സ്‌നേഹതീരം: ഭാഗം 25

സ്‌നേഹതീരം: ഭാഗം 25

എഴുത്തുകാരി: ശക്തികലജി

” അപ്പൂസില്ലാതെ എനിക്ക് പറ്റില്ല ” .എന്ന് മാത്രം പറഞ്ഞു വേഗം അടുക്കളയിലേക്ക് നടന്നു… ” അപ്പോൾ ചന്ദ്രയ്ക്ക് സമ്മതമാണ് ഗിരിയേട്ടാ.. അവൾക്ക് മനസ്സ് തുറന്ന് പറയാൻ പേടിയാണ്…” ഇനി ഒന്നും നോക്കണ്ട മനസ്സ് മാറും മുന്നേ വേഗം കെട്ട് നടത്താം… ഞാൻ അത് കഴിഞ്ഞേ തിരിച്ച് പോകുന്നുള്ളു… ” എന്ന് രാഖി പറയുമ്പോൾ ഗിരി കൺമുന്നിൽ നടന്നത് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു… ഇത്ര വേഗം ചന്ദ്ര സമ്മതിക്കുമെന്ന് കരുതിയതല്ല… അവനൊന്ന് തുള്ളി ചാടാൻ തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു… അപ്പൂസിന് പനി കുറവുണ്ടോ എന്ന് അവൾ ഇടയ്ക്കിടെ തൊട്ടു നോക്കി കൊണ്ടിരുന്നു…

പാലു ചൂടാക്കി കുടിക്കാൻ ഗ്ലാസ്സിൽ കുറെശ്ശെ ഒഴിച്ച് കൊടുത്തു… ഒരു ദിവസം കൊണ്ട് അപ്പൂസ് ക്ഷീണിച്ചത് പോലെ തോന്നി.. ഗിരിയേട്ടൻ തൊട്ടരികിൽ വന്നിരുന്നു… ഞാൻ ഞെട്ടലോടെ എഴുന്നേറ്റങ്കിലും എൻ്റെ കൈയ്യിൽ പിടിച്ച് അടുത്തിരുത്തി.. ഗിരിയേട്ടൻ്റെ അമ്മയും രാഖിയും അടുക്കളയിലേക്ക് വന്നു… ഗിരിയേട്ടൻ അപ്പൂസിൻ്റെ കൈയ്യിൽ പിടിച്ചു.. “അപ്പൂസിന് ചന്ദ്രാമ്മയേ ഇഷ്ട്ടമാണോ” ഗിരിയേട്ടൻ ചോദിച്ചു.. ആ കുഞ്ഞി കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നു… ”ചാന്ദ്… മാ” അവൻ ചിരിച്ചു… ” അപ്പൂസിൻ്റെ അമ്മയായി കൂട്ടാം നമ്മുക്ക്… അങ്ങനാണേൽ ചന്ദ്രാമ്മ നമ്മളെ വിട്ട് എങ്ങും പോവില്ല… കൂടെയുണ്ടാവും..

അപ്പൂസിന് ഇഷ്ട്ടമാണോ” എന്ന് അപ്പൂസിനോട് ചോദിക്കുമ്പോൾ ഗിരിയുടെ മനസ്സിൽ ആശങ്ക തോന്നി… ആശങ്കകൾ കാറ്റിൽ പറത്തി കൊണ്ട് അപ്പൂസ് ചന്ദ്രയെ കെട്ടിപിടിച്ചു കവിളിൽ മുത്തി.. ഗിരി ചന്ദ്രയേയും അപ്പൂസിനേയും ചേർത്തു പിടിച്ചു…. അവൾ അനങ്ങാനാവാതെ ഇരുന്നു പോയി… ” അമ്മയ്ക്ക് ഒത്തിരി സന്തോഷമായി… ഞാൻ ചന്ദ്രയുടെ അമ്മയെ വിളിച്ച് പറഞ്ഞേക്കാം… വിധു വന്ന് ചന്ദ്രയെ വിളിച്ച് കൊണ്ട് പോകട്ടെ “… ഇനി ചടങ്ങ് കഴിഞ്ഞ് ഇങ്ങോട്ടേക്ക് വന്നാൽ മതി” ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞു… ” ഞാൻ പോയ്ക്കോളാം… രാഖിയുണ്ടല്ലോ… അവളുടെ കൂടെ ” ഞാൻ മുഖമുയർത്താതെ പറഞ്ഞു… ഗിരിയേട്ടൻ്റെ കൈ എന്നെ ചേർത്തു പിടിച്ചിരിക്കുന്നത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ട് തോന്നി ..

അകന്നിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.. “എന്നാൽ അങ്ങനെ മതി… ഇന്ന് വൈകിട്ട് ടൗണിൽ പോകുമ്പോ ഗിരിയുടെയും ചന്ദ്രയുടെയും കൂടെ ഞാനും വരുന്നു.. കുറച്ച് സാധങ്ങൾ വാങ്ങാനുണ്ട് ..” ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞു…. ” എന്നാൽ വേഗം ഒരുങ്ങിക്കോ നമുക്ക് ഒരുമിച്ച് പോകാം.. വിധുവിനോട് കാറ് കൊണ്ടുവരാൻ പറയാം.. പിന്നെ അവിടുത്തെ അമ്മയും ഏടത്തിയും എല്ലാരും കാണും… ഞാൻ ബൈക്കിൽ വന്നോളാം” എന്ന് പറഞ്ഞ് ഗിരിയേട്ടൻ എഴുന്നേറ്റു… നടക്കുന്നതൊക്കെ സ്വപ്നമാണോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ… വൈകുന്നേരം ഉണ്ടാക്കി വച്ച പലഹാരങ്ങൾ പൊതിഞ്ഞുവച്ചു.. രാഖിയും സഹായിച്ചു… ”

ഞാൻ പോട്ടെ… ഉടനെ വരാം എന്ന് പറഞ്ഞിറങ്ങിയതാണ്… നാളെ വീട്ടിലേക്ക് വരാം ” എന്ന് രാഖി പറഞ്ഞു.. ” നീയും കൂടി വാ… എനിക്ക് എന്തോ ഒരു മടി ” ഞാൻ മടിച്ച് കൊണ്ട് പറഞ്ഞു… ” സൗമ്യ വരുന്നുണ്ടല്ലോ… അവൾ ഉണ്ടാവും നിൻ്റെ കൂടെ “.. പിന്നെ സന്തോഷമായിട്ടിരിക്ക് പെണ്ണേ നിൻ്റെ അപ്പൂസിന് വേണ്ടി…, ഗിരിയേട്ടന് വേണ്ടി “അവളെന്നെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു…. ” ഉം;” മറുപടിയായി ഒന്ന് മൂളാനെ കഴിഞ്ഞുള്ളു… രാഖി പോയി കഴിഞ്ഞ് ഞാൻ മുറിയിൽ പോയി.. ഉള്ളതിൽ നല്ല സാരിയുടുത്ത് ഒരുങ്ങി… ജാനകിയമ്മ ഒരോണത്തിന് വാങ്ങി തന്നതാണ്… അലമാര തുറന്നു അകത്തിരുന്ന പേഴ്സ് എടുത്തു…

അതിലുള്ള പൈസയെടുത്തു എണ്ണി… അന്ന് ജാനകിയമ്മയ്ക്കായി താലി വിറ്റ് ആശുപത്രിയിലെ ബില്ലടച്ച് ബാക്കി പൈസയാണ്… വീണ്ടും വീണ്ടും എണ്ണി നോക്കി… ഹോസ്റ്റലിൽ നിന്ന് ഈ ഒരു പൈസ കൈയ്യിലുണ്ടാരുന്നതിൻ്റെ ധൈര്യത്തിലാണ് ഇങ്ങോട്ടേക്ക് വന്നത്…. ഓരോ ആവശ്യത്തിന് എടുത്ത് നോട്ടിൻ്റെ എണ്ണം കുറഞ്ഞിരിക്കുന്നു… പലഹാരം ഉണ്ടാക്കി കൊടുക്കുന്നതിൻ്റെ ലാഭം ചെറുതായി കിട്ടി തുടങ്ങിയതേയുള്ളു… എന്തായാലും ഒരു ധൈര്യത്തിന് കൈയ്യിലെടുക്കാം…. പൈസയും കൈയ്യിൽ പിടിച്ചു എന്തോ ആലോചനയിൽ ഇരിക്കുന്ന ചന്ദ്രയെ കണ്ടപ്പോൾ ഗിരിക്ക് വല്ലാത്ത വേദന തോന്നി…

“ചന്ദ്രാ വാ.. നമുക്കാദ്യം പലഹാരം ബേക്കറിയിൽ കൊണ്ടു കൊടുത്തിട്ട് ടൗണിൽ വെയ്റ്റ് ചെയ്യാം ” ഗിരിയേട്ടൻ്റെ ശബ്ദം തൊട്ടരുകിൽ കേട്ടതും കൈയ്യിലെ പൈസ ഞാൻ മറച്ചു പിടിച്ചു… ” ഞാൻ സൈക്കിളിൽ പോയ്ക്കോളാം” എന്ന് പറഞ്ഞപ്പോൾ “പറ്റില്ല എൻ്റെ കൂടെ തന്നെ വരണം “എന്ന് ഗിരിയേട്ടൻ പറഞ്ഞു.. ” വരാം… ഗിരിയേട്ടൻ പോയ്ക്കോ” ഞാൻ മുഖം നോക്കാതെ പറഞ്ഞു… ഗിരിയേട്ടൻ മുറിയിൽ നിന്ന് പോയി കഴിഞ്ഞ് പേഴ്സ് സാരിയുടെ മറവിൽ ഇടുപ്പിൽ തിരുകി വച്ചു… അടുക്കളയിൽ പോയി പാർസൽ ചെയ്തു വച്ച പൊതി എടുത്തു ഗിരിയേട്ടൻ്റെ അമ്മയോട് പറഞ്ഞിട്ട് മുറ്റത്തേക്കിറങ്ങി…

ഗിരിയേട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്തിരുന്നു.. പാർസൽ ഗിരിയേട്ടൻ വാങ്ങി മുൻപിൽ വച്ചു… ഞാൻ ബൈക്കിന് പിന്നിൽ കയറി… പുറകിലത്തെ കമ്പിയിൽ പിടിച്ചു… വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി… വണ്ടി നേരെ പോയി നിന്നത് അമ്പല നട മുന്നിലാണ്.. ” ഇറങ്ങ് ” എന്ന് ഗിരിയേട്ടൻ പറഞ്ഞതും ബൈക്കിൽ നിന്നിറങ്ങി… “എന്താ ഇവിടെ “എന്ന് ഞാൻ ചോദിച്ചതും പുഞ്ചിരിയോടെ വണ്ടിയിൽ നിന്ന് ഇറങ്ങി എൻ്റെ അരികിലേക്ക് നടന്നു വന്നു… ഞാൻ അൽപം പുറകിലേക്ക് നീങ്ങി നിന്നു.. “അതിങ്ങ് തന്നേക്ക് ” എന്ന് പറഞ്ഞ് കൈനീട്ടി കൊണ്ട് വീണ്ടും എൻ്റെ അരികിലേക്ക് നടന്നു വന്നു… ആൽത്തറയിൽ മുട്ടി നിന്നു… ഇനി പുറകിലേക്ക് പോകാൻ സ്ഥലം ഇല്ലാ…

ഞാൻ ചുറ്റും നോക്കി ആരും ഇല്ല.. ” ആ പേഴ്സ് തരാനാ പറഞ്ഞത് ” ഇത്തിരി ദേഷ്യത്തോടെ അവൻ പറഞ്ഞതും അവൾ വേഗം പേഴ്സ് എടുത്തു കൊടുത്തു.. ” അവൻ കെട്ടിയ താലിയുടെ പൈസ നമുക്ക് വേണ്ട ചന്ദ്ര… അത് ഭഗവാനിരിക്കട്ടെ…. നമ്മൾ പുതിയ ജീവിതം തുടങ്ങുമ്പോൾ പഴയത് ഒന്നും വേണ്ടാ ‘ “… ആ വഞ്ചിയിൽ ഇട്ടിട്ട് തിരികെ നോക്കാതെ പോരാം… വാ “എന്ന് പറഞ്ഞ് പേഴ്സിലെ പൈസ എടുത്ത് എൻ്റെ കൈയ്യിൽ തന്നു… എൻ്റെ കൈ പിടിച്ച് കാണിക്കവഞ്ചിയുടെ മുൻപിൽ ചെന്ന് തൊഴുതു.. എൻ്റെ കൈയ്യും ചേർത്ത് പിടിച്ച് പൈസ കാണിക്കവഞ്ചിയിൽ ഇടീച്ചു… തിരിച്ച് ഗിരിയേട്ടൻ ബൈക്കിൽ കയറിയിട്ടും ഞാൻ കയറാതെ നിന്നു…

എന്താണെന്നുള്ള ഭാവത്തിൽ നോക്കി… ” എൻ്റേൽ വേറെ പൈസയില്ല… ഞാൻ കടേൽ വരുന്നില്ല” ഞാൻ മുഖമുയർത്താതെ പറഞ്ഞു.. ”എൻ്റെ പെണ്ണിനു വാങ്ങാൻ ഉള്ളത് ഞാൻ സമ്പാദിക്കുന്നുണ്ട്… അത് മതി… വാ കയറ്” ഗിരിയേട്ടൻ തറപ്പിച്ച് പറഞ്ഞപ്പോൾ മറുപടി പറയാൻ ഒന്നുമില്ലാത്തത് കൊണ്ട് പതിയെ ബൈക്കിൽ കയറി… ” ഞാൻ നുമ്പേ നിൻ്റെ അടുത്തോട്ട് വന്നപ്പോൾ എന്തിനാ പുറകോട്ടു മാറി പോയത്.. എന്നെ പേടിയാണോ “…സമ്മതമില്ലാതെ വിരൽതുമ്പിൽ പോലും തൊടില്ല… അക്കാര്യത്തിൽ പേടിക്കണ്ട ” എന്ന് മിററിൽ കൂടി നോക്കി പറയുമ്പോൾ എൻ്റെ മുഖം വിളറി പോയിരുന്നു… “എന്തേലും മിണ്ടടോ…. ഓ വിവാഹം പെട്ടെന്ന് തീരുമാനമായതിൻ്റെ ടെൻഷൻ ആണ് അല്ലെ..

നമ്മുക്ക് പഴയത് പോലെ നല്ല സുഹൃത്ത്ക്കളായി തന്നെ തുടരണം.. ഇങ്ങനെ അവാർഡ് ഫിലിം പോലെയാണെങ്കിൽ എനിക്ക് ബോറടിക്കും…. എനിക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ചന്ദ്രയെയാ ഇഷ്ട്ടം” ഗിരി പറയുമ്പോഴും ചന്ദ്ര മുഖം കുനിച്ച് തന്നെയിരുന്നു… ചന്ദ്രയുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടാത്തതിനാൽ ബൈക്ക് മുന്നോട്ട് എടുത്തു.. രണ്ട് ബേക്കറിയിലും പാർസൽ കൊണ്ടു കൊടുത്തിട്ട് നേരെ സ്വർണ്ണ കടയിലേക്കാണ് പോയത്… ഞങ്ങൾ ചെന്നപ്പോഴേക്ക് സ്വർണ്ണ താലിമാല ഗിരിയേട്ടൻ്റെ അമ്മ നോക്കി എടുത്തു വച്ചിരുന്നു… എന്നെ വിളിച്ച് അടുത്തിരുത്തി… അപ്പൂസ് ഓടി വന്ന് എൻ്റെ മടിയിൽ ഇരുന്നു…ഗിരിയേട്ടൻ്റെ താലിമാല എൻ്റെ കഴുത്തിൽ വച്ച് നോക്കിയപ്പോൾ ഹൃദയം പിടഞ്ഞു പോയി…

മിഴി കോണിലെ നനവ് സാരി തുമ്പിനാൽ മായ്ച്ചു… ഏടത്തിയും അമ്മയും എനിക്കുള്ള വളകളും മാലയും വാങ്ങി… വിധുവേട്ടൻ പച്ചകല്ലുവച്ച മൂക്കുത്തിയൊരെണ്ണം എടുത്തു വച്ചു.. ഗിരിയേട്ടനും വിധുവേട്ടനും പരസ്പരം കണ്ണുകൊണ്ട് കഥകളി കളിക്കുന്നത് കണ്ടപ്പോഴേ അത് ആരുടെ ഇഷ്ട്ടം കൊണ്ടാണ് എടുത്തു വച്ചത് എന്ന് മനസ്സിലായിരുന്നു.. ഗിരിയേട്ടൻ്റെ മുഖത്തെ സന്തോഷം കാണുമ്പോൾ അവളുടെ മുഖം കുനിഞ്ഞ് പോകും…. കാരണം ഒന്നിനും അർഹതപ്പെട്ടവളല്ല എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട്… അതുറക്കെ പറയാൻ പറ്റാത്ത അവസ്ഥ.. പഴയ മുക്കുത്തി മാറ്റി പുതിയത് അപ്പോൾ തന്നെ അണിഞ്ഞു…

സ്വർണ്ണ കടയിലെ ബില്ല് കൊടുക്കാൻ വിധുവേട്ടനും ഗിരിയേട്ടനും തല്ല് പിടിക്കുന്നത് കണ്ട് കൊണ്ടാണ് അടുത്തുള്ള തുണിക്കടയിലേക്ക് നടന്നത്.. അത് കണ്ടപ്പോൾ മനസ്സിലെ വിങ്ങലുകൾ എങ്ങോ മാഞ്ഞു പോയി…. വിവാഹ സാരി സെറ്റി സാരി മതിയെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് ചുവന്ന പൂക്കൾ കൊണ്ട് നിറഞ്ഞ സെറ്റ് സാരി തിരഞ്ഞെടുത്തത് ഗിരിയേട്ടനാണ്….കൂടാതെ രണ്ട് മൂന്ന് സാരിയും ചൂരിദാറും എടുത്തു.. അപ്പൂസിനും ഗിരിയേട്ടനുമുള്ളത് ഞാൻ തന്നെ നോക്കിയെടുത്തു…. അവിടെ തന്നെ തയ്ച്ച് കൊടുക്കും എന്നറിഞ്ഞത് കൊണ്ട് അളവ് കൊടുത്ത് സാരിയും ചുരിദാറും ഏൽപ്പിച്ചു .

തിരിച്ച് വിധുവേട്ടൻ്റെ കൂടെ കാറിൽ കയറുമ്പോൾ മനഃപൂർവ്വം തിരിഞ്ഞ് നോക്കാതിരിക്കാൻ ശ്രമിച്ചുവെങ്കിലും അപ്പൂസിൻ്റെ “ചാന്ദ് മാ” എന്ന വിളി കേട്ട് തിരിഞ്ഞ് നോക്കി പോയി.. ബൈക്കിൽ മുൻപിൽ കയറി കുസൃതി ചിരിയുമായി ഇരുപ്പുണ്ട്… കൈകാട്ടി വിളിക്കുന്നുണ്ട്… കൂടെ വന്ന് കയറാനാണ്… ” ഞാൻ കാറിൽ വരാം അപ്പൂസേ ” എന്ന് പറഞ്ഞ് കൊണ്ട് കാറിൽ കയറി.. ആദ്യം വീട്ടിലേക്ക് പോയി അത്യാവശ്യ സാധനങ്ങൾ എടുത്തു… “ആദ്യം ഒരു താലിക്കെട്ട് നടത്തുന്നു എന്നേയുള്ളു.. വിവാഹം രജിസ്ട്രർ ചെയ്യാൻ കുറച്ച് കാത്തിരിക്കണം.. കേസ് ഒക്കെ ക്ലോസ് ചെയ്തിട്ടേ പറ്റു..

കുഴപ്പമില്ലല്ലോ ചന്ദ്രാ “ഗിരിയേട്ടൻ വന്ന് ചോദിപ്പോൾ ” ഇല്ല” എന്ന് മാത്രം പറഞ്ഞിട്ട് വേഗം ബാഗുമെടുത്ത് ഇറങ്ങി… അപ്പൂസിനെ ഗിരിയേട്ടൻ്റെ അമ്മ അടുക്കളയിൽ കൊണ്ടുപോയി നിന്നത് കൊണ്ട് ഇറങ്ങാൻ നേരം കണ്ടില്ല… വിധുവേട്ടൻ്റെയും ഏടത്തിയുടേയും കുഞ്ഞിൻ്റെയും അമ്മയുടെയും കൂടെ ആ വീട്ടിൽ കയറി ചെല്ലുമ്പോൾ ഹാളിൽ അച്ഛൻ്റെ ഫോട്ടോയിൽ മാലയിട്ടത് കണ്ടപ്പോൾ മനസ്സിൽ വിഷമം നിറഞ്ഞുവെങ്കിലും സ്വയം നിയന്ത്രിച്ചു… ആ ദിവസം അപ്പൂസിനെ കാണാതെ വല്ലാത്ത വിഷമം തോന്നി… രണ്ട് ദിവസം കഴിഞ്ഞേ പലഹാരം കൊണ്ടുവരാൻ പറ്റു എന്ന് ബേക്കറിയിൽ വിളിച്ച് പറഞ്ഞു… വിവാഹമാണ് എന്ന് നേരിട്ട് പറയാൻ മടി തോന്നിയത് കൊണ്ടാണ് ഫോൺ വിളിച്ച് പറഞ്ഞത്….

പിറ്റേ ദിവസം രാവിലെ ഗിരിയേട്ടൻ്റെ ശബ്ദം കേട്ടാണ് ഉണർന്നത്.. ഞാൻ ഹാളിൽ ചെല്ലുമ്പോൾ അപ്പൂസ് ഓടി എൻ്റെയടുക്കൽ വന്നു… “ഞങ്ങൾ രാത്രിയെ വന്നേനെ.. എങ്ങനെയോ രാവിലെ വരെ പിടിച്ചു നിന്നു…” അപ്പൂസ് ഇവിടെ നിൽക്കട്ടെ ഞാൻ വൈകുന്നേരം വന്ന് കൊണ്ട് പോക്കോളാം” എന്ന് ഗിരിയേട്ടൻ പറഞ്ഞു… മനസറിഞ്ഞ പോലെ അപ്പൂസിനെ കൊണ്ടു വന്നപ്പോൾ സന്തോഷം തോന്നി… ” ഗിരി വന്നതല്ലേ കഴിച്ചിട്ട് പോയാൽ മതി… അവിടെ ഒന്നും ഇത്ര രാവിലെ വച്ചു കാണില്ലല്ലോ… ഭാമയ്ക്കും കൂടിയുള്ളത് തന്ന് വിട്ടേക്കാം ” എന്ന് അമ്മ പറഞ്ഞപ്പോൾ ഗിരി മറുത്ത് പറഞ്ഞില്ല… ഇരുന്ന് ആഹാരം കഴിച്ചിട്ട് കൊണ്ടുപോകാനുള്ളത് പൊതിഞ്ഞു ഗിരിയേട്ടൻ്റെ കൈയ്യിൽ കൊടുക്കാൻ നേരം കുറച്ച് നോട്ടുകൾ എൻ്റെ കൈയ്യിൽ പിടിച്ചേൽപ്പിച്ചിരുന്നു…. ”

പോയിട്ട് വരാം ” എന്ന് പറഞ്ഞിറങ്ങുമ്പോൾ ഞാൻ അപ്പൂസിനോട് റ്റാ റ്റാ പറയാൻ പറഞ്ഞു.. “…. റ്റ്… റ്റ്… റ്റാ…” അവൻ്റെ വാക്കുകൾ കേട്ട് കുനിഞ്ഞൊരു മുത്തം നൽകിയിട്ടാണ് ഗിരിയേട്ടൻ മടങ്ങിയത്.. അപ്പൂസ് വീട്ടിലുണ്ടാരുന്നത് കൊണ്ടു ഒന്നും ചിന്തിച്ച് വിഷമിക്കാൻ സമയം കിട്ടിയില്ല.. വൈകുന്നേരം ഗിരിയേട്ടൻ അപ്പൂസിനെ വിളിക്കാൻ വന്നപ്പോൾ രാത്രി കഴിക്കാനുള്ള ആഹരവും കൊടുത്തുവിട്ടു.. വിവാഹ തലേന്ന് ഉറക്കം വന്നതേയില്ല… അവസാനം അമ്മ വന്ന് വഴക്ക് പറഞ്ഞപ്പോഴാണ് കിടന്നത്… എന്നിട്ടും ഉറങ്ങാതെ കിടക്കുന്നത് കണ്ട് അമ്മ കട്ടിലിൽ വന്നിരുന്നു….

അമ്മയുടെ മടിയിൽ തല വച്ചാണ് ഉറങ്ങിയത്… എന്തൊക്കെയോ പേടിപ്പിക്കുന്ന സ്വപ്നങ്ങൾ കണ്ട് ഞെട്ടിയെങ്കിലും അമ്മയുടെ കരങ്ങൾ ആശ്വസമായി അരികിൽ തന്നെയുണ്ടായിരുന്നു.. അതിരാവിലെ രാഖിയാണ് വന്ന് ഉണർത്തിയത്… അവൾ ആണ് എന്നെ ഒരുക്കിയത്… സെറ്റുസാരിയുടുപ്പിച്ച് മുടിയിൽ മുല്ലപ്പൂവ് ചൂടി നെറ്റിയിൽ കുഞ്ഞു പൊട്ടും തൊട്ടു.. കുറച്ച് കഴിഞ്ഞപ്പോൾ ജാനകിയമ്മ വന്നു.. സദ്യയ്ക്ക് ആളെ ഏൽപ്പിച്ചിട്ടുണ്ട് എന്ന് വിധുവേട്ടൻ പറഞ്ഞു.. “. ആരെയും വിളിച്ചിട്ടില്ല… ആ സമയത്ത് അമ്പലത്തിൽ വരുന്നവർക്ക് ആഹാരം കൊടുക്കാം… പിന്നെ അടുത്തൊരു അനാഥാലയം ഉണ്ട് അവിടേക്കും ഊണ് കൊടുക്കാം എന്ന് ഏറ്റിട്ടുണ്ട് … എല്ലാം ഗിരി പറഞ്ഞത് പോലെയാണ് ചെയ്തിട്ടുള്ളത് “” എന്ന് വിധുവേട്ടൻ പറഞ്ഞു…

” മതി വിധുവേട്ടാ… ഞാനും അങ്ങനെ തന്നെയാ വിചാരിച്ചത് ” എന്ന് പറഞ്ഞു… വിധുവേട്ടൻ്റെ കാറിൽ അമ്പലത്തിലേക്ക് യാത്ര തിരിക്കുമ്പോഴും പഴയ ഓർമ്മകൾ ഓരോന്നായി തികട്ടി വന്നു തുടങ്ങിയിരുന്നു… അമ്പലത്തിൽ എത്തിയപ്പോൾ ഗിരിയേട്ടൻ എന്നെ നോക്കി നിൽക്കുന്നത് കണ്ടു.. അപ്പൂസ് ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു… അമ്പലനടയുടെ നേരെ നിന്നു തൊഴുതു… അമ്മയുടെ പാദം തൊട്ടു വന്ദിച്ചു.. ഗിരിയേട്ടൻ്റെ താലി കൈകുപ്പി കണ്ണടച്ച് നിന്നു കൊണ്ട് സ്വീകരിച്ചു…. എല്ലാം അപ്പൂസ് കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു…….തുടരും

സ്‌നേഹതീരം: ഭാഗം 24

Share this story