താന്തോന്നി: ഭാഗം 6

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

തലയുയർത്തി നോക്കിയപ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി മുന്നിൽ നിൽക്കുന്ന നരേഷിനെ കാൺകെ ഭയം ശരീരത്തിലൂടെ അരിച്ചിറങ്ങും പോലെ തോന്നി അവൾക്ക്… ദേഹമാകെ തളരും പോലെ… പെട്ടന്ന് സംയമനം വീണ്ടെടുത്ത് വാതിൽ അടയ്ക്കാൻ തുടങ്ങിയെങ്കിലും അതിനു മുൻപേ തന്നെ ബലമായി വാതിൽ തള്ളിതുറന്നു നരേഷ് അകത്തേക്ക് കയറിയിരുന്നു… കണ്ണുകൾ ഭ്രാന്തമായി രുദ്രന് വേണ്ടി ചുറ്റും തിരഞ്ഞു… ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു… ചെന്നിയിൽ കൂടി വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകും പോലെ തോന്നി അവൾക്ക്.. “”നി…. നിങ്ങളെന്താ ഇവിടെ…. ഇറങ്ങി പോ….”” ഉള്ളിലെ ഭയം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞെങ്കിലും വാക്കുകൾ ഇടറി പോയിരുന്നു.

“”ആഹാ മോള്‌ വേറെ ആരെയോ പ്രതീക്ഷിച്ചു നിൽക്കുവായിരുന്നു എന്ന് തോന്നുന്നല്ലോ….. എന്താടി… അവന് നിന്നെ മടുത്തോ… തിരിച്ചു കൊണ്ടാക്കിയിട്ട് പോകുന്നു…..”” തന്നെ ആകമാനം കണ്ണുകൾ കൊണ്ടുഴിഞ്ഞു വല്ലാത്തൊരു ഭാവത്തോടെ പറയുന്ന നരേഷിനെ കാൺകെ അവൾ അറപ്പോടെ മുഖം തിരിച്ചു… “”എന്തായാലും തനിക്കെന്താ… എന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകാനാ പറഞ്ഞെ… “” എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവന് നേരെ അലറി… അപ്പോഴും ഒരല്പം പോലും ഭാവവ്യത്യാസമില്ലാതെ നിൽക്കുന്ന അവനെ കാൺകെ നെഞ്ചിൽ ഭയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു. “”ഹോ…. എന്താ ധൈര്യം… ഇന്നലെ അവൻ പഠിപ്പിച്ചു തന്നതാണോടി…”” ഒറ്റ കുതിപ്പിന് അവളെ ദേഹത്തേക്ക് പിടിച്ചടുപ്പിച്ചുകൊണ്ട് നരേഷ് അലറി… ശ്വാസം വിലങ്ങി പോയിരുന്നു… ‘”അവന്റെ ചേട്ടനും വന്നിട്ടുണ്ടല്ലേ….

അപ്പോൾ പിന്നെ ഒന്നൂടെ സൗകര്യം ആയല്ലോ… ഇത്രയും നാളും നിനക്ക് വേണ്ടി കാത്തിരുന്ന ഞാൻ പൊട്ടൻ…. അങ്ങനെ ഈ നരേഷിനെ വെറും മണ്ടനാക്കിയിട്ട് നീ അവന്റെ കൂടെ ജീവിക്കണ്ട…”” ഇടുപ്പിലേക്ക് മുറുകെ പിടിച്ചിരുന്ന അവന്റെ വിരലുകൾ ശരീരത്തെ പൊള്ളിക്കും പോലെ തോന്നി അവൾക്ക്…. ബലമായി അവന്റെ കൈ എടുത്തു മാറ്റാൻ നോക്കിയെങ്കിലും ഒരല്പം പോലും പതറാതെ ഒന്നുകൂടി ദേഹത്തേക്ക് വലിച്ചടുപ്പിച്ചിരുന്നു അവൻ. “”ഹാ… അടങ്ങി നിൽക്കേടി… ഞാനും കൂടി ഒന്ന് തൊട്ടെന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല….”” കൈകൾ രണ്ടും ബലമായി പിന്നിലേക്ക് പിടിച്ചു തനിക്ക് നേരെ മുഖം അടുപ്പിക്കുന്ന അവനെ കണ്ടതും മനസ്സ് ശൂന്യമായത് പോലെ തോന്നി അവൾക്ക്…

എന്ത് ചെയ്യണം എന്നറിയാത്തത് പോലെ… പെട്ടെന്ന് വന്ന ഒരു തോന്നലിൽ മുന്നോട്ടാഞ്ഞ് അവന്റെ നെറ്റിയിലേക്ക് ശക്തിയായി തലയിടിച്ചു… പ്രതീക്ഷിക്കാതെ തോന്നിയ വേദനയിൽ അവന്റെ കൈകൾ ഒന്ന് അയയും പോലെ തോന്നി…. അപ്പോഴേക്കും അവന്റെ പിടിയിൽ നിന്നും കുതറി മാറിയിരുന്നു… നിലത്തു കിടന്ന സാധനങ്ങൾ നിറച്ച ബാഗ് എടുത്തു അവന്റെ മുഖത്തിന്‌ നേരെ വീശി…. അവൻ തല പൊത്തി പിടിക്കുന്ന നേരം കൊണ്ട്….മുന്നോട്ട് ഓടിയിരുന്നു… തല വെട്ടിപ്പൊളിയും പോലെ തോന്നി… കാലുകൾക്കൊക്കെ ബലം കുറയും പോലെ… പക്ഷേ വീണുപോയാൽ അവിടെയെല്ലാം അവസാനിക്കും എന്നറിയാമായിരുന്നു….

വാതിൽ കടന്നപ്പോഴേ കണ്ടു രുദ്രന്റെ ബൈക്ക് ഗേറ്റ് കടന്നു അകത്തേക്ക് വരുന്നത്…. ഒരു നിമിഷം മുൻപ് നഷ്ടപ്പെട്ട തന്റെ ശ്വാസം തിരിച്ചു കിട്ടും പോലെ തോന്നി അവൾക്ക്…. കൈ തലയിലേക്ക് കൊടുത്തു.. വേച്ചു പോകുന്ന കാലുമായി പടിയിലേക്കോടി….പിന്നിൽ നിന്നും ഓടി വരുന്ന കാലടിയൊച്ച കേൾക്കാമായിരുന്നു… തിരിഞ്ഞു നോക്കിയില്ല…. തലയ്ക്കു താങ്ങും കൊടുത്തു ആയാസപ്പെട്ട് പടിയിറങ്ങാൻ ശ്രമിക്കുന്ന പാർവതിയെ കണ്ടതും രുദ്രന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി…. കണ്ണടയ്ക്കുന്ന നേരം കൊണ്ട് അവൻ ബൈക്കിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് എത്തിയിരുന്നു….

“എന്താ പാറു…. “” ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന അവളെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി ചോദിച്ചു… ഭയത്തോടെ അവൾ വീടിന്റെ അകത്തേക്ക് നോക്കുന്നത് കണ്ടപ്പോഴാണ് അവന്റെ കണ്ണുകളും അവളെ പിന്തുടരുന്നത്…. തലയിൽ ഒരു കൈ കൊടുത്തു പുറത്തേക്ക് ഇറങ്ങി വരുന്ന നരേഷിനെ കാൺകെ ഉള്ളിൽ ദേഷ്യം വന്നു നിറയും പോലെ തോന്നി അവന്. എന്താകും സംഭവിച്ചിട്ടുണ്ടാകുക എന്ന് മനസ്സിലായിരുന്നു…. പാർവതി അപ്പോഴും അവന്റെ നെഞ്ചിലേക്ക് തന്നെ ചാരി നിൽക്കുകയായിരുന്നു.. പേടിയും വേദനയും കാരണം ശരീരം തളരും പോലെ തോന്നി അവൾക്ക്.. രുദ്രൻ അവളെ ദേഹത്തുനിന്ന് അടർത്തി മാറ്റി പടിയിലേക്ക് ഇരുത്തി.

അപ്പോഴും പുച്ഛം കലർന്ന ചിരിയോടെ എല്ലാം നോക്കി നിൽക്കുകയായിരുന്നു നരേഷ്… “”എന്താടാ… നീ വീണ്ടും തിരിച്ചു വന്നോ… ഇന്നലെ നിന്റെ കൂടെ ആയിരുന്നില്ലേ… ഇനിയിപ്പോ ഞാൻ കെട്ടിയാലും നിനക്കേ…..”” പറഞ്ഞു തീരും മുൻപേ ചെവിയിൽ വണ്ട് മൂളും പോലെ തോന്നി നരേഷിന്…. മുഖം ഒരു വശത്തേക്ക് ചരിഞ്ഞിരുന്നു…. തലയാകെ ഒരു പെരുപ്പ് പടരും പോലെ…. നേരെ നിന്ന് നോക്കിയപ്പോൾ തൊട്ടടുത്തു പല്ലു ഞെരിച്ചു നിൽക്കുന്ന രുദ്രനെയാണ് കാണുന്നത്… കൈ വീശി തിരിച്ചൊരെണ്ണം കൊടുക്കാൻ പോകുമ്പോഴേക്കും രുദ്രൻ കൈ രണ്ടും മുന്നിലേക്കാക്കി തടഞ്ഞിരുന്നു… പരിച പോലെ അവന്റെ കൈ തടഞ്ഞ കൈ കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു….

ചുണ്ടിലൂടെ ഒഴുകി ഇറങ്ങിയ ചോരയുടെ നീറ്റൽ അനുഭവപ്പെട്ടപ്പോൾ നരേഷിന്റെ നെറ്റി ഒന്ന് ചുളിഞ്ഞു… തിരിച്ചടിക്കാൻ തുടങ്ങും മുൻപ് രുദ്രൻ ഒഴിഞ്ഞു അവന്റെ പിന്നിലേക്ക് മാറി നടുവിന് ചവിട്ടി വീഴ്ത്തിയിരുന്നു….നിലത്തേക്ക് വീണ നരേഷിന്റെ നടുവിലേക്ക് മുട്ട് കുത്തി ഇരുന്നു.. എല്ലുകൾ നുറുങ്ങി പൊട്ടി പോകും പോലെ തോന്നി അവന്… “”ആഹ്…. “”കൈ നീട്ടി രുദ്രനെ തട്ടി മാറ്റാൻ നോക്കിയെങ്കിലും നടന്നിരുന്നില്ല…. നരേഷിന്റെ കൈ ബലമായി പിന്നിലേക്ക് ആക്കി അവൻ…. “”ഈ കൈ കൊണ്ടല്ലേ നീ അവളെ ഉപദ്രവിക്കാൻ നോക്കിയത്….. “”കൈ പിന്നിലേക്ക് തിരിക്കുന്നതിനിടയിൽ അലറിക്കൊണ്ട് ചോദിച്ചു…

വേദന കാരണം നരേഷ് മറുപടി പറഞ്ഞിരുന്നില്ല… അടുത്ത കൈ നിലത്തേക്ക് ശക്തിയായി അടിച്ചു വേദന കടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു അവൻ… ഒരു മരച്ചില്ല ഒടിക്കുന്ന ലാഘവത്തോടെ രുദ്രൻ നരേഷിന്റെ ചൂണ്ടു വിരൽ പിന്നിലേക്കാക്കി തിരിച്ചു…. “”ആആഹ്ഹ്ഹ്ഹ്……””. വിരലറ്റ് പോകുന്നത് പോലെയുള്ള വേദനയാൽ ശ്വാസം മുട്ടും പോലെ തോന്നി നരേഷിന്… അടുത്ത വിരലും രുദ്രൻ തിരിച്ചു ഒടിക്കുമ്പോഴേക്കും ബോധം മറഞ്ഞു തുടങ്ങിയിരുന്നു വേദന കാരണം… എഴുന്നേറ്റു നിന്നു അവന്റെ നടുവിന് ഒരു ചവിട്ടും കൂടി നൽകി രുദ്രൻ പാറുവിന്റെ അടുത്തേക്ക് നടന്നു….

വേദന കാരണം നരേഷ് ഒന്ന് ഞരങ്ങി എങ്കിലും പ്രതികരിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല… തൂണിലേക്ക് ചാരി കണ്ണുകൾ അടച്ചു ഇരിക്കുകയായിരുന്നു പാർവതി..ഇപ്പോൾ നെറ്റിയുടെ വേദന ഇത്തിരി കുറവുള്ളത് പോലെ തോന്നി അവൾക്ക്…. എങ്കിലും തൊടുമ്പോൾ നല്ല വേദനയുണ്ട്… ചതഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.. ക്ഷീണവും വേദനയും കലർന്ന ഭാവത്തോടെയുള്ള അവളുടെ ആ ഇരിപ്പ് കണ്ടപ്പോൾ ഉള്ളിലൊരു നോവ് തോന്നി രുദ്രന്… അവളുടെ അടുത്തായി പടിയിൽ ഇരുന്നു… “”നിന്റെ തലയ്ക്കു എന്താ പറ്റിയെ… വേദന എടുക്കുന്നുണ്ടോ…””. അവളുടെ കൈ പതിയെ നെറ്റിയിൽ നിന്നും എടുത്തു മാറ്റി ശാന്തമായ സ്വരത്തിൽ ചോദിച്ചു….

പെട്ടെന്നുള്ള അവന്റെ ഭാവമാറ്റം കാരണം പകച്ചിരിക്കുകയായിരുന്നു പാർവതി… നരേഷുമായി ഇപ്പോൾ നടത്തിയ ആക്രോശങ്ങളും ബഹളങ്ങളും ഒന്നും ഇനിയും ചെവിയിൽ നിന്ന് പോയിട്ടില്ല എന്ന് തോന്നി.. “”ചതഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നല്ലോ…. നെറ്റി എവിടെയെങ്കിലും ഇടിച്ചോ…”” നെറ്റിയിലെ ചുവന്നു കിടക്കുന്ന പാടിലേക്ക് നോക്കി അവൻ ചോദിച്ചു.. “”അ…. അയാളെന്നെ പിടിച്ചപ്പോൾ…. ഞാൻ….”” ബാക്കി പറയുവാൻ കഴിയാതെ നിർത്തി… വീണ്ടും ആ ഓർമ്മകളിൽ കൂടി സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു… കാര്യം മനസ്സിലായത് പോലെ രുദ്രേട്ടൻ വീണ്ടും ഒരിക്കൽ കൂടി നരേഷിനെ കലിയോടെ നോക്കുന്നത് കണ്ടു….

ബോധം ഇല്ലാതെ കിടക്കുന്ന അയാളെ വീണ്ടും തല്ലുമോ എന്ന ഭയത്തിൽ അവൾ വേഗം അവന്റെ കൈയിലേക്ക് തന്റെ കൈ ചേർത്ത് വെച്ചു… അവളുടെ ആ പ്രവൃത്തി കാൺകെ രുദ്രന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. “”നീ തിരുമ്മിയോ നെറ്റി…. ഇടിച്ചതല്ലേ… തിരുമ്മിയില്ലെങ്കിൽ ആ വേദന മാറില്ല…..”” അവളെന്തെങ്കിലും മറുപടി പറയും മുൻപേ രുദ്രൻ നെറ്റി തിരുമ്മാൻ തുടങ്ങിയിരുന്നു… അവനെ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു പോയി…. ഇങ്ങനെയൊരു പെരുമാറ്റം ഒരിക്കലും അവനിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല… ആദ്യമായിട്ടാണ് അവനിത്രയും സൗമ്യമായി തന്നോട് സംസാരിക്കുന്നതെന്ന് അവളോർത്തു…

കൈ നെറ്റിയിൽ നിന്നും എടുത്തു കഴിഞ്ഞിട്ടാണ് കണ്ണ് ചിമ്മാതെ തന്നെ തന്നെ നോക്കി ഇരിക്കുന്ന പാറുവിനെ രുദ്രൻ കാണുന്നത്… താനിത്രയും നേരം ചെയ്ത കാര്യമോർത്തു അവന് വല്ലാത്ത ജാള്യത തോന്നി. അവൾക്ക് മുഖം കൊടുക്കാതെ എഴുന്നേറ്റു അകത്തേക്ക് നടന്നു… ബാഗ് രണ്ടും എടുത്തു പുറത്തേക്ക് വരുമ്പോഴും ബോധം ഇല്ലാതെ കിടക്കുന്ന നരേഷിനെ പേടിയോടെ നോക്കി ഇരിക്കുന്ന പാറുവിനെയാണ് കണ്ടത് … “”പേടിക്കണ്ട.. ചത്തിട്ടൊന്നും ഇല്ല… എല്ലൊടിഞ്ഞ വേദനയിൽ ബോധം പോയതാ…ഞാൻ സാമിനോട് പറഞ്ഞിട്ടുണ്ട്… അവൻ വന്നു ആശുപത്രിയിൽ കൊണ്ട് പൊയ്ക്കോളും..

“”ലാഘവത്തോടെ പറയുന്ന രുദ്രനെ കാൺകെ കണ്ണും തള്ളി നിന്ന് പോയി.. അവളെ നോക്കാതെ അപ്പോഴേക്കും ബാഗ് രണ്ടും എടുത്തു ബൈക്കിലേക്ക് വെച്ചിട്ട് കയറി ഇരുന്നിരുന്നു അവൻ.. “”തമ്പുരാട്ടിക്ക് ഇനി പ്രത്യേക അറിയിപ്പ് വേണോ കേറാൻ….”” പുച്ഛത്തോടെ നോക്കുന്ന രുദ്രനെ നോക്കി ഒന്ന് ചുണ്ട് കോട്ടി കാണിച്ചിട്ട് പിന്നിലേക്ക് കയറി ഇരുന്നു… ഇങ്ങോട്ട് വന്നപ്പോൾ ഇരുന്നത് പോലെ തന്നെ കൈ രണ്ടും അവന്റെ തോളിലേക്ക് ചുറ്റി പിടിച്ചിരുന്നു… പക്ഷേ ഗൗരവം നിറഞ്ഞ നോട്ടം മാത്രം തിരിച്ചു കിട്ടിയില്ല… 🔸🔸🔸

വീടെത്തും വരെയും ഒന്നും തന്നെ സംസാരിച്ചില്ല… ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഉമ്മറത്ത് ഇരിക്കുന്ന അമ്മയെയും വിഷ്ണുവേട്ടനെയുമാണ് ആദ്യം കണ്ടത്.. ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോഴേ വിഷ്ണുവേട്ടന്റെ നോട്ടം തന്റെ നെറ്റിയിലേക്ക് വീഴുന്നത് അറിഞ്ഞു… “”എന്താ പാറു… നിന്റെ നെറ്റി എന്താ ചുവന്നു കിടക്കുന്നെ…”” ഗൗരവത്തോടെ ഏട്ടൻ അടുത്തേക്ക് വന്നു ചോദിക്കുമ്പോൾ ഉത്തരം ഇല്ലാതെ നിന്ന് പോയി.. നാവ് ചലിക്കുന്നുണ്ടായിരുന്നില്ല….. വിഷ്ണുവേട്ടൻ കൂടി അറിഞ്ഞാൽ എന്താകും എന്നൊരു ഭയം നിറഞ്ഞു ഉള്ളിൽ… “”ഞാൻ പറയാം ഏട്ടാ… നീ അകത്തേക്ക് പൊയ്ക്കോ പാറു… “” രുദ്രേട്ടൻ പറയുന്നത് കേട്ടപ്പോൾ ഉള്ളിലുള്ള ഭയം ഒന്നുകൂടി കൂടി എങ്കിലും ഗൗരവം നിറഞ്ഞ ആ സ്വരം കേട്ടപ്പോൾ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല… ..

ബാഗും എടുത്തു അകത്തേക്ക് നടന്നു…. വിഷ്ണുവേട്ടനും രുദ്രേട്ടനും കൂടി എന്തൊക്കെയോ സംസാരിക്കുന്നത് മുറിയിൽ എത്തിയപ്പോളേക്കും കേൾക്കാമായിരുന്നു… ഡ്രസ്സ്‌ വല്ലാതെ മുഷിഞ്ഞതിനാൽ എത്രയും പെട്ടെന്ന് മാറ്റണം എന്ന് തോന്നി… ഉടുപ്പൊക്കെ വച്ചിരുന്ന ബാഗ് തുറന്നു…. ഉടുപ്പിന്റെയൊക്കെ മുകളിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു പൊതിയാണ് ആദ്യം കണ്ണിൽ ഉടക്കിയത്… താൻ വച്ചതായിരുന്നില്ല അത്… എന്തായിരിക്കും എന്നൊരു ആകാംഷ ഉള്ളിൽ നിറഞ്ഞു…. കൈയിലേക്കെടുത്തു തുറന്നു നോക്കിയപ്പോളേക്കും ഹൃദയം ഇപ്പോൾ പുറത്ത് ചാടും എന്ന് തോന്നി അവൾക്ക്…… തുടരും

താന്തോന്നി: ഭാഗം 5

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!