നിനക്കായ് : ഭാഗം 10

നിനക്കായ് : ഭാഗം 10

എഴുത്തുകാരി: ഫാത്തിമ അലി

ആനിയുടെ വീട്ടിൽ നിന്ന് ഫുഡ് ഒക്കെ കഴിഞ്ഞ് വസുന്ധരക്ക് ആകെ ക്ഷീണം പോലെ തോന്നി…. “പുലർച്ചെയുള്ള യാത്ര പറ്റാഞ്ഞിട്ടാവും…ഒരു കാര്യം ചെയ്യാം…ആനിയും ശ്രീമോളും കൂടെ കോളേജിലേക്ക് പൊയ്ക്കോട്ടേ….” ഡെയ്സി പറഞ്ഞതിനോട് ശ്രീ യോജിച്ചെങ്കിലും മാധവന് എന്തോ അവരെ ഒറ്റക്ക് വിടാൻ തോന്നിയില്ല… “അത് വേണ്ട ഡെയ്സി…മാധവേട്ടനും കൂടെ മക്കളുടെ ഒപ്പം പൊയ്ക്കോട്ടേ…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ബുദ്ധിമുട്ടണ്ടല്ലോ….എനിക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ല…” വസുന്ധര ബെഡിൽ ചിരി ഇരുന്ന് പറഞ്ഞു… “ശരിയാ…ഞാനും കൂടെ പോവാം…

അല്ലാതെ എനിക്കൊരു സമാധാനം ഉണ്ടാവില്ല..” ശ്രീയുടെ നെറുകിൽ തലോടിക്കൊണ്ട് മാധവൻ പറഞ്ഞത് കേട്ട് ആനിയും ഡെയ്സിയും ചിരിച്ചു… “എന്നാ പിന്നെ സമയം വൈകണ്ട…ഇപ്പോ കോളേജ് വഴി പോവുന്ന ഒരു ബസ് വരാൻ ഉണ്ട്….” “ശ്രീ…നീ ചെന്ന് ബാഗും ഡോക്യുമെന്റ്സും ഒക്കെ എടുത്ത് വാ…” ശ്രീ ആനിയുടെ റൂമിൽ ചെന്ന് ബാഗെടുത്ത് രേഖകൾ എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തി ഉമ്മറത്തേക്ക് ചെന്നു… ആനിയും മാധവനും ഇറങ്ങി മുറ്റത്ത് അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു… ശ്രീ ഡെയ്സിയോടും വസുന്ധരയോടും പറഞ്ഞ് അവർക്കൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു…

ആനിയുടെ വീട്ടിൽ നിന്നും ഒരു രണ്ട് മിനിറ്റ് നടന്നാൽ ബസ് സ്റ്റോപ്പ് എത്തും… സ്റ്റോപ്പിൽ എത്തിയതും അവർക്ക് പോവാനുള്ള ബസ് വന്ന് നിർത്തിയിരുന്നു…. അത്യാവശ്യം തിരക്ക് ഉള്ളത് കൊണ്ട് തന്നെ ശ്രീക്കും ആനിക്കും വെവ്വേറെ സീറ്റുകളായിരുന്നു കിട്ടിയത്…. വിൻഡോ സീറ്റിൽ ഇരുന്ന ശ്രീ ബാഗ് മടിയിലേക്ക് വെച്ച് പുറത്തെ കാഴ്ചകൾ ആസ്വദിച്ച് ഇരുന്നു…. ആദ്യമായിട്ടാണ് കോട്ടയത്ത് വരുന്നത് എന്നത് കൊണ്ട് തന്നെ അവൾക്ക് അവിടം പുതുമ നിറഞ്ഞതായിരുന്നു… യാത്രക്കിടയിൽ അടിച്ച് വീശുന്ന കാറ്റിൽ അവളുടെ അഴിച്ചിട്ട ഇടതൂർന്ന മുടിയിഴകൾ മുഖത്തേക്ക് പാറി വീണിരുന്നു….

നേരിയ തണുപ്പുള്ള ആ കാറ്റ് അവളുടെ മനസ്സിനും ശരീരത്തിനും ഉണർവ്വേകിയിരുന്നു… അതിന് പ്രതിഫലനം എന്നോണം ശ്രീയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി തത്തിക്കളിച്ചു…. ഏറെ നേരത്തെ യാത്രക്കൊടുവിൽ ഏതാണ്ട് കോളേജിന് അടുത്തുള്ള ടൗണിൽ എത്തിയതും ബസ് ബ്രേക്ക് പിടിച്ചു… അത്രയും നേരം കാഴ്ചകൾ കണ്ട് കൊണ്ടിരുന്ന ശ്രീ എല്ലാവരും മുന്നിലേക്ക് നോക്കുന്നത് കണ്ടപ്പോഴാണ് റോഡിന് നടുക്കായി വളഞ്ഞ് നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ടത്… *****

“ഇച്ചാ….എന്നെ ഇവിടെ ഇറക്കിയാൽ മതി…” ടൗണിൽ എത്താനായതും ഒരു ഷോപ്പിന് മുന്നിലേക്ക് കാണിച്ച് അന്നമ്മ പറഞ്ഞതും സാം അങ്ങോട്ട് ജീപ്പ് കയറ്റി… “ഇന്നാ കാർഡ്….പോക്കിയും കണ്ടും ഒക്കെ ഉരക്കാവൂ…” പെഴ്സിൽ നിന്നും പർച്ചേസ് ചെയ്യാനായി കാർഡ് നീട്ടിയതും അന്നമ്മ അത് വാങ്ങിയില്ല… “വേണ്ട ഇച്ചാ…” അവൾ കാർഡ് തിരികെ സാമിന്റെ പോക്കറ്റിൽ ഇട്ടത് കണ്ട് അത്രയും നേരം ഫോണിൽ കുത്തിക്കൊണ്ടിരുന്ന അലക്സും സാമും ഞെട്ടലോടെ അന്നമ്മയെ നോക്കി… “എന്നതാ ഇച്ചാ…” “ഇച്ചേടെ അന്നമ്മ നന്നായെന്ന് അറിഞ്ഞിട്ടുള്ള ഞെട്ടലാണ്….” “അയ്യടാ…ദേ ഇത് കണ്ടോ..

പപ്പായീടെ പോക്കറ്റിൽ നിന്നും പൊക്കിയതാണ്…ബുഹാഹ….ഇന്ന് ഞാനൊരു കലക്ക് കലക്കും….” മാത്യൂവിന്റെ കാർഡും പിടിച്ച് ഇടുപ്പിൽ കൈയും കൊടുത്ത് ഗമയിൽ നിൽക്കുന്ന അന്നമ്മയെ കണ്ടതും സാം നെഞ്ചത്ത് കൈ വെച്ചു… “എടിയേ…നീ കരുതിക്കൂട്ടി അപ്പനെ മുടിപ്പിക്കാൻ ഇറങ്ങിയേക്കുവാ….അല്ല്യോ….” “തീർച്ചയായും…അപ്പോ മക്കൾസ് പോയേച്ച് വാ…ഞാൻ എന്റെ ജോലിയിലേക്ക് കടക്കട്ടേ…റ്റാറ്റാ…” സാമിന് നേരെ കൈ വീശി കാണിക്കുന്നതിനിടയിൽ അന്നമ്മ ഇടം കണ്ണിട്ട് അലക്സിനെ നോക്കിയിരുന്നു…

അവിടെത്തെ സ്ഥായിഭാവം പുച്ഛമായത് കൊണ്ട് തന്നെ അവളും നന്നായി തിരിച്ചും ഒന്ന് പുച്ഛിച്ച് ഷോപ്പിലേക്ക് കയറിപ്പോയി…. അവൾ കണ്ണിൽ നിന്ന് മറഞ്ഞ ശേഷം മാത്രം ആണ് സാം ജീപ്പ് സ്റ്റാർട്ട് ചെയ്തത്…. ഡ്രൈവ് ചെയ്യുന്നതിനിടയിൽ സ്റ്റിയറിങ്ങിന് താളം പിടിച്ച് കൊണ്ട് സാം ഏതോ പഴയ പാട്ടിന്റെ ഈരടിയിൽ ചൂളം വിളിക്കുന്നുണ്ട്…. അലക്സ് അത് കേട്ട് ചിരിച്ച് കൊണ്ട് അവനെ നോക്കിയതും സാം രണ്ട് കണ്ണുകളും ഇറുക്കി കാണിച്ച് ഡ്രൈവിങിൽ ശ്രദ്ധിച്ചു…. “എന്താ ടാ റോഡിൽ ഒരു ആൾക്കൂട്ടം….?” വളവ് തിരിഞ്ഞ് മുന്നിലോട്ട് പോയതും റോഡിന് നടുവിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ട് സാം ജീപ്പ് നിർത്തി…

“അറിയില്ല…വാ പോയി നോക്കാം…” രണ്ട് പേരും ചുറ്റിലും കൂടി നിൽക്കുന്നവർക്ക് ഇടയീലൂടെ അവരെ വകഞ്ഞ് മാറ്റിക്കൊണ്ട് കടന്നതും കണ്ട കാഴ്ച സാമിന്റെ മുഖത്തെ ശാന്തത പാടെ മാറ്റിയിരുന്നു… ഒരു മുതിർന്ന സ്ത്രീയും അവരുടെ മകളെന്ന് തോന്നുന്ന കുട്ടിയും റോഡിൽ ഒരു സൈഡിലായി ഇരിക്കുന്നുണ്ട്… ആ സ്ത്രിയുടെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര പെൺകുട്ടി അവളുടെ ഷാളിനാൽ അമർത്തി പിടിച്ച് വെച്ചതാണ്…. ഒരു ആക്സിഡന്റ് ആണെന്ന് തോന്നുന്നു….അവരെ തട്ടിയിട്ട ആളോടാവും ആരൊക്കെയോ ചേർന്ന് ചൂടാവുന്നു…..

പക്ഷേ ഒരെണ്ണം പോലും ആ വീണ് കിടക്കുന്ന സ്ത്രീയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാനോ അവർക്ക് വേണ്ടുന്നത് ചെയ്ത് കൊടുക്കാനോ ഉണ്ടായിരുന്നില്ല… ഭൂരിഭാഗം പേരും കാഴ്ചക്കാരെന്ന പോലെ അവരുടെ വാക്കേറ്റവും കണ്ട് ഫോണിൽ വീഡിയോ എടുക്കുന്നു… സാം ദേഷ്യം കയറി ഒരു കാൽ ഉയർത്തി മുണ്ടിന്റെ തലപ്പ് കൈയിലേക്കടുത്ത് മടക്കി കുത്തി മുന്നോട്ട് കയറി ചെന്ന് ആ വാക്കേറ്റം നടത്തുന്ന രണ്ട് പേരുടെയും ചെവിക്കുറ്റി നോക്കി പൊട്ടിച്ചു… “വീണ് കിടക്കുന്ന ജീവന് വല്ലതും പറ്റിയോ എന്ന് നോക്കാതെയാ അവൻമാരുടെ കോപ്പിലെ…മാറെടാ അങ്ങോട്ട്…” തല്ല് കൊടുത്ത രണ്ട് പേരെയും സൈഡിലേക്ക് തള്ളിയിട്ട് സാം ചുറ്റിലും നോക്കി…

അലക്സ് അപ്പോഴേക്കും അവർക്ക് ഒരു ബോട്ടിലിൽ വെള്ളവും എടുത്ത് കൊടുത്തു…. സാം അവരുടെ അടുത്ത് ചെന്ന് നോക്കി കർച്ചീഫിനാൽ മുഖത്തെ രക്തം തുടച്ച് കൊടുത്ത് എഴുന്നേൽക്കാൻ പറ്റാത്ത അവരെയും കോരിയെടുത്ത് കൊണ്ട് ജീപ്പിലേക്ക് കയറ്റി…കൂടെ അവരുടെ മകളോടും കയറാൻ പറഞ്ഞു…. “എന്നാ കാണാൻ നിൽക്കുവാ…..പോയിനെടാ എല്ലാം….” ചുറ്റിലും കൂടി നിൽക്കുന്നവരോട് അലറിയതും അവരെല്ലാം നാല് വഴിക്ക് ചിതറി ഓടി…. ****

പുറമേ നടക്കുന്നത് എന്താണെന്ന് ഒന്നും കാണാൻ കഴിയാതെ ശ്രീ തല ഒന്ന് പതിയെ സൈഡിലൂടെ പുറത്തേക്ക് ഇട്ട് നോക്കി… ഒന്നും നല്ലത് പോലെ വ്യക്തമായില്ലെങ്കിലും ആരോ ഒരാൾ അവർക്ക് നടുവിലേക്ക് കയറി നിന്ന് എന്തൊക്കെയോ പറയുന്നതും രണ്ട് പേരെ അടിക്കുന്നതും ഒക്കെ കണ്ട് ശ്രീയുടെ കണ്ണുകൾ വിടർന്ന് വന്നു…. ആളുടെ മുഖത്തിന്റെ ഒരു വശം മാത്രമേ അവൾക്ക് കാണാൻ പറ്റിയിരുന്നുള്ളൂ…. അത് ആരാവും എന്ന് അറിയാനുള്ള മനുഷായ സഹജമായ ആകാംക്ഷയിൽ അവൾ ഒന്ന് കൂടെ എത്തി വലിഞ്ഞ് നോക്കിയതും അയാൾ ആ കൂടി നിൽക്കുന്നവരോട് എന്തോ പറയാൻ വേണ്ടി തിരിഞ്ഞതും ഒരുമിച്ചായിരുന്നു…

ഒരു നിമിഷം അയാളിൽ നിന്നും കണ്ണുകൾ പിൻവലിക്കാനാവാതെ ശ്രീ തറഞ്ഞ് നിന്ന് പോയി… എന്തോ ഒരു ആകർഷണം അയാൾക്ക് ഉള്ളത് പോലെ…. ദേഷ്യം പോലും ആ മുഖത്തിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നുവോ… വീണ്ടും വീണ്ടും നോക്കാൻ പ്രേരിപ്പിക്കുന്ന ഒരുതരം കാന്തികത അയാളിൽ ശ്രീക്ക് അനുഭവപ്പെട്ടു… പെട്ടന്ന് തന്നെ എന്തോ ഓർത്തെന്ന പോലെ ശ്രീ അവളുടെ മിഴികൾ ഒരു പിടച്ചിലോടെ പിൻവലിച്ചു… ഹൃദയം ശക്തിയിൽ മിടിക്കുന്നത് പോലെ… എന്തിനെന്നറിയാതെ….

വീണ്ടും അവനിലേക്ക് നോട്ടം പാളി വീഴാനായി മനസ്സ് ആഗ്രഹിച്ചെങ്കിലും ശ്രീ കണ്ണുകൾ ഇറക്കി അടച്ച് പിടിച്ചു…. അവന്റെ അലർച്ച കേട്ട് ആളുകൾ നാനാവഴിക്ക് മാറി നിന്നതും ബ്ലോക്ക് മാറി വാഹനങ്ങൾ പോവാൻ തുടങ്ങി…. നിർത്തിയിട്ട ബസ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയതും അറിയാതെ ശ്രീയുടെ കണ്ണുകൾ അങ്ങോട്ട് നീണ്ടു… ആളുകളെല്ലാം പോയതും സാം ജീപ്പിലേക്ക് കയറാൻ വേണ്ടി തിരിഞ്ഞ് നടന്നു… പക്ഷേ എന്തോ ഉൾപ്രേരണയാൾ തിരിഞ്ഞ് നോക്കിയ സാമിന്റെ കണ്ണുകൾ അവന് എതിരെ നീങ്ങുന്ന ബസിലേക്ക് പതിഞ്ഞു.. അപ്പോഴേക്കും ശ്രീ അവനിൽ നിന്നും മുഖം തിരിച്ചിരുന്നു…

ബസ് വിൻഡോയിലൂടെ പാറിക്കളിക്കുന്ന മുടിഴികൾ കണ്ട സാം അതാരായിരിക്കുമെന്ന് കാണാനായി പ്രതീക്ഷയോടെ നോക്കിയെങ്കിലും അവനെ കടന്ന് ബസ് മുന്നോട്ട് നീങ്ങിയിരുന്നു…. “സാമേ….” “ആഹ്…” അലക്സിന്റെ വിളി കേട്ടതും അവൻ കണ്ണുകൾ പിൻവലിച്ച് ജീപ്പിലേക്ക് കയറി…. പ്രിയപ്പെട്ട എന്തോ ഒന്ന് കൈയെത്തും ദൂരത്ത് എത്തി നിൽക്കുന്ന പോലെ സാമിന് തോന്നി…. വെറുതേ ചിന്തിച്ച് സമയം കളയാതെ സാം വേഗം ജീപ്പ് സ്റ്റാർട്ട് ചെയ്ത് ടൗണിലെ പുലിക്കാട്ടിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് ചെന്ന് നിർത്തി… ബാക്കിൽ ഇരുന്ന സ്ത്രീയെ പിടിച്ച് ഇറങ്ങി കാഷ്വാലിറ്റിയിലേക്ക് കൊണ്ട് പോയി….

കൈക്ക് ചെറിയ ചതവും നെറ്റിയിൽ നാല് സ്റ്റിച്ചും അല്ലാതെ വലിയ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല…. “ടാ….നീ ഇവരെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ ടാ…ഫാക്ടറിയിൽ എന്തോ പ്രശ്നം…ഞാനൊന്ന് നോക്കിയേച്ച് വരാം…നീ നേരെ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് വന്നാ മതി…” ഹോസ്പിറ്റലിൽ വെച്ച് സാമിന് ഒരു കാൾ വന്നതും അവൻ അലക്സിനെ ജീപ്പിന്റെ കീ ഏൽപ്പിച്ച് പുറത്തേക്ക് നടന്നു… “ഐസക്ക്….” “സാം…” ഹോസ്പിറ്റലിന് പുറത്തെത്തിയതും ഒരു ഡോക്ടർ ഉള്ളിലേക്ക് പോവന്നത് കണ്ട് സാം അയാളെ വിളിച്ചു… “നീ നിന്റെ കാറിന്റെ കീ ഒന്ന് തരുമോ…” “അതിനെന്താ…”

ഐസക്കിന്റെ കൈയിൽ നിന്നും കീ വാങ്ങിച്ച് പോവാനൊരുങ്ങിയതും എന്തോ ഓർത്തെന്ന പോലെ അവന് നേരെ തിരിഞ്ഞു.. “നീയും റാമും കൂടെ രാത്രി എസ്റ്റേറ്റിലേക്ക് വാ…” “ഹാ…എപ്പോ വന്നെന്ന് ചോദിച്ചാ പോരേ…” ഐസക്ക് തംപ്സ് അപ്പ് കാണിച്ചതും സാം ചിരിയോടെ അവന്റെ കാറിനടുത്തേക്ക് ചെന്നു… നിമിഷ നേരത്തിനകം കാർ ഹോസ്പിറ്റൽ കോംപൗണ്ട് കടന്ന് വെളിയിലേക്ക് പാഞ്ഞിരുന്നു…. **** കോളേജിന് നേരെ മുന്നിലെ സ്റ്റോപ്പിൽ ബസ് ഇറങ്ങി ശ്രീ ആൻ നെയും മാധവനെയും കാത്ത് നിന്നു…. അവരും കൂടെ ഇറങ്ങിയതും കോളേജ് ഗേറ്റ് കടന്ന് മുന്നോട്ട് നടന്നു…. ഗേറ്റ് കടന്ന് കോളേജിലേക്ക് പിന്നെയും കുറച്ച് ദൂരം കൂടെ നടക്കാനുണ്ടായിരുന്നു…..

ഇരു വശങ്ങളിലും മരങ്ങൾ പടർന്ന് കിടക്കുന്നതിനാൽ നടപ്പാത മുഴുവൻ കുഞ്ഞ് കുഞ്ഞ് പൂക്കളാൽ നിറഞ്ഞിരുന്നു.. കോളേജിലേക്ക് കയറിയ ശ്രീ ചുറ്റിലും കണ്ണോടിച്ചു… ശാന്തമായ അവിടം ശ്രീക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അവളുടെ മുഖം വിളിച്ചോതിയിരുന്നു… ഓഫീസിലേക്ക് ചെന്ന് വേണ്ടുന്ന പേപ്പറുകളെല്ലാം റെഡി ആക്കി പി.ജി ക്ക് ജോയിൻ ചെയ്തു…. കോളേജ് ഹോസ്റ്റലിൽ നിൽക്കാമെന്നാണ് കരുതിയതെങ്കിലും അവിടെ എന്തൊക്കെയോ മൈന്റനൻസ് വർക്ക് നടക്കുന്നതിനാൽ അവിടെയുള്ള കുട്ടികളെല്ലാം ബാക്കി വിമൺസ് ഹോസ്റ്റലിലും പെയ്ൻഗസ്റ്റുകൾ ആയിട്ടുമൊക്കെയാണ് താമസിക്കുന്നത്…. “ഇനിയിപ്പോ എന്ത് ചെയ്യും…?” “അറിയില്ല ആനീ….”

ആനിയടെ വീട്ടിൽ നിൽക്കാമെന്ന് വെച്ചാൽ കുറച്ച് ദൂരം യാത്ര ചെയ്യേണ്ടി വരുമെന്നത് ശ്രീക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നു…. “അതൊക്കെ നമുക്ക് പരിഹാരം ഉണ്ടാക്കാം ശ്രീ…ഇനി ഒരാഴ്ച കൂടെ അല്ലേ ഉള്ളൂ ക്ലാസ് തുടങ്ങാൻ…” “അതേ…തിരിച്ച് വീട്ടിൽ പോയി വന്നാലോ അച്ഛേ….” “എന്തിനാ ടീ…അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് വെറുതേ ക്ഷീണം വരുത്തി വെക്കണ്ട….നീ എന്റെ കൂടെ നിൽക്ക്… എനിക്കും ഇനി അടുത്ത ആഴ്ചയേ ക്ലാസ് ഉള്ളൂ….അതല്ലേ അച്ഛാ നല്ലത്…” “അതൊക്കെ മോൾക്ക് ബുദ്ധിമുട്ടാവില്ലേ…?”

“എന്ത് ബുദ്ധിമുട്ട്…സന്തോഷം മാത്രേ ഉള്ളൂ…അച്ഛൻ എതിരൊന്നും പറയണ്ട…ഞാൻ വിടില്ല ഇവളെ…” ആനി അവളെ മുറുകെ പിടിച്ച് വെച്ച് പറഞ്ഞതും ശ്രീ അറിയാതെ ചിരിച്ച് പോയി…. **** സാം ഓടിച്ചിരുന്ന കാർ മെയിൻ റോഡിൽ നിന്നും മാറി ഒരു ചെങ്കുത്തായ ഇടവഴിയിലൂടെ മുന്നോട്ട് കുതിച്ചു…. അൽപ സമയത്തിന് ശേഷം ഒരു ബംഗ്ലാവിന് മുന്നിലെത്തിയതും കാർ നിർത്തി സാം പുറത്തേക്ക് ഇറങ്ങി…. ലോണിൽ ചീട്ട് കളിച്ച് കൊണ്ടിരുന്ന ചെറുപ്പക്കാരിൽ ഒരാൾ സാമിന്റെ വരവ് കണ്ടതും പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു….തുടരും

നിനക്കായ് : ഭാഗം 9

Share this story