താന്തോന്നി: ഭാഗം 8

താന്തോന്നി: ഭാഗം 8

എഴുത്തുകാരി: അമ്മു അമ്മൂസ്

ചുണ്ടിലൂറിയ ചിരിയോടെ ആ പൊതി തുറന്നു കണ്മഷി കൈയിലേക്ക് എടുത്തു… വർഷങ്ങൾക്ക് ശേഷം എഴുതുന്നതുകൊണ്ട് തന്നെ ചെറിയൊരു അലോസരം ഉണ്ടായിരുന്നു കണ്ണുകൾക്ക്… രണ്ടു മൂന്ന് വട്ടം ഒന്ന് ചിമ്മി തുറന്നപ്പോൾ ശെരിയായെന്ന് തോന്നി. രണ്ടു കണ്ണും എഴുതിക്കഴിഞ്ഞു പൊട്ട് കൈയിലേക്ക് എടുത്തു… കറുത്ത കുഞ്ഞ് വട്ടപ്പൊട്ട് നെറ്റിയിലേക്ക് ഒട്ടിച്ചു…. കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തന്റെ രൂപം ആകെ മാറിയത് പോലെ തോന്നി അവൾക്ക്…. ഒരു ചെറിയ ചിരിയോടെ ആ മാറ്റങ്ങൾ നോക്കി നിൽക്കുമ്പോൾ ഉള്ളിലാകെ നിറഞ്ഞു നിന്നിരുന്നത് അവൻ മാത്രമായിരുന്നു…

തന്നെ ഈ കോലത്തിൽ കാണുമ്പോഴുള്ള പ്രതികരണം അറിയാനായി വല്ലാത്ത ആകാംഷ തോന്നി. വേഗം മുടി ഒന്ന് കുളിർപ്പിന്നൽ പിന്നി തുമ്പ് ചെറുതായി കെട്ടി ഇട്ട് വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി. ഹാളിൽ ഒന്നും രുദ്രനെ കാണാതെ അവൾക്ക് വല്ലാത്ത നിരാശ തോന്നി. സാധാരണ ഈ സമയമൊക്കെ ഇവിടെ എവിടെയെങ്കിലും കാണുന്നതാണ്. വീണ്ടും ഒരിക്കൽ കൂടി കണ്ണുകൾ കൊണ്ട് അവിടെയാകെ തിരഞ്ഞെങ്കിലും അവനെ കാണാൻ സാധിച്ചില്ല. ചെറിയൊരു നിരാശ മനസ്സിനെ മൂടും പോലെ തോന്നി.

അമ്മയുടെ അടുത്തേക്ക് നടക്കുമ്പോഴും മനസ്സിൽ അതേ നിരാശ തന്നെ ആയിരുന്നു. “”ആഹാ… രാവിലെ കുളി ഒക്കെ കഴിഞ്ഞോ…”” അടുക്കളയിലേക്ക് ചെന്നപ്പോഴേ അമ്മയുടെ ചോദ്യം കേട്ടു. “”കണ്ണൊക്കെ എഴുതി സുന്ദരിക്കുട്ടി ആയല്ലോ…”” അവളെ ആകെയൊന്ന് നോക്കി… തലയിൽ ഒന്ന് തലോടിക്കൊണ്ട് അമ്മ പറഞ്ഞു… “”ഇങ്ങനെ വേണം ഇനി എന്നും…. ഇപ്പൊ എന്റെ പഴയ പാറൂട്ടി ആയി… “” അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു പറയുമ്പോൾ ആ അമ്മയുടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായിരുന്നു.. ഒന്ന് ചിരിച്ചിട്ട് അമ്മയുടെ അടുത്ത് ചെന്ന് സ്ലാബിലേക്ക് കയറി ഇരുന്നു “”ഇന്നു വൈകിപ്പോയി അമ്മേ…

സോറി… നല്ല തലവേദന ആയിരുന്നു രാത്രി..”” “”ഞാനിതുവരെ മോളെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു വിളിക്കാൻ തുടങ്ങുവായിരുന്നു. രുദ്രൻ പറഞ്ഞു രാത്രി തല വേദനിച്ചിട്ട പോയത്… ഉറങ്ങിക്കോട്ടെ ന്ന്… അപ്പോൾ പിന്നെ ഞാൻ വിളിക്കാതെ ഇങ്ങ് പോന്നു…”” . അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഇതുവരെ തോന്നിയ പേടിയും വിഷമവും എല്ലാം മനസ്സിൽ നിന്നും അകന്നു പോകും പോലെ. രുദ്രേട്ടനാണ് തന്റെ കാര്യം അമ്മയോട് പറഞ്ഞതെന്നറിഞ്ഞപ്പോൾ ഒരു വല്ലാത്ത സന്തോഷം വന്നു മൂടും പോലെ.

“”അപ്പൊ എന്റെ കാര്യം ശ്രദ്ധിക്കാനും അറിയാം….”” സ്വയം പറഞ്ഞിട്ട് ചിരി മറച്ചു പിടിച്ചു വീണ്ടും അമ്മയെ നോക്കി. “”എന്നിട്ട് രുദ്രേട്ടനും വിഷ്ണുവേട്ടനും എവിടെ അമ്മേ… ഞാനിങ്ങോട്ട് വരാൻ നേരം നോക്കിയിരുന്നു.”” “”വിഷ്ണു ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞു പോയതാ. രുദ്രൻ ഇവിടെ എവിടെയെങ്കിലും കാണുമല്ലോ… ഇപ്പൊ ജോലിക്ക് ഒക്കെ പോകുന്നത് കണക്ക് തന്നെ… കള്ളും കുടിച്ചു നടക്കുവല്ലായിരുന്നോ മൂന്നാല് വർഷം…. എത്ര കഷ്ടപ്പെട്ടിട്ട അന്ന് ടെസ്റ്റ്‌ എഴുതി സ്കൂളിൽ കയറിയത്… എന്നിട്ട് അവനങ്ങു പോയതിന് ശേഷം കുടിച്ചു നശിക്കുക തന്നെ… ഇടയ്ക്കിടക്ക് മാത്രം ഒന്നു പോകും…

എന്നിട്ട് അടുത്ത ലോങ്ങ്‌ ലീവും എടുത്തു ഇങ്ങ് വരും….”” സാരിത്തലപ്പുക്കൊണ്ട് കണ്ണുകൾ ഒപ്പി അമ്മയത് പറഞ്ഞപ്പോൾ ഉള്ളിലൊരു നോവ് പടരും പോലെ. “”അതൊക്കെ നമുക്ക് ശെരിയാക്കാം ന്നെ… വിഷ്ണുവേട്ടൻ ഇങ്ങ് വന്നില്ലേ… ഇനിയും പണിക്ക് പോയില്ലെങ്കിൽ നമുക്ക് ആ താന്തോന്നി വാദ്ധ്യാരെ ചെവിക്ക് പിടിച്ചു സ്കൂളിൽ കൊണ്ട് ചെന്നു വിടാം…”” “”ആഹാ.. ആരെ ചെവിക്ക് പിടിക്കുന്ന കാര്യമാ അമ്മയും മോളും കൂടി പറയുന്നത്…”” വിഷ്ണുവേട്ടന്റെ ശബ്ദം കേട്ടപ്പോഴാണ് വാതിൽക്കലേക്ക് നോക്കുന്നത്…

വിഷ്ണുവേട്ടനെയും തൊട്ട് പിന്നിലായി രുദ്രേട്ടനെയും കണ്ടതോടെ സ്ലാബിൽ നിന്നും ചമ്മലോടെ താഴേക്ക് ഇറങ്ങി. വിഷ്ണുവേട്ടൻ ചിരിയോടെ നിൽക്കുകയാണ്.. പക്ഷേ അടുത്ത ആളിന്റെ മുഖത്ത് അതിനും കൂടി ഗൗരവം ഉണ്ട്. “”ഈശ്വരാ.. ഞാനിനി പറഞ്ഞതെങ്ങാനും കേട്ട് കാണുമോ എന്തോ.. എങ്കിൽ പിന്നെ അത് മതി ഇനി അടുത്ത വഴക്കിനു.”” ഈ ഒരുങ്ങിയതൊക്കെ കണ്ടിട്ടുള്ള ഭാവം അറിയാൻ വേണ്ടി വെറുതെ ഒളിക്കണ്ണിട്ട് ആ മുഖത്തേക്ക് നോക്കി. ഈ വശത്തോട്ട് പോലും നോക്കുന്നില്ല. മറ്റെങ്ങോട്ടോ നോക്കിയാണ് നിൽപ്പ്.

ദേഷ്യവും സങ്കടവും ഒക്കെക്കൂടി ഉള്ളിൽ നിറയും പോലെ തോന്നി. “”നീയെവിടെ പോയിരുന്നതാ വിഷ്ണു. കഴിച്ചിട്ട് പോകാൻ പറഞ്ഞപ്പോൾ മോളും കൂടി വരട്ടെ പറഞ്ഞിട്ട് ഒരു പോക്കായിരുന്നു… ഏട്ടൻ വന്നിട്ട് മതി എന്ന് അടുത്തവൻ… മൂന്നാളും നിന്ന് കഥകളി കളിക്കാതെ അങ്ങോട്ട് ഇരുന്നേ..”” അമ്മ പറഞ്ഞത് കേട്ട് കഴിക്കാൻ ഇരുന്നപ്പോഴും കണ്ണുകൾ അനുസരണ ഇല്ലാതെ പലവട്ടമായി അവന്റെ മുഖത്ത് തന്നെ ആയിരുന്നു. പ്ലേറ്റ് ലേക്ക് മാത്രം നോക്കി ഇരുന്ന് കഴിക്കുന്നുണ്ട്. അബദ്ധത്തിൽ പോലും തനിക്ക് നേരെ ആ മിഴികൾ എത്തുന്നില്ല. എന്തോ വല്ലാത്ത ഒരു വിമ്മിഷ്ടം തോന്നി അവൾക്ക്….

സ്വയം കോമാളി ആയതുപോലെ… നിറഞ്ഞ കണ്ണുകൾ മറ്റാരും കാണാതിരിക്കാൻ വേണ്ടി പ്ലേറ്റ് ലേക്ക് തന്നെ നോക്കി ഇരുന്നു… ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി… വീണ്ടും ഒരിക്കൽ കൂടി സ്വപ്നങ്ങളെല്ലാം ഒരു മണൽത്തരി പോലെ കൈവെള്ളയിൽ നിന്ന് ഊർന്നിറങ്ങും പോലെ. .. വിഷ്ണുവേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട് അമ്മയോട്. പുതിയതായി തുടങ്ങാൻ പോകുന്ന കൃഷിയുടെ കാര്യങ്ങൾ ഒക്കെ..

പക്ഷേ ഒന്നിനും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..കഴിക്കാതെ എഴുന്നേറ്റാൽ അമ്മ വഴക്ക് പറയും എന്ന് അറിയാവുന്നതിനാൽ എങ്ങനെയൊക്കെയോ ഒരു വിധം കഴിച്ചു… കഴിച്ചു തീരും മുൻപേ രുദ്രേട്ടൻ പാത്രവും എടുത്തു എഴുന്നേറ്റു പോകുന്നത് കണ്ടു. വാതിലിൽ നിന്ന് മറയും വരെ നോക്കി ഇരുന്നിട്ടും ഒരു തിരിഞ്ഞുനോട്ടം പോലും ലഭിക്കാതെ ആയപ്പോൾ വേദനയോടെ വീണ്ടും മിഴികൾ താഴ്ത്തി. 🔸🔸

മുറിയുടെ അകത്തേക്ക് ചെല്ലുമ്പോഴും രുദ്രന് ശ്വാസം മുട്ടും പോലെ തോന്നി. ഇന്നലെ അവളെങ്ങനെയൊക്കെ പറഞ്ഞതിന് ശേഷം അവളെ നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഉള്ളിലാകെ വല്ലാത്ത ഒരു കുറ്റബോധം വന്നു നിറയും പോലെ. ഇത്രയും കാലം അവളെ ഒരോ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതെല്ലാം അതിലും ഇരട്ടിയായി തന്നെ മുറിവേൽപ്പിക്കും പോലെ… കണ്ണുകൾ അടച്ചു കട്ടിലിലേക്ക് ചാരി കിടന്നു. അടുത്താരോ വന്നിരിക്കും പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്… ഏട്ടനാണ്.. ഒരു ചെറിയ ചിരിയോടെ തന്നെ നോക്കി ഇരിക്കുന്നു… ആ മടിയിലേക്ക് തല എടുത്തു വച്ചു…

വിഷ്ണു ഒരു ചിരിയോടെ അവന്റെ മുടിയിൽ കൂടി വിരലോടിച്ചു. പണ്ടും ഇങ്ങനെയാണ്… എന്തെങ്കിലും ഒരു ചെറിയ വിഷമം ഉണ്ടാകുമ്പോളേക്കും ഓടി തന്റെ അടുത്തേക്ക് വരും. “”എന്താ…. രുദ്രാ… നീയെന്തിനാ ഇനിയും പാറുവിനോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്… പാവമല്ലേ അവള്…”” ഏട്ടൻ പറയുന്നത് കേട്ടപ്പോൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി… “”അവൾക്കെന്നോട് വെറുപ്പായിരിക്കും അല്ലെ ഏട്ടാ…. അത്രയും ഞാനവളെ വേദനിപ്പിച്ചിട്ടുണ്ട്…”” ഇടറി തുടങ്ങിയ സ്വരത്തോടെ പറഞ്ഞതും ഏട്ടന്റെ ഉറക്കെയുള്ള ചിരിയാണ് കേൾക്കുന്നത്. “”പിന്നെ…

നിന്നോടുള്ള വെറുപ്പ് കാരണമല്ലേ ആ പെണ്ണ് രാവിലെ മുതൽ കുളിച്ചു കണ്ണും എഴുതി പൊട്ടും തൊട്ട് നടക്കുന്നത്….. വാങ്ങി കൊടുത്താൽ മാത്രം പോരാ… അതിടുമ്പോൾ അവരെ ഒന്ന് നോക്കുകയെങ്കിലും വേണം…”” ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ കണ്ണ് മിഴിഞ്ഞു പോയി… ഏട്ടനിതൊക്കെ എങ്ങനെ അറിഞ്ഞു എന്നൊരു സംശയം ഉള്ളിൽ നിറഞ്ഞു… പക്ഷേ അതിലും ഉപരിയായി അവളെ കാണണമെന്ന് തോന്നി…… “”ചെല്ല്… കൂടുതൽ അഭിനയിച്ചു ഇനി ബുദ്ധിമുട്ടണ്ട….

അവളിപ്പൊ പിന്നിലെ ആ പടിക്കെട്ടിന്റെ അവിടേക്ക് പോയി ഇരിപ്പുണ്ട്…. എന്നോടിനി അവള് പറഞ്ഞതാ എന്നൊന്നും വിചാരിക്കണ്ട…. കടയില് കേറി പൊട്ടും കണ്മഷിയും ഒക്കെ വാങ്ങുമ്പോൾ അതൊക്കെ കാണുന്ന വേറേം ആളുകൾ ഉണ്ടെന്ന് കൂട്ടിക്കോ..”” ഏട്ടനങ്ങനെ പറഞ്ഞപ്പോൾ വല്ലാത്ത ചമ്മൽ തോന്നി. ഏട്ടന് മുഖം കൊടുക്കാതെ പുറത്തേക്ക് ഇറങ്ങി..തനിക്കായി അവൾ കണ്മഷിയും പൊട്ടും അണിഞ്ഞു എന്നറിഞ്ഞത് മുതൽ ഉള്ളിലാകെ വല്ലാത്തൊരു സന്തോഷം നിറയുന്നു… 🔸

“”ശേ…. ഞാനാ മുഖത്തോട്ട് നോക്കിയില്ലല്ലോ… വീണ്ടും അവളെ വേദനിപ്പിച്ചല്ലോ….”” ഓരോന്നോർത്ത് പടിക്കെട്ടിന്റ അവിടെ എത്തിയതും കണ്ടു.. ഏറ്റവും അവസാനത്തെ പടിയിൽ ഇരുന്നുകൊണ്ട് മുന്നിലുള്ള തൊടിയിലേക്ക് നോക്കി നിൽക്കുന്നത്… ഇടയ്ക്കിടക്ക് എന്തൊക്കെയോ പറയുന്നതും.. കണ്ണ് തുടക്കുന്നതും ഒക്കെ കാണാം… പിന്നെ വേറൊന്നും ആലോചിക്കാതെ വേഗം ചെന്ന് അവളുടെ തൊട്ടരികിലായി ഇരുന്നു. അടുത്താരോ ഇരിക്കുന്നത് പോലെ തോന്നിയതും പാർവതി ഞെട്ടി തിരിഞ്ഞു നോക്കി. ചെറിയ ഒരു ചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന രുദ്രനെ കണ്ടതും മുഖം ഒന്ന് ഇരുണ്ടു…

ദേഷ്യത്തോടെ തല മറുവശത്തേക്ക് വെട്ടിച്ചു. “”ഹും… വന്നിരിക്കുന്നു…”” “”കണ്ണൊക്കെ എഴുതിയല്ലോ….”” താടിക്ക് കൈ കൊടുത്തു അവൻ പറയുന്നത് കേൾക്കെ ചിരി വരാൻ തുടങ്ങിയിരുന്നു. പക്ഷേ ഗൗരവം മാറ്റിയില്ല… പിന്നീട് അവന്റെ ഭാഗത്തുനിന്നും ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ തല ചെരിച്ചു നോക്കി… തൊട്ട് മുന്നിലെ നിലത്തേക്ക് നോക്കി ഇരിപ്പുണ്ട്. വിരലുകൾ അങ്ങോട്ടും ഇങ്ങോട്ടും പിണച്ചു വച്ചിരിക്കുന്നു… കാര്യമായ എന്തോ ആലോചനയിൽ ആണെന്ന് തോന്നുന്നു… .

“”സ്….. സോറി….”” പെട്ടെന്ന ശബ്ദം കേട്ടപ്പോൾ ഞെട്ടിപ്പോയി… അപ്പോഴും തനിക്ക് നേരെ നോക്കാതെ നിലത്തേക്ക് തന്നെ നോക്കി ഇരിക്കുവായിരുന്നു… “”എനിക്ക് കുഞ്ഞിലേ മുതലേ ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് ഏട്ടനോടാണ്… എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരാൻ ഏട്ടനുണ്ടാകും… തെറ്റ് ചെയ്യുമ്പോഴും ദേഷ്യപ്പെടാതെ ഒരു ചിരിയോടെ ശെരിയും തെറ്റും പറഞ്ഞു തരുന്ന ഏട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു… എപ്പോഴും ചിരിച്ച മുഖത്തോടെയെ ഏട്ടനെ കാണാറുള്ളു… വല്ലപ്പോഴും മാത്രം ദേഷ്യം വരുന്നത് കാണാം….

“” അവനൊന്നു നിർത്തി….. അവൻ പറയുന്ന ഒരോ വാക്കും ശ്രദ്ധയോടെ കെട്ടിരിക്കുകയായിരുന്നു പാർവതി. “”പക്ഷേ ഏട്ടൻ കരയുന്നത് ഞാനാദ്യമായി കണ്ടത് ഭദ്രേച്ചി പോയപ്പോളാണ്…. ആശുപത്രിയിൽ വെച്ച് ഞാനാണ് ആ വിവരം ഏട്ടനോട് പറഞ്ഞത്… നിർജീവമായ മുഖത്തോടെ എന്നേ നോക്കി ഒരിരിപ്പ് ഇരുന്നു…. ഇപ്പോഴും ആ നോട്ടം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല….. മുറിവ് പോലും കാര്യമാക്കാതെ ആശുപത്രിയിൽ നിന്നും വരണം എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കി…. പക്ഷേ അപ്പോഴും ഏട്ടൻ കരഞ്ഞിരുന്നില്ല…. പക്ഷേ ഭദ്രേച്ചിയെ കണ്ടിട്ട് തിരിച്ചു വന്നു കഴിഞ്ഞപ്പോൾ മുതൽ ഏട്ടൻ ആളാകെ മാറി….

ഒരു തരം പ്രതിമ പോലെയായി മാറിയിരുന്നു… ഭക്ഷണവും വെള്ളവും ഒന്നും കഴിക്കാതെ…. ഇനിയും കൈവിട്ട് പോയാൽ ഏട്ടനെ തന്നെ നഷ്ടമാകും എന്ന് തോന്നിയപ്പോളാണ് അമ്മ ഒടുവിൽ ഏട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞത്…. കുറേ കഴിഞ്ഞപ്പോൾ ഏട്ടനും കരഞ്ഞു…. കണ്ണിലെ അവസാനത്തെ തുള്ളിയും വറ്റും വരെ കരഞ്ഞു…. എന്നോടൊന്നും മിണ്ടാതെ ഏട്ടനിരിക്കുമ്പോൾ വല്ലാതെ നോവുമായിരുന്നു എനിക്ക്…. ആ വേദനയിലൊക്കെ നിന്നോടുള്ള വെറുപ്പ് കൂടിക്കൊണ്ടിരുന്നു…. പക പോലെ ആയിരുന്നു അന്നൊക്കെ…. ഏട്ടനെ അത്രയും വേദനിപ്പിച്ചവളോടുള്ള ദേഷ്യം…. വാശി….

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പിന്നെ ഏട്ടന് തീരെ പറ്റാതായി… ഭ്രാന്ത്‌ പിടിക്കുമോ എന്ന് പോലും ആ പാവം പേടിച്ചു…. അങ്ങനെയാണ് ഇവിടുന്ന് മാറി നിൽക്കുന്നത്… ഒരു കത്തും എഴുതി വച്ചിട്ട് ആളങ്ങു പോയ്‌…. എവിടെയോ ജോലി ശെരിയായത്രേ… അതിൽ പിന്നെ എല്ലാ ദേഷ്യവും നിന്നോടായിരുന്നു…. പക്ഷേ കുടിക്കാതെ നിന്നെ ഒരിക്കലും വേദനിപ്പിക്കാൻ പറ്റില്ലായിരുന്നു…. ഒരോ തവണയും നിന്നെ വേദനിപ്പിക്കുമ്പോൾ നിന്റെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണീർ എന്നെയാണ് പൊള്ളിക്കുന്നത് എന്ന പോലെ….

അതുകൊണ്ട് കുടിക്കാൻ തുടങ്ങി…. നീ വേദനിക്കണം എന്നൊക്കെ ആരോ മനസ്സിൽ ഇരുന്ന് പറയും പോലെ തോന്നും അപ്പോൾ….”” അവനൊന്നു ചിരിച്ചു… കേട്ടത് വിശ്വസിക്കാൻ കഴിയാതെ തരിച്ചിരിക്കുകയായിരുന്നു പാർവതി…. ഒരിക്കലും അവൻ കുടിക്കാനുള്ള കാരണം ഇതായിരിക്കും എന്ന് ഊഹിച്ചിരുന്നില്ല.. “”ഞാനൊരിക്കലും നിന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചിട്ടേ ഇല്ല….. പക്ഷേ ഇന്നലെ നീ പറഞ്ഞ ഒരോ വാക്കും ഉണ്ടല്ലോ…. ഇനിയും മനസ്സിൽ നിന്നും പോയിട്ടില്ല….. ഇപ്പോഴും അതിങ്ങനെ എന്റെ മനസ്സിൽ കിടന്നു മുറിവേൽപ്പിക്കുവാ…. ഞാൻ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്……

ഇനിയും നിന്നോട് ഇതൊന്നും പറഞ്ഞില്ല എങ്കിൽ മനസ്സമാധാനം കിട്ടില്ല എനിക്ക്….”” പറഞ്ഞു കഴിഞ്ഞു അവളെ നോക്കിയ കണ്ണുകളിൽ കണ്ണീരിന്റെ നനവിനോപ്പം കുറ്റബോധം കൂടി ഉണ്ടെന്ന് തോന്നി അവൾക്ക്.. അവളുടെ പ്രതികരണം അറിയാൻ വേണ്ടി അവളെ തന്നെ നോക്കി ഇരുന്നു രുദ്രൻ… നെഞ്ച് മിടിച്ചു മിടിച്ചു ഇപ്പോൾ പൊട്ടും എന്ന് തോന്നി… കണ്ണിമയ്ക്കാതെ തന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു അവൾ… ആ കണ്ണുകളും ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു….. തുടരും

താന്തോന്നി: ഭാഗം 7

Share this story