി ഇല്ലാതെ സംസാരിക്കരുത്…നീ കാരണമാ മോള് ഇങ്ങനെ ഒക്കെ….” “ആ…എനിക്കൽപം മനസ്സാക്ഷി കുറവാണ്….ഇത്ര സങ്കടപ്പെടാൻ മാത്രം അവള് ചത്തിട്ടൊന്നും ഇല്ലല്ലോ…” ഹരി പറഞ്ഞ് തീർന്നതും സുമ ശക്തിയിൽ അവന്റെ ഇരു കവിളിലും കൈ വീശി അടിച്ചു…. “എന്താ ടാ നീ ഇപ്പോ പറഞ്ഞത്…?ഹേ…ഒരൽപം എങ്കിലും മനുഷ്യത്വം നിന്റെ ഹൃദയത്തിൽ ഉണ്ടാവും എന്ന് കരുതിയ ഞാനാ വിഡ്ഢി…നീയൊക്കെ എങ്ങനെ എന്റെ വയറ്റിൽ കുരുത്തു…? ഒരൊറ്റ കാര്യമേ എനിക്ക് നിന്നോട് പറയാനുള്ളൂ…ഒരു പാവം പെണ്ണിന്റെ കണ്ണീരിന് മുകളിലാ നീ നിന്റെ സ്വപ്നങ്ങൾ കെട്ടി പടുക്കുന്നതെന്ന് ഓർത്തോ…പെണ്ണിന്റെ ശാപം വന്ന് പതിച്ചാ വേരോടെ നശിക്കും നീ ഹരീ….”

കോപത്തോടെ തിരിഞ്ഞ് നടക്കാനൊരുങ്ങിയ സുമ ഒന്ന് നിന്നു… “എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാ…സ്വന്തം മകനാണെന്ന കാര്യം ഞാനങ്ങ് മറക്കും…സുമംഗലയാ പറയുന്നത്…” കവിളിന് കൈ പൊത്തെ വെച്ച് നിൽക്കുന്ന ഹരിയെ ഒന്ന് നോക്കി ചുണ്ട് വിരൽ ഉയർത്തി താക്കീത് പോലെ പറഞ്ഞ് വെട്ടി തിരിഞ്ഞ് അവർ താഴേക്ക് ചെന്നു… ഹാളിലെ പൂജാമുറിയിൽ കൈകൾ കൂപ്പിക്കൊണ്ട് നിലത്തിരുന്ന് സുമ സകല ദൈവങ്ങളെയും വിളിച്ച് ശ്രീക്ക് ഒരു ആപത്തും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ച് കൊണ്ടിരുന്നു… *****

ശ്രീ ഒരു ഞെരക്കത്തോടെ അടഞ്ഞ് കിടക്കുന്ന കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചു…. എന്തൊക്കെയോ അസ്വസ്ഥത പോലെ തോന്നിയ അവൾ ഇടത് കൈ ഉയർത്താൻ നോക്കിയെങ്കിലും അത് സാധിച്ചില്ല.. കൈക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടതും കണ്ണുകൾ ചിമ്മി തുറന്ന് കൊണ്ട് ചുറ്റിലും നോക്കി… താനെവിടെ ആണെന്ന് പെട്ടന്ന് ശ്രീക്ക് മനസ്സിലായില്ല…പിന്നെ എന്തോ ഓർമ്മ വന്നത് പോലെ കൈയിലേക്ക് നോക്കിയതും അവിടെ ചുറ്റിക്കെട്ടിയത് കണ്ട് അവളിൽ വേദന നിറഞ്ഞ ഒരു ചിരി വിരിഞ്ഞു… “എന്താ ടീ ചത്തില്ലല്ലോ എന്നോർത്താണോ നീ കിണിക്കുന്നത്..?”

ആരുടേയോ ശബ്ദം കേട്ടതും ശ്രീ തല ചെരിച്ച് നോക്കി… “ക…ല്ലൂ…” ബെഡിന് അടുത്തുള്ള കസേരയിൽ ഇരിക്കുന്ന കല്ലുവിനെ നോക്കി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചതും അവൾ നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ശ്രീയെ ദേഷ്യത്തിൽ നോക്കി…. “മിണ്ടരുത് നീ….അവള് ചാവാൻ പോയേക്കുന്നു…ആർക്ക് വേണ്ടിയിട്ടാ ടീ നീ മരിക്കാൻ പോയേ…നിന്നെ വേണ്ടാന്ന് പറഞ്ഞവന് വേണ്ടിയാണോ…? ആണോന്ന്….എന്നാൽ പൊന്ന് മോള് ഇത് കൂടി കേട്ടോ…. നീയിവിടെ മരിച്ചോ ജീവിച്ചോ എന്നറിയാതെ കിടന്ന സമയത്ത് അയാള് അവിടെ നിശ്ചയവും കഴിഞ്ഞ് ബാഗ്ലൂരേക്ക് തിരിച്ച് പോയി….ഒരു തവണ…

വെറുതേ എങ്കിലും…പോട്ടേ ഈ ഹോസ്പിറ്റലിന്റെ കോംബൗണ്ടിലെങ്കിലും ഒന്ന് വന്ന് നോക്കാൻ പോലും ദയ കാണിക്കാത്ത ആ തെണ്ടിക്ക് വേണ്ടിയാ നീ മരിക്കാൻ പോയത്….” കല്ലുവിന് ഹരിയോടുള്ള ദേഷ്യം അവളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു… ശ്രീ കല്ലു പറഞ്ഞത് കേട്ട് വെറുതേ ഒന്ന് ചിരിച്ച് ചുറ്റിലും നോക്കി… “കല്ലൂ….അമ്മയും അച്ഛയും…?” “ഓഹ്…അവരെ ഒക്കെ ഭവതിക്ക് ഓർമ ഉണ്ട് അല്ലേ….?” കല്ലുവിന്റെ സ്വരം രൂക്ഷമായതും ശ്രീയുടെ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞിരുന്നു…. ശ്രീയുടെ തേങ്ങൽ അറിഞ്ഞതും കല്ലുവിന്റെ പരിഭവം എല്ലാം പാടെ മാഞ്ഞിരുന്നു… അവൾ ശ്രീക്ക് അടുത്തേക്ക് ഇരുന്ന് അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു…. “കല്ലൂ…ഞാൻ…അറിയാതെ…..” “അറിയാം മോളേ…പക്ഷേ ഒരു നിമിഷം നീ നിന്റെ അച്ഛയേയും അമ്മയെയും ഓർത്തില്ലല്ലോ….

അവരുടെ സ്നേഹം കാണാതെ നിന്നെ വേണ്ടാന്ന് വെച്ച് പോയവന് വേണ്ടിയാ നീ ജീവൻ കളയാൻ നോക്കിയത്…. നീ ഉണരുന്നതും കാത്ത് ഉണ്ണാതെ ഉറങ്ങാതെ ഒരേ ഇരിപ്പാ രണ്ടും….ഇനിയും ഒരു ദുരന്തം താങ്ങാനുള്ള ശേഷി അവർക്കില്ല മോളേ….കണ്ണേട്ടൻ പോയപ്പോ രണ്ട് പേരും നിനക്ക് വേണ്ടിയാ ജീവിച്ചത്….അത് അറിഞ്ഞിട്ടും നീ ഇങ്ങനെ ചെയ്തപ്പോ…സോറീ ടാ…വെഷമം കൊണ്ട് പറഞ്ഞ് പോയതാ മോളേ….” ശ്രീ നിറഞ്ഞ കണ്ണുകൾ ഇറുക്കെ അടച്ചതും ചിരിയോടെ തന്നെ എടുത്ത് കൊണ്ട് ഓടുന്ന ഒരു ചെറുപ്പക്കാരന്റെ മിഴിവാർന്ന ചിത്രം മനസ്സിൽ തെളിഞ്ഞു….

ശ്രീരാഗ് എന്ന കണ്ണേട്ടൻ….അവളുടെ സ്വന്തം ഏട്ടൻ….. വസുന്ധരയ്ക്കും മാധവനും ആദ്യമായി പിറന്നത് ഒരു ആൺകുട്ടി ആയിരുന്നു….അവന് അഞ്ച് വയസ്സ് ആയപ്പോഴാണ് ശ്രീക്കുട്ടി അവരുടെ ജീവിത്തിലേക്ക് വന്നത്…. ശ്രീക്കുട്ടിക്ക് അവനെന്ന് വെച്ചാൽ ജീവനായിരുന്നു….അവനും അങ്ങനെ തന്നെ…. ശ്രീക്ക് പന്ത്രണ്ട് വയസ്സായപ്പോഴാണ് ഒരു ആക്സിഡന്റിൽ കണ്ണൻ മരിക്കുന്നത്…. അവൾ പനിച്ച് ഹോസ്പിറ്റലിൽ കിടന്ന സമയത്ത് ഹരിയുടെ അച്ഛന്റെ ഒപ്പം അവളുടെ അടുത്തേക്ക് പോയതായിരുന്നു കണ്ണൻ…. എതിർവശത്ത് കൂടെ ഒരു കാറിനെ ഓവർടേക്ക് ചെയ്ത ബസ് ചെന്ന് ഇടിച്ചത് ഹരിയുടെ അച്ചന്റെ കാറിലാണ്..

സംഭവസ്ഥലത്ത് വെച്ച് തന്നെ കണ്ണനും ഹോസ്പിറ്റലിലേക്ക് പോവുന്ന വഴി ഹരിയുടെ അച്ഛനും വിട പറഞ്ഞു… എല്ലാവരിലും അതൊരു വലിയ ഷോക്ക് ആയിരുന്നു…. കണ്ണന്റെ മരണം ഏറെ സ്വാധീനിച്ചത് ശ്രീക്കുട്ടിയെ ആണ്…ആരോടും മിണ്ടാതെ ഉൾവലിഞ്ഞ് കഴിഞ്ഞ് കൂടിയ അവളെ സങ്കടങ്ങൾ മറന്ന് കൊണ്ട് വസുവും മാധവനും കൂടെ ആണ് സാധാരണ പോലെ ആക്കി എടുത്തത്… “മോളേ….” കല്ലുവിന്റെ സ്വരമാണ് ശ്രിയുടെ ചിന്തകൾക്ക് വിരാമം ഇട്ടത്…. “കല്ലൂ..നിക്ക് അച്ഛയെയും അമ്മയെയും ഒന്ന് കാണണം…” “ഞാൻ വിളിക്കാം ടാ അവരെ…ഇനി എങ്കിലും അവരെ നീ വിഷമിപ്പിക്കല്ലേ മോളേ….” “കല്ലൂ….ഹരിയേട്ടന്റെയും ആ കുട്ടീടെം ഫോട്ടോ ഉണ്ടോ നിന്റെ കൈയിൽ…?”

ശ്രീക്കുട്ടെ ചോദിച്ചത് കേട്ട് കല്ലുവിന്റെ മുഖം കനത്തു… “ഒന്ന് കാണാൻ വേണ്ടി മാത്രം ആണ് കല്ലൂ….മറ്റൊരാൾക്ക് സ്വന്തമായതിനെ ഞാൻ തട്ടിയെടുക്കാൻ ശ്രമിക്കില്ല….” കല്ലു ഒന്ന് മൂളിക്കൊണ്ട് ഫോണിലുണ്ടായിരുന്ന ഫോട്ടോ അവൾക്ക് നേരെ നീട്ടി…. ഹരിയും മേഘയും സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ഫോട്ടോ കണ്ട് ശ്രീ വെറുതേ ഒന്ന് ചിരിച്ചു… “മതി….ഇതിന് മാത്രം കാണാൻ ഒന്നും ഇല്ല…അവൾടെ ഒരു കരിയേട്ടൻ….പ്രണയിച്ചതൊന്നും തെറ്റല്ല…പക്ഷേ അർഹത ഉള്ളവർക്കേ സ്നേഹം കൊടുക്കാവൂ….ഇവനൊന്നും നിന്റെ ഏഴയലത്ത് നിൽക്കാൻ പോലുമുള്ള യോഗ്യത ഇല്ല…” കല്ലു ഫോണും വാങ്ങിച്ച് വയറും താങ്ങി പതിയെ റൂമിന് വെളിയിലേക്ക് പോയി…

കണ്ണുകൾ അടച്ച് കിടന്ന ശ്രീയുടെ കൈയിലായി ആരുടെയോ കരസ്പർശം അറിഞ്ഞതും അവൾ പതിയെ കണ്ണുകൾ തുറന്നു… “വാവേ…” “അമ്മാ…..” വസന്ധര അവൾക്ക് അരികിലായി ഇരുന്ന് ശ്രീയുടെ മുഖത്ത് ആകമാനം ചുംബനം കൊണ്ട് മൂടി…. അവർക്കരികിൽ മറ്റെങ്ങോട്ടോ നോക്കി നിൽക്കുന്ന മാധവന്റെ കൈയിൽ പതിയെ ശ്രീ പിടിച്ചു… “അച്ഛേ….” ശ്രീ വിളിച്ചെങ്കിലും അവളെ നോക്കാതെ നിൽക്കുന്ന മാധവനെ കണ്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. “സോറി അച്ഛേ….നിക്ക് അറിയാതെ പറ്റിപോയതാ…. ഹരിയേട്ടൻ ന്നെ വേണ്ടാന്ന് പറഞ്ഞപ്പോ സങ്കടം കൊണ്ട്…. അച്ഛേ…ന്നെ ഒന്ന് നോക്ക്….

ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ… ഒന്ന് ചീത്തയെങ്കിലും പറ അച്ഛേ….” മാധവന്റെ കൈയിൽ ചുംബിച്ച് കൊണ്ട് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞ് പോയിരുന്നു… “അയ്യേ….അച്ഛേടെ വാവ കരയല്ലേ….സാരല്ല…അച്ഛേടെ മോൾക്ക് അറിയാതെ പറ്റിയതല്ലേ….കരയല്ലേ ട്ടോ…” മാധവൻ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ച് കൊടുത്ത് നെറ്റിയിൽ മൃദുവായി ചുംബിച്ചു… “ഇല്ല അച്ഛേ….ഇനി ശ്രീക്കുട്ടി കരയില്ലാ….നിക്ക് ന്റെ അച്ഛയും അമ്മയും മതി….” ശ്രീ മാധവന്റെ നെഞ്ചിലേക്ക് ചാരിക്കൊണ്ട് പറഞ്ഞതും അയാൾ അവളുടെ തലയിൽ തലോടി…. ****

ശ്രീയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്റ്റാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ട് വന്നു…. കളിയും ചിരിയുമെല്ലാം അവളിൽ നിന്ന് കാണാതായി പഴയ ശ്രീയുടെ ഒരു നിഴൽ മാത്രമായിരുന്നു അവൾ… സുമ ഇടക്കിടെ അവളെ കാണാൻ വന്നിരുന്നു… ഒരു മാസത്തിനകം തന്നെ അവന്റെ വിവാഹവും കാണുമെന്ന് അറിഞ്ഞപ്പോഴും ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല… “അച്ഛേ….” ഒരു ദിവസം രാത്രിയിൽ മാധവന്റെയും വസുന്ധരയുടെയും അരികിൽ നിലത്തായി വസുന്ധരയുടെ മടിയിൽ തലവെച്ച് ഇരുന്നു…. “എന്താ വാവേ….” “നാളെ ഹരിയേട്ടന്റെ വിവാഹത്തിന് നമുക്കും പോവണം…..” “മോളേ….” “വേണം അച്ഛാ….

എല്ലാം പൂർണ്ണമായും മറക്കാൻ കഴിയണം എങ്കിൽ ഹരിയേട്ടൻ മേഘയുടെതാവുന്നത് എനിക്ക് എന്റെ കണ്ണ് കൊണ്ട് തന്നെ കാണണം….” പതിഞ്ഞ സ്വരത്തിലാണ് എങ്കിലും ശ്രീയുടെ കണ്ണുകളിലെ ഉറപ്പ് കണ്ടതും മാധവൻ സമ്മതിച്ചു…. പിറ്റേന്ന് മംഗലത്തെ ഓഡിറ്റോറിയത്തിലേക്ക് കയറി ചെല്ലുന്ന ശ്രീയെ പലരും സഹതാപം നിറഞ്ഞ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു… അവൾ എന്നാൽ ആരെയും ശ്രദ്ധിക്കാതെ ഒരു സൈഡിലായി ഇട്ടിരുന്ന ചെയറിൽ ചെന്ന് ഇരുന്നു…. മണ്ഡപത്തിൽ സുന്ദരനായി ഇരിക്കുന്ന ഹരിയെ ശ്രീ ഒന്ന് നോക്കി….പിന്നെ അവന് അടുത്തായി അണിഞ്ഞൊരുങ്ങി ഇരിക്കുന്ന മേഘയിലേക്കും നീണ്ടു….

മുഹൂർത്തമായതും ഹരി പൂജിച്ച താലിച്ചരട് മേഘയുടെ കഴുത്തിലേക്ക് ചാർത്തുന്ന ദൃശ്യം കണ്ണ് ചിമ്മാതെ മുഴുവനായി പകർത്തി എടുത്തു…. താലി കെട്ടി കഴിഞ്ഞ് ഇടക്കെപ്പോഴോ ഹരിയുടെ നോട്ടം ശ്രീയിലേക്ക് വീണതും അവൾക്ക് നേരെ വിജയച്ചിരിയോടെ മേഘയെ ചേർത്ത് പിടിച്ച് നിന്നു…. അവരെ നോക്കി നേരിയ ചിരി ചുണ്ടിൽ വിരിയിച്ച് തിരിഞ്ഞ് നടന്ന ശ്രീയുടെ കണ്ണുകളിൽ നിന്നും ഹരിയെ ഓർത്ത് ഉള്ള അവസാനത്തെ തുള്ളി കണ്ണുനീരും ഒഴുകി വീണിരുന്നു…….തുടരും

നിനക്കായ് : ഭാഗം 5

Share this story