താന്തോന്നി: ഭാഗം 4

താന്തോന്നി: ഭാഗം 4

എഴുത്തുകാരി: അമ്മു അമ്മൂസ്

രാത്രി ഉമ്മറത്തെ പടിയിൽ ഇരുന്നു ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു വിഷ്ണു…. തന്നെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങൾക്ക് ഭദ്രയുടെ മുഖമാണ് എന്നവന് തോന്നി…. ഈറനണിഞ്ഞ കണ്ണുകൾ കൊണ്ട് അവനവയെ നോക്കി പുഞ്ചിരിയോടെ ഇരുന്നു…. “”എനിക്കേറ്റവും ഇഷ്ടം എന്താണെന്നറിയുമോ വിഷ്ണുവേട്ടന്….. ആകാശത്തിലെ നക്ഷത്രങ്ങളെ ദാ ഇങ്ങനെ നോക്കി ഇരിക്കാൻ….. അപ്പോളവയെന്നോട് ഒരായിരം കഥകൾ പറയും…. എന്നോട് മാത്രം…..”” ഒരിക്കൽ ഭദ്ര പറഞ്ഞ വാക്കുകൾ വീണ്ടും ചെവിയിൽ ഇരുന്ന് ആരോ പറയും പോലെ…

ചിരിയോടെ അവനാ നക്ഷത്രങ്ങളെ നോക്കി… അവ തന്നോടും കഥകൾ പറയുന്നതായി തോന്നി അവന്…. അവളെക്കുറിച്ചുള്ള കഥകൾ…. തോളിലെന്തോ ഭാരം പോലെ തോന്നി.. തിരിഞ്ഞു നോക്കിയപ്പോളാണ് തോളിലേക്ക് തല ചായ്ച്ചു കണ്ണടച്ചു ഇരിക്കുന്ന രുദ്രനെ കാണുന്നത്. അറിയാതെ ഉള്ളിൽ വാത്സല്യം നിറഞ്ഞു… പണ്ടേ ഉള്ള പതിവായിരുന്നു രാത്രി ഇങ്ങനെ വെറുതെ ഉമ്മറത്തു വന്നു രണ്ടാളും കൂടി ഇരിക്കുന്നത്.. ഇതുപോലെ തോളിലേക്ക് തല ചായ്ച്ചു ഇരിക്കും അവൻ… കുഞ്ഞിലേ മുതലേ അങ്ങനെയാണ്… വിശേഷം പറച്ചിലുകളെല്ലാം ആ സമയത്താകും…

ഒന്നും പറഞ്ഞില്ല.. പഴയ ഓർമ്മകൾ രണ്ടാളിലും നഷ്ടങ്ങളുടെ കണക്ക് പുസ്തകം മാത്രേ തുറക്കൂ എന്ന് അറിയാമായിരുന്നു. “”ആഹാ…. ഇവിടെ വന്നിരിക്കയാണോ രണ്ടാളും കൂടി… അമ്മ ചോറ് വിളമ്പി…”” പിന്നിൽ നിന്നും പാർവതിയുടെ ശബ്ദം കേട്ടതും രുദ്രന്റെ മുഖം ഇരുണ്ടു… ഈർഷ്യയോടെ അവൻ വിഷ്ണുവിന്റെ തോളിൽ നിന്നും തല ഉയർത്തി.. “”അമ്മയോ…. എന്റെ അമ്മ എപ്പോഴാടി നിനക്കും അമ്മ ആയത്…. “” പല്ലു ഞെരിച്ചുകൊണ്ടായിരുന്നു ചോദിച്ചത്… തിരിച്ചും അതെ ദേഷ്യത്തിൽ നോക്കുന്നത് കണ്ടു. “”ഞാനെന്റെ വിഷ്ണുവേട്ടന്റെ അമ്മയേയ അമ്മ എന്ന് വിളിച്ചത്….””

വാശിയോടെ പറയുന്ന അവളെ നോക്കി മറുപടി ഇല്ലാതെ നിൽക്കുമ്പോൾ ഏട്ടൻ ചിരി കടിച്ചമർത്തുന്നത് കണ്ടു. അവളെ ഒന്ന് കൂടി തറപ്പിച്ചു നോക്കി അകത്തേക്ക് ചെന്നു. അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു.. ചോറും ബാക്കി കറികളും ഒക്കെ ഊണുമേശയിൽ എടുത്തു വച്ചിട്ടുണ്ടായിരുന്നു. കൈ കഴുകി വന്നു ഇരുന്നപ്പോഴേക്കും ഏട്ടനും അവളും വന്നിരുന്നു. എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുമുണ്ട്. വലിയ ശബ്ദത്തോടെ കസേര ഒന്ന് നിരക്കി നീക്കി ഇരുന്നു. “”അമ്മയെവിടെ…””. പ്ലേറ്റ് ലേക്ക് ചോറിടാൻ തുടങ്ങിയ അവളെ കൈ കൊണ്ട് തടഞ്ഞു ചോദിച്ചു..

“”അതെന്താ… ഞാൻ വിളമ്പിയാൽ ചോറ് പാത്രത്തിൽ നിന്നിറങ്ങി ഓടി പോവോ….”” തടഞ്ഞതൊന്നും കാര്യമാക്കാതെ ചോറ് വിളമ്പുന്ന അവളെ കണ്ടപ്പോൾ മുഖത്ത് നോക്കി ഒന്ന് കൊടുക്കാൻ തോന്നി. ഏട്ടനും അമ്മയും അടുത്തുള്ളതിന്റെ ധൈര്യത്തിലാണ് നിന്ന് അധികപ്രസംഗം പറയുന്നത്…. വീർത്തു കെട്ടിയ മുഖവുമായി ഇരുന്ന് ചോറുണ്ണുന്ന രുദ്രനെ കാൺകെ പാർവതി ചിരി അടക്കി നിന്നു… 🔸🔸🔸

രാത്രി അമ്മയുടെ അടുത്ത് പറ്റിച്ചേർന്നു കിടക്കുമ്പോൾ മാസങ്ങൾക്ക് ശേഷം വീണ്ടും അമ്മയുടെ ചൂട് പറ്റി ഉറങ്ങും പോലെ തോന്നി അവൾക്ക്. അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു… കണ്ണുകൾ രണ്ടും അപ്പോഴേക്കും നിറഞ്ഞിരുന്നു… അന്നത്തെ ആ ദിവസത്തിന് ശേഷം ഇന്നാണ് സമാധാനത്തോടെ ഒന്ന് കിടക്കുന്നത്. കുറ്റബോധം തന്നെയായിരുന്നു അന്ന് മുതൽ മനസ്സിൽ…. ചേച്ചിയുടെ ജീവിതം കുരുതി കൊടുത്തതിനു…. വിഷ്ണുവേട്ടന്റെ സ്വപ്‌നങ്ങൾ തകർത്തതിന്… ഒടുവിൽ അച്ഛനും കൂടി പോയപ്പോളേക്കും ഭയം കൂടി പിടി മുറുക്കി… പേടിയായിരുന്നു തനിക്ക്… അച്ഛൻ പോയതിന് ശേഷം സഹതാപത്തിന്റെ നാട്യവുമായി അടുത്ത് കൂടുന്ന ആളുകളെ….

സന്തോഷം വന്നാലും നിദ്ര അകന്നു നിൽക്കും എന്ന് ഇപ്പോഴാണ് മനസ്സിലായത്… ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഇന്നത്തെ സംഭവങ്ങളിൽ കൂടി തന്നെ സഞ്ചരിക്കുകയായിരുന്നു മനസ്സ്. ശൂന്യതയായിരുന്നു അമ്മാവൻ പോയതിന് ശേഷം… ജീവിതം അവസാനിക്കുന്നതിനു തൊട്ട് മുൻപുള്ള ശൂന്യത. അനാഥയാണ് എന്ന സത്യം അതിന്റെ ഏറ്റവും ഭീകര രൂപത്തിൽ മുന്നിൽ വന്നു പരിഹസിക്കുന്നുവെന്ന് തോന്നി. അയാളുടെ രൂപമായിരുന്നു അതിനു… നരേഷിന്റെ… കുട്ടിക്കാലം മുതൽക്കേ അയാളെ പേടിയായിരുന്നു… എപ്പോഴൊക്കെ വീട്ടിലേക്ക് വന്നാലും വല്ലാത്ത ഒരു അധികാരത്തോടെ തന്റെ പിന്നാലെ കാണും. അച്ഛനെ അയാൾക്ക് പേടിയായിരുന്നു..

അതുകൊണ്ട് വീട്ടിൽ വെച്ച് ഉപദ്രവങ്ങൾ ഒന്നും തന്നെ പരസ്യമായി ഇല്ലെങ്കിലും ശരീരത്തിലാകമാനം പരതി നടക്കുന്ന അയാളുടെ ചുഴിഞ്ഞു നോട്ടങ്ങൾ വല്ലാത്ത അറപ്പുള്ളവാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ചേച്ചിയുടെ തണലിലേക്ക് ഒതുങ്ങി കൂടും…. അന്നത്തെ ദിവസം പൂരത്തിന് അയാളുടെ ശല്യം സഹിക്കാൻ പറ്റാതെ വന്നപ്പോഴായിരുന്നു മുഖം പൊത്തി കരഞ്ഞത്. വിഷ്ണുവേട്ടനും രുദ്രേട്ടനും കൂടി അയാളെ പെരുമാറുമ്പോൾ അച്ഛൻ അറിഞ്ഞാൽ എന്താകും എന്ന ഭയമായിരുന്നു തോന്നിയത്…. പക്ഷേ അന്ന് തന്നെ നരേഷിനെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന അച്ഛനെ കണ്ടപ്പോൾ സമാധാനം തോന്നി..

താനിവിടെ ഉണ്ടെന്ന് ഇതിനകം തന്നെ അയാൾ അറിഞ്ഞിട്ടുണ്ടാകും എന്ന് ഉറപ്പായിരുന്നു…. ഏത് നിമിഷവും ആ വരവ് പ്രതീക്ഷിച്ചു ഭയത്തോടെയാണ് ഇരുന്നത്… രാത്രിയായിട്ടും കാണാതെ ഇരുന്നപ്പോഴാണ് ഇന്നിനി വരില്ല എന്ന് തോന്നിയത്….എന്നായാലും അയാൾ വരുമെന്ന് ഉറപ്പാണ്…. ഓർക്കുമ്പോൾ ഭയം നട്ടെല്ലിലൂടെ മുകളിലേക്ക് അരിച്ചു കേറും പോലെ തോന്നി അവൾക്ക്….. ഓരോന്ന് ആലോചിച്ചു കിടന്നു നേരം പുലരാറായിരുന്നു ഉറക്കം പിടിച്ചപ്പോൾ… 🔸🔸🔸🔸നേരെ ഉറങ്ങാൻ പറ്റാത്തതുകൊണ്ട് അമ്മ എഴുന്നേറ്റപ്പോൾ തന്നെ കൂടെ എഴുന്നേറ്റു… ഇന്നലെ ജോലിക്ക് പോകാതിരുന്നതുകൊണ്ട് ഇനിയങ്ങോട്ടേക്ക് പോകാൻ പറ്റില്ല എന്ന് അറിയാമായിരുന്നു…

അമ്മയുടെയും ചേച്ചിയുടെയും അടുത്തേക്ക് പോകാൻ തീരുമാനിച്ചിരുന്നതുകൊണ്ട് ലീവ് ഒന്നും എഴുതി കൊടുത്തിരുന്നില്ല…. അല്ലെങ്കിൽ തന്നെ.. തന്നെ എങ്ങനെ എങ്കിലും അവിടുന്ന് പറഞ്ഞു വിടാനുള്ള കാരണം തേടി ഇരിക്കുകയാണ് എന്ന് അറിയാമായിരുന്നു… ഭാവി ഒരു ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കും പോലെ തോന്നി …. ഇനി എന്ത് ചെയ്യും എന്നൊരു ഉത്തരം ഇല്ലാത്തത് പോലെ… “”എന്താ പാറുക്കുട്ടി രാവിലെ തന്നെ ആലോചന… മോളിനി ഒന്നും ആലോചിച്ചു വിഷമിക്കണ്ട…. എല്ലാം നല്ലതിനാണ് എന്ന് കൂട്ടിക്കോ….. ഹ്മ്മ്…. വായോ.. “”അമ്മ ചായ ഇട്ടു തരാം….

താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് അമ്മ പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി… “”അമ്മേ… അമ്മക്ക് രുദ്രേട്ടനോട് പറഞ്ഞൂടെ കുടിക്കരുത് എന്ന്…”” ചായ കുടിച്ചുകൊണ്ട് നിന്നപ്പോൾ ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തി അമ്മയോട് പതിയെ ചോദിച്ചു… ആ മുഖത്ത് വിഷാദം നിറയുന്നത് കണ്ടു… “””പറയാഞ്ഞിട്ടൊന്നുമല്ല മോളെ…. ഏട്ടനെ ഓർമ്മ വരുന്നു പറഞ്ഞു കാട്ടി കൂട്ടുന്നതാ ഇതൊക്കെ…. ഞാനിത്തിരി വഴക്കായി എന്തെങ്കിലും പറഞ്ഞാൽ വിഷ്ണുവിന്റെ പേരും പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു കരയും…..

അവന് ഒരച്ഛന്റെ സ്ഥാനത്തു തന്നെയാ ഏട്ടൻ… പിള്ളേരുടെ അച്ഛൻ പോയതിൽ പിന്നെ വിഷ്ണു ആയിരുന്നു അവന്റെ കാര്യങ്ങൾ എല്ലാം നോക്കിയത്… അത്രയ്ക്ക് സ്നേഹ രണ്ടാളും… പെട്ടെന്ന് അവനങ്ങു ഒന്നും പറയാതെ പോയപ്പോൾ സഹിക്കാൻ പറ്റി കാണില്ല എന്റെ കുട്ടിക്ക്….””” നിറഞ്ഞ കണ്ണുകൾ തുടച്ചു അമ്മ പറഞ്ഞപ്പോൾ തന്റെ കണ്ണുകളും നിറയും പോലെ തോന്നി അവൾക്ക്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വെയിൽ മുഖത്തേക്ക് അടിച്ചതും അസ്വസ്ഥതയോടെ രുദ്രൻ കണ്ണുകൾ ഒന്നുകൂടി ചിമ്മി അടച്ചു…. കാലങ്ങളായി ഇങ്ങനെ വെയിൽ മുഖത്തേക്ക് തട്ടി ഉണർന്നിട്ട്… രാത്രി എപ്പോഴേലും ആകും വന്നു കിടക്കുക…

അതുകൊണ്ട് തന്നെ കർട്ടൻ മാറ്റി ഇടാറില്ല…. എപ്പോഴും ഒരു ഇരുട്ട് ഉണ്ടാകും മുറിയിൽ… തന്റെ മനസ്സ് പോലെ…. ദേഷ്യത്തോടെ കണ്ണ് തുറന്നു നോക്കിയപ്പോൾ മുറിക്കുള്ളിൽ ആരും ഇല്ലായിരുന്നു. ആളെ കണ്ടില്ല എങ്കിലും ഇതൊക്കെ ആരാകും ചെയ്തിട്ടുണ്ടാകുക എന്ന് അറിയാമായിരുന്നു. പല്ല് ഞെരിച്ചു അതേ ദേഷ്യത്തിൽ തന്നെ എഴുന്നേറ്റു.. “”അമ്മേ…..”” അലറി വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല. തലയൊക്കെ നല്ല വേദന… കുടിക്കാതെ ഇരുന്നിട്ടാണ് എന്ന് തോന്നുന്നു…. ഇന്നലെ രാവിലെ കുടിച്ചതിൽ പിന്നെ ഈ നേരം വരെ തൊട്ട് നോക്കിയിട്ടില്ല… കഴിഞ്ഞ കുറച്ചു കാലങ്ങൾക്കിടയിൽ ആദ്യമായിട്ടാണ് ഇത്രയും സമയമൊക്കെ കുടിക്കാതെ ഇരിക്കുന്നത്…

ഫ്രഷ് ആയി വന്നിട്ട് ഏട്ടനെ എല്ലായിടത്തും നോക്കിയെങ്കിലും കണ്ടില്ല…. പുറത്തേക്ക് പോയി കാണും എന്ന് വിചാരിച്ചു ഒന്ന് മൂരി നിവർന്നു ഉമ്മറത്തു എത്തിയപ്പോൾ ആദ്യം കണ്ടത് മുറ്റമടിക്കുന്ന പാർവതിയെയാണ്.. “”നാശം… മനുഷ്യന്റെ ദിവസം കളയാനായിട്ട് ചൂലും കൊണ്ട് ഇറങ്ങിയേക്കുവാ…”” പിറുപിറുത്തുകൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു… “”ഡീ….. മനുഷ്യന്റെ ദിവസം കളയാനാണോടി രാവിലെ ഇതും പിടിച്ചോണ്ട് ഉമ്മറത്തു വന്നു നിൽക്കുന്നത്…. അല്ലെങ്കിൽ തന്നെ നിന്റെ മുഖം കണ്ടാലേ അന്നത്തെ ദിവസം പോക്കാ….”” അലറിക്കൊണ്ട് പറഞ്ഞു..

പെട്ടെന്ന് കേട്ട ശബ്ദം കാരണമാകും അവളൊന്ന് ഞെട്ടിതിരിഞ്ഞു നോക്കുന്നത് കണ്ടു. രുദ്രൻ ആണെന്ന് കണ്ടതും അവളുടെ മുഖത്ത് ആശ്വാസം നിറഞ്ഞു…. പിന്നെ അവനെ നോക്കി കുസൃതിയോടെ ചിരിച്ചെങ്കിലും ദഹിപ്പിക്കും പോലെ നോക്കി നിൽക്കുകയായിരുന്നു അവൻ…. . “”പിന്നെ… കളക്ടർ ഉദ്യോഗത്തിന് അല്ലെ പോകുന്നെ ശകുനം മുടക്കാൻ വേണ്ടി… കവലയിൽ ചെന്ന് ആ തെമ്മാടി ചെക്കന്മാരുടെ കൂടെ കള്ളും കുടിച്ചു സിഗററ്റും വലിച്ചു നടക്കാനല്ലേ…. അതിനു ഈ ശകുനം ഒക്കെ മതി..””.. അവനെ നോക്കി ഒന്ന് പുച്ഛത്തോടെ ചുണ്ട് കോട്ടി പറഞ്ഞിട്ട് വീണ്ടും തിരിഞ്ഞു നിന്ന് തൂക്കാൻ തുടങ്ങി…

ദേഷ്യം കാരണം സമനില നഷ്ടപ്പെടും പോലെ തോന്നി രുദ്രന്…. ഒറ്റ നിമിഷം കൊണ്ട് അവളുടെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു അവനോട് ചേർത്ത് പിടിച്ചിരുന്നു…. “”വേണ്ട…. വേണ്ട എന്ന് വെക്കുമ്പോൾ തലയിൽ കേറുന്നോടി പുല്ലേ…. ഏട്ടനുണ്ടെന്നൊന്നും ഞാൻ നോക്കില്ല… ഇനിയും ഇതുപോലെ അധികപ്രസംഗം പറയാൻ നിന്നാൽ ഇന്നലെ കിട്ടിയതിന്റെ ബാക്കി നീ വാങ്ങും…””.. അവളുടെ കൈ പിടിച്ചു ഞെരിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… “”ആഹ്….. എന്റെ കൈ….”” കുതറിക്കൊണ്ട് പറഞ്ഞെങ്കിലും ഒരല്പം പോലും പിടി അയഞ്ഞില്ല….. എല്ലൊക്കെ ഇപ്പോൾ പൊട്ടി പോകുമോ എന്ന് തോന്നി അവൾക്ക് വേദന കാരണം….

കണ്ണ് രണ്ടും കൂട്ടി അടച്ചു നിന്നു… അവളുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളി ഒഴുകി തോളിലേക്ക് വീണപ്പോഴാണ് താനിപ്പോൾ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ചു രുദ്രന് ബോധം ഉണ്ടായത്…. കണ്ണ് രണ്ടും കൂട്ടി അടച്ചു വിറയ്ക്കുന്ന ചുണ്ടുകളോടെ വേദന കടിച്ചമർത്താൻ ശ്രമിക്കുന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ കുറ്റബോധം വന്നു നിറയും പോലെ തോന്നി അവന്… അറിയാതെ അവളുടെ കൈകളിൽ നിന്നും കൈ പിൻവലിച്ചു പോയി… അപ്പോഴും കണ്ണുകൾ തുറക്കാതെ നിൽക്കുന്ന അവളെ ഒന്ന് നോക്കി…

ബൈക്കെടുത്തു പുറത്തേക്ക് പോയി… ബൈക്ക് അകന്നു പോകുന്ന ശബ്ദം കേട്ടതും പാർവതി കണ്ണ് തുറന്നു… കൈയിലേക്ക് നോക്കിയപ്പോൾ ചുവന്നു തടിച്ചു കിടപ്പുണ്ട് വിരലിന്റെ പാട്… “”ശ്ഷ്ഷ്…. “”നീറ്റൽ കാരണം എരിവ് വലിച്ചു പോയി… “”കാലമാടൻ…. ഇങ്ങോട്ട് വരട്ടെ….”” അവൻ പോയ വഴിയേ നോക്കി പിണക്കത്തോടെ പറഞ്ഞിട്ട് വേദന ഇല്ലാത്ത കൈയിലേക്ക് ചൂല് പിടിച്ചു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാമുവേട്ടന്റെ കടയിൽ തലക്ക് കൈ കൊടുത്തു ഇരിക്കുകയായിരുന്നു രുദ്രൻ…. തലയൊക്കെ വെട്ടിപ്പൊളിയും പോലെ… രണ്ടു കൈയും വല്ലാതെ വിറയ്ക്കുന്നു…. ഇനിയും കുടിക്കാതെ ഇരുന്നാൽ ശെരിയാകില്ല എന്ന് തോന്നി…. പിടിച്ചു നിൽക്കാൻ പറ്റാത്തത് പോലെ..

പക്ഷേ കുടിച്ചിട്ട് ഏട്ടന്റെ മുൻപിൽ പോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല… ഏട്ടന് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അത്… ലഹരി ഉപയോഗിക്കരുത് എന്നായിരുന്നു തന്നോട് ചെറുപ്പം മുതലേ പറഞ്ഞിരുന്നത്… ഏട്ടൻ പോകും വരെ ഒന്നും ഉപയോഗിച്ചിരുന്നില്ല… പക്ഷേ അതിനു ശേഷം വല്ലാതെ ഒറ്റപ്പെട്ടപ്പോൾ ഒരാശ്വാസം പോലെ തുടങ്ങിയതാണ്… ഇപ്പോൾ അതില്ലാതെ പറ്റാതായിരിക്കുന്നു…. മുന്നിൽ ആരോ വന്നു നിൽക്കും പോലെ തോന്നിയപ്പോഴാണ് മുഖം ഉയർത്തി നോക്കിയത്… ഏട്ടനാണ്.. നല്ല ഗൗരവം ഉണ്ട് മുഖത്ത്… ആ നോട്ടം നേരിടാൻ പറ്റാതെ തല കുനിച്ചു നിന്നു… “”വീട്ടിലേക്ക് വാ…”” അത് മാത്രം പറഞ്ഞു വിഷ്ണു ബൈക്കിന്റെ അടുത്തേക്ക് പോയി നിന്നു…… തുടരും

താന്തോന്നി: ഭാഗം 3

Share this story