വിവാഹ മോചനം : ഭാഗം 12

വിവാഹ മോചനം :  ഭാഗം 12

എഴുത്തുകാരി: ശിവ എസ് നായർ

“രാഹുലേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്… ” അപർണ ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു. രാഹുൽ അവളെയൊന്നു നോക്കിയ ശേഷം പതിയെ ബെഡിൽ എഴുന്നേറ്റിരുന്നു. “എന്താ…” അവൻ അവളുടെ മുഖത്തേക്കുറ്റു നോക്കി. “എനിക്ക് ഡിവോഴ്സ് വേണം ” അവളുടെ ചിലമ്പിച്ച സ്വരം അവന്റെ കാതിൽ ഇടിത്തീ പോലെ പെയ്തിറങ്ങി. ഒരുനിമിഷം അപർണ്ണ പറഞ്ഞത് കേട്ട് രാഹുൽ ശക്തിയായി ഞെട്ടി. കേട്ടത് വിശ്വസിക്കാനാവാതെ നിറഞ്ഞ കണ്ണുകളോടെ രാഹുൽ അവളെ തന്നെ തുറിച്ചുനോക്കി ഇരുന്നു.

അപർണ്ണയുടെ മുഖത്തെ ഭാവമെന്താണെന്ന് അവന് മനസിലാക്കാനായില്ല. ശ്വാസമെടുക്കാൻ പാടുപെട്ടു കൊണ്ട് രാഹുൽ അവളെ കണ്ണുമിഴിച്ചു നോക്കി. “താൻ… താനിപ്പോ എന്താ പറഞ്ഞത്?…” ഉള്ളിലേക്ക് ശ്വാസം വലിച്ചു വിട്ടുകൊണ്ട് രാഹുൽ ചോദിച്ചു. “എനിക്ക് ഡിവോഴ്സ് വേണം… നമുക്ക് പിരിയാം. അതാണ് നമ്മൾക്ക് രണ്ടാൾക്കും നല്ലത്. ഞാൻ രാഹുലേട്ടന് യോജിച്ച പെണ്ണല്ല. ഞാൻ ചീത്തയാ.” ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു. “അപ്പൂ… എന്താ പറയുന്നതെന്ന് നന്നായി ആലോചിച്ചിട്ടാണോ ഈ പറയണത്?” കുടിച്ചിറക്കിയ മദ്യത്തിന്റെ ആലസ്യം അവനെ വിട്ടൊഴിഞ്ഞിരുന്നു.

“നന്നായി ആലോചിച്ചെടുത്ത തീരുമാനം തന്നെയാ. എന്നെ വേണ്ടെന്നു കുറച്ചു മുൻപല്ലേ രാഹുലേട്ടൻ പറഞ്ഞത്…. എന്നിട്ടിപ്പോ ഞാൻ പറഞ്ഞത് കേട്ട് ഇത്ര ഞെട്ടേണ്ടേ ആവശ്യമെന്താണ്??” അപർണ്ണ അവനെ തന്നെ നോക്കി. അവളുടെ ചോദ്യം കേട്ടവൻ പകച്ചിരുന്നു പോയി. “എന്റെ കൂടെ ജീവിക്കുന്നത് നിനക്ക് ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഞാൻ ഒഴിഞ്ഞു മാറി തരാമെന്ന് പറഞ്ഞത്. നീ സന്തോഷത്തോടെ കഴിഞ്ഞാൽ മതി അപ്പു.” അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ ഒച്ച ഇടറി പോയിരുന്നു. “എന്റെ സന്തോഷമാണ് ഏട്ടന് വലുതെങ്കിൽ എനിക്ക് ഡിവോഴ്സ് തന്നൂടെ.

ഏട്ടന്റെയൊപ്പം ജീവിക്കാനുള്ള യോഗ്യത എനിക്കില്ല. ഈ മുറിയിൽ നമ്മൾ ഒരുമിച്ചു കഴിയുന്ന ഓരോ നിമിഷവും കുറ്റബോധത്താൽ വെന്തുരുകുകയാണ് ഞാൻ. എനിക്ക് ഈ ബന്ധത്തിൽ നിന്നൊരു മോചനം വേണം….” പതർച്ചയോടെ അവൾ പറഞ്ഞു. “ഞാൻ ഡിവോഴ്സ് തന്നാൽ നിനക്ക് സന്തോഷമാകുമോ??” വേദനയോടെ രാഹുൽ ചോദിച്ചു. “സന്തോഷത്തിനു വേണ്ടിയല്ല… സമാധാനത്തോടെ കുറ്റബോധമില്ലാതെ തലയുയർത്തി എനിക്ക് ജീവിക്കണമെങ്കിൽ ഈ ബന്ധം വേർപിരിഞ്ഞേ മതിയാകു. വെറുതെ രാഹുലേട്ടന്റെ ലൈഫിൽ ഞാൻ കടിച്ചു തൂങ്ങി കിടന്ന് ഏട്ടന്റെ ജീവിതം കൂടി നശിപ്പിക്കുകയാണ് ചെയ്യുന്നത്.”

“ശരി നിന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ…” നിറഞ്ഞു തുളുമ്പിയ കണ്ണുകൾ അവളിൽ നിന്നൊളിപ്പിക്കാൻ പാടുപെട്ടു കൊണ്ട് അവൻ മേശവലിപ്പിൽ നിന്നും സ്വന്തം ഡയറിയുമെടുത്തു കൊണ്ട് മട്ടുപാവിലേക്ക് പോയി. വേദനയോടെ അവൻ പോകുന്നതും നോക്കി അപർണ്ണ കൈമുട്ടിന്മേൽ മുഖം ചായ്ച്ചു ബെഡിലേക്ക്കിടന്നു. കണ്ണുകൾ അടച്ചു കിടന്നിരുന്നെങ്കിലും ഉറങ്ങാൻ അവൾക്ക് കഴിയുമായിരുന്നില്ല. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി തലയിണയെ നനയിച്ചു കൊണ്ടിരുന്നു. ശ്രീജിത്തിന്റെ ദന്തക്ഷതമേറ്റ് മുറിഞ്ഞ കഴുത്തിലെ മുറിപ്പാടിൽ അവൾ മെല്ലെ തടവി.

മട്ടുപാവിലെ ആട്ടുകട്ടിലിൽ കണ്ണീരോടെ കിടക്കുകയായിരുന്നു രാഹുൽ. അവൾ പറഞ്ഞ ഓരോ വാക്കുകളും അവന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു. സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൻ ഡയറി തുറന്നു എഴുതാൻ തുടങ്ങി. “ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ അപ്പു എന്നോടീ ക്രൂരത. ഇത്രയും വർഷം ഞാൻ കാത്തിരുന്നത് എന്റെ നിരപരാധിത്വം തെളിയിക്കാനായിരുന്നു. പണ്ടേ എന്റെ മനസ്സിൽ കയറികൂടിയ പെണ്ണാണ് നീ. എത്രയൊക്കെ നീയെന്നെ വെറുത്തിട്ടും ആട്ടിപായിച്ചിട്ടും നിന്നെ കൂടുതൽ കൂടുതൽ ഞാൻ സ്നേഹിച്ചു. പക്ഷേ എന്ത് കൊണ്ട് നീയെന്നെ മനസിലാക്കിയില്ല.

എന്നും എനിക്ക് വേദന മാത്രമാണല്ലോ അപ്പു നീ തരുന്നത്. നിന്നെ വേർപിരിയാൻ എനിക്കൊരാഗ്രഹവുമില്ല. പക്ഷേ നീ ഡിവോഴ്സ് ആവശ്യപ്പെട്ടാൽ എനിക്ക് തരാതിരിക്കാൻ കഴിയില്ല. ശ്രീജിത്ത്‌ നല്ലവനാണോ ചീത്തയാണോ എന്നെനിക്കറിയില്ല. പക്ഷേ അവനൊപ്പമുള്ള ലൈഫ് നിനക്ക് സന്തോഷം തരുമെങ്കിൽ അത് മതി എനിക്ക്. മനസ്സ് കല്ലാക്കികൊണ്ട് നിന്നെ ഞാൻ സ്വന്തത്രയാക്കുകയാണ്…. എന്നെ നീ സ്നേഹിക്കണമെന്ന് ഞാൻ വാശിപിടിക്കുന്നത് ശരിയല്ലല്ലോ…. നിനക്ക് നിന്റേതായ ശരികളും ഉണ്ടാകും. ഇന്ന് ഞാൻ ഏറ്റവുമധികം വേദനിച്ച ദിവസമാണ്.

എന്നിലെ ആണത്വം നീ കാരണം അപമാനിക്കപ്പെട്ടു…. അതുകൊണ്ടാണ് ഞാൻ കുടിച്ചത്… നീ പറഞ്ഞത് ശരിയാ നമ്മൾ പിരിയേണ്ടവരാണ്…. മനസിലൊരാളെ ഇട്ടുകൊണ്ട് മറ്റൊരുത്തനോടൊപ്പം ജീവിച്ചു ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലത് നീ അവനോടൊപ്പം ജീവിതം ആഘോഷമാക്കുന്നതാണ്…” മനസ്സിലെ ദുഃഖങ്ങൾ ഡയറി താളുകളിലേക്ക് പകർന്നവൻ തന്റെ വേദനകൾ മറക്കാൻ ശ്രമിച്ചു. കരഞ്ഞു തളർന്ന രാഹുൽ എപ്പോഴോ ഉറങ്ങിപോയിരുന്നു. വെളുക്കുവോളം അവനാ ആട്ടുകട്ടിലിൽ കിടന്നു. അഞ്ചുമണിക്ക് അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടുകൊണ്ടാണ് അവൻ കണ്ണുതുറന്നത്.

തലേ ദിവസം നന്നായി കുടിച്ചിരുന്നതിനാൽ അവന് കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. തല പൊട്ടിപിളരുന്ന വേദനയോടെ രാഹുൽ വേച്ചു വേച്ചു മുറിയിലേക്ക് നടന്നു. ചെന്നപാടെ ഡയറി മേശയുടെ മേലേക്ക് എറിഞ്ഞുകൊണ്ട് അവൻ കട്ടിലിൽ കയറി കിടന്നു. എന്നും രാവിലെ നാലുമണിക്ക് എഴുന്നേറ്റു കുളിച്ചു അമ്പലത്തിൽ നിർമ്മാല്യം തൊഴാൻ പോകുന്ന രാഹുലിന്റെ പതിവ് ശീലം അന്നാദ്യമായി തെറ്റി. അവൻ മുറിയിലേക്ക് വന്നതും അരികിൽ കിടന്നതുമെല്ലാം അപർണ്ണ അറിയുന്നുണ്ടായിരുന്നു.

കണ്ണുകൾ തുറന്നവൾ അലിവോടെ അവനെ നോക്കി. രാത്രി മുഴുവനും ഉറങ്ങാതെ അവൻ വരുന്നത് നോക്കി കിടക്കുകയായിരുന്നു അപർണ്ണ. കിടന്നുയുടനെ തന്നെ അവൻ വീണ്ടും ഉറക്കംപിടിച്ചു കഴിഞ്ഞിരുന്നു. അവൾ പതിയെ എഴുന്നേറ്റ് അവനരികിലായി ഇരുന്നു. കുറേ സമയം അവൾ അവനെ തന്നെ നോക്കി ഇരുന്നു. കണ്ണുകളിൽ നീർ വന്നു മൂടിയപ്പോൾ അപർണ്ണ കണ്ണുകൾ ഇറുക്കെ അടച്ചു. അവളുടെ മനസിലേക്ക് തലേദിവസം ജിതിന്റെ വീട്ടിൽ വച്ചു അവളെ നിസ്സഹായതയോടെ നോക്കി നിന്ന രാഹുലിന്റെ മുഖം തെളിഞ്ഞു വന്നു.

അപ്പോഴത്തെ അവന്റെ മുഖംഭാവം മനസിലേക്ക് തികട്ടി കയറി വന്നതും നിയന്ത്രണം വിട്ടവൾ പൊട്ടിക്കരഞ്ഞു. ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി അവൾ വായ സാരി കൊണ്ട് പൊത്തി പിടിച്ചു. “മാപ്പ് രാഹുലേട്ടാ…. മാപ്പ്… ഞാൻ കാരണം ഏട്ടനൊരുപാട് വേദനിക്കുന്നുണ്ടെന്ന് അറിയാം. എല്ലാത്തിനും മാപ്പ്. ഏട്ടന്റെ ജീവിതത്തിൽ നിന്നും എത്രയും വേഗം പോയിതരാം. ഞാൻ…. ഞാൻ… പിഴച്ചവളാ…. ഞാൻ ഈ സ്നേഹം അർഹിക്കുന്നില്ല…” ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അപർണ്ണ അവന്റെ കാലുകളിൽ മുഖമമർത്തി. അപ്പോഴും അതൊന്നുമറിയാതെ ബോധമില്ലാണ്ട് ഉറങ്ങുകയായിരുന്നു രാഹുൽ.

ഉറക്കത്തിൽ അവൻ തിരിഞ്ഞു കിടന്നതും അപർണ്ണ വേഗം അവന്റെ കാൽക്കൽ നിന്നും എഴുന്നേറ്റു മാറി. ബെഡ്ഷീറ്റു വലിച്ചെടുത്ത് രാഹുലിനെ പുതപ്പിച്ച ശേഷം അവൾ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു. ഷവർ തുറന്നു വിട്ട ശേഷം അപർണ്ണ അതിന്റെ ചുവട്ടിലേക്ക് കയറി നിന്നു. ശിരസിലൂടെ തണുത്ത വെള്ളം ഒലിച്ചിറങ്ങുമ്പോൾ അവളുടെ ഉള്ള് നീറിപുകഞ്ഞു. അവളുടെ മനസ്സ് പോലെ തന്നെ ശരീരവും ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. മനസൊന്നു തണുക്കും വരെ അവൾ ഷവറിനു ചുവട്ടിൽ തന്നെ അങ്ങനെ നിന്നു. ****

തലേ ദിവസത്തെ ഹാങ്ങ്‌ ഓവർ വിട്ടുമാറാത്തതിനാൽ രാഹുൽ അന്ന് ഓഫീസിൽ പോയിരുന്നില്ല. അച്ഛനോടും അമ്മയോടും തലവേദനയാണെന്ന് പറഞ്ഞ് വൈകുന്നേരം വരെ അവൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. അന്നത്തെ ദിവസം രാഹുൽ ഒന്നും കഴിച്ചതുമില്ലായിരുന്നു. അവന്റെ വിശപ്പൊക്കെ തലേന്ന് തന്നെ കെട്ടടങ്ങിയിരുന്നു. വൈകുന്നേരം അലക്കി ഉണക്കിയ തുണികൾ അപർണ്ണ അയൺ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പുറത്തേക്ക് പോകാനൊരുങ്ങി രാഹുൽ അവളുടെ അടുത്തേക്ക് വന്നത്. “അപ്പു നമുക്ക് ഒന്ന് പുറത്തു പോയി വരാം..”

“എവിടേക്ക്…” ആകാംക്ഷയോടെ അപർണ്ണ ചോദിച്ചു. “എന്റെ ഫ്രണ്ട് മഹി അഡ്വക്കേറ്റ് ആണ്… അവനെ കാണാനാ നമ്മൾ പോകുന്നത്…” “ഡിവോഴ്സിന്റെ കാര്യത്തിന് വേണ്ടിയാണോ.?” നെഞ്ചിടിപ്പോടെ അവൾ അവനെ നോക്കി ചോദിച്ചു. “അതേ… അല്ലെങ്കിലും എനിക്ക് അവനെ കാണേണ്ട ഒരാവശ്യമുണ്ടായിരുന്നു. പിന്നെ നമ്മുടെ കാര്യങ്ങളൊക്കെ അറിയാവുന്ന ആളുമാണ് മഹി. അന്ന് കോളേജിൽ എന്റൊപ്പം ഉണ്ടായിരുന്നതും മഹിയാണ്. ഈ കാര്യത്തിന് നമുക്ക് സമീപിക്കാൻ പറ്റിയതും അവനാ.” “നമ്മൾ എപ്പോഴാ പോകുന്നത്..?” “താൻ വേഗം റെഡിയായിക്കോളൂ…

നമുക്ക് വേഗം ഇറങ്ങാം .” “ശരി…” “എന്നാ വേഗം ഒരുങ്ങി വരൂ… ഞാൻ താഴെ വെയിറ്റ് ചെയ്യാം. എവിടെ പോകുന്നെന്ന് അമ്മ ചോദിച്ചാൽ വെറുതെ പുറത്തേക്ക് പോകുന്നതാണെന്ന് പറഞ്ഞാൽ മതി.” “ആാാഹ്…” അവളൊന്ന് മൂളിയ ശേഷം തേച്ചു വച്ച ഡ്രെസ്സുകൾ എടുത്തു അലമാരയിലേക്ക് വച്ചു. കാറിന്റെ കീയും എടുത്തുകൊണ്ടു രാഹുൽ താഴേക്കു പോയി. ഹാളിൽ ടീവി കണ്ടു കൊണ്ടിരുന്ന നിർമ്മല അവൻ ഇറങ്ങി വരുന്നത് കണ്ടപ്പോൾ എഴുന്നേറ്റു. “നീയിതെവിടെ പോവാ മോനെ… ” “വെറുതെ പുറത്തേക്കൊന്നു ഇറങ്ങാമെന്ന് വച്ചമ്മേ…” “നിന്റെ തല വേദന മാറിയോടാ…”

അവനരികിലേക്ക് വന്ന് ശിരസ്സിൽ അരുമയായി തഴുകി കൊണ്ട് നിർമല ചോദിച്ചു. “ആ അമ്മേ… അതൊക്കെ എപ്പോഴേ മാറി.” “നീ പുറത്തേക്ക് പോവാൻ ഇറങ്ങിയതാണോ മോനെ…” അങ്ങോട്ടേക്ക് വന്ന സുധാകരൻ മാഷ് ചോദിച്ചു. “ആഹ്..” അവൻ അച്ഛനെ നോക്കി പുഞ്ചിരി തൂകി. “എങ്കിൽ നിനക്ക് അപർണ്ണയെ കൂടി കൊണ്ട് പോകയിരുന്നില്ലെടാ… നിങ്ങൾ ഒരുമിച്ചു പുറത്തു പോകുന്നത് തന്നെ വളരെ കുറവല്ലേ…” “ഞാനിത് ചോദിക്കാൻ തുടങ്ങുവായിരുന്നു സുധാകരേട്ടാ…” ഭർത്താവിനെ പിന്താങ്ങി കൊണ്ട് നിർമല പറഞ്ഞു. “വിവാഹം കഴിഞ്ഞു മാസം എഴ് കഴിഞ്ഞു… വല്ലപ്പോഴുമാണ് രണ്ടുപേരും ഒരുമിച്ചു പുറത്തു പോകുന്നത്. നിനക്കെപ്പോഴും ഒരു ജോലിതിരക്ക്.

അതൊരു പാവം കൊച്ചയത് കൊണ്ട് നിന്നോടൊരു പരാതിയും പറയുന്നില്ല.. അവൾ പറഞ്ഞില്ലെങ്കിലും നിനക്ക് അവളെയും വിളിച്ചോണ്ട് ഇടയ്ക്കൊക്കെ പുറത്തേക്ക് പൊയ്ക്കൂടേ.” സുധാകരൻ മാഷ് അൽപ്പം ഗൗരവത്തിൽ പറഞ്ഞു. “അപ്പുവും വരുന്നുണ്ട് അച്ഛാ…” രാഹുൽ ഇരുവരെയും നോക്കി പറഞ്ഞു. സുധാകരൻ മാഷ് എന്തോ പറയാൻ തുടങ്ങിയപ്പോഴായിരുന്നു രാഹുലിന്റെ മൊബൈൽ റിംഗ് ചെയ്തത്… അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി. മഹിയുടെ പേര് കണ്ടതും രാഹുൽ വേഗം പുറത്തേക്ക് പോയി. “ഹലോ മഹി…”

അവൻ ഫോൺ ചെവിയോട് ചേർത്തു. “എടാ ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാനാ നിന്നെ വിളിച്ചത്.” മഹി പറഞ്ഞു. “എന്താണെങ്കിലും നമുക്ക് നേരിൽ സംസാരിക്കാടാ. ഞാൻ അങ്ങോട്ടാ വരുന്നത്. നിന്നെ കാണേണ്ട ഒരാവശ്യമുണ്ടായിരുന്നു.” “എങ്കിൽ നീ വേഗം വാ… നമുക്ക് നേരിൽ കണ്ടു സംസാരിക്കാം.. കാര്യം കുറച്ചു സീരിയസ് ആണ്.” “എന്റെ കൂടെ അപർണ്ണയുമുണ്ട്…” “ആണോ എങ്കിൽ കാര്യങ്ങൾ എളുപ്പമായി…” മഹിയുടെ ശബ്ദത്തിൽ പതിവിൽ കവിഞ്ഞ ആവേശം പ്രകടമായിരുന്നു. “എങ്കിൽ ശരിയെടാ ഞാൻ കാൾ കട്ട് ചെയ്യുവാ… ” അപർണ്ണ വരുന്നത് കണ്ടു രാഹുൽ സംസാരം അവസാനിപ്പിച്ചു ഫോൺ കട്ട് ചെയ്തു.

“അമ്മേ ഞങ്ങൾ പോയിട്ട് വരാം…” രാഹുലും അപർണ്ണയും അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു. “പതുക്കെ വന്നാമതി രണ്ടാളും… കുറേകാലം കൂടി പുറത്തേക്ക് പോവുന്നതല്ലേ…” അമ്മ പറഞ്ഞു. അപർണ്ണ ഇടത് വശത്തെ ഡോർ തുറന്നു കാറിലേക്ക് കയറി അവനരികിലായി ഇരുന്നു. “ശരിയമ്മേ.. ഞങ്ങൾ പോയിട്ട് വരാം..” പുഞ്ചിരിയോടെ അവർക്ക് നേരെ കൈവീശി കാണിച്ചു കൊണ്ട് രാഹുൽ കാർ സ്റ്റാർട്ട്‌ ചെയ്തു. അവളും അവർക്ക് നേരെ കൈവീശി കാണിച്ചു. ************** ഹൈവേയിലൂടെ അവരുടെ കാർ കുതിച്ചു പാഞ്ഞു. മഹിക്ക് എന്താണ് പറയാനുള്ളതെന്ന് രാഹുലിന് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളു.

കോളേജിൽ വച്ച് അപർണ്ണയെ റേപ്പ് ചെയ്യാൻ ശ്രമിച്ചവനെ കണ്ടെത്തിയെന്ന് അറിയിക്കാനാണ് മഹി വിളിച്ചതെന്ന് രാഹുൽ മനസിലുറപ്പിച്ചു. “അപ്പു നിനക്ക് ഞാൻ തന്ന വാക്ക് പാലിക്കുകയാണ്… ഞാൻ അവന്റെ തൊട്ടടുത്തെത്തി കഴിഞ്ഞു…” അവൻ സ്വയം പിറുപിറുത്തു. കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ ഇടം കൈകൊണ്ട് ഒതുക്കി പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന അവളെ രാഹുൽ പ്രണയപൂർവം നോക്കി…..തുടരും

വിവാഹ മോചനം: ഭാഗം 11

Share this story