ഹരി ചന്ദനം: ഭാഗം 26

ഹരി ചന്ദനം: ഭാഗം 26

എഴുത്തുകാരി: ശ്രുതി കൃഷ്ണ

രാവിലെ കണ്ണ് തുറക്കുമ്പോൾ H.P യുടെ കയ്യിൽ തല ചേർത്ത് ഉറങ്ങുകയായിരുന്നു ഞാൻ.ഒരാൾക്ക് കഷ്ടിച്ച് കിടക്കാവുന്ന കട്ടിലിൽ വീണു വീണില്ല എന്ന മട്ടിൽ അറ്റത്തായി ആള് കിടപ്പുണ്ട്.കട്ടിൽ ചെറുതാണെങ്കിലെന്താ കിട്ടാവുന്നതിന്റെ മാക്സിമം ഡിസ്റ്റൻസ് കീപ് ചെയ്തിട്ടുണ്ട്.കൈ മാത്രം അതിക്രമിച്ചു കയറി വന്നത് കൊണ്ട് ഞാൻ തലയിണയായി അഡ്ജസ്റ്റ് ചെയ്തു.മുടിയൊക്കെ നെറ്റിയിലേക്ക് വീണ് കമഴ്ന്നു എന്റെ നേരെ തിരിഞ്ഞു കിടക്കുന്ന ആളേ നോക്കി കിടക്കാൻ തന്നെ നല്ല ചേലാണ്.കൊച്ചു കുഞ്ഞിന്റേതു പോലെ നിഷ്കളങ്കമായ മുഖം.

ഞാൻ ചൂണ്ടു വിരൽ കൊണ്ട് മുടിയൊക്കെ പതിയെ ഒതുക്കി ഇത്തിരി നേരം കൂടി ആളേ നോക്കി കിടന്നു.അപ്പോഴേക്കും എനിക്ക് ചൂടെടുത്തു ആകെ വിയർക്കുന്നത് പോലെ തോന്നി. അതെങ്ങനെയാ മൂന്ന് പുതപ്പ് കൊണ്ട് പുതപ്പിച്ചത് കൂടാതെ ഫാൻ പോലും കറങ്ങുന്നില്ല.ഞാൻ പുതപ്പൊതുക്കി തല ഭാഗത്ത് അല്പം മുകളിലായുള്ള സ്വിച്ചിലേക്കു കിടന്നിടത്തു നിന്നും ഏന്തി വലിഞ്ഞു കൈ എത്തിച്ചു നോക്കി.ഒരു വിധം ഫാൻ ഓണാക്കിയപ്പോഴേക്കും H.P യും ഉണർന്നു.കണ്ണ് തുറന്ന് ചാടി എണീറ്റ് എന്നെ വളരെ രൂക്ഷമായൊന്ന് നോക്കി.ഞാൻ പിന്നെ ഭൂതകാലം തീരെ ഓര്മയില്ലാത്തതു പോലെ ആളേ നോക്കി.

ആള് ഗൗരവം വിടാതെ വലതു കൈ എന്റെ നേരെ ഉയർത്തി.പെട്ടന്ന് ഞെട്ടി ഞാൻ അടി പ്രതീക്ഷിച്ചു കണ്ണുകൾ മുറുക്കി അടച്ചപ്പോളേക്കും ആ കൈ എന്റെ നെറ്റിയിൽ പതിഞ്ഞിരുന്നു.പതിയെ കഴുത്തിലും.ഞാൻ കണ്ണുകൾ തുറന്ന് അത്ഭുതത്തോടെ ആളേ നോക്കി. “ഇന്നലെ തനിക്ക് രാത്രിയിൽ നല്ല ചൂടുണ്ടായിരുന്നു.അതാ ഞാൻ…..താൻ ഓക്കേ അല്ലേ? ” ഞാൻ ആണെന്ന് തലയാട്ടി. “മൂകാഭിനയം ഒന്നും വേണ്ട.എന്തുണ്ടെലും വാ തുറന്ന് പറയണം. അല്ലാത്തപ്പോൾ ഭയങ്കര നാക്കാണല്ലോ? ഇന്നലെ നമ്മൾ തിരിച്ചു ഇറങ്ങുമ്പോൾ പറഞ്ഞൂടായിരുന്നോ തനിക്ക് വയ്യെന്ന്.

എങ്കിൽ ഇന്നലെ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു.ഇന്നലെ ഈ ലോഡ്ജിന്റെ ഉടമസ്ഥനോട് എത്രത്തോളം റിക്വസ്റ്റ് ചെയ്തിട്ടാണെന്നു അറിയാമോ ഇങ്ങനൊരു റൂം തന്നത്.അതും കാറിനടുത്തു വരെ വന്ന് തന്റെ അവസ്ഥ നേരിട്ട് കണ്ട് ഭോദ്യപ്പെട്ടതിനു ശേഷം. ” ഇതൊക്കെ എപ്പോൾ എന്ന ഭാവത്തോടെ ഞാൻ H.P പറയുന്നത് കേട്ടിരുന്നു. “ഇത് അയാളുടെ റൂമാണ്.ഇരട്ടി കാശ് കൊടുത്തിട്ടാണ് ഒപ്പിച്ചത്.അതും അയാളുടെ സന്മനസ്സ് കൊണ്ട്.ഇത് വല്ലതും തനിക്കറിയണോ? ” സുഖമില്ലാതിരുന്ന എന്നോട് ആള് തട്ടിക്കയറുന്നത് കണ്ടപ്പോൾ എനിക്കും ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

ഓഹ്… പിന്നെ ഇരട്ടി കാശ് കൊടുത്തിട്ട് ഈ കുടൂസ്സ് മുറിയല്ലേ തന്നുള്ളൂ…..ആത്മഗതം ആണെങ്കിലും H.P കേട്ടു എന്നുള്ളത് ആളുടെ നോട്ടത്തിൽ നിന്നും മനനസ്സിലായി. “പെട്ടന്ന് കയറി വന്ന് ചോദിക്കുമ്പോൾ നല്ല റൂം ഒരുക്കി തരാൻ ഈ ലോഡ്ജ് എന്റെ അമ്മാവന്റെ വകയൊന്നുമല്ല.” ഈ ഡയലോഗ് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ചിന്തിച്ചു നോക്കിയപ്പോൾ ആള് ഇടം കണ്ണിട്ട് എന്നെ നോക്കുന്നു. ഇത് എന്റെ ഡയലോഗ് അല്ലേ… അത് കോപ്പി ചെയ്ത് എഡിറ്റ്‌ ചെയ്ത് എനിക്ക് നേരെ തന്നെ പ്രയോഗിച്ചതും പോരാ എന്നെ നോക്കി കണ്ണുരുട്ടുന്നു.ഞാൻ കുറ്റവാളിയെ പോലെ തല താഴ്ത്തി ഇരുന്നു.

“അതേ…വേഗം റെഡി ആയി ഇറങ്ങു.ഇപ്പോൾ തന്നെ മടങ്ങാം.” അതും പറഞ്ഞു H.P പുറത്തേക്കു പോയി.ഞാൻ എണീറ്റ് മുടിയും ഡ്രെസ്സും ഒക്കെ നേരെയാക്കി ഒന്നു മുഖവും കഴുകി പതിയെ പുറകെ ഇറങ്ങി.ഞാൻ ചെല്ലുമ്പോൾ H.P കാറിൽ കയറി ഇരിപ്പുണ്ടായിരുന്നു.ഞാനും വേഗം ഫ്രണ്ട് ഡോർ തുറന്ന് കയറി ഇരുന്നു.കാറിലാകെ പെർഫ്യൂമിന്റെ ഗന്ധം നിറഞ്ഞിരിക്കുന്നു.നോക്കുമ്പോൾ ആള് കാർ ക്ലീനാക്കി വച്ചിട്ടുണ്ട്.ഞാൻ മുഖവും വീർപ്പിച്ചു ആളേ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കിയിരുന്നു.ആള് ഇടയ്ക്കിടെ എന്നെ നോക്കുന്നത് ഡോറിന്റെ ഗ്ലാസ്സിലൂടെ എനിക്ക് കാണാമായിരുന്നു.

“കിച്ചു വിളിച്ചിരുന്നു….അവന്റെ അടുത്ത് ചെല്ലാമെന്നു പറഞ്ഞിട്ട് പോവാതിരുന്നതിൽ പരിഭവം പറഞ്ഞു.തനിക്ക് സുഖമില്ലായിരുന്നു എന്നെ ഞാൻ പറഞ്ഞുള്ളു.തന്റെ ഇന്നലത്തെ പെർഫോമൻസ് ഒന്നും വിശദീകരിച്ചു പറഞ്ഞിട്ടില്ല.ഇനി വീട്ടിൽ ചെന്ന് അമ്മയോട് വിശദീകരിച്ചു അമ്മേടെ B.P കൂട്ടണ്ട.ഞാൻ പറയുന്നത് കേൾക്കുന്നില്ലേ? ” ആളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം കൊടുക്കാതെ ഞാൻ മിണ്ടാതിരുന്നു.അതോടെ കുറച്ച് നേരത്തേക്ക് ആളും സൈലന്റ് ആയി. “അല്ല തനിക്ക് വിശക്കുന്നില്ലേ? ” മറുപടിയില്ലാതെ വന്നപ്പോൾ ആളുടെ അടുത്ത ഡയലോഗ് എത്തി. “അതെങ്ങനെയാ…. ഒരാഴ്ചത്തേക്കുള്ളത് ഒറ്റയടിക്ക് ഇന്നലെ കേറ്റിയിട്ടുണ്ടല്ലോ അല്ലേ??…

” അത്രയും പറഞ്ഞ് ആള് ചിരിച്ചു.എനിക്കെന്തോ സങ്കടമായി കണ്ണൊക്കെ നിറഞ്ഞു.ഞാൻ കണ്ണ് തുടയ്ക്കുന്നതു കണ്ടപ്പോൾ സ്വിച്ച് ഓഫ്‌ ചെയ്ത പോലെ ആളുടെ ചിരിയും നിന്നു.പിന്നെ ആളും അധികമൊന്നും സംസാരിച്ചില്ല.ഇടയ്ക്ക് ഫുഡ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറി.ബ്രെഡും ഓംലെറ്റും ഓർഡർ ചെയ്‌തെങ്കിലും H.P മാത്രം കഴിക്കേണ്ടി വന്നു.ഞാൻ ഒരു കാലി ചായയിൽ ഒതുക്കി.അത് കഴിഞ്ഞ് പിന്നെയും യാത്ര തുടർന്നു.കാറിൽ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് കേട്ടു ഇടയ്ക്കെപ്പോഴോ ഞാൻ ഉറങ്ങി.പിന്നെ വീടെത്താറായെന്നു പറഞ്ഞ് H.P വിളിച്ചപ്പോളാണ് ഉണർന്നത്. വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് തന്നെ ഞങ്ങളെ പ്രതീക്ഷിച്ചു അമ്മ ഇരിപ്പുണ്ടായിരുന്നു.

കാറിൽ നിന്നിറങ്ങിയ ഉടനെ ഓടിച്ചെന്നു ഞാൻ അമ്മയെ കെട്ടിപിടിച്ചു.ഈ ദിവസങ്ങളിൽ അമ്മയെ അത്രത്തോളം ഞാൻ മിസ്സ് ചെയ്തിരുന്നു.അമ്മയും എന്നെ ഇറുകെ പുണർന്നു ഉമ്മവച്ചു.അമ്മയുടെ കൈ പിടിച്ചു തിരികെ കയറുമ്പോൾ H.P മനോഹരമായ ഒരു ചിരിയോടെ ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. “യാത്ര ഇങ്ങനെ ഉണ്ടായിരുന്നു…? ” “നന്നായിരുന്നു അമ്മേ…. അമ്മയെ ഞാൻ ഒത്തിരി മിസ്സ് ചെയ്തു. ” “ഞാനും എന്റെ ചന്തുട്ടനെ ഒത്തിരി മിസ്സ് ചെയ്തു.കുറച്ചു മുൻപ് കിച്ചു വിളിച്ചിരുന്നു. നിങ്ങള് ചെന്നില്ലെന്നു പറഞ്ഞ് ആകെ ബഹളമായിരുന്നു.

ആട്ടെ… എന്റെ ചന്തുട്ടന് വയറു വേദന ആയിരുന്നെന്നു കേട്ടു.ഇപ്പോൾ എങ്ങനുണ്ട്? ” “ഇപ്പോൾ കുഴപ്പമൊന്നും ഇല്ല അമ്മേ…?ഞങ്ങൾ ഇന്നലെ ഡോക്ടറെ കാണിച്ചിരുന്നു.” “ആണോ…. എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു? ” ” അത് പിന്നെ….ഫുഡിന്റെ പ്രശ്നം ആണെന്ന്… ” ഞാൻ അത്രയും പറഞ്ഞപ്പോളേക്കും H.P കാറിലുള്ള ലഗേജുകൾ ഒക്കെ പൊക്കി H.P വന്നു.ഞാൻ വേഗം എന്റേത് ആളുടെ കയ്യിൽ നിന്നും വാങ്ങി.ആള് മുകളിൽ കൊണ്ട് വയ്ക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ ചെറിയ പിണക്കത്തോടെ അത് നിരസിച്ചു. “എന്നാലും എന്റെ ഹരിക്കുട്ടാ…എന്റെ കൊച്ചിനെ കൊണ്ട് പോയിട്ട് നല്ല ഭക്ഷണം പോലും വാങ്ങിക്കൊടുക്കാൻ നിനക്ക് പറ്റിയില്ലേ? ” അതും പറഞ്ഞ് അമ്മ മെല്ലെ H.P യുടെ തോളിൽ തട്ടി. ”

എന്റെ അമ്മേ….എന്നിട്ട് എനിക്ക് ഒരു കുഴപ്പവും വന്നില്ലല്ലോ? ” അതും പറഞ്ഞ് ആള് ചെറിയൊരു ചിരിയോടെ എന്നെ നോക്കി.അമ്മയും അത് ശരിയാണല്ലോ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു. “നിന്നെ പോലെ ആണോ അവള്. അവൾക്കവിടെ ശീലമില്ലാത്തതല്ലെ… എന്നിട്ട് നീയെന്താ ചെയ്തത് സുഖമില്ലാതിരിക്കുന്ന മോളെയും കൊണ്ട് രാത്രിയ്ക്കു രാത്രി പുറപ്പെടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?ഇത്രയും തിരക്കിട്ടു തിരിച്ചു വരാൻ മാത്രം നിനക്കിവിടെ വന്നു മലമറിക്കാനുണ്ടായിരുന്നോ? ” അതും പറഞ്ഞ് അമ്മ ഒന്നു കൂടി H.Pയ്ക്കിട്ടു കിഴുക്കി.ആള് കുറ്റം ഏറ്റെടുത്ത പോലെ ഒന്നും മിണ്ടാതിരുന്നു.

എന്ത് പറയണമെന്നറിയാതെ കുഴങ്ങിയിരിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് ആള് ബാഗും തൂക്കി മുകളിലേക്ക് പോയി. “ആഹാ…. എന്റെ ഹരിക്കുട്ടന്റെ മുഖത്ത് ചിരിയൊക്കെ വരുന്നുണ്ടല്ലോ?? ” അതും പറഞ്ഞ് അമ്മ മൂക്ക് പിടിച്ചു. “കൊച്ചു കള്ളി…. എന്റെ ചാന്തുട്ടന് നാണം വരുന്നുണ്ടോ? ആട്ടെ…. അവൻ കുഴപ്പമൊന്നും ഉണ്ടാക്കിയില്ലല്ലോ അല്ലേ? ” “ഏയ്… ഇല്ല അമ്മേ… ആള് ഓഫീസിലെ കാര്യങ്ങളുമായി ബിസി ആയിരുന്നു.എനിക്കാണെങ്കിൽ റൂമിലിരുന്ന് ബോറടിച്ചു.” “അതാ… ഞാൻ കൂടെ പോവാൻ മോളോട് ആദ്യമേ പറയാതിരുന്നത്.ചുമ്മാ വീട്ടിലിരുന്നാൽ നന്നായി ബോറടിക്കും.

അതു കൊണ്ടല്ലേ അമ്മ മുൻപ് അവന്റെ അച്ഛന്റെ കൂടെ ഓഫീസിൽ പൊയ്ക്കൊണ്ടിരുന്നത്.അവൻ പുറത്തൊന്നും കൊണ്ട് പോയില്ലേ? ” “ഉവ്വമ്മേ….കൊണ്ടുപോയി.” “എന്നിട്ട് എനിക്കെന്താ അവിടുന്ന് കൊണ്ട് വന്നത്? ” അപ്പോഴാണ് അമ്മയ്ക്ക് കൊണ്ടു വന്ന സാരിയുടെ കാര്യം ഓർത്തത്.അപ്പോൾ തന്നെ ബാഗ് തുറന്ന് അമ്മയ്ക്ക് അതെടുത്തു കൊടുത്തു.കൂടെ കിച്ചുവിനും ദിയയ്‌ക്കും വാങ്ങിയത് കൂടി അമ്മയെ ഏൽപ്പിച്ചു.എന്റെ സെലെക്ഷൻ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായി എന്ന് പറഞ്ഞു. ഞാൻ ബാഗും എടുത്ത് മുകളിലെത്തിയപ്പോളേക്കും H.P കുളിയൊക്കെ കഴിഞ്ഞ് പതിവുപോലെ ലാപിന്റെ മുൻപിൽ ഇരിപ്പുണ്ടായിരുന്നു.

ആൾക്ക് വാങ്ങിയ ഷർട്ടിന്റെ കാര്യം ഓർത്തെങ്കിലും അപ്പോൾ കൊടുക്കാൻ മടി തോന്നി പിന്നെ കൊടുക്കാമെന്നു കരുതി മാറ്റി വയ്ച്ചു. രാത്രിയിൽ വിശേഷങ്ങളൊക്കെ അറിയാൻ പപ്പയും അതു കഴിഞ്ഞ് സച്ചുവും പിന്നെ ചാരുവും വിളിച്ചു. ചാരുവിനോട് കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു പറഞ്ഞു കൊടുത്തു.അവളെന്നെ ഒത്തിരി കളിയാക്കി.ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ അവൾക്കും ദിവ്യയ്ക്കും വേറെ കുഴപ്പമൊന്നും ഇല്ലായിരുന്നു എന്നാണ് അവൾ പറഞ്ഞതു. അപ്പോൾ പിന്നെ എനിക്ക് മാത്രം എന്താ ഇങ്ങനെയെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ചിലപ്പോൾ മുൻപ് പറഞ്ഞപോലെ ഇതതു തന്നെയാവും… എന്തെന്നല്ലേ?? H.P യുടെ ചാത്തന്റെ കളികൾ…. പിന്നീടുള്ള ദിവസങ്ങൾ പതിവുപോലെ കടന്നു പോയി.

ഞാൻ പഠിത്തത്തിലേക്കും H.P ഓഫീസിലെ തിരക്കുകളിലേക്കും മുഴുകി.പഠനത്തിന്റെ മടുപ്പിൽ നിന്നും അല്പം ആശ്വാസം കിട്ടുന്നത് അമ്മയോടൊപ്പമുള്ള ഇടവേളകളിൽ ആയിരുന്നു. അങ്ങനെ ഒരു ദിവസം അമ്മയോട് ഇത്തിരി സംസാരിച്ചിരിക്കാൻ താഴേക്കു ചെന്നപ്പോൾ ആണ് കലണ്ടറിൽ കാര്യമായി എന്തോ പരിശോധിക്കുന്ന അമ്മയെ കണ്ടത്. “ആഹാ എന്റെ പാറൂട്ടൻ കാര്യമായി എന്തോ തപ്പുന്നുണ്ടല്ലോ? ” “അതൊന്നുല്ല മോളെ…ഈ മാസം ഹരിക്കുട്ടന്റെ പിറന്നാൾ ഉണ്ട്. അതെന്നാണെന്നു നോക്കുവായിരുന്നു. ” “ആഹാ… എന്നിട്ട് എന്നാണ് ആ മഹാദിവസം? ” “വരുന്ന വെള്ളിയാഴ്ച.”

“എങ്കിൽ പിന്നെ അതൊന്നു ആഘോഷിക്കണമല്ലോ? ” “നല്ല കാര്യായി….അന്നേ ദിവസം ഒന്ന് അമ്പലത്തിൽ പോകാൻ വിളിച്ചാൽ പോലും അവൻ വരവുണ്ടാകില്ല. പിന്നെയാണോ ആഘോഷിക്കാൻ നിന്നു തരുന്നത്.സ്വൊന്തം പിറന്നാൾ ഒഴികെ ബാക്കി എല്ലാവരുടെയും ആഘോഷിക്കാൻ അവൻ കൂടെ കൂടും. ” “എല്ലാ പ്രാവശ്യത്തെയും പോലെയാവില്ല ഈ തവണ.എന്തായാലും നമ്മൾ അമ്മേടെ ഹരിക്കുട്ടനെ പിടിച്ചു കെട്ടി ആഘോഷിച്ചിരിക്കും.എന്താ??? ” “നടക്കുവോ? ” “ഈ ചന്തു നടത്തിച്ചിരിക്കും.” “പക്ഷെ വർക്കിംഗ്‌ ഡേ ആയതു കൊണ്ട് അവൻ ഇവിടെ നിൽക്കുവൊന്നും ഉണ്ടാവില്ല.അതുമല്ല കിച്ചുവും ദിയയും വരുന്ന കാര്യവും സംശയമാണ്.”

” എങ്കിൽ പിന്നെ ആഘോഷം സൺ‌ഡേ ആക്കി കളയാം. എന്താ?? ” “അതു ചിലപ്പോൾ നടക്കും. ” എന്നാലും ഫ്രൈഡേ H.P യ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു.അങ്ങനെ കുറേ ആലോചിച്ചപ്പോൾ ഒരു നല്ല ഐഡിയ എന്റെ മനസ്സിൽ തെളിഞ്ഞു.അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും ഒത്തിരി സന്തോഷമായി.അങ്ങനെ ഞാനും അമ്മയും H.P യുടെ പിറന്നാൾ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ ദിവസവും വന്നെത്തി. രാവിലെ എണീറ്റ് H.P യ്ക്ക് bday വിഷ് ചെയ്ത് ഗിഫ്റ്റ് കൊടുക്കുമ്പോൾ ആള് അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞു പോയ ദിവസങ്ങളിൽ അങ്ങനൊരു പിറന്നാളുണ്ടെന്നോ അതുമായി ബന്ധപ്പെട്ടു ഞാനും അമ്മയും പലതും പ്ലാൻ ചെയ്യുന്നുണ്ടെന്നോ ഒരു സൂചന പോലും ആൾക്ക് കൊടുത്തില്ലായിരുന്നു.ആളുടെ അമ്പരപ്പ് മാറാത്തത് കണ്ട് ഞാൻ ഒന്ന് വിരൽ ഞൊടിച്ചു.ആള് വേഗം എന്റെ കയ്യിലെ ബോക്സ്‌ വാങ്ങി താങ്ക്സ് പറഞ്ഞു.ഞാൻ പിന്നെയും അവിടെ നിൽക്കുന്നത് കണ്ടപ്പോൾ ആള് പതിയെ ആ ബോക്സ്‌ തുറന്നു.അന്ന് ഞാൻ ബാംഗ്ലൂർ പോയപ്പോൾ വാങ്ങിയ ഷർട്ട് ആയിരുന്നു അതിൽ.കൂടെ ഓൺലൈനിൽ ഓർഡർ ചെയ്തു ഷർട്ടിന് യോജിച്ച ഒരു ബ്ലാക്ക് കളർ മുണ്ട് കൂടി വാങ്ങിച്ചിരുന്നു.ആളുടെ മുഖ ഭാവം ശ്രദ്ധിച്ചതിൽ നിന്നും എന്റെ സെലെക്ഷനിൽ ഇഷ്ടക്കുറവൊന്നും ഇല്ലെന്ന് മനസ്സിലായി.

എന്റെ കുളിയൊക്കെ കഴിഞ്ഞു താഴെ ചെല്ലുമ്പോൾ അമ്മ H.P യെ വിഷ് ചെയ്ത് കെട്ടിപ്പിടിക്കുന്നത് കണ്ടു.ആള് അമ്മയുടെ അനുഗ്രഹം വാങ്ങുന്നുണ്ടായിരുന്നു.ബ്രേക്ക്‌ ഫാസ്റ്റൊക്കെ കഴിഞ്ഞ് ആള് ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാനും വാല് പോലെ റെഡിയായി കൂടെയിറങ്ങി.എങ്ങോട്ടാണെന്ന മട്ടിൽ ആള് സംശയത്തോടെ എന്നെ നോക്കുമ്പോളേക്കും പുറകെ വീടിന്റെ ഉമ്മറത്തെ വാതിലും അടച്ചു അമ്മയും ഇറങ്ങി.ഞാൻ വാങ്ങി കൊടുത്ത സാരിയിൽ അമ്മ തിളങ്ങുന്നുണ്ടായിരുന്നു.അമ്മ പുരികം ഉയർത്തി എങ്ങനെയുണ്ടെന്നു ചോദിച്ചു ഞാൻ കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു.

അമ്മയും ഒരുങ്ങിയിറങ്ങിയത് കണ്ടപ്പോളേ H.P കിളിപോയ മട്ടിൽ നിൽക്കുന്നത് കണ്ടു.അമ്മ ഇറങ്ങി വന്ന് കാറിൽ കയറി.കൂടെ ഞാനും H.P മാത്രം ഒന്നും മനസ്സിലാവാതെ പുറത്ത് നോക്കി വായനോക്കി നിൽപ്പുണ്ട്. “ഹരിക്കുട്ടാ വന്ന് വണ്ടിയെടുക്കു ” “അതിന് നിങ്ങളിതെങ്ങോട്ടാ??? അമ്പലത്തിലേക്കാണോ? ” “അല്ല… നീ വന്ന് വണ്ടിയെടുക്കു വഴി ഞങ്ങൾ പറഞ്ഞു തരാം. ” “എനിക്ക് നേരമില്ല അമ്മേ..ലേറ്റ് ആവും.ആദ്യം നിങ്ങൾ എങ്ങോട്ടാണെന്ന് പറയു.” “അതിന് ഞങ്ങളെ വിട്ടു തന്ന് നിനക്കങ്ങു പോകാം.

അതു കഴിഞ്ഞുള്ള തിരക്കൊക്കെ മതി. ” ഞങ്ങൾ ഒന്നും വിട്ടു പറയുന്നില്ലെന്ന് കണ്ടപ്പോൾ ആള് നല്ല കുട്ടിയായി വന്ന് വണ്ടിയെടുത്തു.ഞാൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഒന്നും മനസ്സിലാവാതെ ആള് വണ്ടിയോടിക്കുന്നുണ്ടായിരുന്നു.അങ്ങനെ കുറച്ചു സമയത്തിനു ശേഷം ഞങ്ങളുടെ പദ്ധതി പ്രകാരമുള്ള ലക്ഷ്യ സ്ഥാനത്തു എത്തിച്ചേർന്നു.വണ്ടി നിർത്തിയ ഉടനെ ഞാനും അമ്മയും വേഗമിറങ്ങി.കൂടെ ഞങ്ങൾ പ്രതീക്ഷിച്ചതു പോലെ ഒന്നും മനസ്സിലാവാതെ H.P യും.ഗേറ്റിൽ വലുതായിട്ടെഴുതിയ ബോർഡ് വായിച്ചു കൊണ്ട് ആള് സംശയത്തോടെ ഞങ്ങളെ നോക്കിയപ്പോൾ ഞാനും അമ്മയും മുഖത്തോടു മുഖം നോക്കി ചിരിച്ചു….തുടരും…..

ഹരി ചന്ദനം: ഭാഗം 25

Share this story