ഹരി ചന്ദനം: ഭാഗം 20

ഹരി ചന്ദനം: ഭാഗം 20

എഴുത്തുകാരി: ശ്രുതി കൃഷ്ണ

പഴയ ഓർമ്മകൾ വീണ്ടും ചിക്കിചികഞ്ഞെടുക്കാൻ അമ്മ പരിശ്രമിക്കുമ്പോൾ അമ്മ പറയുവാൻ പോകുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കുവാൻ ചെവി കൂർപ്പിച്ചുകിടക്കുകയായിരുന്നു ഞാൻ. “അമ്മ പറഞ്ഞിട്ടില്ലേ മോളെ മീനാക്ഷിയെക്കുറിച്ച്…. ദിയയുടെ അമ്മ…ഞങ്ങളുടെ മീനുട്ടി.എല്ലാ സംഭവങ്ങളുടെയും തുടക്കം അവളിൽ നിന്നായിരുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ അതിന്റെ ഒടുക്കവും അവളിൽ തന്നെ കലാശിച്ചു.അത്യാവശ്യം പ്രായം ചെന്നപ്പോളാണ് മധുച്ചേട്ടന്റെ അമ്മ മീനുട്ടിയെ ഗർഭം ധരിക്കുന്നതു.ഒറ്റ മകനായതിനാൽ ഒരു കൂടപ്പിറപ്പു വേണം എന്നത് മധുച്ചേട്ടന്റെ കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു.

മധുചേട്ടന്റെ ആഗ്രഹത്തിന്റെ ആഴം മനസ്സിലായി അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഒരു കുഞ്ഞു കൂടി ഉണ്ടാവുന്നതിനു വേണ്ടി കയറിയിറങ്ങാത്ത അമ്പലങ്ങൾ ഇല്ല,നേരാത്ത വഴിപാടുകൾ ഇല്ല,കാണിക്കാത്ത ഡോക്ടർമാർ ഇല്ല. പക്ഷെ ഇതൊന്നും അവർ ആഗ്രഹിച്ച സമയത്ത് ഫലം കണ്ടില്ല.പോകെ പോകെ എല്ലാവരും അങ്ങനൊരു ആശ മറന്നു തുടങ്ങി.പിന്നീട് മധു ചേട്ടന്റെ പതിനെട്ടാം വയസ്സിലാണ് അമ്മ വീണ്ടും ഗർഭിണിയാണെന്ന് അറിയുന്നത്.എന്നാൽ അതുമായി പുന്നോട്ട് പോകുന്നത് അമ്മയുടെ ജീവന് ആപത്താണ് എന്ന് ഡോക്ടർമാർ വിധിയെഴുതി.

അതോടെ അദ്ദേഹത്തിന്റെ അച്ഛന് ഭയമായി.കുഞ്ഞിനെ കളയാൻ അദ്ദേഹം നിർബന്ധിച്ചെങ്കിലും മറന്നു തുടങ്ങിയൊരു സ്വപ്നം പൂവണിയുന്നു നിർവൃതിയിൽ ആയിരുന്നു ആ അമ്മയും മകനും.അത് കൊണ്ടു തന്നെ അമ്മ അച്ഛന്റെ വാക്കുകൾ ധിക്കരിച്ചു കൊണ്ട് മുൻപോട്ട് പോകുവാൻ തയ്യാറായി. അങ്ങനെ ഒൻപതു മാസങ്ങൾക്കിപ്പുറം അദ്ദേഹത്തിന് ഒരു അനിയത്തി കൂടി ജനിച്ചു.ആ സന്തോഷം കഴിയുന്നതിനു മുൻപ് തന്നെ ഡോക്ടർമാർ വിധിയെഴുതിയ പോലെ അമ്മ രോഗശയ്യയിൽ ആയി.വയസ്സ് കാലത്തു ഇങ്ങനൊരു സാഹസം വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു അച്ഛനെ നാട്ടുകാരും ബന്ധുക്കളും കുറ്റപ്പെടുത്താൻ തുടങ്ങി.

അതിന്റെ പരിണിതഫലം എന്നോണം അച്ഛൻ മീനുട്ടിയോടു അകൽച്ച കാണിച്ചു തുടങ്ങി.അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാതെ വാവിട്ടു കരയുന്ന ചോര കുഞ്ഞിന് മധു ചേട്ടൻ ഒരേസമയം അച്ഛനായും അമ്മയായും മാറി.അത്യാവശ്യ ഘട്ടങ്ങളിൽ കുഞ്ഞിനെ നോക്കുവാനും കുളിപ്പിക്കുവാനും ഭക്ഷണം കൊടുക്കുവാനും ഇടയ്ക്ക് അമ്മയെ നോക്കാനും ഒരു കൈ സഹായത്തിനു ബന്ധത്തിലുള്ള ഒരു സ്ത്രീയെയും ഏർപ്പാടാക്കി കൂടെ നിർത്തി. രോഗശയ്യയിൽ ആണെങ്കിൽ കൂടി തന്റെ കുഞ്ഞിന്റെ വളർച്ചയിൽ അമ്മ ഒത്തിരി സന്തോഷവതിയായിരുന്നു.എന്നാൽ ആ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

ഒന്നിനു വേണ്ടിയും കാത്തു നിൽക്കാതെ അമ്മ ഈശ്വരന്റെ അടുത്തേക്ക് പോയി.അമ്മയുടെ മരണത്തോടെ അച്ഛന് നേരെയുള്ള കുറ്റപ്പെടുത്തലുകൾ കൂടി വന്നു.ഇടയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും അത് മധുച്ചേട്ടന്റെയും മീനൂട്ടിയുടെ നേരെയും നീണ്ടു.അതോടെ ബന്ധുക്കളെയൊക്കെ അകറ്റി നിർത്തേണ്ട അവസ്ഥയായി.മീനൂട്ടിയുടെ വളർച്ചയൊക്കെ വളരെ പെട്ടന്നായിരുന്നു.കണ്ണടച്ചു തുറക്കുന്നതിനു മുൻപ് പെൺകുട്ടികൾ വളരും എന്ന് പറയണ പോലെ.അറിവായി തുടങ്ങിയപ്പോൾ മീനൂട്ടിക്കും കാര്യങ്ങൾ ഏകദേശം മനസ്സിലായി തുടങ്ങി.അച്ഛന്റെ അകൽച്ചയും ചുറ്റുമുള്ളവരുടെ കുത്തുവാക്കുകളും ആ കുഞ്ഞിനെ ഒറ്റപ്പെടുത്തി.

ആ ഒറ്റപ്പെടലിൽ നിന്നും അവൾക്കൊരു മോചനം ലഭിക്കാനും അവൾക്ക് കൂട്ടുകൂടാനുമായി ഒരാളെ കൊടുക്കാനാണ് മധുചേട്ടൻ എന്നെ വിവാഹം. കഴിക്കുന്നത്‌. ഞാൻ അദ്ദേഹത്തിന്റെ ഭാര്യയും ആ വീടിന്റെ മരുമകളും മാത്രമായിരുന്നില്ല ഒരർത്ഥത്തിൽ മീനൂട്ടിയുടെ അമ്മയും കൂടിയായിരുന്നു.വളരെ പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു അവൾക്കു ഞാൻ ഏറ്റവും നല്ല കൂട്ടുകാരിയായി.പക്ഷെ അതെന്റെ മാത്രം തോന്നലായിരുന്നുവെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്.അതിനിടയിൽ ഞങ്ങൾക്ക് ഹരിക്കുട്ടൻ പിറന്നു. സത്യം പറഞ്ഞാൽ അവൾക്കുവേണ്ടി ഒരു കുഞ്ഞെന്ന സ്വോപ്നം ഞങ്ങൾ പിന്നത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു.

എന്നാൽ പോകെ പോകെ പലരുടെയും നാവിൽ നിന്നും മച്ചിയെന്നൊരു പേര് എനിക്ക് ചാർത്തി കിട്ടാൻ തുടങ്ങി.ആദ്യമൊക്കെ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ആ വിളിയെന്റെ ഉറക്കം കെടുത്താൻ തുടങ്ങിയതോടെ ഒരു കുഞ്ഞെന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തി. ഹരിക്കുട്ടന്റെ അമ്മയെന്ന സ്ഥാനം മാത്രമേ എനിക്ക് അലങ്കരിക്കേണ്ടി വന്നുള്ളൂ.അവന്റെ ഓരോ വളർച്ചയിലും കൂടുതൽ സന്തോഷിച്ചത് അവളായിരുന്നു ഞങ്ങളുടെ മീനൂട്ടി.അവൻ എന്റെ വയറ്റിലായിരിക്കുമ്പോൾ പോലും എന്റെ അടുത്ത് വന്നിരുന്നു അവൾ അവനോട് സംസാരിക്കുമായിരുന്നു എനിക്ക് വേണ്ടി എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുമായിരുന്നു.

മീനൂട്ടി ഒറ്റയ്ക്കാവാതിരിക്കാൻ പ്രസവശുസ്രൂഷയ്ക്ക് സ്വൊന്തം വീട്ടിലേക്കുള്ള പോക്ക് പോലും ഞാൻ വേണ്ടെന്നു വച്ചു.പക്ഷെ അവളും എന്നെ അത്രത്തോളം കെയർ ചെയ്തിരുന്നു.പിന്നീട് അവളുടെ പതിനെട്ടാമത്തെ വയസ്സിന്റെ അന്നാണ് ഞങ്ങളുടെ ജീവിതത്തിന്റെ താളം ആദ്യമായി പിഴച്ചു തുടങ്ങിയത്.ആ സമയത്ത് മധു ചേട്ടൻ അത്യാവശ്യം ബിസിനെസ്സിൽ പച്ച പിടിച്ച് തുടങ്ങിയ കാലം ആയിരുന്നു.അദ്ദേഹത്തിന്റെ അച്ഛന് മീനൂട്ടിയോടുള്ള അകൽച്ചയും ഏകദേശം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അവളുടെ പതിനെട്ടാം പിറന്നാളിന്റെ അന്ന് അവൾക്കു സർപ്രൈസുകൾ ഒരുക്കാൻ വേണ്ടി രാവിലെ മുതൽ ഓടി നടക്കുകയായിരുന്നു ഞാനും അവളുടെ ഏട്ടനും.

എന്നാൽ രാവിലെ അമ്പലത്തുലേക്കെന്നു പറഞ്ഞ് ഇറങ്ങിയ അവൾ നേരമേറെയായിട്ടും തിരിച്ചു വന്നില്ല.അവൾക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആധിയിൽ ഭ്രാന്ത് പിടിച്ചത് പോലെ നാലുപാടും ഓടി നടക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ അതിനൊരു അറുതി വന്നത് അവളുടെ മുറിയിൽ നിന്നും കണ്ടെടുത്ത കത്ത് കണ്ടപ്പോൾ ആണ്.ആ കത്തും കയ്യിൽ പിടിച്ച് ശിലപോലെയിരിക്കുന്ന മധുച്ചേട്ടന്റെ രൂപം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.അതിൽ ഇങ്ങനെ എഴുതിയിരുന്നു. ‘ഞാൻ എന്റെ പ്രണയത്തോടൊപ്പം പോകുന്നു.ഞങ്ങളെ അനേഷിച്ചു വരരുത്.എന്നോട് നിങ്ങളെല്ലാവരും ക്ഷമിക്കണം.ഞങ്ങളെ അനുഗ്രഹിക്കണം. എന്ന് സ്വൊന്തം മീനാക്ഷി ‘ അവൾക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ അറിവായിരുന്നു.

അവളുടെ ഒരിഷ്ടത്തിനും ഞങ്ങൾ എതിരല്ലായിരുന്നു എങ്കിൽ കൂടി ഇത്രയും ധൃതി പിടിച്ചു ഇങ്ങനൊരു നീക്കം എന്തിനായിരുന്നു എന്ന ചോദ്യം ഞങ്ങളെ വലച്ചു.ഒടുവിൽ അതിനൊരു ഉത്തരം കിട്ടിയത് പോലീസിന്റെ അന്വേഷണത്തിലാണ്.അവൾ പോയിരിക്കുന്നത് അടുത്തുള്ള കോളനിയിലെ ഒരു അന്യമതസ്ഥനായ പയ്യന്റെ കൂടേയാണെന്ന് കണ്ടു പിടിച്ചു.അലക്സി അതായിരുന്നു അയാളുടെ പേര്.അയാൾക്ക്‌ ഒരു ഇരട്ട സഹോദരൻ കൂടി ഉണ്ടായിരുന്നു അൽഫോൺസ്.ആ നാട്ടുകാർക്കാർക്കും അവരെ കുറിച്ച് നല്ലത് പറയാനുണ്ടായിരുന്നില്ല. എന്നാൽ അവരെ കുറ്റം പറയാൻ അവർ അങ്ങേയറ്റം ഭയന്നു.

പരമതല്ലിപ്പൊളിയായ ഒരു വാടകഗുണ്ടയുടെ കൂടേ എങ്ങനെ വിശ്വസിച്ചു അവൾ ഇറങ്ങിപ്പോയി എന്നത് ഞങ്ങൾക്ക് ആശ്ചര്യമുണ്ടാക്കി. പ്രായത്തിന്റെ പക്വതകുറവെന്നോ ചോരത്തിളപ്പെന്നോ എങ്ങനെ ആ ഒരു പ്രവർത്തിയെ സൂചിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.പ്രണയത്തിനു കണ്ണില്ല,കാതില്ല എന്നൊക്കെ പറയുന്നത് പോലെ വിവേകം ഇല്ല എന്ന് കൂടി അവൾ തെളിയിച്ചു.അല്ലെങ്കിൽ വിധി അവൾക്കത് തെളിയിച്ചു കൊടുത്തു.അയാളുടെ സഹോദരനെ ചോദ്യം ചെയ്തതിൽ നിന്നും രജിസ്റ്റർ ഓഫീസിൽ ഒപ്പു വച്ച് അവർ ബാംഗ്ലൂരെക്ക് കടന്നു എന്ന് മനസ്സിലായി.പതിയെ അവളെ കുറിച്ചുള്ള അനേഷണം ഞങ്ങൾ അവസാനിപ്പിച്ചു.അവളോട്‌ സ്നേഹം കാട്ടി തുടങ്ങിയിരുന്ന അച്ഛൻ ഈ സംഭവത്തോടെ ആയിരം ഇരട്ടി അവളെ വെറുക്കാൻ തുടങ്ങി.

അവളുടേതായ എല്ലാം വീട്ടിൽ നിന്നും വലിച്ചെറിഞ്ഞു അഗ്നിക്കിരയാക്കി. അവൾ മരിച്ചതായി സ്വൊയം വിശ്വസിച്ചു എല്ലാവരോടും അങ്ങനെ പ്രഖ്യാപിച്ചു.എങ്കിലും ബന്ധുക്കൾക്കും നാട്ടുകാർക്കും മുൻപിൽ ഞങ്ങൾ പറഞ്ഞു ചിരിക്കാനുള്ള നേരം പോക്കായി.ഒളിഞ്ഞും തെളിഞ്ഞും ഉള്ള അവരുടെ പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും തല കുനിച്ചു നിൽക്കാനേ ഞങ്ങൾക്കായുള്ളൂ.അത് ഏറ്റവും കൂടുതൽ വേട്ടയാക്കിയതും മധുച്ചേട്ടനെയായിരുന്നു. പക്ഷെ ഒരിക്കലും അദ്ദേഹം അവളെ കുറ്റപ്പെടുത്തുന്നതോ അനിഷ്ടത്തോടെ സംസാരിക്കുന്നതോ ഞാൻ കേട്ടിട്ടില്ല. മീനുവിന്റെ പോക്ക് ആ വീടിനെ ആകെ പിടിച്ചുലച്ചു.

അതോടെ അച്ഛൻ വീടിനു പുറത്തിറങ്ങാതെയായി.അധികം വൈകാതെ അദ്ദേഹവും അമ്മയുടെ അടുത്തേക്ക് യാത്രയായി.സൈലന്റ് അറ്റാക്ക് ആയിരുന്നു. ഒരു ദിവസം രാവിലെ ജീവനില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.അച്ഛനും കൂടി പോയതോടെ ഞങ്ങൾക്ക് ആ നാട് അരോചകമായി തുടങ്ങി. വല്ലാത്തൊരു ഒറ്റപ്പെടൽ പോലെ.അതുകൊണ്ട് അവിടുത്തെ സർവ്വസ്വൊത്തുക്കളും വിറ്റു അതെല്ലാം മധുചേട്ടന്റെ ബിസിനെസ്സിൽ ഇൻവെസ്റ്റ്‌ ചെയ്തു കുറച്ചു കൂടി വിപുലീകരിച്ചു.മീനൂട്ടി പോയതോടെ അവളോടുള്ള വാശിയുടെ പുറത്ത് എല്ലാ സ്വൊത്തുക്കളും അച്ഛൻ മധുച്ചേട്ടന്റെ പേരിൽ ആക്കിയിരുന്നു.അവിടെ നിന്ന് പോകാൻ തീരുമാനിച്ചു എങ്കിലും അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് വിൽക്കാൻ ചേട്ടന് വളരെ മനപ്രയാസം ഉണ്ടായിരുന്നു.

പക്ഷെ മക്കളുടെ ഭാവിയെ കരുതി, കഴിഞ്ഞു പോയ എല്ലാ ദുരിതകാലങ്ങളും മറക്കുവാൻ വേണ്ടി ഞങ്ങളാ ഗ്രാമം വിട്ടു എന്നെന്നേക്കുമായി.അവിടം വിടുമ്പോൾ ഞാൻ വീണ്ടും അമ്മയാവാൻ തയ്യാറെടുക്കുകയായിരുന്നു.ബാംഗ്ലൂരിലേക്കു പോവാം എന്ന നിർദ്ദേശം വച്ചത് കുട്ടികളുടെ അച്ഛൻ തന്നെയായിരുന്നു.ഒരു പക്ഷെ അദ്ദേഹത്തിന്റെ സഹോദരിയെ വീണ്ടും കണ്ടു മുട്ടുമെന്ന ആഗ്രത്തിലോ പ്രതീക്ഷയിലോ അദ്ദേഹം എടുത്ത തീരുമാനമാകാം.ഞാനും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്തില്ല അങ്ങനെ അധികം വൈകാതെ ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്ക് ഞങ്ങൾ ചേക്കേറി….തുടരും

ഹരി ചന്ദനം: ഭാഗം 19

Share this story