ഗന്ധർവ്വയാമം: ഭാഗം 11

ഗന്ധർവ്വയാമം: ഭാഗം 11

എഴുത്തുകാരി: അഞ്ജലി അഞ്ജു

“വർഷങ്ങൾക്ക് മുൻപ് കളരിക്കൽ തറവാട് തെക്ക് ദിക്കിൽ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ ഭാഗത്ത്‌ആയിരുന്നു. അതായത് മോളുടെ മുറിയിൽ നിന്നാൽ കാണുന്ന ആ കാട് മൂടിയ പ്രദേശത്ത്. കാവും കുളവുമൊക്കെയായി കണ്ണെത്താത്ത പ്രദേശത്തോളം നമ്മുടെ തറവാടിന്റെ ഭാഗമായിരുന്നു.” “പിന്നെന്താ ഇങ്ങോട്ടേക്കു താമസം മാറിയത്.” ആമി ഇടയിൽ കയറി ചോദിച്ചു. “എന്റെ കുട്ടിക്കാലം വരെ അവിടെയായിരുന്നു കഴിഞ്ഞത്. അനർത്ഥങ്ങൾ പരിധി വിട്ടപ്പോൾ അവിടം വിട്ട് ഇങ്ങോട്ടേക്കു ഓടി രക്ഷപ്പെട്ടതാണെന്ന് പറയാം.”

സംശയഭാവത്തിൽ തന്നെ നോക്കുന്ന ആമിയുടെ മുഖത്തേക്ക് നോക്കി ദേവിയമ്മ പറഞ്ഞു തുടങ്ങി. “സമ്പത്തും ഐശ്വര്യവും വേണ്ടുവോളം ഉണ്ടായിരുന്നു കളരിക്കൽ തറവാട്ടിൽ. പക്ഷെ പുരുഷ സന്താനങ്ങൾ മാത്രം ഒരു കാലത്ത് പിറവി കൊണ്ടിരുന്നു. ആ സമയത്ത് മണ്ണാറശ്ശാലയിൽ ഉരുളി കമഴ്ത്തിയും അവിടുത്തെ അമ്മയുടെ നിർദേശ പ്രകാരം ഇവിടുത്തെ കാവിൽ വെച്ചാരാധനയും പൂജകളും നടത്തിയുമാണ് വർഷങ്ങൾക്ക് ശേഷം തുലാ മാസത്തിലെ ആയില്യം നക്ഷത്രത്തിൽ ഒരു പെൺകുഞ്ഞുണ്ടായത്.

അവൾക്ക് ഭദ്രയെന്ന് പേരും നൽകി. സൗന്ദര്യത്തിലും ബുദ്ധി സാമർഥ്യത്തിലും ആർക്കും ഭദ്രയെ തോൽപ്പിക്കാനാവില്ലായിരുന്നു. അത് കൊണ്ട് വിവാഹ പ്രായം എത്തുന്നതിനു മുന്നേ തന്നെ പലരും അവളെ മോഹിച്ചു സംബന്ധം ആലോചിച്ചു വന്നെങ്കിലും ആരെയും അവൾക്ക് ഇഷ്ടമായിരുന്നില്ല. അവളുടെ തീരുമാനങ്ങളെ എതിർക്കാൻ ആർക്കും കഴിഞ്ഞതുമില്ല. അവളുടെ താല്പര്യമില്ലായ്മ കണ്ടെത്താൻ അന്നത്തെ കാരണവർ നന്നേ കഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ഭദ്രയ്ക്ക് ഗന്ധർവ്വനുമായുള്ള ബന്ധത്തെ പറ്റി അറിയുന്നത്.

കാവിൽ വിളക്ക് വയ്ക്കാൻ എന്നവണ്ണം തറവാട്ടിൽ നിന്ന് ഇറങ്ങി ചെമ്പക ചുവട്ടിൽ ഒറ്റക്ക് സംസാരിക്കുന്ന ഭദ്രയെ അവർ കയ്യോടെ പിടിച്ചു. വാക്കുകൾ കൊണ്ട് ഭദ്രയെ പിന്തിരിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ബുദ്ധി കൊണ്ടാണ് അവർ അതിനെ നേരിട്ടത്. മഹാ മാന്ത്രികന്മാരായ പൂജാരികളെ കൊണ്ട് വന്ന് നാൽപ്പത്തി ഒന്ന് ദിവസത്തെ പൂജ നടത്തി ഗന്ധർവനെ ഭദ്രക്ക് കാണാത്ത വിധത്തിൽ തറവാട്ടിലും പരിസരങ്ങളിലും തകിടുകളും ബിംബങ്ങളും പൂജിച്ചു പ്രതിഷ്ഠിച്ചു.

ചെമ്പക മരവും നശിപ്പിച്ചു കളഞ്ഞു. പിന്നീട് കുറച്ച് കാലത്തേക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഭദ്രയ്ക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും സന്തോഷമായിരുന്നു. ഇനിയെങ്കിലും മറ്റൊരു വിവാഹത്തിന് ഭദ്ര തയ്യാറാകുമെന്ന പ്രതീക്ഷയെ തെറ്റിച്ചു കൊണ്ട് അവൾ ആത്മഹത്യ ചെയ്തു. അതിന് ശേഷം ദോഷങ്ങൾ മാത്രേ തറവാട്ടിൽ ഉണ്ടായിട്ടുള്ളൂ. ഒടുക്കം ഭദ്രയുടെ ആത്മാവിന് ശാന്തി ലഭിച്ച് വീണ്ടും പുനർജനിക്കാനുള്ള പൂജാ കർമ്മങ്ങൾ നടത്തി. ഇനി കുടുംബത്തിൽ ആയില്യം നക്ഷത്രത്തിൽ ജനിക്കുന്ന പെൺകുട്ടി ഭദ്രയാണെന്ന് എല്ലാവരും വിശ്വസിച്ചു.

പക്ഷെ അങ്ങനെ ജനിക്കുന്ന പെൺകുട്ടികൾക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. അവരുടെ പെടു മരണങ്ങൾക്ക് കാരണം ഗന്ധർവ്വന്മാരാണെന്ന് എല്ലാവരും വിശ്വസിച്ചു.” ദേവിയമ്മ പറഞ്ഞു നിർത്തി. “ഇതൊക്കെ കേട്ടറിവ് മാത്രേ ഉള്ളൂ. എത്രത്തോളം സത്യം ഉണ്ടെന്നൊന്നും മുത്തശ്ശിക്ക് അറിയില്ല. ഇനി എന്റെ കണ്മുന്നിൽ ഉണ്ടായ കാര്യങ്ങളിലേക്ക് വരാം. വീണ്ടും തുലാത്തിലെ ആയില്യത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾക്ക് ഭദ്രയെന്ന് പേരും നൽകി.” “അത് മുത്തശ്ശിയുടെ ആരായിരുന്നു?” ആമിയുടെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം അവർ പുഞ്ചിരിച്ചു. “എന്റെ അപ്പച്ചി. അച്ഛന്റെ അനിയത്തി.

അന്നെനിക്ക് നാലോ അഞ്ചോ വയസേ ഉണ്ടാവുള്ളു. എങ്കിലും ആ മുഖം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. കുട്ടിക്കാലത്തു എന്നെ നോക്കി വളർത്തിയത് അപ്പച്ചി ആയിരുന്നു. അന്ന് അവർക്ക് ഒരു ഇരുപത് വയസ് കാണുമായിരിക്കും. പഴയ കഥകൾ അറിയുന്നത് കൊണ്ട് തന്നെ അപ്പച്ചിയുടെ കാര്യത്തിലും എല്ലാവർക്കും ഭയമായിരുന്നു. പുറത്തേക്കൊന്നും വിടില്ലായിരുന്നു. പക്ഷെ വീണ്ടും ഭയന്നത് പോലെ തന്നെ സംഭവിച്ചു. അപ്പച്ചിയും..” ദേവിയമ്മ സങ്കടത്തോടെ മുഖം താഴ്ത്തി. “പിന്നീട് എല്ലാവർക്കും ഭയമായി. ഇനിയും ഇങ്ങനെ തന്നെ ആവർത്തിച്ചാൽ…? മറ്റൊരു ജീവൻ കൂടെ പരീക്ഷണ വസ്തു ആക്കാൻ ആർക്കും കഴിയില്ലായിരുന്നു.

തറവാടുപേക്ഷിച്ച് ഇങ്ങോട്ടേക്കു താമസം മാറി.” “അല്ല മുത്തശ്ശി പിന്നീട് ആയില്യം നക്ഷത്രത്തിൽ കുട്ടികൾ ജനിച്ചില്ലേ?” ആമിയുടെ ചോദ്യം കേട്ടതും നിറഞ്ഞ കണ്ണുകളോടെ അവർ അവളെ നോക്കി. “ജയരാജന്റെ മകളാണ് ഇനിയുള്ള ഭദ്ര.” “അയ്യോ അപ്പോ അഭി?” അവൾ സംശയത്തോടെ അവരെ നോക്കി. “പക്ഷെ അവൾ ജനിച്ചത് ആയില്യം നക്ഷത്രത്തിലല്ല.” “ഹാവൂ സമാധാനമായി.” അവൾ ആശ്വാസത്തോടെ നെഞ്ചിൽ കയ്യമർത്തി. “അവിടുന്ന് മാറിയത് കൊണ്ട് ഇനി അങ്ങനൊന്നും ഉണ്ടാവില്ല അല്ലേ മുത്തശ്ശി?”

ആമിയ്ക്ക് മറുപടിയെന്നവണ്ണം ഒരു മങ്ങിയ പുഞ്ചിരി അവരുടെ ചുണ്ടിൽ വിരിഞ്ഞു. തന്റെ മനസ്സിലെ കടൽ മറയ്ക്കാനെന്ന പോലെ… “അല്ല അപ്പോ ഗന്ധർവ്വൻ ആകുവോ ഇവരെയൊക്കെ കൊന്നത്?” “അതൊന്നും അറിയില്ല കുട്ടി. എല്ലാം കേട്ടറിവ് മാത്രം അല്ലേ? എല്ലാം അറിയുന്നത് ഭദ്രയ്ക്ക് മാത്രമാണ്.” വീണ്ടും എന്തൊക്കെയോ ചോദിക്കണമെന്ന് ആമിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ദേവിയമ്മയുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. മെല്ലെ എഴുന്നേറ്റ് മുറിയിലേക്ക് നടക്കുമ്പോളും ഭദ്രയെ പറ്റിയായിരുന്നു ചിന്ത മുഴുവൻ. അവളുടെ തീവ്ര പ്രണയം കൊണ്ടാവുമല്ലോ മറ്റാർക്കും തല കുനിക്കാതെ അവന് വേണ്ടി മാത്രം വീണ്ടും വീണ്ടും പുനർജനിക്കുന്നത്.

ഇതിന് പിന്നിലെ നിഗൂഢതകൾ അറിയാൻ അവൾക്കും ആഗ്രഹം തോന്നി. പ്രണയം സഭലമായില്ലെങ്കിൽ കൂടി അത്ര തീവ്രതയോടെ വസുവിനെയും പ്രണയിക്കാൻ അവളും ആഗ്രഹിച്ചു. ചിന്തകളിൽ മുങ്ങി പോയത് കൊണ്ടാവാം അഭി വന്നതൊന്നും അവൾ അറിഞ്ഞതേയില്ല. “അതേ ഇവിടെ വന്നു കഴിഞ്ഞ് നിനക്ക് എന്നെ വേണ്ട കേട്ടോ.” അഭിയുടെ ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞവൾ എഴുന്നേറ്റു. “നീ ഇതെപ്പോ വന്നു?” “ആഹാ ഞാൻ വന്നത് നീ അറിഞ്ഞില്ലേ?” “അല്ല നീ എന്താ പറഞ്ഞേ? ആർക്ക് നിന്നെ വേണ്ടെന്നാ?” “നിനക്ക് തന്നെ.” മുഖം വീർപ്പിച്ചു അഭി പറയുന്നത് കണ്ടപ്പോൾ ആമിക്ക് ചിരിയാണ് ഉണ്ടായത്.

പണ്ട് മുതൽക്കേ അങ്ങനെയാണ്. തന്നോടല്ലാതെ മറ്റാരോടും ആമി കൂടുതൽ അടുക്കുന്നത് അഭിക്ക് ഇഷ്ടമല്ല. “എന്റെ കുശുമ്പി പാറു ! അല്ല നിനക്ക് കുശുമ്പ് കുത്താൻ ഇവിടെ ആരാ ഉള്ളേ?” “അതേ നിക്ക് മനസ്സിലാവുന്നുണ്ട്. മുത്തശ്ശിയെ കിട്ടി കഴിഞ്ഞ് നിനക്ക് എന്നെ വേണ്ട. കഥ പറച്ചില് പാചകം പടിക്കല്…” അവൾ ഇടം കണ്ണിട്ട് ആമിയെ നോക്കി പറഞ്ഞു. അവളുടെ കാട്ടി കൂട്ടൽ കണ്ട് ചിരിയോടെ ആമി അഭിയെ നോക്കി. “ആരാ പറഞ്ഞേ എനിക്ക് നിന്നെ വേണ്ടാന്ന്. നീ കഴിഞ്ഞേ ഉള്ളൂ എനിക്ക് എന്തും. ഇവിടെ വന്നപ്പോ എനിക്ക് ഇല്ലാതായി പോയ പലതും കണ്ടപ്പോൾ അതൊക്കെ ആസ്വദിക്കാൻ കൊതി തോന്നി. അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം എനിക്ക് കേട്ടറിവ് മാത്രേ ഉള്ളൂ.

രണ്ട് ദിവസം നിങ്ങളോടൊപ്പം കഴിയുമ്പോ ഞാൻ അറിയാതെ തന്നെ ഈ വീട്ടിലെ കുട്ടിയായി മാറുകയായിരുന്നു. മുത്തശ്ശിയെ പോലും വർഷങ്ങളായി കണ്ട് പഴകിയത് പോലെ.” മനസ്സിൽ തോന്നിയ എന്തൊക്കെയോ പറഞ്ഞ് തല ഉയർത്തി നോക്കുമ്പോൾ കുസൃതി ചിരിയോടെ കൈ പിണച്ചു കെട്ടി തന്നെ നോക്കി നിൽക്കുന്ന അഭിയെ ആണ് കണ്ടത്. “എന്തിനാ ചിരിക്കണേ?” “അല്ല ഇത്ര സീരിയസ് ആയി സംസാരിക്കുന്നത് കണ്ട് ചിരിച്ചതാ. എനിക്ക് അറിയില്ലേ നിന്നെ. എനിക്ക് ഉള്ളതെല്ലാം നിന്റേതാ. നീ വേണ്ടുവോളം ആസ്വദിച്ചു മടുക്കുമ്പോ പോയാൽ മതി.” “എനിക്ക് ഈ ജന്മത്തിൽ മടുത്തില്ലെങ്കിലോ?”

“എന്നാൽ നീ ഇവിടെ കൂടിക്കോ. ഞാൻ ഏതായാലും നല്ലയൊരു ഓഫർ വന്നാൽ ലണ്ടനിലേക്ക് പറക്കും അത് നിനക്ക് അറിയുന്ന കാര്യമല്ലേ.” “അറിയാല്ലോ. നാഴികയ്ക്ക് 40വട്ടം നീ ഇത് പറയുന്നതല്ലേ.” ബീന വന്നു കഴിക്കാൻ വിളിക്കുന്നത് വരെ രണ്ടാളും സംസാരിച്ചിരുന്നു. അത്താഴത്തിന് എല്ലാവരും വന്നു. ദേവിയമ്മ മാത്രം വന്നിരുന്നില്ല. “മുത്തശ്ശി വന്നില്ലല്ലോ അമ്മേ?” വിളമ്പി കൊണ്ടിരുന്ന ബീനയോടായി ആമി ചോദിച്ചു. “അമ്മയ്ക്ക് ഒന്നും വേണ്ടെന്നും പറഞ്ഞു റൂമിൽ ഇരിക്കുവാ. വിളിക്കാനായി ഏട്ടനെ വിട്ടിട്ട് ഇപ്പോ രണ്ടാളെയും കാണുന്നില്ല.” “ഞാൻ പോയി നോക്കിയിട്ട് വരാം.” ബീന എന്തെങ്കിലും പറയും മുന്നേ ആമി എണീറ്റ് നടന്നിരുന്നു.

“അല്ല ജയാ..! എന്റെ തോന്നലല്ല. നീ വയസായ ഒരു കിളവി പിച്ചും പേയും പറയുന്നെന്നു കരുതരുത്. പഴയ തറവാട്ടിലെ മച്ചിൻ പുറത്ത് ഇന്നും ഉണ്ടാവും ഭദ്രയുടെ ചിത്രം. ശെരിക്കും ആമിയെ പകർത്തിയത് പോലെ.” “അമ്മയുടെ തോന്നലാവും. അല്ലെങ്കിലും ആമിയും ഭദ്രയുമായി എന്ത് ബന്ധം വരാനാ.” “അതേ ശെരിയാണ്. ശെരിക്കുള്ള ഭദ്ര ജനിച്ചു കഴിഞ്ഞതാണല്ലോ. ന്റെ കുട്ടി ഏത് ദേശത്താണോ? ജീവനോടെ എവിടെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.” “എന്റെ അമ്മേ ഒന്ന് പതുക്കെ പറയൂ.

ആരെങ്കിലും കേട്ടാൽ..” “നിനക്ക് എങ്ങനെ കഴിയുന്നു ജയാ അവളെ മറക്കാൻ.” അത് പറയുമ്പോൾ അവരുടെ ശബ്ദം ഇടറിയിരുന്നു. “ഒന്നും മറന്നിട്ടല്ല അമ്മേ. ബീനയും മോളും. ഒന്നും നഷ്ടമാക്കിയിട്ട് മറ്റൊന്ന് നേടാൻ എനിക്ക് ഇനിയാവില്ല അമ്മേ.” ജയരാജന്റെ മറുപടി കേട്ടതും ദേവിയമ്മ മുന്താണി തുമ്പാൽ കണ്ണുകൾ അമർത്തി തുടച്ചു. കാതിൽ പതിഞ്ഞവയുടെ പൊരുൾ മനസിലാവാതെ ആമി അപ്പോളേക്കും തിരിഞ്ഞു നടന്നിരുന്നു…..തുടരും…

ഗന്ധർവ്വയാമം: ഭാഗം 10

Share this story