ഗന്ധർവ്വയാമം: ഭാഗം 16

ഗന്ധർവ്വയാമം: ഭാഗം 16

എഴുത്തുകാരി: അഞ്ജലി അഞ്ജു

അച്ഛന്റെയും അമ്മയുടേയുമൊപ്പമുള്ള അഭിയുടെ പുഞ്ചിരിച്ച മുഖം കാണുംതോറും ആദ്യമായി അഭിയോട് അസൂയ തോന്നി പോയി. തനിക്ക് ലഭിക്കാതെ പോയ സന്തോഷങ്ങൾ അറിഞ്ഞാണ് അവൾ വളർന്നത്. എല്ലാവരും ഉണ്ടായിരുന്നിട്ടും അനാഥയായി കഴിയേണ്ടി വന്ന തന്റെ ദുർഗതിയിൽ അമർഷമാണ് ഇപ്പോൾ തോന്നുന്നത്. “എന്താ ആമി നീ ഒന്നും മിണ്ടാത്തത്? എന്താ പറ്റിയത് നിനക്ക്?” അഭിയുടെ ശബ്ദമാണ് ചിന്തകൾക്ക് വിലങ്ങ് ഇട്ടത്. “ഒന്നുമില്ല.” മുഖത്തു നോക്കാതെയാണ് മറുപടി പറഞ്ഞത്. എന്ത് കൊണ്ടോ അപ്പോൾ അഭിയോട് ദേഷ്യം തോന്നി. തന്നിൽ നിന്ന് എന്തൊക്കെയോ തട്ടിപ്പറിച്ചവളെ പോലെയാണ് അപ്പോൾ അഭിയെ തോന്നിയത്. “എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ?” പെട്ടെന്നുള്ള അഭിയുടെ ചോദ്യം കേട്ടതും ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയത് പോലെയാണ് തോന്നിയത്. “അതെന്താ നീ അങ്ങനെ ചോദിച്ചേ?” വിക്കി വിക്കിയാണ് ചോദിച്ചത്. “അല്ല നിന്റെ മുഖം കണ്ടപ്പോൾ അങ്ങനെ തോന്നി.” മൗനമായി തലകുനിച്ച് നിൽക്കാനേ ആമിക്ക് കഴിഞ്ഞുള്ളു. “എന്താടാ എന്താ പറ്റിയെ? ഒരു കാരണവും ഇല്ലാതെ നീ ഈ സമയത്ത് എന്റെ അടുത്ത് വന്ന് ഇങ്ങനെ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ?

എന്തെങ്കിലും പ്രശ്നമുണ്ടോ?” മുഖത്തു കൈ ചേർത്ത് പിടിച്ച് അഭി അത് ചോദിച്ചപ്പോൾ ആമിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു പോയിരുന്നു. അഭിയോട് ചേർന്ന് നിന്ന് കരയുമ്പോൾ പറയാതെ തന്നെ സങ്കടങ്ങൾ അലിഞ്ഞു പോകും പോലെയാണ് ആമിക്ക് തോന്നിയത്. എത്ര സമയം കരഞ്ഞെന്ന് അറിയില്ല. അഭിയുടെ വിരലുകൾ ആമിയുടെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു. കാരണം എന്തെന്ന് അറിയാതെ അഭിയും ഏറെ വിഷമിക്കുന്നുണ്ടായിരുന്നു. “പോട്ടെടാ.. നീ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നത്? നിനക്ക് ഞാനില്ലേ? നീ ഇങ്ങനെ കരയുന്നത് കാണാൻ എനിക്ക് വയ്യെടാ.. പ്ലീസ്..”അത് പറയുമ്പോൾ അഭിയുടെ വാക്കുകളും ഇടറിയിരുന്നു. അത് മനസിലായെന്ന വണ്ണം ആമി മുഖമുയർത്തി അവളെ നോക്കി. അഭിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും മനസ്സിലെന്തോ ഭാരം കയറ്റി വെച്ചത് പോലെയാണ് തോന്നിയത്. അൽപ സമയം മുൻപ് തനിക്ക് അവളോട് ദേഷ്യം തോന്നിയതിൽ ആമിക്ക് കുറ്റബോധം തോന്നി. നിർവികാരതയോടെ അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോളാണ് അച്ഛനും അമ്മയും അങ്ങോട്ടേക്ക് വന്നത്. “എന്താണ് കൂട്ടുകാരികൾ വലിയ ചർച്ചയിൽ ആണല്ലോ?” ജയരാജന്റെ ശബ്ദം കേട്ടതും ഇരുവരും കണ്ണുകൾ തുടച്ചു. “ഹേയ് ഒന്നൂല്ല അച്ഛാ..

നമ്മടെ ആമിക്ക് പെട്ടെന്ന് എന്നോടൊരു സ്നേഹം. എന്താണാവോ?” ഏറുകണ്ണിട്ട് ആമിയെ നോക്കി കൊണ്ട് അഭി പറഞ്ഞു. “അതിപ്പോ നിനക്കും അങ്ങനെ തന്നെയല്ലേ? ആമി കഴിഞ്ഞല്ലേ നിനക്ക് മറ്റാരും ഉള്ളൂ.. ഞങ്ങൾക്കും അങ്ങനെ തന്നെയാണ്. രണ്ടാളും ഞങ്ങളുടെ മക്കളാ.. എന്നും ഇത് പോലെ സ്നേഹത്തിൽ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.” അമ്മയത് പറഞ്ഞപ്പോൾ സങ്കടമാണോ സന്തോഷമാണോ ഉണ്ടായതെന്ന് അറിയില്ല. രക്ത ബന്ധത്തേക്കാൾ വലുതാണ് ആത്മബന്ധമെന്ന് അപ്പോളാണ് എനിക്ക് ബോധ്യമായത്. ഞാൻ ആരാണെന്ന് പറഞ്ഞ് പിടിച്ചു വാങ്ങുന്ന സ്നേഹത്തേക്കാൾ ആരെന്നറിയാതെയുള്ള സ്നേഹം മനോഹരമാണ്. “എന്താണ് ആമിക്കുട്ടിക്ക് ഒരു ആലോചന?” അച്ഛന്റെ ചോദ്യത്തിന് ഉത്തരമെന്ന വണ്ണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. “ഇന്ന് ഞാൻ ഇവിടെ കഴിഞ്ഞോട്ടെ??” മടിയോടെയാണ് ആമിയത് ചോദിച്ചത്. പ്രതീക്ഷയോടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കുമ്പോൾ ഇരുവരുടെയും മുഖം പ്രകാശിക്കുന്നുണ്ടായിരുന്നു. “അതെന്ത് ചോദ്യമാണ്? എന്റെ കുട്ടി ഇവിടെ നിൽക്കണത് ആണ് അച്ഛനും അമ്മയ്ക്കും ഇഷ്ടം.” ബീനയത് പറഞ്ഞ് ആമിയെ ചേർത്ത് നിർത്തി. “അപ്പോ എന്റെ സമ്മതം വേണ്ടേ?” കട്ടിലിൽ ഇരുന്നു ചുണ്ടൊക്കെ കൂർപ്പിച്ച് അഭി പറയുന്നത് കണ്ടപ്പോൾ എല്ലാവരും അറിയാതെ ചിരിച്ചു പോയി.

“എന്തേയ് ഞാൻ ഇവിടെ നിൽക്കുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് ഉണ്ടോ?” “നീ ഒരു നൂറു കൊല്ലം ഇവിടെ നിന്നോ. ഞാൻ പൊന്ന് പോലെ നോക്കിക്കൊള്ളാം.” ഒരു ചിരിയോടെ അഭിയെ കെട്ടിപ്പിടിക്കുമ്പോൾ വീണ്ടും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അത് പക്ഷെ സന്തോഷം കൊണ്ട് മാത്രമായിരുന്നു. അന്നത്തെ രാത്രി അച്ഛന്റെയും അമ്മയുടെയും അഭിയുടെയുമൊപ്പം വേണ്ടുവോളം സംസാരിച്ചിട്ട് അഭിയോടൊപ്പമാണ് കിടന്നത്. ഒന്നും ആരെയുമറിയിക്കേണ്ട എന്ന തീരുമാനത്തിലാണ് ആമി അവസാനം എത്തി ചേർന്നത്. ഒറ്റക്ക് ജീവിച്ചു ശീലിച്ചവളാണ് താൻ പക്ഷെ അഭി… പെട്ടെന്നൊരു ദിവസം താൻ സ്വന്തമെന്ന് കരുതിയതൊന്നും തന്റേതല്ലെന്ന് അറിയുന്ന അവളുടെ അവസ്ഥ എന്താവും. അവളുടെ കണ്ണ് നിറപ്പിച്ചിട്ട് എത്ര സന്തോഷം ലഭിച്ചാലും തനിക്കത് ആസ്വദിക്കാനുള്ള മനസ് ഉണ്ടാവില്ലെന്നതിൽ ആമിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. തന്റെ അതേ അവസ്ഥയിലൂടെയാവും അച്ഛനും അമ്മയും കടന്നു പോവുക. ഇന്നവരുടെ മനസ്സിൽ എവിടെയോ ഉറങ്ങികിടക്കുന്ന ഞാനെന്ന നഷ്ട സ്വപ്നത്തെ ഉണർത്തുമ്പോൾ ചിലപ്പോൾ അഭിയെ എന്നെന്നേക്കുമായി അവർക്ക് നഷ്ടപ്പെട്ടേക്കാം. അവളെക്കാൾ മുകളിൽ ഒരിക്കലും ചിലപ്പോൾ അവർക്കെന്നെ ഉൾക്കൊള്ളാനാവില്ല.

അങ്ങനെ ഉണ്ടായാൽ പോലും അഭിയുടെ ദുഃഖം അവർക്കെന്നും നീറുന്ന മുറിവ് ആയിരിക്കും. തന്നെ നഷ്ടമായപ്പോൾ അച്ഛനും അമ്മയ്ക്കും ജീവിക്കാൻ പ്രചോദനമായത് അഭിയാണ് ഒരർത്ഥത്തിൽ തന്റെ മാതാപിതാക്കളുടെ സന്തോഷത്തിന് കരണമായവളാണ് അഭി.. മറ്റാരേക്കാളും താൻ അവളോട് കടപ്പെട്ടിരിക്കുന്നു.. അല്ലെങ്കിലും ഒരിക്കൽ പോലും അർഹതയില്ലാത്ത ഒന്നും ആഗ്രഹിച്ചിട്ടില്ല. അച്ഛനും അമ്മയും ആരെന്ന് അറിയാനാണ് ആഗ്രഹിച്ചത്. അങ്ങനുള്ള തനിക്ക് അവരോടൊപ്പം കഴിയാനും ആ സ്നേഹം അനുഭവിക്കാനുമുള്ള അവസരം ദൈവം തന്നു. ആ കാര്യത്തിൽ താൻ ഭാഗ്യവതിയാണ്. ഇനിയും കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നിമിഷമെങ്കിലും സ്വാർത്ഥമായി ചിന്തിച്ചത് ഓർത്തപ്പോൾ കുറ്റബോധം തോന്നി അവൾക്ക്. പിന്നെയും ഏറെ നേരം ആലോചിച്ചു കിടക്കുമ്പോൾ അഭി തിരിഞ്ഞ് ആമിയെ ചേർത്ത് പിടിച്ചിരുന്നു. നിഷ്കളങ്കമായി ഉറങ്ങുന്ന അഭിയുടെ മുഖത്തു നോക്കിയപ്പോൾ അറിയാതെ വാത്സല്യം മനസ്സിൽ നിറയുന്നുണ്ടായിരുന്നു. നെറ്റിയിലെ മുടിയിഴകൾ മാടിയൊതുക്കി ചുണ്ട് ചേർക്കുമ്പോൾ വീണ്ടും തന്നോട് അടുത്ത് അവൾ കിടന്നു.

പിന്നെയും കുറേ സമയം അങ്ങനെ കിടന്നു. സന്തോഷം കൊണ്ടാവും വളരെ വൈകിയും ആമിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇടയ്ക്കെപ്പോളോ വസുവിന്റെ മുഖം കടന്നു വന്നതും മനഃപൂർവം ആ മുഖം മറക്കാനായി മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു. അതിന് തനിക്കൊരിക്കലും കഴിയില്ലെന്ന് വിളിച്ചോതിക്കൊണ്ട് മിഴിനീർ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു….തുടരും..

ഗന്ധർവ്വയാമം: ഭാഗം 15

Share this story