സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 27

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 27

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവർ പതിയെ റോഡിലേക്ക് ഇരുന്നു. കമഴ്ന്നു കിടക്കുന്ന ആ പെണ്കുട്ടിയെ നേരെ കിടത്തിയതും കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. ഭദ്രേ.. കിച്ചു ഭയത്തോടെ കുലുക്കി വിളിച്ചു.. നെറ്റിയിൽ നിന്നും പൊട്ടിയൊഴുകുന്ന ചോര മഴവെള്ളത്തിൽ കലർന്ന് അപ്പോഴും അവളുടെ മുഖത്തൂടെ ഒഴുകുന്നുണ്ടായിരുന്നു.. വിമലും കിച്ചുവും നിസ്സഹായതയോടെ പരസ്പരം നോക്കി.. ഭദ്രേ.. ഇത്തവണ കിച്ചുവിന്റെ ശബ്ദം ഇടറിയിരുന്നു.. മനസ്സിന്റെ പതർച്ചയെന്നോണം കൈകൾ വിറച്ചിരുന്നു.. വിമലും കുനിഞ്ഞിരുന്നു.. ടാ.. നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം.. വാ.. വിമൽ പറഞ്ഞപ്പോഴാണ് കിച്ചു അതോർത്തത്.. അതുവരെ താൻ മറ്റേതോ ലോകത്തായിരുന്നു എന്നവൻ ആശ്ചര്യത്തോടെ മനസ്സിലാക്കി.. വിമലും കിച്ചുവും ചേർന്ന് അവളെ എടുത്തു കാറിൽ കയറ്റി.. വിമലാണ് വണ്ടി ഓടിച്ചത്.. പിന്നിൽ കിച്ചുവിന്റെ മടിയിൽ തല വെച്ചായിരുന്നു ഭദ്രയെ കിടത്തിയത്.. ആക്സിഡന്റ് ആണെന്ന് തോന്നുന്നില്ല.. ആരോ പിടിച്ചു തള്ളിയതാണെന്ന് തോന്നുന്നു.. ഇല്ലേ കിച്ചൂ.. വിമൽ ചോദിച്ചു.. മ്മ്… കിച്ചു വെറുതെ മൂളി.. അവന്റെ കണ്ണുകൾ ഭദ്രയുടെ മുഖത്തായിരുന്നു..

വെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്ന ചോരയ്ക്ക് പോലും തിളയ്ക്കുന്ന ചൂടുണ്ടെന്നവന് തോന്നി.. കൈകളിൽ പറ്റിയിരിക്കുന്ന ചോര കൊണ്ട് കൈ പൊള്ളും പോലെ.. പ്രിയപ്പെട്ടതെന്തോ ഒന്നു നഷ്ടപ്പെടുമെന്നാരോ പറയും പോലെ..എന്താണ് അവളോടിത്ര അടുപ്പം തോന്നാൻ എന്നിതുവരെ മനസ്സിലായിട്ടില്ല.. ആദ്യമായി കണ്ട നാൾ മുതൽ കലഹിച്ചും ദേഷ്യപ്പെട്ടും മാത്രം കണ്ടിരുന്ന ഒരുവൾ.. ആദ്യമൊക്കെ അവളോട് തോന്നിയ ദേഷ്യം പതിയെ പതിയെ ഒരു അത്ഭുതമായി മാറി.. ഇവളെന്താണ് ഇങ്ങനെ എന്നൊരു ചോദ്യം.. ആ അത്ഭുതം മാറിയത് ജിഷ്ണുവിൽ നിന്നും ഭദ്രയെ അറിഞ്ഞപ്പോഴാണ്.. അപ്പോഴും ബഹുമാനമായിരുന്നു.. പതിയെ അതിപ്പോഴൊരു ആരാധനയാണ്.. ആരാധനാ മൂർത്തിക്ക് ദോഷം വരുന്നത് ചിന്തിക്കാൻ കഴിയുമോ.. അതുപോലെ ഒരു തരം ആരാധന.. കിച്ചു സ്വയം പറഞ്ഞുകൊണ്ടിരുന്നു.. ഹോസ്പിറ്റൽ എത്താൻ വൈകുന്നതിന് ദേഷ്യം തോന്നി.. മഴയൊന്നു കുറഞ്ഞിരുന്നെങ്കിൽ അൽപ്പം കൂടി വേഗത്തിൽ പോകമായിരുന്നു എന്ന വിമലിന്റെ ആത്മഗതം കേട്ട് ആർത്തലച്ചു പെയ്യുന്ന പേമാരിയോട് പോലും ദേഷ്യം തോന്നി.. ഹോസ്പിറ്റലിൽ എത്തിയതും അവളെയും കൊണ്ട് അകത്തേയ്ക്ക് ഓടുകയായിരുന്നു..

ക്യാഷ്വാലിറ്റിയുടെ ചില്ല് വാതിലിനു മുന്പിലായി സന്ദർശകർക്കായി ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുമ്പോഴും അവനിൽ ഒരു തരം വിറയലായിരുന്നു.. പേടിക്കേണ്ടെടാ.. നമ്മൾ കാരണം അല്ലല്ലോ.. അവള് വീണതല്ലേ… വിമൽ കിച്ചുവിന്റെ തോളിൽ കൈ വെച്ചു പറഞ്ഞു.. കിച്ചു വിമലിനെ നോക്കി.. നനഞ്ഞു ഒരു പരുവമായിട്ടുണ്ട്.. ഒരുപക്ഷേ ആക്സിഡന്റ് ആയതിന്റെ ഷോക്കിലാണ് താനെന്ന് കരുതിക്കാണും.. അവന്റെ തോളിലേയ്ക്ക് വെറുതെ ചാഞ്ഞു.. ജിഷ്ണുവിനെ വിളിച്ചു പറയട്ടെ.. വിമൽ ചോദിച്ചു.. കിച്ചു പിടഞ്ഞെഴുന്നേറ്റു.. അത്.. തൽക്കാലം അത് വേണ്ടടാ.. ഡോക്റ്റർ വരട്ടെ.. കൂടുതലായി വല്ലോം ഉണ്ടേൽ പറഞ്ഞാൽ പോരെ.. ജിഷ്ണു വെറുതെ പേടിക്കും.. അങ്ങനെ പറയാനാണ് അവനു തോന്നിയത്.. എവിടെയോ താൻ സ്വാർത്ഥനാകുന്നുണ്ടോ.. ജിഷ്ണു വന്നാൽ അവളിൽ ഉള്ള അവകാശം നഷ്ടപ്പെടും എന്നൊരു പേടിപോലെ.. അതും ശെരിയാ . കണ്ടിട്ട് വല്യ മുറിവൊന്നും ഇല്ലാന്ന് തോന്നുന്നു.. ബോധം വീഴാത്തതാ ഒരു പേടി.. വിമൽ പറഞ്ഞു.. ആരാ ഭദ്രയുടെ കൂടെ വന്നത്.. ഡോക്ടർ ചോദിക്കുന്നത് കേട്ടതും കിച്ചു ചാടി എഴുന്നേറ്റു..വിമലും.. ഞങ്ങളാണ് ഡോക്ടർ.. കിച്ചു പറഞ്ഞു.. നിങ്ങളാ കുട്ടിയുടെ ആരാ.. ഡോക്ടർ ചോദിച്ചു.. ഞങ്ങളുടെ നൈയ്ബർ ആണ് ഡോക്ടർ. മറുപടി പറഞ്ഞത് വിമലാണ്.. പേടിക്കാനൊന്നുമില്ല..

നെറ്റിയിൽ മുറിവുണ്ട്. 6 സ്റ്റിച് ഉണ്ട്. ഒരു സ്ക്യാൻ ചെയ്യാം.. തലയടിച്ചു വീണതല്ലേ.. തൽക്കാലം പേടിക്കാൻ ഒന്നുമില്ലെന്ന് കരുതാം.. ഡോക്ടർ പറഞ്ഞു.. ഭദ്ര കണ്ണുതുറന്നോ ഡോക്ടർ.. കിച്ചു ചോദിച്ചു.. ഇല്ല.. അല്ല പേടിക്കാൻ ഒന്നുമില്ല.. മരുന്നിനു സെഡേഷൻ കാണും.. ധൈര്യമായിരിക്കൂ.. ഡോക്ടർ പറഞ്ഞു.. കിച്ചുവിന്റെ മുഖത്ത് ഒരാശ്വാസം നിഴലിച്ചു.. ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയാണ് ഡോക്ടർ അവൾ.. അതാ ഞങ്ങൾ.. വിമൽ പറഞ്ഞു.. ആ കുട്ടിക്ക് ഒന്നും വരില്ലെടോ.. ധൈര്യമായിരിക്കൂ.. ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞു നടന്നു.. കിച്ചുവും വിമലും ആശ്വാസത്തോടെ പരസ്പരം നോക്കി.. * കിച്ചൂ… ജിഷ്ണു കിതച്ചുകൊണ്ട് വിളിച്ചു.. ഹാ ബെസ്റ്റ്..ഫ്ളൈറ്റിനാണോ ജിഷ്ണൂ നീ വന്നത്.. വിമൽ ചോദിച്ചു. കിച്ചുവും അവനെ നോക്കി.. മഴ മുഴുവൻ നനഞ്ഞിട്ടുണ്ട്. കിതയ്ക്കുന്നുമുണ്ട് . ഓടി വന്നതുകൊണ്ടാകാം.. ഭദ്ര എന്തിയെ.. എങ്ങനെയുണ്ട് അവൾക്ക്.. ജിഷ്ണു ചോദിച്ചു.. ഒരു കുഴപ്പവുമില്ല.. സെഡേഷനിൽ ആണ്.. കണ്ണു തുറന്നില്ല.. പേടിക്കാനൊന്നുമില്ലെന്നാ ഡോക്ടർ പറഞ്ഞത്..ഇതിനകത്തുണ്ട്.. വിമൽ പറഞ്ഞു.. സത്യമാണോ.. ജിഷ്ണു ചോദിച്ചു.. സത്യം.. താൻ ഇരിക്ക്.. കിച്ചു പറഞ്ഞു.. ജിഷ്ണു ക്യാഷ്വാലിറ്റിക്ക് പുറത്തുള്ള കസേരയിൽ ഇരുന്നു.. എന്താ കിച്ചൂ സംഭവിച്ചത്.. ജിഷ്ണു ചോദിച്ചു..

ഞങ്ങൾ ആശ്രമത്തിൽ നിന്ന് വരുവായിരുന്നു.. അപ്പോഴാ.. കിച്ചു പറഞ്ഞുതുടങ്ങി.. അതേ.. ഭദ്രയുടെ റിലേറ്റിവ്‌സ് ആരാ. അപ്പോഴേയ്ക്കും ക്യാഷ്വാലിറ്റിയുടെ വാതിൽ തുറന്നൊരു നേഴ്‌സ് വന്നു ചോദിച്ചു.. ഞങ്ങളാ.. എന്താ സിസ്റ്ററെ.. വിമൽ ചോദിച്ചു.. ആ കുട്ടി കണ്ണു തുറന്നിട്ടുണ്ടെ.. കേറി കണ്ടോളൂ.. അവർ പറഞ്ഞു.. അവർ അകത്തേയ്ക്ക് നടന്നു.. ജിഷ്ണു സത്യത്തിൽ ഓടുകയായിരുന്നു.. മോളെ.. ജിഷ്ണു അവളെ കണ്ടതും ഓടി അവളുടെ അരികിൽ ചെന്നു വിളിച്ചു.. കണ്ണടച്ചു കിടക്കുകയായിരുന്നു അവൾ.. നെറ്റിയിൽ വലിയൊരു കെട്ടുണ്ട്.. അവൾ പതിയെ കണ്ണു തുറന്നു.. ജിഷ്ണുവിനെ കണ്ടതും ആ കണ്ണുകൾ ഒന്നു വിടർന്നു.. മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.. എന്താ മോളെ.. സൂക്ഷിക്കേണ്ടേ വണ്ടി ഓടിക്കുമ്പോ.. ജിഷ്ണു ശാസനയോടെ ചോദിച്ചു.. ഭദ്ര സംശയത്തോടെ കിച്ചുവിനെയും വിമലിനെയും നോക്കി.. ആരാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്.. അവൾ ചോദിച്ചു.. ഇവരാ.. ജിഷ്ണു കിച്ചുവിനെ നോക്കി പറഞ്ഞു.. അവളും അവരെ നോക്കി.. ആ കണ്ണുകളിൽ അപ്പോഴും എന്തോ സംശയം ഉള്ളപ്പോലെ ബാക്കിയായതുപോലെ കിച്ചുവിന് തോന്നി.. അധികം സംസാരിക്കേണ്ടാട്ടോ.. കവിളിലുള്ള മുറിവ് താങ്ങും.. നേഴ്‌സ് വന്ന് ഓർമിപ്പിച്ചു..

എങ്ങനാ മോളെ ആക്സിഡന്റായെ.. ഇടിച്ച വണ്ടി അറിയോ.. ജിഷ്ണു ചോദിച്ചു.. അത്. അത്.. ഹേയ്.. പരിചയമില്ലാത്ത വണ്ടിയായിരുന്നു.. അവൾ പെട്ടെന്ന് പറഞ്ഞു.. കിച്ചുവും വിമലും അത്ഭുതത്തോടെ അവളെ നോക്കി.. ചിലപ്പോ ഇന്നാട്ടിലെ ആകില്ല.. അതാ വളവിൽ അത്രേം സ്പീഡിൽ വന്നത്.. അവൾ നോട്ടം അവരിൽ നിന്നും മാറ്റി പറഞ്ഞു.. നിങ്ങൾ കണ്ടിരുന്നോ കിച്ചൂ വണ്ടി.. ജിഷ്ണു ചോദിച്ചു.. കണ്ടു. കിച്ചു പറഞ്ഞതും ഭദ്ര ഞെട്ടലോടെ അവനെ നോക്കി.. ഏത് വണ്ടിയാ.. നമ്പർ ഓർമയുണ്ടോ. ജിഷ്ണു ചോദിച്ചു.. കിച്ചു ഭദ്രയെ നോക്കി.. അവളുടെ കണ്ണുകൾ തന്നോടെന്തോ അപേക്ഷിക്കും പോലെ അവനു തോന്നി.. അത്.. ഭദ്ര പറഞ്ഞതുപോലെ ഇവിടുത്തെ വണ്ടിയല്ല.. കാർ ആയിരുന്നു.. കിച്ചു പറഞ്ഞു.. വിമൽ അവനെ സംശയത്തോടെ നോക്കിയതും കിച്ചു അവനെ കണ്ണുചിമ്മി കാണിച്ചു.. അതേ.. മതി.. അധികം സംസാരിക്കേണ്ട.. ഇപ്പൊ നിങ്ങൾ പുറത്തേയ്ക്കിറങ്ങു.. ഇത്തിരി കഴിഞ്ഞു റൂമിലേയ്ക്ക് മാറ്റാം.. സ്ക്യനിങ്ങും ഉണ്ട്.. നേഴ്‌സ് പറഞ്ഞു.. എനിക്ക് വീട്ടിൽ പോകണം.. ഭദ്ര പറഞ്ഞു.. അത് പറ്റില്ല.. തലയ്ക്ക് അടിയേറ്റിട്ടുണ്ട്.. അതുകൊണ്ട് വീട്ടിൽ പോകാനൊന്നും പറ്റില്ല.. നേഴ്‌സ് പറഞ്ഞു.. അത് പറ്റില്ല.. എനിക്കൊരു കുഴപ്പവുമില്ല.. ഭദ്ര എഴുന്നേറ്റുകൊണ്ട് പറഞ്ഞു.. ഹേയ് കുട്ടിയെന്താ ഈ ചെയ്യുന്നത്..

അവിടെ കിടക്കു.. നേഴ്‌സ് പറഞ്ഞു.. ഭദ്രേ.. അവിടെ കിടക്ക്.. തല അനക്കല്ലേ.. ജിഷ്ണു അവളെ താങ്ങി പിടിച്ചുകൊണ്ട് പറഞ്ഞു.. എനിക്കൊരു കുഴപ്പവുമില്ല.. എനിക്കിപ്പോ വീട്ടിൽ പോകണം. സമയമെന്തായി.. ഭദ്ര ചോദിച്ചു.. താനിതെന്താ ഭദ്രേ ഈ കാണിക്കുന്നത്. കൊച്ചുകുട്ടിയാണോ.. അവിടെ കിടക്ക്.. കിച്ചു പറഞ്ഞു.. താൻ പോടോ.. കൂടുതൽ എന്നെ ഭരിക്കാൻ വരല്ലേ.. ഭദ്ര പറഞ്ഞതും വിമലും കിച്ചുവും പരസ്പരം നോക്കി.. എന്താ ഇവിടെ.. ഡോക്ടർ വന്നു ചോദിച്ചു.. ഡോക്ടർ ഈ കുട്ടി വീട്ടിൽ പോകണം എന്നും പറഞ്ഞു ബഹളം വയ്ക്കുകയാണ്.. നേഴ്‌സ് പറഞ്ഞു.. എന്താണ് ഭദ്രാ പ്രശ്നം.. ഹേ.. ഡോക്ടർ സൗമ്യമായി ചോദിച്ചു.. എനിക്ക് വീട്ടിൽ പോകണം ഡോക്ടർ.. വീട്ടിൽ എന്റെ ചേച്ചിയും വയ്യാത്ത അച്ഛനും തനിച്ചാണ്.. ഞാനില്ലെങ്കിൽ ശെരിയാകില്ല.. ഭദ്ര പറഞ്ഞു.. തനിക്ക് പെയിൻ ഇല്ലേ.. ഒരു സ്ക്യാനും ചെയ്യേണ്ടി വരും.. തലയടിച്ചല്ലേ ഇയാള് വീണത്.. ഡോക്ടർ ചോദിച്ചു.. ഡോക്ടർ പ്ലീസ്.. ഭദ്ര പറഞ്ഞു.. ഓകെ.. തന്നെ വിടാം.. പക്ഷെ ഇപ്പോഴല്ല.. ദേ ഈ ട്രിപ്പ് തീരണം.. പിന്നെ ഒരു ഇന്ജെ‌ക്ഷൻ സ്ക്യനിങ്.. അതിൽ പ്രശ്നമൊന്നും ഇല്ലെങ്കിൽ വിടാം.. എന്താ പോരെ.. ഡോക്ടർ ചോദിച്ചു..

അധികം താമസിക്കുമോ.. ഭദ്ര ചോദിച്ചു.. കുറച്ചു കഴിയും.. അതല്ല താൻ വാശി പിടിക്കാനാണ് ഉദ്ദേശം എങ്കിൽ ഞാൻ വല്ല മയങ്ങാനുള്ള ഇഞ്ചകഷനും തന്ന് ഇവിടെയിടും.. വേണോ.. ഡോക്ടർ ചോദിച്ചു.. കിച്ചു ഭദ്രയെ നോക്കി.. ആ ഡോക്ടറെ അരച്ചു കലക്കി കൊടുത്താൽ ഇപ്പൊ കുടിക്കും അതാണ് അവസ്‌ഥയെന്ന് അവനു മനസ്സിലായി.. അവനും വിമലും ജിഷ്ണുവും പരസ്പരം നോക്കി പുഞ്ചിരിച്ചു.. വിച്ചു.. അവൾ ജിഷ്ണുവിനെ നോക്കി ചോദിച്ചു.. നീ എന്റെ കൂടെയുണ്ട് വരാൻ വൈകും എന്നു ഞാൻ വിളിച്ചു പറയാം.. പോരെ.. ജിഷ്ണു ചോദിച്ചു.. പോരെങ്കിൽ അപ്പച്ചിയോടും അച്ഛനോടും അവിടെ ചെന്നിരിക്കാനും പറയാം.. ജിഷ്ണു പറഞ്ഞു.. ഭദ്ര എല്ലാവരെയും നോക്കി.. നിവൃത്തിയില്ല എന്നു തോന്നിയതിനാലകണം അവൾ പതിയെ തിരിഞ്ഞു കിടന്നു.. അപ്പോഴും നെറ്റിയിലേയ്ക്ക് കയ്യമർത്തി വെച്ചുകൊണ്ട് സ്വയം വേദനിപ്പിച്ചവൾ പ്രതിഷേധം അറിയിക്കുന്നുണ്ടായിരുന്നു.. *** ച്ഛെ… നേരത്തെ ഞാൻ അറിഞ്ഞില്ലല്ലോ.. എങ്കിൽ അവള് പറഞ്ഞതും കേട്ട് മിണ്ടാതെ നിൽക്കില്ലായിരുന്നു.. കിച്ചു പറഞ്ഞതുകേട്ട് ജിഷ്ണു പറഞ്ഞു.. ഞങ്ങൾ കണ്ടില്ല ആരായിരുന്നു എന്ന്. പക്ഷെ ഭദ്ര സ്വയം കാറിനു മുൻപിൽ വന്നു വീണതല്ല.. വിമൽ പറഞ്ഞു.. അതേ. പിന്നെ അവളെ കൊല്ലാൻ തന്നെയായിരുന്നിരിക്കണം ഉദ്ദേശം..

കാരണം മറ്റെന്തെങ്കിലും ഉദ്ദേശം ആയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടുണ്ടാകില്ല.. കാടാണ് ചുറ്റും.. ഒരു കുഞ്ഞുപോലും ഇല്ല അവിടെ.. അവളെ കാട്ടിലേക്ക് കൊണ്ടുപോയാൽ മതിയായിരുന്നല്ലോ.. കിച്ചു പറഞ്ഞു.. ഭദ്രയല്ലേ കക്ഷി.. ആരെങ്കിലും പിടിച്ചു വലിച്ചു കേറ്റുന്ന വഴി കുതറിയതാകാനും ചാൻസ് ഉണ്ട്.. വിമൽ പറഞ്ഞു.. പക്ഷെ തള്ളിയിട്ടത് പോലെയായിരുന്നു ഭദ്ര വന്നു വീണത്.. കിച്ചു പറഞ്ഞു.. കൊല്ലാൻ തന്നെയാകണം കിച്ചൂ.. അവളില്ലാതായാലെ അവരുടെ ഉദ്ദേശം നടക്കൂ.. അതവർക്ക് നന്നായറിയാം.. ജിഷ്ണു പറഞ്ഞു.. ആര്.. എന്തിനാ ഭദ്രയെ കൊല്ലുന്നത്.. കിച്ചു ചോദിച്ചു.. മറ്റാര്.. ആ സ്ത്രീ തന്നെ.. ഭദ്രേടെ ‘അമ്മ.. ജിഷ്ണു പകയോടെ പറഞ്ഞു.. അവരെന്തിനാ ഭദ്രയെ കൊല്ലുന്നത്. അന്ന് വെട്ടിയതിന്റെ പകയാണോ.. വിമൽ ചോദിച്ചു.. ഹേയ്… അതൊന്നുമല്ല.. അതിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്.. ഭദ്രയുടെ മുത്തച്ഛൻ അതായത് അവരുടെ അച്ഛൻ ഈ നാട്ടിലെ ഒരു പ്രമാണിയായിരുന്നു.. മാഷിന്റെ അദ്ധ്യാപകൻ.. സത്യം പറഞ്ഞാൽ നേരും നെറിയുമുള്ള ഒരു മനുഷ്യൻ.. മാഷിനെ അദ്ദേഹത്തിന് ജീവനായിരുന്നു.. സ്വന്തം മകളെക്കാൾ.. ജിഷ്ണു പറഞ്ഞു.. അപ്പോഴേയ്ക്കും ക്യാന്റീനിൽ അവർക്ക് കഴിക്കാനുള്ളത് കൊണ്ടു വെച്ചിരുന്നു.. ജിഷ്ണു തന്നെ മൂന്നുപേർക്കുമുള്ളത് നീക്കി വെച്ചുകൊടുത്തു..

അന്നാ സംഭവത്തിനു ശേഷം അവരോടദ്ദേഹത്തിനും ദേഷ്യമായി.. ടൗണിലും ഇവിടെയുമൊക്കെയായി ഏക്കറ് കണക്കിന് സ്വത്തുക്കളുണ്ടായിരുന്നു പുള്ളിക്ക്.. ജിഷ്ണു പറഞ്ഞു.. കിച്ചുവും വിമലും അവനെ ശ്രദ്ധിച്ചു.. ആ സംഭവം കൂടെ ആയപ്പോൾ പുള്ളി സ്വത്തുക്കളെല്ലാം ഭദ്രയുടെയും വിച്ചുവിനെയും പേരിൽ എഴുതി വെച്ചു.. ജിഷ്ണു പറഞ്ഞു അവരെ നോക്കി.. അതിൽ ഭദ്ര എന്ത് ചെയ്തു.. കിച്ചു ചോദിച്ചു.. ജിഷ്ണു ഒന്നു പുഞ്ചിരിച്ചു.. അന്ന് വെട്ടു കൊണ്ടശേഷം സദാശിവൻ തീരെ കിടപ്പിലായി.. ആരെങ്കിലും പിടിച്ചാൽ മാത്രം എഴുന്നേറ്റ് നടക്കുന്ന പ്രകൃതം.. കുറച്ചു കാലമൊക്കെ ആന്റി അയാളുടെ കൂടെ ഉണ്ടായിരുന്നു . അയാളുടെ ഭാര്യയും മക്കളും അന്നേ അയാളെ കയ്യൊഴിഞ്ഞു.. അയാളുടെ കുടുംബ വീട്ടിലായിരുന്നു താമസം.. കുറച്ചു നാള് കഴിഞ്ഞപ്പോൾ അയാൾക്കൊരു ചേട്ടനുണ്ട്.. പുള്ളി വന്നു.. അതു കഴിഞ്ഞു ഭദ്രേടെ ‘അമ്മ അയാളുടെ ഒപ്പമാണെന്നൊക്കെയാ നാട്ടുകാര് പറയുന്നത്.. പാലക്കാട് കോയമ്പത്തൂർ റോഡ് സൈഡിൽ ഭദ്രയുടെ മുത്തച്ഛന് ഒരു 50 സെന്റ് സ്ഥലം ഉണ്ടായിരുന്നു.. അയാള് മുൻകൈ എടുത്തു വനജാന്റിയെ മുന്നിൽ നിർത്തി അവിടെ ഒരു ഹോട്ടൽ പണിയാൻ തീരുമാനിച്ചു.. ആ സമയത്തൊന്നും ഭദ്രേടെ മുത്തച്ഛൻ ഭാഗം വെച്ചില്ല.. അച്ഛന്റെ സ്വത്തു മക്കൾക്കാണല്ലോ..

സോ ആ പ്രതീക്ഷയിൽ ലോണും മറ്റുമെടുത്ത് അവർ ഹോട്ടലിന്റെ പണി തുടങ്ങി . വലിയ ഹോട്ടലായിരുന്നു മനസ്സിൽ.. പണി തുടങ്ങി കഴിഞ്ഞാണ് ഭദ്രയുടെ മുത്തച്ഛൻ സ്വത്ത് ഭാഗം വെച്ച കാര്യം അവരറിഞ്ഞത്.. ആദ്യമൊക്കെ കുറെ ബഹളം വെച്ചൊക്കെ നോക്കി.. ഭദ്ര അപ്പോഴേയ്ക്കും അവർക്കെതിരെ കേസ് കൊടുത്തു.. അവളുടെ സ്വത്തിൽ അനധികൃതമായി പണി തുടങ്ങിയതിന്റെ പേരിൽ. കുറെ ഫൈറ്റ് ചെയ്തു നോക്കി.. ദേഷ്യപ്പെട്ടു.. അല്ലാതെ സംസാരിച്ചു.. അവസാനം ആത്മഹത്യാ ഭീഷണി വരെ മുഴക്കി.. ഭദ്ര തിരിഞ്ഞുപോലും നോക്കിയില്ല.. ലോൺ തിരിച്ചടയ്ക്കാതെ കുടിശികയായി.. കടക്കാർ വീട്ടിൽ ചെന്ന് ബഹളം വെച്ചു തുടങ്ങി.. അവസാനം സദാശിവന്റെ വീട് വിറ്റ് കുറച്ചൊക്കെ കടം വീട്ടി അവർ വേറെ ഒരു വാടക വീട്ടിലേയ്ക്ക് മാറി.. രസം ഇതൊന്നുമല്ല. ആ ചേട്ടച്ചാരുടെ ഭാര്യ മരിച്ചതാ.. അയാൾക്ക് രണ്ടു ആണ്മക്കളാ.. ആ ഭാര്യയുടെയും പുള്ളിയുടെയും പേരിൽ ഉണ്ടായിരുന്ന സ്ഥലമാണ് ലോണിനു വേണ്ടി കൊടുത്തത്.. അന്ന് കുട്ടികൾ മൈനർ ആയിരുന്നു. അവരെ ചീറ്റ് ചെയ്തതാണെന്നും പറഞ്ഞു ആ ചേച്ചിയുടെ വീട്ടുകാർ കേസ് കൊടുത്തു.. ഇപ്പൊ മൊത്തത്തിൽ പെട്ടിരിക്കുകയാണ്.. ഭദ്രയും വിച്ചുവും സൈൻ ചെയ്താൽ ആ വസ്തുവിൽ ഇവർക്ക് എന്തെങ്കിലും ചെയ്യാം.. വിച്ചു എങ്ങനെയെങ്കിലും തയാറാകും എന്നാണ് അവരുടെ വിശ്വാസം..

അതിനായിട്ടാ ഇടയ്ക്കിടെ വീട്ടിൽ വരുന്നത്.. ഭദ്ര ഒപ്പിട്ടു കൊടുക്കുകയുമില്ല വിച്ചുവിനെകൊണ്ട് സമ്മതിപ്പിക്യേമില്ല.. വിച്ചുവിനെയോ മാഷിനെയോ ഒന്നു കേറി കാണാൻ പോലും അവൾ അവരെ സമ്മതിക്കില്ല..ഇപ്പൊ അവർക്ക് ഭദ്രയോട് തീർത്താൽ തീരാത്ത പകയാണ്..കൊല്ലാനും അവര് മടിക്കില്ല എന്ന് പലവട്ടം അവളോട് ഞാൻ പറഞ്ഞതാ..അതെങ്ങനെയാ എല്ലാം അവൾക്ക് നിസ്സാരമാണ്.. ജിഷ്ണു പറഞ്ഞു.. കിച്ചുവും വിമലും പരസ്പരം നോക്കി.. ഇങ്ങനെയും അമ്മമാരുണ്ടോ.. വിമൽ ചോദിച്ചു.. ഇന്നും അവൾ വാശി പിടിക്കുന്നത് വിച്ചുവിനും മാഷിനും വേണ്ടിയാ.. അവളില്ലാത്ത നിമിഷം അവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയാണ് അവൾക്ക്.. ഉറക്കമിളച്ച് എന്നും കാവലിരിക്കുന്നത് അവരുടെ ജീവന് വേണ്ടിയാ.. അവൾക്കാ സ്വത്തൊന്നും വേണ്ട. പക്ഷെ അവർക്ക് കൊടുക്കില്ല. അതാണ് വാശി.. ജിഷ്ണു പറഞ്ഞുകൊണ്ട് എഴുന്നേറ്റു.. അപ്പോഴേയ്ക്കും കിച്ചുവും വിമലും കഴിച്ചു കഴിഞ്ഞിരുന്നു..കൈ കഴുകി ഭദ്രയ്ക്കുള്ള കഞ്ഞിയും വാങ്ങി ബില്ലും അടച്ചു അവർ പതിയെ നടന്നു.. വേഗം വാ. ഇല്ലെങ്കിൽ ഉണ്ണിയാർച്ച ഡോക്ടറെ തട്ടിയിട്ടാണെങ്കിലും പുറത്തു കടക്കും.. അതും പറഞ്ഞു ജിഷ്ണു മുൻപേ നടന്നു. വിമലും കിച്ചുവും പിന്നാലെയും.. കിച്ചുവിന്റെ മനസ്സിൽ പലതും കടന്നു പോകുകയായിരുന്നു.. ഏതിലും തെളിമയോടെ ഭദ്രയുടെമുഖം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു.. *

അയ്യോ.. ഭദ്രേ.. എന്താ. എന്താ പറ്റിയെ.. ഭദ്ര കാറിൽ നിന്നും ഇറങ്ങിയതും മാഷിനോട്‌ കളിച്ചിരിയോടെ സംസാരിച്ചിരുന്ന വിച്ചു ആശങ്കയോടെ ഇറങ്ങിയോടിച്ചെന്ന് അവളെ പിടിച്ചുകൊണ്ട് ചോദിച്ചു.. എന്താ ജിഷ്ണുവേട്ടാ. എന്താ ഇവൾക്ക്.. വിച്ചു കരയുന്ന അവസ്ഥയിൽ എത്തിയിരുന്നു.. ഒന്നുമില്ല വിച്ചൂ.. ഞാനൊന്നു വീണതാ. ഭദ്ര പറഞ്ഞു.. ഒന്നുമില്ലാഞ്ഞാണോ ഇങ്ങനെ കെട്ടി വെച്ചിരിക്കുന്നെ. എവിടെയാ വീണത്.. ആരുമെന്താ എന്നോടിതുവരെ ഒന്നും പറയാഞ്ഞത്.. വിച്ചു കരച്ചിൽ തുടങ്ങിയിരുന്നു.. ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ വിച്ചൂ.. അതാ ഇവരൊന്നും പറയാഞ്ഞത്.. ഞൻ സ്കൂട്ടറിൽ നിന്നൊന്നു വീണതാ. തൽക്കാലം ഒരു കുഴപ്പവുമില്ല.. നീ മാറിക്കെ . ഭദ്ര പറഞ്ഞു.. ഒന്നുമില്ല വിച്ചൂ.. ഹോസ്പിറ്റലിൽ പോയിട്ടാ ഞങ്ങൾ വരുന്നേ.. ജിഷ്ണു പറഞ്ഞു.. വിച്ചുവിന്‌ ഒരാശ്വാസവും കിട്ടിയില്ല.. അവൾ ഭദ്രയെ ചേർന്നു നിന്നു.. മോളെ.. അവളൊന്നു കിടക്കട്ടെ.. നീ മാറി കൊടുക്ക്.. മാഷ് പറഞ്ഞു.. വാ ഞാൻ പിടിക്കാം.. വിച്ചു പറഞ്ഞു.. എന്റെ പൊന്നു വിച്ചൂ.. എനിക്കിപ്പോ ഒരസുഖവുമില്ല.. ഞാൻ പൊയ്ക്കോളാം… ഭദ്ര പറഞ്ഞു.. എന്നാൽ മോള് പോയി കിടക്ക്.. ചെല്ലു. ശ്രീമയി പറഞ്ഞു.. ഭദ്ര ഒത്തിയൊത്തി അകത്തേയ്ക്ക് നടന്നു.. അയ്യോ.. എന്തുപറ്റി ഭദ്രേ.. മാഷ് ചോദിച്ചു..

വണ്ടിയിൽ നിന്നൊന്നു വീണതാ അച്ഛാ. കുഴപ്പമൊന്നുമില്ല.. ഭദ്ര പറഞ്ഞു.. പ്രായാധിക്യം കൊണ്ട് ചുക്കിചുളിഞ്ഞ ആ മനുഷ്യന്റെ കവിളിലൂടെയും അവൾക്കായി രണ്ടു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങിയിരുന്നു.. കിച്ചുവും വിമലും ശ്രീമയിയും മാഷും ജിഷ്ണുവും അൽപ്പനേരം കൂടി അവിടെ നിന്നു സംസാരിച്ച ശേഷമാണ് അവർ തിരിച്ചു പോയത്.. *നീ കിടക്കുന്നില്ലേ കിച്ചൂ.. വിമൽ കുളി കഴിഞ്ഞു വന്ന് ചോദിച്ചു.. ജനാല വഴി പുറത്തെ നിലാവ് നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു കിച്ചു.. ഇത്തിരി കഴിയട്ടെ. ഉറക്കം വരുന്നില്ലെടാ.. കിച്ചു പറഞ്ഞു.. ആ.. നീ നിലവിനെയും നോക്കി നിന്നോ.. ഞാനുറങ്ങാൻ പോവാ.. നല്ല ക്ഷീണം.. വായ് പൊളിച്ചുകൊണ്ട് അത്രയും പറഞ്ഞു വിമൽ കിടക്കയിലേക്ക് വീണു.. അപ്പൊ ഗുഡ് നൈറ്റ്.. അവൻ വിളിച്ചു പറഞ്ഞു.. ഗുഡ് നൈറ്റ്.. കിച്ചുവും പറഞ്ഞു.. നിലാവ് നോക്കി വെറുതെ നിൽക്കുമ്പോഴും കിച്ചുവിന്റെ മനസ്സ് നിറയെ ഭദ്രയായിരുന്നു.. വെള്ളത്തോടൊപ്പം ഒഴുകിയിറങ്ങിയ അവളുടെ ചോരത്തുള്ളികളായിരുന്നു.. അവൻ വെറുതെ അവൾ സ്ഥിരം നിൽക്കുന്ന തൊഴുത്തിനരികിലേയ്ക്ക് നോക്കി.. ആ തൊഴുത്തിനരികിൽ പൈക്കളോട് കിന്നാരം പറഞ്ഞു ഭദ്രയുണ്ടായിരുന്നു.. വെച്ചു കെട്ടിയ നെറ്റിതടത്തിലെ ചോര കിനിയുന്ന മുറിവിനെ പോലും തെല്ല് അസൂയപ്പെടുത്തും വിധം അവളും അവളുടെ ഗൗരവം നിറഞ്ഞ വാക്കുകളും പൈക്കളോട് ചേർന്ന് നിന്നിരുന്നു……തുടരും

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 26

Share this story