ഹരി ചന്ദനം: ഭാഗം 21

ഹരി ചന്ദനം: ഭാഗം 21

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ബംഗ്ലൂരിലേക്കുള്ള മാറ്റം അനിവാര്യമായിരുന്നു എങ്കിലും എനിക്കും ഹരിക്കുട്ടനും പൊരുത്തപ്പെടാൻ ഒത്തിരി സമയം വേണ്ടി വന്നു.അദ്ദേഹം മുൻപും ബിസ്സിനെസ്സ് ആവശ്യങ്ങൾക്കായി ഒരുപാട് യാത്രകൾ നടത്തിയിരുന്നത് കൊണ്ട് ഞങ്ങളുടെ അത്രത്തോളം ബുദ്ധിമുട്ട് തോന്നിയില്ല. നാടിന്റെ പച്ചപ്പും സാഹചര്യങ്ങളും കണ്ടു ജീവിച്ച ഞങ്ങൾക്ക് ആ മഹാനഗരത്തിലെ എല്ലാം തന്നെ പുതിയ കാഴ്ചകളും അനുഭവങ്ങളും ആയിരുന്നു.അധികം വൈകാതെ അവിടുത്തെ ഒരു സ്കൂളിൽ ഹരിക്കുട്ടനെ ചേർത്തു.

ഭാഷയും മറ്റുകുട്ടികളുമായുള്ള ഇടപെടലുകളും ആദ്യമൊക്കെ ഒരു വെല്ലുവിളിയായെങ്കിലും ഹരിക്കുട്ടൻ അതിനെയെല്ലാം തരണം ചെയ്തു.അദ്ദേഹത്തിന്റെ ബിസ്സിനെസ്സ് അവിടെ വിപുലമായി തന്നെ ആരംഭിച്ചു.ആദ്യം ഇത്തിരി ഞെരുക്കം ഒക്കെ അനുഭവിച്ചെങ്കിലും പോകെ പോകെ ബിസിനെസ്സിൽ ഉള്ള പുരോഗതി ഞങ്ങളുടെ ജീവിതത്തെയും സ്വാധീനിച്ചു.അച്ഛനും മകനും പോയിക്കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്കിരുന്നു മടുത്ത എന്നെ അദ്ദേഹമാണ് നിർബന്ധിച്ചു ഓഫീസിൽ കൊണ്ടു പോയത്.

ആദ്യമൊക്കെ എനിക്ക് അവിടുത്തെ ചിട്ടവട്ടങ്ങളൊന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല എങ്കിലും സമയമെടുത്തു അദ്ദേഹത്തിന്റെ സഹായത്തോടെ എല്ലാം മനസ്സിലാക്കിയെടുത്തു.അപ്പോഴേക്കും എന്റെ ഡെലിവറി ഡേറ്റ് അടുത്തിരുന്നു.അധികം വൈകാതെ ഞാൻ വീണ്ടും അമ്മയായി. കിച്ചു ജനിച്ചതോടെ താൽക്കാലികമായി ഓഫീസിൽ പോക്ക് ഞാൻ നിർത്തിയിരുന്നു.സത്യത്തിൽ അവൻ ഉറങ്ങുമ്പോഴുള്ള സമയം മാത്രമാണ് എനിക്ക് ഫ്രീ ആയി കിട്ടുന്നത് ബാക്കി സമയം മുഴുവൻ രണ്ടു കൊച്ചു കുട്ടികളുടെ അമ്മയെന്ന ഉത്തരവാദിത്തത്തിൽ ഞാൻ വളരെ തിരക്കിലായിരുന്നു.

ഹരിക്കുട്ടൻ വളരെ പാവമായിരുന്നു. എന്റെയും അദ്ദേഹത്തിന്റെയും തിരക്കുകൾ മനസ്സിലാക്കി അവന്റെ കാര്യങ്ങൾ ഒക്കെ സ്വൊയം ഏറ്റെടുത്തു ചെയ്യും.സ്കൂളിലും ടീച്ചേഴ്സിന്റെ കണ്ണിലുണ്ണി.പഠന കാര്യങ്ങളിലും പഠ്യേതര കാര്യങ്ങളിലും മിടുക്കൻ. വളരെ പക്വതയോടെ കാര്യങ്ങൾ ഒക്കെ നോക്കിക്കാണുന്നവൻ.എന്നാൽ കിച്ചുവാകട്ടെ ഭയങ്കര കുറുമ്പനും.കുരുത്തക്കേടിനു കയ്യും കാലും വയ്ക്കുക എന്നൊക്കെ പറയില്ലേ അതുപോലൊരു കുറുമ്പൻ.അങ്ങനെ വളരെ സന്തോഷത്തോടെ പരസ്പരം താങ്ങും തണലുമായി ഞങ്ങൾ ജീവിച്ചു പോന്നു.

മുൻപ് അനുഭവിച്ച മാനസിക വിഷമങ്ങൾ ഒഴിച്ചാൽ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ ഞാനാണെന്ന് തോന്നിയിട്ടുണ്ട്.പൊന്നുപോലെ രണ്ടു മക്കൾ എന്റെ ഇഷ്ടങ്ങളെ മാനിച്ചും സ്നേഹിച്ചും കഴിയുന്ന ഭർത്താവ്. അതില്പരം എന്ത് സന്തോഷമാണ് ഒരു സ്ത്രീയ്ക്ക് ലഭിക്കുക.ഞങ്ങൾ അവിടെ ജീവിച്ച നാലുവര്ഷവും മറ്റുള്ളവർ അസൂയയോടെ നോക്കിക്കണ്ട ഒരു കുടുംബമായിരുന്നു ഞങ്ങളുടേത് അതിൽ ഞാൻ ഒത്തിരി അഭിമാനിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ബാംഗ്ലൂരിൽ എത്തി നാല്‌ വർഷങ്ങൾക്കിപ്പുറം ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ ഞങ്ങളെ തേടിയെത്തി.

ഫോൺ എടുത്ത ഉടനെ ഏട്ടാ…. എന്ന് വിളിച്ചു കൊണ്ടൊരു കരച്ചിലായിരുന്നു മറുവശത്തു മുഴങ്ങി കേട്ടത്.ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ ഞങ്ങൾക്ക് ഒത്തിരി സമയമൊന്നും വേണ്ടി വന്നില്ല.വർഷങ്ങൾക്കിപ്പുറവും അത്രയേറെ പരിചിതമായിരുന്നു ആ ശബ്ദം.ഞങ്ങളുടെ മീനുട്ടിയായിരുന്നു അത്.മറ്റൊന്നും പറയാതെ കൈവിടരുതേ….സഹായിക്കണേ എന്നാണ് അവൾ പറഞ്ഞത്.അവളുടെ എല്ലാ തെറ്റുകളും പൊറുക്കാൻ ഒരു നിമിഷം പോലും ഞങ്ങൾക്ക് ചിന്തിക്കേണ്ടി വന്നില്ല.ഒരു പക്ഷെ എപ്പോഴൊക്കെയോ ഞങ്ങളും അങ്ങനൊരു കൂടികാഴ്ച ആഗ്രഹിച്ചിരുന്നിരിക്കണം.

അവൾ പറഞ്ഞതു പ്രകാരം അത്ര സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു കൊച്ചു ആശുപത്രിയിൽ ആണ് ഞങ്ങൾ എത്തിയത്.അപ്പച്ചിയെ കാണാൻ മക്കളെയും കൂടേ കൂട്ടിയിരുന്നു. ആശുപത്രിയുടെ അടച്ചിട്ട ഒരു റൂമിന്റെ ചില്ലുവാതിലിന് മുൻപിൽ അക്ഷമയായി എല്ലും തോലുമായൊരു സ്ത്രീ രൂപം തന്റെ കയ്യിലിരുന്നു കരയുന്ന കുഞ്ഞിനെ മാറോടണക്കിപിടിച്ചു ആശ്വസിപ്പിക്കുന്ന കാഴ്ച കണ്ടാണ് ഞങ്ങൾ അങ്ങോട്ട് പ്രവേശിച്ചത്.ആ സ്ത്രീ മീനൂട്ടിയാണെന്നു തിരിച്ചറിയാൻ ഞങ്ങൾക്ക് ഒത്തിരി സമയം വേണ്ടി വന്നു.

പണ്ട് ദേവത പോലെയിരുന്ന ഞങ്ങളുടെ മീനുട്ടിയിൽ നിന്നും അപ്പോൾ കണ്ട രൂപത്തിലേക്കുള്ള മാറ്റം അവിശ്വസനീയം തന്നെയായിരുന്നു.എണ്ണ മയമില്ലാതെ പാറിപ്പറക്കുന്ന മുടിയും,കരുവാളിച്ച മുഖവും, ഇരുണ്ട ശരീരവും കുഴിഞ്ഞു പ്രകാശം നഷ്ടപ്പെട്ട കണ്ണുകളും,പുറത്തേക്കുന്തിയ കഴുത്തെല്ലുകളും,നരച്ചു നിറം മങ്ങിയ കോട്ടൺ സാരീയും, മെലിഞ്ഞു ക്ഷീണിച്ച ശരീരവും അവളുടെ ഇത്രയും നാളായുള്ള ജീവിതത്തെ തുറന്ന് കാട്ടിയിരുന്നു. ഞങ്ങളെ കണ്ട ഉടനെ ഏട്ടാ…. എന്ന് വിളിച്ചു കൊണ്ട് അവൾ അദ്ദേഹത്തിന്റെ കാൽക്കൽ വന്നു വീണു.

അവളുടെ അവസ്ഥ കണ്ട് എന്റെയും അദ്ദേഹത്തിന്റെയും കണ്ണുകൾ നിർത്താതെ പെയ്തു തുടങ്ങിയിരുന്നു.അദ്ദേഹം മോളെ… എന്നു വിളിച്ചു കൊണ്ടു അവളെ പിടിച്ചെഴുന്നേല്പിച്ചപ്പോളേക്കും അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വീണു അവൾ ആർത്തലച്ചു കരയുന്നുണ്ടായിരുന്നു.അവളുടെ കയ്യിൽ വിശപ്പിന്റെ ആലസ്യത്തിൽ ഒരു വിധം മയങ്ങി തുടങ്ങിയ കുഞ്ഞ് ശബ്ദം കേട്ട് വീണ്ടും അലറി കരയാൻ തുടങ്ങി.അതോടെ എന്റെയും അദ്ദേഹത്തിന്റെയും ശ്രദ്ധ കുഞ്ഞിലേക്കായി എന്റെ മോളാണ്….

എന്ന് പറഞ്ഞ് കൊണ്ട് അവൾ ആ കുഞ്ഞിനെ മധുച്ചേട്ടന്റെ കയ്യിലേക്ക് വച്ചു കൊടുത്തു. ജനിച്ചു ദിവസങ്ങൾ മാത്രമുള്ള ഒരു കുഞ്ഞു പൈതൽ.കരഞ്ഞു ചുവന്നിരിക്കുന്ന കുഞ്ഞു മുഖം മാത്രം പുറത്തുകാണാം ബാക്കിയാകെ നിറം മങ്ങിയ നരച്ച ഒരു ഇത്തിരി തുണി കഷണത്തിൽ പൊതിഞ്ഞിരിക്കുന്നു. അപ്പോഴേക്കും ഏട്ടത്തി… എന്ന് വിളിച്ചു കൊണ്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു.ഞങ്ങൾ പരസ്പരം ഇറുകെ പുണർന്നപ്പോളേക്കും കുഞ്ഞുമീനുട്ടിയുടെ കരച്ചിലിന്റെ ആഴം കൂടിയിരുന്നു.

ഞാൻ ചെന്ന് വേഗം കുഞ്ഞിനെയെടുത്തു എന്റെ സാരിയുടെ മുന്താണി കൂട്ടിച്ചേർത്തു പൊതിഞ്ഞു കുഞ്ഞിനെ മാറോടടുക്കി പിടിച്ചു.അപ്പോഴേക്കും ഇത്തിരി ചൂടു കിട്ടിയതിന്റെ ആശ്വാസത്തിൽ കുഞ്ഞ് വീണ്ടും തളർന്നുറങ്ങാൻ തുടങ്ങി.അതോടെ ഹരിക്കുട്ടനും കിച്ചുവും കൗതുകത്തോടെ വന്ന് എന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ തൊട്ടു നോക്കുന്നുണ്ടായിരുന്നു. “കണ്ടോ… ഇതേ നമ്മുടെ വാവയാ… “ഞാൻ അത്രയും പറയുമ്പോഴേക്കും ആ രണ്ടു കൊച്ചു മുഖങ്ങളിലും പുഞ്ചിരി വിടരുന്നത് കണ്ടു.

അപ്പോഴേക്കും മീനുട്ടി ഓടിവന്നു കിച്ചുവിനെയും ഹരിക്കുട്ടനെയും കെട്ടിപ്പിടിച്ചു അപ്പച്ചിയാണെന്നു പരിചയപ്പെടുത്തി തുരുതുരാ ഉമ്മവയ്ക്കുന്നുണ്ടായിരുന്നു. അവളോട് കൂടുതൽ അന്വേഷിച്ചതിൽ നിന്നും മദ്യപിച്ചു വഴക്ക് കൂടുന്നതിനിടയിൽ അലെക്സിയെ ആരൊക്കെയോ ചേർന്നു കുത്തി പരിക്കേൽപ്പിച്ചതാണെന്നു മനസ്സിലായി.അവന്റെ സ്വഭാവത്തിൽ വലിയ മെച്ചമൊന്നും ഉണ്ടായില്ലെന്ന് ഞങ്ങൾക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

ഇത്തിരി ആഴത്തിൽ ഉള്ള മുറിവായതു കൊണ്ട് കുറച്ച് കോംപ്ലിക്കേഷൻസ് ഉണ്ടെന്നു ഡോക്ടർ പറഞ്ഞത്രേ.സഹായിക്കാനാരുമില്ലാതെ വന്നപ്പോൾ അവൾ ഏട്ടനെ വിളിച്ചതാണെന്ന് പറഞ്ഞു.അവൾക്കെങ്ങനെ ഏട്ടന്റെ നമ്പർ കിട്ടിയെന്നു ഞങ്ങൾ അത്ഭുതപ്പെട്ടു.അതിനും ചോദിക്കാതെ തന്നെ അവൾ മറുപടി നൽകി.ഇവിടെ വന്ന നാളുകൾക്കിടയിലെപ്പോഴോ അവളെ അന്വേഷിച്ചു ചെന്ന മധുച്ചേട്ടൻ അവളുടെ ശ്രദ്ധയിൽ പെട്ടുവെന്നും, അവളെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കാനായി അവർ താമസിക്കുന്നിടത്ത് തന്നെയുള്ള സ്ത്രീയെ ഏൽപ്പിച്ച നമ്പർ സംഘടിപ്പിച്ചു എന്നും എന്നാൽ വിളിക്കാൻ മടിച്ചുവെന്നും അവൾ അറിയിച്ചു .

വന്നിട്ട് ഇത്രയും വർഷമായിട്ടും അവളെക്കുറിച്ച് ആർക്കും ഒന്നുമറിയില്ലെന്നും, ആരുമായും അവർക്കു അടുപ്പമില്ലാത്തതിനാലാണ് തൊട്ടടുത്തുണ്ടായിട്ടും ചേട്ടന് കണ്ടുപിടിക്കാൻ കഴിയാതെ പോയതെന്നും പറഞ്ഞു.ഞങ്ങളെ ഉപേക്ഷിച്ചു പോയ അവൾക്ക് ഒന്നിനും ഉള്ള അർഹതയില്ലെന്ന് പദം പറഞ്ഞ് അവൾ കരയുകയായിരുന്നു.മധുചേട്ടൻ മീനൂട്ടിയെ തിരക്കി പോയെന്ന ഒരു സൂചന പോലും അദ്ദേഹമെനിക്ക് തന്നില്ലെങ്കിൽ കൂടി അതിൽ എനിക്ക് ഒട്ടും പരിഭവം ഇല്ലായിരുന്നു.പക്ഷെ ഇത്തിരി കൂടി ആഴത്തിൽ അദ്ദേഹം അന്വേഷിച്ചില്ലല്ലോ എന്ന് നിരാശ തോന്നി.

എങ്കിൽ കുറച്ചൂടെ നേരത്തെ അവൾ സുരക്ഷിതമായ കൈകളിൽ എത്തിയേനെ. പ്രസവിച്ചിട്ടും അതിന്റെ യാതൊരു ലക്ഷണവും ഇല്ലാതെ തന്റെ ഭർത്താവിന് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുന്ന അവളെ കണ്ടപ്പോൾ അപരിചിതത്വം തോന്നി.പണ്ടത്തെ പാവാടകാരി കുറുമ്പിയിൽ നിന്നും അവൾ ഒത്തിരി അകലെയായിരുന്നു. അലെക്സിയെ അടുത്തുള്ള ഒരു മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് ഉടൻ തന്നെ മാറ്റുവാനുള്ള ഏർപ്പാടുകൾ ചെയ്തു.

അയാളുടെ കൂടേ നിൽക്കണമെന്ന് അവൾ വാശിപിടിച്ചെങ്കിലും പൊടികുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ കഴിയുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് നിർബന്ധിച്ചപ്പോൾ അവൾ ഞങ്ങളുടെ കൂടേ വരാൻ തയ്യാറായി.ഹോസ്പിറ്റലിൽ സംസാരിച്ചപ്പോൾ അവരും പറഞ്ഞു തല്ക്കാലം ബൈസ്റ്റാന്ഡേഴ്സ് ആവശ്യം ഇല്ലെന്ന് ആൾറെഡി അവർക്കൊത്തിരി സ്റ്റാഫ്‌ ഉണ്ടെന്നു.അങ്ങനെ വീണ്ടും മീനുട്ടി ഞങ്ങളുടെ കൈകളിൽ എത്തി.അലെക്സിക്ക് ഏറ്റവും നല്ല ചികിത്സ തന്നെ ലഭിച്ചതിനാൽ ആയാളും പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

ആശുപത്രി കിടക്കയിൽ വച്ച് ചെയ്തുപോയ തെറ്റിന് കണ്ണുകൾ നിറച്ചു മാപ്പ് പറയുന്ന അയാളുടെ രൂപം ഇന്നും എന്റെ മനസ്സുകളിൽ ഉണ്ട്.അയാളുടെ തേൻ പുരട്ടിയ വാക്കുകളിൽ ഞങ്ങൾ വീണുപോയിരുന്നു.പറഞ്ഞു കേട്ട അലക്സിയിൽ നിന്നും ഒത്തിരി അകലെയായിരുന്നു ഞങ്ങൾ പരിചയപ്പെട്ട അലക്സി. അവർക്കു മാന്യമായി ജീവിക്കാനുള്ള സൗകര്യങ്ങൾ ഒക്കെ ഞങ്ങൾ വച്ചുനീട്ടി.ഞങ്ങളുടെ വീടിനടുത്തു തന്നെ ഒരു വീട് അവർക്കായി വാങ്ങിക്കൊടുത്തു. അലെക്സിയോട് ഞങ്ങളുടെ ഓഫീസിൽ ജോയിൻ ചെയ്യാൻ പറഞ്ഞെങ്കിലും അയാൾക്ക്‌ സ്വൊന്തമായി ബിസ്സിനെസ്സ് ചെയ്യാനാണ് താല്പര്യം എന്ന് പറഞ്ഞൊഴിഞ്ഞപ്പോൾ അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു.

അച്ഛൻ അവൾക്കു കൊടുക്കാതെ പോയ സ്വത്തുക്കളെല്ലാം ദിയമോളുടെ പേരിലേക്ക് എഴുതി നൽകി.ഞങ്ങൾ നൽകിയ പണം കൊണ്ട് അലക്സി പെട്ടന്ന് തന്നെ മെച്ചപ്പെട്ടു തുടങ്ങി. അതോടെ അയാളുടെ സഹോദരൻ അല്ഫോൺസും കുടുംബവും കൂടി ബാംഗ്ലൂരിലേക്കു വന്നു.അയാളുടെ സഹോദരനെ കൂടി അയാളുടെ ബിസിനെസ്സിൽ പാർട്ണർ ആക്കി.ഞങ്ങളുടെ കണ്ണുകൾ മൂടിക്കെട്ടി അതിനു മറവിൽ രണ്ടു സഹോദരന്മാരും ചെയ്തു കൂട്ടുന്നതെന്തെന്നു ഞങ്ങൾ അറിയാതെ പോയി. എന്റെ മീനുട്ടിയെ പോലെ അൽഫോൺസിന്റെ ഭാര്യ ആനിയും ഒരു പാവമായിരുന്നു.

പാവപ്പെട്ട വീട്ടിലെ അവരെ ഏക ആശ്രയമായ വൃദ്ധനായ അച്ഛനെ തല്ലി അവശനാക്കിയ ശേഷം രാത്രി ഉപദ്രവിക്കാൻ ചെന്ന അൽഫോൺസിനെ ആ നാട്ടുകാർ കയ്യോടെ പിടികൂടി കെട്ടിയിട്ടു.അവസാനം തല്ലുകിട്ടാതെ ഊരിപ്പോരാൻ പിറ്റേന്ന് അയാൾ രാവിലെ തന്നെ അവളെ മിന്നു ചാർത്തി കൂടേ കൂട്ടി.വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് ദൈവം ഒരു കുഞ്ഞിനെ കൊടുത്തിരുന്നില്ല.അൽഫോൺസിന് അതൊരു വിഷയമല്ലായിരുന്നു എന്നിട്ടും ആനി അയാളുടെ കയ്യും കാലും പിടിച്ച് അവസാനം അവരുടെ ബന്ധത്തിലുള്ള ആരോരുമില്ലാത്ത ഒരു ആൺകുട്ടിയെ ദെത്തെടുത്തു വളർത്തി.

ആ കുട്ടിയുടെ പേര് ഞാൻ മറന്നു.വർഷങ്ങൾ ഒത്തിരിയായില്ലേ ഇതൊക്കെ മറന്നു കളഞ്ഞിട്ട്.ഈ കഥയൊക്കെ ഒരു ദിവസം മീനുട്ടി അലെക്‌സിയുമായുള്ള അവളുടെ പ്രണയവും കോളേജിലേക്കുള്ള വഴികളിൽ ഉണ്ടാവുന്ന അവരുടെ കണ്ടുമുട്ടലുകളും ഒക്കെ പറയുന്ന കൂട്ടത്തിൽ പറഞ്ഞതാണ്. ഞങ്ങളുടെ അടുത്തെത്തിയതോടെ പഴയ ചുറുചുറുക്കുള്ള മീനാക്ഷിയിലേക്ക് അവൾ മാറിക്കൊണ്ടിരുന്നു.ഇടയ്ക്ക് ചില അലോസരങ്ങൾ ഒക്കെ അനുഭവപ്പെട്ടെങ്കിലും അത് ഭാര്യാഭർതൃ ബന്ധത്തിൽ സ്വാഭാവികമാണെന്ന് ഓർത്ത് ഞങ്ങൾ ഇടപെട്ടില്ല.

അല്ലെങ്കിൽ തന്നെ അവൾ ഇങ്ങോട്ട് തുറന്ന് പറയാത്തിടത്തോളം അവളുടെ കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ച് ചോദിക്കില്ലെന്നു ഞാനും മധുചേട്ടനും തീരുമാനിച്ചിരുന്നു.അതൊന്നും അവൾ ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ലെന്നു പലപ്പോഴും സംസാരത്തിൽ നിന്നും ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു.ചെയ്തു കൊടുത്ത ഉപകാരങ്ങൾക്കൊന്നും അവൾ അർഹയല്ലെന്ന ചിന്തയൊഴിച്ചാൽ ഞങ്ങളുടെ അടുത്ത് അവൾ അതീവ സന്തോഷവതിയായിരുന്നു. കിച്ചുവിനെ അടുത്തുള്ള പ്ലേ സ്കൂളിൽ വിടാൻ തുടങ്ങിയതോടെ ഞാൻ വീണ്ടും ഓഫീസിൽ പോക്ക് തുടങ്ങിയിരുന്നു.

ഓഫീസിൽ നിന്ന് ഒറ്റയ്ക്ക് കാറോടിച്ചു വരുന്ന വഴി കിച്ചുവിനെയും കൂട്ടി കൊണ്ടു വരും.മധു ചേട്ടൻ പിന്നെയും വൈകിയിട്ടാണ് വീട്ടിൽ എത്തിയിരുന്നത്. അങ്ങനെ ഒരു ദിവസം ഓഫീസിൽ നിന്നും വന്ന് ഇത്തിരി കഴിഞ്ഞാണ് ഹരിക്കുട്ടൻ വീട്ടിലില്ലെന്നു മനസ്സിലായത്.അവന് പരീക്ഷ അടുത്തതിനാൽ അന്ന് സ്കൂളിൽ അവധിയായിരുന്നു.സാധാരണ വീട്ടിൽ സഹായത്തിനു ഒരു കന്നഡക്കാരി സ്ത്രീയുണ്ടാവാറുണ്ട് മൂഷിയമ്മ.കുറേ കാലമായി അവർ ഞങ്ങൾക്ക് സഹായത്തിനുണ്ട്. ഇങ്ങനെയുള്ള ദിവസങ്ങളിൽ അവരെ ഫുൾ ഡേ വീട്ടിൽ നിർത്തി ഞാൻ ജോലിക്ക് പോകും.

അവരോടു ചെന്ന് ഹരിക്കുട്ടനെവിടെ എന്ന് അന്വേഷിച്ചെങ്കിലും, കുറച്ചു മുൻപ് വരെ അവിടെ ഉണ്ടായിരുന്നെന്നും അവർ ഭക്ഷണം ഉണ്ടാക്കാൻ അപ്പോൾ അടുക്കളയിലേക്കു കയറിയതെ ഉള്ളൂ എന്നും പറഞ്ഞു.ഞാനും അവരും ചേർന്നു വീടു മുഴുവൻ ഹരിക്കുട്ടനെയും വിളിച്ചു ഓടിനടന്നു.എന്റെ കരച്ചിൽ കണ്ടു അവരാണ് അടുത്ത വീട്ടിൽ മീനുവിനൊപ്പം ഉണ്ടാകും എന്ന് പറഞ്ഞത്.അത് ശെരിയാണെന്നോർത്തു ഞാൻ അങ്ങോട്ട് ചെന്നു.കാളിങ് ബെൽ അടിച്ചെങ്കിലും തുറന്നില്ല. വാതിലിന്റെ ഹാൻഡിൽ പിടിച്ചു നോക്കിയപ്പോൾ അത് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

വളരെ ഉച്ചത്തിൽ ഉള്ളിൽ നിന്നും പാട്ട് കേൾക്കാമായിരുന്നു.പതിയെ ഡോർ തുറന്ന് ഉള്ളിൽ കയറി.ഹാളിൽ ആകെ മധ്യകുപ്പികൾ വീണുടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചോന്നു ആളി.വീട്ടിൽ മറ്റാരും തന്നെയില്ലെന്നു തോന്നിയെങ്കിലും സംശയം തീർക്കാൻ അടുത്ത റൂമിലൊന്നു കയറി നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു എന്റെ ഹൃദയം സ്തംഭിച്ചു പോയി.ദേഹത്താകെ മുറിവുകളുമായി എന്റെ ഹരിക്കുട്ടൻ നിലത്ത് ബോധമില്ലാതെ കിടക്കുന്നുണ്ടായിരുന്നു.

മോനേ…. എന്ന് വിളിച്ചു കൊണ്ട് അവനെ വാരിയെടുത്തു ഞാൻ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.ബാംഗ്ളൂരിലെ ട്രാഫിക് ബ്ലോക്കിനിടയിലൂടെ എന്റെ കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് വേഗത്തിൽ വണ്ടിയോടിച്ചു പോകുവാൻ മാത്രം ധൈര്യം ആ ഹൃദയം നുറുങ്ങുന്ന കാഴ്ച എന്നിലെ അമ്മയ്‌ക്ക്‌ നൽകിയിരുന്നു.ഞാൻ വിളിച്ചു പറഞ്ഞത് പ്രകാരം മധുചേട്ടനും വൈകാതെ ഹോസ്പിറ്റലിൽ എത്തി.വിവരമറിഞ്ഞു കുറച്ച് കഴിഞ്ഞ് മീനാക്ഷിയും വന്നു.അവളും കുഞ്ഞും ആനിയുടെ കൂടേ ഷോപ്പിംഗിനു പോയതായിരുന്നത്രെ.കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്ന് ഹരിക്കുട്ടനെ ആരോ വളരെ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നു പറഞ്ഞു.

ഉടൻ തന്നെ പോലീസിൽ അറിയിക്കാൻ അവർ നിർബന്ധിച്ചെങ്കിലും എന്റെ കുഞ്ഞിന്റെ ഭാവിയെ കരുതി ഞങ്ങൾ അതിന് മടിച്ചു.പിറ്റേന്ന് വൈകിട്ടും കാണാതിരുന്ന അലെക്സിയിലേക്കു തന്നെയായിരുന്നു ഞങ്ങളുടെ സംശയം നീണ്ടത്.എനിക്ക് അത് ആദ്യമേ ബോധ്യമായിരുന്നു അവിടെ നിന്നുമാണല്ലോ എന്റെ കുഞ്ഞിനെ ലഭിച്ചത്.അലെക്‌സിയോടുള്ള എന്റെ വെറുപ്പ്‌ പതിയെ മീനാക്ഷിയിലേക്കും നീണ്ടു.പലപ്പോഴും എന്നെ ആശ്വസിപ്പിക്കാൻ വന്ന അവൾക്കു നേരെ ഞാൻ ഒച്ചയെടുത്തു,എന്നെ തലോടാൻ ഉയർത്തിയ കൈകൾ ഞാൻ തട്ടിയെറിഞ്ഞു, എന്റെ കുഞ്ഞിന്റെ അവസ്ഥയിൽ അവളെ മതിയാവോളം കുറ്റപ്പെടുത്തി.

ഒരുവേള അവളെ ശപിക്കുവാൻ പോലും മാനസികമായി തകർന്ന എന്നിലെ അമ്മ തയ്യാറായി.മറുത്തൊന്നും പറയാതെ എല്ലാം ആ പാവം സഹിച്ചു.എന്റെ വാക്കുകൾ അവളുടെ കണ്ണുകൾ നിർത്താതെ പെയ്യിച്ചെങ്കിലും അവളുടെ കണ്ണുനീര് പോലും ഞാൻ വെറുത്തു തുടങ്ങിയിരുന്നു. എല്ലാം കണ്ട് നിസ്സഹായനായി നിൽക്കാനേ മധുചേട്ടന് കഴിഞ്ഞുള്ളു.അങ്ങനെ ഒത്തിരി ദിവസത്തെ പ്രാർത്ഥനയ്ക്ക് ശേഷം എന്റെ കുഞ്ഞ് പതിയെ ജീവിതത്തിലേക്ക് മടങ്ങി വരാൻ തുടങ്ങി.അവനെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്ത അന്ന് എന്റെ മോനേ കാണാൻ മീനൂട്ടിയും ഓടിപ്പാഞ്ഞു എത്തിയിരുന്നു.

എങ്കിലും അവനെ കാണാൻ അനുവദിക്കാതെ ഞാൻ അവളെ ആട്ടിപ്പായിച്ചു. തിരിച്ചു ചെന്ന അവൾ കുഞ്ഞിനെ ഉറക്കി മൂഷിയമ്മയെ ഏൽപ്പിച്ചു ഇപ്പോൾ വരാമെന്ന് പറഞ്ഞു വരുടെ വീട്ടിലേക്ക് കയറിപോയി.ഒത്തിരി കഴിഞ്ഞ് കുഞ്ഞുണർന്നു കരയാൻ തുടങ്ങിയിട്ടും അവളെ കാണാതായതോടെ മൂഷിയമ്മ അവളെ അന്വേഷിച്ചു അങ്ങോട്ട് ചെന്നു.ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ചയായിരുന്നു അവിടെ അവരെ കാത്തിരുന്നത്…. തുടരും

ഹരി ചന്ദനം: ഭാഗം 20

Share this story