ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 20

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 20

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

രാവിലെ ഗൗരി കൃഷ്ണന്റമ്പലത്തിൽ നിന്നു വരും വഴി റോഡിലേക്ക് കയറും മുൻപ് തന്നെ കണ്ടു നവി കാർ നിർത്തിയിട്ട് കാറിൽ ചാരി നോക്കി നിൽക്കുന്നത്… അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി കൊണ്ട് നടന്നു വന്നു… ഒരു കയ്യിൽ അമ്പലത്തിലെ പ്രസാദത്തിന്റെ ഇല ചീന്തും മറു കയ്യാൽ പാവാട തുമ്പ് അല്പം ഉയർത്തിയും നടന്നു വരുന്ന അവളെ ആ മഞ്ഞിന്റെ പുലരിയിൽ നിർന്നിമേഷനായി നവി നോക്കി നിന്നു… ഗൗരി നടന്നു റോഡിലേക്ക് കയറി… “ന്താ നവിയേട്ടാ… എവിടെയോ പോകാനിറങ്ങിയ പോലെ… “?? “മ്മ്… പോകാനിറങ്ങിയതാ വീട്ടിലേക്ക് … അപ്പൂപ്പൻ ഹോസ്പിറ്റലിൽ ആണെന്ന് ഫോൺ വന്നു.. ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടായ ഡോക്ടർ തന്നെയാ നോക്കുന്നത്…

പക്ഷെ ഞാൻ ചെല്ലണമെന്നു അപ്പൂപ്പന് ഒരേ നിർബന്ധം.. ഇപ്പോ അച്ഛൻ വിളിച്ചിരുന്നു… ഇന്നലെ രാത്രി തന്നെ എന്നെ വിളിക്ക് എന്നും പറഞ്ഞു ബഹളമായിരുന്നു എന്ന്… ഞാൻ ചെല്ലട്ടെ ട്ടോ… നീ അമ്പലത്തിലേക്ക് ഇറങ്ങി കഴിഞ്ഞാ ഫോൺ വന്നത്.. മുത്തശ്ശിയോട് പറഞ്ഞിട്ടാ ഇറങ്ങിയേ… പക്ഷെ നിന്നെ കണ്ടു പറയാഞ്ഞിട്ട് ഒരു സമാധാനക്കേട്… അതാ കാത്തു നിന്നത്…. ” “ദേ ഇതിൽ നമ്പർ ഫീഡ് ചെയ്തിട്ടുണ്ട്… ഞാൻ വിളിചോളാം… ഇനി അതിനും മുൻപ് നിനക്ക് വിളിക്കാൻ തോന്നുന്നുവെങ്കിൽ വിളിച്ചോട്ടോ… അതിനാ ഫീഡ് ചെയ്തേ… ഇന്നാ… പിടിക്ക്…. “നവി ഒരു ഫോൺ ഗൗരിയുടെ നേർക്ക് നീട്ടി… അവളാ ഫോൺ കൈനീട്ടി വാങ്ങി അതിലേക്കു നോക്കി… “ഇതെന്റെ ഫോണല്ലേ… “??

“മ്മ്.. അതെ… ജനലിൽ കൂടി ചൂണ്ടിയതാ… നമ്പർ എടുക്കാൻ… “നവി ഒരു കള്ള ചിരി ചിരിച്ചു… “എന്നാൽ പോയിട്ട് വരാം ട്ടോ.. “നവി ചുറ്റും നോക്കിക്കൊണ്ട് അവളുടെ കവിളിലൊന്നു തോണ്ടി… “മ്മ്… “ഗൗരിയുടെ കണ്ണ് നിറഞ്ഞു… ഇലച്ചീന്തിൽ നിന്നു മോതിരവിരലാൽ ചന്ദനം തോണ്ടി അവൾ അവന്റെ നെറ്റിയിലേക്ക് തൊട്ടു ഒരല്പം കുനിഞ്ഞു നിന്നു കൊടുത്തു കൊണ്ട് ആ ചന്ദന തണുപ്പ് അവൻ നെറ്റിയിലേക്ക് ഏറ്റുവാങ്ങി.. അവൻ കാറിലേക്ക് കയറിയിരുന്നിട്ട് പുറത്തേക്ക് ഒന്നുകൂടി നോക്കിക്കൊണ്ട് അവളോട്‌ പറഞ്ഞു… “എന്നും വൈകിട്ട് നേരത്തെ ഇറങ്ങിക്കോണം… താമസിക്കുവാണേൽ രവിയേട്ടനെ വിളിച്ചോണം… ഒറ്റക്ക് പോരരുത്… ” “മ്മ്.. “മൂളിക്കൊണ്ടവൾ തല താഴ്ത്തി വിൻഡോയിലൂടെ അകത്തേക്ക് നോക്കി…

വിൻഡോയിൽ വെച്ചിരുന്ന അവളുടെ കൈകളിൽ കയ്യമർത്തി അവൻ… “സൂക്ഷിച്ചു പോണേ നവിയേട്ടാ… ചെന്നിട്ട് വിളിക്കണേ ..ശ്രെദ്ധിച്ചോണേ.. ” “വിളിക്കാടി…ശ്രെദ്ധിച്ചോളാം… കണ്ണ് നിറയ്ക്കാതെ… ന്റെ സമാധാനം പോവും… ” അവൾ വേഗം കണ്ണമർത്തി തുടച്ചു… പോയിവരാം എന്ന് തലയാട്ടി കാണിച്ചു കൊണ്ട് നവി കാർ വിട്ടു .. കാർ കണ്ണിൽ നിന്നും മറയുന്നത് വരെ ഗൗരി നോക്കി നിന്നു… തിരിച്ചു വീട്ടിലേക്ക് നടക്കുന്ന വഴി അവൾ നവി തന്റെ കയ്യിലേക്ക് വെച്ചു തന്ന ഫോൺ തുറന്നു… വാൾപേപ്പർ ആയി നവിയുടെ ചിരിക്കുന്ന മുഖം കണ്ടു അവൾ അമ്പരന്നു… മുൻപെങ്ങോ ഇട്ടിരുന്ന ദേവേട്ടന്റെ ഫോട്ടോ ആൾ മാറ്റിയിരിക്കുന്നു… ഗൗരിയുടെ ചുണ്ടിൽ ഒരു ചിരി പടർന്നു…

അവന്റെ ചിരിക്കുന്ന ആ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ അവൾ വാര്യത്തിന്റെ വേലി കടന്നു…. ………………………..🌿🌿 പതിനൊന്നു മണിയോടെ നവി അപ്പൂപ്പനെ കിടത്തിയിരുന്ന ഹോസ്പിറ്റലിൽ എത്തി… മുറിയിലേക്ക് ചെന്നപ്പോൾ അപ്പൂപ്പൻ ഉറക്കത്തിലായിരുന്നു… അമ്മയുടെ കസിന്റെ മോൾ ആർദ്ര ഇരിപ്പുണ്ടായിരുന്നു അവിടെ… “ആഹ് !!നവിയേട്ടാ… ഇപ്പോഴും കൂടെ ചോദിച്ചതേയുള്ളു അപ്പൂപ്പൻ… ” “വേറാരും ഇല്ലേ ഇവിടെ… നീ മാത്രേ ഉള്ളോ..” “ആന്റി വരാറായി… രാത്രി ഇവിടെ കിടന്നാൽ പിടിക്കില്ലാന്ന് പറഞ്ഞു… അതോണ്ട് അങ്കിളും ഞാനും കൂടിയാ രാത്രി നിൽക്കുന്നത്… അങ്കിൾ ഡോക്ടർ വിളിച്ചിട്ട് പോയി… ” നവിക്കത് കേട്ട് പുച്ഛം തോന്നി…

നവിയുടെ അച്ഛന്റെയും അമ്മയുടെയും കാര്യമാണ് ആർദ്ര,, ആന്റിയെന്നും അങ്കിളെന്നും സംബോധന ചെയ്തു പറഞ്ഞത്… സ്വന്തം അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ കൂട്ട് നിൽക്കാത്ത ഒറ്റമോളായ തന്റെ അമ്മ… “അപ്പൂപ്പൻ ഉറങ്ങുവല്ലേ… ഞാൻ ഡോക്ടറുടെ അടുത്ത് പോയിട്ട് വരാം.. ” അവൻ ഡോക്ടർ ഐസക്ക് കുര്യന്റെ റൂം ലക്ഷ്യമാക്കി നടന്നു… ഡോറിൽ കൊട്ടി കൊണ്ട് അകത്തേക്ക് കയറിയപ്പോൾ ഡോക്ടറോട് സംസാരിച്ചിട്ട് നവിയുടെ അച്ഛൻ ചന്ദ്രശേഖർ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുവായിരുന്നു… “ആഹ്… നവനീത് എത്തിയല്ലോ.. ഡോക്ടർ ഐസക് കുര്യൻ എഴുന്നേറ്റ് അവന് ഹസ്തദാനം നൽകി.. നവി തിരിച്ചും… “ഞാൻ പറയുവാരുന്നു നവനീത് അച്ഛനോട്…

നോട്ട് സോ മച്ച് ഇഷ്യൂസ്… ഇസിജി വേരിയേഷൻ നിലനിൽക്കുന്നുണ്ട്… അത് മുൻപേ ഉള്ളതാണല്ലോ… ഇപ്പൊ ഉണ്ടായൊരു ചെറിയ നെഞ്ചുവേദന അത്… നല്ല ടെൻഷൻ ഉണ്ടാൾക്ക്… നിങ്ങളുടെ ഹോസ്പിറ്റലിന്റെ പണി നടക്കുകയല്ലേ അതിന്റെയൊക്കെയാവാം… ദാ നവനീത്… കേസ് ഷീറ്റ് നോക്കിക്കോളൂ… “ഡോക്ടർ ഐസക് കുര്യൻ നവിയുടെ അപ്പൂപ്പന്റെ മെഡിക്കൽ ഫയൽ നവിയുടെ മുന്നിലേക്ക് വെച്ചു .. “എന്നാ നവി.. ഞാൻ റൂമിലേക്ക് ചെല്ലട്ടെ… നീ വന്നേക്കുമല്ലോ .. “ചന്ദ്രശേഖർ ഡോക്ടറെ കൂടി നോക്കി അനുവാദം ചോദിച്ചിട്ട് പുറത്തേക്ക് ഇറങ്ങി… അൽപനേരം കഴിഞ്ഞു നവി റൂമിലേക്ക് ചെല്ലുമ്പോൾ അപ്പൂപ്പൻ ഉണർന്നു കിടക്കുകയായിരുന്നു….

ആർദ്ര തിരികെ പോയിരുന്നു … അമ്മ എത്തിയിട്ടുണ്ട്… നവി അമ്മയെ ഒന്ന് നോക്കി… ഏതോ പാർട്ടിക്ക് പോകാൻ ഒരുങ്ങി വന്നത് പോലെയുണ്ട്… പ്രത്യേകിച്ചൊന്നും പറയാതെ നവി അപ്പൂപ്പന്റെ അടുത്തേക്കിരുന്നു… നവിയെ കണ്ടതും ആ മുഖം വിടർന്നു…. “എന്താ മാഷേ ഈ പ്രായത്തിൽ ഇങ്ങനെ ടെൻഷനടിക്കേണ്ട കാര്യമുണ്ടോ…ഒരു ഹോസ്പിറ്റൽ പണിയും ടെൻഷനും.. വിശ്രമിക്കേണ്ട പ്രായം അല്ലേയിത്… മിസ്റ്റർ മോഹൻദാസ് പാലാഴി….. “നവി അപ്പൂപ്പന്റെ അടുത്തേക്കിരുന്നു കൊണ്ട് ചോദിച്ചു “ആ നാട്ടിൻപുറത്തു താമസിക്കുന്നതിന്റെയാണോ നവിക്കുട്ടാ…

ഒരു മാഷ് വിളിയൊക്കെ… “അപ്പൂപ്പൻ ചിരിച്ചു.. ഒപ്പം അവനും… “ഞാൻ മരിച്ചു പോയാലും ഈ കുടുംബപ്പേര് ഇവിടെ പത്തുപേർ ഓർക്കണം… അതിനു വേണ്ടിയാ പാലാഴി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് പണിയുന്നെ… നീ ഡോക്ടർ ആയതു കൊണ്ടാ ഹോസ്പിറ്റൽ പണിയുന്നത്… അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്തേനെ .. “മോഹൻദാസ് അവനെ നോക്കി പറഞ്ഞു… “എനിക്ക് ഇങ്ങനെയുള്ള വൻകിട ഹോസ്പിറ്റലിൽ ഒന്നും പറ്റില്ല അപ്പൂപ്പാ… പൈസക്ക് വേണ്ടി ആൾക്കാരെ കഴുത്തറുക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലിന്റെ തലപ്പത്ത് ഇരിക്കാനുള്ള മനസൊന്നും നവിക്കില്ല… ” “എന്നാൽ നീ പോയി സേവനം ചെയ്യെടാ.. ഇപ്പൊ ചെയ്യുന്ന പോലെ നക്കാപ്പിച്ച കാശിനു.. “അമ്മയുടെ കൂർത്ത നോട്ടവും വാക്കുകളും തന്റെ നേർക്ക് പാളി വീഴുന്നത് അവൻ കണ്ടു…

“ഇവിടെ എത്രയെത്ര മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽസ് ഉണ്ട്… എന്നിട്ട് പോയി കണ്ട മലമൂട്ടിൽ കിടക്കുന്നു… സോഷ്യൽ സർവീസ് എന്നും പറഞ്ഞ്… ഹോ…ആ റോയുടെ വൈഫ് അന്ന ചോദിച്ചപ്പോൾ ഞാൻ നാണം കെട്ടുപോയി… നാല്പതിനായിരം രൂപക്ക് വേണ്ടി ഏതോ ഒരു കുടുസ്സിൽ പോയി ആരുടെയോ വീട്ടിൽ… അവര് കഴിക്കുന്നതും കഴിച്ച്… ശ്ശെ.. “പ്രിയംവദ കിറികോട്ടി… നവിക്ക് അസ്സഹനീയമായി തോന്നി ആ സംസാരം.. അവൻ അപ്പൂപ്പനെ ഒന്ന് നോക്കിയിട്ട് അവിടെ നിന്നും എഴുന്നേറ്റു… അത് മനസ്സിലാക്കി എന്നോണം ചന്ദ്രശേഖർ ചോദിച്ചു… “നവി.. നീ വല്ലതും കഴിച്ചാരുന്നോ.. വാ കാന്റീനിൽ നിന്നും എന്തെങ്കിലും കഴിക്കാം..” “ഞാൻ കഴിച്ചാരുന്നു അച്ഛാ…

ഞാൻ പുറത്തുണ്ടാവും… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി… ” അവൻ അപ്പൂപ്പന്റെ നേർക്ക് തിരിഞ്ഞു ആ തലയിൽ തഴുകി… “എന്റെയൊരു ഫ്രണ്ട് ഉണ്ടിവിടെ.. ഞാനൊന്ന് കണ്ടിട്ട് വരാം… ” “മ്മ്.. “അദ്ദേഹം മൂളി… ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ നവി അലസമായി നടന്നു… ഏറ്റവും അറ്റത്ത് ആളൊഴിഞ്ഞ കോണിൽ ചെന്നു നിന്നു അഞ്ചു നിലയ്ക്കും താഴേക്ക് നോക്കി… തിരക്ക് പിടിച്ച ഹോസ്പിറ്റലിന്റെ മുറ്റം.. തിരക്കിട്ട് പോകുകയും വരുകയും ചെയ്യുന്ന വാഹനങ്ങൾ… അവയെ നിയന്ത്രിച്ചു കൊണ്ട് പരക്കം പാഞ്ഞു നടക്കുന്ന സെക്ക്യൂരിറ്റിമാർ… മുന്നിലെ റോഡിലും എതിർവശത്തെ ഉയർന്നു പൊങ്ങി നിൽക്കുന്ന കെട്ടിടത്തിലുമൊന്നും അല്പം ശാന്തത ഉള്ളതായി അവന് തോന്നിയില്ല…

തന്റെ ഇപ്പോഴത്തെ മനസ് പോലെ അശാന്തമായ നഗരവും ആൾക്കാരും… പെട്ടെന്ന് ഗൗരിയുടെ മുഖം മനസിലേക്ക് വന്നു.. ഒപ്പം കൽക്കണ്ടക്കുന്നിൽ നിന്നു വീശിയടിക്കുന്ന കാറ്റിന്റെ തണുപ്പും… നവിയുടെ ഉള്ള് നിറഞ്ഞു… ആ നാടിന്റെ മഞ്ഞും തണുപ്പും തണലും തന്റെ പെണ്ണിന്റെ കണ്ണിലെ നനവും പ്രണയവും തന്നെ മാടി വിളിക്കുന്നത്‌ പോലെ തോന്നി നവിക്ക്… കൈകൾ യാന്ത്രികമായി ഫോണിലേക്ക് നീങ്ങി.. ഗൗരിയുടെ നമ്പറിലേക്കും… ഒരു ബെല്ല് തീരും മുൻപേ ഫോണെടുത്തു അവൾ… “ഇതെന്താ ഫോണിലേക്കും നോക്കി ഇരിക്കുവാരുന്നോ… “? അവൻ ചോദിച്ചു.. “മ്മ്.. ” “അപ്പൊ ഇന്ന് നിന്റെ കമ്പനിയിൽ പണിയൊന്നുമില്ലേ… “?? “ഞാൻ പോയില്ല.. ”

“അതെന്താ പോകാഞ്ഞേ..ഒരു ദിവസം പോലും ലീവെടുക്കാത്ത ആളല്ലേ നീ “?? “പോവാൻ തോന്നിയില്ല.. ” “അതെന്താന്നാ ചോദിച്ചേ… “?? “അത്.. നവിയേട്ടൻ പോയത് കൊണ്ട്.. ഒരു സുഖം തോന്നിയില്ല… എന്തോ ഒരു ശൂന്യത പോലെ… ഇവിടില്ലാഞ്ഞിട്ട് ന്തോ പോലെ.. ” “ഹ്മ്മ്.. “നവി ഒരു നെടുവീർപ്പിട്ടു “നീ രാവിലെ വല്ലതും കഴിച്ചോ… “?? “ഇല്ല… ” “അതെന്താ കഴിക്കാഞ്ഞേ… അതും തോന്നിയില്ലേ….ഞാനില്ലാത്തത് കൊണ്ട്… ” “മ്മ്മ്ഹും.. നവിയേട്ടനും കഴിച്ചില്ലല്ലോ.. ” “ഇല്ല… എന്നാ കഴിക്കാം നമുക്ക്..വാ.. ഞാൻ കാന്റീനിലേക്ക് പോകുവാ…നീയും എടുക്ക്.. ഞാൻ വീഡിയോ കോളിൽ വരാം… ” കാന്റീനിൽ ചെന്നിരുന്നു അവളെ വീഡിയോ കോൾ ചെയ്തു കൊണ്ട് നവി മുന്പിലെ ദോശയിൽ നിന്നു ഒരു കഷ്ണം കയ്യിലെടുത്തു പിടിച്ചു..

ആ ഫോൺ വെളിച്ചത്തിനും അപ്പുറത്ത് വാര്യത്തെ അടുക്കള സ്ലാബിൽ മുന്നിൽ ഇഡലിയും ചമ്മന്തിയും എടുത്ത് വെച്ചു ഗൗരിയും ഉണ്ടായിരുന്നു .. നവിയുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി അവളും ഹൃദ്യമായി ചിരിച്ചു… “അപ്പൊ വാ തുറന്നോ… ആാാ… “നവി ആ ദോശ കഷ്ണം അവളുടെ വായുടെ നേർക്ക് നീട്ടി… ” “അം… “ഗൗരി ചിരിയോടെ തിരിച്ചും പറഞ്ഞു.. ഒപ്പം ആ കണ്ണും നിറഞ്ഞു.. ആ കണ്ണിലെ നീർ തിളക്കത്തിലേക്ക് നോക്കി നവി ഇരുന്നു… തന്നെ സ്നേഹിക്കുന്ന.. തനിക്കായി കാത്തിരിക്കുന്ന… തനിക്ക് വേണ്ടി പ്രണയം ചൊരിയുന്ന.. തനിക്ക് വേണ്ടി കണ്ണ് നിറയ്ക്കുന്ന പെണ്ണ്… തന്റെ സ്വന്തം പെണ്ണ്….. അവന്റെ കണ്ണും അവനറിയാതെ നിറഞ്ഞു….❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 19

Share this story