അദിതി : ഭാഗം 11

അദിതി : ഭാഗം 11

എഴുത്തുകാരി: അപർണ കൃഷ്ണ

എല്ലാ വർഷവും അവധികാലം ചെലവഴിക്കുന്നത് അപ്പായുടെയോ അമ്മയുടേയോ തറവാട്ടിൽ ആയിരിക്കും. കുരുത്തക്കേടുകൾ കാട്ടാൻ സ്കോപ് കൂടുതൽ അപ്പയുടെ തറവാട്ടിൽ ആയതിനാൽ ആദ്യം അങ്ങോട്ടേക്കാകും വച്ച് പിടിക്കുന്നത്. കാര്യം ഞങ്ങളുടെ അലമ്പുകൾ ലേശം കൂടുതൽ ആണേലും അധികം ആരും ഒന്നും പറയാറില്ല. കാരണം വല്യമ്മച്ചീടെ സ്ട്രോങ്ങ് സപ്പോർട്ട് കൂടെ ഉണ്ട്. ദേഷ്യം സഹിക്കാൻ വയ്യാതെ വരുമ്പോൾ അങ്കിൾമാരും ആന്റിമാരും പതിയെ പിറുപിറുക്കും “ചെകുത്താൻ കുഞ്ഞുങ്ങൾ” അന്നേരം സ്വന്തം മക്കളും ഇതിൽ പെടും എന്ന കാര്യം അവരങ്ങു മറക്കും.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നന്നാകാൻ മനസ്സില്ലാതെ ഞങ്ങൾ കുരുത്തക്കേടും കാണിച്ചു ചാവാലിപിള്ളേരെ പോലെ കാടും മലയും പറമ്പും ആറും ഒക്കെ ആയി അങ്ങ് നടക്കും. വല്യമ്മച്ചിക്കു അപ്പ കുഞ്ഞുമോൻ ആയതു കൊണ്ട്, പുള്ളിക്കാരി എന്നെ കുഞ്ഞോളെ എന്ന് വിളിക്കും, ലീന എന്നാണ് തറവാട്ടിൽ ഒഫീഷ്യൽ വീട്ടുപേര് എങ്കിലും എല്ലാപേർക്കും സ്നേഹം വരുമ്പോൾ ഞാൻ കുഞ്ഞോൾ തന്നെ ആയിരുന്നു. അതുകൊണ്ട് ഓരോ അവധിക്കാലത്തും പാഞ്ഞു പിടിച്ചു തറവാട്ടിൽ എത്താൻ ഒരു ഉൾപ്രേരണ ഉണ്ടാകും. അങ്ങനെ ഒന്നാം വര്ഷം ഡിഗ്രി പഠിക്കുന്നതിന്റെ ഇടയിൽ വേനലവധി വന്ന പാടെ ഞാൻ തറവാട്ടിലേക്ക് വണ്ടികേറി, അപ്പയും അമ്മയും പുറകെ എത്തിക്കോളും, ജീവിതം മാറിമാറിയാൻ ഉള്ള യാത്രയാണ് അതെന്നു എനിക്ക് അന്നേരം അറിയില്ലായിരുന്നു.

ഞാൻ ഒഴികെ ഉള്ള കുട്ടിച്ചെകുത്താമ്മാരൊക്കെ അവിടെ ഹാജർ ഉണ്ട്. ചെന്ന പാടെ വല്യമ്മച്ചിനെ കണ്ടതോടെ എന്റെ സ്നേഹത്തിനു ചിറകു മുളച്ചു, ബെല്ലും ബ്രേക്കും ഇല്ലാത്ത ഓട്ടം കാരണം നന്നായി തറയിൽ ഒന്ന് ഡൈവ് ചെയ്തു ഭൂമിദേവിയെ നമസ്കരിച്ചുകൊണ്ട്, ഞാൻ വല്യമ്മച്ചീടെ മുന്നിൽ തന്നെ ചെന്ന് ലാൻഡ് ചെയ്തു. കർത്താവെ….. എവിടെ ഒക്കെയോ ചളുങ്ങിയ പോലെ ഒരു ഫീലിംഗ്. അന്ത എക്സ്പ്രക്ഷൻ ഒന്നും മുഖത്ത് വരുത്താൻ പറ്റില്ല. അല്ലെങ്കിൽ തന്നെ എന്റെ വീഴ്ച ഒരു മാലപടക്കത്തിന് തിരികൊളുത്തിയ പോലുള്ള പൊട്ടിച്ചിരിക്ക് വഴി തെളിച്ചിരിക്കുവാണ്. എന്തായാലും വീണു. പിന്നെ നല്ല ഭയഭക്തിയോടെ വല്യമ്മച്ചീടെ കാൽ ഒക്കെ നമസ്കരിച്ചു കുറച്ചു വിശ്രമിച്ച ശേഷം ഞാൻ പതിയെ എഴുന്നേറ്റു.

ചുറ്റുംനിൽക്കുന്നവരുടെ മുഖത്ത് നോക്കി പല്ലു മൊത്തം കാണിച്ചു. ആരും പല്ലൊന്നും അടിച്ചു കൊഴിച്ചില്ലെന്നു കാണിക്കണ്ടേ, പക്ഷെ വല്യമ്മച്ചീടെ നോട്ടം കണ്ടു എല്ലാരും ചിരി നിർത്തിയിട്ടും രമേശിന്റെ ബൈക്ക് ഓടുന്ന പോലത്തെ ചിരി എവിടെയോ മുഴങ്ങുന്നത് കണ്ടു ഞാൻ പതിയെ തിരിഞ്ഞു നോക്കി. വേറെ ആരാ. … പന്ന പട്ടി തെണ്ടി ബിനോയ്. ഞാൻ വരുന്നതിനു മുന്നേ അവൻ പണി തുടങ്ങിയിരുന്നു. … ലവൻ പൊട്ടിച്ച വാട്ടർബലൂൺ ആണ് എന്നെ വഹിച്ചോണ്ട് വല്യമ്മച്ചീടെ മുന്നിൽ എത്തിച്ചത്. അവനെ നോക്കി ഒരു ചിരി അങ്ങട് പാസ്സ് ആക്കി. മോനെ നീ ചത്തെടാ. … എന്നതാണ് ആ ചിരിയുടെ അർഥം എന്ന് മനസിലാക്കിയ ബിനോയ് പതിയെ അവിടെ നിന്ന് വലിഞ്ഞു.

ഞാൻ എന്തായാലും അവന്റെ പുറകെ പോയില്ല. കിച്ചണിൽ നിന്നു നല്ല മണം വരുന്നുണ്ട്. ആദ്യം അങ്ങോട്ട് പോയി ചാർജ് എടുക്കട്ടേ ബാക്കിയെല്ലാം പിന്നെ. ….ദീനു…. ഞാൻ എത്തി എന്നും പറഞ്ഞു ഞാൻ അടുക്കളയിലേക്കു നടന്നു……………………….. ഇപ്പ്രാവശ്യം അവധി എന്നതിൽ ഉപരിയായി റീത്തചേച്ചിടെ മാര്യേജ് ഉണ്ട് എന്നതും തറവാട്ടിൽ വല്യ ആഘോഷത്തിന് കാരണമായി. അത് കൊണ്ട് തന്നെ കുടുംബക്കാരും ബന്ധുക്കളും ഒക്കെ കൊണ്ട് ആകപ്പാടെ നിറഞ്ഞ ഉത്സവലഹരി നിറഞ്ഞ ഒരു അവസ്ഥ. ഞാൻ കൂടി ജോയിൻ ചെയ്തതോടെ കുരുത്തക്കേടുകൾ നല്ല ജോർ ആയി. എല്ലാരും അതൊക്കെ എന്ജോയ് ചെയ്തെങ്കിലും ഒരാളുടെ മുഖത്ത് മാത്രം അനിഷ്ടം നിറഞ്ഞു നിന്നു.

വേറെ ആരുടേം അല്ല. സേറയുടെ.അവൾക്കെന്തോ എന്നെ അത്ര പോരാ. അപ്പയുടെയും അമ്മയുടെയും പ്രണയം എനിക്ക് അഭിമാനം ആണെങ്കിൽ അവൾക്കത് എന്നെ കളിയാക്കാനുള്ള മാർഗം ആണ്. ഞാൻ വരുന്ന വരെ തറവാട്ടിലെ ഏറ്റവും ചെറിയകുട്ടി എന്ന പരിഗണനയും വാത്സല്യവും ഒക്കെ അവൾക്കു സ്വന്തമായിരുന്നു. എല്ലാരുടെയും കണ്ണിലുണ്ണി. എന്നാൽ ഭൂലോകത്തെമ്മാടിയായ ഞാൻ അവതരിച്ചതോടു കൂടി അവൾ അതുവരെ അനുഭവിച്ചതിൽ ഒരു പങ്കു സ്നേഹം എന്നിലേക്ക്‌ ഒഴുകിയെത്തി. അതുകൊണ്ടാകും ലവൾക്കു എന്നെ പണ്ടേ കണ്ടുടാത്തത്. പെണ്ണ് തറവാട്ടിൽ വന്നുകഴിഞ്ഞാൽ കുറേ ജാടയും ഇട്ടു അങ്ങ് ഇരിക്കും, പോരാഞ്ഞിട്ട് എന്തോ വല്യ സംഭവം ആണെന്നുള്ള ഭാവവും.

ഞാൻ ഒക്കെ അവൾക്കു ലോക്ലാസ്സ് ഐറ്റം ആയതു കൊണ്ട്, അധികം മിണ്ടൽസ് ഒന്നും ഇല്ല, അഥവാ മിണ്ടിയാൽ തന്നെ ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറും. എനിക്ക് പിന്നെ അത് പുത്തരി അല്ലാത്ത കൊണ്ട്, നമ്മൾ ഡോണ്ട് കെയർ. എല്ലാര്ക്കും എന്നോട് ഇച്ചിരി സ്നേഹം കൂടാൻ ഒരു കുഞ്ഞു കാര്യം കൂടെ ഉണ്ട്, അതും അവൾക്കു എന്നെ കുത്തിനോവിക്കാനുള്ള വഴിയാണ്, ബട്ട് അതൊരു കുഞ്ഞു രഹസ്യമാ. ….. പടക്കം പണ്ടേ നമ്മട ഒരു വീക്നെസ്സ് ആണ്. അതോണ്ട് വിഷുക്കാലം പ്രമാണിച്ചു പടക്കകടകൾ തുറക്കുമ്പോൾ ഞങ്ങളെ തറവാട്ടിലും പടക്കം മേടിക്കും. കാടിളക്കി മറിഞ്ഞു നടക്കുന്നെന്റെ ഇടയിൽ ആണ് ബിനുക്കുട്ടനിട്ടു ഒരു പണി കൊടുക്കണം എന്ന് തോന്നുന്നത്.

ഇന്നലെ എന്നെ എടുത്ത് പായൽ നിറഞ്ഞ കുളത്തിലേക്കിട്ടപ്പോഴേ ഞാൻ അവനിട്ടു ഓങ്ങി വച്ചതാണ്. ചുമ്മാ ഒരു കടി കൊടുത്തു എന്നും പറഞ്ഞു പാവം എന്നെ തൂക്കി വെള്ളത്തിലേറിയാൻ പാടുണ്ടോ? ഹും ഒരു പാടും ഇല്ലാരുന്നു. അതോണ്ടല്ലേ നല്ല ഈസി ആയിട്ടു എറിഞ്ഞത്. സംഭവം കുളത്തിന്റെ കരയിൽ ഇരുന്നപ്പോളാണ് ഞാൻ അവനോടു ചോദിച്ചത്, “ബിനുകുട്ടാ നിന്റെ കയ്യേൽ ഞാൻ പൂ വിരിയിച്ചു തരട്ടെ” എന്ന്, ലവൻ ആണേൽ നല്ല വെളുത്തു ചൊമന്നു ശീമപ്പന്നിനെ പോലെ ഇരിക്കുന്നത്. അല്ല ഞാൻ ഇങ്ങനെ ചോദിച്ചെന്നു കരുതി അവൻ കയ്യ് നീട്ടിത്തരേണ്ട വല്ല കാര്യവും ഉണ്ടോ? പാവം നിഷ്കു കൈ നീട്ടിയത് മാത്രം ഓർമ ഉണ്ട്. പിന്നെ സൈറൺ മുഴങ്ങും പോലെ ഒരു കാറൽ.

കുറച്ചു നേരത്തിനു ശേഷം ഞാൻ അവന്റെ കൈ എന്റെ പല്ലുകൾക്കിടയിൽ നിന്ന് റിലീസ് ചെയ്തപ്പോൾ അതിൽ എന്റെ മുപ്പത്തി രണ്ടു പല്ലുകളും പൂക്കളം ഇട്ടപോലെ വട്ടത്തിൽ. ഓഹ് കർത്താവേ എന്റെ പല്ലുകൾ ഇത്രക്കും നിരയൊപ്പിച്ചതാരുന്നോ…… ബിനു കയ്യിൽ നോക്കിയപ്പോൾ നല്ല ചുവന്ന നിറത്തിൽ പാട്. അവന്റെ കണ്ണുരണ്ടും ആനന്ദാശ്രു നിറഞ്ഞു നിൽക്കുവാനെന്നുള്ള ചിന്തയിൽ ഞാൻ എന്റെ പല്ലു മൊത്തം കാണിച്ചു കൊണ്ട് പറഞ്ഞു, ബിനോ നോക്കിക്കേ പൂ….. പിന്നെ എനിക്കൊന്നും ഓര്മ ഇല്ല. പുന്നാരമോളെ എന്നൊരു വിളിയും എയറിൽ കൂടെ ഒരു പറക്കലും…. നേരെ കുളത്തിലോട്ട്…….. ബ്ലും. ….. ദൈവമേ വൃത്തിയാക്കാതെ കിടന്നിരുന്ന ആ പായല് പിടിച്ച കുളം……..

ആ കുളത്തിൽ നിന്ന് എങ്ങനെ കേറി എന്നോ, ഓക്കാനം സഹിച്ചു പറമ്പിലെ പൈപ്പിൽ നിന്ന് എന്തുമാത്രം വെള്ളം തലവഴി ഒഴിച്ചെന്നോ ആരും ചോദിക്കരുത്. എന്നിട്ടു സംഭവം അവിടെ വല്ലതും തീർന്നോ, പതിയെ അടുക്കള വഴി കേറാൻ പോയ എന്റെ മുന്നിൽ ഭദ്രകാളി നിക്കണ പോലെ അമ്മ. അമ്മ അന്നേരം എത്തും എന്ന് എനിക്കൊരു പിടിയും ഇല്ലാരുന്നു. എല്ലാം അറിഞ്ഞിട്ടുള്ള നിൽപ്പാണ്. പുള്ളിക്കാരീടെ കയ്യിൽ കിട്ടിയാൽ പിന്നെ നേരെ എന്നെ കറികലത്തിലോട്ട് കേറ്റിയാൽ മതി. ഒരു നിമിഷം എന്ത് ചെയ്യും എന്നറിയാതെ അന്തംവിട്ടു നിന്നെങ്കിലും പുറകിൽ നിന്ന് സ്കൂട്ടായിക്കോളാൻ കന്നുകാണിക്കുന്ന അപ്പ എന്നെ ബോധമണ്ഡലത്തിലേക്കു തിരികെ എത്തിച്ചു.

എന്നാൽ ‘അമ്മ എന്റെ തന്നെ അല്ലെ, ഓടും എന്ന് പുള്ളികാരിക്ക് അറിയാരുന്നു എന്നെനിക്കു മനസിലായത് തലയിൽ മുട്ട വീണപ്പോളാണ്. കർത്താവെ ദേ ദീനു എനിക്ക് പൊരിച്ചു തരാന് വച്ചിരുന്ന മുട്ടകളിൽ രണ്ടെണ്ണം…. ബ്ലാഹ് ബ്ലാഹ് തിന്നാൻ ഒക്കെ കൊള്ളാമെങ്കിലും മേലിൽ വീണാൽ അതത്ര സുഖം ഉള്ള ഏർപ്പാടല്ല. കലാപരിപാടികൾ അവതരിപ്പിച്ചു മുട്ടയേറ്‌ ഏറ്റു വാങ്ങുന്ന ധീര പരാക്രമിക്കളുടെ മുന്നിൽ ഞാൻ ഒരു നിമിഷം തലകുനിക്കട്ടെ….. അവസാനം നടുക്കത്തെ ആന്റിയും ഒടുക്കത്തെ ആന്റിയും കൂടെ ആണ് എന്നെ തേച്ചു മിനുക്കി എടുത്തത്. ഓർക്കുമ്പോൾ ഇപ്പോളും ആ കുളത്തിന്റേം മുട്ടേടേം നാറ്റം എനിക്കുണ്ടെന്നു തോന്നും.

എന്തായാലും എനിക്കിട്ടു ഇത്രയും നല്ല പണി തന്ന ബിനോയ്ക്കു തിരികെ പണി കൊടുക്കണ്ടേ, അതിനു ഞാൻ എന്റെ ആയുധമായി തിരഞ്ഞെടുത്തത് പടക്കമായിരുന്നു. നല്ല മാലപ്പടക്കം. ഓന് സിഗർ വലിക്കുന്ന ശീലം ഉണ്ടെന്നു ഞാൻ ആ ഇടക്കാണ് കണ്ടുപിടിച്ചത്, അതും തൊഴുത്തിന്റെ പുറകിൽ ചെന്ന് നിന്ന്. അവിടെ ചാണകക്കുഴി ഉള്ളത് കൊണ്ട്, ആരും പെട്ടെന്ന് കണ്ടുപിടിക്കില്ല എന്നോർത്താണ് ലവൻ അവിടെ തന്നെ പുകവലിച്ചു വിടാൻ തെരഞ്ഞെടുത്തത്. പടക്കവും തീപ്പെട്ടിയും ഒപ്പിച്ചു കൊണ്ട് ഞാൻ വീടിനു പുറത്തിറങ്ങിയപ്പോൾ തന്നെ നമ്മട അപ്പന് എന്തോ പണി മണത്തിരുന്നു. എന്താ എന്നൊക്കെ ചോദിച്ചു സോപ്പിട്ടെങ്കിലും ഞാൻ അതൊക്കെ ത്രീഫോർത്തിന്റെ പോക്കറ്റിൽ ഭദ്രമായി ഒളിപ്പിച്ചിരുന്നു.

ഒന്നും ഇല്ല എന്ന് ഭവ്യതയോടെ പറഞ്ഞു മുങ്ങി. അമ്മ കണ്ടാൽ ഒന്നും നടക്കില്ല. ബാക്കി ഉള്ള പരിവാരങ്ങൾ മാവിനു കല്ലെറിഞ്ഞു നില്പുണ്ട്. ഞാൻ ആരുടെയും കണ്ണിൽ പെടാതെ തൊഴുത്തിന്റെ സൈഡിൽ എത്തിയപ്പോൾ നമ്മട ആക്ഷൻ ഹീറോ ബിനു പുകച്ചു തള്ളുവാണ്. ഞാൻ വേറെ ഒന്നും ചെയ്തില്ല, ആ മാലക്കു തീകൊടുത്തു അവൻ നിൽക്കാനെന്റെ സൈഡിലേക്ക് ഇട്ടിട്ട് ഒറ്റ ഓട്ടത്തിന് മുറ്റത്തെത്തി. നേരെ മാവിന്റെ മണ്ടേലേക്ക് വലിഞ്ഞു കേറി. പുറകിൽ പൊട്ടലും ചീറ്റലും ഒക്കെ കേൾക്കുന്നുണ്ട്. ഞാൻ നല്ല അടിപൊളിയായി മാങ്ങാ പറിഞ്ഞു എല്ലാര്ക്കും ഇട്ടു കൊടുത്തു. കൂടെ എന്റെ പോക്കറ്റിലും ഉണ്ട്. ഇറങ്ങിട്ടു വേണം ഉപ്പും മുളകും ഒക്കെ ചേർത്ത് അകത്താക്കാൻ.

അരെ വാഹ്…. കുറച്ചു നേരത്തേക്ക് ഒരു അനക്കവും ഉണ്ടായില്ല, ഇതെവിടാ പടക്കം വൈക്കുന്നേ എന്ന് പറഞ്ഞു നമ്മട ചേട്ടായിസും ചേച്ചീസും ഒക്കെ അമ്പരന്ന് നിക്കുന്നു. ബട്ട് മാങ്ങാ എന്നത് എല്ലാരുടേം വീക്നെസ് ആയതു കൊണ്ട് ആരും പോയില്ല. അപ്പോളുണ്ട് ദേ വരുന്നു കഥാനായകൻ ചാണകത്തിൽ കുളിച്ചു. അന്നേരം അവിടെ ഉണ്ടായ ചിരിക്കു നേരത്തെ പൊട്ടിയ മലപടക്കത്തിനെ കാട്ടിലും സൗണ്ട് ഉണ്ടായിരുന്നു. ഹം എന്റെ അടുത്താണ് അവന്റെ കളി. വന്ന പാടെ പൊന്നുമോൻ എന്നെ ആണ് തപ്പിയത്. ഒന്ന് കഴുകാൻ പോലും മിനക്കെടാതെ എന്നെ സ്നേഹിക്കാൻ ഓടി എത്തിയതാണ് ചക്കര കുട്ടൻ. പക്ഷെ എങ്ങനെ സ്നേഹിക്കും ഞാൻ ഇങ്ങു മാവിന്റെ മുകളിൽ അല്ലെ, അതാണ് നമ്മട സൈക്കോളജിക്കൽ മൂവ്മെന്റ്.

മാവിന്റെ ചോട്ടിൽ നിന്ന് “ചക്കര മുത്തേ കുഞ്ഞോളെ ഇറങ്ങി വാടി ” എന്നൊക്കെ വിളിച്ചെങ്കിലും ഞാൻ കുറച്ചു നേരത്തേക്ക് പൊട്ടി ആയിരിക്കാൻ തീരുമാനിച്ചു. എന്തായാലും ഇനി അവൻ ജന്മത്തു സിഗരറ്റ് വലിക്കില്ല, എനിക്കതു മതി. പിന്നെ ചാണകത്തിന്റെ നാറ്റം ഉണ്ടല്ലോ എന്റെ സാറെ എല്ലാരും ഒരു പത്തടി നീങ്ങിയാണ് നിന്നത്. അന്നേരം ആണ് മുറ്റത്തേക്ക് ഒരു കാർ വന്നത്. വല്യങ്കിളിന്റെ ഏതോ ഫ്രണ്ടും ഫാമിലിയും വരും എന്ന് അറിയിപ്പുണ്ടായിരുന്നു, കാർ കണ്ടപാടെ എല്ലാരും എന്നെ മാവിന്റെ മുകളിൽ വിട്ട് പലവഴിക്കും ഓടി. കാരണം വല്യങ്കിളും ഉണ്ടാകും അവർക്കൊപ്പം. അവരുടെ മുന്നിൽ കുരുത്തക്കേട് ഒന്നും കാണിക്കല്ലേ എന്ന് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.

ഇതിപ്പോ എല്ലാ യൂദാസുകളും രക്ഷപെട്ടു. ഞാൻ മാവിന്റെ മണ്ടേലും. ശ്വാസം അടക്കി പിടിച്ചിരിക്കുന്നേന്റെ ഇടയിലാണ് എന്റെ നേരെ മാർച്ചു ചെയ്യുന്ന നീറുകളെ കണ്ടത്. മുറ്റത്തു കാർ നിന്നതും അതിൽ നിന്ന് ആരൊക്കെയോ ഇറങ്ങിയതും ഒന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല. എന്റെ ശ്രദ്ധമുഴുവൻ താമസിയാതെ കിട്ടാൻ സാധ്യതയുള്ള കടിയിൽ ആയിരുന്നു. വല്യങ്കിൾ….. നീറുകൾ…… വല്യങ്കിൾ….. നീറുകൾ…… അവസാനം നീറുകൾ ജയിച്ചു ഞാൻ പിടിവിട്ട് ദേ താഴേക്ക്… പൂഴിമണൽ ആയതു കൊണ്ട് വല്യ വേദന ഉണ്ടായില്ല എങ്കിലും ആ മൂടും തല്ലിയുള്ള വീഴ്ച്ച ഒരു സുന്ദരനായ ചെറുപ്പക്കാരന് മുന്നിൽ ആയിരുന്നു.

ആകാശത്തു നിന്നും പൊട്ടി വീണത് പോലെ എന്നെ കണ്ട അതിശയം ആണ് വിരുന്നുകാരുടെ മുഖത്തു. വല്യങ്കിൾ നല്ല ചുവന്നു തുടുത്തു നിൽക്കുന്നു. ഞാൻ പെട്ടെന്ന് തിരിഞ്ഞോരൊറ്റ ഓട്ടം വച്ച് കൊടുത്തു……. പിന്നങ്ങോട്ട് വിരുന്നുകാരും ബന്ധുക്കളും കൊണ്ട് തറവാട് നിറഞ്ഞു. അമ്മയുടെ അന്ത്യശാസനം ഉണ്ടായിരുന്നതിനാൽ പണികൾ അണ്ടർഗ്രൗണ്ടിൽ നടത്തി പുറമെ നല്ല കുട്ടികളായി ഞങ്ങൾ നടന്നു. ഇതിനിടയിൽ എന്നെ ചുറ്റിപറ്റി ഒരാൾ ഉണ്ടായിരുന്നു. ജോച്ചായൻ പുള്ളിടെ മുന്നിലിരുന്നല്ലോ ഞാൻ മാവിന്റെ മുകളിൽ നിന്ന് ചെന്ന് വീണത്. അങ്ങേരുടെ കോപ്പിലെ ചിരി ഹും.

റീത്തചേച്ചി വല്യങ്കിളിന്റെ മോളാണ്. പുള്ളികാരിടെ കല്യാണം കൂടാൻ എത്തിയവരായിരുന്നു അവർ. എവിടെ പോയാലും എന്നെ പിന്തുടരുന്ന ആ കണ്ണുകൾ എന്നെ നല്ല ദേഷ്യത്തിലാഴ്ത്തി എങ്കിലും എന്തേലും വേലത്തരം കാണിച്ചാൽ അമ്മ എന്നെ ചെവിയിൽ ചൂണ്ട കൊരുത്തു ഉത്തരത്തിൽ കെട്ടി തൂക്കും എന്ന് പറഞ്ഞതിനാൽ, അങ്ങേർക്കുള്ള പണി ഞാൻ കല്യാണം കഴിയുന്നതുവരേക്കും അവധിക്കു വച്ചിരിക്കുകയായിരുന്നു. എന്തായാലും വല്യ കുരുത്തക്കേടിനൊന്നും സ്കോപ്പ് ഇല്ലാത്തതിനാൽ ഞങ്ങൾ തത്കാലം തീറ്റയിൽ കോൺസെൻട്രേറ്റ് ചെയ്തിരിക്കുകയാണ്.

കേക്കും വൈനും ബിരിയാണിയും അപ്പവും താറാവും ചിക്കനും മട്ടനും പോർക്കും ബീഫും പിന്നെ ദീനാമ്മചീടെ സ്പെഷ്യൽ പലഹാരങ്ങളും ഒക്കെ ആയി ഞങ്ങൾ തിന്നു കൊഴുത്തു. ദിനുക്കുട്ടി എന്റെ ഫേവറിറ്റ് ആളുകളിൽ ഒരാൾ ആണ്. എന്റെ മാത്രം അല്ല, ഞങ്ങളുടെ തറവാട്ടിൽ പുള്ളികാരിയെ ഇഷ്ടപെടാത്തതായി ആരും ഇല്ല എന്ന് തന്നെ പറയാം. എല്ലാരേം വിറപ്പിക്കുന്ന വല്യങ്കിൾ പോലും പുള്ളികാരിയെ ബഹുമാനിക്കും, അത്രക്ക് നല്ല സ്നേഹമാണ്. എല്ലാരുടെയും ഇഷ്ടം അറിഞ്ഞു ഭക്ഷണം ഉണ്ടാക്കി നല്കാൻ പുള്ളികാരിയെ കഴിഞ്ഞേ ഒള്ളു. പുള്ളികാരിടെ സ്പെഷ്യൽ ഞാൻ ആണല്ലോ.

ഹല്ലാ പിന്നെ. …. ഇതൊന്നും ഒട്ടും പിടിക്കാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു, സേറ! പറ്റുമ്പോൾ ഒക്കെ ഞങ്ങൾക്കിട്ടു പാര പണിയലും മേക്കപ്പ്‌ ചെയ്യലും ആണ് പ്രധാന തൊഴിൽ. മറ്റാരും കേൾക്കാതെ എന്നെ കളിയാക്കാൻ നല്ല വിരുതായിരുന്നു ഓൾക്ക്. എന്തോ അതൊക്കെ കേൾക്കുമ്പോൾ ചിരിച്ചു നിൽക്കല്ലാതെ പ്രതികരിക്കാറില്ല. ചിരിച്ചു കൊണ്ട് നിക്കാറാണ് പതിവ്. എന്തോ അവൾ പറയുന്നതൊക്കെ നെഞ്ച് കീറി മുറിക്കാൻ തക്ക വാക്കുകൾ ആയിരിക്കും. ബിനുവിന് ഇതറിയാവുന്നതു കൊണ്ട്, മേക്കപ്പ് പെട്ടി എന്നൊക്കെ വിളിച്ചു കളിയാക്കും. അല്ലെങ്കിൽ തന്നെ വെള്ളപാണ്ടു പിടിച്ച പോലെ നിറമുണ്ട്.

അതിന്റെ കൂടെ അവൾഡ് ചെമന്ന ലിപ്സ്റ്റിക്കും സ്ട്രെറ്റ് ചെയ്ത മുടിയും, എല്ലാം കൂടെ ഒരാന ചന്തം… പക്ഷെ കയ്യിലിരിപ്പ് മോശം. ബിനുക്കുട്ടനാണേൽ അവളെ കാണുന്നത് തന്നെ കലിയാണ്. ഞാൻ കസിസുമായി യാതൊരു അറ്റാച്മെന്റും ഇല്ലാത്ത ഒരാൾ ആയതു കൊണ്ട്, ചേച്ചിമാരും ചേട്ടായിമാരും ഒന്നും പുള്ളികാരിയെ മൈൻഡ് ചെയ്യില്ല. എന്നാൽ മുതിർന്നവർക്കെല്ലാം ഓള് ഓമന ആയിരുന്നു. ആ സംഭവം നടക്കുന്നത് വരെ. എനിക്ക് എരിവ് വല്ലാത്ത ഒരു വീക്നെസ് ആണ്, നല്ല എരിവുള്ള ചിക്കൻ കറി ഉണ്ടാക്കി തരും ദീനു. എനിക്ക് വേണ്ടി, എന്നാൽ ഞാൻ മാത്രം അല്ല കേട്ടോ ഇത് കഴിക്കുന്നേ, ഞാനും വല്യങ്കിളും മച്ചാ മച്ചാ കമ്പനി ആയിരിക്കും പത്തിരിയും ഈ കറിയും തട്ടി വിടുന്ന സമയം.

കല്യാണത്തിന് തലേക്കു തലേ ദിവസം രാത്രി ഞങ്ങൾ കുടുംബക്കാരെല്ലാം കഴിക്കാൻ ഇരുന്ന സമയം ദീനാമ്മച്ചി എന്റെ സ്പെഷ്യൽ ചിക്കനും കൊണ്ട് വന്നു. അതിനു അടി വച്ച് ഞാനും വല്യങ്കിളും ഇരിക്കുന്ന നേരത്തായിരുന്നു, പതിവില്ലാതെ സേറ ആ കറി എടുക്കുന്നത്. അവൾക്കു എരിവ് പറ്റില്ല എന്നറിയാവുന്ന കൊണ്ട് എല്ലാരും തടയാൻ ശ്രമിച്ചെങ്കിലും, ആരും പറഞ്ഞത് കേൾക്കാതെ “അതെന്നാ നിനക്ക് മാത്രമേ സ്പെഷ്യൽ കഴിക്കാൻ പാടുള്ളോ” എന്ന് ചോദിച്ചു കൊണ്ട് അവൾ അത് കഴിച്ചു. എന്നാൽ എരിയാൻ തുടങ്ങിയതോടെ, അവളുടെ പരവേശം കണ്ടു എല്ലാരും ചിരിക്കാൻ തുടങ്ങി.

അവളുടെ വെപ്രാളം കണ്ടു അടുക്കളയിൽ നിന്നും പഞ്ചസാരയുമായി ഓടി എത്തിയ ദീനാമ്മച്ചി “എന്തിനാ മോളെ അത് കഴിക്കാൻ പോയത്” എന്ന ശാസനയോടെ അവൾക്കു മധുരം നൽകി. എന്നാൽ ദേഷ്യം കൊണ്ട് പുകഞ്ഞിരുന്ന സേറ എച്ചിൽ കൈ കൊണ്ട് ദീനാമ്മച്ചിയോടെ മുഖത്തടിച്ചു. ഒരു നിമിഷം ഞങ്ങളുടെ തറവാട് തന്നെ നിശ്ചലമായി പോയി. എന്റെ ദീനുവിന്റെ കണ്ണുകൾ അരുവിയായി. എന്നും വല്യമ്മച്ചിയെ പോലെ ഞങ്ങൾ ബഹുമാനിക്കുന്ന അവർക്കു നേരെ വീണ്ടും കയ്യോങ്ങി അവൾ ആക്രോശിച്ചു “അടുക്കളക്കാരി ആ പണി ചെയ്താൽ മതി കേട്ടോടി, എന്നെ ഭരിക്കാൻ വരണ്ട” ആ നിമിഷം ദേഹത്തു കൂടി ഒരു മിന്നൽ പാഞ്ഞു പോയത് പോലെ എനിക്ക് തോന്നി.

ചാടിയെഴുന്നേറ്റതും അവളുടെ കവിളിൽ ആഞ്ഞടിച്ചതും ഒന്നിച്ചു കഴിഞ്ഞു. എനിക്ക് നേരെ ചാടാൻ തുനിഞ്ഞതും ഒന്ന് കൂടി കൊടുത്തു. കുഞ്ഞാന്റി അവളുടെ അമ്മയും കൊടുത്തു അടി. ബാക്കി ഉള്ളവരൊന്നും ഒന്നും മിണ്ടാതെ സ്തബ്ധരായി നിൽക്കെ വെട്ടി തിരിഞ്ഞു അവൾ അകത്തേക്ക് പോയി. പോകുന്നെന്റെ ഇടയിൽ എന്നെ നോക്കിയ ആ കണ്ണുകളിൽ സകലതും നശിപ്പിക്കുന്ന തരം അഗ്നി എറിഞ്ഞിരുന്നു………….. അതായിരുന്നു തുടക്കം എല്ലാത്തിന്റെയും……………. @ കോളേജിലേക്ക്‌ പോകുമ്പോൾ ഞാൻ കഴിഞ്ഞ ഒരാഴ്ച്ചയെ പറ്റി ഓർക്കുകയായിരുന്നു. രണ്ടു വർഷത്തിന് ശേഷം മനസ് നിറഞ്ഞു വികൃതികൾ കാണിച്ചപ്പോൾ കിട്ടിയൊരു സുഖമുണ്ടല്ലോ… ഹായ് ഹായ് ഹയ്യമ്മ.

അല്ലേൽ എന്തേലും ഒക്കെ ഒപ്പിച്ചാൽ വയറു നിറയെ കിട്ടുന്ന വഴക്കു കൂടെ സ്വീകരിക്കണമായിരുന്നു, ഇതിപ്പോ എല്ലാരും ഞങ്ങൾ കാട്ടുന്നതൊക്കെ ആസ്വദിക്കുകയായിരുന്നു. അതിനെന്താ പൂർവാധികം ഭംഗിയായി ഞാൻ എന്റെ കുരുത്തക്കേടുകളുടെ കെട്ടഴിച്ചു. ഇതിനിടയിൽ, ഞാൻ ഇല്ലാത്ത കോളേജ് കല്യാണത്തിന് ചെക്കൻ ഇല്ലാത്തതു പോലെ ആണെന്ന് പറഞ്ഞ് വിളിക്കുന്ന നമ്മട പീക്കിരികൾ. ബിനു ഇതിനിടയിൽ എന്റെ കോളേജ് ജീവിതം എല്ലാം ചോർത്തി എടുത്തിരുന്നു. കഷ്ടകാലത്തിനു ഡേവിച്ചന്റെ പേര് വായിൽ നിന്ന് വീണു. അതിനു ശേഷം എല്ലാത്തിനും അർഥം വച്ചുള്ള മൂളൽ ആണ്. തെണ്ടികൾ ഇതിനും മാത്രം എന്താ സംഭവിച്ചത്.

എല്ലാം കേൾക്കുമ്പോൾ അപ്പയുടെ മുഖത്തും കാണും വല്ലാത്ത ഒരു ചിരി. ശെടാ പാവം ഞാൻ. ഒരാഴ്ച്ചത്തെ കോലാഹലത്തിനിടയിൽ സേറക്കും അവക്കട കെട്ടിയോനും നല്ല വയറു നിറയെ പണികൾ കിട്ടി ബോധിച്ചിരുന്നു. അതുവരെ നല്ല പക്കാ ജെന്റിൽമാൻ ആയി നടന്ന എന്റെ ലിനോയ് നമ്മട ബിനോയുടെ ചേട്ടൻ…. അങ്ങേരു ചൊറിയണം ഉണക്കി പൊടിച്ചു ലവളുടെ മെത്തയിൽ ഇട്ട കാര്യം, ആ ഒടുക്കത്തെ ചൊറി കണ്ടില്ല എങ്കിൽ ഞാൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു, അവര് കിട്ടേണ്ടതൊക്ക കിട്ടി ബോധിച്ചു. അങ്ങനെ ആകമൊത്തം അകമഴിഞ്ഞ് സന്തോഷിക്കേം കുരുത്തക്കേട് കാണിക്കുകേം ഒക്കെ ചെയ്തിട്ട് തിരികെ പോരാൻ ഇറങ്ങിയപ്പോൾ എല്ലാര്ക്കും വല്ലായ്മ ആയിരുന്നു.

ശരിക്കും അതിൽ യമണ്ടൻ കാര്യം എന്താന്ന് വച്ചാൽ പണ്ട് ഞാനും ബിനോയും കൂടെ കളിച്ച ദലേർ മെഹന്ദിയുടെ ഹോജാഗേ ബല്ലേ ബല്ലേ എന്ന സോങ് എല്ലാ കസിന്സും കൂടെ കളിച്ചതായിരുന്നു, അതും വല്യമ്മച്ചീടെ പിറന്നാളിന്റെ അന്ന്. കർത്താവെ നല്ല കോമഡി ആയിരുന്നു അത്. ചിരിച്ചു ചിരിച്ചു മണ്ണുകപ്പി. അങ്ങനെ അതെല്ലാം കഴിഞ്ഞു ഞാൻ വീണ്ടും കോളേജിലേക്ക് പോകുകയാണ്. എല്ലാരേം വല്ലാതെ മിസ് ചെയ്യുന്നു, പീക്കിരികളെ…… അദിതിയെ….. കോളേജിനെ. …പിന്നെ……. തുടരും

അദിതി : ഭാഗം 10

Share this story