സിദ്ധാഭിഷേകം : ഭാഗം 41

സിദ്ധാഭിഷേകം :  ഭാഗം 41

എഴുത്തുകാരി: രമ്യ രമ്മു

“അമ്മൂ…… ഞാൻ പോയിട്ട് വേഗം വരാം… ബൈ… ലൗ യൂ…..” പോകുന്ന വഴി അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.. എല്ലാരും അത് കേട്ട് ചിരിച്ചു.. അമ്മാളൂ നാണം കൊണ്ട് ചുവന്നു… സാന്ദ്ര അവളെ ഒന്ന് പിച്ചി….. ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ സാന്ദ്രയുടെ മുറിയിൽ ഇരിക്കുകയാണ് അമ്മാളൂവും സാന്ദ്രയും. സാന്ദ്രയുടെ മുഖഭാവത്തിൽ നിന്നും ഇന്നലെ വന്നപ്പോൾ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു….. ചിരിക്കുമ്പോഴും സന്തോഷിക്കുമ്പോഴും ഒക്കെ അത് കാണാനും ഉണ്ടായിരുന്നു….. സിദ്ധു സാന്ദ്രയെ കാണാത്ത ഭാവത്തിലും അവൾ അവനെ കാണാത്ത ഭാവത്തിലും കഴിഞ്ഞു..

അവർക്കിടയിൽ എന്തോ നടന്നിട്ടുണ്ട് എന്ന് അമ്മാളൂന് ഇന്നലെ തന്നെ തോന്നി.. പക്ഷെ അടിക്കാൻ മാത്രം എന്താ സംഭവിച്ചത് എന്ന് അവൾക്ക് മനസിലായില്ല.. “സാന്ദ്ര നീ ഇങ്ങനെ തല താഴ്‌ത്തി ഇരുന്നിട്ട് എന്താ കാര്യം.. എന്നോട് പറയാം എന്ന് പറഞ്ഞല്ലേ ക്ലാസ്സിന് പോലും പോകാതെ ഇവിടെ ഇരുന്നത്.. എന്നിട്ട് ഇപ്പോ…” “ഭാഭി.. എന്റെ ഇഷ്ട്ടം വെറും ഇൻഫാക്ച്ച്വേഷൻ ആണെന്ന് തോന്നുന്നുണ്ടോ…” അമ്മാളൂ അതിന് മറുപടി പറയുന്നില്ലെന്ന് കണ്ട് സാന്ദ്ര അവിടെ നിന്ന് എണീറ്റു… തലേന്ന് വലിച്ചെറിഞ്ഞ ബുക്ക് തപ്പിയെടുത്തു… അവൾക്ക് കൊടുത്തു.. അമ്മാളൂ അത് തുറന്ന് നോക്കി.. സിദ്ധുവിനെ മുന്നിൽ നിർത്തി വരച്ച പോലെ ആയിരുന്നു ഓരോ പേജിലും…

സാന്ദ്ര അവന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് അവൾക്ക് മനസിലായി… “സാന്ദ്ര നിന്നോട് സിദ്ധുവേട്ടൻ എന്ത് പറഞ്ഞു…നിന്നെ എന്തിനാ അടിച്ചത്….” “അത് ഞാൻ സിദ്ധുട്ടാന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല…അതാ…സിദ്ധുവേട്ടൻ മുൻപ് സ്നേഹിച്ച ഏതോ മാളൂട്ടി വിളിച്ചത് ആണത്രേ അത്…” അമ്മാളൂ കേട്ടത് വിശ്വസിക്കാൻ ആകാതെ തരിച്ചു നിന്നു…. കുഞ്ഞുനാളിൽ അവനെയും വിളിച്ചു പുറകെ നടന്ന ഒരു പെൺകുട്ടിയെ അവൾ ഓർത്തു..അവൾ അത് ഏട്ടന്റെ സ്ഥാനം നൽകി വിളിച്ചതാണ്… വലുതായപ്പോൾ ,, പിറകെ നടന്നപ്പോൾ പലപ്പോഴും ആ വിളി മനസ്സിൽ നിന്നും വരാതെയായി… പക്ഷെ…

ആ മനസ്സിൽ പണ്ട്‌ മുതൽ തന്നോട് പ്രണയം ആയിരുന്നോ… താൻ അങ്ങോട്ട് പറഞ്ഞപ്പോൾ പോലും ഒരിക്കലും അംഗീകരിച്ചു തന്നിട്ടില്ല…. ചോദിക്കുമ്പോഴൊക്കെ അകറ്റി മാറ്റിയതേ ഉള്ളൂ.. ഒടുവിൽ നീ നന്നായി ജീവിക്കുന്നത് കാണുന്നതാണ് സന്തോഷം എന്ന് പറഞ്ഞു കല്യാണത്തിന് നിർബന്ധിച്ചു… “നിന്നോട് …പറഞ്ഞോ സ്നേഹിച്ച പെൺകുട്ടി വിളിച്ചത് ആണെന്ന്.. ” അമ്മാളൂ സംശയത്തോടെ ചോദിച്ചു.. “ഇല്ല.. ഞാൻ ഊഹിച്ചതാ.. അമ്മയും മാളൂട്ടിയും ആണ് വിളിക്കുന്നത് അമ്മ പോയി പിന്നെ മാളൂട്ടി ആ വിളി നിർത്തി എന്നും പറഞ്ഞു..

അവൾ നിർത്തിയത് വേറെ ആരും തുടങ്ങേണ്ട എന്നും അവൾക്ക് മാത്രം അവകാശവും അധികാരവും ഉള്ളൂ എന്നും പറഞ്ഞു… അത് കാമുകി ആയിരിക്കും എന്ന് എനിക്ക് തോന്നി…” അമ്മാളൂന് അത് വലിയ ആശ്വാസം ഉണ്ടാക്കി.. താൻ വിളി നിർത്തിയത് പിണക്കം ഉള്ളത് കൊണ്ടാണെന്ന് കരുതി വിഷമിക്കുന്നുണ്ടാവും… ഇപ്പോ എല്ലാം കൊണ്ടും തന്റെ മനസ്സിലും ആത്മാവിൽ പോലും അഭിയേട്ടൻ മാത്രേ ഉള്ളൂ.. താൻ പഴയ പോലെ സിദ്ധുവേട്ടനെ കണ്ടാൽ ആ മനസ്സ് ശാന്തമാവും.. തനിക്ക് അതിന് സാധിക്കണം… സാന്ദ്രയുടെ സ്നേഹം സ്വീകരിക്കാത്തത് അഭിയേട്ടനെയും ശരത്തേട്ടനെയും ഒക്കെ വിചാരിച്ചാവും..

അവർ എന്ത് കരുതും എന്ന് കരുതിയാവും.. എല്ലാം നേരിട്ട് സംസാരിക്കണം… “സാന്ദ്ര ,, നീ കരുതും പോലെ അങ്ങനെ വിളിച്ചത് സ്നേഹിച്ച പെണ്ണൊന്നും അല്ല സിദ്ധുവേട്ടന്റെ അനിയത്തി ആണ്… മാളൂട്ടി.. സിദ്ധൂട്ടന്റെ മാത്രം മാളൂട്ടി… മറ്റുള്ളവരുടെ ഒക്കെ അമ്മാളൂ….” “അമ്മാളൂ….മീൻസ്..ഭാഭിയോ…” സാന്ദ്ര കണ്ണ് മിഴിച്ചു.. “പക്ഷേ എന്നോട് അത് പറയുമ്പോൾ വല്ലാത്ത ഒരു ഭാവം ആയിരുന്നു… അതുകൊണ്ടാ ഞാൻ…” “അത് ഞാൻ സിദ്ധുവേട്ടനുമായി കുറച്ചു നാൾ പിണങ്ങിയിരുന്നു.. അതിന് ശേഷം കൂട്ടായപ്പോൾ അങ്ങനെ വിളിക്കാറില്ല.. അത്രേ ഉള്ളൂ… അല്ലാതെ നീ വെറുതെ…പൊട്ടി.. ടി.. നമ്മൾക്ക് നോക്കാടി ആ ഇടിയനെ പൂട്ടാൻ പറ്റുമോന്ന്… ഞാനില്ലേ കൂടെ.. ” “ശരിക്കും …”

“ദേ.. നിന്നോട് ഞാൻ അന്നും പറഞ്ഞതാ അസ്ഥിക്ക് പിടിക്കല്ലേന്ന്.. എന്നിട്ട് തല്ലും വാങ്ങി വന്ന് മോങ്ങുന്നോ..” “അത് പിന്നെ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. അതാ..” “ഉം..നീ എന്തായാലും ഇപ്പോ ഉള്ള പോലെ മതി.. പിണക്കം ആണെന്ന് കരുതിക്കോട്ടെ…നമ്മളോടൊക്കെ നന്നായി സംസാരിക്കണം.. സിദ്ധുവേട്ടനെ മാക്സിമം അവോയ്ഡ് ചെയ്യണം കേട്ടല്ലോ…” “ഓക്കേ ഭാഭി… സാന്ദ്ര സന്തോഷം കൊണ്ട് കുതിച്ചു ചാടി… “അടങ്ങി നില്ലെടി…എല്ലാം ശരിയാവട്ടെ എന്നിട്ട് ചാടാം..” അഭിയും കൂട്ടരും തിരിച്ചെത്തുമ്പോൾ ഉച്ചയോട് അടുത്തിരുന്നു… അവർ വന്നത് അറിയാതെ അമ്മാളൂവും സാന്ദ്രയും അപ്പോൾ അടുക്കളയിൽ ആയിരുന്നു… സാന്ദ്രയുടെ സ്‌പെഷ്യൽ ചില്ലി ചിക്കൻ ഉണ്ടാക്കുകയാണ് …

“ഭാഭിക്ക് കുക്കിങ് ഒക്കെ അറിയുമോ.. ” “കുറച്ചൊക്കെ.. കൂടുതലും നമ്മുടെ നാടൻ ഫുഡ്സ് അറിയാം.. മറ്റുള്ളതൊക്കെ യൂട്യൂബ് നോക്കി ഉണ്ടാക്കി നോക്കാറുണ്ട്… ചിലത് അടാറ് ഫ്ലോപ്പ് ആയി പോകും…” അഭി എല്ലാരും ആയി ഹാളിൽ സംസാരിച്ചു കൊണ്ട് ഇരുപ്പാണ്.. സിദ്ധു ശർമിളയെ ചുറ്റി പിടിച്ച് ആ തോളിൽ കണ്ണടച്ച് കിടപ്പാണ് … അഭിയുടെ കണ്ണുകൾ അമ്മൂനെ തിരഞ്ഞു കൊണ്ടിരുന്നു… ശരത്ത് ഇത് കണ്ട് ചിരി കടിച്ചു പിടിച്ചു.. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അഭി നന്നായി ചിരിച്ചു കാണിച്ചു.. “സാൻഡി എവിടെ അമ്മ…” ശരത് ചോദിച്ചു.. “അവര് രണ്ടുപേരുമാണ് ഇന്നത്തെ അടുക്കള ഇൻചാർജ്… അവിടെ ഉണ്ട്… ” ശർമിള ആണ് മറുപടി കൊടുത്തത്.. അഭി ശരത്തിനെ ചുണ്ട് കൂട്ടി പിടിച്ചു ഉമ്മ കാണിച്ചു…

അവൻ ഇടിക്കാൻ കയ്യോങ്ങി.. “ഞാൻ കുറച്ച് വെള്ളം കുടിക്കട്ടെ… ” അഭി പതിയെ അവിടുന്ന് വലിയാൻ നോക്കി.. “നീ ഇരിക്കെടാ.. എനിക്കും വേണം.. ഞാനെടുത്തിട്ടു വരാം..” ശരത് നല്ല അസ്സലായി പണി കൊടുത്ത് എഴുന്നേറ്റ് പോയി.. അഭി മുഷ്ട്ടി ചുരുട്ടി സോഫയിൽ ഇടിച്ചു… ശരത് അടുക്കളയിൽ എത്തിയപ്പോൾ ആണ് അവർ വന്നത് അമ്മാളൂവും സാന്ദ്രയും അറിഞ്ഞത്… ” എന്തായി നിന്റെ കുക്കിങ്.. വല്ലതും നടക്കുവോ…” “നിങ്ങൾ എപ്പോ വന്നു അറിഞ്ഞതേയില്ല…” അമ്മാളൂ അതിശയിച്ചു.. “ഇവിടെ സംസാരം പൊടിപൊടിക്കുവല്ലേ പിന്നെ എങ്ങനെ അറിയാൻ.. ഒരാൾ അവിടെ മുള്ള് കൊള്ളുന്ന മാതിരി ഇരുപ്പുണ്ട്..

ഞാൻ നൈസായിട്ട് ഒരു പണി കൊടുത്ത് ഇങ്ങോട്ട് പോന്നതാണ്…” “ആര്.. ഭയ്യയോ… പാവം.. ” “വെള്ളം കൊടുക്കട്ടെ.. അല്ലെങ്കിൽ ഇതിന്റെ പേരും പറഞ്ഞ് ഇങ്ങോട്ട് വരും.. ഇപ്പോ അങ്ങോട്ട് വരണ്ട കേട്ടോ.. കുറച്ചിരിക്കട്ടെ അവിടെ…” കണ്ണ് ചിമ്മി കാണിച്ച് ശരത് പോയി.. “ഉം..ഉം..ഭാഭിക്ക് നാണം വന്നേ…” “പോയ്… പണിയെടുക്കെടി…” അമ്മാളൂന് അവനെ കാണാൻ തോന്നി.. അതേ സമയം അവനെ ഫേസ് ചെയ്യാൻ എന്തോ ഒരു നാണവും തോന്നി… അതു കൊണ്ട് അവിടെ തന്നെ നിന്നു.. അവൾ താലി എടുത്ത് ഉള്ളം കയ്യിൽ പിടിച്ച് എന്തോ ആലോചിച്ചു നിന്നു… “ഭാഭി… ഈ ലോകത്ത് ഒന്നുമല്ലേ… ” സാന്ദ്ര അവളെ കയ്യിൽ തട്ടി വിളിച്ചപ്പോൾ ആണ് അവൾ അറിഞ്ഞത്.. “ആഹ്..എന്താടി.. ”

“ഇതൊന്ന് സെർവിങ് ഡിഷിലേക്ക് മാറ്റ്… ഞാൻ എന്റെ ഫോൺ എടുത്തിട്ട് വരാം.. ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇടണം..” “ആ..ഓക്കേ..” സാന്ദ്ര ഹാളിലൂടെ മുറിയിലേക്ക് പോകുന്നത് അഭി കണ്ടു.. അവൻ ഒന്നും അറിയാത്ത മട്ടിൽ പതിയെ എണീറ്റു നടന്നു… അടുക്കളയിൽ അമ്മാളൂ പാത്രത്തിലേക്ക് കറി മാറ്റുകയായിരുന്നു… അപ്പോഴാണ് അഭിയെ കണ്ടത്.. അവൾ ചിരിച്ചു.. “എന്നാലും നിനക്ക് ഒന്ന് അപ്പുറത്തേക്ക് വന്നൂടെടി.. ഞാൻ എത്ര നേരായി ഒന്ന് കാണാൻ കൊതിക്കുന്നു..” അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞു.. “വന്നത് അറിഞ്ഞേയില്ല.. ശരത്തേട്ടനെ കണ്ടപ്പോഴാ അറിഞ്ഞത്.. ഇത് എടുത്ത് വച്ചിട്ട് വരാം എന്ന് വച്ചിട്ടാ..”

“എടുത്ത് വച്ചിട്ട് മുറിയിലേക്ക് വാ…” “അയ്യടാ….ഞാൻ വരൂല… ” “വന്നില്ലെങ്കിൽ ഇന്നലത്തെ പോലെ ഞാൻ തൂക്കി എടുത്ത് കൊണ്ടുപോകും..കാണണോ.. ” അവൻ മീശ പിരിച്ചു.. “വേണ്ടാ.. ” അവൾ തൊഴുതു… “എന്ന വേറൊരു സൂത്രം കാണിച്ചു തരാം വാ..” “പിന്നേ… ഈ സൂത്രം കയ്യിൽ വച്ചാൽ മതി.. ഒന്ന് പോയേ.. സാന്ദ്ര ഇപ്പോ വരും..ഞാൻ വരില്ല…” “ഉറപ്പാണോ..” “ഉറപ്പ്…” അവൻ വാതിലിലേക്ക് എത്തി നോക്കി.. പിന്നാലെ അമ്മാളൂവും അവിടെ എന്തെന്ന് എത്തി നോക്കി… പെട്ടെന്ന് അവൻ അവളെ കെട്ടിപ്പിടിച്ച് അധരങ്ങൾ കവർന്നു… ആദ്യം അവനെ തള്ളി മാറ്റാൻ ശ്രമിച്ച അവളുടെ കൈകൾ പതിയെ അവന്റെ ദേഹത്ത് മുറുകാൻ തുടങ്ങി…

“ടാ…..” അഭി ഞെട്ടി മാറി.. ശരത്തിനെ അവിടെ കണ്ട് അമ്മാളൂ തിരിഞ്ഞു നിന്നു…. “ഇതിനൊക്കെയാ മനുഷ്യൻ വേറെ പല റൂമും ഉണ്ടാക്കി വച്ചത്.. അടുക്കളയിൽ എങ്കിലും സമാധാനം താടാ..എന്റെ ബാല്യം വരെ അടിച്ചു പോയി… ഒന്ന് പോയി തന്നേ രണ്ടും….” “ഞങ്ങൾ ചുമ്മാ കറി ഒക്കെ ടേയ്സ്റ്റ് ചെയ്ത് നോക്കിയതാ… അല്ലെടി…” “ഓഹ്.. കണ്ടു..ടേയ്സ്റ്റിംഗ്… ദേ വൈകീട്ട് എങ്കിലും സമയത്ത്‌ ഇറങ്ങണേ…” ശരത് അതും പറഞ്ഞ് പുറത്തേക്ക് പോയി.. “എവിടേക്കാ നിങ്ങൾ പോയത്.. ശരിയായില്ലേ പോയിട്ട്….” “അതോ …അത് ഇന്ന് രാത്രി വലിയൊരു സർപ്രൈസ് ഉണ്ട് തനിക്ക്..

അതിന് വേണ്ടി പോയതാണ്..” “ഇത് എന്താ ഇത്ര വലിയ സർപ്രൈസ്…” “സത്യം പറയാലോ.. ഞാനും ഇത് ഇത്ര പാടുള്ള പണിയാണെന്ന് അറിഞ്ഞില്ല.. വല്ല കാശും കൊടുത്താൽ പുഷ്പ്പം പോലെ സാധിക്കും എന്നാ വിചാരിച്ചത്… എന്തായാലും നടന്നു.. വൈകീട്ട് പോയി വന്നിട്ട് തരാം.. ഉം… ജസ്റ്റ് വെയിറ്റ് ഫോർ ഫ്യു അവേഴ്സ് മൈ ഡിയർ…” അവൾ ചിരിച്ചു..” അല്ല സിദ്ദുവേട്ടൻ എവിടെ ” “അവിടെ മമ്മയുടെ അടുത്തുണ്ട്… മമ്മയെ കണ്ടാൽ പിന്നെ അവൻ അടുത്തുന്നു മാറില്ല… ” “സിദ്ധുവേട്ടൻ അമ്മയുടെ സ്നേഹം അറിഞ്ഞത് അഞ്ചു വയസ്സ് വരെയല്ലേ… അതാവും…” “ഉം… അവന് ഇനി ഒരു കുടുംബം ഉണ്ടാവണം..

അതിന് മുൻപ് കുറച്ച് പണിയുണ്ട്… “നമ്മൾക്ക് ഇതെല്ലാം പോലീസിൽ ഇൻഫോം ചെയ്തൂടെ.. അതല്ലേ നല്ലത്…” “പോലീസിൽ ഒക്കെ ആൾറെഡി ഉള്ള കേസ് ആണെടി.. അവർ അവരുടെ അന്വേഷണത്തിലും ആണ്…” “അയാൾക്ക് എന്താ നമ്മളോട് ഇത്ര ദേഷ്യം…” “അത് ഞാൻ നേരിട്ട് കാണുമ്പോൾ ചോയ്ക്കട്ടെ.. എന്നിട്ട് പറയാം ട്ടോ..” അവൻ കളിയാക്കുന്ന പോലെ പറഞ്ഞു.. “ഹും.. അവൾ മുഖം കോട്ടി തിരിഞ്ഞു നിന്നു… “ടി… പിണങ്ങിയോ… ” “പിന്നെ ഞാൻ എന്താ കുട്ടിയാണോ ഇത്ര ചെറിയ കാര്യത്തിന് പിണങ്ങാൻ ഒക്കെ…” “അല്ലേ…” “എന്ത്…” “കുട്ടി… ” “കണ്ടിട്ട് എന്ത് തോന്നുന്നു…. ” “കണ്ടിട്ട് പലതും തോന്നുന്നുണ്ട്.. പറയട്ടെ… ”

“ഛേ..പോയേ അപ്പുറത്തേക്ക്… ” “എടുത്തു വച്ചോ ഭാഭി…” സാന്ദ്ര ഫോണുമായി വന്നു.. “ആഹ്.. വച്ചു…നീ പോയിട്ട് നേരമെത്ര ആയി…” “ഞാൻ ഒന്ന് വാഷ് റൂമിൽ പോയതായിരുന്നു.. ആരോ അറിയാതെ പുറത്ത് നിന്ന് ലോക്ക് ചെയ്ത് കളഞ്ഞു…” “ലോക്ക് ചെയ്യാനോ…” അമ്മാളൂ സംശയത്തോടെ അഭിയെ നോക്കി.. അവിടെ നല്ലോരു ചിരിയും ഫിറ്റ് ചെയ്ത് പറയല്ലേ എന്ന് ആക്ഷൻ കാണിക്കുന്നു… “ഉം.. എന്തേലും ആവട്ടെ നീ ഫോട്ടോ എടുക്ക്… നമ്മൾക്കും ഹാളിലേക്ക് പോവാലോ…” ***** സിദ്ധു അവരുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ആയിരുന്നു… അവൻ ആലോചനയിൽ ആയിരുന്നു… മാളൂട്ടി അവൾ ഇപ്പോ തന്റെ ഏട്ടന്റെ ഭാര്യ ആണ്.. അവൾ സന്തോഷത്തിൽ ആണ് ..

പക്ഷെ തന്നോട് പഴയ സ്നേഹമോ അടുപ്പമോ ഇല്ല.. ഫോർമൽ ആയിട്ടാണ് ഇടപഴകുന്നത്.. അവളുടെ മുന്നിൽ നിൽക്കാൻ ഇപ്പോഴും കുറ്റബോധമുണ്ട്.. മനസ്സ് തുറന്ന് ഒന്ന് സംസാരിക്കാൻ സാധിച്ചെങ്കിൽ… അവളുടെ പഴയ സിദ്ധുട്ടൻ ആവാൻ എങ്കിലും സാധിച്ചിരുന്നുവെങ്കിൽ… അതിനിടയിൽ ആ പെണ്ണും.. ശ്ശേ… ഏത് സമയത്താണോ അടിക്കാൻ തോന്നിയത്.. വന്നപ്പോഴൊക്കെ എന്തേലും വായ് തോരാതെ സംസാരിച്ചു കൊണ്ട് പുറകെ നടന്നിരുന്നതാ… ഇപ്പോ അവളുടെ മൗനവും ഒരു വേദനയാവുന്നു.. എന്നാലും അവൾ എങ്ങനെ തന്റെ ചിത്രങ്ങൾ വരച്ചു… ഇതൊക്കെ അവളുടെ പ്രായത്തിന്റെ പ്രശ്‌നം ആണ്..

അവൾ ഉദ്ദേശിക്കുന്ന പോലെ ഒരാൾ അല്ല ഞാനെന്ന് ഇപ്പോൾ മനസിലായി കാണും… പിന്നിൽ ആളനക്കം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത്… അമ്മാളൂ ആയിരുന്നു.. അവൻ ഒന്ന് പുഞ്ചിരിച്ചു… മനസ്സിലെ സംഘർഷം മുഖത്ത് പ്രകടമായിരുന്നു.. “സിദ്ധുവേട്ടൻ ഇവിടെ എന്തെടുക്കുവാ…” “ഒന്നുല്ല.. വെറുതെ ഓരോന്ന് ആലോചിച്ച് നിന്നതാ…” അവൻ അവളെ നോക്കാതെ പുറത്തേക്ക് മിഴികൾ പായിച്ചു… “കൈയ്ക്ക് എന്താ പറ്റിയെ…” “അത്… അത്..പിന്നെ.. ബാത്റൂമിൽ ഒന്ന് വീണു…” അവൻ തപ്പിതടഞ്ഞ് പറഞ്ഞു.. “ഇവിടെയാണോ ബാത്റൂം.. ഞങ്ങൾ ഇതിന് ബാൽക്കണി എന്നാ പറയാ…” “ഓഹ്.. അവൾ പറഞ്ഞു കാണും അല്ലേ… പിന്നെ എന്തിനാ ചോയ്ച്ചത്…”

“എന്തിനാ അവളെ അടിച്ചത്…” “അതും അവൾ പറഞ്ഞു കാണുമല്ലോ…” “ഇല്ല..പറഞ്ഞില്ല.. സിദ്ധുവേട്ടൻ പറ.. എന്തിനാ അടിച്ചത്..” “അവളുടെ കയ്യിലിരുപ്പ് കൊണ്ട്..” “അവളുടെ ഇഷ്ട്ടം അറിയിച്ചത് ആണോ ഇത്ര വലിയ പ്രശ്നം.. അതിനാണോ ഇങ്ങനെ അടിച്ചത്…” “അത് മാത്രമല്ല.. ചെയ്യരുത് എന്ന് പല പ്രാവശ്യം പറഞ്ഞ കാര്യം ചെയ്തു.. എനിക്ക് അത് ഇഷ്ട്ടമല്ല എന്ന് മര്യാദക്ക് പറഞ്ഞതാണ് കേട്ടില്ല…” സിദ്ധു അവളുടെ നേരെ തിരിഞ്ഞു നിന്നാണ് മറുപടി പറഞ്ഞത്… “എന്ത് കാര്യം…”അമ്മാളൂ ഗൗരവത്തിൽ ആയിരുന്നു.. “അത്… ” “പറ സിദ്ധുവേട്ടാ…. ” അവൻ മിണ്ടിയില്ല… “സിദ്ധുവേട്ടൻ പറയുന്നോ അതോ ഞാൻ ഇതൊക്കെ അഭിയേട്ടനോടും ശരത്തേട്ടനോടും പറയണോ… ”

“വേണ്ട.. അവർ ഒന്നും അറിയണ്ട… അൽപ സമയത്തെ മൗനത്തിന് ശേഷം അവൻ പറഞ്ഞു “അത്… അവൾ…. മാളൂട്ടി… ” പറയാൻ കഴിയാതെ സിദ്ധുവിന്റെ തൊണ്ട ഇടറി… കണ്ണ് നിറഞ്ഞു.. അവൻ അമ്മാളൂന് നേരെ തിരിഞ്ഞു….പെട്ടെന്ന് അവളുടെ ഇരു കവിളിലും കൈ ചേർത്ത് മുഖം ഉയർത്തി… “മോളെ …മാളൂട്ടി.. നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യാണോ.. എന്നോട് പൊറുക്കാൻ കഴിയുമോ.. ഞാൻ നിന്നെ സ്നേഹിച്ചിട്ടേ ഉള്ളൂ.. എന്നും.. അറിയില്ല…എന്നാണ് അതിന്റെ അർത്ഥം മാറിയത് എന്ന്…..

മനസ്സ് കൈവിട്ട് പോയി.. ഇഷ്ട്ടപ്പെട്ടു പോയി.. സ്വന്തം ആക്കണം എന്നാഗ്രഹിച്ചു…. അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് സംഭവിച്ചു പോയി… നിന്നെ അത് എത്ര തളർത്തി എന്ന് പിന്നീടാണ് അറിഞ്ഞത്… എന്നോട് ക്ഷമിച്ചൂടെഡി… നിന്റെ പഴയ സിദ്ധുട്ടൻ ആവാൻ എങ്കിലും എന്നെ അനുവദിച്ചൂടെ…” അവൻ പൊട്ടിക്കരയുകയിരുന്നു.. അവനെ അങ്ങനെ ഒരു ഭാവത്തിൽ മുൻപ് കണ്ടത് അവൾ ഓർത്തു… അച്ഛൻ പിടിച്ചിറക്കിയ ആ ദിവസം…. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി… അവൻ അവളുടെ മുഖം നെഞ്ചിലേക്ക് വലിച്ചെടുപ്പിച്ചു പുണർന്നു… എങ്ങി കരഞ്ഞു.. മനസിൽ അതുവരെ പിടിച്ചു നിർത്തിയ സംഘർഷങ്ങൾ മുഴുവൻ അവളുടെ തോളിൽ കരഞ്ഞു തീർത്തു..

അണിഞ്ഞിരുന്ന മുഖം മൂടി അഴിഞ്ഞു വീണു… മനസ്സ് ഉറക്കെ കരഞ്ഞു നിലവിളിച്ചു.. ഒരു പേര് മാത്രമേ അപ്പോൾ ആ മനസ്സിൽ ഉണ്ടായുള്ളൂ….. മാളൂട്ടി…. അവനെ ആശ്വസിപ്പിക്കാൻ കഴിയാതെ അവൾ ഉഴറി.. പുറത്ത് പതിയെ തലോടി… അവന്റെ സ്നേഹം കണ്ണീരായി ഒഴുകി കൊണ്ടിരുന്നു.. ഇതെല്ലാം കണ്ടും കേട്ടും ബാൽക്കണി ഡോറിന്റെ മറവിൽ ചാരി നിന്ന് മറ്റൊരു ഹൃദയവും തേങ്ങി…. അവൻ കണ്ണുകൾ ഇറുകെ അടച്ചു…..തുടരും..

സിദ്ധാഭിഷേകം : ഭാഗം 39

Share this story