ഗന്ധർവ്വയാമം: ഭാഗം 7

ഗന്ധർവ്വയാമം: ഭാഗം 7

എഴുത്തുകാരി: അഞ്ജലി അഞ്ജു

“അത്രക്ക് ഇഷ്ടാണോ അച്ഛനെയും അമ്മയെയും കാണാൻ?” മുഖം താഴ്ത്തി അത് ചോദിക്കുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു. “ആർക്കാണ് സ്വന്തം അച്ഛനെയും അമ്മയെയും വെറുക്കാൻ കഴിയുക? ഉപേക്ഷിച്ചു പോയ അവരോട് എത്രയൊക്കെ വെറുപ്പ് തോന്നിയാലും ഉള്ളിന്റെ ഉള്ളിൽ ഒരിക്കലെങ്കിലും ആ സ്നേഹം അനുഭവിക്കാനുള്ള കൊതിയുണ്ട്.” ഒരു പുഞ്ചിരിയോടെ അവന്റെ മുഖത്തു നോക്കി കൊണ്ട് ആമി പറഞ്ഞു. “മറ്റാരോടും ഞാനിത് പറഞ്ഞിട്ടില്ല. വിദ്വെഷത്തിന്റെ കപട മുഖം മൂടി അണിഞ്ഞേ അച്ഛനെയും അമ്മയെയും പറ്റി പറഞ്ഞിട്ടുള്ളൂ. പക്ഷെ എന്റെ അതേ അവസ്ഥയിലൂടെ സഞ്ചരിക്കുന്ന വസുവിനോട് ഞാൻ എന്താണ് ഒളിച്ചു വെക്കേണ്ടത്?

മറ്റാരേക്കാളും നന്നായി എന്നെ നിനക്കല്ലേ മനസിലാക്കാൻ പറ്റുള്ളൂ.” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. “ജനിപ്പിച്ചവർ ഉപേക്ഷിച്ചു പോകുന്നത് നമ്മുടെ തെറ്റ് കൊണ്ടാണോ? അവരെ ഞാൻ കുറ്റപെടുത്തില്ല കൊന്നു കളഞ്ഞില്ലല്ലോ.. പക്ഷെ പലപ്പോഴും ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ” അത് പറഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ച് കണ്ണ് കൊണ്ട് അരുതെന്ന് ശാസിച്ചു. അവളോടൊപ്പം അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു അതിന്റെ കാരണം അവൾക്കും മനസ്സിലായിരുന്നില്ല. നിറഞ്ഞ് ഒഴുകിയ അവളുടെ കണ്ണുകൾ തുടച്ച് അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി.

“എന്റെ ആമിക്ക് ഞാനില്ലേ? എന്റെ തന്റേടി പെണ്ണ് കരയരുത്. നിനക്ക് ഒരു പോറൽ പോലും പറ്റുന്നത് നിക്ക് സഹിക്കില്ല.” ഒരു നിമിഷം അവന്റെ നെഞ്ചോട് മുഖം ചേർത്ത് അവളും നിന്നു. അവളും ആസ്വദിക്കുകയായിരുന്നു സ്നേഹവും സംരക്ഷണവും. അവന്റെ വാക്കുകൾ വീണ്ടും വീണ്ടും കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. “എന്റെ ആമി”.. കണ്ണുകൾ നിറഞ്ഞു ഒഴുകുമ്പോളും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. പെട്ടെന്നാണ് സ്ഥലകാല ബോധം അവൾക്ക് ഉണ്ടായത്. ഒരടി പിന്നിലേക്ക് വെച്ചു അവൾ തല കുനിച്ചു നിന്നു. “അല്ല അപ്പോ എവിടേക്കാണ് നമുക്ക് പോകേണ്ടത്?” “ആലപ്പുഴ. അവിടുന്നാണ് എന്നെ മൂന്നു മാസം പ്രായം ഉള്ളപ്പോൾ മലപ്പുറത്തെ കോൺവെന്റിലേക്ക് കൊണ്ട് വന്നത്.

അവിടെ ചെന്നാൽ ചിലപ്പോൾ കുറച്ച് ഡീറ്റെയിൽസ് കൂടെ കിട്ടുമായിരിക്കും.” “അതൊക്കെ കിട്ടും. ഞാൻ പോവും മുന്നേ തനിക്ക് തന്റെ അച്ഛനെയും അമ്മയെയും ഞാൻ തിരിച്ചു തരും. അത് ഈ വസുവിന്റെ വാക്കാണ്. പക്ഷെ അപ്പോൾ എന്നോട് ദേഷ്യം ആകുമോ?” “അതെന്തിനാ വസുവിനോട് ഞാൻ ദേഷ്യപ്പെടണേ? അല്ല വസു എവിടേക്കാ പോണത്?” “അതല്ല ചിലപ്പോൾ നിക്ക് അൽപം ദൂരേക്ക് പോകേണ്ടി വന്നാലോ?” അവളുടെ മുഖം വാടുന്നത് കണ്ടതും അവളെ വീണ്ടും മാറോടടക്കി നിർത്തി അവൻ. “ഞാൻ എങ്ങോട്ടും പോവില്ല പെണ്ണേ. നിന്നെ വിട്ട് ഞാൻ എവിടെ പോകാനാണ്?”

“അല്ലെങ്കിലും നിങ്ങളെ ഞാൻ എങ്ങോട്ടും വിടില്ല. നീ എന്റെയാ. ഈ ആമിയുടെ. ആർക്കും വിട്ട് കൊടുക്കില്ല ഞാൻ.” കൈകൾ കൊണ്ട് അവനെ വലിഞ്ഞു മുറുക്കിയാണ് അവളത് പറഞ്ഞത്. അത് കേട്ടതും അവന്റെ മുഖത്തു പുഞ്ചിരി വിരിഞ്ഞെങ്കിലും അടുത്ത നിമിഷം തന്നെ അത് വിഷാദത്തിന് വഴി മാറിയിരുന്നു. അന്ന് രണ്ടാളും കുറെയേറെ സംസാരിച്ചിട്ടാണ് ഫ്ലാറ്റിലേക്ക് പോയത്. അൽപ സമയത്തേക്ക് ആണെങ്കിലും അവനെ പിരിഞ്ഞിരിക്കുമ്പോൾ എന്തോ ഒരു സങ്കടം പോലെ. ഒരാഴ്ചത്തെ പരിചയമേ ഉള്ളെങ്കിലും വർഷങ്ങളായുള്ള ഒരു ആത്മബന്ധം. ആമിയുടെ മനസിൽ അവനെ കണ്ട അന്ന് മുതൽക്കുള്ള കാര്യങ്ങൾ ഒന്നിടവിട്ട് കടന്നു വന്നു കൊണ്ടിരുന്നു.

മറ്റെവിടൊക്കെയോ വെച്ച് അവനെ കണ്ടിട്ടുള്ളത് പോലെ അവൾക്ക് തോന്നി. ഫോണിന്റെ സ്‌ക്രീനിൽ വസുവിന്റെ പേര് തെളിഞ്ഞതും അവൾ വേഗത്തിൽ കാൾ അറ്റൻഡ് ചെയ്തു. “ഹലോ?” അവിടുന്നുള്ള ശബ്ദം കേട്ടതും വല്ലാത്തൊരു കുളിർമ അവൾക്ക് അനുഭവപ്പെട്ടു. “മ്മ്.” ഒരു മൂളൽ മാത്രം മറുപടിയായി കിട്ടിയപ്പോൾ വസുവിന് ഭയമാണ് ഉണ്ടായത്. “എന്താടോ? തനിക്ക് വയ്യായ്ക വല്ലതും ഉണ്ടോ?” അവന്റെ ചോദ്യം കേട്ടതും അവളുടെ കിളികൾ പറന്നെന്ന് വേണം പറയാൻ. “ഹേയ് എനിക്ക് ഒന്നുമില്ല. എന്താ?” “അല്ല ഒന്നും മിണ്ടാഞ്ഞപ്പോൾ ഞാൻ പേടിച്ചു.” “ദേ ഓവറാക്കി ചളമാക്കല്ലേ.” ആമി ആ പറഞ്ഞതിന് മറുപടി അവിടുന്നൊരു ചിരി മാത്രമായിരുന്നു. “നാളെ ഓഫ്‌ അല്ലേ നമുക്ക് പുറത്തൊക്കെ പോയാലോ?” “ആ അതേ.

ഓണം സെലിബ്രേഷന് ഇടാൻ നിക്ക് ഡ്രെസ്സൊക്കെ എടുക്കണം. നമുക്ക് നാളെ ഫുൾ കറങ്ങാൻ പോവാം.” പിന്നെയും കുറേ സമയം അവർ സംസാരിച്ചു. അവസാനം ആമി ഉറങ്ങിയതിന് ശേഷമാണ് അവൻ ഫോൺ കട്ട്‌ ചെയ്തത്. രാവിലെ തന്നെ റെഡി ആയി വസുവിനെയും കാത്തിരിക്കുകയായിരുന്നു ആമി. അവൻ വന്നതും ഇരുവരും ഒന്നിച്ചു ഷോപ്പിങ്ങിന് പോയി. ആദ്യം ആമിക്ക് ഒരു കസവു സാരിയാണ് എടുത്തത് അത് വസുവിന്റെ സെലെക്ഷൻ ആയിരുന്നു. അതിനു ചേരുന്ന വെള്ളയിൽ മെറൂൺ എംബ്രോയിഡറി വർക്ക്‌ ചെയ്ത ബ്ലൗസും എടുത്തു.

അതിന് ശേഷം വസുവിനും മെറൂൺ നിറത്തിലെ ഷർട്ടും കസവു മുണ്ടും എടുത്തു. അതിന് ചേരുന്ന ആക്സസറീസും എടുത്ത് കഴിഞ്ഞപ്പോളേക്കും നേരം ഉച്ച കഴിഞ്ഞിരുന്നു. ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണവും കഴിച്ചിട്ടാണ് തിരികെ ഫ്ലാറ്റിലേക്ക് തിരിച്ചത്. ബൈക്കിൽ വെയിലു മുഴുവൻ കൊണ്ട് നടന്നത് കൊണ്ട് നല്ല ക്ഷീണം തോന്നിയിരുന്നു. അത് കൊണ്ട് വന്ന പാടെ ആമി കിടന്ന് ഉറങ്ങിയിരുന്നു. കാട് പിടിച്ച് കിടക്കുന്ന വഴികളിലൂടെ നടക്കുകയാണ് ആമി. അവളുടെ വേഷവിധാനങ്ങൾ ആകെ മാറിയിരുന്നു. കണ്മഷിയാൽ കണ്ണ് വാലിട്ട് എഴുതിയിരുന്നു. ധാവണിയാണ് വേഷം. മുട്ടറ്റം വരെയുള്ള നീളൻ മുടി മെടഞ്ഞിട്ടിട്ടുണ്ട്. ചെമ്പകത്തിന്റെ വാസന അടുക്കും തോറും നടത്തത്തിന്റെ വേഗത കുറച്ച് ഇലയനക്കം പോലും കേൾക്കാത്ത വിധം പതുങ്ങി നടക്കാൻ തുടങ്ങി.

ചെമ്പക ചുവട്ടിൽ തിരിഞ്ഞു നിൽക്കുന്ന യുവാവിന് അരികിലേക്ക് ആ കാലുകൾ ചലിച്ചു. താൻ വന്നത് മനസിലാക്കി എന്ന വണ്ണം അവൻ തല വെട്ടിച്ചു നോക്കി. ആ യുവാവിന് വസുവിന്റെ മുഖ സാദൃശ്യം ആയിരുന്നു. വളരെ ശാന്തമായ ആ കണ്ണുകളിൽ ഒരു തിളക്കം പൊടുന്നനെ ഉണ്ടായി. അവർ ഇരുവരും കൈകൾ കോർത്തു വീണ്ടും കുറേ ദൂരം സഞ്ചരിച്ചു. കൽപ്പടവുകൾ ഉള്ള ഒരു കുളത്തിന്റെ കരയിലേക്കാണ് അവർ എത്തിച്ചേർന്നത്. പടവുകൾ വേഗത്തിൽ ഇറങ്ങി ഓടുമ്പോൾ പിന്നിൽ നിന്ന് പരിഭ്രമത്തോടുള്ള ആ യുവാവിന്റെ ശബ്ദം മുഴങ്ങി കേട്ടിരുന്നു. കുളത്തിന്റെ ആഴങ്ങളിൽ ശ്വാസം കിട്ടാതെ കുഴഞ്ഞു പോകുമ്പോളും പ്രതീക്ഷയോടെ അവളുടെ കൈകൾ അവനെ തേടി.

ഒടുവിൽ കണ്ണുകൾ അടച്ച് ആഴങ്ങളിലേക്ക്… ഞെട്ടി ഉണരുമ്പോളേക്കും വിയർത്തു കുളിച്ചിരുന്നു. സ്വപ്നം കണ്ടതാണെന്ന് മനസ്സിലാവാൻ തന്നെ കുറേ സമയമെടുത്തു. ഇപ്പോളും ശ്വാസം ലഭിക്കാത്തത് പോലെയാണ് ആമിക്ക് തോന്നിയത്. കുറച്ച് വെള്ളം കുടിച്ച് മുഖവും കഴുകി. സമയം നോക്കിയപ്പോൾ 9 കഴിഞ്ഞു. ഉച്ച കഴിഞ്ഞ് ഉറങ്ങിയതാണ്. നന്നായി വിശക്കുന്നുമുണ്ട്. ഫുഡ്‌ ഉണ്ടാക്കാൻ മടി തോന്നി. കണ്ട സ്വപ്നത്തെ പറ്റി ആലോചിച്ചു കുറച്ച് സമയം കൂടെ സോഫയിൽ ഇരുന്നു. വിശപ്പിന്റെ വിളി കൂടിയതോടെ ഫുഡ്‌ ഓർഡർ ചെയ്താലോ എന്നായി ചിന്ത. അപ്പോളാണ് വസുവിനെ പറ്റി ചിന്തിച്ചത് അവനും കഴിച്ചിട്ടില്ലെങ്കിൽ അവനെയും കൂടെ കൂട്ടാമല്ലോ.

വിളിച്ചപ്പോൾ ആളും നല്ല ഉറക്കത്തിലായിരുന്നു. പുറത്ത് പോയി ഭക്ഷണം കഴിക്കാമെന്ന് അവനാണ് പറഞ്ഞത്. ആമിക്ക് മടി ആയിരുന്നെങ്കിലും തട്ടുകടയിലെ ഫുഡും നൈറ്റ്‌ റൈഡും ഒക്കെ ഓർത്തപ്പോൾ വേഗം ഒരുങ്ങി ഇറങ്ങി. ഒരു സ്ലീവ്‌ ലെസ്സ് ടോപ്പും ജീൻസും എടുത്തിട്ടു. മുടിയൊക്കെ വാരി കെട്ടി ഫോണും എടുത്ത് ഇറങ്ങി. ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോളേക്കും വസുവും എത്തിയിരുന്നു. ആമിയെ കണ്ടപ്പോൾ ചുണ്ടിലൊരു ചിരി ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് മുഖത്തു ഒരു മാറ്റം, ഒരു തെളിച്ചമില്ലായ്മ.

അത് ഗൗനിക്കാതെ ആമി അവന്റെ വലത്തേ കൈ സ്വന്തമാക്കി. വിരലുകൾ കോർത്തു ലിഫ്റ്റിലേക്ക് കയറി. ലിഫ്റ്റ് ഇറങ്ങുമ്പോൾ മുകളിലത്തെ ഫ്ലോറിലെ ആന്റിയെ കണ്ടതും പെട്ടെന്ന് വസു തന്റെ കൈകളെ പിൻവലിച്ചു. പെട്ടെന്നുള്ള അവന്റെ ആ പെരുമാറ്റം അവളിൽ വേദന നിറച്ചു. അവർ പോയി കഴിഞ്ഞതും വീണ്ടും അവളുടെ വിരലുകൾ അവൻ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും അവൾ അവന്റെ കൈ ബലത്തിൽ വിടുവിച്ചു മുന്നിൽ കേറി നടന്നു…തുടരും…

ഗന്ധർവ്വയാമം: ഭാഗം 6

Share this story