ഋതുസംക്രമം : ഭാഗം 23

ഋതുസംക്രമം : ഭാഗം 23

എഴുത്തുകാരി: അമൃത അജയൻ

അഞ്ജന തിരിച്ചെത്തിയപ്പോൾ രാത്രിയായിരുന്നു . മുകളിൽ വെളിച്ചം കണ്ടില്ല . എല്ലാവരും കിടന്നിട്ടുണ്ടാകും . അവളെയിനി രാവിലെ കണ്ടാൽ മതി . അച്ഛൻ പറയുന്നത് പോലെ അവളോട് കുറേക്കൂടി സോഫ്റ്റായേ പറ്റൂ . മെരുക്കി നിർത്തുകയല്ല ഇണക്കി നിർത്തുകയാണ് വേണ്ടത് . ഇല്ലെങ്കിൽ അവളകന്നു പോകും . അവളുടെ മേൽ തന്നേക്കാൾ സ്വാതന്ത്യം മറ്റൊരാൾക്കുണ്ടാകാൻ പാടില്ല . ഉണ്ടായാൽ തന്നെ അതൊരിക്കലും പപ്പിയാകാൻ പാടില്ല .താൻ നിശ്ചയിക്കുന്നവരായിരിക്കണം . ജിതിൻ .. എൻകേജ്മെൻ്റ് കഴിയാതെ തനിക്ക് മനസമാധാനം കിട്ടുമെന്ന് തോന്നുന്നില്ല . * * * പിറ്റേന്ന് രാവിലെ അഞ്ജനയുണർന്നെഴുന്നേറ്റ് കിച്ചണിൽ പോയി . പതിവില്ലാതെ അവളെയവിടെ കണ്ടപ്പോൾ സുമിത്ര അമ്പരന്നു . സമയം ആറരയായിട്ടേയുണ്ടായിരുന്നുള്ളു . സുമിത്രയ്ക്ക് പരിഭ്രമം തോന്നി . ചായയിട്ടിട്ടില്ല . ഇവിടുള്ളവരുടെ സമയമായി വരുന്നതേയുള്ളു .. അഞ്ജനക്ക് ചായ റൂമിൽ കൊടുക്കുകയാണ് പതിവ് അതും എട്ടു മണിയാകുമ്പോൾ . മൈത്രി ഏഴാകുമ്പോൾ ചായ കുടിക്കാൻ വരും . മുകളിൽ പത്മരാജനുള്ളതും ആ സമയത്താണ് ഭാസ്കരേട്ടൻ വന്നെടുക്കാറ് . സുമിത്ര ധൃതിയിൽ ചായ വയ്ക്കാനുള്ള പാത്രമെടുക്കുന്നത് കണ്ടപ്പോൾ അഞ്ജന തടഞ്ഞു .

അപ്പം ചുട്ട് കാസറോളിൽ വയ്ക്കുന്നതുമെല്ലാം അവൾ നോക്കി . ” അപ്പമാണോ സുമിത്രേ .. ഇതവൾ കഴിക്കുമോ ..?” സുമിത്ര ആശ്ചര്യത്തോടെ അഞ്ജനയെ നോക്കി . മൈത്രിയെ ആയിരിക്കുമല്ലോ ഉദ്ദേശിച്ചത് . ഇക്കാലത്തിനിടയിലൊരിക്കൽ പോലും മകളുടെ ഇഷ്ടാനിഷ്ടങ്ങളന്വേഷിക്കലൊന്നുമുണ്ടായില്ല . ” കുഞ്ഞിനിതാ ഇഷ്ടം . തേങ്ങാപ്പാല് ചേർത്തുണ്ടാക്കുന്നത്. കൂടെ കടലക്കറിയും. ” കുക്കറിലേക്ക് ചൂണ്ടി സുമിത്ര പറഞ്ഞപ്പോൾ അതിൽ കടലക്കറിയാണെന്ന് മനസിലായി . പപ്പേട്ടനും അപ്പവും കടലക്കറിയുമായിരുന്നല്ലോ ഏറ്റവുമിഷ്ടം . ഗൾഫിൽ നിന്ന് വന്നാൽ ഭക്ഷണം വീട്ടിൽ നിന്നേ കഴിക്കൂ . അപ്പവും , ദോശയും ഇഢലിയുമൊക്കെയാണ് ഇഷ്ടവിഭവങ്ങൾ . എത്ര നിർബന്ധിച്ചാലാണ് റെസ്റ്റോറൻ്റിലേക്ക് വരിക . ഫൈവ് സ്റ്റാർ ഭക്ഷണ രീതികളോട് എന്നും വിമുഖതയായിരുന്നു . അവൾക്കും അത്തരം നിർബന്ധങ്ങളില്ലായിരുന്നു . പുറത്തായാലും വീട്ടിലായാലും പപ്പേട്ടൻ്റെ മടിയിലിരുന്നു , ആ കൈകൊണ്ട് കൊടുക്കണം അതേയുള്ളു വാശി . അഞ്ജന തന്നെ ചായയ്ക്കു വച്ചതും , കപ്പിലേക്ക് പകർന്നതും . പത്മരാജനുള്ള ചായയെടുക്കാൻ വന്ന ഭാസ്കരനും ആ കാഴ്ച കണ്ട് അമ്പരന്നു . സുമിത്ര ഫ്ലാസ്കിലേയ്ക്ക് ചായ പകർന്നെടുക്കുന്ന നേരമത്രയും ഭാസ്കരൻ അഞ്ജനയെ തന്നെയാണ് ശ്രദ്ധിച്ചത് .

അയാളോട് യാതൊന്നും മിണ്ടാതെ ഒരു കപ്പ് ചായയുമായി അഞ്ജന കിച്ചണിൽ നിന്നു പോയി . മൈത്രി ഉണർന്നെങ്കിലും എഴുന്നേറ്റിട്ടില്ലായിരുന്നു . വെറുതെ പുതച്ചു കിടന്നു . എണീറ്റിട്ടൊന്നും ചെയ്യാനില്ല . കോളേജിൽ പോകാൻ കഴിയില്ല . പഠനം നിന്നു പോയതോർത്തപ്പോൾ കണ്ണ് നിറഞ്ഞു . പഠിക്കാൻ കേമിയൊന്നുമല്ലെങ്കിൽ കോളേജിൽ പോകുന്നതും പഠിക്കുന്നതുമൊക്കെ ഇഷ്ടമാണ് . കോളേജിൽ മാത്രമാണ് അൽപ്പം സമാധാനത്തോടെയിരിക്കുന്നത് . ഫ്രണ്ട്സിനൊക്കെ ഒരവധി ദിവസം വരുന്നെന്ന് കേട്ടാൽ സന്തോഷമാണ് . തനിക്ക് തിരിച്ചും . അവധി കിട്ടാൻ ആഗ്രഹമേ തോന്നിയിട്ടില്ല . ഒന്നിലധികം ടെസ്റ്റ് പേപ്പറുകളോ , പ്രോജക്ടോ അസൈമെൻ്റ്സോ എന്തൊക്കെ പ്രഷറുണ്ടായാലും കോളേജിൽ പോകുന്നതു തന്നെയായിരുന്നു തനിക്ക് സന്തോഷം . ആദ്യമായിട്ടാണ് വർക്കിംഗ് ഡെയ്സിൽ താൻ ലീവായിരിക്കുന്നത് . ഒരു വർഷം തീരാറായിരിക്കുന്നു . വാലൻ്റയിൻസ് ഡേയും കോളേജ് ഡേയും ഇന്നലെയുമിന്നുമൊഴിച്ചാൽ ക്ലാസുളള ഒരു ദിവസം പോലും താൻ ആബ്സൻ്റായിട്ടില്ലല്ലോ . ചുമ്മാതല്ല കെമിസ്ട്രി മിസ് അന്ന് വഴക്കു പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞത് . ടെസ്റ്റ് പേപ്പറിൻ്റെ മാർക്ക് വന്നപ്പോൾ തനിക്ക് ഇരുപത്തഞ്ചിൽ പതിമൂന്ന് .

ഓരോടുത്തരെയായി അടുത്തു വിളിച്ചാണ് പേപ്പർ തരുന്നത് . തൻ്റെ ഊഴമെത്തി ചെന്നപ്പോൾ , പേപ്പർ തന്നിട്ട് ആദ്യം തുറിച്ചൊന്നു നോക്കി . ” എല്ലാ ദിവസവും ക്ലാസിൽ വന്നിരുന്നോളും . എന്നാലൊട്ട് ഒരു വകയും പഠിക്കേമില്ല മാർക്കും മേടിക്കില്ല . എടോ ക്ലാസിൽ ശ്രദ്ധിച്ചിരുന്നാലെങ്കിലും തനിക്ക് വല്ലോമെഴുതാമല്ലോ .. ” പിന്നേ , അത്രയ്ക്ക് ഓർമയൊക്കെ ഒണ്ടാരുന്നേൽ ഞാനാരായിപ്പോയേനേ . നാളെ മിസ് വന്ന് മാർക്ക് എത്രയായിരുന്നൂന്ന് ചോദിച്ചാൽ അതുപോലുമെനിക്കോർമയുണ്ടാവൂല, അപ്ലാ.. എന്ന് മനസിൽ പറഞ്ഞു . പട്ടി ചന്തക്കു പോകുന്ന പോലാ ഓരോന്ന് കോളേജിൽ വരുന്നേ .. തിരിഞ്ഞു നടക്കുമ്പോൾ മിസ് ആത്മഗതം പറയുന്നത് കേട്ടു . ഓർമകളിൽ നിന്ന് തിരികെ വരുമ്പോൾ ചുണ്ടുകളിൽ നോവുള്ളൊരു ചിരി ബാക്കിയായി . പ്രായമായവർ പറയാറുണ്ട് പഠിക്കുന്ന കാലമാണ് സുവർണ്ണ കാലമെന്ന് . അപ്പോഴൊക്കെ അത് കേൾക്കുമ്പോൾ ഓ അതിനുമാത്രമെന്ത് സന്തോഷമെന്ന് തോന്നുമായിരുന്നു . ഇന്നിപ്പോൾ പഠിത്തം നിലച്ച് ഇവിടെ കിടക്കുമ്പോൾ മനസിലാകുന്നു നഷ്ടങ്ങൾ എന്തൊക്കെയാണെന്നും അതിൻ്റെ വലിപ്പമെത്രയാണെന്നും .

കോളേജിലേക്കുള്ള യാത്രകൾ , കൂട്ടുകാർ , ക്ലാസുകൾ , അദ്ധ്യാപകർ , ഉറങ്ങാതെ എഴുതി തീർക്കേണ്ടുന്ന അസൈമെൻ്റുകൾ , പരീക്ഷപ്പേടികൾ , ക്വസ്റ്റ്യൻ ചോദിപ്പുകൾ , പുറത്ത് നിർത്തലുകൾ , ക്ലാസ് കട്ട് ചെയ്യലുകൾ , മിസുമാരുടെ വഴക്കു കേൾക്കൽ , ഇണക്കങ്ങൾ , പിണക്കങ്ങൾ , ചില നോട്ടങ്ങൾ , ലൈബ്രറി , പുസ്തകങ്ങൾ , സമരങ്ങൾ, പൂവാക അങ്ങനെയങ്ങനെ എന്തെല്ലാം പിൻവഴികളിൽ സ്മൃതിയടയുന്നു . ഇനിയൊന്നും തിരിച്ചു വരാത്ത പോലെ ദൂരേയ്ക്ക് മടങ്ങുന്നു . അവൾ പിടഞ്ഞെഴുന്നേറ്റു . തൊണ്ടക്കുഴിയിൽ സങ്കടം ഞെരിഞ്ഞമരുന്നത് കണ്ണുകളേറ്റെടുത്തു . ആ മുറ്റത്തേക്കോടി ചെല്ലാൻ അവൾ വല്ലാതെ കൊതിച്ചു . എന്നെ ഞാനാക്കി തീർക്കുന്ന എന്തെല്ലാമൊക്കെയോ ആ കലാലയ മുറ്റത്ത് നഷ്ടപ്പെട്ടു പോയിരിക്കുന്നു .. വീണ്ടെടുക്കാനൊരവസരം കൂടി കിട്ടുമോ . കോളേജിൻ്റെ റാങ്ക് സ്വപ്നമൊന്നുമല്ലാത്തത് കൊണ്ട് , തന്നെ തേടി അവിടുന്നാരും ഈ വഴിക്ക് വരാൻ പോകുന്നില്ല . ഒരുപക്ഷെ അങ്ങനെയായിരുന്നെങ്കിൽ , ദൃശ്യചേച്ചിയെപ്പോലെ തന്നെ അവരെങ്കിലും വന്ന് കൊണ്ടു പോകുമായിരുന്നു . ദൃശ്യ മൈത്രിയുടെ കോളേജിൽ മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയാണ് .

ഇടുക്കിയിലോ മറ്റോ ആണ് വീട് . വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൂന്നാം വർഷം തുടക്കത്തിൽ പഠിത്തം നിർത്തിപ്പോയി . കോളേജിൻ്റെ റാങ്ക് സ്വപ്നം . അച്ഛൻ ക്യാൻസർ പേഷ്യൻ്റ് . അമ്മ തൊഴിലുറപ്പിനും റബ്ബർ ടാപ്പിംഗിനും പോകുന്നതാണ് ഏക വരുമാനം . വിവരം കോളേജിലറിഞ്ഞപ്പോൾ പ്രിൻസിപ്പലച്ചനും മിസുമാരും വീട്ടിൽ പോയി ചേച്ചിയെ കണ്ടു സംസാരിച്ചു തിരികെ കൊണ്ടു വന്നു . പഠനച്ചിലവ് ഹോസ്റ്റൽ ഫീസടക്കം പള്ളി വക ട്രസ്റ്റ് ഏറ്റെടുത്തു . അത് വെറുതെയായില്ല അഞ്ചാം സെമസ്റ്റർ ദൃശ്യ ചേച്ചിക്ക് തന്നെയാണ് യൂണിവേഴ്സിറ്റിയിൽ ടോപ്പ് മാർക്ക് . ഫൈനലിയർ എക്സാം കഴിയുമ്പോൾ കോളേജ് പ്രതീക്ഷിക്കുന്ന ഒരേയൊരു ഒന്നാം റാങ്ക് ദൃശ്യ ചേച്ചിയുടേതാണ് . പഠിക്കാമായിരുന്നു , എങ്കിൽ അങ്ങനെയെങ്കിലും . ടേബളിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലേക്ക് നോക്കിയപ്പോൾ പൊട്ടിക്കരയാൻ തോന്നി . ആ നഷ്ടം ചെറുതല്ല . തൻ്റെ ജീവിതത്തിൻ്റെ വിലയുണ്ടായിരുന്നു അവയ്ക്കോരോന്നിനും .. ഇത്രയും കാലം അഞ്ചോ ആറോ മണിക്കൂർ ഈ കാരാഗൃഹത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായിരുന്നു കോളേജ് . അതിനപ്പുറത്തേക്ക് മാർക്ക് സ്വപ്നങ്ങളൊന്നുമില്ലായിരുന്നു . എങ്ങനെയെങ്കിലും പാസ് മാർക്ക് വാങ്ങണം അതും അമ്മയെ പേടിച്ചിട്ട് .

അഞ്ചോ ആറോ മണിക്കൂറല്ല ഒരായുസിൽ രക്ഷപ്പെടാനുള്ളത് പുസ്തകത്തിലുണ്ടായിരുന്നു . അങ്ങനെ രക്ഷപ്പെട്ട എത്രയെത്രയാളുകളെ കുറിച്ച് കേട്ടിരിക്കുന്നു . ഒരോ തവണ കേൾക്കുമ്പോഴും അതൊക്കെ ഉപദേശങ്ങളായി കരുതി മറു ചെവിയിലൂടെ കളഞ്ഞിരുന്നു . ഒരിക്കലെങ്കിലും അതുൾക്കൊണ്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ … അഞ്ജന മുറിയിൽ വന്നതറിയാതെ പുസ്തകത്തിൽ നോക്കിയിരിക്കുകയായിരുന്നു മൈത്രേയി .. കപ്പ് ടേബിളിൽ കൊണ്ട് വച്ചപ്പോളാണ് അവൾ യാഥാർത്ഥ്യത്തിലേക്ക് മടങ്ങിയെത്തിയത് . മൈത്രി അവിശ്വസനീയതയോടെ അമ്മയെ നോക്കി . അമ്മ ചായയുമായി വന്നിരിക്കുന്നു . താൻ സ്വപ്നം കാണുകയാണോ . ” പോയി വാഷ്‌ ചെയ്തിട്ട് വാ .. ” ശാന്തതയോടെ അഞ്ജന പറഞ്ഞു . അവൾക്കത് വിശ്വാസമാകാൻ പിന്നെയും സമയമെടുത്തു . ഏത് നിമിഷവും അമ്മ ചോദ്യം ചെയ്യലുമായി വരുമെന്ന് ഭയന്നിരിക്കുകയായിരുന്നു അവൾ . വീടുവിട്ടു പോയതിനെക്കുറിച്ച് ഈ നിമിഷം വരെ അമ്മയൊന്നും ചോദിച്ചിട്ടില്ല . അവൾ വാഷ്റൂമിൽ നിന്ന് തിരിച്ചു വന്നപ്പോൾ അഞ്ജന തന്നെ ചായയെടുത്ത് കൈയിൽ കൊടുത്തിട്ട് അവളുടെ ബെഡിലേക്കിരുന്നു . ” കരഞ്ഞോ നീയ് …? ” അവളില്ലെന്ന് തലയാട്ടി . ഉവ്വെന്ന് പറഞ്ഞിട്ടെന്തിനാണ് .

അല്ലെങ്കിൽ തന്നെ താനിവിടെ സന്തോഷത്തോടെയിരിക്കുകയാണെന്നാണോ അമ്മ ധരിച്ചിരിക്കുന്നത് . ” ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വേഗം റെഡിയാക് . നമുക്കൊരിടം വരെ പോകാം .. ” ഇനിയെങ്ങോട്ടാണ് കൊണ്ട് പോകുന്നത് ? ഇവിടുന്നെങ്ങാനും തന്നെ മാറ്റുകയാണോ .. ഇനിയൊരിക്കലും പപ്പിയാൻ്റിയെ കാണാതിരിക്കാനോ മറ്റോ . എങ്കിൽ .. എങ്കിലെന്താണൊരു പോംവഴി . അമ്മയെന്തോ മനസിൽ കണ്ടു കൊണ്ടുള്ള പെരുമാറ്റമാണ് . ഇതുവരെ താൻ വീടുവിട്ട് പോയതിനെക്കുറിച്ച് ചോദിക്കാത്തതും ഇപ്പോൾ കാണിക്കുന്ന സ്നേഹ പ്രകടനവും എല്ലാം അതിൻ്റെ തെളിവാണ് . അവൾ ചായ കുടിച്ചു കഴിഞ്ഞ് കപ്പുമെടുത്തു കൊണ്ടാണ് അഞ്ജന തിരികെ പോയത് .. അഞ്ജന പോയ് കഴിഞ്ഞുടൻ അവൾ പത്മരാജൻ്റെയടുത്ത് ചെന്നു . അമ്മ ചായ കൊണ്ടു വന്നതും , എങ്ങോട്ടോ പോകാൻ വിളിച്ചതും വീടുവിട്ടു പോയതിനെ കുറിച്ച് ചോദിക്കാത്തതുമെല്ലാം ആശങ്കയോടെ അയാളോട് പങ്കുവച്ചു . ഞാനെന്താച്ഛേ ചെയ്യാ എന്നവൾ ചോദിക്കുമ്പോൾ നിസഹായനായി കിടക്കേണ്ടി വന്നതിൻ്റെ മനോവേദന അയാളെ വല്ലാതെ തളർത്തി . ഒരു വിരലെങ്കിലും ചലിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വ്യാമോഹിച്ചു . . മൈത്രി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ താഴേക്കു വന്നതും , സെറ്റിയിൽ ലാപ്ടോപ്പുമായി ഇരിക്കുകയായിരുന്ന അഞ്ജന അതടച്ചു വച്ച് എഴുന്നേറ്റു വന്നു .

ടൈനിംഗ് ടേബിളിൽ വച്ച് മൈത്രിയ്ക്ക് പ്ലേറ്റ് വച്ചു കൊടുത്തതും ഭക്ഷണമെടുത്തു കൊടുത്തതുമെല്ലാം അഞ്ജനതന്നെയാണ് . അവളും മൈത്രിയ്ക്കൊപ്പം കഴിക്കാനിരുന്നു . അതുമൊരാസാധാരണ സംഭവമായതിനാൽ സുമിത്രയ്ക്ക് ആശ്ചര്യമായി . ഇതെന്ത് മറിമായം … ചിലപ്പോ ആ കുട്ടി വീടുവിട്ടു പോയിട്ടാവും . എത്രയായാലും പെറ്റമ്മയല്ലേ . അതിനൊരാപത്ത് വരുന്നത് സഹിക്കുമോ ..? അവർ നെടുവീർപ്പയച്ചു കൊണ്ട് തൻ്റെ പണികളിലേക്ക് തിരിഞ്ഞു . ഭക്ഷണം കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റപ്പോൾ റെഡിയായി താഴേക്ക് വരണമെന്ന് ഒരിക്കൽക്കൂടി അഞ്ജന ഓർമിപ്പിച്ചു . റൂമിൽ വന്ന് മൈത്രി ആലോചനയായി . എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു പിടിയുമില്ല . പപ്പിയാൻറിയെ അറിയിക്കാനും ഒരു മാർഗവുമില്ല . അവൾക്ക് നിരഞ്ജനെ ഓർമ വന്നു . ഇപ്പോൾ തനിക്കെന്തെങ്കിലും പറഞ്ഞിട്ടു പോകാൻ അവനെയുള്ളു . മൈത്രി ഫോണെടുത്ത് കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞ് ഒരു ടെക്സ്റ്റയച്ചു . രണ്ടാമതായി നിരഞ്ജൻ്റെ നമ്പർ മനപാഠമാക്കി . ഏറ്റവും സുരക്ഷിതവും രഹസ്യവുമായി അവൻ്റെ നമ്പർ സൂക്ഷിക്കാനൊരിടം തൻ്റെ മനസിൽ തന്നെയാണ് .. അത് കഴിഞ്ഞിട്ടാണ് അവൾ കുളിക്കാൻ പോയത് . കുളിക്കുമ്പോഴും , തിരികെ വന്ന് മുടിയുണക്കുമ്പോഴും ചീകുമ്പോഴും ഒരുങ്ങുമ്പോഴുമെല്ലാം നിരഞ്ജൻ്റെ നമ്പർ തെറ്റാതെ മനസിലാഴത്തിൽ പതിപ്പിച്ചു .

മൈത്രി താഴേക്കിറങ്ങി വരുമ്പോൾ അഞ്ജന റെഡിയായി നിൽപ്പുണ്ടായിരുന്നു . ” ഈ ഡ്രസ് നിനക്ക് നന്നായി ചേരുന്നുണ്ടല്ലോ .. ആഹാ ഇങ്ങനെയാണോ മുടി കെട്ടുന്നെ .. ഇങ്ങു വാ അമ്മ കെട്ടിത്തരാം … ” അഞ്ജനയവളെ സ്വന്തം റൂമിലേക്ക് കൊണ്ട് പോയി ഡ്രസിംഗ് ടേബിളിനു മുന്നിലിരുത്തി . അവളുടെ ബ്ലൂ സ്കർട്ടിനും ലൈറ്റ് ക്രിംസൺ കളർ ടോപ്പിനും ചേരുന്ന രീതിയിൽ ഭംഗിയായി മുടികെട്ടിക്കൊടുത്തു . അഞ്ജന ബെൻസിൻ്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരിക്കുന്നത് കണ്ടപ്പോൾ മൈത്രിക്ക് സംശയമായി .. ഇനി പാർട്ടിക്കു വല്ലോം പോവുകയാണോ . അതോർത്തപ്പോൾ തന്നെ മടുപ്പ തോന്നി . പക്ഷെ ധിക്കരിക്കാൻ വയ്യ . അഞ്ജന കാറെടുത്ത് മൈത്രിയുടെ മുന്നിൽ കൊണ്ട് നിർത്തി . രണ്ടും കൽപ്പിച്ചവൾ കോഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു .. അവൾ കണ്ണടച്ച് നിരഞ്ജൻ്റെ നമ്പർ ഒന്നു കൂടി പറഞ്ഞുറപ്പിച്ചു . ഇനിയെല്ലാം വരുന്ന പോലെ വരട്ടെ .. പത്മതീർത്തത്തിൻ്റെ ഗേറ്റ് കടന്ന് ആ വാഹനം റോഡിലേക്ക് ചീറി പാഞ്ഞ് പോയി….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 22

Share this story