അത്രമേൽ: ഭാഗം 24

അത്രമേൽ: ഭാഗം 24

എഴുത്തുകാരി: ശ്രുതി കൃഷ്ണ

മുറ്റത്ത് നിന്ന് വണ്ടിയുടെ ശബ്ദം കേട്ടിട്ടാണ് സുധാകരൻ ഉമ്മറത്തേക്ക് ഇറങ്ങി ചെന്നത്…മുഖത്തുള്ള കണ്ണട ഒന്നു കൂടി നേരെയാക്കി വന്നതാരെന്നറിയാൻ കണ്ണ് കൂർപ്പിച്ചു…അതിഥികളെ തിരിച്ചറിഞ്ഞപ്പോൾ ഒത്തിരി സന്തോഷിച്ചു… “ഹാ…ഇതാരൊക്കെയാ വരണേ ജോജിമോനോ….കുറച്ച് കാലായിട്ട് വിവരൊന്നും ഇല്ല്യാല്ലോന്ന് വിചാരിച്ചിരിക്ക്യായിരുന്നു…” മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് സുധാകരൻ അഥിതികളെ ഉമ്മറത്തേക്ക് ക്ഷണിച്ചിരുത്തി… “കല്യാണം പ്രമാണിച്ച് ഒരു ലോങ് ലീവ് തന്നെയെടുത്തു അങ്കിൾ… ഇപ്പഴാ തിരിച്ചത്…

പിന്നെ യാത്രയും, വിരുന്നും, കുറച്ച് വീട്ട് കാര്യങ്ങളുമൊക്കെയായി കഴിഞ്ഞ നാല് മാസം അങ്ങ് ഉഷാറാക്കി… എന്നെ തീരെ അടുത്ത് കിട്ടുന്നില്ല എന്ന അമ്മച്ചിടേം അപ്പച്ഛന്റേം പരാതി അങ്ങ് തീർത്തു കൊടുത്തു… പിന്നെ ഞങ്ങൾക്ക് രണ്ടാൾക്കും ജോലിയുടെ തിരക്കുകളിൽ നിന്നും ഒരു ചെറിയ റിലീഫും ആയി…” അടുത്തിരിക്കുന്ന പെൺകുട്ടിയുടെ കൈകളിൽ വിരൽ കോർത്തു പിടിച്ചവൻ അവളെ പ്രേമത്തോടെ നോക്കി… “എന്നാലും അങ്കിൾ കല്യാണത്തിന് വരാതിരുന്നത് മോശമായിപ്പോയി…” പരിഭവം കലർന്ന ചിരിയോടെ അവൻ പറഞ്ഞു… “എങ്ങനെ വരാനാ കുട്ട്യേ…രണ്ടാളും കൂടി അന്നിവിടെ വന്ന് ക്ഷണിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ ഇവിടുത്തെ കാര്യങ്ങള്…അത്രേം ദൂരം യാത്ര ചെയ്ത് വരാനൊന്നും നിക്ക് പറ്റില്ല്യാ…”

“ഞാൻ ചുമ്മാ പറഞ്ഞതാണ് അങ്കിളെ… എനിക്കറിയാല്ലോ കാര്യങ്ങൾ… പിന്നെ എന്നതാ ഇവിടുത്തെ വിശേഷങ്ങൾ…ആന്റിക്ക് എങ്ങനുണ്ട്…വർഷേടെ അമ്മ ഐ മീൻ ഇന്ദിര ആന്റിക്കോ…?” തന്റെ ചോദ്യത്തിൽ തിരുത്തലിട്ടവൻ ഭാര്യയെ ഒന്ന് പാളി നോക്കി…അവളും അവനെ രൂക്ഷമായി ഒന്നു നോക്കി… “സരസ്വതിക്ക് ബേധമായി വരണുണ്ട്… ഇന്ദിരയ്ക്കും മാറ്റമില്ലെന്ന് പറയാതെ വയ്യാ… ഗോപു മോളെ കണ്ടതോടെ ഭയങ്കര സന്തോഷത്തിലാ….അടുത്ത് കിട്ടുമ്പോഴൊക്കെ എന്റെ മോളാണെന്നും പറഞ്ഞു കെട്ടിപ്പിടിക്കലും ഉമ്മവയ്ക്കലും എന്ന് വേണ്ടാ സ്നേഹപ്രകടനങ്ങളാ…

വർഷയാണെന്ന് തെറ്റിദ്ധരിച്ചാവോ എന്തോ…” അയാൾ പറഞ്ഞപ്പോൾ അവൻ പുച്ഛത്തോടെ ചിറികോട്ടി… “ആഹാ ദർശനും ഗോപികയും മോനുമൊക്കെ വന്നിട്ടുണ്ടോ? എന്നിട്ട് എവിടെ എല്ലാരും?” “ഗോപു മോള് കുഞ്ഞിനെ ഉറക്കുവാണെന്ന് തോന്നണു… ദർശനെ ഞാൻ വിളിക്കാം… ദർശാ…..” വിളി കേട്ടു കൊണ്ട് ദർശൻ പുറത്തേക്കിറങ്ങി വന്നു…ഉമ്മറത്തിരിക്കുന്ന അതിഥികളെക്കണ്ട് പുഞ്ചിരിച്ചു…ജോജിയ്ക്ക് ഹസ്തദാനം നൽകി….. “ഒത്തിരിയായല്ലോ കണ്ടിട്ട്…സുഖമല്ലേ…?” “സുഖമാണ് ദർശൻ…ഹാ പിന്നെ ഇതാണ് എന്റെ വൈഫ്‌ സ്നേഹ… സ്നേഹ ഇതാണ് ദർശൻ…”

തന്റെ ഭാര്യയെയും ദർശനെയും അവൻ പരിചയപ്പെടുത്തി കൊടുത്തു…ഇരുവരും പരിചയഭാവത്തിൽ പുഞ്ചിരിച്ചു… “നിങ്ങൾ മദ്രാസിൽ നിന്ന് എപ്പോൾ എത്തി?” “രണ്ടു ദിവസമായിട്ടെ ഉളളൂ… നിങ്ങളുടെ മാര്യേജ് നാട്ടിൽ വയ്ച്ചായിരുന്നല്ലേ?… എപ്പോഴോ വിളിച്ചപ്പോൾ അച്ഛൻ സൂചിപ്പിച്ചിരുന്നു…” “ഹാ… ചെറിയൊരു ചടങ്ങായിരുന്നു…മാര്യേജ് കഴിഞ്ഞു കുറച്ച് നാൾ അവിടെ തന്നെ കൂടി…എല്ലാ തിരക്കുകളിൽ നിന്നും മാറി സ്വൊസ്ഥതയും സന്തോഷവും മാത്രമുള്ള കുറച്ച് നാളുകൾ…ഇപ്പൊ സന്തോഷം ഒന്ന് കൂടി ഇരട്ടിയായിട്ടുണ്ട്…” പറഞ്ഞു നിർത്തി ജോജി സ്നേഹയെ ഇടം കണ്ണിട്ട് നോക്കി…

അവൾ നാണത്താൽ തല കുനിച്ചു…ദർശനും സുധാകരനും സന്തോഷ വാർത്ത എന്തെന്നറിയാൻ ആകാംഷയോടെ കാത് കൂർപ്പിച്ചു… “ഒരു കുട്ടി ജോജി കൂടെ വരാൻ പോകുന്നു… ഷീ ഈസ്‌ ക്യാരിയിങ്…” പുതിയ വാർത്ത കേട്ടതോടെ നാല് മുഖങ്ങളിലും പുഞ്ചിരി വിടർന്നു… “കൺഗ്രാറ്റ്സ്‌ …” “താങ്ക്സ് ദർശൻ….അല്ല ഗോപികയേയും മോനെയും സരസ്വതി ആന്റിയെയും ഒന്നും കണ്ടില്ലല്ലോ… എല്ലാവരെയും ചെന്ന് കാണട്ടെ… സ്നേഹ താൻ വാടോ…” ഭാര്യയോടൊപ്പം അവൻ ആദ്യം പോയത് സരസ്വതിയുടെ അടുത്തേക്കായിരുന്നു…കൂടെ ദർശനും സുധാകരനും ചെന്നു…കുറച്ചു നേരം കൊച്ചു വർത്തമാനങ്ങൾ പറഞ്ഞു എല്ലാവരും സമയം ചിലവഴിച്ചു…

താഴെ നിന്നുള്ള സംസാരം കേട്ടുകൊണ്ടാണ് ഗോപു കുഞ്ഞിനെയുമെടുത്ത് അവിടെക്കെത്തിയത്…മുറിയിലേക്ക് ചെന്ന ഉടനെ പരിചയമില്ലാത്ത രണ്ട് മുഖങ്ങൾ കണ്ട് അവളൊന്നു ശങ്കിച്ചു….അതിഥികൾക്കൊരു ചെറു ചിരി നൽകി….. അതാരെന്ന മട്ടിൽ അമ്മാവനെയും അമ്മായിയെയും ദർശനെയും മാറി മാറി നോക്കി… എന്നാൽ ദർശനെ കണ്ട സന്തോഷത്തിൽ അവനടുത്തേക്ക് കൈനീട്ടി എടുക്കാനായി സാഹസപ്പെട്ട് ചായുകയായിരുന്നു കുഞ്ഞുണ്ണി…അത് മനസിലായെന്ന പോലെ ദർശൻ ഗോപുവിൽ നിന്നും അവനെയെടുത്തു…ഒരു നോട്ടം പോലും അവളിലേക്കെത്താതിരിക്കാൻ അവൻ ശ്രദ്ദിച്ചു…

ഒപ്പം അച്ഛന്റെ തോളിലേക്ക് ചാഞ്ഞിരുന്ന കുഞ്ഞിലായിരുന്നു ജോജിയുടെയും സ്നേഹയുടെയും കണ്ണുകൾ… “ഉറങ്ങാൻ പോണെന്നു പറഞ്ഞിട്ട് ഇവൻ ഉറങ്ങിയില്ലേ മോളേ…?” സരസ്വതി കാര്യം പിടി കിട്ടിയതു പോലെ ചോദിച്ചു… “ഇല്ലാ അമ്മായി…അവനെന്നെ പറ്റിച്ചു…” മറുപടി നൽകിയവൾ കുഞ്ഞിനെ തൊട്ടും തലോടിയും കൊഞ്ചിക്കുന്ന ജോജിയേയും സ്നേഹയേയും ഇടം കണ്ണിട്ട് നോക്കി… “മോൾക്ക് ഇവരെ മനസിലായില്ലേ… ഇതാണ് ജോജി … അന്ന് വർഷയോടൊപ്പം ആക്‌സിഡന്റിൽ പെട്ടത് ജോജി മോനായിരുന്നു…ഇത് മോന്റെ ഭാര്യ സ്നേഹ…രണ്ടാളും ഇവിടൊരു കോളേജിൽ അധ്യാപകരാണ്…”

സുധാകരൻ പരിചയപ്പെടുത്തികൊടുത്തപ്പോൾ അവളവർക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചു… “ഗോപികയെ കുറിച് ഒത്തിരി കേട്ടിട്ടുണ്ട്…ആന്റിയും അങ്കിളും ദർശനുമൊക്കെ പറഞ്ഞു…” ജോജിയങ്ങനെ പറഞ്ഞപ്പോൾ ഗോപു ദർശനെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു…എന്നാൽ കുഞ്ഞുണ്ണിക്ക് മുഖം കൊണ്ട് ഒരോ കോപ്രായങ്ങൾ കാട്ടിക്കൊടുക്കുന്ന തിരക്കിലായിരുന്നു ദർശൻ…ഗോപുവിന്റെ ചിന്ത മനസിലായെന്ന പോലെ ജോജിയും ഒന്നു ചിരിച്ചു… “ഞങ്ങൾ തമ്മിൽ മുൻപരിചയം ഉണ്ട്…വർഷയുടെ ആണ്ടിന് വന്നപ്പോൾ വിശദമായി പരിചയപ്പെട്ടിരുന്നു…”

തക്കതായ ഉത്തരം കിട്ടിയപ്പോൾ തലയാട്ടി… കട്ടിലിൽ സരസ്വതിയുടെ അരികിലായി ചെന്നിരുന്നു… അവരവളുടെ നീണ്ട മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചു…വിരുന്നുകാർക്ക് കുടിക്കാൻ ജ്യുസുമായി ഇടയ്ക്ക് ഗൗരിയും വന്നു പോയി… “എന്നാൽ പിന്നെ ഇന്ദിര ആന്റിയെ കൂടി ഒന്ന് കണ്ട് ഞങ്ങൾ ഇറങ്ങിക്കോട്ടെ…ഇനിയും വരാം…” കുടിച്ചു കാലിയാക്കിയ ഗ്ലാസുകൾ അടുത്തുള്ള ടേബിളിലേക്ക് വയ്ച്ചു യാത്ര ചൊദിക്കും പോലെ ജോജി പറഞ്ഞു… “ആഹാ… അതാ ഇപ്പൊ നന്നായെ… അങ്ങനെയിപ്പോൾ വിടണില്ല്യാ… കല്യാണം കഴിഞ്ഞിട്ട് ആദ്യായി വരുവാ… പോരാത്തതിന് മോള് വിശേഷം അറിയിച്ച സ്ഥിതിക്ക് ഒന്നും കൊടുക്കാതെ പറഞ്ഞയച്ചാൽ ഞങ്ങൾക്കത് വിഷമാ…

അതോണ്ട് ഊണ് കഴിച്ചിട്ട് പോയാൽ മതി…” എന്തൊക്കെ പറഞ്ഞൊഴിയാൻ ശ്രമിച്ചിട്ടും സുധാകരൻ കട്ടായം പറഞ്ഞതോടെ അവർക്ക് നിൽക്കാതെ നിവൃത്തിയില്ലെന്നായി…വിരുന്നുകാർക്ക് വേണ്ടി വിഭവസമൃദ്ധമായ ഒരു സദ്യ തന്നെ ഒരുങ്ങിയിരുന്നു…അവരെ നന്നായി സത്ക്കരിക്കാൻ എല്ലാവരും മത്സരിച്ചു… അപ്രതീക്ഷിതമായി കൂടിച്ചേർന്ന ആ സൗഹൃദബന്ധം ഒന്നുകൂടി ദൃഡമായി… ❤❤❤❤❤ കറികളൊക്കെ നന്നായി കൂട്ടിക്കുഴച് ഒരോ ഉരുളകളായി വായിൽ വച്ചു കൊടുക്കുമ്പോഴും ചിരിയോടെ ഗോപുവിനെ തൊട്ടുഴിയുന്ന തിരക്കിലായിരുന്നു ഇന്ദിര… ഇടയ്ക്കിടെ അടുത്തിരിക്കുന്ന ഗൗരിയോട് “എന്റെ മോളാണെന്ന്…”

പറഞ്ഞു കൊടുത്തവർ അത് തന്നെ ഉറപ്പിച്ചു കൊണ്ടിരുന്നു…ഭക്ഷണത്തിന്റെ രുചി പിടിച്ചവർ ചുണ്ടിലൊട്ടിയ ചെറു വറ്റ് നാക്ക് കൊണ്ട് വലിച്ചെടുത്ത് വായിലിട്ട് വെളുക്കനെ ചിരിച്ചു…ഇടയ്ക്കിടയ്ക്ക് ഈർഷ്യയോടെ ശക്തിയിൽ തല ചൊറിഞ്ഞു കുടുക്കുപിണഞ്ഞ എണ്ണമയമില്ലാത്ത ചുരുളൻ മുടിയിൽ വിരലിട്ട് വലിച്ചു…. “എന്താ ഇന്ദിരാമ്മേ…തലയിൽ ആൾ താമസം തുടങ്ങിയിട്ടുണ്ടോ…ഇന്നലെയും കണ്ടല്ലോ മാന്തി വലിക്കണത്…” കുസൃതിയായി ഗൗരി ചോദിച്ചപ്പോൾ ഒന്നും മനസ്സിലാവാതെ ഇന്ദിര കണ്ണുമിഴിച്ചു നോക്കി… “കേട്ടോ ഗോപു… എത്ര ദിവസായി എണ്ണ തേച്ച് കുളിച്ചിട്ടെന്നറിയുവോ…ഭയങ്കര മടിച്ചിയാ…

നാളെ നോക്കിക്കോ കെട്ടിയിട്ടാണെങ്കിലും ഞാൻ കുളിപ്പിക്കും…” ഗൗരി കട്ടായം പറഞ്ഞതോടെ ഇന്ദിര വീണ്ടുമവളെ കൂർപ്പിച്ചൊന്നു നോക്കി… മുഖം വീർപ്പിച്ചു… തല ചെരിച്ചു ഗോപുവിനെ നോക്കിയപ്പോൾ അവള് ചിരിക്കുന്നുണ്ടായിരുന്നു…. പതിയെ ആ ചിരി ഇന്ദിരയുടെ മുഖത്തെക്കും വ്യാപിച്ചു…ഈ കാഴ്ച കണ്ടു കൊണ്ടാണ് ജോജിയും സ്നേഹയും മുറിയിലേക്ക് കടന്നു വന്നത്… അവരെ ഉറ്റുനോക്കിയിരുന്ന ഇന്ദിര പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ കിടക്കയിലൂടെ നീങ്ങിനിരങ്ങി ഗോപുന്റെ അടുക്കലേക്ക് ഒട്ടിയിരുന്നു… അവളുടെ ഇടംകൈക്കിടയിലൂടെ അവരുടെ വലംകൈ ഇട്ടുകൊണ്ട് മുറുക്കെ പിടിച്ചു…..

“എന്റെ മോളാ… എന്റെ മോളാ… തരില്ല ഞാൻ…” പരിഭ്രമത്തോടെ കണ്ണുകൾ പിടപ്പിച്ചു കൊണ്ടവർ വാതിൽക്കലേക്ക് നോക്കി പറഞ്ഞു…തങ്ങളുടെ സാന്നിധ്യം ഇന്ദിരയെ വല്ലാതെ അലോസരപ്പെടുത്തുന്നു എന്ന് തിരിച്ചറിഞ്ഞു ജോജി ഭാര്യയെയും കൂട്ടി വേഗം തന്നെ മാറി നിന്നു… എന്നിട്ടും അവർ പോയോ എന്നറിയാൻ ഇന്ദിര കഴുത്തു നീട്ടി പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു…അവർ പോയെന്ന് ഉറപ്പിച്ചിട്ടാണ് ഗോപുവിലുള്ള പിടി അഴിച്ചത്…ഭക്ഷണം മുഴുവൻ കഴിപ്പിച്ചു ഗൗരി വായ കഴുകിച്ചു കൊടുക്കുന്നതിനിടയിലും ഇന്ദിരയുടെ കണ്ണുകൾ ഗോപുവിന്റെ പിറകെ ചെന്നു…

മുറിക്കു പുറത്തേക്ക് ഇറങ്ങാൻ ചെന്ന അവളുടെ സാരിത്തുമ്പിൽ പിടിച്ചു വയ്ച്ചു…പോവേണ്ടെന്ന് വാശിപിടിച്ചു…ഒത്തിരി നിർബന്ധിച്ചിട്ടും വഴങ്ങാതെ… പിടി വിടാതെ നിന്നു… അവസാനം തിരിച്ചു വരാമെന്നു വാക്ക് പറഞ്ഞപ്പോൾ ഒന്നയഞ്ഞു…”ഉറപ്പാണല്ലോ?… “എന്ന് വീണ്ടും വീണ്ടും ചോദിച്ചു സ്വൊയം ഉറപ്പ് വരുത്തി… മനസ്സിലാമനസ്സോടെ അവളിലെ പിടിവിട്ട് കട്ടിലിൽ കയറിയിരുന്നു…മുഖത്ത് പറ്റിയ വെള്ളത്തുള്ളികൾ കൈ കൊണ്ട് അമർത്തി തുടച്ചു… പതിയെ ചരിഞ്ഞു കിടന്ന് തലയണയെ മുറുകെ പുണർന്നു… ❤❤❤❤❤

“എന്റെ കൊച്ച് തളർന്നോടാ?” മുറിയിലേക്ക് കടന്നു വന്ന ജോജിയുടെ ചോദ്യം കേട്ട് സ്നേഹ പതിയെ കണ്ണ് തുറന്നു പുഞ്ചിരിച്ചു…കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു…. “എഴുന്നേൽക്കണ്ട കിടന്നോ ഇച്ചായൻ കൂട്ടിരിക്കാം..” അത്രയും പറഞ്ഞവൻ അവൾക്കടുത്തായി ചെന്നിരുന്നു… കൂർപ്പിച്ചു നോക്കുന്ന അവളെ നോക്കി കാര്യം മനസിലായത് പോലെ ഇളിച്ചു കാണിച്ചു… “സോറി… ഇച്ചായനല്ല… ഇച്ചൻ…” തിരുത്തി പറഞ്ഞവൻ അവളെ ഒന്ന് പാളി നോക്കി… “ഇക്കണക്കിന് അവളെന്നെ ജോജിച്ചായൻ എന്ന് വിളിച്ചിരുന്നെങ്കിൽ എന്റെ പേര് മാറ്റേണ്ടി വന്നേനെല്ലോ കർത്താവേ…

ആകെ പോല്ലാപ്പായേനെ…” നെഞ്ചിൽ കൈ വയ്ച്ചു മുകളിലോട്ട് നോക്കിയവൻ നെടുവീർപ്പിട്ടു… കൈ തണ്ടയിൽ നുള്ള് കിട്ടിയപ്പോൾ എരിവ് വലിച്ചു… “നിന്നോട് ഞാൻ കുറേ ദിവസമായി പറയുന്നു ഈ പുലി നഖം വെട്ടി മാറ്റാൻ… ഇന്ന് രാത്രി നീ ഉറങ്ങിക്കഴിഞ്ഞു ഞാൻ തന്നെ ആ കർമം നിർവഹിക്കും നോക്കിക്കോ…” കൈത്തണ്ടയിൽ അമർത്തി ഉഴിഞ്ഞവൻ അവളെ രൂക്ഷമായി നോക്കി…വാ പൊത്തി നേർമയായി ചിരിക്കുന്നവളേ കണ്ടപ്പോൾ പതിയെ ചിരിച്ചു പോയി… ഒന്നു കൂടി ചേർന്നിരുന്നു നെറ്റിയിൽ മുത്തി… മുടിയിലൂടെ പതിയെ തലോടി… “വിളിച്ചൂടായിരുന്നോ എന്നെ…” അവന്റെ സ്വരം ആർദ്രമായി… “ഏയ്…. അത്രയ്ക്കൊന്നും ഇല്ല ഇച്ചാ…ഉച്ചയ്ക്ക് കഴിച്ചതൊക്കെ അപ്പാടെ ശർദ്ദിച്ചപ്പോൾ തളർച്ച പോലെ തോന്നി…

ഗോപു ഉണ്ടായിരുന്നു കൂടെ…. അവളും ഗൗരി ചേച്ചിയും കൂടിയാ താങ്ങിപ്പിടിച്ചു ഇവിടെ കൊണ്ട് കിടത്തിയത്… ഇച്ചൻ കുറച്ച് മുൻപേ ദർശേട്ടന്റെ കൂടെ പറമ്പിലേക്കിറങ്ങിയത് ഞാൻ കണ്ടായിരുന്നു…” തളർച്ചയിലും ചെറുചിരിയോടെ അവൾ പറഞ്ഞു… “നാളെ തന്നെ കോളേജിൽ നിന്ന് ലീവ് എക്സ്‌റ്റെന്റ് ചെയ്തോളണം…അമ്മച്ചി മറ്റന്നാൾ രാവിലെ ഇങ്ങ് വരാമെന്നു പറഞ്ഞിട്ടുണ്ടല്ലോ…” “മ്മ്മ്…” അവന്റെ തലോടളുകളേറ്റു കിടന്നവൾ ഒന്നുമൂളി… “എന്തായിരുന്നു അവിടെ ഇത്ര ചൂടുപിടിച്ച ചർച്ച… കുറേ നേരമായല്ലോ…” “ഏയ്…..ഞങ്ങൾ ഒരോ കാര്യങ്ങളൊക്കെ സംസാരിക്കുവായിരുന്നു…

നമ്മൾ കരുതിയത് പോലെ അവരുടെ വിവാഹം ഇതുവരെയും കഴിഞ്ഞിട്ടില്ല…ഇപ്പോഴും വർഷയുടെ പേരിൽ അകന്ന് കഴിയുവാ…ഓർമ വന്നപ്പോൾ ചേച്ചിയുടെ ഭർത്താവിനെ സ്വീകരിക്കാൻ അവൾക്കെന്തോ മടി പോലെ…വർഷയുടെ ആത്മഹത്യക്കുറ്റം പോലും സ്വൊയം ഏറ്റെടുത്തിരിക്കുവാ…ദർശൻ അവളെയും കൊണ്ട് ഒളിച്ചോടിയ വിഷമത്തിലാണത്രേ വർഷ ആത്മഹത്യ ചെയ്തത്…പക്ഷേ ആ കൊച്ചിനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല….വർഷയും അമ്മയും ഉപദ്രവിച്ചു എന്ന് പറയുമ്പോഴും അവളനുഭവിചതിന്റെ അത്രത്തോളം ആഴം നമ്മുടെ വാക്കുകളിൽ ഉണ്ടായെന്ന് വരില്ല…

പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയെന്നു വരില്ല….പക്ഷേ അപ്പോഴും ദർശനെയും കുറ്റം പറയാൻ പറ്റില്ല… അവനും ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ…” “എനിക്കും തോന്നി അവർക്കിടയിൽ എന്തൊക്കെയോ പുകയുന്നുണ്ടെന്ന്… സത്യം അവരോട് പറഞ്ഞാലോ ഇച്ചാ… ദുഷ്ടയായ ഒരു പെണ്ണിന് വേണ്ടി അവരുടെ നല്ല നിമിഷങ്ങൾ വെറുതെ കളയണോ…?ആ കുഞ്ഞിന് അതിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം വേണ്ടുവോളം കിട്ടട്ടെ…” സ്നേഹ ആശങ്കയോടെ ചോദിച്ചപ്പോൾ ജോജിയൊന്നു നെടുവീർപ്പിട്ടു…അല്പനേരം മൂകനായിരുന്നു… “ഞാനും ചിന്തിക്കാതിരുന്നില്ല…പക്ഷേ എന്താ പറയുക അവളെന്റെ മുൻ കാമുകി ആയിരുന്നെന്നോ…ഒരു ഡോക്ടറെ കെട്ടാൻ വേണ്ടി അവളെന്നെ നിഷ്കരുണം തള്ളിക്കളഞ്ഞെന്നോ…

എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ വീണ്ടും എന്നെ കണ്ടതിന്റെ ഷോക്കിലാണ് അവൾ ആത്മഹത്യ ചെയ്തതെന്നോ…അങ്ങനൊരു തുറന്നു പറച്ചിൽ മറ്റാരേക്കാളും ദർശനെ തന്നെയല്ലേ നോവിക്കുക…എന്നെപ്പോലെ അവനും വിഡ്ഢിയാക്കപ്പെടുകയായിരുന്നെന്ന് ഒരിക്കൽകൂടി അറിയില്ലേ…ഈ വീട്ടിലെ മറ്റുള്ളവർ എന്ത് കരുതും…അതിനുമപ്പുറം ഞങ്ങൾക്കിടയിൽ ഇപ്പോൾ വളരെ ഡീപ് ആയിട്ടുള്ളൊരു സൗഹൃദം ഉണ്ട് അങ്ങനെയാണ് എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞത്…അതിനൊരു കോട്ടവും തട്ടാൻ പാടില്ല…ഇതൊക്കെ മുൻപ് എന്തുകൊണ്ട് പറഞ്ഞില്ല എന്നയാൾ ചോദിച്ചാൽ എനിക്ക് മറുപടിയില്ല…

അങ്ങനൊരു കാര്യം ഞാൻ മുൻപേ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ കാര്യങ്ങൾ ഇങ്ങനൊന്നുമാവില്ലായിരുന്നു…പറയുമ്പോൾ എല്ലാം പറയേണ്ടി വരില്ലേ…ഇതിപ്പോൾ ഒത്തിരി വൈകിപ്പോയി…” “ഇച്ചാ…ഇനിയെന്താ ചെയ്യുക…” അവൻ മറ്റെങ്ങോ ദൃഷ്ടിയൂന്നി… “അതിരു വിട്ട ബന്ധമായിരുന്നു ഞാനും വർഷയും തമ്മിൽ…ശെരിക്കും ഭാര്യാ ഭർത്താക്കന്മാരെ പോലെ….അത്രയ്ക്കും ആഴത്തിലുള്ളത്… അല്ല… അങ്ങനെ ഞാൻ തെറ്റിദ്ധരിച്ചു…പക്ഷെ ഒരിക്കൽ പോലും എനിക്കതിൽ കുറ്റബോധം തോന്നാതിരുന്നത് അവൾ എന്റേതാണെന്ന വിശ്വാസം ഉള്ളതിനാലായിരുന്നു… അവൾ എന്നെ ഇട്ടെറിഞ്ഞു പോയപ്പോഴുള്ള എന്റെ അവസ്ഥ നീ കണ്ടതല്ലേ…

അപ്രതീക്ഷിതമായി അവളെ വീണ്ടും കണ്ടപ്പോഴും അത് പഴയ വർഷയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും എനിക്ക് ഒരിത്തിരി പോലും സ്നേഹമോ അനുകമ്പയോ അവളോട് തോന്നിയിട്ടില്ല…ഇനി തോന്നുകയുമില്ല… അവൾ മരിക്കാൻ കാരണം ഞാനാണെന്ന് ആരൊക്കെ എങ്ങനൊക്കെ പറഞ്ഞാലും അവൾക്കു വേണ്ടി ഒഴുക്കാൻ ഇനി എന്നിൽ കണ്ണുനീർ ബാക്കിയില്ല… ” പറഞ്ഞു നിർത്തുമ്പോൾ അവൻ വല്ലാതെ അസ്വസ്ഥനായി…വാക്കുകളിൽ കിതപ്പ് അനുഭവപ്പെട്ടു…നെറ്റിയിൽ പറ്റിപ്പിടിച്ച വിയർപ്പു തുള്ളികൾ കൈ പത്തിയിൽ അമർത്തി തുടച്ചു… “ആക്‌സിഡന്റ് ഉണ്ടായ ദിവസം ചോരയിൽ കുളിച്ചു കിടന്ന അവളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…

പക്ഷേ ആളുടെ പരിക്കുകൾ നിസാരമല്ലെന്ന് എനിക്ക് തോന്നിയിരുന്നു…തികച്ചും അവളുടെ അലംഭാവം കൊണ്ട് തന്നെയാണ് അങ്ങനൊരു അപകടം നടന്നത്…ചെറിയൊരു പരിക്ക് മാത്രമായി ഞാൻ രക്ഷപെട്ടത് ഒരുപക്ഷെ നിങ്ങളുടെയൊക്കെ പ്രാർത്ഥന കൊണ്ടാവാം…കേസ് കൊടുക്കണമെന്ന് അപ്പച്ചൻ നിർബന്ധിച്ചത് കൊണ്ടാണ് വീണ്ടും ആളെ അന്വേഷിച്ചിറങ്ങിയത്…അഡ്രസ് കിട്ടിയപ്പോൾ തന്നെ അവളെ ഞാൻ തിരിച്ചറിഞ്ഞതാണ്…സമയം കളയാതെ തന്നെ വീട്ടിലേക്ക് പോയി…എന്നെ കണ്ടപ്പോഴുള്ള അവളുടെ പതർച്ച വേണ്ടുവോളം ആസ്വദിച്ചു…

കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ അമ്മയും മോളും വിരണ്ടു…ഒപ്പം അവൾക്ക് സംഭവിച്ച മാറ്റങ്ങൾക്കിടയിലും ഞാൻ അവളെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു…വല്ലാത്തൊരു സന്തോഷത്തോടെയാണ് അന്ന് അവിടെ നിന്ന് ഞാൻ മടങ്ങിയത്..പക്ഷെ സ്വൊന്തം ജീവൻ വെടിഞ്ഞൊരു ഒളിച്ചോട്ടത്തിന് അവൾ തയ്യാറാവുമെന്ന് കരുതിയില്ല…” എല്ലാം അറിയാവുന്ന കഥകളായിട്ട് കൂടി അവന്റെ മനസൊന്നു ശാന്തമാകുന്നത് വരെ അവൾ നല്ലൊരു കേൾവിക്കാരിയായി… അവന്റെ ഉദ്ദേശം മനസിലാക്കാതെ കേട്ട കഥകൾക്കായി വീണ്ടും കാതോർത്തു… “ഇച്ചാ….ആർ യു ഓക്കേ…?” അലിവോടെ സ്നേഹ ചോദിച്ചതും അവൻ അവളുടെ കൈ കവർന്നു… “തന്നോടെനിക്ക് ഒത്തിരി നന്ദിയുണ്ട്…

അവൾ പോയ വിഷമത്തിൽ കള്ളുകുടിച്ച് സ്വൊയം നശിച്ചു നടന്ന എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നതിന്…എന്നെ ഓർത്തുള്ള അപ്പച്ചന്റെയും അമ്മച്ചിയുടെയും കണ്ണീരിന് ഒരു പരിഹാരം ഉണ്ടാക്കിയതിന്…അകറ്റാൻ ശ്രമിച്ചിട്ടും എന്നെ വിടാതെ കൂടെ കൂടിയതിനു…എന്റെ കണ്ണ് തുറപ്പിച്ചതിന്…ഒന്നും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്…അങ്ങനെ എല്ലാത്തിനും…” അവളുടെ മെലിഞ്ഞ കയ്യിൽ അമർത്തി ചുംബിച്ചവൻ പ്രണയത്തോടെ നോക്കി… “എന്റെ കർത്താവേ… ഇതിപ്പോ എത്രാമത്തെ തവണയാ ഈ നന്ദി പറച്ചിൽ ഞാൻ കേൾക്കുന്നത്…?” “ഞാൻ എണ്ണിയില്ല… നീ പറ…” അവളുടെ കുറുമ്പോടെയുള്ള ചോദ്യത്തിന് അവനും അതേ താളത്തിൽ മറു ചോദ്യം ചോദിച്ചു..

“കാക്കത്തൊള്ളായിരം തവണ…” അവളുടെ മറുപടി കേട്ടവൻ പൊട്ടിച്ചിരിച്ചു…കൂടെ അവളും…ഇടയ്ക്കെപ്പോഴോ അവന്റെ കണ്ണുകൾ മുറിവാതിലിനടുത്തു ചുവരിൽ കണ്ട നിഴൽ രൂപത്തിലേക്ക് നീണ്ടു…കാറ്റിൽ ഉള്ളിലേക്ക് പാറി വന്ന ചുവന്ന സാരിത്തുമ്പിലേക്കും…നിമിഷങ്ങൾക്കുള്ളിൽ ആ അടയാളങ്ങൾ അകന്നു പോകുന്നത് തിരിച്ചറിഞ്ഞു…ആശ്വാസത്തോടെ ഒന്നു നെടുവീർപ്പിട്ടു… “എന്നാലും ഇച്ചാ അവരെ നമുക്ക് ഒന്നിപ്പിക്കണ്ടേ…?” ചിരിനിർത്തിയവൾ ആലോചനയോടെ ചോദിച്ചു…അവൻ ആത്മവിശ്വാസത്തോടെ ഒന്നു പുഞ്ചിരിച്ചു… “സ്നേഹം സത്യമാണെങ്കിൽ അവർ ഒന്നിക്കുക തന്നെ ചെയ്യും…”…. തുടരും..

അത്രമേൽ: ഭാഗം 23

Share this story