നിനക്കായ് : ഭാഗം 7

നിനക്കായ് : ഭാഗം 7

എഴുത്തുകാരി: ഫാത്തിമ അലി

ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു….രാവിലെ തന്നെ ആരോ കോളിങ് ബെൽ അടിക്കുന്നത് കേട്ടാണ് വസുന്ധര അടുക്കളയിലെ ജോലി പകുതിയാക്കി ചെന്ന് നോക്കിയത്… “അമ്മേ….” “ആഹാ…കല്ലു മോളാണോ….വാ…” വാതിൽക്കൽ നിൽക്കുന്ന കല്ലുവിനെ വസുന്ധര സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു… “മോള് എന്നാ വന്നത്…?” ഹാളിലെ ചെയറിൽ ഇരുത്തിക്കൊണ്ട് അവളുടെ അടുത്തായി ചെന്ന് ഇരുന്നു… “ഇന്നലെ എത്തി…ഏട്ടൻ എവിടേക്കോ പോവാനുണ്ടെന്ന് പറഞ്ഞ് എന്നെ ഇവിടെ ആക്കി പോയതാണ്…” “ഏഹ്…ഇതിപ്പോ അഞ്ചാം മാസം കഴിഞ്ഞില്ലേ…ഡോക്ടറെ കാണിച്ചായിരുന്നോ….?”

“ഉവ്വ് അമ്മേ…കുഴപ്പം ഒന്നും ഇല്ല…ശ്രീ എവിടെ…?റൂമിലാണോ..?” കല്ലു അടഞ്ഞ് കിടക്കുന്ന ശ്രീയുടെ റൂമിന് മുന്നിലേക്ക് കണ്ണോടിച്ച് കൊണ്ട് ചോദിച്ചതും വസുന്ധര ഒന്ന് നെടുവീർപ്പിട്ടു… “ഇത് വരെ അതിന് അകത്തായിരുന്നു…ഇപ്പോ കുളപ്പടവിലേക്ക് പോയിട്ടുണ്ട്….വെറുതേ ഓരോന്ന് ഓർത്ത് ഇങ്ങനെ ഇരിക്കും എന്റെ കുട്ടി…പഴയ കളിയില്ല ചിരിയില്ല…എല്ലാം കൂടെ ഒരു കോലം ആയിട്ടുണ്ട്….” വസുന്ധരയുടെ സ്വരത്തിലെ സങ്കടം മനസ്സിലാക്കിയ കല്ലു അവളുടെ കൈയിൽ അമർത്തി പിടിച്ചു… “അമ്മ വിഷമിക്കാതിരിക്ക്….ശ്രീയെ കുറ്റം പറയാൻ പറ്റില്ലല്ലോ..ചെറുപ്പം മുതൽ അവളുടെതാണെന്ന് കേട്ട് വളർന്ന ഹരി പെട്ടെന്ന് ഒരിക്കൽ ആരുമല്ലാതാവുന്നത് സഹിക്കാൻ പറ്റിയിട്ടുണ്ടാവില്ല…

പക്ഷേ എനിക്ക് ഉറപ്പുണ്ട് അമ്മേ…അവൾക്ക് എല്ലാം മറക്കാൻ പറ്റും…അവളതിന് ശ്രമിക്കുന്നുണ്ട്….” “അറിയാം മോളേ…ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്…. കുഞ്ഞ് പ്രായത്തിലേ ന്റെ കുട്ടീടെ മനസ്സിൽ ഓരോന്ന് കുത്തി നിറക്കാൻ പാടില്ലായിരുന്നു….ഹാ…ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല…ഏതായാലും മോള് ചെന്ന് അവളോട് സംസാരിക്ക്…അമ്മ കുടിക്കാൻ എന്തെങ്കിലും എടുക്കാം…” “ഇപ്പോ ഒന്നും വേണ്ട അമ്മേ…ഞാൻ എന്തായാലും വൈകിട്ടേ പോവുന്നുള്ളൂ…” കല്ലു എഴുന്നേറ്റ് പുറത്തേക്ക് നടന്നു….തൊടിയിലൂടെ കുളത്തിനടുത്ത് എത്തിയതും കൽപടവിൽ ചുവരിലേക്ക് ചാരി കുളത്തിലേക്ക് കണ്ണെറിഞ്ഞെന്ന പോലെ ഇരിക്കുന്ന ശ്രീയെ കണ്ടു..

ശ്രദ്ധിച്ച് പടവുകൾ ഇറങ്ങിയതും കരിയിലകൾ ഞെരുങ്ങുന്ന ശബ്ദം കേട്ട് ശ്രീ ഞെട്ടലോടെ പിന്നിലേക്ക് നോക്കി…. “ചിന്താവിഷ്ടയായ ശ്രീദുർഗ ഇവിടെ ഇരിപ്പാണോ…?” കല്ലു കുസൃതിയോടെ ചോദിച്ചത് കേട്ട ശ്രീ മൃദുവായി ഒന്ന് ചിരിച്ചു… എഴുന്നേറ്റ് കല്ലുവിന്റെ കൈ പിടിച്ച് അവളെ ശ്രദ്ധയോടെ കൽപടവിൽ ഇരുത്തിയതും ശ്രീയുടെ കൈ പിടിച്ച് അവൾക്ക് അടുത്തായി കല്ലു ഇരുത്തി…. “എന്താ ശ്രീ നിന്റെ ഉദ്ധേശം…?” “എന്ത്….?” “അല്ല ഇങ്ങനെ നിരാശ കാമുകി ആയിട്ട് ഇരിക്കാനാണോ നിന്റെ തീരുമാനം…?” കല്ലുവിന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ട് ശ്രീ വെറുതേ ഒന്ന് ചിരിച്ചു .. “ടീ പെണ്ണേ നിന്റെ ആരോ ചത്തോ…ഒരുമാതിരി കോലവും ഇരിപ്പും…”

ദേഷിച്ച് പറഞ്ഞ കല്ലുവിന്റെ തോളിലേക്ക് പതിയെ ചാഞ്ഞ് ശ്രീ അവളുടെ കൈയിൽ ചുറ്റി പിടിച്ചു…. “ശ്രീ….” “മ്മ്….” “നീ ഞാൻ ഇന്നലെ വിളിച്ചപ്പോ പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചോ…?” കല്ലു ചോദിച്ചതും ശ്രീ അവളുടെ തോളിൽ നിന്നും മുഖം ഉയർത്തി… “എനിക്ക്…പറ്റുമെന്ന് തോന്നുന്നില്ല കല്ലൂ…ഇനിയും പഠിക്കാൻ… നിന്റെ നിർബന്ധത്തിനാ പിന്നെ ഇത്ര വരെ ചെയ്തത്…” “മിണ്ടരുത് നീ….എന്താ നിന്റെ പ്രശ്നം…നോക്ക് ശ്രീ…ഒരു പ്രേമം തകർന്നെന്ന് കരുതി ജീവിതം തന്നെ ഇല്ലായതായെന്ന് കരുതരുത്…ഇനിയാണ് നീ തുടങ്ങേണ്ടത്…നിന്നെ പുച്ഛിച്ച് തള്ളിയവന്റെ മുന്നിൽ തല ഉയർത്തി പിടിച്ച് നടക്കണം ശ്രീ….

അവിടെയാണ് നിന്റെ ജയവും അവന്റെ പരാജയവും ഉണ്ടാവുക….” “നീയിപ്പോ എന്താ പറഞ്ഞ് വരുന്നത്..?” “പി.ജി ചെയ്യാൻ പോവണം…” “ടീ…പക്ഷേ കിട്ടിയത് കോട്ടയത്ത് അല്ലേ…?” “അതിന് ഇപ്പോ എന്താ….നിനക്ക് ഇപ്പോ ഒരു ചെയിഞ്ച് ആവശ്യം ആണ്…പിന്നെ നീയിങ്ങനെ പേടിക്കാൻ മാത്രം ദൂരമൊന്നും ഇല്ലല്ലോ….” “അച്ഛയും അമ്മയും…അവര് സമ്മതിക്കുവോ കല്ലൂ….?” “അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം…നിനക്ക് സമ്മതം അല്ലേ…?” കല്ലു ശ്രീയുടെ മുഖത്തേക്ക് നോക്കിയതും അവൾ പാതി സമ്മതം മൂളി… കല്ലു തന്നെ ആണ് മാധവനോടും വസുന്ധരയോടും കാര്യങ്ങളൊക്കെ പറഞ്ഞത്….

“അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല…” കല്ലു ചെയറിൽ ഇരിക്കുന്ന മാധവനെയും വസുന്ധരയെയും നോക്കിക്കൊണ്ട് ചോദിച്ചു… “ഇത്ര ദൂരത്തേക്ക് ഒക്കെ പോവണോ മോളേ….?” “അച്ഛാ….ശ്രീക്ക് ഇവിടെ നിന്നും ഒരു മാറ്റം ആവശ്യമാണ്… പിന്നെ ആഴ്ചയിൽ അവൾക്ക് ഇങ്ങോട്ട് വരാമല്ലോ… നിങ്ങൾക്കും ഇടക്കിടെ അങ്ങോട്ട് പോവുകയും ചെയ്യാം….” “എന്താ വാവേ….മോൾക്ക് പോവുന്നത് ഇഷ്ടാണോ…?” മാധവൻ ശ്രീയുടെ മുഖത്തേക്ക് ഉറ്റ് നോക്കിക്കൊണ്ട് ചോദിച്ചു… “കല്ലു പറഞ്ഞതും ശരിയാണ് അച്ഛേ..ഇവിടെ നിന്ന് വല്ലാതെ വീർപ്പ്മുട്ടുന്നു….ഞാൻ പോയാലോ…?” “മോൾക്ക് ഇഷ്ടാണെങ്കിൽ അച്ഛക്ക് സമ്മതക്കുറവ് ഒന്നും ഇല്ല…അല്ലേ വസൂ…?”

“അതേ…വാവക്ക് താൽപര്യം ഉണ്ടെങ്കി അത് തന്നെയാ നല്ലത്…” വസുന്ധരയും അതിനോട് യോജിച്ചതോടെ പി.ജി ചെയ്യാൻ കോട്ടയത്തേക്ക് പോവാൻ തീരുമാനിച്ചു…. പരിചയമില്ലാത്ത സ്ഥലം ആയത് കൊണ്ട് അവരുടെ കൂടെ പത്താം ക്ലാസിൽ പഠിച്ചിരുന്ന ആനി അവളിപ്പോൾ കോട്ടയത്താണ് താമസം എന്ന് വിവരം അറിഞ്ഞതും വിളിച്ച് നോക്കി…. കാര്യങ്ങളൊക്കെ പറഞ്ഞതും ആനി അവര് പോവുന്ന ദിവസം പിക്ക് ചെയ്യാൻ ബസ്റ്റോപ്പിലേക്ക് വരാമെന്ന് പറഞ്ഞു…. **** “വാവേ…ഒക്കെ എടുത്തിട്ടില്ലേ…?” “ഓ അമ്മാ….ഇറങ്ങാ ല്ലേ അച്ഛേ…” ബാഗും എടുത്ത് ഉമ്മറത്ത് നിൽക്കുന്ന മാധവന്റെ കൈയിലേക്ക് കൊടുത്തു….

അവൾ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും വസുന്ധര വീട് പൂട്ടി അവർക്കൊപ്പം ഇറങ്ങി…. ബസ് സ്റ്റാന്റിൽ എത്തിയതും കോട്ടയത്തേക്കുള്ള ബസ് നിർത്തിയിട്ടിരിക്കുന്നത് കണ്ടു… പകുതി കാലിയായി ബസിലേക്ക് കയറി വിൻഡോ സീറ്റിൽ ഇരുന്ന ശ്രീ തല ചെറുതായി ഒന്ന് പുറത്തേക്കിട്ടു… രാവിലെ തന്നെ മാനം മഴയെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു… ശ്രീയുടെ മുഖം വെളിയിലേക്ക് വെച്ചതും മഴതുള്ളി അവളുടെ കവിളിലേക്കായി പതിച്ചിരുന്നു.. ഒരുവിധം ആളുകൾ ആയതും ബസ് സ്റ്റാർട്ട് ചെയ്തു…ചാറ്റൽ മഴ കാരണം ബാക്കി സീറ്റുകളെല്ലാം വിൻഡോ അടച്ചിട്ടെങ്കിലും ശ്രീ അതിന് മുതിരാതെ ജനൽകമ്പിയിലേക്ക് തലവെച്ച് ഇരുന്ന് പുറത്തേ കാഴ്ചകളിലേക്ക് മിഴികൾ നട്ടു… *****

ഇതേ സമയം ഇങ്ങ് കാഞ്ഞിരപ്പള്ളിയിലെ “പുലിക്കാട്ടിൽ” തറവാട്ടിൽ…. “എടിയേ….റീനാമ്മോ…..” “എന്റീശോയേ…രാവിലെ തന്നെ ഇതിയാനിത് എന്നാത്തിന്റെ കേടാ….” ചട്ടിയിൽ ഒഴിച്ച വെള്ളയപ്പത്തിന്റെ കൂട്ട് വട്ടത്തിൽ ചുഴറ്റിക്കൊണ്ട് റീനാമ്മ പിറുപിറത്തു…. “റീനാമ്മോ….” ഉമ്മറത്ത് നിന്നും വീണ്ടും വിളി ഉയർന്നതും ഊക്കിൽ ചട്ടി സ്റ്റൗവിലേക്ക് വെച്ച് റീനാമ്മ ഉമ്മറത്തേക്ക് ചെന്നു…. “റീന….” പത്രവും പിടിച്ച് കസേയിൽ ഇരിക്കുന്ന മധ്യവയസ്കനായ അയാൾ ഈണത്തിൽ വിളിച്ച് കൊണ്ട് വാതിൽക്കലേക്ക് നോട്ടമെറിഞ്ഞപ്പോഴാണ് എളിയിൽ കൈ കൊടുത്ത് നിന്ന് കൂർത് കണ്ണുകളോടെ തന്നെ നോക്കുന്ന റീനയെ കണ്ടത്…

അവരുടെ നോട്ടം കണ്ടതും അയാൾ വിളിച്ച് തുടങ്ങിയത് പകുതിക്ക് വെച്ച് വിഴുങ്ങി നന്നായി ഇളിച്ച് കാട്ടി… പുലിക്കാട്ടിൽ മാത്യൂ ഫിലിപ്പ് മറ്റേയാൾ മാത്യൂവിന്റെ പ്രിയതമ റീന മാത്യൂ ഫിലിപ്പ് എന്ന റീനാമ്മ….ബാക്കി ഉള്ളവരെ വഴിയേ പരിചയപ്പെടുത്തി തരാം… “എന്നതാ ഇച്ചായാ…ഇങ്ങനെ കൂവി വിളിക്കുന്നേ…” അയാളുടെ കാട്ടിക്കൂട്ടൽ കണ്ട് റീനക്ക് ചിരി വന്നു…. “എനിക്ക് ചായ വേണ്ടിയിട്ടല്ലേ എന്റെ റീനാമ്മേ….” “ചായ…ഇന്ന് ഇത് എത്രമത്തെ ചായയാ കുടിക്കുന്നതെന്ന് വല്ല പിടിയും ഉണ്ടോ..?” “ഹാ..എന്നാ ചായ വേണ്ട…നീ എന്റെ അടുത്ത് വന്ന് ഇരുന്നേ…”

വാതിൽ പടിയിൽ ചാരി നിന്ന റീനയെ പിടിച്ച് ചാരുപടിയിൽ കൊണ്ടിരുത്തി അവർക്ക് അടുത്തായി അയാളും ഇരുന്നു… “എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ…ഇച്ചായന് ഇത് എന്നാ പറ്റി….?” “അതോ….രാവിലെ തന്നെ ഇങ്ങനെ കെട്ട്യോളേം ചേർത്ത് പിടിച്ച് ഇരുന്ന് സ്നേഹിക്കാൻ ഒരു ആഗ്രഹം…..” റീനാമ്മയുടെ തോളിലൂടെ കൈയിട്ട് കുസൃതിയോടെ പറഞ്ഞതും അവർ മാത്യൂവിന്റെ കൈക്ക് ഒരു തട്ട് വെച്ച് കൊടുത്തു… “അയ്യടാ…വയസ്സ് പത്തൻപതായി…അപ്പോഴാ ഓരോ ആഗ്രഹങ്ങൾ….” “എടിയേ…ദേ നോക്ക് എന്നെ കണ്ടാ ഇപ്പഴും ഒരു മുപ്പത്തി എട്ട് കൂടിപ്പോയാൽ ഒരു നാൽപത് അത്രയേ പറയൂ…

ഞാൻ യങ് ആൻഡ് ഹാൻസം അല്ലേ റീനാമ്മോ….” അയാൾ സ്വന്തം ശരീരം ഒക്കെ ഒന്ന് ഉഴിഞ്ഞ് കൊണ്ട് പറയുന്നത് കേട്ട റീനാമ്മ വാ പൊത്തി ചിരിച്ചു… “ഉവ്വാ…കണ്ടാലും പറയും…” “നീ പോടീ….നമ്മുടെ റെസിഡൻസ് അസോസിയേഷനിലെ മീന മാത്യൂച്ചായാ എന്നതാ ഈ ഗ്ലാമറിന്റെ രഹസ്യം എന്ന് കഴിഞ്ഞ ദിവസം കൂടെ ചോദിച്ചതേ ഉള്ളൂ….” പറഞ്ഞ് തീർന്നപ്പോഴാണ് അബദ്ധം പിണഞ്ഞെന്ന് അയാൾക്ക് മനസ്സിലായത്.. ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞ് പോയതാണ്…നാവ് കടിച്ച് കൊണ്ട് മിത്യു റീനയെ നോക്കിയതും മുഖമെല്ലാം ദേഷ്യത്തിൽ ചുവന്ന് തക്കാളി പോയ ആയത് കണ്ടത്…

“റീനാമ്മോ….” “പോ മനുഷ്യാ…” അയാളുടെ കൈ തട്ടി മാറ്റി പോവാനൊരങ്ങിയ റീനയെ പിടിച്ച് അവിടെ തന്നെ ഇരുത്തി…. “ഹാ…പിണങ്ങല്ലേ റീനാമ്മോ…ഇവിടെ ഇരുന്നേ…” “നിങ്ങൾക്ക് കണ്ട മീനയും റീനയും ഒക്കെ ഉണ്ടല്ലോ…അവരെ പോയി വിളിക്ക്….ഞാൻ പോവാ…” “ഹാ…ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ റീനാമ്മേ…എനിക്ക് അന്നും ഇന്നും എന്നും എന്റെ റീനക്കൊച്ച് മാത്രം അല്ലേ ഉള്ളൂ …” വീർത്ത് കെട്ടിയ അവരുടെ കവിളിൽ മാത്യു കള്ളച്ചിരിയോടെ ഒന്ന് നുള്ളിയതും റീനയുടെ പരിഭവം മാഞ്ഞിരുന്നു…. “🎶അന്നുനിന്നേ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു അന്നുനമ്മള്‍ കണ്ടതില്‍പ്പിന്നെ ആത്മാവിന്നാനന്ദം ഞാനറിഞ്ഞു ആശതന്‍ ദാഹവും ഞാനറിഞ്ഞു…🎶

റീനയുടെ കണ്ണിലേക്ക് നോക്കി ഈണത്തിൽ പാടിയതും അവരുടെ മുഖത്ത് നാണം വിരിഞ്ഞു… “ഒന്ന് പോ ഇച്ചായാ…..” “ഈശോയേ…എന്റെ വെള്ളയപ്പം…” റീന തലയിൽ കൈ വെച്ച് അകത്തേക്ക് ഓടിയതും മാത്യൂ അത് കണ്ട് പൊട്ടി ചിരിച്ചു…. റീന ചെന്ന് നോക്കുമ്പോൾ വെള്ളയപ്പം എല്ലാം കരിഞ്ഞ് പോയിരുന്നു… റീന ദേഷ്യത്തിൽ മാത്യൂവിനെ നാല് ചീത്ത വിളിച്ച് അതെടുത്ത് മാറ്റി പുതിയത് ഒരെണ്ണം ഉണ്ടാക്കാനായി പാനിലേക്ക് ഒഴിച്ചു… “ചേടത്തീ…” പിന്നാമ്പുറത്ത് നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നിയ റീന ചെന്ന് നോക്കി… “ആഹ്…അല്ല ആരിത്…ഷേർളിയോ…” “ദാ കുറച്ച് താറാവ് കറിയാ…അതിയാൻ ഇന്നലെ രാത്രി കൊണ്ട് വന്നതാ…

അന്നക്കുട്ടിക്ക് ഒത്തിരി ഇഷ്ടമല്ലേ..” ഷേർളി അടുത്ത വീട്ടിലാണ് താമസിക്കുന്നത്….റീന സന്തോഷത്തോടെ അത് വാങ്ങി വെച്ചു…. “അമ്മച്ചി എവിടെ പോയി…?എഴുന്നേറ്റില്ലേ ഇത് വരെ…?” “ഇന്നലെ കൊച്ചുമക്കളുടെ കൂടെ നല്ല കസർത്ത് ആയിരുന്നു…കുടിച്ചതിന്റെ കെട്ട് വിട്ട് കാണില്ല…” ഷേർളിയോട് ചിരിച്ച് കൊണ്ട് പറഞ്ഞ് റീന സ്റ്റൗ ഓഫ് ചെയ്തു…. “ആഹാ…അപ്പോ മോൻ എത്തിയോ…?” “മ്മ്….രണ്ടാഴ്ച കഴിഞ്ഞില്ലേ…എവിടെയൊക്കെയോ കറങ്ങി ഇന്നലെയാ എത്തിയത്….അതിന്റെ ആഘോഷം ആയിരുന്നു…” “ശരി ചേടത്തീ…ഞാൻ അങ്ങോട്ട് പോവട്ടേ…പിടിപ്പത് ജോലി ഉണ്ട്….അമ്മച്ചിയോട് പറഞ്ഞേക്കണേ…” ഷേർളി പോയതും റീന ഹാളിലേക്ക് ചെന്ന് മുകളിലേക്കുള്ള സ്റ്റെയർ കയറി….

“അമ്മച്ചീ….” ടെറസിലേക്ക് പോവുന്ന വാതിലിന് അടുത്തെത്തി മൂന്ന് നാല് തവണ ഉറക്കെ വിളിച്ചതും നിലത്ത് പാ വിരിച്ച് കിടന്ന മൂന്ന് രൂപങ്ങളിൽ ഒന്ന് ഞെട്ടി എഴുന്നേറ്റു…. “അമ്മച്ചീ….” “എന്നാ ടീ…..” ഉറക്ക് ശല്യപ്പെടുത്തിയതിന്റെ ഈർശ്യ ശബ്ദത്തിൽ ഉണ്ടായിരുന്നു… “സമയം എത്രയായീന്നാ വിചാരം…രണ്ടെണ്ണതതിനെയും എഴുന്നേൽപ്പിച്ച് താഴേക്ക് വന്നേ…” റീന താഴേക്ക് പോയതും ചട്ടയും മുണ്ടും ഉടുത്ത ഐശ്വര്യം തുളുമ്പുന്ന മുഖത്തോടെ പുലിക്കാട്ടിൽ കൊച്ചുത്രേസ്യ എന്ന അവരുടെ അമ്മച്ചി എഴുന്നേറ്റ് ഇരുന്നു… മുടിയിൽ നരകൾ വീണിട്ടുണ്ടെങ്കിലും കൗമാരക്കാരുടെ ചുറുചുറുക്കായിരുന്നു അവർക്ക്….

കെട്ട് ഒന്ന് ഇറങ്ങിയതും തന്റെ അടുത്തായി തലങ്ങും വിലങ്ങും കിടക്കുന്ന രണ്ട് കൊച്ച് മക്കളെയും അവർക്ക് അടുത്ത് ഇന്നലെ കുടിച്ച് കാലിയാക്കിയ കുപ്പിയിലും മാറി മാറി നോട്ടം എറിഞ്ഞു… “എടീ….എഴുന്നേൽക്ക്….അന്നമ്മോ….” ഒരു ടീ ഷർട്ടും ത്രീഫോർത്തും ഇട്ട് കാലിയാക്കിയ ബോട്ടിലും കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങുന്ന പെൺകുട്ടിയെ കുലുക്കി വിളിച്ചു… “മ്മ്…എഴുന്നേറ്റു..” ഉറക്കിൽ പിറുപിറുത്ത അവളെ ഒന്ന് നോക്കി അവർ വേഗം തന്നെ എഴുന്നേറ്റ് അകത്തേക്ക് ചെന്ന് ഫ്രഷ് ആയി….തിരികെ വന്ന് നോക്കിയപ്പോഴും രണ്ടെണ്ണവും അനങ്ങിയിരുന്നില്ല…. “അന്നമ്മോ….എടിയേ….” “മ്മ്…..”

എത്ര വിളിച്ചിട്ടും എഴുന്നേൽക്കാത്തത് കണ്ടതും നിലത്ത് ജഗ്ഗിൽ വെച്ചിരുന്ന വെള്ളം എടുത്ത് അവളുടെ മുഖത്തേക്കായി ഒഴിച്ചു… “അമ്മോ….ഞാനും എന്റെ തോമാച്ചായനും കൂടെ വെള്ളത്തിൽ വീണേ….” ഞെട്ടി എഴുന്നേറ്റ് വലിയവായിൽ നിലവിളിക്കുന്ന മാത്യൂവിന്റെയും റീനയുടെയും ഇളയ സന്തതി “ആൻമരിയ ഫിലിപ്പ്” എന്ന അന്നമ്മയെ അമ്മച്ചി കാല് കൊണ്ട് ഒരു ചവിട്ട് വെച്ച് കൊടുത്തതും അവള് ചെന്ന് വീണത് തൊട്ടപ്പുറത്ത് കമിഴ്ന്ന് കിടന്ന് സുഖ നിദ്രയിൽ ആയിരുന്ന ചെറുപ്പക്കാരന്റെ ദേഹത്താണ്…. “ഈശോയേ..”

അന്നമ്മ ചെന്ന് വീണ ഊക്കിൽ ആ ചെറുപ്പക്കാരൻ ഞെട്ടി കണ്ണ് തുറന്ന് അവളെയും കൊണ്ട് ഉരുണ്ടു…. “അമ്മച്ചീ….ഈ ഇച്ച എന്നെ കൊല്ലുന്നു….” അന്നമ്മയെ അടിയിൽ കിടത്തി അവളുടെ മുകളിൽ ഇരുന്ന് മുഷ്ടി ചുരുട്ടി മുഖത്തേക്ക് പഞ്ച് ചെയ്യാനായി ഓങ്ങിയതും അവന്റെ ബലിഷ്ടമായ കൈയിലെ ബ്രൈസ്ലെറ്റിന് അറ്റത്ത് തൂങ്ങിയാടുന്ന സ്വർണ്ണ നിറത്തിലെ കുരിശ് പ്രഭയോടെ മിന്നി…. “സാമുവൽ എഡ്വേർഡ് ഫിലിപ്പ് പുലിക്കാട്ടിൽ…..”…തുടരും

നിനക്കായ് : ഭാഗം 6

Share this story