ഋതുസംക്രമം : ഭാഗം 22

ഋതുസംക്രമം : ഭാഗം 22

എഴുത്തുകാരി: അമൃത അജയൻ

അവിടെയിരിക്കുമ്പോഴും അഞ്ജനയെന്തിനാണ് തന്നെ കൂട്ടി വന്നതെന്ന് മനസിലായില്ല . കാറിൽ നിന്നെടുത്ത സ്യൂട്ട് കേസ് അരികിലുണ്ട് . അതിനുള്ളിലെന്താണെന്നും മനസിലായില്ല . പണമാണോ ? ഒന്നൊന്നര മണിക്കൂറോളം ആരും സംസാരിക്കാനില്ലാതെ അവിടെ തന്നെയിരിക്കേണ്ടി വന്നു . അഞ്ജനയേ പുറത്തേക്ക് കണ്ടതുമില്ല . സ്യൂട്ട് കേസുള്ളതിനാൽ എഴുന്നേറ്റ് പുറത്തൊക്കെ ചുറ്റി നടക്കാനും കഴിഞ്ഞില്ല . ആ മടുപ്പ് അവസാനിപ്പിച്ചു കൊണ്ട് അഞ്ജന വന്ന് സ്യൂട്ട്കേസുമെടുത്ത് തൊട്ടടുത്തുള്ള റൂമിലേക്ക് കയറിപ്പോയി . മിനിറ്റുകൾക്കുള്ളിൽ തന്നെ പുറത്തേക്ക് വരികയും ഡോർ അടയ്ക്കുകയും ചെയ്ത് .

” സൂര്യൻ വാ .. ഭക്ഷണം കഴിക്കാം … ” അവനൊന്ന് പരുങ്ങി . സാധാരണ മറ്റു വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ലാത്തതാണ് .. മത്സ്യ മാംസാദികൾ എടുത്തു പെരുമാറുന്നത് കൊണ്ട് ഒഴിവാക്കിയിരുന്നതാണ് . വല്ലപ്പോഴും ആരെങ്കിലും മുട്ടുശാന്തിക്ക് വിളിച്ചാൽ പോകുമായിരുന്നു . ഇനിയിപ്പോ അതിൻ്റെ ആവശ്യം വരില്ലെന്ന് തോന്നി . അഞ്ജനയ്ക്ക് അനിഷ്ഠമുണ്ടാക്കാനും വയ്യ. അവളുടെ ഔദാര്യമാണ് ഈസൂര്യനന്ദൻ . ഈ ജോലിയിലിരിക്കാൻ മതിയായ യോഗ്യതയൊന്നും തനിക്കായിട്ടില്ലെന്ന് ആദ്യ ദിനം തന്നെ മനസിലായതാണ് .

പത്മ ഗ്രൂപ്പ്സിൻ്റെ ഏതെങ്കിലുമൊരു സ്ഥാപനത്തിൻ്റെ എന്തെങ്കിലും ഉത്തരവാദിത്തമല്ല , മറിച്ച് പത്മ ഗ്രൂപ്പ്സ് ചെയർമാനായ അഞ്ജന ദേവി എന്ന ബിസിനസ് മാഗ്നറ്റിൻ്റെ പേഴ്സണൽ സ്റ്റാഫാണ് . നിലവിൽ പത്മ ഗ്രൂപ്പ്സിന്റെതായ എല്ലാ സ്ഥാപനങ്ങളുടെയും , ഇനി വരാനിരിക്കുന സംരഭങ്ങളുടേയുമെല്ലാം ഒരു ഡീറ്റെയിൽഡ് ചാർട്ട് ആയിരിക്കണം താൻ . ഹാളിൽ തന്നെ മൂന്ന് കോർണറിലായി സെറ്റി അറേഞ്ച് ചെയ്തിട്ടുണ്ട് . ഒരേ സമയം രണ്ടോ മൂന്നോ ടീമുമായി സംസാരിക്കാൻ പാകത്തിന് . ഹാൾ കടന്ന് ചെന്നത് വിശാലമായ ഡൈനിംഗ് ഹാളിലേക്കും .. നീളത്തിനുള്ള തീൻ മേശയുടെ രണ്ട് വശത്തായി ചെയറുകൾ അറേഞ്ച് ചെയ്തിരിക്കുന്നു .. ഒരേ സമയം പത്തു പന്ത്രണ്ട് പേർക്കിരിക്കാവുന്നത് . ടേബിളിൽ ആവി പറക്കുന്ന ഭക്ഷണ സാധനങ്ങൾ നിരന്നിട്ടുണ്ട് . അകത്ത് നിന്ന് ചട്ടയും മുണ്ടും ധരിച്ച സ്ത്രീ അടച്ചു വച്ച രണ്ടു കാസറോളുകൾ കൂടി കൊണ്ട് വച്ചു .

അവിടെ അങ്ങനെയൊരാളു കൂടിയുണ്ടെന്ന് സൂര്യനപ്പോൾ മാത്രമാണ് അറിഞ്ഞത് . വായുവിലെങ്ങും അന്നോളം അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത രുചിയൂറുന്ന ഗന്ധം . അടുത്തേക്ക് ചെന്നപ്പോൾ അതിൽ പലതും നോൺ വെജ് ആണെന്ന് മനസിലായി . അവൻ പെട്ടന്ന് അവിടെ നിന്ന് മാറി നിന്നു . പിന്നാലെ വന്ന അഞ്ജന അവൻ മാറി നിൽക്കുന്നത് കണ്ട് സംശയിച്ചു നോക്കി . ” എന്താ കഴിക്കുന്നില്ലേ ..” ” മാഡം , ഞാൻ നോൺ കഴിക്കില്ല .. ” അഞ്ജന അബദ്ധം പിണഞ്ഞ പോലെ പുരികം വെട്ടിച്ചു . ” ത്രേസ്യേ , വെജിറ്റേറിയനൊന്നുമില്ലേ ..” അഞ്ജനയുടെ ശബ്ദം കേട്ട് അവർ കൈതുടച്ചുകൊണ്ട് അകത്ത് നിന്ന് ഓടി വന്നു .

വെജിറ്റേറിയനുണ്ടെന്ന് പറഞ്ഞു കൊണ്ട് അവർ മൂന്നാല് പാത്രങ്ങൾ നീക്കി വച്ചു . അഞ്ജനയും സൂര്യനും ഇരുന്ന് കഴിഞ്ഞിട്ടാണ് സുഭദ്ര കഴിക്കാൻ വന്നത് . സൂര്യനെ കണ്ട ഭാവം നടിക്കാതെ അവർ വന്ന് ചെയറിലിരുന്നു . അഞ്ജന കൈനീട്ടി ഒരു പ്ലേറ്റെടുത്ത് അവരുടെ മുന്നിലേക്ക് വച്ചു .. ” നീ കഴിക്ക് ഞാനെടുത്ത് കഴിച്ചോളാം .. ” സ്വന്തം പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പുന്നതിനിടയിൽ അവർ സൂര്യനെ പാളി നോക്കി . മഷ്റൂം ലസാഗ്നയും പൊട്ടറ്റോ റോസ്സും മാറ്റി വച്ച് കഴിക്കുന്നത് കണ്ട് സുഭദ്ര അഞ്ജനയെ കണ്ണു കാണിച്ച് ഇതെന്താണെന്ന് ചോദിച്ചു . ” സൂര്യൻ വെജിറ്റേറിയനാണത്തേ .. ”

എന്ന് പറയുന്നത് കേട്ടപ്പോൾ അവൻ മുഖമുയർത്തി നോക്കി .. സുഭദ്രയുടെ ചുണ്ടിൽ കണ്ടപരിഹാസച്ചിരി അവനെ അസ്വസ്ഥനാക്കി . എഴുന്നേറ്റ് പോകാൻ തോന്നിയെങ്കിലും ഭക്ഷണത്തെ നിന്ദിക്കരുതെന്ന് അമ്മ പഠിപ്പിച്ചിട്ടുള്ളത് മനസിലുള്ളത് കൊണ്ട് അവനങ്ങനെ ചെയ്തില്ല . അന്നം മാതാവാണെന്നാണ് അമ്മ പറയാറ് . കഷ്ടപ്പാടുകളുണ്ടായിട്ടും ആരുടെയൊക്കെയോ സുകൃതം കൊണ്ട് ഇല്ലത്ത് പട്ടിണിയുണ്ടായിട്ടില്ല . പക്ഷെ ദിവസവും സമൃദ്ധമായ സദ്യ കഴിച്ചിരുന്ന ബാല്ല്യകാലത്തിൽ നിന്ന് പ്ലേറ്റിനറ്റത്ത് അച്ചാറും ചമ്മന്തിയും പപ്പടം കാച്ചിയതും മാത്രമായ കാലത്തിൻ്റെ കയ്പ്പുണ്ട് സൂര്യൻ്റെ ജീവിതത്തിനും ഓർമകൾക്കും . ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൻ മുറ്റത്തിറങ്ങി ചുറ്റി നടന്നു കണ്ടു .

വലിയൊരു പറമ്പിനുള്ളിലാണ് ആ വീട് സ്ഥിതി ചെയ്യുന്നത് . മരങ്ങൾ തിങ്ങിനിറഞ്ഞ അവിടേക്ക് വെയിൽ കടന്നു വരാൻ പ്രയാസപ്പെട്ടു . മുറ്റത്തൊരു കാറിൻ്റെ ശബ്ദം കേട്ടപ്പോൾ അവൻ വീടിൻ്റെ പിൻഭാഗത്ത് നിന്ന് മുന്നിലേക്ക് വന്നു . പോർച്ചിൽ ഒരു ലാൻറ് ക്രൂസർ കിടപ്പുണ്ട് . അടുത്താരെയും കണ്ടില്ല .. അടുത്തേക്ക് ചെന്നപ്പോൾ കാറിനുള്ളിൽ ഡ്രൈവർ ഇരുപ്പുണ്ട് .. അയാൾ ഫോണിലാരോടോ സംസാരിക്കുകയാണ് . സൂര്യൻ സിറ്റൗട്ടിലേക്ക് കയറി , ഹാളിലേക്ക് കടന്നു നേരത്തെ ഇരുന്നിടത്ത് തന്നെ ചെന്നിരുന്നു . പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ , അഞ്ജന വന്ന് അവനെ മുകളിലേക്ക് വിളിച്ചു .

ഹാളകം കടന്ന് കോണിപ്പടി കയറി മുകളിലേക്ക് നടക്കുമ്പോൾ സൂര്യൻ്റെ ശ്രദ്ധ മാർബിൾ തറയിലായിരുന്നു .. വൈറ്റ് മാർബിൾ ഫ്ലോറാണ് ആ വീടിൻ്റെ ഭംഗിയെന്ന് തോന്നും . വലിയ രണ്ട് ആനക്കൊമ്പുകളാണ് മുകളിലെ ലിവിംഗ് റൂമിൽ സൂര്യൻ്റെ ശ്രദ്ധയാകർഷിച്ചത് . കണ്ടാൽ ഒർജിനലാണെന്ന് തന്നെ തോന്നും . അടുത്ത് ചെന്ന് നോക്കണമെന്ന് തോന്നിയെങ്കിലും അതിനു മുൻപേ അഞ്ജനയവനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി . തൂവെള്ള നിറത്തിലെ കിടക്കവിരി ചുളിവുകളില്ലാതെ വിരിച്ചിരിക്കുന്ന ബെഡിൽ വെളുത്ത് നരകയറി തുടങ്ങിയ ഒരാൾ ഇരിപ്പുണ്ടായിരുന്നു . കാഴ്ചയിൽ അറുപതിനു മുകളിൽ പ്രായം .

മുണ്ടും പിങ്ക് നിറത്തിലെ സിൽക്ക് ജൂബയുമാണ് വേഷം . ” ഇതാണച്ഛാ സൂര്യനന്ദൻ ” അഞ്ജനയുടെ പരിചയപ്പെടുത്തലിലൂടെ അതാണ് അബ്കാരി വ്യവസായി നാരകത്ത് സുരേശനെന്ന S N സുരേശനെന്ന് സൂര്യന് മനസിലായി . നന്ദേമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് നാരകത്ത് സുരേശനെന്ന് . കാണുന്നതിതാദ്യം . സുരേശൻ്റെ കുറുകിയ കണ്ണുകൾ സൂര്യനെ അടിമുടിയുഴിഞ്ഞു . അയാളുടെ ചുഴിഞ്ഞ നോട്ടം സൂര്യനെ അലോസരപ്പെടുത്തി . സുരേശൻ്റെ മുഖത്ത് തൃപ്തിയില്ലെന്ന് അഞ്ജനക്ക് മനസിലായി . അവളതവഗണിച്ചു . സൂര്യൻ്റെ കണ്ണുകൾ ആ സമയം ബെഡിൽ തുറന്നിരുന്ന സ്യൂട്ട്കേസിൽ നിശ്ചലമായിരിക്കുകയായിരുന്നു . അടുക്കിവച്ച രണ്ടായിരത്തിൻ്റെ നോട്ടുകെട്ടുകൾ .

അവൻ സംശയദൃഷ്ടിയോടെ നോക്കുന്നത് കണ്ടപ്പോൾ ,സുരേശൻ സ്യൂട്ട്കേസടച്ചു വച്ചു . അയാൾക്കതിഷ്ടപ്പെട്ടില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു . എന്താണ് താനീ കാണുന്നത് ? പത്മ ഗ്രൂപ്പ്സിൻ്റെ പണമാണോ ഇത് ? ബാങ്ക് ട്രാൻസാക്ഷനല്ലാതെ പണം കൈമാറുന്നുണ്ടെങ്കിൽ എന്തായിരിക്കും കാരണം ? ബ്ലാക്ക് മണിയോ .. അതോ ഓഡിറ്റ് ചെയ്യാതെ മാറ്റുന്നതോ .. സൂരേശൻ വെടിപ്പല്ലെന്നറിയാം . ആ സ്വഭാവമാണ് അഞ്ജനയ്ക്കുമെന്ന് നന്ദേമ്മായി പറയാറുണ്ട് . ” സൂര്യൻ താഴേക്ക് പൊയ്ക്കോളു … ” അവൻ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ അഞ്ജനയുടെ അരികിൽ സുഭദ്രയുമുണ്ടായിരുന്നു .

ആരും പറയാതെ തന്നെ സൂര്യനത് സുഭദ്രയാണെന്ന് മനസിലായി .. S Nസുരേശൻ്റെ ഒരേയൊരു സഹോദരി . സൂര്യൻ സാവധാനം പിന്തിരിഞ്ഞു . സുഭദ്രയുടെ മുഖത്ത് അപ്പോഴും അതൃപ്തി നിറഞ്ഞു നിന്നു . ചിന്താഭാരത്തോടെ സൂര്യൻ താഴേക്കിറങ്ങി നടന്നു .. അച്ഛൻ്റെയും അത്തയുടെയും ഇഷ്ടക്കേട് അഞ്ജനയെ ഹരം കൊള്ളിച്ചു . ************* മൈത്രി ഉറങ്ങിയെഴുന്നേറ്റപ്പോൾ ആറു മണി കഴിഞ്ഞിരുന്നു . ശരീരത്തിലെ ക്ഷീണം പൂർണമായി വിട്ടകന്നിട്ടില്ല . ദേഹാസകലം വേദനയുണ്ട് . അവളെഴുന്നേറ്റ് ബെഡിൽ ചടഞ്ഞിരുന്നു . വിശപ്പ് തോന്നുന്നുണ്ട് ..

രാവിലെ നിരഞ്ജൻ വാങ്ങിത്തന്ന ചപ്പാത്തി മാത്രമാണ് ആകെ കഴിച്ചത് . സുമിത്ര ഭക്ഷണം കഴിക്കാൻ വന്നു വിളിച്ചപ്പോൾ പിന്നീട് മതിയെന്ന് പറഞ്ഞയയ്ക്കുകയായിരുന്നു . അവൾ പതിയെ എഴുന്നേറ്റ് താഴേക്ക് വന്നു . സുമിത്രയെ കിച്ചണിൽ കാണാത്തത് കൊണ്ട് അവൾ തന്നെ ചോറും കറിയും വിളമ്പിക്കഴിച്ചു . തിരികെ റൂമിൽ വന്നിരുന്നു . ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഫോണെടുത്ത് യൂട്യൂബിൽ പാട്ട് വച്ചു . ഇനിയമ്മ പഠിക്കാൻ വിട്ടില്ലെങ്കിൽ ഇതാവും തൻ്റെ ജീവിതം . . നിരഞ്ജൻ്റെ വാക്കിനു പുറത്താണീ തിരിച്ചു വരവ് . പക്ഷെ ജിതിനെ വിവാഹം കഴിക്കാൻ മൈത്രിയുണ്ടാവില്ല .

അത് മനസിൽ കുറിച്ചിട്ടതാണ് . അതിനു മുമ്പ് നിരഞ്ജനെന്തെങ്കിലും ചെയ്യാൻ കഴിയുമോ . അവനെ കുറിച്ചോർത്തപ്പോൾ അവൾക്ക് ” കാട്ടുപൂവ് ” കേൾക്കണമെന്ന് തോന്നി .. യൂട്യൂബിൽ കവിത പ്ലേ ചെയ്ത് കണ്ണടച്ച് കിടന്നു . ചിതറിതെറിയ്ക്കുന്ന ചിന്തകളിലെപ്പൊഴും നിൻ്റെയീ പുഞ്ചിരിയൊന്നു മാത്രം .. അവൾ ചെറുതായി പുഞ്ചിരിച്ചു . മഴവില്ല് പോലെ നീ മനസിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും .. ശരിയാണ് നിരഞ്ജാ . എനിക്കുമങ്ങനെയാണ് നിന്നെക്കുറിച്ചോർക്കുമ്പോൾ എന്നിലുമുണരുന്നു മോഹങ്ങൾ .. പൂക്കുന്നു പ്രതീക്ഷകൾ .. കൃഷ്ണ തുളസി കതിർ തുമ്പു മോഹിക്കും നിൻ്റെയീ വാർമുടിച്ചുരുളിലെത്താൻ . അവൾ വിരലുകൾ തലമുടിയിൽ കടത്തി വെറുതെ തഴുകി ..

അവൻ്റെ വിരലുകൾ തൻ്റെ വാർമുടിയെ തഴുകുന്നതായി മനസിൽ കണ്ടു .. പൂജയ്ക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താൻ .. മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനേ വളർന്നൊരു കാട്ടുപൂവാണ് ഞാൻ .. വിടരും മുൻപേ പൊഴിയുന്ന ഇതളുള്ള പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ .. മൈത്രിയുടെ കണ്ണു നിറഞ്ഞു . നീ തനിച്ചല്ല . കൂട്ടിന് ഇനിയീ പെണ്ണുണ്ട് . നിന്നെക്കാൾ ബലം കുറഞ്ഞ , നിൻ്റെ തണലിൽ കിളിർക്കുന്ന ഒരു കുഞ്ഞു പുൽനാമ്പായി അരികിൽ ഞാനുണ്ട് . മഴയേറ്റും വെയിലേറ്റും നമുക്ക് തളിരണിയാം .. പേമാരിയിൽ അന്യോന്യം കെട്ടിപ്പുണരാം . . ഋതുസംക്രമങ്ങളിൽ നമുക്ക് പൂക്കുകയും കായ്ക്കുകയും ചെയ്യാം .. ഒടുവിലെന്നെങ്കിലും സൂര്യൻ്റെ അന്തിചുംബനമേറ്റ് നമുക്ക് മണ്ണായിത്തീരാം . ***

തിരിച്ചുള്ള യാത്രയിൽ സൂര്യൻ ചിന്തയിലായിരുന്നു . അഞ്ജന പിൻസീറ്റിൽ കണ്ണടച്ചു ചാരിക്കിടക്കുന്നു . സമയം ആറര കഴിഞ്ഞിരുന്നു . പാദയോരങ്ങളിൽ സന്ധ്യ ചേക്കേറുന്നു .. തന്നെയെന്തിനാണ് അഞ്ജന കൂടെക്കൂട്ടിയത് ? തൻ്റെ റോളെന്തായിരുന്നു . എന്താണ് ശരിക്കുമവിടെ നടന്ന ഡീലെന്നു പോലുമറിയാത്ത പേഴ്സണൽ സ്റ്റാഫ് . സ്വയം പുച്ഛം തോന്നുന്നു . പെട്ടന്ന് അഞ്ജന നിവർന്നിരുന്ന് ഡ്രൈവറോട് വണ്ടി നിർത്താനാവശ്യപ്പെട്ടു . കാറൊരു കുലുക്കത്തോടെ നിന്നു . ” സൂര്യനൊന്നിറങ്ങു … ” അവന് നേർത്തൊരു ഭയം തോന്നി . വിചനമായ റോഡ് . ടൗണിലെത്താൻ ഇനിയും ദൂരമുണ്ട് . അടുത്തെങ്ങും ഒരു കടപോലുമില്ല . അഞ്ജന ഡോർ തുറന്നിറങ്ങിക്കഴിഞ്ഞിരുന്നു .

സൂര്യനും ഇറങ്ങി . “നമുക്കൽപ്പം നടക്കാം .” അഞ്ജന പറയുമ്പോൾ അവന് അനുസരിക്കാതെ നിവർത്തിയില്ല . ” ഇനി കുറച്ച് കാര്യങ്ങൾ സൂര്യനോട് പറയാനുണ്ട് .. ” ഒരുമിച്ച് നടക്കുമോൾ അഞ്ജന തുടക്കമിട്ടു .. എന്താണെന്നറിയാൻ സൂര്യനും ആകാംഷയുണ്ടായിരുന്നു . ” അതാണെൻ്റെ വീട് . നാരകത്ത് വീട് .. സൂര്യൻ കേട്ടിട്ടുണ്ടാവും .” ഉണ്ടെന്നോ ഇല്ലന്നോ അവൻ പറഞ്ഞില്ല . ” തന്നെ ഞാൻ കൊണ്ടുവന്നത് വീട് പരിചയപ്പെടുത്താനാണ് . ഇനി മുതൽ ഞാൻ വന്നില്ലെങ്കിലും തനിക്കു വരാമല്ലോ ..” സൂര്യൻ വെറുതേ തലയാട്ടി . ” അല്ല മാഡം .. ഇവിടെ എനിയ്ക്കെന്താണ് റോൾ . ” അഞ്ജന സൂര്യനെ രൂക്ഷമായി നോക്കി . ” അത് അപ്പപ്പോൾ നിന്നെയേൽപ്പിക്കാം .” പറഞ്ഞിട്ടവൾ വല്ലാത്തൊരു ചിരി ചിരിച്ചു .. **

ഡൂട്ടി കഴിഞ്ഞിറങ്ങി നിരഞ്ജൻ കോളേജിൻ്റെ ഭാഗത്തേക്ക് ബൈക്ക് വിട്ടു . പൂവാകയുടെ ചോട്ടിൽ വെറുതെയിരുന്ന് . ഒന്ന് രണ്ട് പൂക്കൾ തണുത്ത രാക്കാറ്റിൽ ഞെട്ടറ്റ് അവൻ്റെ മടിയിലേക്ക് വീണു . മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള നീളൻ ട്യൂബ് ലൈറ്റിൽ ഈയാംപാറ്റകൾ ചിറകടിച്ച് പറ്റുന്നു . മുകളിൽ എതോ ബാച്ചിന് നൈറ്റ് ക്ലാസ് നടക്കുന്നു . പഠിപ്പിക്കുന്നതിൻ്റെ ഒച്ച താഴെ കേൾക്കാം . ഒരേയൊരു ലക്ഷ്യവുമായി ജീവിച്ച നിരഞ്ജനിപ്പോൾ ലക്ഷ്യം രണ്ടാകുന്നു . എന്ത് വന്നാലും അവളെ കൈവിടില്ല . കൂടെ കൂട്ടണം .

ആരുമില്ലാത്ത തനിക്ക് സ്വന്തമായി ഒരാളുണ്ടാവുകയാണ് . നിർമ്മലമായാരൂ പുഞ്ചിരി അവൻ്റെ മുഖത്ത് വിരിഞ്ഞു . അനാഥത്വത്തെയും ഒറ്റപ്പെടലിനേയും എക്കാലവും നേരിട്ട അതേ ചിരി . മൈത്രേയി … നിരഞ്ജൻ്റെ മൈത്രേയി .. അവൻ പലവട്ടം അത് തന്നെ ഉരുവിട്ടു . അവളെ വേണം , തന്നോട് ചേർത്ത് നിർത്തണം . കഴിയും പോലെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കണം ഒപ്പം തൻ്റെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കും എത്തിപ്പെടണം ……( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 21

Share this story