അത്രമേൽ: ഭാഗം 11

അത്രമേൽ: ഭാഗം 11

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“”””””നെഞ്ചിനകത്ത്…….. ലാലേട്ടൻ നെഞ്ച് വിരിച്ച്………..ലാലേട്ടൻ മുണ്ട് മടക്കി…………. ലാലേട്ടൻ മീശ പിരിച്ച്……………ലാലേട്ടൻ തോള് ചരിച്ച്…………. ലാലേട്ടൻ റയ്ബാൻ വച്ച്…………ലാലേട്ടൻ ബൈക്കെടുത്ത്……….. ലാലേട്ടൻ കിക്കറടിച്ച്…………….ലാലേട്ടൻ ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്ത്………ലാലേട്ടൻ””””””

പുറത്ത് നിന്നുള്ള കുട്ടിപ്പട്ടാളങ്ങളുടെ ബഹളം കേട്ടാണ് ദർശൻ ഉമ്മറത്തേക്ക് വന്നത്….തലയിൽ തന്റെ അച്ഛന്റെ തോർത്ത് ചുറ്റിക്കെട്ടി അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം പാട്ട് പാടി ഓരൊ ഗോഷ്ടികൾ കാണിച്ചു ആർമാദിക്കുന്ന ഗോപുവിനെ നോക്കി വാതിൽ പടിയിൽ ചാരി നിന്നു….ഇടയ്ക്ക് പാട്ടിന്റെ വരികൾ പിടിത്തമില്ലാതെ തപ്പിത്തടഞ്ഞവൾ “ലാലേട്ടൻ” എന്ന് മാത്രം അവസാനം ഊന്നിപ്പാടുന്നത് കണ്ട് അവന് ചിരി പൊട്ടി….താൻ തെറ്റിച്ചു പാടുന്നത് ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ എന്ന് ഇടം കണ്ണിട്ട് നോക്കുന്നുണ്ട് ഒപ്പം അടുത്ത് നിൽക്കുന്ന കുട്ടിയുടെ ചുണ്ടനങ്ങുന്നത് ശ്രദ്ധിച്ചു അതിനൊപ്പം പാടാൻ ശ്രമിക്കുന്നുമുണ്ട്…

ഉമ്മറത്തിട്ട കസാരയിൽ പാട്ടിനൊത്ത് താളം പിടിച്ച് എല്ലാവരെയും സന്തോഷിപ്പിക്കുന്ന തന്റെ അച്ഛനെ കണ്ട് അവന് അത്ഭുതം തോന്നി…… ഗോപു വന്നതിന് ശേഷമുണ്ടായ ഏറ്റവും വലിയ മാറ്റം….എപ്പോഴും ഗൗരവത്തോടെ മാത്രം കണ്ടിട്ടുള്ള സുധാകരൻ കുട്ടികൾക്കൊപ്പം കളിക്കാൻ കൂടുന്നത് ഇപ്പോൾ ഞാറാഴ്ചകളിലെ പതിവ് കാഴ്ചയാണ്….അവധി ദിവസങ്ങളിൽ മിക്കപ്പോഴും അമ്മാവനൊപ്പം കാലത്ത് നടക്കാൻ പോയിട്ട് തിരികെ വരുമ്പോൾ കുട്ടിപ്പട്ടാളങ്ങളും പുറകെ കാണും….അമ്മായിയോ അല്ലെങ്കിൽ വർഷയോ മുഖം കറുപ്പിച്ചു സംസാരിച്ചു ഓടിച്ചു വിടുന്നത് വരെ അതുങ്ങൾ ഇവിടെത്തന്നെ ഗോപുവിനെ ചുറ്റിപ്പറ്റി നിൽക്കും…

അമ്മാവന്റെ പുറകെ നാട് മൊത്തം ചുറ്റി നടന്ന് ആ പെണ്ണ് നാട്ടിലെ പരിചയക്കാർക്കും പ്രിയപ്പെട്ടവളായി….വാല് പോലെ പുറകെ നടക്കുന്നവൾക്ക് ഒരു പേരും കിട്ടി “വാലാട്ടിക്കിളി…” “ശേ…. നിങ്ങൾളെയൊക്കെ കാലത്തെ കയറൂരി വീട്ടിരിക്കുകയാണോ പിള്ളേരെ….” ഉമ്മറത്തേക്ക് അടുത്ത് വരുന്ന സരസ്വതിയുടെ ശബ്ദം കേൾക്കെ ഒരു നിമിഷം അവിടമാകെ മൗനം നിറഞ്ഞു…. എല്ലാവരുടെയും ശ്രദ്ധ വാതിൽക്കലേക്ക് നീണ്ടു…. അവിടെ കൈ കെട്ടി പടിയിലേക്ക് ചാരി നിന്ന് തങ്ങളെ തന്നെ നോക്കി നിൽക്കുകയായിരുന്ന ദർശനെ അപ്പോഴാണ് അവരും ശ്രദ്ധിച്ചത്…. അമ്മായിയുടെ ഉറക്കെയുള്ള സംസാരം കേൾക്കെ ഗോപു വേഗം അമ്മാവന്റെ കസാരയ്ക്ക് പിറകിലായി ഒതുങ്ങി നിന്നു….

ഇടയ്ക്കവൾ ചിരിയോടെ നിൽക്കുന്ന ദർശനെ ഒന്ന് പാളി നോക്കി… നോട്ടങ്ങൾ തമ്മിൽ കൊരുത്തപ്പോൾ തന്റെ പാട്ട് അവൻ കേട്ട് കാണുമോ എന്ന ചിന്തയിൽ നാണത്താൽ അവൾ മുഖം കുനിച്ചു… “ചെവി തല കേൾക്കാൻ സമ്മതിക്കില്ല…. നാശങ്ങൾ…” “ദേ…. ടാ…..വികട വരുന്നു….. ഓടിക്കോ…..” കൂട്ടത്തിൽ ഏതോ ഒരുത്തൻ വിളിച്ചു പറഞ്ഞതും എല്ലാം കൂടെ നാല് പാടും ചിതറിയോടി…. അവറ്റകളുടെ ഓട്ടം കണ്ട് ഗോപു കൈ കൊട്ടി പൊട്ടി ചിരിച്ചു… ഒപ്പം ദർശനും സുധാകരനും കൂടി ചിരിച്ചു പോയി…. അപ്പോഴേക്കും കയ്യിലൊരു തവിയും പൊക്കി പിടിച്ച് സരസ്വതിയമ്മ ഉമ്മറത്തെത്തിയിരുന്നു…. “എവിടെ എല്ലാം… പേടിച്ചോടിയോ…. നേരത്തെ തുടങ്ങിതാ ശല്യം…

ഇവറ്റകൾക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആളില്ലേ….” ഒരു കൈ ഇടുപ്പിൽ കുത്തി മറുകയ്യിലെ തവി ഇളക്കിക്കൊണ്ട് അവർ പറയുമ്പോൾ കുട്ടികളുടെ വികട എന്ന വിളി ഓർത്തോർത്ത് ചിരിക്കുവായിരുന്നു അച്ഛനും മകനും…. ആ കാഴ്ച്ചയിൽ സരസ്വതിയമ്മയും കലിപൂണ്ടു…മൂന്നു പേരെയും തുറിച്ചൊന്ന് നോക്കി… “ചിരിക്ക്….. ചിരിക്ക്…. എല്ലാവരും മനസ്സറിഞ്ഞു ചിരിക്ക്…അവറ്റകൾക്ക് എന്നേം വർഷ മോളെയും കുറിച്ച് ഓരോന്ന് പറഞ്ഞു കൊടുക്കുന്നത് നിങ്ങൾ തന്ന്യാ…” അവർ നിന്നു വിറച്ചു… “എന്റെ സരസ്വതി അവറ്റകൾക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഒന്നുമില്ല…. അല്ലാതെ തന്നെ കണ്ടു മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ട്… ഇപ്പോഴത്തെ കുട്ട്യോളാ….

നിന്നെ അതിങ്ങള് വിളിക്കുന്നതെന്താണെന്നോ…”വികട സരസ്വതി ” എന്ന്… കുട്ട്യേളോട് സ്നേഹത്തിൽ പെരുമാറണം… ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും… ഇവിടെ നിന്നെയും വർഷയെയും കാണുമ്പോൾ ഒരോ പേര് വിളിക്കണതല്ലാതെ ഞങ്ങളോടൊന്നും അവറ്റോൾക്ക് വിരോധം ല്ല്യാല്ലോ… ” “അതേ…. ഇനി ഇങ്ങ് വരട്ടെ…. സ്നേഹിച്ചു കൊടുക്കുന്നുണ്ട് ഞാൻ…” “ഇതാ ഞാൻ പറഞ്ഞത്… എന്ത് പറഞ്ഞാലും അത് ചിന്തിച്ചു മനസ്സിലാക്കാനുള്ള വകതിരിവ് നിനക്കും നിന്റെ മരുമോൾക്കും തീരെയില്ല…” അങ്കക്കോഴിയെ പോലെ ഭർത്താവിനോട് കൊമ്പ് കോർക്കാൻ നിന്നെങ്കിലും അതിന് മുൻപേ അടുക്കളയിൽ നിന്നും എന്തോ കരിഞ്ഞുള്ള മണമെത്തി… “അയ്യോ എന്റെ ദോശ…”

സരസ്വതി ഓടിയ വഴിയേ എത്തി നോക്കുമ്പോൾ ഇടയ്ക്കെപ്പോഴോ ദർശനിലും സുധാകരന്റെ നോട്ടമെത്തി…അവൻ വേറെയേതോ ലോകത്താണെന്ന് അയാൾക്ക് തോന്നി… വർഷയെ കുറിച്ച് താൻ പറഞ്ഞതൊക്കെ വീണ്ടും ആലോചിക്കുകയാവുമെന്ന് ചിന്തിക്കാൻ അയാൾക്ക് അധികം സമയം വേണ്ടി വന്നില്ല…തന്റെ ഭാര്യയുടെ സ്വാർത്ഥതയ്ക്ക് പകരം കൊടുക്കേണ്ടി വന്നത് സ്വന്തം മകന്റെ സ്വസ്ഥതയാണെന്നോർത്ത് അയാൾക്ക് അവനോട് അലിവ് തോന്നി… ഇക്കഴിഞ്ഞ നാളുകൾക്കുള്ളിൽ തന്നെ വർഷയോടൊത്തുള്ള സഹവാസം സരസ്വതി അമ്മയെ വളരെയധികം സ്വാധീനിച്ചു കഴിഞ്ഞിരുന്നു…

അവളും ഇന്ദിരയും പറഞ്ഞു ഫലിപ്പിച്ച പല കള്ളങ്ങളും പിടിക്കപ്പെട്ടിട്ടും തന്റെ തീരുമാനം ശെരിയായിരുന്നെന്ന് സ്ഥാപിക്കാനായി സരസ്വതി എപ്പോഴും അവളുടെ പക്ഷം തന്നെ നിലകൊണ്ടു….ന്യായങ്ങൾ മറന്നു…മരുമകൾക്ക് വേണ്ടി തന്റെ മകനോടും ഭർത്താവിനോടും എപ്പോഴും വാദിച്ചു….സത്യങ്ങൾക്ക് നേരെ കണ്ണടച്ചു….വർഷ ഓതികൊടുക്കുന്ന വേദാന്തങ്ങൾ അപ്പാടെ വിഴുങ്ങി ഗോപുവിനോടും അവർ അകലം പാലിച്ചു…എന്നാൽ ജോലിക്കാര്യങ്ങളിൽ തന്നെ ഏറെ സഹായിക്കുന്നത് കൊണ്ടും… ഭർത്താവിനെ കുറച്ച് പേടിയുള്ളത് കൊണ്ടും അവളോടുള്ള ഇഷ്ടക്കേട് ശകാരങ്ങളിൽ മാത്രം ഒതുങ്ങി….

“ദർശാ….” അച്ഛന്റെ സ്നേഹത്തോടെയുള്ള വിളിയിൽ ഞെട്ടിയെന്ന പോലെ അവൻ വിളി കെട്ടു… “എന്താ അച്ഛാ….?” “നിനക്കിന്നു ഹോസ്പിറ്റലിൽ പോവണ്ടേ….?” “വേണം….ഇത്തിരി ലേറ്റ് ആയി പോയാൽ മതി…ഇന്നലത്തെ പോലെ തിരിച്ചെത്താനും ലേറ്റ് ആവും…” “എന്താ ഇപ്പോൾ ഇങ്ങനെ ഒരു സമയക്രമം…?” “നൈറ്റ്‌ ഡ്യൂട്ടിയ്ക്ക് ആള് കുറവാണ്….അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തേ പറ്റുള്ളൂ…” അവൻ പറഞ്ഞതിന് അയാൾ ഒന്നമർത്തി മൂളി… ഗോപുവിനെയും അച്ഛനെയും നോക്കി നേർമയായി ഒന്ന് ചിരിച്ച് അവൻ തിരികെ നടന്നു…. ദർശൻ മുറിയിലേക്ക് കയറിചെല്ലുമ്പോൾ വർഷ ബെഡിലിരുന്ന് ഫോൺ നോക്കുന്നുണ്ടായിരുന്നു…

“കഴിഞ്ഞോ പാട്ട് കച്ചേരി…..?” ഉറക്കം മുറിഞ്ഞ ദേഷ്യത്തോടെ അവൾ ചോദിച്ചപ്പോൾ അവനവളെ തന്നെ ഉറ്റുനോക്കി… “തനിക്കെന്താ വർഷേ അതുങ്ങളോടിത്ര കലി…. കുട്ടികളല്ലേ…. അപ്പൊ പിന്നെ ബഹളമൊക്കേ ഉണ്ടായെന്ന് വരാം…” “അതിന് ബഹളം വയ്ക്കേണ്ടെന്ന് ആര് പറഞ്ഞു…. അത് സ്വൊന്തം വീട്ടിൽ നിന്നായിരിക്കണം എന്ന് മാത്രം…ഞാറാഴ്ച്ച ആയിട്ട് സ്വൊസ്ഥമായിട്ട് ഒന്നുറങ്ങാനും സമ്മതിക്കില്ല….” “അതിന് നിനക്ക് എന്ത് ഞാറാഴ്ച വന്നിരിക്കുന്നു…. ഫുൾ ടൈം തീറ്റയും…ഉറക്കവും…ഫോണിൽ കുത്തിയിരിക്കലും തന്നെയല്ലേ പണി…. തന്നോട് ഞാൻ പറഞ്ഞതല്ലേ പിജിയ്ക്ക് ജോയിൻ ചെയ്യാൻ…. അത് കേട്ടില്ല… വല്ല പി എസ് സി കോച്ചിംഗിനും ചേരാൻ പറഞ്ഞാൽ അതിനും വയ്യാ…

പിന്നെ താൻ ഇത്രേം കാലം പഠിച്ചതെന്തിനാ…. ആരെ ബോധിപ്പിക്കാനാ…” മറുത്ത് പറയാൻ വാക്കുകൾ ഒന്നും കിട്ടാതെ അവൾ തപ്പിത്തടഞ്ഞു… “എനിക്ക് പഠിക്കാൻ വയ്യാ അത്ര തന്നെ…” “അതാ ഞാനും പറഞ്ഞത് നിനക്കൊന്നിനും വയ്യാ…. കുറ്റം പറയാനും തർക്കിക്കാനും ഒഴികെ… പെൺകുട്ടികളായാൽ പഠിച്ചു ജോലി നേടി സ്വൊന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം…. അല്ലാതെ എന്നും ഒരാളെ ആശ്രയിച്ചു ജീവിക്കാൻ ശ്രമിക്കരുത്… അല്ലെങ്കിൽ തന്നെ നിനക്കിവിടെ എന്ത് കുറവുണ്ടായിട്ടാ… നിന്നോട് പഠിക്കാൻ പറയണത്തിലും നല്ലത് ഗോപുവിനോടെങ്ങാൻ പറയണതാ…

അതിനാവുമ്പോൾ അനുസരണാ ശീലം ഉണ്ട്….” “നിർത്തുന്നുണ്ടോ ദർശേട്ടാ….. എന്ത് പറഞ്ഞാലും ഒരു ഗോപു…. എങ്കിൽ പിന്നെ അവളെ കെട്ടികൂടായിരുന്നോ….?” വെറുപ്പോടെ പല്ലു ഞെരിച്ചവൾ പറഞ്ഞു…. പൊട്ടി വരുന്ന ചിരി കടിച്ചു പിടിച്ചവൻ ഗൗരവം നടിച്ചു…. “ആ…. ഇനിയിപ്പോ പറഞ്ഞിട്ടെന്താ അബദ്ധം പറ്റിപ്പോയില്ലേ….” നെടുവീർപ്പോടെ അവൻ തുടർന്നു….രോഷം അടക്കവയ്യാതെ വർഷ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു… ഇനിയും തർക്കിച്ചാൽ തന്റെ നിയന്ത്രണം വിട്ടു പോകുമെന്ന് ഉറപ്പുള്ളതിനാൽ പതിയെ വാഷ് റൂമിലേക്ക്‌ നടന്നു… ഗോപുവിന്റെ മുഖം ഓർക്കേ അവളുടെ മുഖമൊക്കെ ദേഷ്യം കൊണ്ട് ചുവന്നു…. രക്തം തിളച്ചു….

അവളെ കൊല്ലാനുള്ള ദേഷ്യം തോന്നി…വർഷയ്ക്ക് ഗോപുവിനോടുള്ള വെറുപ്പിന്റെ ആഴമറിയാതെ ചുണ്ടിൽ ചിരിയോളിപ്പിച്ചു ദർശനും അവളുടെ മുഖഭാവങ്ങൾ നോക്കി കാണുന്നുണ്ടായിരുന്നു…. “കുശുമ്പി….. വേതാളം…..” “വല്ലതും പറഞ്ഞോ….?” തിരിഞ്ഞു നോക്കി അവൾ ചോദിച്ചപ്പോളാണ് ആത്മഗതം പുറത്തുവന്നതായി അവൻ മനസ്സിലാക്കിയത്…തുറിച്ചു നോക്കി തന്റെ ഉത്തരത്തിനായി കാതോർത്തു നിൽക്കുന്നവളെ നോക്കി ഒന്നുമില്ലെന്ന് ചുമൽ കൂച്ചി… അവൾ വാഷ് റൂമിൽ കയറി വാതിലടയ്ക്കാൻ കാത്തിരുന്നപോലെ ഒന്നു കൂടി ഇത്തിരി ഉച്ചത്തിൽ പറഞ്ഞു “വേതാളം വർഷ….”.

മുൻപൊരിക്കൽ ചോക്ലേറ്റ് കൊടുത്ത സ്നേഹത്തിൽ വർഷയ്ക്ക് തന്റെ കൂട്ടുകാർ ഇട്ടു കൊടുത്ത പേര് ഗോപു രഹസ്യമായി കാതിൽ പറഞ്ഞത് അവന് ഓർമ വന്നു…അതോർത്തോർത്ത് വീണ്ടും വീണ്ടും ചിരിച്ചു… ❤❤❤❤❤ ഹോസ്പിറ്റലിലേക്ക് പോവാൻ തയ്യാറായി താഴേക്ക് വരുമ്പോൾ ഉമ്മറത്തിരുന്ന് തന്റെ അച്ഛനൊപ്പം പത്രം വായിക്കുന്ന ഗോപുവിനെയാണ് ദർശൻ കണ്ടത്… പത്രത്തിലെ വലിയ അക്ഷരങ്ങൾ തപ്പിത്തടഞ്ഞവൾ അമ്മാവന്റെ സഹായത്തോടെ കൂട്ടി വായിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…ഇടയ്ക്ക് തഞ്ചം കിട്ടുമ്പോൾ അമ്മാവന്റെ മുഖത്തിരിക്കുന്ന കണ്ണട എടുത്ത് മുഖത്ത് വയ്ച്ചു അതിലൂടെ ചുറ്റും നോക്കിക്കാണുന്നുണ്ട്…

നല്ല പവറുള്ള കണ്ണടയിലൂടെ കാണുന്ന കാഴ്ചകളിൽ അത്ഭുതം തോന്നി കണ്ണട മാറ്റിയും പിന്നെയും വയ്ച്ചും വിശദമായി നോക്കിക്കൊണ്ടിരുന്നു….അവളുടെ നോട്ടം ഒന്ന് തെറ്റിയപ്പോളേക്കും തന്റെ കണ്ണട വീണ്ടെടുത്ത് അയാൾ പത്രം വായന തുടർന്നു… ഒന്ന് കൂടി തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോളെക്കും തന്ത്രപരമായി അയാൾ കണ്ണട മടക്കി കയ്യിൽ വയ്ച്ചു പിന്നിലേക്ക് ഒളിപ്പിച്ചു പിടിച്ചു…എത്രയൊക്കെ ശ്രമിച്ചിട്ടും ഇനി കിട്ടില്ലെന്ന്‌ ബോധ്യം വന്നതോടെ ചുണ്ട് പിളർത്തിയവൾ അയാളെ ഒന്ന് നോക്കി…. മുഖം വീർപ്പിച്ചു… കവിളുകൾ വീർപ്പിച്ചു ഇരു കയ്യിലും മുഷ്ടി ചുരുട്ടിപ്പിടിച്ചു കുത്തിപൊട്ടിച്ചു… പിണക്കം തീരാതെയവൾ ഉമ്മറപ്പടിയിൽ ഇരുന്ന് തന്റെ ഷൂവിന്റെ ക്യാൻവാസ് കെട്ടുന്ന ദർശനടുത്തായി ചെന്നിരുന്നു…

ഇരുകൈകളിലുമായി മുഖം ഊന്നിവയ്ച്ചു… ഇടയ്ക്കിടെ ദർശനെയും അമ്മാവനെയും ഇടം കണ്ണിട്ട് നോക്കുന്നുണ്ട്… അമ്മാവൻ നോക്കുമ്പോൾ മാത്രം മുഖം വെട്ടിച്ചു മിണ്ടാതിരുന്നു…. “നമ്മൾക്കിങ്ങനെ പാട്ടും കളിയുമായി ഇരുന്നാൽ മതിയോ… പഠിച്ചു വലിയ ആളാവണ്ടേ….?” ദർശന്റെ ചോദ്യം കേട്ടവൾ ഒന്നും മനസ്സിലാവാതെ തല ചെരിച്ചു നോക്കി.. “എന്താ ഗോപുന് പഠിക്കണ്ടേ…?” അവൾക്ക് നേരെ മുഖമടുപ്പിച്ചവൻ വീണ്ടും ചോദിച്ചപ്പോൾ ആ കണ്ണുകൾ കുഞ്ഞു നക്ഷത്രങ്ങളായി…ചുണ്ടിൽ ആരെയും മയക്കുന്നൊരു പുഞ്ചിരി വിരിഞ്ഞു…അത്യധികം ആവേശത്തോടെ ഇരുവശത്തെക്കും തലയാട്ടി… “ഗോപുനെ പഠിപ്പിക്കുവോ….?” “പിന്നെന്താ…. പഠിച്ചിട്ട് വേണ്ടേ നമുക്ക് തപ്പിത്തടയാതെ വേഗത്തിൽ വായിക്കാൻ…

എന്നിട്ട് വായിച്ചു വായിച്ചു എല്ലാവരെയും തോല്പ്പിക്കണം….” തന്റെ അച്ഛന് നേരെ കണ്ണെറിഞ്ഞവൻ കണ്ണിറുക്കി പറഞ്ഞപ്പോൾ അതിഷ്ടപ്പെട്ടത് പോലവൾ കൈ കൊട്ടി പൊട്ടി ചിരിച്ചു…എന്നാൽ പെട്ടന്ന് തന്നെ ചിരി മാഞ്ഞു… “അതിന് ഗോപുന് പുസ്തകം ഇല്ലല്ലോ …. സ്ലേറ്റും…. പെൻസിലും… ഒന്നും ഇല്ലല്ലോ….?” സങ്കടത്തോടെ പറഞ്ഞവൾ മുഖം ചുളിച്ചു… “അതിന് അതെല്ലാം നമുക്ക് വാങ്ങാല്ലോ…പുതു പുത്തൻ തന്നെ വാങ്ങിക്കളയാം…” അവന്റെ വാക്കുകൾ ആ പെണ്ണിനെ വല്ലാതെ സന്തോഷിപ്പിച്ചു…. “ആണോ ഗോപുന് ദചേട്ടൻ വാങ്ങി തരുവോ….” കണ്ണുവിടർത്തിയവൾ ചോദിച്ചപ്പോൾ അവന് ചിരി വന്നു… “പിന്നില്ലാതെ…. എന്റെ സുന്ദരിക്കോതയ്ക്ക് ഞാൻ അല്ലാതെ പിന്നാരാ ഇതൊക്കെ വാങ്ങിത്തരിക…”

അവളുടെ രണ്ടു ഭാഗവും പിന്നിയിട്ട മുടി പതിയെ പിടിച്ചു വലിച്ചവൻ ചോദിച്ചു….അതിഷ്ടപ്പെട്ടപോലെയവൾ കുലുങ്ങി ചിരിച്ചു…. പിന്നെപ്പോഴോ പതിയെ ആ ചിരി മാഞ്ഞു… “അപ്പൊ ദച്ചേട്ടന് ഗോപുനെ ഇഷ്ടാണോ…?” ഒരുറപ്പിനായവൾ വീണ്ടും ചോദിച്ചു… “പിന്നെ…. ദച്ചേട്ടന് ഗോപുനെ ഒത്തിരി ഇഷ്ടാണ്….” “അപ്പൊ വർഷേച്ചി നുണ പറഞ്ഞതാണല്ലേ….?” പൊടുന്നനെ അങ്ങനൊരു ചോദ്യം കേട്ടതോടെ അമ്മാവനും പത്രത്തിൽ നിന്നും മുഖമുയർത്തി നോക്കി. “വർഷേച്ചി എന്ത് പറഞ്ഞു….?” ദർശനും സംശയമായി “വർഷേച്ചി പറഞ്ഞിട്ടുണ്ടല്ലോ ദചേട്ടന് ഗോപുനെ ഇഷ്ടമല്ലെന്ന്…”

സങ്കടത്തോടെയവൾ പറഞ്ഞപ്പോൾ അവൻ വല്ലാതായി…ഇടയ്ക്ക് തന്റെ അച്ഛനിലേക്ക് നോട്ടം ചെന്നപ്പോൾ അവളതിനപ്പുറവും പറയും എന്നൊരു ഭാവമായിരുന്നു ആ മുഖത്ത്… “അപ്പോൾ വർഷേച്ചി നുണച്ചിയാ ല്ലേ…. നുണ പറഞ്ഞില്ലേ ഗോപുനോട്…?” വീണ്ടുമവൾ ചോദിച്ചപ്പോൾ ഉത്തരമെന്നോണം അവൻ വെറുങ്ങനെ ഒന്ന് തലയാട്ടി… “നുണച്ചി…എപ്പോഴും നുണയേ പറയൂ…..നുണ പറഞ്ഞാൽ കണ്ണിൽ കുരു വന്ന് പോട്ടൂല്ലോ….” പേടിപ്പിക്കാനെന്ന വണ്ണം വലിയൊരു കാര്യം പോലെ അവൾ പറഞ്ഞു… “എന്നിട്ട്?….. വർഷേച്ചി പിന്നെന്ത് നുണയാ ഗോപുനോട് പറഞ്ഞെ….”

ഇനിയെന്തെന്ന ആകാംഷയിൽ അവൻ ചോദിക്കുമ്പോൾ അവൾ കഴുത്തു നീട്ടി അകത്തേക്ക് എത്തി നോക്കി….ആരും വരുന്നില്ലെന്ന് ഉറപ്പിച്ചു…അവനോട് എന്തോ പറയാനാഞ്ഞതും പെട്ടെന്ന് ദർശന്റെ ഫോൺ ശബ്ദിച്ചു… അവളെയൊന്നു നോക്കി അവൻ ഫോണെടുത്ത് ചെവിയോട് ചേർത്തു….ഫോണിൽ സംസാരിക്കുന്ന ദർശനെയും അകത്തെക്കും മാറി മാറി നോക്കുമ്പോൾ വർഷ പറഞ്ഞു ഫലിപ്പിച്ച നുണക്കഥകളുടെ ചുരുളുകൾ അവന് മുൻപിൽ തുറന്നു കാട്ടാനായി കാത്തിരിക്കുകയായിരുന്നു ആ പെണ്ണ്…😊.. തുടരും….

അത്രമേൽ: ഭാഗം 10

Share this story