അത്രമേൽ: ഭാഗം 16

അത്രമേൽ: ഭാഗം 16

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“അമ്മേ….” അവന്റെ ചെറുചൂടുള്ള കൈത്തലം നെറ്റിയിൽ പതിഞ്ഞപ്പോൾ അവർ പതിയെ കണ്ണുകൾ വലിച്ചു തുറന്നു…കട്ടിലിൽ തനിക്കടുത്തായി ഇരിക്കുന്ന മകനെ നോക്കി നേർമയായി ഒന്ന് പുഞ്ചിരിച്ചു… “അമ്മയ്ക്കിപ്പോൾ എങ്ങനെയുണ്ട്?…. തലവേദന കുറവുണ്ടോ…?…. വേറെയെവിടെയെങ്കിലും വേദന തോന്നുന്നുണ്ടോ?” “ഉണ്ട്…” ഒട്ടും ചിന്തിക്കാതെ പെട്ടെന്നൊരു മറുപടി കിട്ടി… “എവിടെ…. എവിടെയാ… നല്ല വേദനയുണ്ടോ…?…” വെപ്രാളപ്പെട്ടവൻ ചോദിച്ചു… “നല്ല വേദനയുണ്ട്…. ശരീരത്തിലല്ല… മനസ്സിൽ….” പറഞ്ഞു തീർന്നപ്പോളേക്കും വീണ്ടും അവരുടെ കണ്ണുകൾ നിറഞ്ഞു…

കരഞ്ഞു വീർത്ത കൺപോളകളും… ചുവന്ന മൂക്കിൻ തുമ്പും… ഒട്ടും പ്രസാദമില്ലാത്ത മുഖവുമെല്ലാം അവരുടെ മനസ്സിൽ നിറഞ്ഞ ആധി യുടെ അടയാളങ്ങൾ ആയിരുന്നു…. “എന്തെ… ഈ അമ്മയ്ക്ക് തരാൻ മരുന്നൊന്നും ഇല്ലേ എന്റെ മകന്റെ കയ്യിൽ…?… അതോ നിന്റെ അച്ഛനെ പോലെ നിനക്കും എന്റെ സങ്കടങ്ങൾ കാണാൻ വയ്യാതായോ…?” ഇടറിയ ശബ്ദത്തോടെ അവർ ചോദിച്ചു… മനസ്സിൽ അടക്കി വയ്ച്ചതൊക്കെ പുറത്ത് പറയാൻ കഴിയാതെ അവൻ വീർപ്പുമുട്ടി… “അമ്മ എന്തെങ്കിലും കഴിക്കു…” “വേണ്ടാ…എന്നെ കഴിപ്പിക്കാൻ ആരും വരണ്ടാ… ആദ്യം ഞാൻ പറയുന്നത് അച്ഛനും മകനും അനുസരിക്ക്…

അവളെ എവിടെയാണെന്ന് വച്ചാൽ കൊണ്ടുപോയി ആക്കു… ഇനിയവളെ ഇവിടെ നിർത്താൻ ഞാൻ സമ്മതിക്കില്ല…പോവാൻ ഇടമില്ലാത്തവളൊന്നും അല്ലല്ലോ… അതിനെ അതിന്റെ വീട്ടിൽ തന്നെ കൊണ്ട് ചെന്ന് വിട്ടേരെ…” അവരുടെ സംസാരത്തിൽ വല്ലാത്തൊരു വാശിയുണ്ടായിരുന്നു… “ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇങ്ങനെയാണോ അമ്മേ പെരുമാറേണ്ടത്… അവളെ നമ്മൾക്കങ്ങനെ കൈ വിടാൻ പറ്റുമോ…?” അവന്റെ ശബ്ദത്തിൽ നിസ്സഹായത നിറഞ്ഞു… “നിക്ക് മറ്റൊന്നും കേൾക്കേണ്ടെന്ന് പറഞ്ഞില്ലേ… അവളിവിടുന്ന് പോണം നിക്ക് അത്രയേ വേണ്ടു…

എന്റെ മകനെക്കുറിച്ച് നാട്ടുകാർ പലതും പറയുന്നതിൽ നല്ല ദണ്ണം ഉണ്ടെന്ന് തന്നെ കൂട്ടിക്കോ…നിങ്ങൾ എന്നെ അനുസരിക്കുന്നത് വരെ നിക്ക് ജലപാനം ഇല്ലാ… ഇവിടെ പട്ടിണി കിടന്നു ചാകട്ടെ…” വാശിക്കാര്യത്തിൽ അമ്മയെ തോൽപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അവൻ പതിയെ മുറിവിട്ടിറങ്ങി… വാതിൽ പടിയിൽ ചാരി എല്ലാം കേട്ടുകൊണ്ടിരുന്ന വർഷ അവന്റെ തലകുനിച്ചുള്ള പോക്ക് കണ്ട് ഊറിചിരിച്ചു… അവന്റെ കണ്ണിൽ പെടാതെ സരസ്വതിയമ്മയെ കണ്ണു ചിമ്മി കാണിച്ചപ്പോൾ അവരും തിരികെയൊരു പുഞ്ചിരി നൽകി… നടുത്തളത്തിലേക്ക് ഇറങ്ങി ചെന്നപ്പോൾ അവന്റെ കണ്ണുകൾ ഗോപുവിന്റെ മുറിയ്ക്ക് നേരെ പാഞ്ഞു ചെന്നു..

അച്ഛനും ഗോപുവുമൊത്തുള്ള എന്തൊക്കെയോ ചെറിയ സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു… ഒന്ന് ചെന്ന് നോക്കണമെന്ന് തോന്നിയെങ്കിലും മനസ്സിനെ വിലക്കി… വർഷയുടെ കണ്ണുകൾ തന്നെ പിന്തുടരുന്നുണ്ടെന്ന തിരിച്ചറിവിൽ ഭാവഭേദമൊന്നും കാണിക്കാതെ ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു… ❤❤❤❤❤ “എന്റെ ഗോപുട്ടൻ എന്താ നോക്കിയിരിക്കുന്നെ…” കട്ടിലിലിരുന്ന് മുറിയിലെ ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു ഗോപു…അമ്മാവനെ കണ്ടപ്പോൾ അവൾ സങ്കടത്തോടെ ചുണ്ട് പിളർത്തി…

“നോക്കിക്കേ അമ്മാമ്മേ ഗോപുനെ കൂട്ടാതെ അവരൊക്കെ കളിക്കുവാ….ഇങ്ങോട്ട് വന്നതുമില്ല… ഗോപുനെ വിളിച്ചതുമില്ല…ഗോപു ഇവിടുന്ന് കൈ വീശിക്കാണിച്ചിട്ട് നോക്കിയതുമില്ല…” സങ്കടം സഹിക്കാതെ അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി…ജനലഴികളിൽ മുഖം ചേർത്തവൾ അടുത്ത വീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നോക്കിയിരുന്നു… “ഗോപുന് വയ്യാത്തോണ്ടല്ലേ അവര് കളിക്കാൻ കൂട്ടാത്തെ… അസുഖമൊക്കെ മാറി മിടുക്കിയായിട്ട് നമുക്ക് എല്ലാരുടെയും കൂടെ കളിക്കാല്ലോ… അമ്മാമ്മയും കൂടാം…” കണ്ണുനിറചിരിക്കുന്നവളെ ചേർത്തു പിടിച്ചയാൾ ആശ്വസിപ്പിച്ചു…

“വയ്യാതിരുന്നാൽ കാണാൻ വരണ്ടേ അമ്മാമ്മേ…? ഗോപുനെ കാണാൻ നന്ദുട്ടനും… കിച്ചുട്ടനും… കണ്ണനും ഒന്നും വന്നില്ലല്ലോ…മുൻപ് ഗോപുന്റെ അച്ഛായ്ക്കു അസുഖം വന്നപ്പോൾ നിറയെ പേര് കാണാൻ വന്നില്ലായിരുന്നോ…” സംതൃപ്തിയില്ലാതെയവൾ കുഞ്ഞു കുഞ്ഞു പരാതികൾ എണ്ണിപ്പറഞ്ഞു… അവളെ ആശ്വസിപ്പിക്കാനായി അയാൾക്ക് വീണ്ടും വീണ്ടും കള്ളങ്ങൾ മെനഞ്ഞു പറയേണ്ടി വന്നു… “അത് ഇന്നലെ ഗോപു ഉറങ്ങിയില്ലേ അപ്പൊ അവരെല്ലാം വന്നല്ലോ കാണാൻ… അമ്മാമ്മയാ പറഞ്ഞത് ഗോപു ഉറങ്ങുവാണെന്ന്… ഗോപുവിന് വയ്യെന്ന്…” “ആണോ…?” ഇത്തിരി ആശ്വാസം കിട്ടിയപോലവൾ ചോദിച്ചപ്പോൾ അയാൾ വെറുതെ തലയാട്ടിക്കൊടുത്തു… “ഗോപുന്റെ അസുഖം എന്നാ മാറണെ…

ഇന്നും ശർധിച്ചല്ലോ… നേരത്തെയും ശർധിച്ചു…. എന്തൊരു പുളിപ്പാണെന്നോ അമ്മാമ്മേ…?… ഓർക്കുമ്പോ ഗോപുന് പിന്നേം ശർദ്ധിക്കാൻ വരുവാ…” നെഞ്ചിൽ കൈ വയ്ച്ചവൾ നാക്ക് പുറത്തേക്കിട്ട് വാ പിളർത്തിക്കാണിച്ചു… “ഗോപുന് ഇന്നലെ വന്ന ഡോക്ടറ് മരുന്നൊന്നും തന്നില്ലേ അമ്മാമ്മേ?…. അസുഖം പെട്ടന്ന് മാറാൻ…എന്നാലല്ലേ ഗോപുന് പെട്ടന്ന് കളിക്കാൻ പോവാൻ പറ്റുള്ളൂ…ഗോപുനേ മുറിയിലിരുന്ന് മുഷിഞ്ഞല്ലോ…” കാര്യമറിയാതെ അവൾക്ക് പിന്നെയും പിന്നെയും സംശയങ്ങൾ ബാക്കിയായി…മറുപടി പറയാൻ അയാൾക്കും തെല്ലൊന്നാലോചിക്കേണ്ടി വന്നു… “അത്…ഡോക്ടറോട് മറന്നുപോയതാ മോളേ…നമ്മൾക്ക് ദർശനോട് വാങ്ങാം മരുന്ന്…”

ദർശന്റെ പേര് കേട്ടതോടെ അവളൊന്നടങ്ങി… എല്ലാം മറന്ന് മറ്റെന്തൊക്കെയോ ചിന്തകളിൽ പെട്ടുപോയി..ഇടയ്ക്ക് അടുത്ത വീട്ടിൽ നിന്നുയരുന്ന ആർപ്പുവിളികളിൽ ഞെട്ടി അങ്ങോട്ടൊന്നു നോക്കി…..അവർക്കിടയിൽ പെട്ടത് പോലെ കൊഞ്ചി ചിരിച്ചു…..അമ്മാവനെ തട്ടി വിളിച്ച് “അത് കണ്ടോ… അത് കണ്ടോ….” എന്നും പറഞ്ഞ് അങ്ങോട്ട് ചൂണ്ടിക്കാണിച്ചു… ഒന്നും മനസ്സിലാവാതെ അവർക്കൊപ്പം കൂടി കൈ കൊട്ടി… ഇടയ്ക്കെപ്പോഴോ മുഖത്ത് നിരാശ കലർന്നു… അമ്മാവനെ സങ്കടത്തോടെ നോക്കി…ചുണ്ട് പിളർത്തി… മുടിത്തുമ്പിൽ വിരൽ കോർത്തു വലിച്ചവൾ വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു… ❤❤❤❤❤

“ഹാ…ദർശേട്ടൻ വന്നോ….?” രാത്രി ജോലി കഴിഞ്ഞു വന്ന ദർശൻ വീട്ടിനകത്തേക്ക് കയറിയതും വണ്ടിയുടെ ശബ്ദം കേട്ട് വർഷയും അങ്ങോട്ടേക്ക് ദൃതിപിടിച്ചെത്തി…ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കാതിരുന്നിട്ടും സ്നേഹം നടിച്ചു ഓരോന്നു ചോദിച്ചവൾ പിന്നാലെ കൂടി… “അമ്മായി മയക്കത്തിലാ…” അമ്മയുടെ മുറിയിലേക്ക് കടക്കാൻ നേരം വർഷയുടെ ശബ്ദമെത്തി…അതോടെ ഉള്ളിലേക്ക് കയറാതെ അവൻ പുറത്ത് നിന്ന് തന്നെ അൽപനേരം നോക്കി…..വർഷ ഒഴിഞ്ഞു പോകുമെന്ന് കരുതിയെങ്കിലും അവനോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു അവളും പുറകെ നടന്നു…

വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെ അവളെ ഒട്ടും ഗൗനിക്കാതവൻ ഗോപുവിന്റെ മുറിയിലേക്ക് ചെന്നു…പുറകെ അവളും… മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ തന്നെ കട്ടിലിൽ ഹെഡ് റെസ്റ്റിൽ ചാരി തളർന്നിരിക്കുന്ന ഗോപുവിനെയാണ് കണ്ടത്…സുധാകരൻ അവൾക്ക് കഞ്ഞി കോരി കൊടുക്കുന്നുണ്ടായിരുന്നു… “യ്യോ… ഗോപുന് വേണ്ടായേ… വയറിപ്പോ പൊട്ടുവെ…” തനിക്ക് നേരെ സ്പൂണിലാക്കി നീണ്ടു വരുന്ന കഞ്ഞിക്ക് വാ തുറക്കാതവൾ മുറുക്കെ അടച്ചു പിടിച്ചു… “അമ്പടി കള്ളി… അമ്മാമ്മയെ എണ്ണുന്നുണ്ട്… വയറ് പൊട്ടാറൊന്നും ആയിട്ടില്ല… ഇതാ ഇതൂടെ…ഭക്ഷണം കഴിച്ചാലല്ലേ അസുഖം മാറൂ…

എന്നാലല്ലേ ഗോപുന് കളിക്കാൻ പറ്റുള്ളൂ…” അയാൾ എത്ര നിർബന്ധിച്ചിട്ടും പിടി കൊടുക്കാതവൾ മുഖം പൊത്തി… “വേണ്ടാ…. വേണ്ടാ…. ഗോപുന് ശർദിക്കാൻ വരും അമ്മാമ്മേ…വേണ്ടാത്തോണ്ടാ…” ഉറപ്പിച്ചു പറഞ്ഞവൾ വിരലുകൾക്കിടയിലൂടെ അയാളെ പാളി നോക്കി…മുറിയിലേക്ക് ദർശൻ കടന്നു നിന്നതോടെ രണ്ടാളുടെയും ശ്രദ്ധ മാറി… അത്രയും ദിവസത്തെ പരിഭ്രമം മാറി അപ്പോൾ മാത്രമായി അവനൊരു കുഞ്ഞുചിരി തിരികെ കിട്ടി… എന്നാൽ സുധാകരൻ അപ്പോഴും അവനോട് ഗൗരവം നടിച്ചു…പിന്നാലെ കയറി വന്ന വർഷയുടെ കണ്ണുകൾ അച്ഛന്റെയും മകന്റെയും മുഖഭാവങ്ങൾ മാറി മാറി ഒപ്പിയെടുത്തു…

“ഗോപുന് എങ്ങനെയുണ്ട്…?” ചേർത്തു പിടിച്ചു ആശ്വസിപ്പിക്കേണ്ടതിന് പകരം അന്യനെ പോലെ മാറി നിന്ന് ചോദിക്കേണ്ടി വരുന്നതിൽ അവന് വല്ലാത്ത വേദന തോന്നി… “ഗോപുന് ഒട്ടും വയ്യാ…ഇന്നലെ വന്ന ഡോക്ടർ ഗോപുന് മരുന്നൊന്നും തന്നില്ലല്ലോ… ദച്ചേട്ടൻ മരുന്ന് തരുവോ…?” ക്ഷീണിച്ച മുഖം ചുളിച്ചു കാട്ടിയവൾ അവന്റെ ഉത്തരത്തിനായി ഉറ്റുനോക്കി…അവൻ തലയാട്ടി കാണിച്ചപ്പോൾ സന്തോഷിച്ചു…കട്ടിലിൽ വച്ച ചെറിയ പാത്രത്തിൽ നിന്ന് ഇത്തിരി ഉപ്പുമാങ്ങ അച്ചാർ തൊട്ടെടുത്ത് നുണഞ്ഞവനെ സ്നേഹത്തോടെ നോക്കി…ഇടയ്ക്ക് അടുത്ത് തന്നെ നിൽക്കുന്ന വർഷയിലേക്ക് നോട്ടം ചെന്നപ്പോൾ ചുണ്ട് കൂർപ്പിച്ചു…

എന്തോ ഓർത്തെന്ന പോലെ മുഖം വീർപ്പിച്ചു… പിണക്കം നടിച്ചു… “ഗോപുന്റെ വയറിൽ കുഞ്ഞുവാവ ഉണ്ടോ അമ്മാമ്മേ…?” അവളുടെ ചോദ്യം കേട്ട് ദർശനും സുധാകരനും ഒരുപോലെ അത്ഭുതപ്പെട്ടു… “എന്തേ…ഗോപുന് അങ്ങനെ തോന്നാൻ…?” പ്രതീക്ഷയോടെ സുധാകരൻ ചോദിച്ചു.. “ഗോപുന് തോന്നിയൊന്നും ഇല്ലാ… ഈ വർഷേച്ചിയാ പറഞ്ഞെ ഗോപുന്റെ വയറിൽ കുഞ്ഞു വാവ ഉണ്ടെന്ന്… അതാ ഗോപുന് വയ്യാത്തേന്ന്…നേരത്തെ അമ്മാമ്മ ഇവിടുന്ന് പോയപ്പോൾ പറഞ്ഞല്ലോ…” വയറ് തടവിയവൾ വർഷയെ കൂർപ്പിച്ചൊന്നു നോക്കി…എന്നാൽ ദർശന്റെയും അമ്മാവന്റെയും രൂക്ഷമായ നോട്ടത്തിൽ പതറിയിരിക്കുകയായിരുന്നു വർഷ….

ഒരു വിളറിയ ചിരിയിൽ കാര്യമൊതുക്കി അവൾ അവിടെ നിന്നും പതിയെ വലിഞ്ഞു… പിറുപിറുത്ത് കൊണ്ട് ഇത്തിരി മാറി നിന്ന് അവരുടെ സംസാരങ്ങൾക്കായി കാത് കൂർപ്പിച്ചു…വർഷ മാറിയതോടെ ഗോപുവിന് ഇത്തിരി ആശ്വാസം തോന്നി…ഒന്ന് കൂടി ഏന്തി വലിഞ്ഞു പുറത്തേക്ക് നോക്കി വർഷ പോയെന്ന് ഉറപ്പിച്ചു… അമ്മാവനടുത്തേക്കു പതിയെ നിരങ്ങി നീങ്ങി ചേർന്നിരുന്നു… “ഗോപു വിശ്വസിച്ചൊന്നും ഇല്ലാ… വർഷേച്ചിയെ വെറും നുണച്ചിയാ… ഗോപുനറിയാല്ലോ…” അയാളുടെ കാതരികിൽ ചെന്ന് കൈ കൊണ്ട് ചുണ്ട് പൊത്തി രഹസ്യമായവൾ പറഞ്ഞു കൊടുത്തു…

“കുഞ്ഞു വാവ ഉണ്ടെങ്കിൽ കരയൂല്ലേ അമ്മാമ്മേ…ഗോപുനോട് മിണ്ടുല്ലേ…വർഷേച്ചി നുണ പറയാ…” വീണ്ടും വീണ്ടും അവൾക്ക് സംശയമായി…വർഷ പറഞ്ഞത് അംഗീകരിക്കാൻ മടിയായി… “ഗോപുന് സംശയം കൊക്കപുഴു ആണോന്ന… ചെറിയമ്മ പറഞ്ഞിട്ടുണ്ടല്ലോ ഗോപുന്റെ വയറിൽ അതുണ്ടെന്ന്…. ഗോപു ഭക്ഷണം കഴിക്കുമ്പോൾ എപ്പോം പറയും…അതോണ്ട് വിശന്നാലും ഗോപുന് ഇത്തിരി ചോറെ തരൂ…” ഒരു കൈ ചുരുക്കിപ്പിടിച്ചവൾ ഇത്തിരിയളവ് കാണിച്ചു കൊടുത്തു… കണ്ണ് കുറുക്കി കൊഞ്ചലോടെയുള്ള അവളുടെ വർത്തമാനം ബാക്കി രണ്ടു പേരുടെയും കണ്ണ് നിറച്ചു…അവളുടെ ഭൂതകാലത്തിന്റെ ഭീകരത വേണ്ടുവോളം ആ വാക്കുകളിൽ നിറഞ്ഞിരുന്നു…

“അമ്മാമ്മ കരയുവാണോ?” അവളുടെ ചോദ്യം കേട്ടയുടനേ സുധാകരനത് നിഷേധിച്ചു… “കണ്ണിൽ കരട് പോയതാ മോളേ അമ്മാമ്മ കഴുകിയിട്ടു വരാം…അച്ചാറെടുത്ത കൈ കൊണ്ട് മുഖത്തൊന്നും തൊട്ടേക്കല്ലേ… നീറും…” “എന്നാൽ ഗോപുവും വരാം ഗോപുന് വാ കഴുകണം…” അയാളോടൊപ്പം അവളും പതിയെ എഴുന്നേറ്റു… ഒരുറപ്പിനായെന്നോണം അയാൾ അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊടുത്തു…അതിനും മുൻപേ പിടിക്കാനാഞ്ഞ ദർശന്റെ കൈകൾ സുധാകരൻ ദേഷ്യത്തോടെ തട്ടി മാറ്റി… “എന്റെ കുഞ്ഞിനെ തൊടരുത് നീ…” അച്ഛനെ അനുസരിച്ചു ആ ശ്രമം ഉപേക്ഷിക്കാനേ ദർശനു കഴിഞ്ഞുള്ളു…

അച്ഛന്റെ മാനസികാവസ്ഥ മനസിലായതു കൊണ്ട് തന്നെ സ്വൊയം നിയന്ത്രിച്ചു മാറി നിന്നു…അമ്മാവനൊപ്പം നീങ്ങുമ്പോളും ഇടയ്ക്കിടെ അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു…ആ കണ്ണുകളിൽ തന്നോടുള്ള വികാരമെന്തെന്ന് മനസ്സിലാവാതെ അവനും ഉറ്റു നോക്കി നിന്നു… ❤❤❤❤❤ ഭക്ഷണത്തിനു മുൻപിൽ ഇരിക്കുമ്പോൾ വല്ലാതെ ആസ്വസ്തനായിരുന്നു അവൻ… ഗോപു പറഞ്ഞ വാക്കുകൾ ഉള്ളിൽ കിടന്നു നീറി… ഒരു വറ്റ് പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ… വീണ്ടും വീണ്ടും പഴയ കാര്യങ്ങളിലേക്ക് ഓർമകൾ സഞ്ചരിച്ചു… നരച്ച പാവാടയിട്ടൊരു പെണ്ണിനെ ഓർമ വന്നു… താൻ കൊടുക്കുന്ന പുത്തൻ സമ്മാനങ്ങൾ നെഞ്ചോടടുക്കി പിടിക്കുന്നതോർമ്മ വന്നു…

ഇഷ്ടമാണോ എന്ന് ചോദിച്ചു പുറകെ നടക്കുന്നതോർമ വന്നു… ഇഷ്ടമാണെന്ന് പറയുമ്പോൾ സ്നേഹത്തോടെയുള്ള നോട്ടമോർമ വന്നു…തനിക്ക് നേരെ നീളുന്ന ശകാരങ്ങളിലും മിണ്ടാതെ നിറകണ്ണുകളോടെ നിൽക്കുന്നതോർമ വന്നു… പിന്നെയും ഒരുപാട് ഓർമ്മകൾ മുൻപോട്ടും പിന്പോട്ടും സഞ്ചരിച്ചു…കാണാതെയും അറിയാതെയും പോയ പല സംഭവങ്ങളും മനസ്സിൽ ഊഹിച്ചു…ഏറ്റവുമവസാനം തെളിഞ്ഞത് കൺകെട്ടുകളിക്കാരായ ഒരമ്മയുടെയും മകളുടെയും ചിത്രമായിരുന്നു… പക്ഷേ അതിനൊപ്പം ഒരു രൂപം കൂടി തെളിഞ്ഞു… അത് സ്വൊന്തം രൂപമാണെന്നവൻ തിരിച്ചറിഞ്ഞു…

സ്വൊന്തം മനസാക്ഷി തന്നെ അവനെ കുറ്റക്കാരനാക്കി… കയ്യിൽ ഞെരിഞ്ഞമർന്ന വറ്റിൽ ഒരു പെണ്ണിന്റെ നിസ്സഹായത തെളിഞ്ഞു കണ്ടു…കാതുകളിൽ ഉച്ചത്തിലൊരു തേങ്ങൽ കേൾക്കുന്നുണ്ടെന്ന് തോന്നി…അതിനുമപ്പുറം നേർത്തൊരു ശബ്ദം കൂടി കേട്ടു തുടങ്ങി… അതൊരു കുഞ്ഞിന്റെതായിരുന്നു…അച്ഛന്റെ സ്നേഹം കൊതിച്ചൊരു കുഞ്ഞിന്റെ… ചിന്തകളെ പിടിച്ചുകെട്ടാൻ കഴിയാതെ മനസ് മടുത്തവൻ എഴുന്നേറ്റു… ഇത്തിരി നേരം ഒറ്റയ്ക്കിരിക്കാൻ ഉമ്മറത്തേക്ക് ചെന്നു… “ദർശാ….” അച്ഛന്റെ ശബ്ദമാണ് ചിന്തകളിൽ നിന്നുമവനെ മോചിപ്പിച്ചത്… “നിനക്ക് നാളെ ലീവെടുക്കാൻ പറ്റുമോ?” “എന്തിനാ അച്ഛാ…” “എനിക്ക് ഒരു യാത്ര ഉണ്ട്…

ഗോപുവിനെ ഇങ്ങനൊരവസ്ഥയിൽ വിട്ടിട്ട് പോകാൻ വയ്യാ…” “എങ്ങോട്ടാ…?” ഉത്തരം കിട്ടുമെന്ന് ഉറപ്പൊന്നുമില്ലെങ്കിലും മടിച്ചു മടിച്ചവൻ ചോദിച്ചു… “അന്ന് പറഞ്ഞില്ലേ… ആ ആശ്രമത്തിലേക്ക്…ഗോപുവിന്റെ ചികിത്സ ഇനി വൈകിക്കൂടാ… ഒന്ന് പോയി കാര്യങ്ങളൊക്കെ തിരക്കി വരണം… പറ്റുവാണെങ്കിൽ അവളെ അങ്ങോട്ട് തന്നെ മാറ്റാം… അല്ലാതെ ഇന്ദിരയുടെ അടുത്തേക്ക് ഇനി അതിനെ പറഞ്ഞയക്കാൻ വയ്യാ… ഇവിടെ നിന്നും കൊണ്ട് പൊയ്ക്കോളാം എന്ന ഉറപ്പിലാ സരസ്വതി നിരാഹാരം അവസാനിപ്പിച്ചത്…അതിനെ ഇനിയിവിടെ നിർത്തുന്നത് അപകടമാണെന്ന് എന്റെ മനസും പറയുന്നു…” അയാളെ സമ്മതമറിയിക്കാൻ ഒരു നിമിഷത്തെ ആലോചന പോലും അവന് വേണ്ടിയിരുന്നില്ല…അനുകൂലമായൊരു മറുപടി കിട്ടിയ ഉടനെ അയാൾ തിരിഞ്ഞു നടന്നു…എന്നാൽ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്ന മറ്റൊരാളെ ഇരുവരും അറിയാതെ പോയി… ❤❤❤❤❤

“അതേ അമ്മേ…നമ്മുടെ പ്ലാനൊക്കെ വെള്ളത്തിലായെന്നാ തോന്നുന്നത്… അവളെ അങ്ങോട്ട് കൊണ്ടു വരില്ലാത്രേ… ചികിത്സയ്ക്ക് കൊണ്ടു പോവാനാ കിളവന്റെയും മകന്റെയും തീരുമാനം…” വർഷയുടെ സംസാരത്തിൽ നിരാശ കലർന്നു… ഒപ്പം ഫോണിന്റെ മറുപുറത്ത് ഇന്ദിരയും വല്ലാത്തരാവസ്ഥയിലായിരുന്നു… “ഞാൻ അപ്പഴേ പറഞ്ഞതാ ദർശന്റെ പേരിൽ ഒരാരോപണം വരുന്നത് നല്ലതിനല്ലെന്ന്… ഇപ്പോഴെന്തായി ചീറ്റിപ്പോയില്ലേ… ഇവിടെ എല്ലാർക്കും ഇപ്പോഴറിയേണ്ടത് നിങ്ങൾ പിരിയുന്നത് എപ്പോഴാണെന്നാ…മരുമകൻ ഡോക്ടറാണെന്ന് അഭിമാനത്തോടെ പറഞ്ഞ ഞാനാ ഇപ്പോൾ ഇങ്ങനെ ഒരോ കൊനഷ്ടുകൾക്ക് മറുപടി കൊടുക്കേണ്ടത്…. ”

ഇന്ദിര മുഷിച്ചിലോടെ പറഞ്ഞു “അത് ആരോപണം മാത്രമാണെന്ന് ഉറപ്പിക്കാറായിട്ടില്ല… ഞാൻ പറഞ്ഞില്ലേ ഇന്നലെ രാത്രിയിലെ സംഭവം… അവര് രണ്ടാളും എന്തോ ഒളിക്കുന്നുണ്ട്… എന്തോ ഒരു വലിയ രഹസ്യം…” “നീ പറഞ്ഞു വരുന്നത് ദർശനാണെന്നാണോ…?” ഇന്ദിരയ്ക്കു തല പെരുക്കുന്നത് പോലെ തോന്നി… “അങ്ങനെ ഒരു സാധ്യത തള്ളിക്കളയാൻ കഴിയില്ല അമ്മേ…” “മോളേ…” അവരുടെ ശബ്ദം ചിലമ്പിച്ചു… “അമ്മ പേടിക്കണ്ട… ഞാൻ ഇതിന്റെ പേരിൽ കരഞ്ഞിരിക്കാനൊന്നും പോവുന്നില്ല…ലക്ഷ്യങ്ങൾ നിറവേറുന്നത് വരെയെങ്കിലും എനിക്കീ താലി ആവശ്യമാണ്…എന്ന് കരുതി അവരെ സ്വൊസ്ഥമായി ജീവിക്കാനും ഞാൻ സമ്മതിക്കില്ല…സത്യം അതാണെങ്കിൽ പിന്നെ ഒന്നും ചിന്തിക്കില്ല….കൊല്ലും ഞാൻ അവളെ…. പക എരിയുന്ന കണ്ണുകളോടെ ഉറപ്പിച്ചവൾ പറഞ്ഞു…… തുടരും….

അത്രമേൽ: ഭാഗം 15

Share this story