അത്രമേൽ: ഭാഗം 13

അത്രമേൽ: ഭാഗം 13

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ദ…. ദർശേട്ടൻ…. ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയത്താൽ വർഷയ്ക്ക് വാക്കുകൾ കിട്ടാതായി…. തൊണ്ട വരണ്ടു…. വെട്ടി വിയർത്തു….അവിടെ നടന്നതും സംസാരിച്ചതുമായ കാര്യങ്ങൾ അവൻ അറിഞ്ഞെന്നു ആ മുഖഭാവം വിളിച്ചോതുന്നുണ്ടെങ്കിലും വളരെ നേർത്ത ഒരു പ്രതീക്ഷയിൽ അവൾ സ്വഭാവികമായി പെരുമാറാൻ തയ്യാറെടുത്തു… തനിക്ക് നേരെ പാഞ്ഞടുക്കുന്നവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു…. “ദ..ർശേട്ടൻ പോ… പോയില്ലായിരുന്നോ…?” അവന്റെ കണ്ണിലെരിയുന്ന അഗ്നി അവൾ കണ്ടില്ലെന്ന് നടിച്ചു…അവനോട് അടുത്ത് പെരുമാറാൻ ശ്രമിച്ചു…

ഒരു വിരൽ സ്പർശം പോലും ഏൽക്കുന്നതിനു മുൻപേ അവനവളെ തട്ടിമാറ്റി…. കവിളിൽ ആഞ്ഞടിച്ചു….ഒരു നിമിഷം തലചുറ്റുന്നത് പോലെ തോന്നി വർഷയ്ക്ക്….തനിക്ക് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ… കണ്ണിൽ ഇരുട്ട് കയറി… വീണുപോകാതിരിക്കാനായി അടുത്തുള്ള ചുവരിലേക്ക് അള്ളിപ്പിടിച്ചു…പതിയെ തലചായ്ച്ചു…അവന്റെ കൈ പതിഞ്ഞ കവിളിൽ തൊടാൻ പോലും മടിക്കുന്നത്ര നീറ്റൽ അനുഭവപ്പെട്ടു…എന്നാൽ അവളെ ശ്രദ്ധിക്കാതെ ഗോപുവിനെ പതിയെ എഴുന്നേൽപ്പിക്കുകയായിരുന്നു ദർശൻ…അവന്റെ ദേഷ്യം കാൺകെ തന്നെ ചേർത്തു പിടിച്ച അവന്റെ കൈകളിൽ ഒതുങ്ങി നിൽക്കുവാൻ ഗോപുവും ഭയപ്പെട്ടു… തളർച്ചയോടെ കട്ടിലിലേക്കിരുന്നു പോയി…

ഗോപുവിനെ വിട്ട് ദർശൻ വീണ്ടും വർഷയ്ക്ക് നേരെ തിരിഞ്ഞു… “എന്റെ സ്നേഹസമ്പന്നയായ ഭാര്യ എന്തോ ചോദിച്ചല്ലോ?…..ഹാ… ഞാൻ പോയില്ലേന്ന്…അല്ലേ?? പോയിരുന്നു… പക്ഷേ കാർഡെടുക്കാൻ മറന്നു…അത് നന്നായി… തിരിച്ചു വന്നത് കൊണ്ടാണല്ലോ… പലതും നിന്റെ നാവിന്ന് തന്നെ കേൾക്കാൻ കഴിഞ്ഞത്….” “ദ… ർശേ…ട്ടാ….ഞാൻ….” “മിണ്ടിപ്പോകരുത്…. നീയൊരു പെണ്ണാണോടീ…. എല്ലാവരും പോയ തക്കം നോക്കി ഈ പാവത്തിനെ ഉപദ്രവിക്കാൻ എങ്ങനെ മനസ്സ് വന്നു… ഇത്രയും വിഷം ഉള്ളിൽ കൊണ്ട് നടക്കുന്ന നിന്നെ സ്നേഹിച്ചു പോയതിൽ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു…”

അവജ്ഞയോടെയുള്ള അവന്റെ സംസാരം കേൾക്കെ വർഷയ്ക്കും വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു…എന്നിട്ടും സ്നേഹത്തോടെ മയത്തിൽ സംസാരിച്ചു അവന്റെ വെറുപ്പിനെ ഇല്ലാതാക്കാൻ അവൾ പരിശ്രമിച്ചു… “അപ്പോൾ…. അപ്പോൾ ഞാൻ സ്നേഹിച്ചില്ലെന്നാണോ?… ഞാനും സ്നേഹിച്ചതല്ലേ ദർശേട്ടാ… ജീവനായി കണ്ടതല്ലേ…?” പൊട്ടിക്കരഞ്ഞുകൊണ്ടവൾ ചോദിച്ചപ്പോഴും അവന്റെ മുഖത്ത് പ്രതിഫലിച്ച വെറുപ്പിന്റെ അളവിന് കുറവൊന്നും ഇല്ലായിരുന്നു… “ഇതാണോ സ്നേഹം…. എന്റെ അടുത്ത് സ്നേഹത്തോടെ അടുത്ത് കൂടുമ്പോഴും ഈ പാവത്തിന് എന്റെ പേരും പറഞ്ഞു വിവാഹവാഗ്ദാനങ്ങൾ നീ നൽകിക്കൊണ്ടിരുന്നില്ലേ?…

എന്നിട്ട് അവസാനം പിടിക്കപ്പെടുമെന്നായപ്പോൾ പഴി മുഴുവൻ ഗോപുവിന് അല്ലേ?… വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കകം തന്നെ നിന്നെ ഇനിയും ഏറെ മനസ്സിലാക്കാനുണ്ടെന്നു എനിക്ക് തോന്നിയിരുന്നു… നിന്റെ ദേഷ്യവും വാശിയും എല്ലാം മനഃപൂർവം കണ്ടില്ലെന്ന് നടിച്ചതാണ്… അല്പം മുൻപ് വരെ അതെല്ലാം ഞാൻ ചെറിയൊരു തമാശയയെ എടുത്തിട്ടുള്ളൂ… അതെനിക്ക് പ്രതികരിക്കാൻ അറിയാത്തത് കൊണ്ടോ… നിന്നെ പേടിയായതു കൊണ്ടോ അല്ല…ഭാര്യയെ തല്ലി പഠിപ്പിക്കുന്നത് ആണത്തമല്ലെന്ന് മനസ്സിലായത് കൊണ്ടാ….

രണ്ട് വ്യത്യാസ്ത ചുറ്റുപാടിൽ ജീവിച്ചവർ ഒന്നിക്കുമ്പോൾ വിട്ടുവീഴ്ചകൾ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാ…പിന്നെ നിന്നെ സ്നേഹം കൊണ്ട് തിരുത്തമെന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു…. ഇനിയില്ല…ഒക്കേ അവസാനിച്ചു… ഇപ്പോൾ എനിക്ക് നിന്നോട് വെറുപ്പ്‌ മാത്രമേ ഉളളൂ….” പറഞ്ഞു നിർത്തുമ്പോൾ അവന്റെ ശബ്ദം ഇടറി…. കണ്ണ് കലങ്ങി…. എങ്കിലും അവൾക്ക് മുൻപിൽ കരയാതിരിക്കാൻ അവൻ പരിശ്രമിച്ചു… ഒരുവേള അലിവോടെയുള്ളൊരു നോട്ടം ഗോപുവിന് നേരെ ചെന്നു… അവളും ഇരുവരെയും പകപ്പോടെ നോക്കിക്കാണുകയായിരുന്നു…

ദർശന്റെ ഉറക്കെയുള്ള സംസാരത്തിൽ പേടിച്ചിരിക്കയായിരുന്നു… “പ്ലീസ് ദർശേട്ടാ…. അങ്ങനെയൊന്നും പറയല്ലേ… എന്റെ വാക്കിനു ഇത്തിരി പോലും വിലകൽപ്പിക്കാതെ നിങ്ങൾ വീണ്ടും വീണ്ടും ഇവൾക്ക് വേണ്ടി ഓരോരോ കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാ ഞാൻ…..ഞാൻ അറിയാതെ…” “ഇപ്പോൾ ചെയ്തത് മാത്രമാണോ…. മുൻപൊക്കെ ചെയ്ത് കൊണ്ടിരുന്നതോ….? എല്ലാം ഞാൻ വ്യക്തമായി തന്നെ കേട്ടതാണ്… എന്റെ അച്ഛന് നിങ്ങളോടുള്ള നീരസത്തിന്റെ കാരണം ഇപ്പോൾ എനിക്ക് മനസ്സിലായി…നിന്നെ പൂർണമായി കുറ്റം പറയാൻ പറ്റില്ല… ആദ്യം പൊട്ടിക്കേണ്ടത് നിന്റെ അമ്മയ്ക്കാ…

നിന്നെ വളർത്തി വഷളാക്കിയതിന്… നന്മയുടെ ഇത്തിരി കണിക പോലും ബാക്കി വയ്ക്കാതെ നിന്നെ ഇത്രേം ക്രൂരയാക്കിയതിന്… മണിക്കൂറുകൾ നീണ്ട ഫോൺ സംഭാഷണങ്ങളിൽ ഇതൊക്കെയായിരുന്നു അല്ലേ നിങ്ങൾ ചർച്ച ചെയ്തത്…?” “ദേ…. എന്റെ അമ്മയെക്കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ…” തന്റെ അമ്മയെ പറഞ്ഞത് വർഷയെ വല്ലാതെ ചൊടിപ്പിച്ചു… ഒരു നിമിഷം സ്വൊയം മറന്നവൾ അവന് നേരെത്തെ ചീറി…പകയെരിയുന്ന കണ്ണുകളോടെ കൈ ചൂണ്ടി സംസാരിച്ചു… “ആവശ്യമുള്ളതൊന്നും ആ സ്ത്രീയെക്കുറിച്ച് സംസാരിക്കാൻ ഇല്ല….നിന്നെക്കുറിച്ചും…”

ആ സംസാരം അവളെ വല്ലാതെ നോവിച്ചു…. ചുവരിലെ പിടി വിട്ടവൾ അവന് നേരെ പാഞ്ഞടുത്തു… “എനിക്കറിയാം…. എന്റെ ആവശ്യം കഴിഞ്ഞിട്ടുണ്ടാകും… മടുത്തിട്ടുണ്ടാകും… ഇവളുണ്ടല്ലോ ഇവിടെ… ബുദ്ധിക്ക് മാത്രമേ വളർച്ചക്കുറവുള്ളൂ… വേറൊരു കാര്യത്തിലും ഇല്ലാ… അതും കൂടുതൽ സൗകര്യമായല്ലോ…ദച്ചേട്ടൻ പറഞ്ഞാൽ എന്തിനും കൂടെ നിന്നോളും ഇവള്…” തന്നോടുള്ള വാശിക്ക് അവൾ കാര്യങ്ങൾ വളച്ചൊടിക്കുന്നത് അവനും അസ്സഹനീയാമായി തോന്നി… വീണ്ടും അവന്റെ ബലമുള്ള കൈകൾ അവൾക്ക് നേരെ ഉയർന്നു താണു…നിലത്ത് വീണുകിടക്കുന്നവൾക്ക് നേരെ ഒന്ന്കൂടി കയ്യൊങ്ങിയതും പിടിത്തം വീണു… “അയ്യോ…. വർഷേച്ചിയെ തല്ലല്ലേ ദച്ചേട്ടാ….

വർഷേച്ചിക്ക് നോവൂല്ലേ…” തന്റെ കയ്യിൽ പിടിത്തമ്മിട്ട് കണ്ണീർ വർക്കുന്നവളെ കണ്ട് അവന്റെ മനസ്സലിഞ്ഞു…അറിയാതെയെങ്കിൽ പോലും അതിന്റെ മനസ് നോവിച്ചതിന് അവൻ ഉള്ളു കൊണ്ട് ക്ഷമ ചോദിച്ചു… “കേട്ടോടീ…. വർഷേച്ചിക്ക് നോവൂല്ലെന്ന്…. ഇത് പോലെ ഇന്ന് വരെ ഇവളുടെ നോവിനെക്കുറിച്ച് എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ…. ഉണ്ടാവില്ല…. മതി… എല്ലാം ഇന്നത്തോടെ അവസാനിച്ചു… ഇനി ഒരു നിമിഷം നീ ഈ വീട്ടിൽ ഉണ്ടാവരുത്… ഇറങ്ങിക്കോളണം ഇപ്പോൾ തന്നെ ” അവളുടെ മുടിക്ക് കുത്തിപ്പിടിച്ചവൻ എഴുന്നേൽപ്പിച്ചു…വലിച്ചിഴച്ചു കൊണ്ട് ആ മുറിയിൽ നിന്നു പുറത്താക്കി…

അപ്പോഴും തന്റെ സഹോദരിക്ക് വേണ്ടി യാചിച്ചൊരു പെണ്ണ് പിന്നാലെക്കൂടിയിരുന്നു… വർഷയ്ക്ക് നോവുന്നതിന്റെ ഇരട്ടി നോവ് അതിനുണ്ടെന്ന് തോന്നി… “എന്താ… പിള്ളേരെ ഇവിടെയൊരു ബഹളം… അയൽക്കാരൊക്കെ ചോദിച്ചു തുടങ്ങി…” വീട്ടിലെ ബഹളം കേട്ട് അങ്ങോട്ടൊടിയെത്തിയ സരസ്വതി ഉള്ളിലെ കാഴ്ച കണ്ട് നടുങ്ങി…കരയാൻ പോലും മറന്ന് നിലത്ത് വീണു കിടക്കുന്ന വർഷയുടെ ഭാവമെന്തെന്ന് അവ്യക്തമായിരുന്നു…ഒപ്പം കോപത്തോടെ നിൽക്കുന്ന ദർശനെയും,കരഞ്ഞു വിളിക്കുന്ന ഗോപുവിനെയും കണ്ട് ഒന്നും മനസ്സിലാവാതവർ നിന്നു…

“ഞാൻ തിരിച്ചു വരുമ്പോൾ നിന്നെയിവിടെ കണ്ടു പോകരുത്…. എടുക്കാനുള്ളത് എന്തൊക്കെയാണെന്ന് വയ്ച്ചാൽ എടുത്തിട്ടു ഇപ്പോൾ തന്നെ ഇറങ്ങിക്കോ…” ഉറക്കെ വിളിച്ചു പറഞ്ഞവൻ ദേഷ്യത്തോടെ ഇറങ്ങിപ്പോയി…അവന്റെ അലർച്ചയിൽ ഞെട്ടിയുണർന്നെന്ന പോലെ പെട്ടെന്ന് തന്നെ സരസ്വതി വർഷയുടെ അടുത്തേക്ക് പാഞ്ഞെത്തി… അപ്പോഴും വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ….പെട്ടെന്ന് കവിളിൽ പതിഞ്ഞു കിടക്കുന്ന തിണർത്ത പാടിൽ സരസ്വതിയുടെ കണ്ണുകൾ ഉടക്കി… കൈ നീട്ടി ഒന്ന് തൊട്ടപ്പോൾ തന്നെ എരിവ് വലിച്ചവൾ ഒന്ന് പുളഞ്ഞു…

അവരുടെ കൈ തട്ടി മാറ്റി…തനിക്ക് നേരെ ഉയരുന്ന സരസ്വതിയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ മുറിയിലേക്ക് ഓടിപ്പോയി കതകടച്ചു… കണ്ണാടിക്ക് മുൻപിൽ നിന്ന് തന്റെ മുഖം പരിശോധിക്കുമ്പോൾ എല്ലാവരെയും ചുട്ടെരിക്കാൻ മാത്രമുള്ള അഗ്നി ആ കണ്ണുകളിൽ പ്രതിഫലിച്ചു…കതകിൽ തുടർച്ചയായി മുട്ടിക്കൊണ്ടുള്ള സരസ്വതിയുടെ വിളികൾ പാടെ അവഗണിച്ചു…മുറിയിൽ സൂക്ഷിച്ച ബാഗിലേക്കു തന്റെ സാധനങ്ങൾ കുത്തി നിറച്ചു…ദർശൻ പിടിച്ചുലച്ച മുടിയൊന്ന് ഒതുക്കി കെട്ടി…

പുറത്തെത്തുമ്പോൾ അവളുടെ കയ്യിലുള്ള ബാഗ് കണ്ട് സരസ്വതി പകച്ചു നോക്കുന്നുണ്ടായിരുന്നു… അവരുടെ സംസാരങ്ങൾക്കൊന്നും ചെവിക്കൊടുക്കാതെ… തന്റെതായ വിശദീകരണങ്ങൾ ഒന്നും നൽകാതെ ദേഷ്യപ്പെട്ടവൾ ആ പടികളിറങ്ങി…ഇടയ്ക്കെപ്പോഴോ സങ്കടത്തോടെ അവളെ നോക്കുന്ന ഗോപുവിന് നേരെ രൂക്ഷമായൊരു നോട്ടം ചെന്നിരുന്നു…പോവരുതെന്ന് പറയണമെന്നുണ്ടായിട്ടും തന്റെ നേരെ നീളുന്ന തുറിച്ചു നോട്ടത്തെ ഭയന്നവൾ വർഷ പോവുന്നതും നോക്കി അനങ്ങാനാവാതെ ഉമ്മറത്ത് തന്നെ നിന്നു… ❤❤❤❤❤

വർഷയോടുള്ള ദേഷ്യമെല്ലാം ദർശൻ ഒരുവിധം വണ്ടിയിൽ തീർത്തു…ഡ്രൈവിംഗിനിടയിൽ ഇടയ്ക്കെപ്പോഴോ ഒന്ന് പാളിപ്പോയപ്പോൾ വണ്ടിയൊതുക്കി സ്റ്റിയറിങ്ങിലേക്ക് തല ചായ്ച്ചു കിടന്നു…വർഷയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത ഹൃദയഭാരം തോന്നി… തല പൊട്ടിപിളരുന്നത് പോലെ…നെഞ്ച് നീറിയിട്ടും അവൾക്ക് വേണ്ടി കണ്ണീരൊഴുഴുക്കാൻ മനസ്സില്ലാത്തത് പോലെ പിടിച്ചു നിന്നു… സങ്കടങ്ങളെല്ലാം തന്നോട് തന്നെയുള്ള ദേഷ്യമായി പരിണമിച്ചു…അതുവരെയുള്ള സംഭവങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി ഓർമയിലേക്ക് തള്ളിക്കയറി വന്നു…

ഇടയ്ക്കെപ്പോഴോ തന്നെ മോഹിച്ചൊരു പെണ്ണിന്റെ മുഖം മനസ്സിൽ തെളിഞ്ഞു…. ഒരു തുള്ളി കണ്ണിൽ നിന്നും അടർന്നു വീണു…വീണ്ടും വീണ്ടും മനസ്സിൽ ക്ഷമാപണം നടത്തി… എന്നിട്ടും മനസിന് സ്വൊസ്തത കിട്ടാതെ വന്നപ്പോൾ അത് കിട്ടുന്നൊരിടം അന്വേഷിച്ചു വണ്ടിയോടിച്ചു പോയി…. ❤❤❤❤❤ “അയ്യോ എന്റെ കുഞ്ഞിന്റെ മുഖം ചെയ്തു വച്ചേക്കുന്നത് കണ്ടില്ലേ…. ദ്രോഹി….” ഉപ്പുവെള്ളം തൊട്ടെടുത്ത് മകളുടെ കവിളിൽ തടവുന്നതിനൊപ്പം ഇന്ദിര ദർശനെ ഉറക്കെ ചീത്ത വിളിച്ചുകൊണ്ടിരുന്നു… “ഇപ്പോൾ കുറവുണ്ടോ മോളേ….” മൂക്ക് പിഴിഞ്ഞ് നേര്യതിൽ തുടച്ചവർ മകളോടായി അന്വേഷിച്ചു…

സംസാരിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് തന്നെ അവൾ ചെറുതായി തലയനക്കി അവർക്ക് ഉത്തരം നൽകി… “യ്യോ… എന്നാലും എന്തടിയാ ഇത്… എന്റെ കുഞ്ഞിന്റെ പല്ല് തെറിക്കാഞ്ഞത് ഭാഗ്യം…അപ്പഴേ ഞാൻ പറഞ്ഞതാ ആ പെണ്ണ് ഇവിടുത്തെ അടുക്കളപ്പുറത്ത് നിന്നോട്ടെ എന്ന്‌… അപ്പൊ നിനക്കായിരുന്നല്ലോ അവളെ എഴുന്നള്ളിച്ചു കൊണ്ടു പോയി അടിച്ചു പുറത്താക്കാൻ കൂടുതൽ ആവേശം… ന്നിട്ട് ഇപ്പോ എന്തായി… നീ തന്നെ പുറത്തായില്ല്യേ….” മുഖം അമർത്തി തുടച്ച് അവരൊന്നു നെടുവീർപ്പിട്ടു… തന്നെ കൊള്ളിച്ചു കൊണ്ടുള്ള അമ്മയുടെ സംസാരം വർഷയ്ക്ക് തീരെ പിടിച്ചില്ല…

തിണർത്തു വീർത്തു കെട്ടിയ മുഖം ഒന്ന് കൂടി വീർപ്പിച്ചു…അമ്മയെ രൂക്ഷമായൊന്നു നോക്കി… “അമ്മയ്ക്ക് വേണ്ടിയാ…. അതു വരെ ഞാൻ പിടിച്ചു നിന്നതാ…. അമ്മയെ പറഞ്ഞപ്പോൾ എന്റെ ക്ഷമ നശിച്ചു പോയി….” ഒരോ വാക്കുകൾ പയ്യെ എടുത്തെടുത്ത് പറയുമ്പോൾ വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു… “ആ….ഇതാ നിന്റെ കുഴപ്പം…ബുദ്ധി ലവലേശം ഇല്ല്യാ… എടുത്തു ചാട്ടം ആണെങ്കിൽ ആവശ്യത്തിലധികവും…ന്നെ അവൻ പറഞ്ഞെങ്കിൽ അതങ്ങ് കെട്ടില്ലെന്ന് വച്ചേക്കണമായിരുന്നു…പകരം അതിനും കൂടി ചേർത്ത് മേടിച്ചു വന്നേക്കുന്നു… അല്ലെങ്കിൽ തന്നെ നീയല്ലാതാരെങ്കിലും ആ വീട്ടിൽ വയ്ച്ചു അവളോട് പ്രതികാരം ചെയ്യാൻ നിൽക്കുവോ… പിടിക്കപ്പെടുമെന്നു ചിന്തിച്ചൂടെ…

ദർശനും അമ്മാവനും അവിടെയില്ലെങ്കിലും സരസ്വതി ഉണ്ടായിരുന്നല്ലോ അവിടെ…” “അത്…. അമ്മായി അടുത്ത വീട്ടിൽ പിറന്നാൾ പായസം കൊടുക്കാൻ പോയപ്പോളാ ഞാൻ…” അമ്മയോട് സ്വൊയം ന്യായീകരിച്ചു പറയാൻ അവൾക്ക് കാരണങ്ങൾ കുറവായിരുന്നു… “നന്നായി… അനുഭവിച്ചോ… ഭർത്താവ് ഉപേക്ഷിച്ച പെണ്ണായിട്ട് ഇവിടെ കഴിയാം…” “ആ… അത് തന്നെയാ എന്റെ തീരുമാനം… മടുത്തു എനിക്ക്… ജീവിത കാലം മുഴുവൻ ഇങ്ങനൊരാളെ തന്നെ സ്നേഹിച്ചു കഴിയുന്നതെങ്ങനെയാ..” മകളുടെ ചോദ്യം കേട്ട് ഇന്ദിര മൂക്കത്ത് വിരൽ വയ്ച്ചു… “അപ്പോൾ നീയിനി അങ്ങോട്ട് പോവുന്നില്ലെന്നാണോ…?” “അതേ…. ഞാൻ പോയാലും എന്നെയിനി അങ്ങോട്ടേക്ക് കയറ്റില്ല….”

“ആ ഇത് തന്ന്യാ ഞാൻ പറയണേ നിനക്ക് ബുദ്ധിയില്ലെന്ന്….ആ പെണ്ണ് ഇപ്പോഴും ആ സുധാകരന്റെ അടുത്താ ഉള്ളത്… നിന്റെ വാക്കും കേട്ട് അവളെ പറഞ്ഞയച്ചത് മണ്ടത്തരമായിപ്പോയി… നീ ഇവിടെ കഴിഞ്ഞാലും ഇത്തിരി ചെല്ലുമ്പോൾ നമ്മൾ രണ്ടാളും കൂടെ തെരുവിലേക്കിറങ്ങേണ്ടി വരും… ഇപ്പൊ തന്നെ ഇന്നത്തെ കാര്യങ്ങളൊക്കെ അറിയുമ്പോൾ അയാൾ എന്ത് പുകിലാണാവോ ഉണ്ടാക്കാൻ പോണത്…ഈ സ്വൊത്തുക്കൾ ഓക്കേ സ്വൊന്തമാകുന്ന വരെയെങ്കിലും നീ അവിടെ പിടിച്ചു നിൽക്കണമായിരുന്നു….” ശകാരച്ചുവയുള്ള അമ്മയുടെ സംസാരം കേൾക്കെ വർഷ അവരോട് പിണങ്ങി… “അമ്മയ്ക്ക് എന്നെക്കാളും വലുത് സ്വൊത്തുക്കൾ ആണല്ലേ…”

“അങ്ങനെയല്ല… നീയല്ലേ ന്റെ വല്യ സ്വൊത്ത്… പക്ഷെ എന്തൊക്കെ പറഞ്ഞാലും പണത്തിനു പണം തന്നെ വേണം…ഞാൻ പെട്ടെന്ന് ഇല്ലാണ്ടായാലും ഇങ്ങനെ അടിച്ചിറക്കി വിടുന്നവരുടെ കൂടെ എങ്ങനാ നീ കഴിയണേ… അതിന് മുൻപ് ഒരുറപ്പ് വേണം…” വളരെ കാര്യമായി പറയുന്ന അമ്മയെ കേട്ട് അതേ കാര്യ ഗൗരവത്തോടെ മകളും തലയാട്ടി… “എന്റെ പേടി അതല്ല… ആ പെണ്ണിനെ ഉപദ്രവിച്ചെന്നും പറഞ്ഞെങ്ങാനും അയാൾ കേറി വരുവൊന്നാ….” “എങ്കിൽ അയാളുടെ മകന്റെ പേരിൽ ഗാർഹിക പീഡനത്തിനു ഞാൻ കേസ് കൊടുക്കും…തെളിവ് എന്റെ മുഖത്തുണ്ടല്ലോ…. അഴിയെണ്ണട്ടെ നാശങ്ങൾ..” മകളുടെ വാക്കുകൾ ഇന്ദിരയിൽ സന്തോഷമുളവാക്കി… പിടിച്ചു നിൽക്കാൻ ഒരു കച്ചിത്തുരുമ്പ് കിട്ടിയ സന്തോഷത്തിൽ അവർ മകളെ അടക്കിപ്പിടിച്ചു… ❤❤❤❤❤

“എന്റെ കുഞ്ഞോള് എന്തിനാ കരയണേ….?” മടങ്ങി വന്ന സുധാകരൻ കണ്ടത് ഉമ്മറപ്പടിയിൽ ഇരുന്ന് കരയുന്ന ഗോപുവിനെയാണ്… അവളുടെ മട്ടും ഭാവവും കണ്ട് അയാൾ വല്ലാതെ പരിഭ്രമിച്ചു… “ദച്ചേട്ടൻ വർഷേച്ചിയെ തല്ലി അമ്മാമ്മേ…. വർഷേച്ചി പോയല്ലോ….?” “പോവാനോ എങ്ങോട്ട്…” കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ അയാൾ ചോദിച്ചപ്പോൾ അവൾ അറിയില്ലെന്ന മട്ടിൽ ചുണ്ട് പിളർത്തി… “എന്നിട്ട് ദർശൻ എവിടെ…?” “ദച്ചേട്ടനും പോയല്ലോ…” “അവർ ഒരുമിച്ചാണോ പോയത്…” അവൾ അല്ലെന്ന് തലയാട്ടി… കൈ കൊണ്ട് കണ്ണീരൊപ്പി… “വർഷയെ എന്തിനാ തല്ലിയെ…?” കാര്യം പിടികിട്ടാതെ അയാൾ വീണ്ടും ചോദിച്ചു… “ഞാൻ പറഞ്ഞാൽ മതിയോ?…”

അകത്ത് നിന്ന് ഒരുങ്ങി ഇറങ്ങി വന്ന സരസ്വതിയമ്മ ചോദിച്ചു…. “ഇവൾക്ക് അവൻ രാവിലെ എന്തൊക്കെയോ മേടിച്ചു കൊടുത്തില്ലേ…അത് വർഷ മോൾക്ക് ഇഷ്ടപ്പെട്ടില്ല…അവളെ തെറ്റ് പറയാനും പറ്റില്ല…ദർശനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാ ഇവളോടത് സൂചിപ്പിക്കാൻ ചെന്നത്… പക്ഷേ ഇവള് ഒച്ചപ്പാടുണ്ടാക്കി നിങ്ങളുടെ മോനെ അറിയിച്ചു… അവസാനം ഒന്നും രണ്ടും പറഞ്ഞു അവർ തമ്മിൽ വഴക്കായി… അവൻ വർഷയെ അടിച്ചു പുറത്താക്കി…” സുധാകരനോടാണ് പറയുന്നതെങ്കിലും ഇടയ്ക്കിടെ അവർ ഈർഷ്യയോടെ ഗോപുവിനെ നോക്കുന്നുണ്ടായിരുന്നു… “അല്ല നീയിതെങ്ങോട്ടാ ഒരുങ്ങിക്കെട്ടി?” “ഞാൻ വർഷമോളെ കൂട്ടിക്കൊണ്ട് വരാം…”

സരസ്വതി കൂസലില്ലാതെ പറഞ്ഞപ്പോൾ സുധാകരന് ദേഷ്യം ഇരച്ചു കയറി… “നീയിപ്പോൾ എങ്ങോട്ടും പോവണ്ട…കയറിപ്പോണുണ്ടോ അകത്ത്…ദർശൻ അവന്റെ ഭാര്യയെ ഇറക്കി വീട്ടിട്ടുണ്ടെങ്കിൽ തിരിച്ചു കൂട്ടിക്കൊണ്ട് വരാനും അവനറിയാം… അല്ലെങ്കിലും തക്കതായ കാരണം ഇല്ല്യാതെ അവൻ ഇങ്ങനൊന്നും പ്രവർത്തിക്കില്ല…” “എങ്കിൽ പിന്നെ മോനെ ഇനി എല്ലാർക്കും കൂടെ ജയിലിൽ പോയി കാണാം….സരസ്വതി വിളിച്ചിരുന്നു… എന്തൊക്കെയോ കരഞ്ഞു പറഞ്ഞു… വർഷമോള് കേസ് കൊടുത്താലേ നിങ്ങളുടെ ന്റെ മോൻ പിന്നെ അകത്താ… അവന്റെ കയ്യിൽ വിലങ്ങു വീഴുന്നത് കൂടി കാണാൻ വയ്യെനിക്ക്…വർഷ മോളേ കൂട്ടിയിട്ടേ ഞാൻ മടങ്ങി വരുള്ളൂ…”

കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അയാളുടെ സമ്മതത്തിന് കാത്തു നിൽക്കാതെ അവർ നടന്നു നീങ്ങി… “ഗോപുനെ വർഷേച്ചി നോവിച്ചു….ഗോപുന്റെ പുസ്തകം കീറിക്കളഞ്ഞു…അതോണ്ടാ ദച്ചേട്ടൻ വർഷേച്ചിയെ തല്ലിയെ…” പിറകിൽ നിന്നും ഒരു സങ്കടക്കരച്ചിൽ കേട്ടപ്പോൾ അയാൾ മെല്ലെ ഉമ്മറപ്പടിയിൽ ചെന്നിരുന്നു… അതിനെ ചേർത്തു പിടിച്ചു പുറത്ത് തട്ടി ആശ്വസിപ്പിച്ചു… “സാരല്ലാ ട്ടൊ…പുസ്‌തകം നമുക്ക് ഒട്ടിച്ചു പുത്തനാക്കാല്ലോ… ദേ അമ്മാമ്മ ഗോപുന് പുസ്തകം പൊതിയാൻ മിന്നുന്ന കടലാസ് കൊണ്ടു വന്നല്ലോ…” കയ്യിലുള്ള പൊതിയയാൾ അവൾക്ക് നേരെ നീട്ടി… ആശിചതു കിട്ടുമ്പോൾ പൊട്ടിച്ചിരിക്കുന്നവൾ അന്നൊന്നും മിണ്ടാതെയിരുന്നു…

സന്തോഷം കിട്ടാതെ നെഞ്ച് നീറിയിരുന്നു… കഴിഞ്ഞു പോയതൊക്കെ ഓർത്തോർത്ത് കരഞ്ഞിരുന്നു… നേരം ഇരുട്ടിയിട്ടും ദർശനെ കാണാതെ സുധാകരന് പരിഭ്രമം ഏറി വന്നു… സരസ്വതി അന്നിനി തിരിച്ചു വരില്ലെന്നയാൾക്ക് ഉറപ്പായിരുന്നു…വർഷയുടെ അടുത്തെത്തിയെന്നൊരു വാക്ക് മാത്രമാണ് ഫോണിലൂടെ പറഞ്ഞത്…വിളിച്ചത് ഇഷ്ടപ്പെടാത്ത മട്ടിൽ ഫോൺ വയ്ക്കുകയും ചെയ്തു…മകനെക്കുറിച്ച് പോലും അവർ അന്വേഷിച്ചില്ലെന്നത് അയാളെ അത്ഭുതപ്പെടുത്തി…ദർശനെ ഇടയ്ക്കിടെ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുക്കാതെ വന്നപ്പോൾ അയാളുടെ ഭയം ഇരട്ടിച്ചു… ഗോപുവിനെ ഒറ്റയ്ക്കാക്കി അന്വേഷിച്ചു പോകാനുള്ള ധൈര്യവും അയാൾക്കില്ലായിരുന്നു…

സങ്കടപ്പെട്ടിരിക്കുന്നവളെ ആശ്വാസിപ്പിക്കാനായി പുസ്തകങ്ങൾ പൊതിയാനും നേരെയാക്കി ഒട്ടിക്കാനും കൂടെക്കൂടി… അപ്പോളും അയാളുടെ മനസ്സ് മറ്റെങ്ങോ ആയിരുന്നു… സമയത്തോടൊപ്പം ഉള്ളിലുള്ള ആദിയും ഏറി വന്നു… ഇടയ്ക്കെപ്പോഴോ പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു… വാതിൽ തുറന്ന് ഇറങ്ങിചെന്നപ്പോൾ വേച്ചു വേച്ചു വരുന്ന മകനെ കണ്ട് അയാൾ പേടിച്ചു….ഓടിച്ചെന്നു താങ്ങിപ്പിടിച്ചപ്പോൾ മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അയാളുടെ മൂക്കിലേക്കിരച്ചു കയറി… “നീ കുടിച്ചിട്ടുണ്ടോ ദർശാ…. എപ്പോൾ തുടങ്ങി ഇമ്മാതിരി ശീലങ്ങൾ…” വളരെ ദേഷ്യത്തോടെയാണ് അയാൾ ചോദിച്ചതെങ്കിലും മറുപടി പറയാൻ പോലും അവന് നാവ് വഴങ്ങുന്നില്ലായിരുന്നു…ഇടയ്ക്കിടെ എന്തൊക്കെയോ പിറുപിറുക്കുന്നതല്ലാതെ ഒന്നും വ്യക്തമായില്ല…

തനിക്ക് താങ്ങാവേണ്ടവൻ തന്റെ ബലത്തിൽ പതിയെ നടന്നു വരുന്നത് കണ്ട് അയാളുടെ നെഞ്ചകം വിങ്ങി…കാലുറയ്ക്കാതെ നടക്കുന്ന ദർശനെ ഗോപുവും സംശയത്തോടെ നോക്കി…അകത്തേക്ക് കയറാൻ നേരം ബാലൻസ് തെറ്റി രണ്ടാളും വീഴാനാഞ്ഞു… അപ്പോഴേക്കും ഗോപു വന്ന് താങ്ങിപ്പിടിക്കാൻ ശ്രമിച്ചു…..എന്നാൽ ദർശനവളെ തള്ളിമാറ്റി…പെട്ടന്നുള്ള പ്രതികരണമായതിനാൽ അവൾ ചുവരിലേക്ക് ആഞ്ഞു പോയി…നെറ്റിയിടിച്ചു…ചെറുതായി മുഴച്ചു… “എ…. എന്നെയാരും….. പി… ടി… ക്ക… ണ്ടാ…” ദേഷ്യത്തോടെ പറഞ്ഞതും വീഴാനാഞ്ഞ ദർശനെ സുധാകരൻ ചേർത്തു പിടിച്ചു…ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന ലഹരിയുടെ ബാക്കി ശർദ്ധിയുടെ രൂപത്തിൽ പുറത്തു വന്നു…

അവനെന്തോ വലിയ രോഗമാണെന്ന് ധരിച്ചു പെണ്ണൊരുത്തി ഓടി വന്നവന്റെ പുറം തടവി… ദുർഗന്ധമുള്ള ചെറുചൂടുള്ള വെള്ളം ശരീരത്തിൽ പതിക്കുമ്പോളും അതൊന്നും കാര്യമാക്കാതവൾ നിന്നു…ഇത്തിരിയൊന്നു ബേധപ്പെട്ടപ്പോൾ ദേഷ്യത്തോടെ അവൻ തന്നെ താങ്ങിപ്പിടിച്ച കൈകൾ കുടഞ്ഞെറിഞ്ഞു….ഹാളിലുള്ള സോഫയിലും ടേബിളിലും താങ്ങിപ്പിടിച്ചു അവൻ പയ്യെ മുറിയിലേക്ക് പോവാൻ ശ്രമിക്കുന്നുണ്ടായിരുന്നു… പിടി തരുന്നില്ലെങ്കിലും വീണു പോവുമെന്ന ഭയത്താൽ സുധാകരൻ അവനെ പിന്തുടർന്നു…മുകളിലേക്ക് കയറി പോകുന്നവരെ ഒന്നും മനസ്സിലാവാതെ സങ്കടത്തോടെ ഗോപുവും നോക്കി നിന്നു…

മുറിയിൽ കയറിയ പാടെ ദർശൻ കട്ടിലിലേക്ക് ചെന്നു വീണു… മുഷിഞ്ഞ വസ്ത്രങ്ങൾ ഊരിമാറ്റി നല്ലൊരെണ്ണം ധരിപ്പിക്കുമ്പോളും ബോധമില്ലാതെ ഓരോന്ന് പുലമ്പിക്കൊണ്ടിരിക്കുന്ന മകനെ കണ്ട് ആ വൃദ്ധൻ കരഞ്ഞു പോയി…ഇത്തിരി നേരം അടുത്തിരുന്ന് അവന്റെ മുടിയിൽ പതിയെ തലോടി…താഴെ ചെന്നപ്പോൾ ഗോപു ഹാളൊക്കെ തുടച്ച് വൃത്തിയാക്കിയിരുന്നു…കുളിച്ചു വന്ന് അമ്മാവനൊപ്പം ഭക്ഷണം കഴിക്കാനിരിക്കുമ്പോളും പ്രതീക്ഷയോടെയവൾ കോണിപ്പടിയിലേക്ക് നോക്കികൊണ്ടിരുന്നു…. “ദചേട്ടൻ വന്നില്ലല്ലോ അമ്മാമ്മേ…. വിശക്കൂലേ…?” സഹികെട്ടവൾ അവസാനം അമ്മാവനോട് തന്നെ ചോദിച്ചു… “ദച്ചേട്ടൻ കഴിച്ചതാ മോളേ…. മോള് കഴിച്ചോ… അവന് സുഖമില്ല….” “കാല് വയ്യേ….”

അസുഖം കണ്ടെത്തിയത് പോലെ അവൾ ചോദിച്ചപ്പോൾ അയാൾ തലയാട്ടി സമ്മതിച്ചു… “എന്നിട്ട് ഗോപുനെ പിടിക്കാൻ സമ്മതിച്ചില്ലല്ലോ… തള്ളിയിട്ടില്ലേ….” ചുണ്ട് പിളർത്തി സങ്കടത്തോടെ പറഞ്ഞപ്പോൾ ഉത്തരം പറയാനായി അയാൾ ഒരു നിമിഷം ആലോചിച്ചു… “അത്… അവന് കയ്യും വയ്യായിരുന്നു മോളേ… ഗോപു പിടിച്ചപ്പോൾ വേദനിച്ചോണ്ടാവും…” അതു കേട്ടപ്പോൾ അവൾക്ക് കൂടുതൽ സങ്കടമായി… ഒരു വറ്റ് പോലും ഇറക്കാനാവാതെ ചോറിൽ കയ്യിട്ടിളക്കി…കിടന്നപ്പോളും ഉറക്കം കിട്ടാത്തവൾ തിരിഞ്ഞും മറിഞ്ഞും ഇത്തിരി കഴിച്ചുകൂട്ടി…ഒട്ടും സ്വൊസ്തതയില്ലാതായപ്പോൾ പതിയെ എഴുന്നേറ്റിരുന്നു…

അന്നത്തെ സംഭവങ്ങളിലുടനീളം മനസ്സ് സഞ്ചരിച്ചു…ഓരോന്ന് ഓർത്തോർത്ത് വീണ്ടും സങ്കടപ്പെട്ടു… നെറ്റിയിലെ ഇത്തിരി മുഴച്ച പാടിൽ പതിയെ തൊട്ട് നോക്കി…അവളവനെ ഒത്തിരി നോവിച്ചോ എന്ന സംശയം ബലപ്പെട്ടു…മനസ് അവന്റെ അരികിൽ ചെന്നു പെട്ടത് പോലെ….അവന്റെ വേദന അവളുടേത്‌ കൂടിയായി…❤… തുടരും….

അത്രമേൽ: ഭാഗം 12

Share this story