അത്രമേൽ: ഭാഗം 10

അത്രമേൽ: ഭാഗം 10

എഴുത്തുകാരി: ശ്രുതി കൃഷ്ണ

അടുക്കളയിൽ നിന്നുള്ള കോലാഹലങ്ങൾ കേട്ടാണ് സരസ്വതിയമ്മ ഉറക്കമുണർന്ന് വന്നത്…അതിരാവിലെ കുളിച്ചു വന്ന് ചായയിടുന്ന ഗോപുവിനെ കണ്ട് ഒരു നിമിഷം അവർ അതിശയപ്പെട്ടു നിന്നു….കാണുന്നത് സത്യമാണോ എന്നറിയാൻ ഒന്നുകൂടി കണ്ണ് മിഴിച്ചു നോക്കി. “എന്താ മോളേ അമ്മാമ്മയുടെ കട്ടൻ തയ്യാറായോ…?” അടുക്കളയിലേക്ക് കയറി വന്നുകൊണ്ട് സുധാകരൻ ചോദിച്ചപ്പോൾ അവൾ തലയാട്ടിക്കൊണ്ട് ഇത്തിരി ചായ ഗ്ലാസ്സിലേക്ക് പകർന്നു അയാൾക്ക് നേരെ നീട്ടി… ചിരിയോടെ അതേറ്റു വാങ്ങി ഊതിക്കുടിക്കുമ്പോൾ അയാൾ തന്റെ ഭാര്യയെ നോക്കി പുച്ഛത്തോടെ ചുണ്ട് കൊട്ടി ചിരിച്ചു… “അസ്സലായി മോളേ…. അമ്മാമ്മയ്ക്ക് ഇഷ്ടായി…

എന്റെ ഗോപു മോൾക്ക് നല്ല കൈകുപ്പുണ്യം ഉണ്ട്…ദിവസവും കാലത്തെ നടക്കാൻ പോവുന്നതിനു മുൻപ് അമ്മാമ്മയ്ക്ക് ഒരു കട്ടൻ പതിവാ…” അമ്മാമ്മയുടെ നല്ല വാക്കുകൾ കേട്ടപ്പോളേക്കും പെണ്ണ് സന്തോഷത്താൽ മതിമറന്നു… കൈപ്പുണ്യമെന്ന വാക്ക് കേട്ട് ഒരു നിമിഷം ശങ്കിച്ചെങ്കിലും…കയ്യിൽ പുതിയതായി അണിഞ്ഞ വളകൾ കിലുക്കി കൈ മലർത്തി ഒന്ന് പരിശോധിച്ചു… “ഓ… പിന്നേ ഒരു കട്ടൻ ഇടുമ്പോളേക്കും കൈപ്പുണ്യം തെളിഞ്ഞു കാണുമല്ലോ…” ഈർഷ്യയോടെ തന്നെ നോക്കി പറയുന്ന ഭാര്യയെ കണ്ട് അയാൾക്ക് ചിരി വന്നു…. “നീ പ്രതീക്ഷിച്ച ആളെ ഇവിടെ കാണാത്തതിലുള്ള ചമ്മലല്ലെ നിനക്ക്?” ഇത്തിരി പരിഹാസത്തോടെയുള്ള അയാളുടെ ചോദ്യം അവരെ കൂടുതൽ ചൊടിപ്പിച്ചു

“എന്തിനാ ചമ്മണെ… ഞാൻ അങ്ങനെ ഒരു പ്രതീക്ഷയും വയ്ച്ചിട്ടില്ല… അല്ലേലും ഇതൊക്കെ ഞാൻ തന്ന്യാ ഒറ്റയ്ക്ക് ചെയ്യാറ്… അതിനിപ്പോഴും നിക്ക് ആരുടേയും കൂട്ട് വേണംന്ന് ല്ല്യാ… പിന്നേ വർഷമോള് ഇന്നലെ വന്നല്ലേ ഉളളൂ…കല്യാണത്തിന്റെ ക്ഷീണം കാണും… നിക്ക് അതൊക്കെ മനസ്സിലാവും…” തന്റെ പ്രതീക്ഷ മങ്ങിയിട്ടും ഭർത്താവിന് മുൻപിൽ മുട്ട് മടക്കാൻ തയ്യാറല്ലാത്ത പോലെ അവരും വാദിച്ചു… വരാൻ പോകുന്ന അയാളുടെ ചോദ്യങ്ങളെ എങ്ങനെയും നേരിടാൻ തയ്യാറായി നിൽക്കുന്നവർക്ക് ഗോപു ഒരു ഗ്ലാസിൽ ചായ പകർന്നു നീട്ടി…അതോടെ അവരുടെ ശ്രദ്ധയും മാറി… “അമ്മായി ചായ… ഇതാ കുടിച്ചോ… ഗോപു ഇട്ടതാണല്ലോ…” അവരിൽ നിന്നും നല്ലൊരു വാക്കിനായി കൊതിച്ചവൾ അഭിമാനത്തോടെ പറഞ്ഞു…

“നിക്ക് ഇപ്പോൾ വേണ്ടാ പെണ്ണെ … ഞാൻ പല്ലൊന്നും തേച്ചില്ല അവിടെയെങ്ങാനും വച്ചേരെ…” അധികം ശ്രദ്ധ കൊടുക്കാതെ അവരങ്ങനെ പറഞ്ഞപ്പോൾ ഉള്ളിൽ തോന്നിയ സങ്കടം അടക്കി നിർത്തി അവൾ അനുസരയോടെ തലയാട്ടി…ഗ്ലാസ്സിലെ ചായ മുഴുവൻ ഊതി കുടിച്ചു അപ്പോഴേക്കും സുധാകരനും പുറത്തേക്ക് നടന്നു… “അതേ നീ അടുക്കളകാര്യങ്ങൾ ഓക്കേ ചെയ്യണം എന്നില്ല്യ…. ശീലം ഇല്ലാത്തോരു അടുക്കളയിൽ കയറിയാൽ ശരിയാവില്ല…പറ്റുംച്ചാ ആ മുറ്റം ഒന്ന് തൂത്ത് ഇട്ടേരെ…ചൂല് പിന്നാമ്പുറത്ത് കാണും…” തിരിഞ്ഞു നടക്കാനാഞ്ഞ അവർ എന്തോ ഓർത്തിട്ടെന്ന പോലെ ഒന്ന് കൂടി നിന്നു.. “അതേ… മുറ്റത്തേക്ക് ഇറങ്ങുമ്പോൾ തലയിൽ എന്തെങ്കിലും കെട്ടിക്കോ…

ഇനി മഞ്ഞു കൊണ്ട് വല്ല അസുഖവും വന്നാൽ നിന്റെ അമ്മാമ്മയുടെ കുറ്റപ്പെടുത്തൽ കേൾക്കാൻ നിക്ക് വയ്യാ…” പറഞ്ഞു നിർത്തി അടുക്കളത്തിണ്ണയിൽ ഇരുന്ന എണ്ണക്കുപ്പിയും എടുത്ത് അവർ അകത്തേക്ക് നടന്നു പോയി… അമ്മാമ്മ കുടിച്ച ഗ്ലാസ്‌ കഴുകി വയ്ച് ബാക്കി കൂട്ടി വയ്ച്ച ചായയും അടച്ചു വയ്ച്ചു ഗോപു മുറിയിലേക്ക് നടന്നു… തന്റെ ബാഗിൽ നിന്നും ഒരു തോർത്ത് എടുത്ത് തലയിൽ കെട്ടി അവൾ മുറ്റം തൂക്കാനായി പുറപ്പെട്ടു… എല്ലാം കഴിഞ്ഞ് കയ്യും മുഖവും കഴുകി തിരികെയെത്തുമ്പോൾ കുളിയൊക്കെ കഴിഞ്ഞ് സരസ്വതി പ്രാതൽ തയ്യാറാക്കുന്നുണ്ടായിരുന്നു… അടുക്കളപ്പണികളിൽ നിന്നും തന്നെയവർ വിലക്കിയത് കൊണ്ട് എന്തെകിലും കണ്ടറിഞ്ഞു ചെയ്യാൻ ഗോപുവിന് മടി തോന്നി…

ഇത്തിരി നേരം അവര് ചെയ്യുന്നത് നോക്കി നിന്നപ്പോളാണ് അവരും അവളെ ശ്രദ്ധിച്ചത്… “നീ വെറുതെ നിൽക്കുവല്ലേ പെണ്ണെ എങ്കിൽ പിന്നേ ദേ ഈ ചായ ഒന്ന് കൊണ്ട് പോയി മുകളിൽ കൊടുക്ക്…വർഷമോളുടെ ശീലം എന്താണെന്ന് നിക്കറിയില്ല…പക്ഷേ ദർശന് എണീറ്റാലുടൻ ചായ നിർബന്ധ…” ആരോടെന്നില്ലാതെ പറയുന്നതിനൊപ്പം ഒരു ട്രെയിൽ രണ്ടു കപ്പുകളിലേക്ക് ചായ പകർന്നു അവർ ഗോപുവിന്റെ കയ്യിലേക്ക് വയ്ച്ചു കൊടുത്തു… അവർ പറഞ്ഞത് അപ്പാടെ അനുസരിച്ചവൾ ചായയുമായി മുകളിലേക്കുള്ള പടികൾ ലക്ഷ്യമാക്കി നടന്നു….ഒരോ പടികൾ കയറുമ്പോളും തന്റെ വലിയ പാവാട തടഞ്ഞു വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…

അവസാനത്തെ പടിയും കടന്ന് വലിയ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ അതിശയത്തോടെ അവൾ ചുറ്റും നോക്കി… ഹാളിന്റെ അറ്റത്തായി ഇത്തിരി വിട്ട് രണ്ട് കതകുകൾ കണ്ടു… ദർശന്റെ മുറി ഏതാണെന്നു ഒരു നിമിഷം ശങ്കിച്ചു നിന്നു… പിന്നേ ആദ്യത്തെ കതകിൽ തന്നെ മുട്ടി നോക്കി…രണ്ടു മൂന്ന് തവണ കൊട്ടിയതിനു ശേഷമാണ് കതക് തുറക്കപ്പെട്ടത്… ദീർഘമായൊരു കോട്ടുവാ ഇട്ടു കൊണ്ട് ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ വർഷ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു… “എന്താടീ….നാശം ഉറങ്ങാനും സമ്മതിക്കില്ലേ…?” അമർഷത്തോടെ പറഞ്ഞുകഴിഞ്ഞാണ് അവൾ മുറിയിൽ ഉറങ്ങുന്ന ദർശനെക്കുറിച്ച് ഓർത്തത്…

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒന്നുമറിയാതെ സുഖമായി കിടന്നുറങ്ങുന്ന ദർശനെ കണ്ട് ഒന്ന് നെടുവീർപ്പിട്ടു… “വർഷേചിക്ക് ചായ തരാൻ പറഞ്ഞു… അമ്മായി” കയ്യിലുള്ള ട്രേ അവൾക്ക് നേരെ നീട്ടിയപ്പോൾ പിടിച്ചുപറിക്കും പോലെ അവളത് വാങ്ങി…തന്നെ അടിമുടി നോക്കുന്നതിനൊപ്പം ഇടയ്ക്കെപ്പോഴോ ഗോപുവിന്റെ കണ്ണുകൾ ആകാംഷയോടെ മുറിയിലേക്ക് നീളുന്നതറിഞ്ഞവൾ വാതിൽ ഇത്തിരിയൊച്ചത്തിൽ കൊട്ടിയടച്ചു.. വാതിൽ അടഞ്ഞ ശബ്ദത്തിൽ ഗോപുവൊന്നു ഞെട്ടി… കണ്ണുകളൊന്നു ചിമ്മിതുറന്നു… മുൻപിൽ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് അവൾ വിഷമത്തോടെ നോക്കി… സങ്കടം നിറഞ്ഞ മുഖത്തോടെ തിരികെ നടന്നു. ❤❤❤❤❤

എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കാനിരിക്കുമ്പോളും ഗോപു വിഷമത്തിലായിരുന്നു… ചുറ്റും ഉയർന്നു കേൾക്കുന്ന സന്തോഷവർത്തമാനങ്ങൾക്കിടയിൽ അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത പോലെ തോന്നി… ഒരു അധികപ്പറ്റായത് പോലെ… ഭക്ഷണം എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റപ്പോളാണ് അമ്മായി വീട്ടിലേക്ക് വിരുന്ന് പോകുന്ന കാര്യം ഓർമിപ്പിക്കുന്ന പോലെ എടുത്തിട്ടത്…. ഒരു നിമിഷം വീടിനെക്കുറിച്ചൊരുത്തപ്പോൾ അവൾക്ക് സന്തോഷം തോന്നി… അച്ഛനെയും അമ്മയെയും ഓർമ വന്നു…ചെറിയമ്മയെ ഒന്ന് കാണണമെന്ന് തോന്നി… തന്നെ കൂടി വിളിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു… മനസ്സറിഞ്ഞെന്ന പോലെ ദർശന്റെ “പോരുന്നോ?” എന്ന ചോദ്യമെത്തി…

പൂർണ്ണസമ്മതത്തോടെ തലയാട്ടുന്നതിന് മുൻപേ വർഷയെ ഒന്ന് പാളി നോക്കി… പല്ല് ഞെരിച്ചവൾ കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ ദർശനോട് വരാമെന്നു പറയാൻ അവൾക്ക് പേടി തോന്നി….ഒപ്പം അമ്മാവൻ കൂടി അങ്ങോട്ടുള്ള പോക്ക് ശക്തമായി എതിർത്തതൊടെ ആ ആഗ്രഹവും അവിടെ ഒതുങ്ങി.. ഉച്ചയോടടുത്ത് ദർശനും വർഷയും സന്തോഷത്തോടെ പോകുന്നത് സങ്കടത്തോടെയവൾ നോക്കി നിന്നു…അവളുടെ മുഖത്തെ വിഷമം സുധാകരൻ കണ്ടില്ലെന്ന് നടിച്ചു…അതിനെ സന്തോഷിപ്പിക്കാനായി വീടും പരിസരവും കാണിക്കാണെന്ന് പറഞ്ഞു അമ്മാവൻ തന്നെ അവൾക്ക് അവിടമൊക്കെ പരിചയപ്പെടുത്തി നൽകി… ഓരോന്നും കണ്ടറിയുന്ന ആവേശത്തിൽ പതിയെ അവളും സങ്കടങ്ങൾ മറന്നു…തന്റെ വീടിനെക്കുറിച്ചുള്ള ചിന്തകൾ മറന്നു… മടങ്ങിപ്പോവാനുള്ള ആഗ്രഹത്തെ മറന്നു…കുറച്ചു കൂടി ആ വീടിനോട് ഇണങ്ങി… ❤❤❤❤❤

ദർശന്റെ കാർ മുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ അവരെ പ്രതീക്ഷിച്ചെന്ന പോലെ ഇന്ദിര ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു… കാറിൽ നിന്നിറങ്ങിയ ഉടനെ വർഷ ഓടിച്ചെന്നു അവരെ കെട്ടിപ്പിടിച്ചു… “അമ്മേ….” ഒരു ദിവസം പിരിഞ്ഞു നിന്ന വിഷമം തീർക്കാണെന്ന പോലെ ഇന്ദിരയും തന്റെ മകളെ ഇറുകെ പുണർന്നു… “ന്റെ കുട്ടി ക്ഷീണിച്ചോ….” മകളുടെ കവിളിൽ പതിയെ തലോടിക്കൊണ്ടവർ ചോദിച്ചു… “എന്റെ അമ്മേ ഞാൻ ഇന്നലെ അങ്ങ് പോയതല്ലേ ഉളളൂ…ഇത് കേട്ടോ ദർശേട്ടാ അമ്മ പറയുന്നത്….” വണ്ടി ഒതുക്കി പുറകിലായി ചിരിയോടെ വരുന്ന ദർശനോട് വർഷ വിളിച്ച് ചോദിച്ചപ്പോളാണ് ഇന്ദിരയും തന്റെ മരുമകനെക്കുറിച്ച് ഓർത്തത്.. ഒട്ടും താമസിക്കാതെ ഇരുവരെയും അകത്തേക്ക് സ്വീകരിച്ചിരുത്തി…

“ജാനു” എന്ന് ഉറക്കെ വിളിച്ച് അടുക്കളപ്പുറത്തേക്ക് പോയ അവർ കയ്യിൽ രണ്ടു ഗ്ലാസ്‌ ജ്യുസുമായിട്ടാണ് തിരിച്ചു വന്നത്… അത് കുടിക്കുന്നതിനിടയിൽ അടുക്കളപ്പുറത്ത് നിന്ന് വാതിലിന്റെ മറവിൽ കൂടി തലയിട്ട് ആകാംഷയോടെ എത്തിനോക്കുന്ന ജാനുവിന്റെ കണ്ണുകളെ അമ്മയും മകളും കണ്ടില്ലെന്ന് നടിച്ചു… ദർശനറിയാതെ ഇരുവരും കൂടി കണ്ണുകൾ കൊണ്ട് എന്തൊക്കെയോ പറയുന്ന തിരക്കിലായിരുന്നു. ❤❤❤❤❤ “നീ എന്തൊക്കെയാ മോളേ ഈ പറയുന്നത് ഗോപുവിനെ വീണ്ടും ചികിൽസിക്കുക എന്നൊക്കെ പറഞ്ഞാൽ… അച്ഛനും മകനും എന്താ തലയ്ക്കു വെളിവില്ലാതായോ… വെറുതെ ഒരോ പാഴ്ചിലവ്…” ഉച്ചഭക്ഷണം കഴിഞ്ഞ് നടുമുറിയിൽ വിശേഷങ്ങൾ പറയുന്നതിനിടയ്ക്കാണ് വർഷ ഗോപുവിന്റെ ചികിത്സ തുടരുന്ന കാര്യം അമ്മയെ ധരിപ്പിച്ചത്…

അവർക്ക് അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിന്നുണ്ടായിരുന്നില്ല… തന്റെ വിയോജിപ്പ് ഇത്തിരി ഉച്ചത്തിൽ തന്നെ അവർ പ്രകടിപ്പിച്ചു… “എന്റെ അമ്മേ ഒന്ന് പയ്യെ പറ…ദർശേട്ടൻ, കിടക്കണം എന്നും പറഞ്ഞു ഇപ്പോ അങ്ങ് പോയതേ ഉളളൂ… ഉറങ്ങികാണില്ല…” അമ്മയോട് പയ്യെ പറയാൻ ആഗ്യം കാണിച്ചവൾ അടുക്കളപ്പുറത്തേക്ക് ഒന്ന് എത്തി നോക്കി… “നീയെന്താ നോക്കുന്നത്…” “ആ ജാനു ചേച്ചി അവിടെയെങ്ങാനും കാണും…” “അതോർത്ത് നീ പേടിക്കണ്ട… അവള് പോയി.. രാത്രിയിലേക്ക് ഉള്ളതും കൂടി ഉണ്ടാക്കി വയ്ച്ചു, പാത്രവും കഴുകി തുടച്ച് വയ്ച്ചാ പറഞ്ഞയച്ചത്…അവൾക്ക് ഉള്ള പങ്ക് പൊതിഞ്ഞു കൊടുത്തു വിട്ടു… ഇന്നിനി നിങ്ങൾ ഉള്ളത് കൊണ്ട് കൂട്ട് കിടക്കാൻ വരണ്ടാ എന്നും പറഞ്ഞിട്ടുണ്ട്…”

“അതേതായാലും നന്നായി…. ഞങ്ങൾ നാളെ കാലത്ത് മടങ്ങും… നാളെ തന്നെ ദാർശേട്ടന് ജോയിൻ ചെയ്യണം..” “അതെന്താ നിക്ക് മനസ്സിലായില്ല…” “അതിപ്പോ മനസ്സിലാക്കാൻ പ്രത്ത്യേകിച്ച് ഒന്നും ഇല്ലാ… ദർശേട്ടൻ ഇനി കൽക്കട്ടയ്ക്ക് പോണില്ല… ഇവിടെ മിംസ് ഹോസ്പിറ്റലിൽ ജോലി ശെരിയായി…” നിരാശയോടെ നെടുവീർപ്പിട്ട് വർഷ പറഞ്ഞതും ഇന്ദിര മൂക്കത്ത് വിരൽ വയ്ച്ചു “അയ്യോ… അത് കഷ്ടായല്ലോ.. എന്താ പെട്ടന്ന് അങ്ങനെ തീരുമാനിക്കാൻ.. ഇത്തിരി കാലം നിങ്ങളുടെ കൂടെ അവിടെ വന്ന് താമസിക്കണം എന്നൊക്കെ ഞാനും കരുതിയിരിക്ക്യയിരുന്നു…” “ഇനി പറഞ്ഞിട്ടെന്താ അമ്മേ….അങ്ങേർക്ക് അവിടം മടുത്തെന്ന്… പിന്നെ അമ്മാവനും അമ്മായിക്കും വയസ്സായില്ലേ….

അവരെ നോക്കാൻ ആള് വേണ്ടേ.. അങ്ങനെ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു….ഇനി കൽക്കട്ടയ്ക്കുള്ള പോക്ക് നടക്കണമെങ്കിൽ ദർശേട്ടനെ അമ്മാവനിൽ നിന്നും അമ്മായിയിൽ നിന്നും അകറ്റണം…അതത്ര എളുപ്പമാവില്ല. എന്നാലും ശ്രമിക്കാം. പക്ഷേ അതിനും മുൻപ് ഗോപുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം…” വർഷ ആലോചനയോടെ പറഞ്ഞപ്പോൾ ഇന്ദിരയും അത് വാസ്തവമാണെന്ന പോലെ തലയാട്ടി… “നിക്ക് തോന്നണത് അതിനുള്ള നല്ല മാർഗം ദർശൻ തന്നെയാണെന്നാ… അവനെ നിന്റെ വരുതിയിലാക്കണം… നീ പറയുന്നതിനപ്പുറം എതിർത്തൊരു വാക്ക് അവനുണ്ടാകരുത്…ദർശനിലൂടെ വേണം അവന്റെ അച്ഛനെയും നിലയ്ക്ക് നിർത്താൻ…

അല്ലെങ്കിൽ തന്നെ ഇപ്പോൾ ചികിത്സയ്ക്കൊക്കെ കാശ് എത്ര ചിലവാകും എന്നാ… ദർശനെ കൂടി കണ്ടിട്ടായിരിക്കില്ലേ അയാൾ ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങി പുറപ്പെട്ടത്… എങ്ങനൊക്കെ ആയാലും നിനക്കും നിങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കും അവകാശപ്പെട്ട കാശ് തന്ന്യാ… തീർത്തങ്ങു പറഞ്ഞേക്കണം പറ്റില്ല്യാന്ന്…” വാശിയോടെ പറഞ്ഞു നിർത്തിയവർ തന്റെ മകളെ നോക്കി… “ചിന്തിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല അമ്മേ….ദുർബുദ്ധിയ്ക്ക് അവളുടെ പേരിലുള്ള സ്വത്ത് വിറ്റ് ചികിത്സ നടത്താൻ തീരുമാനിച്ചാൽ തീർന്നു…വരട്ടെ എവിടെ വരെ പോകുമെന്ന് നോക്കാം…” ആലോചനയോടെ വർഷ പറഞ്ഞപ്പോൾ താടിയിൽ കയ്യൂന്നി ഇന്ദിരയും മകളോടൊപ്പം ഗൂഡാലോചനയിൽ പങ്കു ചേർന്നു…. ❤❤❤❤❤

“എടൊ… താൻ ഇവിടെയൊന്നും അല്ലേ?” രാത്രിയിൽ ആരെയോ ഫോൺ ചെയ്തു കഴിഞ്ഞ് ദർശൻ മുറിയിലേക്ക് വരുമ്പോൾ പിഴച്ചുപോയ കണക്കുകൾ വീണ്ടും തിരുത്തിക്കുറിക്കാനുള്ള തന്ത്രങ്ങൾ ആലോചിക്കുകയായൊരുന്നു വർഷ…ദർശന്റെ പെട്ടന്നുള്ള ചോദ്യം കേട്ടാണ് അവൾ സ്വൊഭോധത്തിലേക്ക് വന്നത്… “എന്താടോ…ഭയങ്കരമായൊരു ആലോചന…?” കട്ടിലിൽ അവൾക്കടുത്തായി വന്നിരുന്നവൻ ചിരിയോടെ ചോദിച്ചു… “അ… അ.. ത്… ഞാൻ പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് പോയതാ… നമുക്ക് കിടന്നാലോ ദർശേട്ടാ?” അതും പറഞ്ഞവൾ എഴുന്നേറ്റ് തന്റെ ഹാൻഡ് ബാഗ് തുറന്ന് അതിൽ നിന്നും ഒരു ടാബ്ലറ്റ് എടുത്ത് കഴിച്ചു… “എന്താടോ തനിക്ക് തലവേദന ഉണ്ടോ…?”

അവളുടെ കയ്യിലിരിക്കുന്ന ടാബ്ലറ്റിനായി കൈ നീട്ടിയവൻ ചോദിച്ചു… ഒട്ടും മടിക്കാതെ അവളതവന്റെ കയ്യിൽ കൊടുത്തെങ്കിലും അതിലെ പേര് വായിച്ചപ്പോൾ തന്നെ അവന്റെ മുഖം മങ്ങിയിരുന്നു… “എടൊ…. ഇത്… ” “എന്റെ ഫ്രണ്ട് പറഞ്ഞു തന്നതാ…” പുരികം ചുളിച്ചവൻ തന്നോടുള്ള ചോദ്യം പൂർത്തിയാക്കും മുൻപേ ഒരു കൂസലും ഇല്ലാതെ അവളവന് ഉത്തരം നൽകി. “നമുക്കിപ്പോൾ കുഞ്ഞുങ്ങൾ വേണ്ട ദർശേട്ടാ…ലൈഫ് ഇത്തിരിയൊന്നു ആസ്വദിച്ചു കഴിഞ്ഞിട്ട് മതി അങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ ഒക്കേ…” പതിയെ വന്നവൾ അവനടുത്തായി ഇരുന്ന് തോളിലേക്ക് തലചായ്ച്ചു… “അതിന് തന്നെ ഞാൻ ഒന്നിനും വേണ്ടി നിർബന്ധിചില്ലല്ലോ….തന്റെ മനസ്സ് പാകപ്പെടുമ്പോൾ മതി എല്ലാം…” അവൻ വളരെ നേർമയായി ഒന്ന് ചിരിച്ചു…അവളവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി… “പിന്നേ…. ഇത് അമ്മയോട് ചെന്ന് പറയണ്ടാ…

എന്റെ കുഞ്ഞിനെ താലോലിച്ചിട്ട് കണ്ണടയ്ക്കണം എന്ന് പറഞ്ഞിരിക്കയാ പാവം… സംസാരം കേട്ടാൽ തോന്നും എന്തോ മാറാ രോഗം വന്നിരിക്കയാണെന്ന്…” “ദർശേട്ടന് അച്ഛനെയും അമ്മയെയും ഭയങ്കര ഇഷ്ടമാണല്ലേ…” അവളൊന്നു കൂർപ്പിച്ചു ചോദിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചു… “എന്താ ചിരിക്കുന്നത്….?” “ചിരിക്കാതെ പിന്നേ… സ്വൊന്തം അച്ഛനെയും അമ്മയെയും സ്നേഹിക്കാത്ത മക്കൾ ഉണ്ടോ…? പിന്നേ എന്റെ കാര്യം എങ്ങനാ മറിച്ചാവുന്നേ…അച്ഛനമ്മമാരൊക്കെ പാവങ്ങളല്ലേ… മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നവർ… ആ കാര്യത്തിൽ ഞാൻ ഒത്തിരി ഭാഗ്യവാനാ… ഏറ്റവും നല്ലത് തന്നെയാണ് എനിക്ക് കിട്ടിയത്… അച്ഛൻ പൊതുവെ ഇത്തിരി ഗൗരവക്കാരനാ…

പക്ഷേ ആ ഉള്ള് നിറയെ എന്നോടുള്ള സ്നേഹവും കരുതലും ഉണ്ട്…അച്ഛന്റെ ഗൗരവം ഇത്തിരിയെങ്കിലും കുറഞ്ഞു കാണുന്നത് ഗോപുവിന്റെ മുൻപിലാ….പക്ഷെ എന്നെ മറ്റാരേക്കാളും മനസ്സിലാക്കുന്നത് അച്ഛനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്… ഒരു നോട്ടമോ ശബ്ദത്തിലെ ചെറിയൊരു പതർച്ചയോ എല്ലാം പെട്ടന്ന് മനസ്സിലാക്കും… പിന്നെ അമ്മ… അമ്മയെ വാക്കുകൾ കൊണ്ട് അളക്കാൻ പറ്റുവോ….എപ്പോഴും എന്നെക്കുറിച്ചു മാത്രമേ അമ്മയ്ക്ക് ചിന്തയുള്ളൂ… ഞാനൊന്ന് തുമ്മിയാൽ പോലും ഭയങ്കര പേടിയാ…. കൽക്കട്ടയിലായിരിക്കുമ്പോൾ ഇടയ്ക്ക് സൗണ്ട് ഓക്കേ ഒന്നടഞ്ഞു പോയാൽ പിന്നെ എന്തെങ്കിലും കാരണം പറഞ്ഞു ഞാൻ അന്ന് അമ്മയോട് സംസാരിക്കാതിരിക്കും…

ഇല്ലെങ്കിൽ പിന്നെ അച്ഛനെ അന്ന് കിടത്തിയുറക്കില്ല… ഭയങ്കര പേടിയാണ് അമ്മയ്ക്ക്… ചെറിയ കാര്യത്തിന് പോലും ചിന്തിച്ചു കാട് കയറി ഒരോ അസുഖം വരുത്തി വയ്ക്കും… ” അച്ഛനെയും അമ്മയെയും കുറിച്ച് നൂറ് നാക്കിൽ സംസാരിക്കുന്ന ദർശനെ കാൺകെ വർഷയ്ക്ക് വല്ലാതെ തോന്നി…. അവന്റെ മനസ് മാറ്റിയെടുക്കാൻ താൻ ഒത്തിരി പരിശ്രമിക്കേണ്ടി വരുമെന്ന് അവൾക്ക് മനസ്സിലായി…മനസ്സിലെ കണക്ക്കൂട്ടലുകൾ ഊട്ടിയുറപ്പിച്ചവൾ അവനോടു ഒന്നുകൂടി ചേർന്നിരുന്നു… ഇത്തിരി ഏന്തി വലിഞ്ഞു അവന്റെ കവിളിൽ ചുണ്ട് ചേർത്തു… പെട്ടന്നുള്ള അവളുടെ നീക്കത്തിൽ അവൻ അത്ഭുതപ്പെട്ടു….പ്രണയത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു… ❤❤❤❤❤

വീട്ടിലെ ഓർമ്മകൾ ഉറക്കം കെടുത്തിയപ്പോൾ ഗോപു പതിയെ എഴുന്നേറ്റിരുന്നു…അച്ഛനെയും അമ്മയെയും ഓർമവന്നപ്പോൾ കട്ടിലിൽ നിന്നും എണീറ്റ് മുറിയിൽ ഒരരിക്കായി വയ്ച്ച ബാഗ് എടുത്തു തുറന്നു… അതിൽ നിന്നും തങ്ങളുടെ ഫോട്ടോ എടുത്ത് ഇത്തിരി നേരം നോക്കി…അമർത്തി ചുംബിച്ചു… തിരികെ വയ്ക്കാൻ തുടങ്ങുമ്പോൾ മടക്കി വയ്ച്ച പാവാടകൾക്കിടയിൽ നിന്ന് ദർശന്റെ തൂവാലത്തുമ്പ് എത്തിനോക്കുന്നുണ്ടായിരുന്നു… നിരാശയോടെ കയ്യിട്ട് വലിച്ചവൾ അത് പുറത്തേക്ക് എടുത്തു…വെറുതെ ഒന്ന് തഴുകി… ഒന്ന് മണപ്പിച്ചു നോക്കി… അതിലെ സുഗന്ധം നഷ്ടപ്പെട്ടത് പോലെ തോന്നി… നഷ്ടബോധത്തോടെ അത് ബാഗിനടിയിലേക്ക് പൂഴ്ത്തി…

മാഞ്ഞു പോകാൻ മനസ്സില്ലാത്തത് പോലെ എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ കുന്നുകൂടി… അവസാനമായി ഇന്നത്തെ കാര്യങ്ങൾ ഓർമവന്നു… സന്തോഷത്തോടെ വർഷയ്ക്കൊപ്പം വീട്ടിലേക്ക് പോകുന്ന ദർശനെ ഓർമ വന്നു…രാവിലെ ദർശന്റെ മുറിയിൽ വർഷയെ കണ്ടതോർമ്മ വന്നു…അവളുടെ കഴുത്തിൽ കണ്ട ദർശന്റെ പേര് കൊത്തിയ താലി ഓർമ വന്നു… നെറ്റിയിൽ പടർന്നു കിടന്ന സിന്ദൂരം ഓർമ വന്നു…പെട്ടെന്നൊരോർമയിൽ മേശ വലിപ്പിൽ സൂക്ഷിച്ച തന്റെ ചുവന്ന ചാന്തെടുത്തവൾ കണ്ണാടിയ്ക്ക് മുൻപിലായി ചെന്നു നിന്നു… ചൂണ്ടു വിരലിൽ ഇത്തിരി ചായം തോട്ടെടുത്ത് നെറുകയിൽ ഇരുഭാഗത്തെക്കും വകഞ്ഞിട്ട മുടിയ്ക്ക് നടുവിലായി തൊട്ട് നോക്കി…

കണ്ണാടിയിലേക്ക് നോക്കി പുഞ്ചിരിച്ചവൾ തന്നെത്തന്നെ അത്ഭുതത്തോടെ ഉറ്റുനോക്കി…ഒഴിഞ്ഞു കിടക്കുന്ന കഴുത്തു കാൺകെ വീണ്ടും നിരാശ തോന്നി…തിടുക്കപ്പെട്ടു നെറുകയിലെ ചാന്ത് തുടച്ചു കളഞ്ഞു… ചങ്കിലൊരു നീറ്റൽ തോന്നിയപ്പോൾ വീണ്ടും ചെന്ന് കിടന്നു….നിറയാൻ വെമ്പുന്ന കണ്ണുകൾ ഇറുകെയടച്ചു…എന്നിട്ടും ഇത്തിരി ചുവപ്പവളുടെ നെറുകയിൽ ബാക്കിയുണ്ടായിരുന്നു… ഇനിയും ചുവക്കാൻ കാത്തിരിക്കുന്നത് പോലെ…. തുടരും….

അത്രമേൽ: ഭാഗം 9

Share this story