താന്തോന്നി: ഭാഗം 14

താന്തോന്നി: ഭാഗം 14

എഴുത്തുകാരി: അമ്മു അമ്മൂസ്

നോക്ക് പാറു….. ഇനിയൊരിക്കൽ കൂടി നിന്റെ നാവിൽ നിന്ന് ഞാനിത് കേൾക്കരുത്….”” ഗൗരവത്തോടെ പറഞ്ഞപ്പോൾ കണ്ണും നിറച്ചു നോക്കുന്നുണ്ട്… “”ശെരിയാണ്…. ഞാനും നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്…. പക്ഷേ അതെല്ലാം ഇപ്പോൾ അതിന്റെ ഇരട്ടി ശക്തിയിൽ എന്നെ പൊള്ളിക്കുന്നും ഉണ്ട്…. നീ ക്ഷമിച്ചു എന്ന് പറഞ്ഞാലും എനിക്കൊരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയത്തും ഇല്ല….. രുദ്രന്റെ പെണ്ണാ നീ….. നാട്ടുകാര് പറയുന്നത് കേട്ട് ഇനിയീ കണ്ണ് നിറയുന്നത് ഞാൻ കാണരുത്….”” തന്റെ കണ്ണിലേക്കു തന്നെ നോക്കി പറയുന്ന അവനെ കണ്ണിമയ്ക്കാതെ നോക്കുകയായിരുന്നു പാർവതി.. “”കേട്ടോ നീയ്…. “”ഇത്തിരി കടുപ്പത്തിൽ ചോദിച്ചപ്പോൾ കേട്ടെന്ന് തലയാട്ടി. “”ആരാ പറഞ്ഞത് എന്ന് നീ പറയില്ല എന്നറിയാം…. ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ…. ഇനിയിങ്ങനെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ ഇതുപോലെ കരയാൻ നിൽക്കാതെ അവർക്ക് മറുപടി കൊടുത്തോണം….. കേട്ടല്ലോ…””. ഒന്നമർത്തി ചോദിച്ചതും മൂളുന്നത് കണ്ടു. “”അതിരിക്കട്ടെ… ഈ സങ്കടം ഒന്നും എന്നോട് പറയില്ല അല്ലെ…. ചേച്ചിയോട് മാത്രേ പറയൂ….” സ്വരത്തിൽ നേരിയ പരിഭവം കലർത്തി അവൻ പറഞ്ഞപ്പോൾ ഉള്ളിൽ വല്ലാത്ത നാണവും പരവേശവും ഒക്കെ തോന്നി അവൾക്ക്…. ലജ്ജയോടെ തല താഴ്ത്തി ഇരുന്നപ്പോൾ അവനിൽ നിന്നും അടക്കിയുള്ള ചിരി കേൾക്കാമായിരുന്നു…

“”ആഹാ…. രണ്ടും കൂടി ഇവിടെ ഇരിക്ക്യ…. സമയം എത്രയായി ന്ന് എന്തെങ്കിലും ബോധ്യം ഉണ്ടോ… വിളമ്പി വച്ചതൊക്കെ ഇപ്പൊ തണുത്തു കാണും…”” പെട്ടെന്ന് പിന്നിൽ നിന്നും ഏട്ടന്റെ ശബ്ദം കേട്ടതും ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു. രണ്ടാളും ചമ്മലോടെ മുഖം കുനിച്ചു നിൽക്കുന്നത് കണ്ടപ്പോൾ വിഷ്ണുവിന് ചിരി പൊട്ടി. “” മതി മതി കൂടുതൽ നിന്ന് ചമ്മണ്ട… നാളെ തന്നെ രണ്ടിന്റെയും ജാതകം നോക്കുന്നുണ്ട്…”” ഏട്ടൻ പറഞ്ഞപ്പോൾ രുദ്രൻ ഒളിക്കണ്ണിട്ട് പാറുവിനെ നോക്കി… അവിടെ അപ്പോഴും മുഖം കുനിച്ചു നിൽക്കുകയായിരുന്നു… അത്താഴം കഴിക്കുമ്പോളും എല്ലാം അമ്മയും ഏട്ടനും മാറി മാറി കളിയാക്കുന്നുണ്ടായിരുന്നു. രുദ്രൻ എല്ലാം ഒരു ചിരിയോടെ ആസ്വദിച്ചിരുന്നു. പാറുവിന് വല്ലാത്ത ചമ്മൽ തോന്നിയതിനാൽ ആദ്യമൊക്കെ മുഖം കുനിച്ചു ഇരുന്നെങ്കിലും കാര്യമൊന്നും ഇല്ലെന്ന് മനസ്സിലായപ്പോൾ പിന്നെ വേഗം കഴിച്ചിട്ട് എഴുന്നേറ്റു… അന്ന് രാത്രി ഉറങ്ങാനായി കിടക്കുമ്പോൾ മനസ്സൊന്നു ശാന്തമായത് പോലെ തോന്നി അവൾക്ക്.. ഇപ്പോൾ മറ്റൊന്നും മനസ്സിനെ അസ്വസ്ഥമാക്കുന്നില്ല….. രുദ്രേട്ടൻ പറഞ്ഞതുപോലെ താൻ സന്തോഷത്തോടെ ഇരിന്നാൽ മാത്രമേ ചേച്ചിക്കും അമ്മയ്ക്കും സമാധാനം കിട്ടൂ എന്ന് ആരോ ഉള്ളിലിരുന്നു പറയും പോലെ… രമേച്ചിയുടെ കാര്യം രുദ്രേട്ടനോട് പറഞ്ഞില്ല എങ്കിലും അന്വേഷിച്ചു കണ്ടു പിടിക്കും എന്ന് അറിയാമായിരുന്നു… പക്ഷേ പറയാൻ തോന്നിയില്ല…

രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ ചോദിക്കാൻ ചെല്ലും എന്ന് ഉറപ്പായിരുന്നു… നാളെയാണ് ജാതകം നോക്കുന്നത് എന്ന് ഓർത്തപ്പോൾ ഉള്ളിൽ വീണ്ടും ഒരു നേരിയ ഭയം നാമ്പെടുക്കും പോലെ…. ജാതകം തമ്മിൽ ചേരില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും എന്നൊരു ചിന്ത ഉള്ളിൽ നിറഞ്ഞു നിൽക്കും പോലെ…. രുദ്രേട്ടൻ കേൾക്കില്ല എന്ന് ഉറപ്പാണ്…. പക്ഷേ അങ്ങനെ വന്നാൽ….. വീണ്ടും മനസ്സിൽ ആധി നിറയും പോലെ തോന്നി അവൾക്ക്… എന്തൊക്കെയോ ആലോചിച്ചു കിടന്നു നേരം പുലരാറായിരുന്നു ഉറക്കം പിടിച്ചപ്പോൾ…. 🔸🔸🔸 രാവിലെ കണ്ണ് തുറന്നപ്പോൾ അടുത്ത് അമ്മയെ കണ്ടില്ല…. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു…. ഞെട്ടി എഴുന്നേറ്റു വേഗം ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി…. അടുക്കളയിലും അമ്മയെ കണ്ടില്ല…. വിഷ്ണുവേട്ടനെയും കാണാൻ ഇല്ലായിരുന്നു… സംശയത്തോടെ ഒന്ന് ചുറ്റും നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി…. മുറ്റത്തു കൃഷിക്ക് ഒക്കെ ചെറുതായി തടം കോരി വെക്കുന്ന രുദ്രേട്ടനെ കണ്ടു… സാധാരണ ഇതൊക്കെ വിഷ്ണുവേട്ടനാണ് ചെയ്യാറ് …. പാറു നടന്നു വരുന്ന ശബ്ദം കേട്ടപ്പോളാണ് രുദ്രൻ തിരിഞ്ഞു നോക്കിയത്… രാവിലെ തുടങ്ങിയ ജോലിയായിരുന്നു…

ആകെ വിയർത്തു മുഷിഞ്ഞു… അവളുടെ കൈയിലെ സംഭാരം കണ്ടപ്പോൾ ചുണ്ടിൽ ഒരു ചിരി വിടർന്നു… കൈയിൽ നിന്ന് അത് വാങ്ങി കുടിക്കുമ്പോഴും വിരലുകൾ പിണച്ചുകൊണ്ട് അവൾ ചുറ്റും നോക്കുന്നത് കണ്ടപ്പോഴാണ് എന്തോ ചോദിക്കാനുണ്ട് എന്ന് മനസ്സിലായത്… എന്തെന്ന ഭാവത്തിൽ പിരികം ഉയർത്തി നോക്കി… “”അത്…. അമ്മേം ഏട്ടനും ഒക്കെ എവിടെ….”” മടിച്ചു മടിച്ചു ചോദിക്കുന്ന അവളെ കണ്ടപ്പോൾ ചിരി പൊട്ടി. “”അവരെനിക്ക് ഒരു പെണ്ണിനെ നോക്കാൻ പോയതാ… ഇപ്പൊ വരും…. “”കുസൃതിയോടെ പറഞ്ഞതും മുഖം വീർത്തു വരുന്നത് കണ്ടു… ദേഷ്യത്തോടെ മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് ഓട്ടോ ഗേറ്റ് കടന്നു വരുന്നത് കണ്ടത്… അമ്മയുടെ മങ്ങിയ മുഖം കണ്ടപ്പോൾ രുദ്രൻ സംശയത്തോടെ നോക്കി… ഏട്ടന്റെ മുഖത്തും വലിയ തെളിച്ചം ഇല്ല… പാറുവിനെ നോക്കിയപ്പോൾ കാര്യം മനസ്സിലാകാതെ നിൽപ്പുണ്ട്… രണ്ടാളെയും ഒന്ന് നോക്കിയിട്ട് അമ്മ അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവൻ വേഗം തന്നെ കൈയും കാലും കഴുകി അകത്തേക്ക് നടന്നു… പാറു ഇതെല്ലാം സംശയത്തോടെ നോക്കി നിൽക്കുകയായിരുന്നു… ഒരുവേള ഇനി ജാതകം നോക്കാൻ പോയതാകുമോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു… “”എന്താ അമ്മേ…. ജ്യോത്സ്യൻ എന്ത് പറഞ്ഞു….”” രുദ്രേട്ടന്റെ ചോദ്യം കേട്ടപ്പോഴാണ് തന്റെ സംശയങ്ങൾ ഒക്കെ ശെരിയായിരിന്നു എന്ന് മനസ്സിലായത്….

മങ്ങി ഇരിക്കുന്ന അമ്മയുടെ മുഖത്തേക്ക് ആധിയോടെ നോക്കി.. അമ്മ പാറുവിനെ ഒന്ന് നോക്കുന്നത് കണ്ടു… “”മോള്‌ ചെന്നു ഡ്രസ്സ്‌ ഒക്കെ ഒരു ബാഗിലേക്ക് എടുത്തു വെച്ചോ…. നമുക്ക് വീട്ടിലേക്ക് പോകാം….”” കണ്ണുകൾ നിറഞ്ഞു മുന്നിലുള്ള കാഴ്ചയെ മറക്കും പോലെ തോന്നി അവൾക്ക്… രുദ്രൻ ഒരു നിമിഷം ഞെട്ടി നിൽക്കുന്നത് കണ്ടു… പക്ഷേ പെട്ടെന്ന് തന്നെ ആ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി… “”അതിനും വേണ്ടി എന്താ അമ്മേ… ഇവളെ ഇങ്ങനെ ഇവിടുന്ന് ഇറക്കി വിടാൻ പറ്റില്ല.. അമ്മയെപ്പോ മുതലാ അന്ധവിശ്വാസം പഠിച്ചു തുടങ്ങിയത്….””” “”നീ ഇനി ഒന്നും പറയണ്ട… കെട്ടിന് മുൻപ് പെണ്ണും ചെക്കനും ഒരു വീട്ടിൽ നിൽക്കാൻ പറ്റില്ല…”” വീണ്ടും എന്തോ പറയാൻ വന്നപ്പോഴാണ് അമ്മയുടെ വാക്ക് കേട്ടത്… പറയാൻ വന്നതൊക്കെ വിഴുങ്ങി നിന്നിടത്തു തന്നെ നിന്ന് പോയി…. പാറുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്തും അതേ ഞെട്ടൽ തന്നെയാണ്… അമ്മയുടെ മുഖത്ത് ഇപ്പോൾ ചെറിയ ചിരി ഉണ്ട്… പറ്റിച്ചതാണ് എന്ന് മനസ്സിലായപ്പോൾ അവന്റെ മുഖത്ത് പരിഭവം നിറഞ്ഞു…. “”ഇങ്ങനെയാണോ അമ്മാ തമാശ കാണിക്കുന്നേ…”” പെട്ടെന്ന് തന്നെ ആ മുഖത്ത് ഗൗരവം നിറഞ്ഞു… അമ്മ അടുത്തേക്ക് വരുന്നത് കണ്ടു പിന്നിലേക്ക് മാറാൻ തുടങ്ങുമ്പോഴേക്കും ചെവിയിൽ പിടി വീണിരുന്നു… “”പിന്നെ….നീ എന്നോട് വന്നു പറഞ്ഞിരുന്നോ നിനക്ക് അവളെ ഇഷ്ടമാണെന്ന്…

ഞാൻ ചോദിച്ചപ്പോൾ ഒക്കെ അവന്റെ ലോകത്തെങ്ങും ഇല്ലാത്ത ഒരു ഗൗരവവും ദേഷ്യവും…. അവൻ പറഞ്ഞിട്ടല്ലേ ഞാനറിഞ്ഞത്….”” ചെവി പിടിച്ചു തിരിച്ചുകൊണ്ട് അമ്മ പറഞ്ഞതും വേദന കൊണ്ട് എല്ലാം തലയാട്ടി സമ്മതിച്ചു… “”പക്ഷേ അവളെ എങ്ങനെയാ അമ്മ വീണ്ടും അവിടേക്ക് പറഞ്ഞു വിടുക… ഒറ്റക്ക് ആ വീട്ടിൽ…… “”ചുവന്നു കിടക്കുന്ന ചെവിതിരുമ്മിക്കൊണ്ട് അവൻ മടിച്ചു മടിച്ചു പറഞ്ഞു… “”അതിന് അവള് ഇത്രേം നാളും ഒറ്റക്ക് തന്നെ അല്ലെ അവിടെ നിന്നത്…. പിന്നെ ഇനി ഒറ്റക്ക് നിൽക്കുമോ എന്ന് നീ പേടിക്കണ്ട… ഞാനും ഉണ്ട് അവളുടെ കൂടെ…. ഒരാഴ്ച കഴിഞ്ഞുള്ള മുഹൂർത്തം ആണ് കുറിച്ചു വാങ്ങിയത്… അതുവരെ ഞങ്ങൾ രണ്ടും അവിടെ നിന്നോളാം…”” അമ്മ പറയുന്നത് കേട്ടപ്പോൾ രുദ്രൻ മറുപടി ഇല്ലാതെ നിന്നു. പാറുവിനെ നോക്കിയപ്പോൾ കൈ കൊണ്ട് വാ പൊത്തി ചിരിയോടെ നിൽപ്പുണ്ട്… കണ്ണ് കൂർപ്പിച്ചു നോക്കിയപ്പോൾ വീണ്ടും പഴയത് പോലെ നിൽക്കുന്നത് കണ്ടു.. “”അമ്മ കുറി അടിക്കാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്…. മോൾക്ക് ആരെയൊക്കെയാ വിളിക്കാൻ ഉള്ളതെന്ന് വെച്ചാൽ പറഞ്ഞാൽ മതി ട്ടോ….”” “”എനിക്കാരെയും വിളിക്കാൻ ഇല്ലമ്മേ… ശരദേച്ചിയോടും പിന്നെ എന്റെ കൂടെ ജോലി ചെയ്ത കുറച്ചു ചേച്ചിമാരോടും ഒന്ന് പറയണം…വേറെ ആരേം വിളിക്കണ്ട…'”

പറയുമ്പോൾ അവളുടെ ശബ്ദത്തിന് വല്ലാത്ത ഉറപ്പുണ്ടായിരുന്നു… സംശയത്തോടെ നോക്കുന്ന അമ്മയെ കണ്ടപ്പോൾ അവളൊരു മങ്ങിയ ചിരി ചിരിച്ചു… “” അച്ഛൻ പോയതിൽ പിന്നെ ഒരു സഹായത്തിനു അതിൽ പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് അമ്മേ… അപ്പോഴൊക്കെ എന്നെയൊന്നു ആശ്വസിപ്പിച്ചു പറഞ്ഞു വിടും… അമ്മേടെ മുടക്കാൻ പറ്റാത്ത മരുന്നും ഭക്ഷണവും ഒരു ത്രാസ്സിൽ തൂക്കി നോക്കുമ്പോൾ പട്ടിണി കിടന്ന ദിവസങ്ങളിൽ ഈ പറഞ്ഞ ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല…. ഭ്രാന്താശുപത്രിയിൽ ആക്കിയിട്ട് നീ നിന്റെ ജീവിതം ജീവിക്കാൻ നോക്ക് പെണ്ണെ… എന്നൊരു ഉപദേശമാ ഞാൻ ജോലിക്ക് പോകുമ്പോൾ അമ്മയെ ഒന്ന് ശ്രദ്ധിക്കുമോ എന്ന് ചോദിച്ചപ്പോൾ കിട്ടിയത്…ശാരദേച്ചി അടുത്ത് താമസം തുടങ്ങിയതിനു ശേഷമാണ് ഞാനൊന്ന് വയറു നിറയെ വീണ്ടും കഴിച്ചു തുടങ്ങുന്നത്…. അമ്മയെ ഏൽപ്പിച്ചു എനിക്കൊന്ന് ജോലിക്ക് പോകാൻ പറ്റുന്നത്….അമ്മ പോയതിന് ശേഷവും ആരെയും കണ്ടിട്ടില്ല… എങ്ങനെ നീ ഒറ്റക്ക് താമസിക്കും എന്ന് അവരാരും എന്നോട് ചോദിച്ചിട്ടില്ല… ഞാനവർക്ക് ബാധ്യത ആകുമോ എന്നുള്ള പേടി മാത്രമായിരുന്നു അവർക്ക്… അങ്ങനെയുള്ള ആരെയും എനിക്ക് വിളിക്കാനില്ല അമ്മേ….”” പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നില്ല….

കഴിഞ്ഞു പോയ ഓർമ്മകൾ ഒക്കെയും തിരിച്ചറിവുകൾ മാത്രമാണ് നൽകിയത്…. ജീവിതം എന്തെന്ന് പഠിക്കാനുള്ള തിരിച്ചറിവുകൾ…. പൊള്ളയായ മുഖങ്ങൾ മനസ്സിലാക്കാനുള്ള പാഠങ്ങൾ… രുദ്രൻ ഒരു ഇളം ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു പാറുവിനെ… അവളുടെ വാക്കുകൾ കേട്ട് കണ്ണുകൾ നനഞ്ഞെങ്കിലും അവളുടെ ഉറച്ച തീരുമാനം ഉള്ള് നിറയ്ക്കുന്നുണ്ടായിരുന്നു…. ആദ്യമായിട്ടാണ് അവളിത്രയും പ്രകടമായി തന്റെ തീരുമാനങ്ങൾ വിളിച്ചു പറയുന്നത്.. അമ്മ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ അമർത്തി ചുംബിച്ചു…..”” കഴിഞ്ഞതൊക്കെ പോട്ടെ… മോൾക്ക് ഇനി അമ്മയുണ്ട്….. ഇവിടെ ഒരു ഏട്ടനുണ്ട്…. ഇവൻ നിന്നെ വിഷമിപ്പിച്ചാൽ കൂടി അമ്മയോട് പറഞ്ഞാൽ മതി….”” 🔸🔸 വീട്ടിലേക്ക് പോകാൻ ബാഗും എടുത്തു ഇറങ്ങുമ്പോൾ രുദ്രന്റെ വീർത്തിരിക്കുന്ന മുഖം കാണെ അവൾക്ക് ചിരി പൊട്ടി വരുന്നുണ്ടായിരുന്നു. “”ഞാനെങ്ങനെയാ അമ്മ… ഒരാഴ്ച അമ്മയെ കാണാതെ നിൽക്കുന്നത്… കല്യാണത്തിന്റെ തലേന്ന് പോയി നിന്നാൽ പോരെ അങ്ങോട്ട്…”” അവൻ പ്രതീക്ഷയോടെ അമ്മയെ നോക്കി… കണ്ണുരുട്ടിയുള്ള നോട്ടം കിട്ടിയതും പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല… പിണക്കത്തോടെ മുഖം തിരിച്ചു മാറി നിന്നു… 🔸🔸🔸

രാത്രി ഉറക്കം വരാതെ കിടക്കുകയായിരുന്നു പാറു… ദിവസങ്ങൾക്കു ശേഷമാണ് താനീ മുറിയിൽ കിടക്കുന്നത്… അച്ഛനും അമ്മയും ചേച്ചിയും എല്ലാം ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും എന്ന് തോന്നി…. അവരുടെ അനുഗ്രഹവും ആശംസകളും എല്ലാം തനിക്ക് ചുറ്റും നിറയും പോലെ.. ജനലരികിലേക്ക് നടന്നു ചെന്നു വെറുതെ ആകാശത്തേക്ക് നോക്കി നിന്നപ്പോഴാണ് അടുത്തൊരു നിഴലനക്കം പോലെ തോന്നിയത്…. നിലവിളിക്കാൻ തുടങ്ങും മുൻപേ ആ രൂപം വെളിച്ചത്തേക്ക് വന്നിരുന്നു… മുറ്റത്തെ ബൾബ് ന്റെ ചുവട്ടിൽ നിൽക്കുന്ന രുദ്രേട്ടനെ കണ്ണും മിഴിച്ചു നോക്കി നിന്നു…. “”ഈശ്വരാ…. ഈ മനുഷ്യന് വട്ടാണോ ആവോ…”” കണ്ണുരുട്ടി നോക്കിയപ്പോൾ ചെറിയ പിള്ളേരെ പോലെ നിൽപ്പുണ്ട്.. അമ്മ ഉറങ്ങിയോ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു…. ഉറങ്ങി എന്ന് പറഞ്ഞാൽ ആ നിമിഷം ജനലാരികിലേക്ക് എത്തും എന്ന് അറിയാമായിരുന്നു… ഇത്തിരി ഇട്ട് വട്ട് കളിപ്പിക്കാൻ തോന്നി…. ഇല്ലെന്ന് ആംഗ്യം കാണിച്ചതും ആ മുഖം ഒന്ന് മങ്ങുന്നത് കണ്ടു… വീണ്ടും കുറേയേറെ നേരം അങ്ങനെ നോക്കി നിന്നു…. ഒന്നും പറയാൻ ഇല്ലായിരുന്നു…. ഒടുവിൽ നേരം വല്ലാതെ വൈകിയപ്പോൾ പുറത്തേക്ക് തിരിഞ്ഞു നടക്കുന്നത് കണ്ടു… ബൈക്ക് ദൂരെ എവിടെയോ വെച്ചിരിക്കുകയാണ് എന്ന് തോന്നുന്നു ശബ്ദം കേൾക്കാതെ ഇരിക്കാൻ… ആ പോക്ക് ചിരിയോടെ നോക്കി നിന്നിട്ട് ഉറങ്ങുന്ന അമ്മയുടെ അടുത്തേക്ക് ശബ്ദമില്ലാതെ വന്നു കിടന്നു… “”അവൻ പോയോ….”” ചോദ്യം കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോളാണ് ചിരിയോടെ കണ്ണടച്ചു കിടക്കുന്ന അമ്മയെ കാണുന്നത്… ചമ്മൽ കാരണം ഒന്ന് മൂളിയിട്ട് വേഗം പുതപ്പെടുത്തു തലവഴി മൂടി കിടന്നു.. 🔸🔸🔸

ദിവസങ്ങൾ കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു… സ്കൂളിലേക്ക് പോകാനും വരാനും വേണ്ടി നേരെയുള്ള വഴി പോകാതെ രുദ്രേട്ടൻ ഇതുവഴി കറങ്ങി പോകുന്നത് കാണുമ്പോഴും വൈകിട്ട് വരുമ്പോൾ ഡ്രൈവ് ചെയ്തു ക്ഷീണിച്ചു എന്ന് പറഞ്ഞു ചായ കുടിക്കാൻ ഇറങ്ങുമ്പോഴും ഒരു കളിയാക്കി ചിരിയോടെ അമ്മ അടുത്ത് കാണും… എത്ര ദേഷ്യപ്പെട്ടു നോക്കിയാലും ഒരു ചിരിയും ചിരിച്ചു അടുത്ത ദിവസം വീണ്ടും ചായ കുടിക്കാൻ ഇറങ്ങുന്ന ആളെ കാണുമ്പോൾ പിന്നെ ഒന്നും പറയാറില്ല… വിവാഹ ദിവസം രാവിലെ മുതൽ വല്ലാത്ത ടെൻഷൻ തോന്നിയിരുന്നു.. അമ്മ കൂടെ തന്നെ നിന്നത് ഒരു ധൈര്യം ആയിരുന്നു എങ്കിലും ഉള്ളിൽ ഒരു പേടി പോലെ… ഒരുങ്ങി തീരാറായപ്പോളാണ് വിഷ്ണുവേട്ടൻ മുറിയിലേക്ക് വന്നത്.. കൈയിൽ എന്തോ ഒരു പൊതി ഉണ്ട്… തന്നെ കണ്ടതും ഒരു ചിരിയോടെ അത് കൈയിലേക്ക് വെച്ച് തന്നു… രണ്ടു വളയും ഒരു മാലയും കാൺകെ അറിയാതെ കണ്ണ് നിറഞ്ഞു… “”ഇതൊന്നും വേണ്ട ഏട്ടാ… “”പറയുമ്പോൾ ശബ്ദം ചെറുതായി ഇടറിയിരുന്നു… “”വേണം… “”അവൻ വേഗം തന്നെ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു…. “”ഇത് ഏട്ടന്റെ അനിയത്തിക്കുട്ടിക്ക് ഏട്ടന്റേം ഭദ്രേടേം വക…. ഹ്മ്മ്…”” പറഞ്ഞു കഴിഞ്ഞതും ആ നെഞ്ചിലേക്ക് വീണു കരഞ്ഞു തുടങ്ങിയിരുന്നു…. വിഷ്ണു തന്നെയായിരുന്നു ബലമായി പിടിച്ചു മാറ്റിയതും വളയിട്ട് തന്നതും എല്ലാം..

ഒടുവിൽ കല്യാണ മണ്ഡപത്തിലേക്കും അവന്റെ കൈയിൽ പിടിച്ചു ചെല്ലുമ്പോൾ താൻ വീണ്ടും ആ കൗമാരക്കാരിയായി എന്ന് പാറുവിന് തോന്നി… ഏട്ടന്റേം ഭദ്രേച്ചിയുടെയും വിരലിൽ തൂങ്ങി നടന്ന ആ പഴയ കൗമാരക്കാരി… രുദ്രേട്ടന്റെ മുഖത്ത് വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു… തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ നാണത്തോടെ തല താഴ്ത്തി… കണ്ണുകൾ അടച്ചുകൊണ്ട് കൈകൾ കൂപ്പി ആ താലി ഏറ്റ് വാങ്ങുമ്പോഴും ആ വിരലുകൾ സീമന്തരേഖയെ ചുവപ്പിക്കുമ്പോഴും ഉള്ളിൽ പ്രാർത്ഥന മാത്രം നിറഞ്ഞു നിന്നു……. തുടരും

താന്തോന്നി: ഭാഗം 13

Share this story