ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 23

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 23

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

അച്ചാർ കമ്പനിയിൽ നിന്നും പെണ്ണുങ്ങളൊക്കെ ബാഗും തൂക്കി പുറത്തേക്കിറങ്ങിയിട്ടും ഗൗരി അവിടെ തന്നെയിരുന്നു… അത്ര അത്യാവശ്യമൊന്നുമല്ലെങ്കിലും നോക്കാനുള്ള ചില കണക്കുകളുമായി… സമയം അഞ്ചേകാലോളം കഴിഞ്ഞിരുന്നു… മുകളിലെ നില അടച്ചു മുരളിയേട്ടൻ ഇറങ്ങി വന്നപ്പോൾ താഴെ കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന ഗൗരിയെ കണ്ടു… “ന്താ ഗൗരൂട്ടി… കണക്ക് വല്ലതും ശരിയാവാതുണ്ടോ… ” “ഏയ്.. ഇല്യ മുരളിയേട്ടാ… ഞാൻ വെറുതെ..” “ആഹ്… ഇതാപ്പോ നന്നായെ… പോയെ പോയെ.. വീട്ടിൽ പോയെ…

അല്ലെങ്കിൽ പിന്നെ ആ രവിയേട്ടന്റെ വായിലിരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കണം.. കുട്ടിയെ നേരത്തും കാലത്തും വിടില്യാന്നും പറഞ്ഞു.. നീ വീട്ടിൽ പോകാൻ നോക്കു കുട്ട്യേ… ” ഗൗരി വരുത്തി തീർത്ത ഒരു പുഞ്ചിരിയോടെ ബാഗും എടുത്തിറങ്ങി… റോഡ് ക്രോസ്സ് ചെയ്തു തിരിഞ്ഞപ്പോഴേ കണ്ടു കാർ സൈഡിൽ ചേർത്തിട്ട് അതിൽ ചാരി കയ്യും കെട്ടി നിൽക്കുന്ന നവിയെ… അവൾക്കവനെ നോക്കാനേ തോന്നിയില്ല… അവൾ അടുത്ത് വന്നതും അവൻ ഡോർ തുറന്നു പിടിച്ചു… കയറാതിരിക്കാൻ കഴിയില്ലാരുന്നു… കയറിയില്ലെങ്കിൽ പിന്നെ അവിടെ എന്താ നടക്കുക എന്ന് ഗൗരിക്ക് നല്ല ഊഹമുണ്ടായിരുന്നു…

“നീയിന്നു വല്ലതും കഴിച്ചോ… “?? “ഇല്ല… “അവൾ മുഖമുയർത്താതെ പറഞ്ഞു.. “അതെന്താ.. നീ പട്ടിണി കിടന്നാൽ എന്റമ്മ കല്യാണത്തിന് സമ്മതിക്കുമെന്ന് ആരെങ്കിലും പറഞ്ഞോ… “?? അവൾ ഒന്നും മിണ്ടിയില്ല… പുറത്തേക്കു നോക്കിയിരിക്കുന്ന ആ മിഴികൾ നിറഞ്ഞു തൂവുന്നത് നവി കണ്ടു… “കരയരുത് നീ… !!!”അവന്റെ മുഖം ചുവന്നു ദേഷ്യം മൂക്കിൻ തുമ്പിലേക്ക് ഇരച്ചു കയറിയത് പോലെ മൂക്കും പുരികക്കൊടിയും വിറ തൂകി… “ഗൗരി.. നിന്നോട് ആദ്യമേ ഞാൻ പറഞ്ഞിരുന്നു എല്ലാം… അമ്മയെയോ അമ്മയുടെ സമ്മതമോ ഒന്നും പ്രതീക്ഷിക്കണ്ടാന്ന് പറഞ്ഞിരുന്നു… പിന്നെന്തിനാ നീ വിഷമിക്കുന്നെ..

അച്ഛനും അച്ഛമ്മയും ഉണ്ടാവും… അത് പോരെ നമുക്ക്…. “അവൻ കാർ വേഗം കുറച്ച് അരികിലേക്കൊതുക്കി… തന്റെ കൈപ്പത്തിയുടെ മേൽ അമർന്ന ആ നവരത്‌ന മോതിരമണിഞ്ഞ വിരലോട് കൂടിയ കയ്യുടെ ബലം അവളിലേക്ക് പടർന്നിറങ്ങി… “ഞാനില്ലേ ഗൗരി… ഞാനുണ്ടല്ലോ നിന്റെ ഇത്രയും അടുത്ത്…. പിന്നെ നിനക്ക് ആരെയാ വേണ്ടേ… “?? ഒരു വേള അവന്റെ മിഴികളും അറിയാതെ നിറഞ്ഞു… “അപമാനമാണോ അവഗണനയാണോ അതോ എപ്പോഴത്തെതും പോലെ പറ്റിക്കപ്പെട്ടതാണോ എന്താണെന്ന് വേർതിരിച്ചറിയാൻ പറ്റുന്നില്ല…. നവിയേട്ടാ…എന്തോ എനിക്ക് സഹിക്കാൻ കഴിയുന്നില്ല…

പലരുടെയും മുന്നിൽ നാണം കെട്ടു പോയത് പോലെ… നാണം കെട്ടുപോയൊരു ജന്മം… അതല്ലേ ഞാൻ.. ” “ഇങ്ങനൊന്നും പറയല്ലേ… മോളെ… ഞാനുണ്ടെടി നിനക്ക്…. “നവി അവളെ ചേർത്തു പിടിക്കാൻ ആഞ്ഞു… “പോകാം നവിയേട്ടാ… ആൾക്കാർ ശ്രദ്ധിക്കുന്നു… “ഗൗരി കണ്ണും മുഖവും അമർത്തി തുടച്ചു…🌷🌷🌷 രണ്ട് ദിവസം കഴിഞ്ഞിട്ടും ഗൗരിയുടെ പഴയ സന്തോഷം തിരികെ വന്നിട്ടില്ലെന്നു നവി മനസിലാക്കി… അവളുടെ മെയ്യും മനസും തളർന്നു പോയിരുന്നു… ആരൊക്കെയോ ചേർന്ന് അപമാനിച്ചത് പോലെയൊരു തോന്നൽ… നവിയുടെ ആശ്വാസ വാക്കുകൾക്കും അവളെ തിരികെ കൊണ്ട് വരാൻ സാധിക്കുന്നില്ലായിരുന്നു…

അവൻ പറയുന്നതെല്ലാം ആ പറയുന്ന നേരത്ത് തലയാട്ടി സമ്മതിക്കുമെങ്കിലും അവൻ പോയി കഴിയുമ്പോൾ ആ ചിന്തകൾ കാട് കയറുകയായിരുന്നു… കാക്കയോടും പൂച്ചയോടും വീട്ടിലെ പാത്രങ്ങളോടും പ്രാണികളോടും വരെ സംസാരിച്ചു നടന്നിരുന്നവൾ പെട്ടെന്ന് മൂകയും ബാധിരയുമൊക്കെ ആയതു പോലെ…. വൃശ്ചിക മാസം അവസാനിക്കാൻ ഇനി രണ്ട് നാൾ കൂടി ബാക്കി… അവസാന ദിവസങ്ങൾ ആയതിനാൽ കൽക്കണ്ട കുന്നിലേക്ക് ആള് കൂടുതലാണ്… അന്നൊരു വെളുപ്പാൻ കാലം ഗൗരി കൃഷ്ണന് മാല കെട്ടി കൊണ്ടിരുന്നപ്പോൾ നവിയുടെ കാർ പുറത്തേക്ക് പോകുന്നത് കണ്ടു….

ഒന്നും പറയാതെ ഈ വെളുപ്പാൻ കാലത്ത് ഇതെവിടെ പോയതാകുമെന്ന് ഗൗരി ചിന്തിച്ചു… കൃഷ്ണന്റെ നടക്കൽ നിന്നു തിരിച്ചു വന്നപ്പോഴും കാർ മുറ്റത്ത് കണ്ടില്ല… അടുക്കളയിലേക്ക് കയറി പ്രാതൽ തയ്യാറാക്കും നേരമാണ് മുത്തശ്ശി എഴുന്നേറ്റ് വന്നത്… “കുട്ട്യേ.. ഇന്ന് വൈദ്യര് കുട്ടിക്ക് ഒന്നും കരുതണ്ടാന്ന് പറഞ്ഞിട്ടുണ്ടെട്ടോ… “മുത്തശ്ശി അഴിഞ്ഞു കിടന്ന മുടി വാരിക്കട്ടി കൊണ്ട് കുളിപ്പുരയിലേക്ക് പോയി… “എവിടെ പോയതാ.. “ഗൗരി വിളിച്ചു ചോദിച്ചു… “അറീല്യ… ചിലപ്പോൾ രാത്രി വൈകും എത്താൻ എന്ന് പറഞ്ഞു… ” …….അതെന്താ ന്നോട് പറയാതെ പോയെ…? എവിടെ നിന്നോ ഒരു സങ്കടം ഗൗരിയെ തേടിയെത്തി ഒന്ന് നുള്ളി നോവിച്ചു…..🌷🌷🌷

കാർ പാർക്ക് ചെയ്തിട്ട് കസവു മുണ്ടും മേൽമുണ്ടും ധരിച്ച് തോളിൽ കുറുകെ ഇട്ടിരുന്ന ഒരു ബാഗുമായി കൽക്കണ്ടകുന്നിലേക്കുള്ള വഴി തുടങ്ങുന്ന മല അടിവാരത്ത് നവി സാഷ്ടാഗം വീണു കിടന്നു… തലക്ക് ഇരുവശത്തും കൂടി നീട്ടിയ കൈകൾ ഒത്തുചേർന്നു കൂപ്പു കൈകളാക്കി കിടന്നു ദേവനെ സ്മരിക്കുമ്പോൾ മനസ്സിൽ ഗൗരിയും കണ്ണിൽ ചുടു കണ്ണുനീരും മാത്രമായിരുന്നു ഉണ്ടായിരുന്നത്… എത്ര നേരം അങ്ങനെ കിടന്നു എന്ന് അവന് തന്നെ ഓർമ കിട്ടിയില്ല… മെല്ലെ എഴുന്നേറ്റ് മറ്റുള്ളവരുടെ ഒപ്പം കല്പടവ് തൊട്ട് വണങ്ങി മല കയറാൻ തുടങ്ങി…. മൂന്നര നാലുമണിക്കൂർ എടുക്കും മുകളറ്റം എത്താൻ…

രണ്ട് മണിക്കൂറോളം തടസ്സങ്ങളൊന്നുമില്ലാതെ തന്നെ അവൻ കയറി… ആളുകൾ കൂട്ടമായും അല്ലാതെയും കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു… പലപ്പോഴും വേരുകളിലും കൂർത്ത കല്ലുകളിലും ഒക്കെ തട്ടി തെന്നി പോകുന്നുണ്ടായിരുന്നു അവൻ… ശരീരത്തിലെ ജലാംശം മൊത്തം വറ്റി വരണ്ടു പോകുന്നത് പോലെ അവന് തോന്നി… തോൾബാഗിൽ കരുതിയിരുന്ന വലിയ കുപ്പികളിലെ വെള്ളം പകുതിയും തീർന്നിരുന്നു…. മുകളറ്റം എത്തിയിട്ട് അവിടെ വാങ്ങാൻ കിട്ടുന്ന… കുന്നിൻമുകളിൽ മാത്രം കാണപ്പെടുന്ന കൽക്കണ്ട പൂവ് കൊണ്ട് നടക്കൽ വെയ്ക്കണം…

അതാണ്‌ വിശ്വാസം.. പണ്ടൊക്കെ ഭക്തർ മുകളിലെ കാട്ടിൽ കയറി പറിച്ചു കൊണ്ട് വെയ്ക്കുകയായിരുന്നു പതിവ്… ഇന്ന് അവിടുത്തെ അമ്പലം നോക്കി നടത്താൻ നിക്ഷിപ്തമായ കുടുംബത്തിലുള്ളവർ പറിച്ചു വിൽക്കാൻ വെച്ചിരിക്കുകയാണ്… അവിടെ നിന്നും വാങ്ങണം…. എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് നവി മുന്നോട്ടു നീങ്ങി… പെട്ടെന്നാണ് കാല് കൂർത്തു നിന്ന ഒരു കല്ലിൽ തട്ടിയത്… പെരുവിരലിന്റെ നഖം അപ്പാടെ അടർന്നു പോയി നവിയുടെ… പൈപ്പിൽ നിന്നും വെള്ളം ചീറ്റുന്ന പോലെ രക്തം കുമിഞ്ഞു ചാടാൻ തുടങ്ങി.. നവിക്ക് തല കറങ്ങുന്നത് പോലെ തോന്നി…

രണ്ട് ചുവടു കൂടെ വെച്ചു അവൻ സമീപത്തു കണ്ട കൂറ്റൻ പാറക്കല്ലിലേക്കിരുന്നു…. ബാഗ് തുറന്നു മിനറൽ വാട്ടറിന്റെ ബോട്ടിലെടുത്തു വായിലേക്ക് കമഴ്ത്തി… ഇറങ്ങി വന്ന രണ്ട് മൂന്ന് പേർ അവന്റെ ചുറ്റിനും കൂടി… “രക്തം നിൽക്കുന്നില്ലല്ലോ… “കൂടി നിന്ന ആരോ പറയുന്നുണ്ടായിരുന്നു… നവി കാലിലേക്ക് നോക്കി… നന്നായി രക്തം പോകുന്നുണ്ട്…. അവൻ കയ്യിലിരുന്ന കർച്ചീഫ് കൊണ്ടത് തുടച്ചു മാറ്റി… വേദന കൊണ്ട് പുളഞ്ഞു പോയി നവി.. അപ്പോൾ മാത്രമാണ് അവിടെ നഖമില്ല എന്ന് നവി മനസിലാക്കിയത്… കാൽ എടുത്തു കയ്യിൽ വെച്ചു കൊണ്ട് നവി കണ്ണും പൂട്ടി ഇരുന്നു…

കൈക്കു മേലെ കൂടിയും രക്‌തമൊഴുകാൻ തുടങ്ങി… “മഹാദേവാ… പരീക്ഷിക്കയാണോ “…അവൻ ഉള്ളുരുകി വിളിച്ചു കൽക്കണ്ടക്കുന്നപ്പനെ.. മലയിറങ്ങി വന്ന ഒരു വൃദ്ധൻ ആൾക്കൂട്ടം കണ്ടു അവിടേക്ക് നോക്കി… നവിയുടെ ഇരുപ്പും കാലിലെ രക്തവും കണ്ടു അടുത്തേക്ക് ചെന്നു… അവിടുന്നും ഇവിടുന്നുമായി രണ്ട് മൂന്ന് തരം എന്തൊക്കെയോ ഇലകൾ പറിച്ചു അദ്ദേഹം നവിയുടെ വിരലിലേക്ക് ഇറ്റിച്ചൊഴിച്ചു… ഒരു തണുപ്പ് അനുഭവപ്പെട്ടു നോക്കിയ നവി കണ്ടത് തന്റെ കാൽ ചുവട്ടിൽ ചമ്രം പടഞ്ഞിരുന്നു കാലിലേക്ക് നോക്കി ഊതുന്ന ഒരു വൃദ്ധനെയാണ്… അദ്ദേഹത്തിന്റെ തന്നെ മുണ്ടിന്റെ ഒരറ്റം കീറിയെടുത്ത് അയാൾ നവിയുടെ വിരലിൽ ചുറ്റി….

നവിക്കല്പം ആശ്വാസം തോന്നി.. “ഇനി പേടിക്കാനില്യ… കയറിക്കോളൂ… ഇടനെഞ്ചിൽ മഹാദേവനുള്ളതല്ലേ… സഫലമാകും എല്ലാം… “പറഞ്ഞു കൊണ്ട് അദ്ദേഹം മലയിറങ്ങി… നവി നേരെ മുകളിലേക്കും….. മുകളറ്റം എത്താൻ ഏതാണ്ട് ഒരു മണിക്കൂർ ബാക്കി നിൽക്കെ കഠിനമായ ഒരു തിക്കും തിരക്കും അനുഭവപ്പെട്ടു… പത്തു വയസ് തോന്നിക്കുന്ന ഒരു കുട്ടിയുമായി അതിന്റെ അപ്പൂപ്പൻ എന്ന് തോന്നിക്കുന്ന ആൾ വാരിയെടുത്തു മലയിറങ്ങുന്നത് കണ്ടു നവി സ്തബ്ധനായി നിന്നു… പ്രായത്തിന്റെ അവശതയിൽ അദ്ദേഹത്തിന് ഇറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല….

തട്ടിയും തടഞ്ഞും വീഴാൻ പോയും അദ്ദേഹം പാട് പെടുന്നുണ്ടായിരുന്നു… ആരോ പറഞ്ഞു താഴ്വാരത്ത് മെഡിക്കൽ ക്യാമ്പ് ഉണ്ട്… അതേയുള്ളു… അത്രടം വരെ എത്തി പറ്റണം… നവിയിലെ ഡോക്ടർ ഉണർന്നു… ആ കുട്ടിയുടെയും മുത്തശ്ശന്റെയും അവസ്ഥ കണ്ടില്ലെന്നു നടിക്കാൻ അവന് ആവില്ലായിരുന്നു… പ്രായമായ ആ മനുഷ്യനിൽ നിന്നും കുട്ടിയെ എടുത്തു അതിന്റെ കൈ പിടിച്ചു പൾസ് ചെക്ക് ചെയ്ത നവിയുടെ കണ്ണിൽ ആശങ്ക പരന്നു…. മുകളിലേക്ക് നോക്കി ഒന്ന് തൊഴുതിട്ട് ആ കുട്ടിയേയും എടുത്തു കൊണ്ട് നവി താഴ്വാരം ലക്ഷ്യമാക്കി കുതിച്ചു…..🌷

സന്ധ്യ കഴിഞ്ഞ് തന്റെ കാറിലേക്ക് കയറിയിരിക്കുമ്പോൾ നവി നിരാശനായിരുന്നു… രണ്ടാമത്തെ തവണയും മഹാദേവൻ തന്നെ തഴഞ്ഞിരിക്കുന്നു എന്ന സത്യം അവൻ മനസിലാക്കുകയായിരുന്നു… സ്‌റ്റിയറിങ്ങിലേക്ക് തല ചായ്ച്ചു വെച്ചു അവൻ കണ്ണുകളടച്ചിരുന്നു…. വാര്യത്തേക്ക് ചെല്ലുമ്പോൾ ഗൗരി നാമജപം കഴിഞ്ഞ് മുറ്റത്തുണ്ടായിരുന്നു…. കാർ വന്നു നിന്നത് കണ്ട് അവൾ അവിടേക്കു നോക്കി.. ഗൗരിയെ നേരിടാൻ നവിക്ക് കഴിയില്ലായിരുന്നു… എവിടെ പോയിരുന്നു എന്ന് അവൾ ചോദിച്ചാൽ സത്യസന്ധമായ ഉത്തരം പറയാൻ എന്ത് കൊണ്ടോ അവൻ മടിച്ചു….

അത് കൊണ്ട് തന്നെ അവൾക്ക് മുഖം കൊടുക്കാതെ അവൻ അകത്തേക്ക് കയറി… ഇനി അടുത്തൊരു വൃശ്ചിക മാസം വരണമല്ലോ ദേവനെ തൊഴാൻ എന്ന് നവി ഓർത്തു… സ്വപ്നങ്ങളും മോഹങ്ങളും വിശ്വാസത്തോടൊപ്പം ഒതുക്കി വെച്ചു അടുത്തൊരു വൃശ്ചിക പുലരിക്കായി നവി കാത്തിരുന്നു…. ……………………….ഇലകൾ കൊഴിഞ്ഞടർന്നു വീഴും പോലെ മാസങ്ങൾ കൊഴിഞ്ഞു വീണു… പ്രിയംവദ നവിക്ക് വേണ്ടി പല വിവാഹലോചനയുമായി മുന്നോട്ടു പോയി.. ആദ്യമൊക്കെ ഇടക്കിടക്ക് വീട്ടിൽ പോയിരുന്ന നവി പിന്നെ പിന്നെ പോകാതെയായി… അവൻ ആലപ്പുഴയിൽ പോയി അച്ഛമ്മയുടെ അടുത്ത് നിന്നിട്ട് പോരുമായിരുന്നു….. നവി തിരുമുല്ലക്കാവിൽ വന്നിട്ട് രണ്ട് വർഷമായി…

ഒരുച്ച നേരം… ഞായറാഴ്ച ആയതിനാൽ അകത്ത് അല്പം വിശ്രമിക്കുകയായിരുന്ന നവിയെ തേടി ഒരു ഭാര്യയും ഭർത്താവും എത്തി .. അവരുടെ കയ്യിൽ ഒരു വയസു തോന്നിക്കുന്ന ഒരു കുഞ്ഞും… നവി എഴുന്നേറ്റു വന്നു ചോദ്യഭാവത്തിൽ അവരെ നോക്കി… രണ്ട് വളവുകൾക്കപ്പുറം ആണ് അവരുടെ വീടെന്നും താൻ ഒരു ബിസിനസ്കാരൻ ആണെന്നും കൂടെയുള്ളത് തന്റെ ഭാര്യയാണ് ആൾ ഡോക്ടറാണ് എന്നും വന്നയാൾ പറഞ്ഞു… അവർ ഇപ്പോൾ കോട്ടയത്തെ റൂറൽ ആശുപത്രിയിലാണ് ജോലി നോക്കുന്നതെന്നും ആഴ്ചയിൽ ഒന്നേ വരാൻ പറ്റൂ എന്നൊക്കെ അവർ നവിയോട് പറഞ്ഞു… അവരുടെ ആവശ്യം മറ്റൊന്നുമായിരുന്നില്ല നവിയുടെ സമ്മതത്തോടെ ഒരു മ്യൂച്ചൽ ട്രാൻസ്ഫർ..

നവി സമ്മതിക്കയാണെങ്കിൽ അവർക്ക് ഇവിടെ വീടിനടുത്തുള്ള ആശുപത്രിയിൽ ജോലി നോക്കാം… നവിക്ക് നവിയുടെ വീടിനടുത്തും… കുഞ്ഞിനെ ഓർത്തെങ്കിലും സമ്മതിക്കണമെന്നും താൻ അടുത്ത് ഇല്ലാത്തതിനാൽ കുഞ്ഞിന് എപ്പൊഴും അസുഖമാണെന്നുമൊക്കെ അവർ അപേക്ഷയോടെ പറഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ നവി സമ്മതിച്ചു…. പോകുന്നതിനു മുൻപ് ഗൗരിയുമായുള്ള വിവാഹം ഒരു തീർപ്പിലെത്തിച്ചു വെയ്ക്കണം എന്ന് നവി തീരുമാനിച്ചു…. അച്ഛനെ കൊണ്ട് മുത്തശ്ശിയെ വിളിപ്പിച്ചു സംസാരിപ്പിക്കാം എന്ന് അവൻ ഉറച്ചു… അതിനെ കുറിച്ച് അവൻ ഗൗരിയോട് സംസാരിക്കുകയും ചെയ്തു…

അവൾക്ക് ഒരു നിസംഗ ഭാവമായിരുന്നു… എന്തോ ഇതൊന്നും നടക്കില്ല എന്നൊരു തോന്നൽ… നവി പോകാൻ ഇനി അഞ്ചാറ് ദിവസം ബാക്കി… അച്ഛനും അച്ഛമ്മയുമായി ഏറ്റവും നേരത്തെ താൻ എത്തും എന്ന് നവി ഗൗരിയോട് പറഞ്ഞിരുന്നു… അന്നൊരു നാൾ വൈകിട്ട് നവിയെ തിരക്കി ഗൗരി എഴുത്തുപുരയിലേക്ക് ചെന്നു… ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൻ കുളിക്കുകയാണെന്ന് അവൾക്കു മനസിലായി… തിരികെ പോരാനിറങ്ങിയപ്പോഴാണ് നവിയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദമവൾ കേട്ടത്… അടുത്ത് ചെന്നു ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ സുന്ദരിയായ ഒരു യുവതിയുടെ മുഖം… മുകളിൽ Isha chechi എന്നൊരു പേരും… ഗൗരി സ്‌ക്രീനിൽ കണ്ട ആ മുഖത്തേക്ക് തുറിച്ചു നോക്കി….

“ഇത്… ഇത്… ദേവേട്ടന്റെ…. “അവളുടെ തൊണ്ട വരണ്ടു…. ഫോൺ റിങ് ചെയ്യുന്നത് കേട്ട് വേഗത്തിൽ ഇറങ്ങി വന്ന നവി ഗൗരി ഫോണിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്… അവൻ വന്നു ഫോൺ എടുക്കാനാഞ്ഞതും കോൾ കട്ടായി… ഗൗരിയുടെ മുഖം കണ്ടു നവിക്ക് ചിരി വന്നു… “ന്റെ ഗൗരി പെണ്ണേ… സംശയിക്കല്ലേ… എന്റെ ചേച്ചിയാടി… ഞാൻ പറഞ്ഞിട്ടില്ലേ… അങ്ങ് UK യിൽ… എന്റെ സ്വന്തം ചേച്ചി… ” നവി പറഞ്ഞതത്രയും കേൾക്കാൻ നിൽക്കാതെ തിങ്ങി നിറഞ്ഞു വിണ്ടു പോയൊരു ഹൃദയവുമായി ഗൗരി വാര്യത്തേക്ക് നടന്നു… ഇരുട്ടിൽ തപ്പി തടഞ്ഞു നടക്കുന്നത് മാതിരി….🥀 Luv U all…❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 22

Share this story