സ്‌നേഹതീരം: ഭാഗം 21

സ്‌നേഹതീരം: ഭാഗം 21

എഴുത്തുകാരി: ശക്തികലജി

അപ്പൂസിന് വേണ്ടിയെങ്കിലും ചന്ദ്രയും ഗിരിയും ഒന്നിക്കണം” നിങ്ങൾ സംസാരിച്ച് തീരുമാനിക്ക്… എനിക്ക് തീരുമാനം നാളെ പോകും മുന്നേ അറിയണം” എന്ന് പറഞ്ഞ് ജാനകിയമ്മ എഴുന്നേറ്റ് അകത്ത് പോയി…. “ചന്ദ്രയുടെ അഭിപ്രായം എന്താ … അപ്പൂസിൻ്റെ അമ്മയാകാൻ പറ്റുമോ.. നിന്നേക്കാൾ നല്ലൊരമ്മയെ വേറെ കിട്ടില്ല… പറ”ഗിരിയേട്ടൻ ചോദിച്ചു… ” ഞാൻ …..എനിക്ക്… അപ്പൂസിൻ്റെ അമ്മയാകാൻ ഇഷ്ട്ടം പക്ഷേ ഭാര്യയാകണ്ട ” എന്ന് എങ്ങനെയോ പറഞ്ഞു എഴുന്നേറ്റു… തിരിഞ്ഞ് നോക്കാതെ മുറിയിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു… മുറിയിലേക്ക് ചെല്ലുമ്പോൾ ജാനകിയമ്മയും അമ്മയും ഉറങ്ങിയിരുന്നു… ഉറക്കം വരാതെ കുറച്ച് നേരം കിടന്നു…

പിന്നെ എഴുന്നേറ്റു ഹാളിൽ അച്ഛൻ്റെ ചാരുകസേരയിൽ ഇരുന്നു… സെറ്റിയിൽ ഗിരിയേട്ടൻ കിടക്കുന്നുണ്ട്… കൈ മുഖത്തിന് കുറകെ വച്ചിട്ടുണ്ട്…. ഉറങ്ങിയോന്ന് അറിയില്ല… ഞാനും കണ്ണടച്ച് കസേരയിലേക്ക് ചാരിയിരുന്നു… ” അതേയ് മരുന്ന് വച്ച് തന്നില്ലല്ലോ “… ഗിരിയുടെ ശബ്ദം കേട്ടതും ചന്ദ്ര ഒന്ന് ഞെട്ടി… ” അത് ഞാൻ ഇന്നത്തെ ബഹളത്തിൽ മറന്നു ” ഞാൻ ചാരു കസേരയിൽ നിന്ന് ചാടി എഴുന്നേറ്റു.. “സാരമില്ല… ഇനിയിപ്പോ ഇത്ര നേരായില്ലേ… നാളെ രാവിലെ മരുന്ന് വച്ച് തന്നാൽ മതി” ഗിരിയേട്ടൻ പറഞ്ഞപ്പോൾ ശരിയെന്ന് തലയാട്ടി… ” പിന്നേ നാളെ അപ്പൂസിൻ്റെ പിറന്നാൾ ആണു…

അമ്പലത്തിൽ അവനെയും കൂട്ടി എൻ്റെ കൂടെ വരുമോ “ഗിരിയേട്ടൻ മടിച്ച് കൊണ്ട് ചോദിച്ചു… ” അതിനെന്താ നമ്മുക്ക് എല്ലാർക്കും പോവാം ” എന്ന് ഞാൻ പറഞ്ഞപ്പോൾ ഗിരിയേട്ടൻ സെറ്റിയിൽ എഴുന്നേറ്റു ഇരുന്നു.. “താങ്ക്സ് ചന്ദ്രാ ” എന്ന് പറഞ്ഞ് സെറ്റിയിൽ ചാരിയിരുന്നു… “ശരി ഗിരിയേട്ടൻ കിടന്നോളു.. ഞാൻ പോട്ടെ… ഉറക്കം വരാത്തത് കൊണ്ട് ഇവിടെ വന്നിരുന്നതാ ” എന്ന് ഞാൻ പറഞ്ഞു… ഇനി ഇവിടെ ഇരുന്നാൽ ആരെങ്കിലും എന്തെങ്കിലും വിചാരിച്ചെങ്കിൽ എന്ന് കരുതി ഞാൻ വേഗം എഴുന്നേറ്റു മുറിയിൽ തന്നെ കിടന്നു… ❤❤❤

അവളുടെ മുഖത്തെ പരിഭ്രമവും ധൃതി പിടിച്ചുള്ള പോക്കും കണ്ടു കൊണ്ട് ഗിരി കുസൃതിയോടെ ഒരു പുഞ്ചിരിയുമായി സെറ്റിയിൽ തന്നെ കിടന്നു… പറയേണ്ട കാര്യം പറഞ്ഞു ..ഇനി ചന്ദ്രാ ആലോചിച്ച് ഒരു തീരുമാനം എന്തായാലും ഉടനെ പറയട്ടെ .. അപ്പൂസിന് ഓർത്തെങ്കിലും അവൾക്ക് സമ്മതം പറയേണ്ടിവരും എന്തായാലും ഡിവോഴ്സിൻ്റെ കാര്യം കൂടി എത്രയും വേഗം നീക്കണം ….സമയം പോകും തോറും ചിലപ്പോൾ ശരത്ത് ഇനി അടുത്ത പദ്ധതിയുമായി ഇങ്ങോട്ടേക്ക് വരും… വീണ്ടും അവൻ്റെ മുമ്പിലേക്ക് ചന്ദ്രയെ ഇട്ട് കൊടുക്കാൻ വയ്യ… താലികെട്ടി തൻ്റെ പെണ്ണായി കഴിഞ്ഞാൽ അവളുടെ സുരക്ഷിതത്വം പൂർണമായും ഏൽക്കാൻ കഴിയും …

അവൾ തൻ്റെ പെണ്ണാകുന്ന ആ ദിവസത്തെ കുറിച്ച് ഓർത്ത് സ്വപ്നങ്ങൾ കണ്ടു കൊണ്ട് നിദ്രയെ പുണർന്നു… രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു പുതപ്പ് ദേഹത്ത് പുതപ്പിച്ചിട്ടുണ്ട്… പുതപ്പു കണ്ടപ്പോൾ മനസ്സിലായി ചന്ദ്രയാണ് എന്ന്… അവളുടെ മുറിയിലെ പുതപ്പാണ് ഇത് … അപ്പോൾ മനസ്സിൽ സ്നേഹം ഒക്കെയുണ്ട്.. ഞാൻ കൊതുകുകടിയും കൊണ്ട് തണുപ്പത്ത് കിടക്കുന്നത് അവളുടെ മനസ്സിൽ വിഷമം ഒക്കെയുണ്ട് ..അതുകൊണ്ടാണല്ലോ പുതപ്പ് കൊണ്ടുവന്ന് പുതപ്പിച്ചത്… അല്ല എപ്പോൾ വന്നു.. ചിലപ്പോ ഉറങ്ങി കഴിഞ്ഞാവും.. അവൻ കൈ നിവർത്തി എഴുന്നേറ്റു …

പുതപ്പു മടക്കി മടക്കി സെറ്റിയിലേക്കിട്ടു.. അപ്പൂസ് എഴുന്നേറ്റോ എന്ന് ചന്ദ്രയുടെ മുറിയിലേക്ക് എത്തി നോക്കിയപ്പോൾ ഞാൻ ജാനകിയമ്മ അമ്മ തറയിൽ കിടക്കുന്നു.. ചന്ദ്രയുടെ അമ്മ കട്ടിലിൽ മോൻ്റെ കൂടെ കിടക്കുന്നുണ്ട്… ചന്ദ്ര എവിടെ പോയി … സമയം നോക്കിയപ്പോൾ അഞ്ചര. കുളിക്കാൻ പോയി കാണും… ഏതായാലും താൻ പറഞ്ഞത് കൊണ്ട് അവൾ പുറത്തേക്ക് പോയി കാണില്ല.. മുകളിലത്തെ മുറിയിൽ ആവും കുളിക്കാൻ പോയിട്ട് ഉണ്ടാവുക . ഗിരി മുകളിലേക്ക് നടന്നു .. വാതിൽ ചാരിയിട്ടേ ഉള്ളായിരുന്നു …വാതിൽ തുറന്ന് അകത്തു കയറി.. ബാത്റൂമിൽ നിന്ന് വെള്ളo വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട് ..മുറിയിലെ ലൈറ്റ് ഇട്ട് കട്ടിലിലേക്ക് കയറി കിടന്നു ..

കുളിമുറിയിൽ നിന്നും മൂളിപ്പാട്ട് കേൾക്കുന്നുണ്ട്. ഓ മൂളിപാട്ടൊക്കെ പാടിയാണ് കുളിക്കുന്നത് .. എന്തോ ഒരു അടിപൊളി പാട്ട് ഒക്കെയാണ് പാടുന്നത് ഇത്ര മനസ്സിൽ കുട്ടിത്തം ഉള്ള ആളാണ് പുറമേ ഗൗരവം നടിച്ചു നടക്കുന്നത് …അവളുടെ കുറുമ്പുo സ്നേഹവും എല്ലാം അതുപോലെ തന്നെ വേണം… കൊച്ചു കള്ളി ആരും കാണാതെ അടിപ്പൊളി പാട്ടൊക്കെ പാടിയാണ് കുളി.. പുറത്തു വരട്ടെ കളിയാക്കി ശരിയാക്കണം.. എന്നവൻ മനസ്സിൽ കരുതി കാത്തിരുന്നു.. കുറച്ചുകഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു . മുറിയിലേക്ക് ഇറങ്ങി വന്നാണ് തോർത്തു ചുറ്റി തലമുടി ഉയർത്തിക്കെട്ടിയത്… സാരി ഉടുക്കുകയാണ്. അവൻ കണ്ണടച്ചു..പകുതി കണ്ണു തുറന്നു നോക്കി . ചന്ദ്ര സാരി ഉടുക്കുന്നതിലാണ് അവളുടെ ശ്രദ്ധ… കട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല അവനവിടെ കിടക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ടില്ല ..

അവൻ കണ്ണടച്ച് കൊണ്ട് തിരിഞ്ഞ് കിടന്ന് കൊണ്ട് ചുമച്ച് ശബ്ദമുണ്ടാക്കി .. അവൻ പതിയെ തിരിഞ്ഞു നോക്കിയപ്പോൾ സാരി ചുരുട്ടിപ്പിടിച്ച് കുളിമുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു.. .. സാരിയും ചുരുട്ടി പിടിച്ച് ചന്ദ്ര ഓടുന്നത് ഒരു മിന്നായം പോലെയേ കണ്ടുള്ളു… കുറച്ചു നേരം ആയിട്ടും പുറത്തേക്ക് വരാതിരുന്നത് കൊണ്ട് അവൻ മുറിയുടെ പുറത്തേക്കുള്ള വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി പടിയിൽ പോയിരുന്നു… ശ്ശെ ആകെ ചമ്മിക്കാണും.. ഇനി അവൾക്ക് എന്നോട് ദേഷ്യം ഉണ്ടാകുമോ…. മന: പൂർവ്വം വന്ന് കിടന്നതണെന്ന് കരുതി കാണുമോ… അതിപ്പോ താൻ അറിഞ്ഞോ കുളിമുറിയിൽ നിന്ന് വെളിയിൽ ഇറങ്ങിയാണ് സാരി ഉടുക്കാൻ പോകുന്നതെന്ന് അവൻ്റെ മനസ്സിൽ ചന്ദ്രയുടെ ഞെട്ടലോടെ ഉള്ള നിൽപ്പും ഭാവവും ഓർത്തപ്പോൾ അധരങ്ങളിൽ പുഞ്ചിരി വിടർന്നു …. ❤❤❤

ചന്ദ്രയ്ക്ക് വല്ലാത്ത ചമ്മൽ തോന്നി… കുളിമുറിയിൽ നിന്ന് ഇറങ്ങാതെ കുറച്ച് നേരം കൂടി നിന്നു.. ശ്ശൊ ഗിരിയേട്ടൻ വരുമെന്ന് ഓർത്തില്ല… രാവിലെ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞത് കൊണ്ട് വേഗം കുളിച്ച് വന്ന് ജോലിയെല്ലാം തീർക്കണമെന്ന ചിന്തയിൽ വാതിൽ കുറ്റിയിടാൻ മറന്നു പോയതാണ്… വല്ലതും കണ്ടു കാണുമോ എന്തോ.. ഹേയ് ഇല്ല കട്ടിലിൽ തിരിഞ്ഞ് കിടക്കുകയായിരുന്നല്ലോ.. സാരി ഒരു വിധത്തിൽ ചുറ്റി കെട്ടി കുളിമുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി നോക്കി… ഗിരിയേട്ടനെ മുറിയിൽ കണ്ടില്ല… ഹാവു സമാധാനമായി.. അവൾ അടുക്കളയിൽ കയറി. ചായയ്ക്ക് പാൽ തിളപ്പിയ്ക്കാൻ വച്ചു… ഇന്ന് അപ്പൂസിൻ്റെ പിറന്നാളാണല്ലോ…

നല്ല ഒരു കേക്ക് ഉണ്ടാക്കി കൊടുക്കണം.. ആവശ്യമുള്ള സാധനങ്ങൾ എടുത്തു വച്ചു.. ഒരു കപ്പ് മൈതയും ഒരു സ്പൂൺ ബേക്കിംഗ് സോഡാകും അര സ്പൂൺ സോഡാ പൊടിയും ആവശ്യത്തിന് ഉപ്പും പകുതി കപ്പ് പഞ്ചസാര പൊടിച്ചതും ഒരു അരിപ്പയിൽ അരിച്ച് എടുത്തു വച്ചു… നാല് കാരറ്റ് മുറിച്ച് മിക്സിൽ അരച്ചു എടുത്തു. കാൽ കപ്പ് കട്ട തൈരും എണ്ണയും ആവശ്യത്തിന് പാലും മിക്സിയിൽ അടിച്ചു.. അത് മിക്സ് ചെയ്ത മൈതയിൽ എസൻസും ചേർത്ത് ഇളക്കി… ഒരു പരുവം ആയപ്പോൾ കാരറ്റ് അതിൽ ചേർത്ത് നന്നായി ഇളക്കി… അലൂമിനിയത്തിൻ്റെ വട്ടിലിൽ എണ്ണ തേച്ചു അതിൽ ഈ മിശ്രിതം ഒഴിച്ചു.. നട്സും ഉണക്കമുന്തിരിയും ചേർത്തു.. .. സ്റ്റൗ ഓൺ ചെയ്ത് കൂക്കർ വച്ചു നന്നായി ചൂടായപ്പോൾ വട്ടത്തിലുള്ള കമ്പിവച്ച്..

അതിൻ്റെ മുകളിൽ മിശ്രിതം ഒഴിച്ച് വച്ച അലുമിനിയത്തിൻ്റെ വട്ടിൽ വച്ചു.. കുക്കറിൻ്റെ വെയ്റ്റും റബറും മാറ്റി അടച്ചു.. പത്ത് മിനിറ്റ് തീ കൂട്ടി വച്ചു…പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ തീ കുറച്ച് വച്ചു.. സമയം നോക്കി ആറു മണിയായി.. ഇനി മുപ്പത്തഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ കേക്ക് വേകണം.. ആ സമയം കൊണ്ട് രാവിലെ പൂരിയ്ക്ക് മാവ് കുഴച്ച് വച്ചു.. അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം വച്ച് ഉരുളകിഴങ്ങ് വേകിക്കാൻ ഇട്ടു… കേക്കിൻ്റെ മണം വന്ന് തുടങ്ങി… ഉരുളക്കിഴങ്ങ് വെന്ത് കഴിഞ്ഞ് ചോറിന് കലം അടുപ്പിൽ വച്ചു.. അരിയിട്ട് തോരനും തീയലിനും അരിഞ്ഞുവച്ചു കഴിഞ്ഞപ്പോഴേക്ക് സ്റ്റൗ ഓഫാക്കാൻ സമയമായി…. സ്റ്റൗ ഓഫാക്കി… അപ്പോഴേക്ക് സൗമ്യേടത്തി വന്നു…

ബാക്കി ഏടത്തി നോക്കിക്കോളാമെന്ന് പറഞ്ഞത് കൊണ്ട് മുറ്റത്തേക്കിറങ്ങി. ചൂലെടുത്ത് മുറ്റമടിക്കാൻ തുടങ്ങി… ഗിരിയേട്ടൻ പടിയിലിരിക്കുന്നത് കണ്ടപ്പോൾ മുറ്റത്തേക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നി… ” ആഹാ… ഞാൻ കാത്തിരിക്കുകയായിരുന്നു.. വാ.. മരുന്ന് വച്ച് തന്നിട്ട് പോയാൽ മതി” എന്ന് പറഞ്ഞ് ഗിരിയേട്ടൻ മുകളിലേക്ക് കയറി പോയി… വേറെ വഴിയില്ലാത്തത് കൊണ്ട് വേഗം മുറ്റമടിച്ച് കഴിഞ്ഞ് മുകളിലത്തെ മുറിയിലേക്ക് പോയി.. മേശയിൽ മരുന്നുo ഒട്ടിക്കാനുള്ള പ്ലാസ്റ്ററും ഉണ്ട്… ഗിരിയേട്ടൻ കസേരയിൽ കണ്ണടച്ചിരുന്നു.. ഞാൻ നേരത്തെ നെറ്റിയിൽ ഒട്ടിച്ചിരുന്നത് പതിയെ ഇളക്കി മാറ്റി…ഇsയ്ക്ക് നെറ്റി ചുളിക്കുന്നൊക്കെയുണ്ട്..

മുറിവ് സൂഷ്മതയോടെ വൃത്തിയാക്കി മരുന്ന് വച്ച് ഒട്ടിക്കുന്നത് വരെ ഗിരിയേട്ടൻ കണ്ണ് തുറന്നതേയില്ല… എനിക്കത് ആശ്വാസമായിരുന്നു… ഞാൻ തിരികെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ “സോറി ചന്ദ്ര. ഞാൻ വിചാരിച്ചതല്ല.. ഞാൻ ഒന്നും കണ്ടില്ല… കണ്ടത് മിന്നായം പോലെ മാത്രം.. ” എന്ന് ഗിരിയേട്ടൻ പറഞ്ഞു.. “എൻ്റെ തെറ്റാണ്.. ഞാൻ വാതിൽ കുറ്റിയിടാൻ മറന്നതാണ് “.. എന്ന് പറഞ്ഞിട്ട് വേഗം പടികൾ ഇറങ്ങി മുറ്റത്തേക്ക് വന്നു.. കൈയ്യിലിരുന്ന വേസ്റ്റ് ചപ്പിൽ കൊണ്ടിട്ടു കൈ കഴുകി അടുക്കളയിലേക്ക് വന്നു.. അപ്പോഴേക്ക് ഏടത്തി കറിയും കൂട്ടാനും വച്ചിരുന്നു.. “ഇതാർക്കാ ചന്ദ്രാ കേക്ക് “സൗമ്യേടത്തി ചോദിച്ചു. “ഇന്നലെ രാത്രിയാണ് ഗിരിയേട്ടൻ പറയുന്നത് അപ്പൂസിൻ്റെ പിറന്നാള് ഇന്നാണെന്ന്..

അതു കൊണ്ട് വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ പെട്ടൊന്നൊരു കേക്കുണ്ടാക്കിയതാണ് “പിന്നെ രാവിലെ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞിരുന്നു.. നമ്മുക്ക് എല്ലാർക്കും ഒരുമിച്ച് പോകാം ” എന്ന് ഞാൻ ചോദിച്ചു.. ” അതിനെന്താ നമ്മുക്ക് പോവാം.. ഇവിടെ നിന്ന് നടക്കാനുള്ള ദൂരമല്ലേയുള്ളു.. നടന്ന് പോകാം ” സൗമ്യേടത്തി പറഞ്ഞു.. പിന്നെ വേഗം ജോലി തീർത്ത് അമ്പലത്തിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി… ഞാൻ ഒരു നീല കരയുള്ള സെറ്റ് സാരിയുടുത്തു… അപ്പൂസിനേയും ഒരുക്കി നിർത്തി…. എല്ലാവരും അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങിയിറങ്ങി… വീടു പൂട്ടി താക്കോൽ പേഴ്സിൽ വച്ചു..

ഗേറ്റിനരുകിൽ തുരുമ്പ് പിടിച്ച് കിടന്ന സ്നേഹതീരം എന്ന വീട്ട് പേര് വിധുവേട്ടൻ നേരെ വച്ചു…. അപ്പൂസ് ഗിരിയേട്ടൻ്റെയും എൻ്റെയും കൈയ്യിൽ പിടിച്ച് കൊണ്ട് നടക്കുന്നത് കൊണ്ടാവണം… വഴി നീളെ ആളുകൾ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു… കൂട്ടത്തിൽ ശരത്തിൻ്റെ കണ്ണുകളും അവരെ തേടിയെത്തി… വീട്ടുകാരൊടൊപ്പം ഗിരിയുടെ കുഞ്ഞിൻ്റെ കൈ പിടിച്ച് പോകുന്നത് കണ്ടപ്പോൾ അയാൾക്കാദ്യമായി ചന്ദ്രയെ നഷ്ട്ടപ്പെടുത്തിയതോർത്ത് കുറ്റബോധം തോന്നി…. അമ്പലത്തിൽ എത്തിയപ്പോൾ ശരത്ത് അവിടെ നിൽക്കുന്നത് കണ്ടപ്പോൾ ചന്ദ്ര തിരിഞ്ഞ് പോകാൻ ഒരുങ്ങി… വിധുവും ഗിരിയും അവളെ തടഞ്ഞു… “നീ തെറ്റൊന്നും ചെയ്തിട്ടില്ല ചന്ദ്രാ…. അവൻ ആണ് തെറ്റ് ചെയ്തവൻ.. അവനാണ് പിൻതിരിഞ്ഞ് പോകേണ്ടവനും…

അവനെ ഞാൻ വിളിച്ച് വരുത്തിയതാണ്…. അവന് ഡിവോഴ്സ് കൊടുക്കാൻ.. നിൻ്റെ ജീവിതത്തിൽ ഇനി അവൻ വേണ്ടാ.. നീ തൊഴുതിട്ട് വാ……..” എന്ന് വിധുവേട്ടൻ പറഞ്ഞപ്പോൾ അവൾ അപ്പൂസിൻ്റെ കൈ പിടിച്ച് അമ്പല നടയിലേക്ക് നടന്നു.. വർഷങ്ങൾക്ക് മുൻപ് ഇതേ അമ്പലനടയിൽ വച്ച് ശരത്തേട്ടൻ താലിചാർത്തിയത് ഓർമ്മ വന്നു… എന്ത് പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്… തൊഴുത് തിരിച്ചിറങ്ങുമ്പോൾ വിധുവേട്ടൻ എൻ്റെ കൈയ്യിൽ ഒരു കവർ തന്നു.. ഒരു പേനയും തന്നു…” ചന്ദ്ര അതിൽ ഒപ്പിട്ട് കൊടുക്ക്… ഒപ്പിട്ട് കഴിഞ്ഞാൽ ഇന്ന് മുതൽ അവനുമായി യാതൊരു ബന്ധവും ഇല്ല…” വിധുവേട്ടൻ പറഞ്ഞപ്പോൾ വിറയ്ക്കുന്ന കൈയ്യോടെ പേനാ വാങ്ങി വിധുവേട്ടൻ പറഞ്ഞ സ്ഥലത്തെല്ലാം യാന്ത്രികമായി ഒപ്പിട്ടു….തുടരും

സ്‌നേഹതീരം: ഭാഗം 20

Share this story