ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 19

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 19

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“ഒരുങ്ങിക്കോ കേട്ടോ അടുത്താഴ്ച നിരഞ്ജനയുടെ കല്യാണത്തിന് പോകാൻ…” അവളെ ചേർത്ത് പിടിച്ചു കൊണ്ട് അത്രയും കൂടി പറഞ്ഞിട്ട് നവി പുറത്തേക്കിറങ്ങി… ഗൗരി നിർന്നിമേഷയായി … അവൻ പോയ ദിക്കിലേക്കും നോക്കി നിന്നു … “എനിക്ക് തന്നേക്കണേ കൃഷ്ണാ..അതിനെ “അവൾ മനസ്സിൽ അങ്ങനെ പ്രാർത്ഥിച്ചു കൊണ്ട് മാലയിലെ കൃഷ്ണന്റെ ലോക്കറ്റ് എടുത്തു മുത്തി… …………………………… 🥰 മുത്തശ്ശിക്കറിയാമായിരുന്നു നിരഞ്ജന വന്ന് കല്യാണം വിളിച്ച കാര്യം… കല്യാണകുറിയും കണ്ടായിരുന്നു… എങ്കിലും നവി ഒന്നുകൂടി മുത്തശ്ശിയോട് അനുവാദം ചോദിച്ചു ഗൗരിയെ കൂടി ഒപ്പം കൊണ്ട് പോകാൻ…

അന്ന് തന്നെ അവൻ അച്ഛമ്മയെയും വിളിച്ചു.. പിറ്റേദിവസം തൃശൂർ കല്യാണത്തിന് പോകുന്നുണ്ടെന്നും രാമേട്ടനോടൊപ്പം വടക്കുംനാഥന്റെ നടക്കൽ വന്നാൽ കാണാൻ കൊതിച്ചിരിക്കുന്ന തന്റെയാളെ കാട്ടിത്തരാം എന്നും പറഞ്ഞു കൊണ്ട്.. നവിയോടൊപ്പം നവി പിറന്നാളിന് എടുത്തു നൽകിയ ഒരു പട്ടുസാരി ചുറ്റിയാണ് അവൾ പോകാനിറങ്ങിയത് … നന്നായൊരുങ്ങി മുല്ലപ്പൂ ചൂടിയിറങ്ങിയ ഗൗരിയെ നോക്കി കൊണ്ട് നവി കാറിൽ ഇരിപ്പുണ്ടായിരുന്നു…. ഇരുവരും കൂടി തൃശൂർ നിരഞ്ജനയുടെ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് യാത്രയായി….

മുഹൂർത്തതിനു മുൻപ് തന്നെ അവർ അവിടെ എത്തിച്ചേർന്നു… നിരഞ്ജനയെ ചെന്നു ആദ്യം തന്നെ ഗൗരി കണ്ടിരുന്നു… തിരികെ വന്ന് നവിയോടൊപ്പം ഇരിക്കുമ്പോൾ അവൾ എന്ത് കൊണ്ടും സന്തോഷവതിയായിരുന്നു… താലികെട്ട് കഴിഞ്ഞു മണ്ഡപത്തിൽ നിന്നും പുറത്തേക്കിറങ്ങിയ നിരഞ്ജന ആര്യനെയും കൂട്ടി നവിയും ഗൗരിയും ഇരിക്കുന്നിടത്തേക്ക് ചെന്നു… “അപ്പൊ കാര്യങ്ങളെല്ലാം റെഡി ആയല്ലേ നവി.. “നിരഞ്ജന ഗൗരിയെ ഒളികണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു… “തന്നോടാണ് എല്ലാത്തിനും താങ്ക്സ് പറയേണ്ടത്…. ഗൗരി എന്നോട് എല്ലാം പറഞ്ഞു… “നവി ചിരിയോടെ അതിലുപരി നന്ദിയോടെ നിരഞ്ജനയെ നോക്കി… “അതൊക്കെ പോട്ടേ… ഞങ്ങൾക്കിനി എന്നാണ് ഒരു സദ്യ തരുന്നത്…

“ആര്യനാണ് അത് ചോദിച്ചത്… “ഉടനെ തന്നെയുണ്ടാവും ഇനി അധികം വൈകില്ല… “നവി അവർക്ക് മറുപടി കൊടുത്തു… നിരഞ്ചനയും ആര്യനും മറ്റാരുടെയോ അടുത്തേക്ക് നീങ്ങിയപ്പോഴാണ് നവിക്ക് അച്ഛമ്മയുടെ കോൾ വന്നത്… അച്ഛമ്മ പറഞ്ഞിട്ട് രാമേട്ടനാണ് വിളിച്ചത്.. അച്ഛമ്മക് രാവിലെ ഒരു തലചുറ്റൽ ഉണ്ടായെന്നും അത് കൊണ്ട് തൃശൂർക്ക് ഇറങ്ങാൻ സാധിച്ചില്ല എന്നും രാമേട്ടൻ പറഞ്ഞു.. വേവലാതിയോടെ നവി അച്ഛമ്മയോട് സംസാരിച്ചു.. വയ്യായ്ക ഒന്നുമില്ല എന്നും ഗൗരിയെ കാണാൻ കഴിയാത്ത വിഷമം മാത്രേ ഉള്ളൂ എന്നും അച്ഛമ്മ പറഞ്ഞു നവി ഫോൺ ഗൗരിക്ക് കൊടുത്തു..

അച്ഛമ്മ വാത്സല്യത്തോടെ അവളോട്‌ കുറെ നേരം സംസാരിച്ചു… നവി സാകൂതം നോക്കിയിരിക്കുകയായിയുന്നു ഗൗരിയുടെ അച്ഛമ്മയോടുള്ള സംസാരം…അച്ഛമ്മയെ പോലെ തന്നെ ഒരു നന്മയായി അവൾ തന്റെ ജീവിതത്തിലേക്ക് വരുന്നത് അവൻ സ്വപ്നം കണ്ടു… തിരികെയുള്ള യാത്രയിൽ ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധിച്ചു നവി നിശബ്ദനായിരുന്നു… അവനെ നോക്കി അല്പം ആശങ്കയോടെ ഗൗരി വിളിച്ചു… “നവിയേട്ടാ .. ” “മ്മ്.. “അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി.. “നവിയേട്ടൻ ഇതുവരെ വീട്ടുകാരെ കുറിച്ചൊന്നും എന്നോട് പറഞ്ഞില്ലല്ലോ.. അച്ഛമ്മയെ മാത്രേ എനിക്കറിയൂല്ലോ …. ”

“നിനക്കെന്താ അറിയേണ്ടത്… ചോദിച്ചോ.. ” “അച്ഛൻ.. അമ്മ.. അവരൊക്കെ…?? ഗൗരി ഇടക്ക് വെച്ചു നിർത്തി… ” വലിയ കോമഡി ആണ്… എന്നാലും പറയാം… അച്ഛൻ.. ചന്ദ്രശേഖർ ബിസിനസ്സ് ആണ്…അമ്മ പ്രിയംവദ… അമ്മയുടെ അച്ഛന്റെ ബിസിനസാരുന്നു… ഇപ്പൊ അച്ഛനാ നോക്കി നടത്തുന്നെ.. അച്ഛന്റേം അമ്മയുടെയും ലവ് മാരിയെജ് ആയിരുന്നു.. കോളേജിൽ അച്ഛന്റെ ജൂനിയർ ആയിരുന്നു അമ്മ.. അല്പസ്വല്പം രാഷ്ട്രീയവും പ്രസംഗവും പാട്ടുകളും കവിതയുമൊക്കെയായി നടന്ന അച്ഛനെ അമ്മ പുറകെ നടന്നു ഇഷ്ടപ്പെടുത്തിച്ചതാണ്.. അച്ഛനു ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു വ്യക്തിത്വം ആയിരുന്നു അമ്മയുടേത്..

സാമ്പത്തികമായും ഒരുപാടു അന്തരമുണ്ടായിരുന്നു ഇരുവീട്ടുകാരും തമ്മിൽ.. പിന്നെ എങ്ങനെയാണ് എന്നൊന്നും അറീല്ല അച്ഛനെ അപ്പൂപ്പൻ മകൾക്കു വേണ്ടി വിലയ്ക്കെടുത്തു എന്ന് വേണെങ്കിൽ പറയാം… ആദ്യം കുറച്ചു നാൾ അമ്മ ചന്ദ്രമംഗലത്ത് അച്ഛന്റെ വീട്ടിൽ നിന്നു.. ചേച്ചിയെ പ്രെഗ്നന്റ് ആയപ്പോൾ അമ്മ പാലാഴിയിലേക്ക് പോയി.. പിന്നെ ചന്ദ്രമംഗലത്തേക്ക് തിരികെ വന്നില്ല..അച്ഛമ്മ ചെന്നു വിളിച്ചതാണ്… എന്നിട്ടും പോയില്ല… എന്തൊക്കെയോ പറഞ്ഞു അപ്പൂപ്പനെ വിശ്വസിപ്പിച്ചു.. അച്ഛനെയും അകറ്റി അച്ഛന്റെ വീട്ടുകാരിൽ നിന്നും….. ഞാനുണ്ടാകുന്നത് വരെ വലിയ കുഴപ്പമൊന്നുമില്ലാതെ പോയി.. പക്ഷെ പിന്നീട് പലതും അച്ഛനു അംഗീകരിക്കാൻ പറ്റാതെ വന്നു…

എന്തെങ്കിലും എതിർത്തോ ഇഷ്ടപ്പെടാതെയോ സംസാരിച്ചാൽ അപ്പോൾ അപ്പൂപ്പനെ വിളിച്ചു വരുത്തി സംസാരിപ്പിക്കും..ഒറ്റമോളായത് കൊണ്ട് അപ്പൂപ്പൻ അമ്മയെ കുറെ താലോലിച്ചാ വളർത്തിയെ.. ആദ്യമൊക്കെ കുറെ സഹിച്ചെങ്കിലും എന്നെ നോക്കാതെ ജോലിക്കാരിയെ ഏൽപ്പിച്ചിട്ട് ഫ്രണ്ട്സും പാർട്ടിയും ഒക്കെയായി നടന്ന അമ്മയുമായി അച്ഛൻ നല്ല വഴക്കിട്ടു.. അച്ഛന്റെ കവിയരങ്ങും അത് വഴിയുള്ള കൂട്ടുമൊന്നും അമ്മയ്ക്കും പിടിക്കുന്നുണ്ടായിരുന്നില്ല… പിന്നെ പിന്നെ അമ്മയെയും അപ്പൂപ്പനെയും വക വെയ്ക്കാതെ അച്ഛൻ എന്നെയും ചേച്ചിയെയും കൂട്ടി ഇടയ്ക്കിടക്ക് ചന്ദ്രമംഗലത്ത് പോകുമായിരുന്നു…

അമ്മ അടുപ്പം കാണിക്കാതിരുന്ന എനിക്ക് അച്ഛമ്മ വലിയൊരു ആശ്വാസമായിരുന്നു… അങ്ങനെയാണ് അച്ഛമ്മയുമായി ഇത്രയും അടുപ്പത്തിലാവുന്നത്…. വലുതാകുന്തോറും ചേച്ചിയുടെ സ്വഭാവത്തിൽ മാറ്റം വന്നു… അമ്മ പറഞ്ഞു പറഞ്ഞു മാറ്റിയതാ.. പിന്നെ പിന്നെ വീട്ടിൽ രണ്ട് ഗ്രൂപ്പായി.. അച്ഛനും ഞാനും ഒരു ഗ്രൂപ്പ്.. അമ്മയും ചേച്ചിയും ഒരു ഗ്രൂപ്പ്… അമ്മ ഡിവോഴ്സിന് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരുന്നു… പക്ഷെ ഞങ്ങൾ മക്കളെ ഓർത്ത് അച്ഛൻ അതിനു സമ്മതിച്ചില്ല… അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ഞാൻ മെഡിസിൻ പഠിക്കാൻ വിദേശത്തേക്ക് പോകുന്നത്…

അച്ഛനെ തനിച്ചാക്കി പോകുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു… പക്ഷെ ശരിക്കും എനിക്കപ്പോൾ ഒരു മാറ്റം ആവശ്യമായിരുന്നു… ഇവിടെ നിന്നിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ ഭ്രാന്ത് പിടിച്ചേനെ.. പിന്നെ ഇങ്ങോട്ട് വന്നിട്ടേയില്ല… അച്ഛൻ വിവരങ്ങളൊക്കെ അറിയിക്കുമായിരുന്നു… എല്ലാ വർഷവും എന്നെ കാണാൻ അങ്ങോട്ട് വരികയും ചെയ്യുമായിരുന്നു….ആ സമയത്തൊന്നും അച്ഛൻ പിന്നെ അമ്മയുടെയോ ചേച്ചിയുടെയോ കാര്യങ്ങളിൽ ഇടപെടുകയൊന്നും ഇല്ലായിരുന്നു…ഒരു വീട്ടിൽ താമസിക്കുന്ന അപരിചിതർ എന്നൊക്കെ വേണമെങ്കിൽ പറയാം… പിന്നെ ഇടക്ക് എപ്പോഴോ..

എന്ത് കാരണം കൊണ്ടാണെന്നറിയില്ല അപ്പൂപ്പന് കാര്യങ്ങളൊക്കെ മനസിലായി… അമ്മയുടെ കയ്യിൽ നിന്നും സമ്പാദ്യം കുറെ ചോർന്നു പോകുന്നുണ്ടെന്നും അച്ഛനിൽ സത്യസന്ധതയുണ്ടെന്നും… എല്ലാം അമ്മയുടെ അടവായിരുന്നു എന്നും അപ്പൂപ്പനെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നുമൊക്കെ മനസിലാക്കിയ അപ്പൂപ്പൻ സ്വത്തുക്കൾ എല്ലാം അച്ഛന്റെ പേരിലേക്ക് എഴുതി വെച്ചു..അച്ഛന്റെ അഭാവത്തിൽ പവർ ഓഫ് ആറ്റോർണി എനിക്കും… അച്ഛന്റെ അനുവാദം ഇല്ലാതെ ചില്ലിക്കാശ് എടുക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നു അമ്മയ്ക്ക്..

ഇതിനു കുറച്ചു മുൻപ് ചേച്ചി UK യിൽ ഒരു കോഴ്സ് ചെയ്യാൻ പോയിരുന്നു.. അവിടെ ഒരു വിദേശിയുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിലാണ് ഇപ്പോൾ…അച്ഛനുമായി വഴക്കിട്ട അമ്മ ചേച്ചിടെ അടുത്തേക്ക് പോയിരുന്നു… ഞാൻ പഠിത്തവും വൺ ഇയർ ജോലിയുമൊക്കെ കഴിഞ്ഞു വന്നപ്പോൾ അമ്മ ഇല്ലായിരുന്നു വീട്ടിൽ… ചേച്ചിടെ അടുത്തായിരുന്നു… ഇപ്പൊ തിരികെ വന്നിട്ടുണ്ട്… ഇത് വരെയാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്… ഇതാണ് എന്റെ കുടുംബമാഹാതമ്യം … ഇതൊക്കെ നിന്നോട് പറയാൻ അൽപ്പം ചളിപ്പുണ്ടായിരുന്നു … അതാ ഇത്ര നാളും പറയാതിരുന്നത്… പിന്നെ സാരമില്ല.. എന്നായാലും നീ ഇതൊക്കെ അറിയേണ്ടതാണല്ലോ… ഒരു കാര്യം കൂടി പറയാം…

എന്റെ അമ്മ നമ്മുടെ കല്യാണത്തിന് സമ്മതിക്കുകയൊന്നുമില്ല… അച്ഛമ്മയും അച്ഛനും മാത്രേ കൂടെ കാണൂ… കല്യാണം കഴിഞ്ഞു എന്റെ വീട്ടിൽ പോയി താമസിക്കാൻ കഴിയും എന്നും തോന്നുന്നില്ല… എന്റെ ഭാഗത്ത് നിന്നും നമ്മുടെ കല്യാണത്തിന്അച്ഛനും അച്ഛമ്മയും മാത്രേ കാണൂ … പിന്നെ കുറച്ചു ഫ്രണ്ട്സും… അറിഞ്ഞിരിക്കണം ഇതൊക്കെ… പിന്നീട് ഇതൊക്കെ ഒരു പ്രശ്നമായി തോന്നരുത്…നീയുദ്ദേശിക്കുന്ന രീതിയിൽ ബന്ധുജന സൗഭാഗ്യങ്ങൾ ഒന്നും നിനക്ക് നൽകാൻ എനിക്ക് കഴിയില്ല… നവി കാർ റോഡിന്റെ അരികിലേക്ക് ഒതുക്കി നിർത്തി ഒരു ബോട്ടിൽ മിനറൽ വാട്ടർ എടുത്ത് വായിലേക്ക് കമഴ്ത്തി…

പിന്നീട് സ്‌റ്റിയറിങ്ങിലേക്ക് തല വെച്ചു ചാഞ്ഞു കിടന്നു… അവനൊരുപാട് വേദനിക്കുന്നു എന്ന് ഗൗരിക്ക് മനസിലായി… അവന്റെ തോളിലേക്ക് അവളുടെ കൈകൾ മെല്ലെ അമർന്നു… തിരിച്ചു രാത്രിയോടെ വാര്യത്ത് എത്തുന്നത് വരെ നവി നിശബ്ദനായിരുന്നു… ഗൗരിയും കൂടുതലൊന്നും മിണ്ടിയില്ല… വീടിനു മുന്നിൽ എത്തിയപ്പോൾ മണി എട്ടായിരുന്നു… മുത്തശ്ശി മുറ്റത്ത് തന്നെയുണ്ടായിരുന്നു .. മുത്തശ്ശിയെ നോക്കി ഒരു തളർന്ന ചിരി ചിരിച്ച് നവി അകത്തേക്ക് നടന്നു… അവനൊന്നു തിരിഞ്ഞു നോക്കുമെന്ന് കരുതിയ ഗൗരിക്ക് തെറ്റി… തിരിഞ്ഞു നോക്കാതെ തന്നെ അവൻ അകത്തേക്ക് കയറി വാതിൽ ചാരി…

“വൈദ്യര് കുട്ടിക്ക് എന്ത് പറ്റി മോളെ വയ്യേ.”? “യാത്ര ചെയ്ത കൊണ്ടായിരിക്കും തലവേദന എടുക്കുന്നു ന്നു പറഞ്ഞു “ഗൗരി എങ്ങും തൊടാതെ മറുപടി പറഞ്ഞു .. അത് വീട്ടിലെ കാര്യമൊക്കെ ഓർത്തുള്ള വിഷമത്തിന്റെ തലവേദന ആണെന്ന് അവൾക്കു മനസിലായിരുന്നു… “കുറച്ചു ജീരകം ചേർത്തൊരു കട്ടൻ ചായ ഇട്ട് കൊടുക്കാരുന്നില്ലേ ഗൗരൂട്ടിയെ…? “പറഞ്ഞു കൊണ്ട് മുത്തശ്ശി പതിവ് സീരിയൽ കാണാൻ ടീവീ യുടെ മുന്നിലിരുന്നു… വേഷം മാറി മേൽ കഴുകി വന്നു അവൾ കട്ടൻ ചായയിട്ട് അതുമായി നവിയുടെ അരികിലേക്ക് ചെന്നു… വാതിൽ ചാരിയിട്ടിട്ടെ ഉണ്ടായിരുന്നുള്ളു…

മുറിയിലെങ്ങും ഇരുട്ടായിരുന്നു… അവൾ തപ്പിത്തടഞ്ഞു മുറിയിലെ ലൈറ്റിട്ടു… നവി വന്ന വേഷം പോലും മാറാതെ ഷൂ പോലും അഴിക്കാതെ കിടക്കയിലേക്ക് വീണിരുന്നു… മുറിയിൽ വെട്ടം വീണതും അവൻ ചാടിയെഴുന്നേറ്റു… മുന്നിൽ ഗൗരിയെ കണ്ടു അമ്പരക്കുകയും ചെയ്തു… ആ കണ്ണുകൾ നനഞ്ഞിരിക്കുന്നത് ഗൗരി കണ്ടു… “എന്താ നവിയേട്ടാ… എന്താ പറ്റിയെ…വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി വിഷമിക്കുന്നതെന്തിനാ ഒക്കെ മാറും … ദാ ഈ കട്ടൻ കുടിക്ക്.” അവൾ കട്ടൻ ചായ അവന്റെ നേർക്ക് നീട്ടി അവനത് വാങ്ങി ചുണ്ടോടു ചേർത്തു… ഗൗരി അവന്റടുത്തേക്കിരുന്നു വെറുതെ ആ മുടിയിഴകൾ തഴുകി…

ചായ ഗ്ലാസ് മാറ്റി വെച്ച് നവി അവളെ ഉറ്റുനോക്കി… “ന്തെ .. വിഷമിക്കണ്ടാട്ടോ… ഞാനില്ലേ… ഞാനുണ്ടാകും കൂടെ… എന്നും… എപ്പോഴും… “അവൾ അവനെ നോക്കി പുഞ്ചിരി തൂകി… ഒരു കൊച്ചു കുട്ടിയുടെ കുറുമ്പോടെ നവി അവളുടെ മടിയിലേക്ക് ചാഞ്ഞു… അതിരു കവിഞ്ഞ വാത്സല്യത്തോടെ ഗൗരി ആ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു… മിഴികൾ അടച്ചു ഏതോ ഒരു നിർവൃതിയിൽ മുങ്ങി താഴ്ന്നു കൊണ്ടിരുന്ന നവിയുടെ ശിരസ്സിലേക്ക് തന്റെ ശിരസ്സ് താഴ്ത്തി അധരങ്ങൾ ചേർത്ത് വെച്ചു അവൾ…. നവി ഒരു സ്വപ്നലോകത്തായിരുന്നു അപ്പോൾ… അന്യമായി നിന്നിരുന്ന സ്നേഹത്തിന്റെ ഉറവ പൊട്ടിയൊലിച്ചു തന്നെ കുളിരലിയിക്കാൻ തിരക്ക് കൂട്ടി വരുന്നത് കണ്ടു താൻ മനം നിറഞ്ഞു ചിരിച്ചു നിൽക്കുന്ന സ്വപ്നലോകത്ത് ……❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 18

Share this story